പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

കാലത്തിന്റെ ലേഖകർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എം. മാത്യു

എനിക്കു തൊണ്ണൂറ്റിരണ്ടു വയസു കഴിഞ്ഞു. ചരിത്ത്രിലേക്കുള്ള വാതിലിനെക്കുറിച്ചൊക്കെ ഇതിനിമുമ്പേ ആലോചിച്ചു തുടങ്ങേണ്ടതാണ്‌. കാരണം വാർധക്യവും ചരിത്രവും തോളോടുതോൾചേർന്നു പോവുന്ന ചങ്ങാതിമാരാണ്‌. വേണമെങ്കിൽ എന്നെക്കൂടി അങ്ങു ചേർത്തുകൂടെ എന്നു വാർധക്യം ചരിത്രത്തോടു ചോദിക്കും, വാർധക്യമല്ലല്ലോ ചരിത്രത്തിലേക്കുള്ള വാതിൽപ്പടി എന്നു കക്ഷി സ്‌ഥിരമായി തിരിച്ചുചോദിക്കുകയും ചെയ്യും.

അതെ, അതാണതിന്റെ ഉത്തരം. ചരിത്രത്തിൽ ഇടംനേടുന്നതിന്‌ ഒറ്റയോഗ്യതയേയുള്ളു. ജീവിതം തീർന്നാലും തീരാതിരിക്കുക. ഇല്ലാതായാലും ഉണ്ടെന്നുള്ളവർ പിന്നെ ജീവിക്കുന്നതു ചരിത്രത്തിലാണ്‌, കാലത്തിലുമാണ്‌. ചരിത്രത്തിൽ ഇടംപിടിക്കാൻ മറ്റു സംവരണങ്ങളൊന്നും ഇല്ലെന്നാണ്‌ എന്റെയൊരു വിശ്വാസം.

ചരിത്രത്തിൽ തൊട്ടെഴുതിയ ഒരു പുസ്‌തകത്തിന്റെ മുന്നിലിരിക്കുകയാണ്‌ ഞാൻ. ചരിത്രത്തിന്റെ സൗഭാഗ്യങ്ങളോടൊപ്പം ദുര്യോഗങ്ങളെക്കുറിച്ചും ഓർമ്മിക്കാൻ ഈ പുസ്‌തകം കാരണമാവുന്നു. മലയാള പത്രപ്രവർത്തനചിത്രമടക്കം സകല ചരിത്രങ്ങളും നൂറുവർഷത്തിനുമുമ്പുവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌ നാം. പക്ഷേ അതിനു ശേഷമുള്ള ചരിത്രമോ? 1821ൽ, മലയാളമണ്ണിൽ മലയാളഭാഷയിൽ ആദ്യമായി അച്ചടി നടത്തുന്നതിന്‌ സി.എം.എസ്‌. പ്രസ്‌ കോട്ടയത്തു സ്‌ഥാപിക്കപ്പെട്ടതു നമുക്കറിയാം. അതു കഴിഞ്ഞ്‌ 26 വർഷത്തിനു ശേഷമുള്ള ഒരു ജൂൺ മാസത്തിൽ, തലശ്ശേരിയിലെ നെട്ടൂരിലുള്ള ഇല്ലിക്കുന്നിലെ ബാസൽമിഷൻ പള്ളിയുടെ കോലായയിൽ, ഒരു കല്ലച്ചുപ്രസിൽ നിന്നും മലയാളത്തിലെ പ്രഥമപത്രമായ ‘രാജ്യസമാചാരം’ പിറന്നുവീണതും നമുക്കറിയാം. നാം സൂക്ഷിക്കുന്ന പത്രശേഖരത്തിൽ ‘രാജ്യസമാചാര’ത്തിന്റെ മാസ്‌റ്റ്‌ ഹെഡും കുലീനമായ സ്‌ഥാനത്ത്‌ ഇരിപ്പുറപ്പിച്ചിട്ടുണ്ട്‌. പക്ഷെ, പിന്നെയെത്രയോ കാലത്തിനുശേഷം ഇറങ്ങിയ‘കേരളദ്ധ്വനി’യുടെയോ ‘പൗരധ്വനി’യുടെയോ ‘മലയാളരാജ്യ’ത്തിന്റെയോ രൂപകൽപനയും വാർത്താസ്വഭാവവുമൊക്കെ അറിയണമെങ്കിൽ കുറച്ചൊന്നുമല്ല വെള്ളം കൂടിക്കേണ്ടി വരിക. എന്തിന്‌, പാലാമ്പടം തോമസ്‌ വക്കീൽ പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ ‘ഡെയ്‌ലി’യായ ‘പ്രതിദിന’ത്തിന്റെ (മറ്റെല്ലാ പത്രങ്ങളും ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത്‌ ഒരു ദിനപത്രത്തിന്‌ ഇതിലും മനോഹരമായി പരസ്യം നൽകുന്ന മറ്റൊരു പേരു കിട്ടുമോ) ഒരു പ്രതി കാണണമെന്ന മോഹം പോലും ഇന്നും മോഹമായിത്തന്നെ ഇരിക്കുന്നതേയുള്ളൂ.

പ്രശസ്‌ത പത്രപ്രവർത്തകനായ ബി.ആർ.പി. ഭാസ്‌കർ ഒരിക്കൽ കോട്ടയത്തു മനോരമയിൽ വന്നപ്പോൾ ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ എ.കെ. ഭാസ്‌കരൻ കൊല്ലത്തുനിന്നും പിന്നീട്‌ തിരുവനന്തുപരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘നവഭാരതം’ പത്രത്തിന്റെ ഒരു ലക്കമെങ്കിലും കയ്യിലുണ്ടോ എന്ന്‌. അപ്പോൾ ഭാസ്‌കർ പറഞ്ഞു. ഇല്ല അതാണെന്റെ ഏറ്റവും വലിയ ദുഃഖം.

മലയാള പത്രപ്രവർത്തനം ഒന്നര നൂറ്റാണ്ടിന്റെ സന്തോഷം അച്ചടിച്ചവേളയിൽ നമ്മുടെ ഒരു ചാനൽ മലയാളത്തിലെ പത്രപ്രവർത്തനചരിത്രത്തെക്കുറിച്ചൊരു ഡോക്കുമെന്ററി തയ്യാറാക്കിയതോർക്കുന്നു. അതിനുവേണ്ടി പഴയ പത്രങ്ങളുടെ മാസ്‌റ്റ്‌ ഹെഡുകൾ ബന്ധപ്പെട്ട ഉടമസ്‌ഥകുടുംബങ്ങളിലെ ഒരംഗത്തിന്റെ കയ്യിൽപ്പോലും ഇല്ലെന്നു കണ്ടപ്പോൾ മനോരമയിൽ എന്റെ സഹപ്രവർത്തകനായ ജി. പ്രിയദർശൻ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പത്രശേഖരത്തിൽ നിന്ന്‌ അവയെല്ലാം നൽകുകയായിരുന്നു.

പത്രപ്രവർത്തനചരിത്രത്തിൽ താല്‌പര്യമുള്ളവരായിരിക്കുമല്ലോ ഈ പുസ്‌തകത്തിന്റെ പ്രധാന വായനക്കാർ. ചാനലുകളിലെ ക്വിസ്‌ പരിപാടികളിലെന്നപോലെ അവരോട്‌ ഒരു ചോദ്യം ചോദിക്കാൻ തോന്നുന്നു. കേരളത്തിലാദ്യമായി രണ്ടാമത്‌ യൂണിറ്റ്‌ ഉണ്ടായ പത്രമേതാണ്‌? ‘മാതൃഭൂമി’ യെന്നും ‘മനോരമ’യെന്നുമൊക്കെ ഉത്തരങ്ങൾ വരുന്നത്‌ എനിക്കു കേൾക്കാം. കൂടുതൽ ശരിയാകുമായിരുന്ന ഉത്തരത്തിലേക്കു വരുന്നതിനുമുമ്പ്‌ ചെറിയൊരു പശ്ചാത്തല ചരിത്രം പറയണം. ദിവാൻ സി.പി. രാമസ്വാമി അയ്യർ പൂട്ടി നിശ്ശബ്‌ദമാക്കിയ ‘മനോരമ’ 1947 ൽ പുനഃപ്രസിദ്ധീകരണം തുടങ്ങിയപ്പോൾ വരവു നേരിടാൻ തിരുവനന്തപുരത്തുനിന്നും കൂടി പത്രമിറക്കാൻ കോട്ടയത്തുനിന്ന്‌ ‘പൗരധ്വനി’ പത്രം പ്രസിദ്ധീകരിച്ചിരുന്ന കെ.എം. ചാക്കോ തീരുമാനിക്കുന്നു. ആ രണ്ടാം പത്രം ഇറങ്ങുകയും ചെയ്‌തു. പക്ഷേ അദ്ദേഹത്തിനുമാത്രം അറിയാവുന്ന എന്തോ കാരണത്താൽ തിരുവനന്തപുരത്തെ ‘പൗരധ്വനി’ പത്രത്തിന്റെ പേര്‌ മറ്റൊന്നാക്കി മാറ്റി ‘പൗരകാഹളം’, അതുകൊണ്ട്‌ ‘പൗരധ്വനി’ ചാക്കോച്ചനുണ്ടായ നഷ്‌ടം ചെറുതായിരുന്നില്ല. രണ്ടാമത്തെ യൂണിറ്റ്‌ തുടങ്ങിയ ആദ്യ മലയാളപത്രത്തിന്റെ ഉടമസ്‌ഥാവകാശമെന്ന ചരിത്രത്തൂവൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നു വീണുപോയി.! തിരുവിതാംകൂർ - കൊച്ചിയിൽ മന്ത്രിയായിരുന്ന കെ.എം. കോരയുടെ സഹോദരനായ ചാക്കോ ഒരു പ്രഗത്ഭനെയാണ്‌ തിരുവനന്തപുരം ‘പൗരകാഹള’ത്തിന്റെ പ്രഥമപത്രാധിപരാക്കിയത്‌. അദ്ദേഹം ഒരു മേനോനായിരുന്നു എന്നു മാത്രം കേട്ടിട്ടുണ്ട്‌. ചരിത്രത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണ പേരില്ല!

ഇന്നു നിലനിൽക്കുന്ന പത്രങ്ങളുടെ ചരിത്രം മാത്രമേ വിശദരൂപത്തിൽ പുസ്‌തകത്തിലായിട്ടുള്ളൂ; ‘മനോരമ’യുടെയും മാതൃഭൂമിയുടെയും ചരിത്രങ്ങൾ. ഇപ്പോൾ ശതാബ്‌ദി ആഘോഷിക്കാനൊരുങ്ങുന്ന ‘കേരളകൗമുദി’ ചരിത്രരചനയിലേക്കു നീങ്ങിയതറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.

ഇതുപോലെ മറ്റു മലയാള പത്രങ്ങളുടെയും ചരിത്രം നമുക്കു വേണ്ടേ? പല തലമുറകളെ ചിരിപ്പിച്ച തൃശൂർ ‘എക്‌സ്‌പ്രസി’ന്റെ രസികൻ തലക്കെട്ടുകളുടെ ശേഖരം നമുക്കൊപ്പം വേണ്ടതല്ലേ? കേരളത്തിലും കേരളത്തിനു പുറത്തും വിദേശത്തുമൊക്കെ പെരുമ തെളിയിച്ച മലയാളി പത്രപ്രവർത്തകരുടെ കഥകൾ വരും തലമുറകൾ അറിയേണ്ടതല്ലേ? ഒരോ പത്രപ്രവർത്തകന്റെയും മരണവാർത്ത അറിയുമ്പോൾ ചരിത്രത്തിലെ ഒരേട്‌ നമ്മുടെ മുന്നിൽ നിന്നും മാഞ്ഞതിന്റെ ദുഃഖമാണ്‌ എനിക്ക്‌ അനുഭവപ്പെടാറ്‌.

വനിതാ മാധ്യമ പ്രവർത്തകരായ കെ.എ. ബീനയും ഗീത ബക്ഷിയും ചേർന്ന്‌, ജീവിച്ചിരിക്കുന്ന കുറെ മലയാളി പത്രപ്രവർത്തകരുടെ ഓർമകൾ പകർത്തി സമാഹരിച്ച ഈ പുസ്‌തകം നമ്മുടെ പത്രപ്രവർത്തന ചരിത്രത്തിന്‌ ഒരു മുതൽക്കൂട്ടാവുന്നത്‌ അതുകൊണ്ടൊക്കെയാണ്‌. ഓർമയുടെ അച്ചടിമഷിമണവുമായി ഇനിവരും അധ്യായങ്ങളിൽ എത്തുന്ന അവരുടെ ഗുരുസ്‌ഥാനീയർക്ക്‌ ഉചിതമായ ദക്ഷിണ തന്നെയാണ്‌ ഈ പുസ്‌തകമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. നേരിട്ടും വായിച്ചും എനിക്കു പരിചയമുള്ളവരാണ്‌ ഇവരെല്ലാമെന്നത്‌ എന്റെ സ്വകാര്യസന്തോഷമാണ്‌. ചിലരൊക്കെ എന്റെ സഹപ്രവർത്തകർ തന്നെ.

പ്രശസ്‌ത പത്രപ്രവർത്തകനായിരുന്ന കെ.എസ്‌. ചന്ദ്രന്റെ പുത്രനും ദൃശ്യമാധ്യമരംഗത്തു ശ്രദ്ധേയനുമായ ബൈജു ചന്ദ്രന്റെ പത്‌നിയാണു ബീന. മുംബൈ പത്രപ്രവർത്തന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.എസ്‌. ബക്ഷിയുടെ മകളാണ്‌ ഗീത. ആ പത്രപ്രവർത്തന പൈതൃകങ്ങളുടെ തെളിമയും തെളിച്ചവും ഈ പുസ്‌തകമെഴുതിയവരുടെ എഴുത്തിലും നിരീക്ഷണങ്ങളിലുമുണ്ട്‌.

(പ്രസാധകർ - കറന്റ്‌ ബുക്‌സ്‌ തൃശൂർ)

Previous Next

കെ.എം. മാത്യു

ചീഫ്‌ എഡിറ്റർ, മലയാള മനോരമ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.