പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ജീവിതം കലാസൃഷ്‌ടിയെന്ന നിലയിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.പി.വി. കൃഷ്‌ണൻനായർ

സാനുമാഷിന്റെ സവിശേഷമായ ആത്‌മകഥയാണ്‌ ‘കർമ്മഗതി’. ആത്‌മകഥയെക്കുറിച്ച്‌ സാമാന്യമായി മലയാളിക്കുള്ള ധാരണയിൽ നിന്നും ഏറെ ഭിന്നമായ ഒരു കൃതിയാണിത്‌. ഉത്തമപുരുഷന്‌ പ്രാധാന്യം നല്‌കി, ആദിമദ്ധ്യാന്ത ചിട്ടകളോടെ സംഭവങ്ങളെയും വ്യക്തികളെയും അനുഭവങ്ങളെയും കാലഗതിയെയും വിവരിക്കുന്നവയാണ്‌ പ്രായേണ നമ്മുടെ ആത്‌മകഥകൾ. ‘ഞാൻ, ഞാൻ’ എന്ന ആവർത്തനവിരസത ഇത്തരം ആത്‌മകഥകളിൽ നാം അനുഭവിച്ചതാണ്‌. മലയാളത്തിലെ പ്രശസ്‌തനായ ഒരു എഴുത്തുകാരന്റെ ആത്‌മകഥയുടെ ശീർഷകം തന്നെ ‘ഞാൻ’ എന്നാണല്ലോ. നമ്മുടെ ആത്‌മകഥാകാരന്മാരിൽ പലരും വലിയ ജീവിതം നയിച്ചവരോ, വലിയ മനസ്സുള്ളവരോ അല്ല എന്നതാണ്‌ ആ ഗ്രന്ഥങ്ങളുടെ വലിയ പരിമിതി. തങ്ങളുടെ പരിമിതികളെ അതിജീവിക്കാനുള്ള ചിന്താവൈഭവമോ, ഭാഷാപരമായ വല്ലഭത്വമോ വ്യക്തിത്വശുദ്ധിയോ അവർക്ക്‌ ഇല്ലാതെയും പോയി. ‘ഏതൊരുവന്റേയും ചരിത്രം അവനവൻതന്നെ എഴുതുന്നതാണ്‌ നല്ലത്‌.’ എന്നു പറഞ്ഞ ഡോ.ജോൾസനോട്‌ നമുക്കു പരിഭവം തോന്നേണ്ടിവരുന്നത്‌ അതുകൊണ്ടാണ്‌. ആത്‌മപ്രശംസയ്‌ക്കുള്ള ത്വരയിൽനിന്നും മോചനം നേടാൻ വലിയ എഴുത്തുകാർക്കുപോലും കഴിയാതെപോകുന്നു എന്ന സത്യമാണ്‌ ആത്‌മകഥ വായന എന്നെ പഠിപ്പിച്ച ഒരു പാഠം. ഡേവിഡ്‌ ഹ്യൂം ‘ലൈഫ്‌’ എന്ന ആത്‌മകഥയിൽ തുറന്നുതന്നെ എഴുതി - “ആത്‌മപ്രശംസകൂടാതെ അധികനേരം ഒരാൾക്ക്‌ തന്നെക്കുറിച്ചു തന്നെ സംസാരിക്കാൻ കഴിയില്ല. അതിനാൽ ഞാൻ ചുരുക്കിയേക്കാം. ” അനുഭവങ്ങളെ മാനസിക പരിണാമത്തിന്റെ ഉന്നതതലത്തിൽ എത്തിക്കുന്നതാണ്‌ സർഗ്ഗാത്‌മകപ്രവർത്തനം എന്ന്‌ ആർതർ കോയിസ്‌ലർ ‘സർഗ്ഗപ്രക്രിയ’ (The Act of Creation) എന്ന കൃതിയിൽ പറയുന്നതു ശ്രദ്ധേയം.

മലയാളത്തിലെ ആത്‌മകഥാസാഹിത്യത്തിന്റെ വല്ലായ്‌മകൾ നാം മനസ്സിലാക്കിയത്‌ വിശ്വചിന്തകരായ മനീഷികളുടെയും മഹാത്മാക്കളുടെയും ആത്‌മകഥകൾ വായിച്ചപ്പോഴാണ്‌. അതിൽ ചിലരുടെ ആത്‌മകഥയെങ്കിലും ജീവിതത്തെക്കാൾ ശ്രേഷ്‌ഠമായി നമുക്ക്‌ അനുഭവപ്പെടുകയും ചെയ്‌തു. റൂസ്സോ, ടോൾസ്‌റ്റോയ്‌, ഗാന്ധിജി, ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ, ചാർളി ചാപ്ലിൻ, കസൻസാക്കിസ്‌, സാർതൃ തുടങ്ങിയവരുടെ ആത്‌മകഥകൾ നിനവിൽ വരുന്നു. അവയിൽ പലതും നല്ല ആത്‌മചരിത്രങ്ങളാണ്‌. ചില മഹത്തായ ആത്‌മകഥകളുമാണ്‌. ഒരു കൃതി നല്ലതാകുന്നതും മഹത്ത്വമുള്ളതാകുന്നതും വ്യത്യസ്‌ത ഘടനകൾകൊണ്ടാണല്ലോ.

ആത്മകഥയുടെ നേർക്ക്‌ സഹോദരൻ അയ്യപ്പനും വി.ടി.ഭട്ടതിരിപ്പാടും പ്രകടമാക്കിയ മനോഭാവം വ്യക്തമാക്കിയും അത്‌ അവരുടെ ശ്രേഷ്‌ഠഗുണങ്ങളുടെ ഭാഗമാണെന്ന്‌ അംഗീകരിച്ചുമാണ്‌ പ്രൊഫ. എം.കെ. സാനു രചന ആരംഭിക്കുന്നത്‌. ‘ആത്‌മകഥയെഴുതുകയെന്ന ആശയത്തോടുതന്നെ ഞാൻ യോജിക്കുന്നില്ല. വായിച്ച ആത്‌മകഥകളായിരിക്കാം ഈ വൈമനസ്യത്തിന്ന്‌ കാരണം’ എന്ന്‌ സഹോദരൻ തുറന്നടിച്ചു പറഞ്ഞത്‌ സാനുമാഷ്‌ ആദരവോടെയാണ്‌ കേട്ടത്‌. സ്വന്തം നിസ്സാരതയെക്കുറിച്ചുള്ള ബോധത്തോടുകൂടിയാണ്‌ ഇങ്ങനെയൊന്നെഴുതുന്നത്‌ എന്ന്‌ അദ്ദേഹം പറയുന്നതു ശ്രദ്ധേയം. എങ്കിലും ആ ബോധത്തോടുകൂടി സാനുമാഷ്‌ ‘കർമ്മഗതി’ എഴുതിത്തീർത്തു എന്നതു വലിയൊരു കാര്യമാണെന്നു ഞാൻ കരുതുന്നു. ആ നിസ്സാരതാബോധം ഈ കൃതിയിലാകെ ഒളിചിതറുന്നു എന്നതാണ്‌ സത്യം. ആ വിനയത്തിന്റെ ശുദ്ധി ഈ കൃതിയുടെ മേന്മയുമാണ്‌. വിനയത്തിന്റെ രണ്ടുവശങ്ങളെയും ഗ്രന്ഥകർത്താവ്‌ ഇങ്ങനെ വിവരിക്കുന്നു. ഒന്ന്‌ഃ “അനന്തമായ കാലത്തിന്റെ പശ്ചാത്തലത്തിൽ ഒരു വ്യക്തിയുടെ ജീവിതം കേവലം ക്ഷണികമാണെന്ന ബോധം എന്റെ വീക്ഷണത്തിൽ നിലീനമാണ്‌. പ്രപഞ്ചത്തിന്റെ അപാരതയോടു ബന്ധപ്പെടുത്തി നോക്കുമ്പോഴാകട്ടെ, വ്യക്തിക്ക്‌ ഒരു കൃമിയുടെ സ്‌ഥാനമേയുള്ളുതാനും. രണ്ട്‌ഃ ഭാവനാവ്യാപാരത്താലും വിചാരശക്തിയാലും അസാധാരണ കർമ്മവൈഭവത്താലും മറ്റും ചരിത്രഗതിയിൽ മാറ്റംവരുത്തിയ മഹാത്മാക്കളെ ഓർമ്മിക്കുമ്പോഴും ചെറിയൊരു പുഴുവിന്റെ സ്‌ഥാനം മാത്രമേ എന്നെപ്പോലുള്ള സാധാരണക്കാർക്ക്‌ ലോകത്തിലുള്ളു എന്ന തിരിച്ചറിവാണ്‌ എന്നിലുദിക്കുന്നത്‌.” ‘കർമ്മഗതി’യുടെ മുഖക്കുറിപ്പായി ഉദ്ധരിച്ചുചേർത്ത കുമാരനാശാന്റെ നാലുവരികൾ ഈ ജീവിതദർശനത്തിന്റെ വിളംബരമാണ്‌.

മലയാളഭാഷയിലെ മറ്റ്‌ ആത്‌മകഥകളിൽനിന്നു ഭിന്നമായി, എഴുത്തുകാരന്റെ സ്വകാര്യജീവിതത്തിന്‌ ഈ കൃതിയിൽ സ്‌ഥാനമില്ലെന്നതും ഈ പുസ്‌തകത്തിന്റെ പ്രത്യേകതയും, നല്ല അർത്ഥത്തിൽ മേന്മയുമാണ്‌. കലാബോധത്തിലും ലോകബോധത്തിലും കലാബോധത്തിലുമാണ്‌ സാനു മാസ്‌റ്ററുടെ ഊന്നൽ. ഒരു അന്വേഷണബുദ്ധി ഈ ഗ്രന്ഥത്തിലൂടെ നിരന്തരം സഞ്ചരിക്കുന്നുണ്ട്‌. മാഷ്‌ എഴുതിഃ ‘പല സംഘടനകളിലും ഞാൻ കടന്നു ചെന്നു. അതൊരന്വേഷണമായിരുന്നു. മനുഷ്യരുടെ സങ്കടത്തിനും എന്റെ ആന്തരികമായ അസ്വാസ്‌ഥ്യത്തിനും ശമനമുണ്ടാക്കുന്ന മാർഗ്ഗം കണ്ടെത്താനുള്ള അന്വേഷണമാണെന്നു പറയാം. ഒരിടത്തും അഭയം കിട്ടിയില്ല. ’ചോദ്യങ്ങളും സംശയങ്ങളും ജിജ്ഞാസയും അന്വേഷണവുമായാണ്‌ ഗ്രന്ഥകർത്താവ്‌ ജിവിതമാരംഭിക്കുന്നതുതന്നെ. സ്‌കൂളിലേക്കു പോകുമ്പോൾ വാടത്തോട്‌ എന്നു പേരായ തോടിനോടു ചേർന്നുകിടക്കുന്ന റോഡിൽ കണ്ട ചോര തളം കെട്ടിയ പാട്‌ ചുവന്ന കറപോലെ തെളിഞ്ഞുകണ്ടത്‌, പാവപ്പെട്ട തൊഴിലാളികളെ പോലീസുകാർ എന്തിനാണ്‌ വെടിവെച്ചുകൊന്നത്‌ എന്ന ചോദ്യം മനസ്സിൽ ഉദിപ്പിച്ചു. എല്ലാവരും ദൈവത്തിന്റെ സൃഷ്‌ടികളായിട്ടും ചിലർക്കു ക്ഷേത്രത്തിൽ പ്രവേശനമില്ലാത്തതെന്തേ എന്ന സംശയവും സ്വാഭാവികമായും പിറകെ വന്നു. അച്ഛനെയും അമ്മയെയുമാണ്‌ സംശയ പരിഹാരത്തിന്നു സമീപിച്ചത്‌. അച്ഛനാണ്‌ യുക്തിഭദ്രമായി, ബാലമനസ്സ്‌ അറിഞ്ഞ്‌ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തത്‌. പില്‌ക്കാലത്ത്‌ മാഷിന്റെ വ്യക്തിത്വത്തിന്റേ അവിഭാജ്യ അംശമായ സമഭാവന, സ്വാതന്ത്ര്യബോധം, ആത്‌മാഭിമാനം എന്നീ ഗുണങ്ങൾ അച്ഛനിൽനിന്ന്‌ എങ്ങനെ പകർന്നുകിട്ടി എന്ന്‌ ഈ ഭാഗങ്ങൾ വെളിപ്പെടുത്തുന്നു. ചെറുപ്പത്തിൽ അമിതമായ ഭയം ഗ്രന്ഥകാരനെ അലട്ടിയിരുന്നു. കേരള സമൂഹത്തിന്റെ പെരുമാറ്റരീതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതു ഭയം എന്ന വികാരമാണ്‌ എന്ന അറിവിലേക്കാണ്‌ അത്‌ ആ ബാലനെ നയിക്കുന്നത്‌. ഇതിനിടയിൽ പൊട്ടിപ്പുറപ്പെട്ട, മുസ്ലീംകൾ ഒരുഭാഗത്തും, ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മറുഭാഗത്തുമായി നടന്ന സാമുദായിക ലഹളയും ഒരു പാഠം ആ ബാലനെ പഠിപ്പിച്ചു. ആ പാഠമിതാണ്‌ഃ ഏതു ലഹളയുടെയും മൃഗീയവികാരം ആളുകളെ ദുർഭൂതം പോലെ ബാധിക്കും. (സർദാർ കെ.എം. പണിക്കരുടെ ആത്‌മകഥ വായിച്ചപ്പോൾ ആ ബോധം എന്നിൽ ആഞ്ഞുപതിച്ചത്‌ എന്റെയും കുട്ടിക്കാല അനുഭവം) സാനുമാഷ്‌ എഴുതുന്നുഃ ലഹള ആരംഭിച്ചാൽ മനുഷ്യർ എങ്ങനെ മൃഗങ്ങളായി മാറുമെന്ന്‌, ആ ഇളം പ്രായത്തിൽ തന്നെ ഏകദേശം രൂപത്തിൽ മനസ്സിലാക്കാൻ എനിക്കു സാധിച്ചു“ മനസ്സിലെ സ്‌മൃതിചിത്രങ്ങൾകൊണ്ട്‌ ധന്യമായ ഒരു കൃതിയാണിത്‌. അത്‌ ഒരു കാലത്തെയും, ഒരു ദേശത്തെയും നമുക്കു കാണിച്ചുതരുന്നു. തന്റെ ജീവിതനൗകയുടെ അമരത്തുതന്നെ ആദർശബോധത്തെ പ്രതിഷ്‌ഠിക്കാൻ അദ്ദേഹത്തിന്നു കഴിഞ്ഞു. അമരമില്ലാത്ത തോണിയാണല്ലോ ആദർശമില്ലാത്ത ജീവിതം. ഗ്രന്ഥകാരന്റെ കുടുംബമായ മംഗലത്തുതറവാട്ടിൽ നാരായണസ്വാമിയുടെ ആത്‌മീയസാന്നിദ്ധ്യമുണ്ടെന്ന്‌ പരമ്പരയാ വിശ്വസിച്ചുപോന്നു. ആ വിശ്വാസത്തിന്റെ സ്വാധീനം ഗ്രന്ഥകാരന്റെ ജീവിതത്തിൽ വ്യാപിക്കുകയും ചെയ്‌തു. ആ സ്വാധീനമാണല്ലോ സാനുമാഷക്ക്‌ നാരായണഗുരുദേവന്റെ ജിവചരിത്രം എഴുതുവാൻ പ്രേരണ നല്‌കിയത്‌. അതുപോലെ, ചെറുപ്പത്തിൽ ചൊല്ലിയ രാമനാമം, ഗുരുവിന്റെ ദൈവശതകം, സഹോദരൻ അയ്യപ്പന്റെ സമഭാവന-ഇവയുടെ ആദർശ ശുദ്ധിയും സ്വന്തം പിതാവിന്റെ ജാതിമത ചിന്തകൾ തീണ്ടാത്ത കാരുണ്യപ്രവർത്തനങ്ങളും ഗ്രന്ഥകാരന്റെ പിന്നീടുള്ള ജീവിതത്തിന്‌ മാർഗ്ഗദർശകമായി. എന്നാൽ യുക്തിയിൽ അധിഷ്‌ഠിതമായ ചിന്താപദ്ധതി ഉൾക്കൊണ്ടിരുന്നതിനാൽ സ്വാമിയെ സംബന്ധിച്ച അത്ഭുതകഥകൾക്ക്‌ ‘നാരായണഗുരുസ്വാമി’ എന്ന ജീവചരിത്രത്തിൽ പൊഫ.സാനു ഇടം നല്‌കിയില്ല എന്നതും ശ്രദ്ധേയമാണ്‌. ‘ഓർമ്മിക്കാഞ്ഞിട്ടല്ല. സ്വാമിയുടെ മാഹാത്മ്യത്തിന്നാധാരമാകേണ്ടത്‌ അത്ഭുതസംഭവങ്ങളല്ല എന്നു കരുതിയതുകൊണ്ട്‌ എന്നാണ്‌ അദ്ദേഹം ഇതിനെക്കുറിച്ച്‌ എഴുതിയത്‌. വജ്രസൂചിപോലെയുള്ള വിമർശനബുദ്ധിയും മാഷിൽ ജാഗ്രതകൊള്ളുന്നുണ്ട്‌. അതിന്റെ പ്രകാശനം ഇങ്ങനെയാണ്‌ഃ അക്കാലത്ത്‌ എല്ലാവരും ’സ്വാമി‘ എന്നാണ്‌ ശ്രിനാരായണഗുരുവിനെപ്പറ്റി പറഞ്ഞുപോന്നത്‌. സമീപകാലത്തുമാത്രമേ ’ഗുരു‘, ഗുരുദേവൻ’ എന്നീ പ്രയോഗങ്ങൾ പ്രചാരം നേടിയുള്ളു. ‘സ്വാമി എന്നുമാത്രം പറഞ്ഞിരുന്ന അക്കാലത്ത്‌ അനുയായികളുടെ അന്തരംഗങ്ങളിൽ നിറഞ്ഞുനിന്ന ഭക്തിയും ആദർശസ്‌നേഹവും ഇക്കാലത്തുള്ളതായി ഞാൻ കാണുന്നില്ല. സ്വാമിയുടെ ആദർശങ്ങൾ കാറ്റിൽപ്പറത്തുന്നവരാണല്ലോ ’ഗുരുദേവൻ‘ എന്ന്‌ ഭക്തിയുടെ ആവേശത്തോടെ ഇന്നു പറഞ്ഞുപോരുന്നവരിലധികവും.” അദ്ധ്വാനത്തിന്റെ നേർക്ക്‌ ആദരവ്‌ കാട്ടുക എന്ന രീതി കേരളീയർക്ക്‌ ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇപ്പോൾ ഏറെ പ്രസക്തമാണ്‌. അന്ന്‌ സമൂഹത്തിലുണ്ടായിരുന്ന കള്ളുകുടിയന്മാരുടെ ചേഷ്‌ടകളും അവർ വഴി കുടുംബം അനുഭവിച്ചിരുന്ന ദുരിതങ്ങളും ദുഃഖത്തോടെ, എന്നാൽ നർമ്മത്തിൽ ചാലിച്ച്‌ ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്‌.

സ്വഭാവത്തിൽ കുലീനമായ അന്തസ്സ്‌ പുലർത്തുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ കൃതിയിൽ നിറഞ്ഞു നില്‌ക്കുന്നു. ജീവിതത്തിന്റെ തല്ലേറ്റപ്പോൾ ആ പ്രകൃതം ഏകാന്തതയിലേക്കും, അന്തർ സംഘർഷത്തിലേക്കും, ഭാവനയുടെ ലോകത്തിൽ സഞ്ചരിക്കുന്നതിലേക്കും വളർന്നു. അതു പുസ്‌തക പ്രണയത്തിലേക്ക്‌ അദ്ദേഹത്തെ നയിച്ചു. അതിന്റെ സദ്‌ഫലങ്ങളാണല്ലോ അദ്ദേഹത്തിന്റെ കൃതികൾ. “ഓരോ വ്യക്തിയുടെ സ്വഭാവത്തിലും ജന്മസിദ്ധമായ വാസനകളുണ്ട്‌. ആ വാസനകൾ ചില സാഹചര്യങ്ങളിൽ ഉദ്ദീപ്‌തമാകുന്നു. വായനയിൽക്കൂടി കല്‌പനയുടെ ലോകത്തിൽ യാത്രചെയ്യാനുള്ള വാസന എനിക്കു ജന്മനാ ലഭിച്ചതായിരിക്കാം” എന്നതാണ്‌ മാഷിന്റെ വചസ്സുകൾ.

ഗ്രന്ഥകാരന്റെ മൂല്യബോധവുമായി ബന്ധപ്പെട്ടതാണ്‌ ജീവചരിത്രരചന. ലോകത്തിൽനിന്ന്‌ നേട്ടങ്ങൾ കൊയ്‌തുകൂട്ടിയവരല്ല. ലോകത്തിന്‌ സ്വയം പകർന്നുകൊടുത്തവരാണ്‌ ജീവിതത്തിൽ വിജയിച്ചവർ എന്ന പാഠം ഈ ജീവചരിത്രങ്ങൾ നൽകുന്നു. ആ പുണ്യാത്മാക്കൾ എന്തുകൊടുത്തിട്ടാണ്‌ ലോകത്തെ ഋണബദ്ധരാക്കിയത്‌ എന്ന്‌ അന്വേഷിക്കുന്നതാണ്‌ സാനുമാസ്‌റ്ററുടെ ജീവചരിത്രകൃതികൾ ഓരോന്നും. ഷ്വൈറ്റ്‌സർ, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ, എം.ഗോവിന്ദൻ, ബഷീർ, ആശാൻ, യുക്തിവാദി എം.സി.ജോസഫ്‌ എന്നിങ്ങനെ എത്രയോ മഹാവ്യക്തിത്വങ്ങളുടെ ലോകാനുഗ്രഹപരമായ ജീവിതങ്ങളെയാണ്‌ ആ തൂലിക നമുക്കു പരിയപ്പെടുത്തിത്തന്നത്‌. ജിവരക്തം പകർന്നു പൊലിപ്പിച്ചെടുത്ത മൂല്യങ്ങളാണ്‌ ഇവിടെയെല്ലാം അന്വേഷണവിധേയമാകുന്നത്‌. ഈ പിറവിയിലെ വേദനയും സുഖവും ’കർമ്മഗതി‘യിലൂടെ സാനുമാഷ്‌ പ്രകാശിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഭാഷയിൽ ’സാധാരണമല്ലാത്ത വ്യക്തിത്വങ്ങളുടെ ഉള്ളറകളിലേക്കാണ്‌ ജീവചരിത്രരചന നിങ്ങളെ നയിക്കുന്നത്‌. രചനയിലൂടെ നിങ്ങൾ പലതും കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. ആ അനുഭവം സുഖദായകമാണ്‌. പക്ഷേ ആ സുഖത്തിന്നുവേണ്ടി നിങ്ങൾ വലിയ ക്ലേശം അനുഭവിക്കാതെ നിവൃത്തിയില്ല‘ (കർമ്മഗതി, 236) ഇതിന്നു സാക്ഷ്യപത്രം നല്‌കുന്നുണ്ട്‌. ലോകത്തിലെ വലിയ ജീവചരിത്രകാരന്മാരെല്ലാം.

പ്രവചന സ്വഭാവമുള്ള കാഴ്‌ചപ്പാടോടെ ആദർശമാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട്‌ പ്രൊഫ. എം.കെ. സാനു ഈ ആത്‌മചരിതം അവസാനിപ്പിക്കുന്നത്‌ ഇങ്ങിനെയാണ്‌ - “നീതിയുക്തമായ മാനവലോകം സ്വപനം കാണാനും സ്വപ്‌നസാക്ഷാത്‌ക്കാരത്തിനു വേണ്ടി ആദർശബോധത്തോടെ പ്രയത്‌നിക്കാനും സന്നദ്ധരായി ലോകരംഗം പിടിച്ചടക്കാനൊരുങ്ങുന്ന യുവതലമുറയുടെ ചോര തുടിക്കും കൈകളിൽ ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്‌. എന്റെ ജീവിതകാലത്ത്‌ ആ തലമുറയുടെ ആവിർഭാവമുണ്ടാവുകയില്ലെന്ന്‌ എനിക്കറിയാം. ആ അറിവ്‌ എന്നെ ശോകാധീനനാക്കുന്നില്ല. കാരണം എന്റെ കാലശേഷമെങ്കിലും അവർ ഉയർന്നുവരുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇല്ലെങ്കിൽ ലോകം നിലനില്‌ക്കുകയില്ലല്ലോ. ഭൂമിയിൽ സ്വർഗ്ഗം സൃഷ്‌ടിക്കാൻ പ്രതിജ്ഞാബദ്ധരായി നീങ്ങുന്ന ആ തലമുറക്കാർക്ക്‌ ഇടത്താവളമാകാൻ എന്റെ അന്ത്യവിശ്രമസ്‌ഥാനം ഉപകരിക്കുമാറാകട്ടെയെന്നാണ്‌ എന്റെ പ്രാർത്ഥന.”

സാനു മാഷെക്കുറിച്ച്‌ സമഗ്രപഠനം നടത്തി നല്ലൊരു ഗ്രന്ഥം രചിച്ച ഡോ.എ. അരവിന്ദാക്ഷൻ തന്റെ കൃതിക്കു നൽകിയ പേര്‌ ’മഹത്ത്വത്തിന്റെ സങ്കീർത്തനം എന്നാണ്‌. അതെ, ‘കർമ്മഗതി’ മഹത്ത്വത്തിന്റെ സങ്കീർത്തനമാണ്‌. ജീവിതത്തെ കലാസൃഷ്‌ടിയുടെ രൂപത്തിൽ അവതരിപ്പിക്കാനുള്ള മഹോദ്യമമാണ്‌. ആദരോക്തിയായി ഞാൻ ശങ്കരാചാര്യരുടെ വചസ്സുകൾ ഉദ്ധരിച്ചുകൊള്ളട്ടെ.

“ശാന്താ മഹന്തോ നിവസന്തി സന്തോ

വസന്ത വല്ലോക ഹിതം ചരന്തഃ

തീർണ്ണാസ്വയം ഭീമാർണ്ണവം ജനാ-

ന ഹേതു നാന്യാപി താരയന്തഃ”

(പ്രസാധകർ - ഗ്രീൻ ബുക്‌സ്‌, തൃശൂർ)

Previous Next

ഡോ.പി.വി. കൃഷ്‌ണൻനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.