പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ആത്മഗൗരവമുള്ള പഠനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. ബി. സുലോചനാനായർ

ഡോ. ഡി മായയുടെ ഈ ഗ്രന്ഥം ഒരു പഠനമാണ്‌. അന്തരാശയ ഗൗരവത്താൽ ദീപ്‌തം. വാൾ മുനയിലധികം ശക്തി വാക്കുകൾക്കുണ്ടെന്നും അതിവാക്കുകൾ അസ്‌ത്രംപോലെ ലക്ഷ്യഭേദിയാവുമെന്നും പരക്കെ ബോധ്യം. സാഹിത്യം പടവാളുപോലെയെന്ന്‌ ലോകോക്തിയുമുണ്ട്‌. വോൾട്ടയറും, റുസ്സോയും തത്തുല്യരായ മേധാശാലികളും അസന്തുലിതമായ സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക വ്യവസ്‌ഥകളാൽ ബദ്ധരായി വിഷമവൃത്തത്തിൽ ചലിക്കുന്ന ലോകജനതയെ വാക്കുകളിലൂടെ ഉൽബുദ്ധരായതും, അഗ്നികണികപോലുള്ള വാക്കുകളിൽ ആശയങ്ങൾക്ക്‌ രൂപം കൊടുത്തതും, സാർവ്വലൗകിക മാനുഷ്യകത്തിന്‌ അവ പ്രേരണയും പ്രചോദനവും ആയിഭവിച്ചതും നാം അറിഞ്ഞവരാണ്‌.

ഇവിടെ, ഈ കൃതിയിൽ, കഴിഞ്ഞുപോയ നുറ്റാണ്ടുകളിൽ ‘സൂര്യനസ്‌തമിക്കാത്ത’ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിലെ അധീശർ, തങ്ങൾ അധികാരം സ്‌ഥാപിച്ച നാടുകളിലെ ജനങ്ങളെ അടിച്ചമർത്തി അടിയാരെന്നവണ്ണം ചവുട്ടി മെതിച്ചതും, ഒരു അധിനിവേശ ജനതയുടെ കഷ്‌ടവും നഷ്‌ടവും നൈരാശ്യവും അനുഭവത്തിന്റെ തീച്ചുളയിൽ കാച്ചിയെടുത്ത തൂലികകൊണ്ട്‌ നേരിട്ട സത്യസന്ധമായ ചരിത്രം നമുക്കു മുന്നിൽ എഴുത്തുകാരി ചിന്തയ്‌ക്ക്‌ വിഷയമാക്കുന്നു. ഭൂതകാലത്തിലെ ആർത്തനാദങ്ങളും ആക്രോശങ്ങളും വെളുത്തവന്റെ ധാർഷ്‌ട്യത്തിനും ക്രൂരതയ്‌ക്കും എതിരെ ആഞ്ഞടിക്കാൻ പിടയുന്ന കറുത്ത വർഗ്ഗക്കാരുടെ നിശ്ശബ്‌ദവും സശ്ശബ്‌ദവുമായ വേദനയാൽ നിറം കെട്ടലോകവും ഇവിടെ അനാവൃതമാക്കുന്നു. തിക്തവും കഠിനവുമായ അനുഭവങ്ങളിലൂടെ കടന്നുപോയ ദേശവാസികളുടെ ആത്മദുഃഖവും ആകാലഘട്ടത്തിന്റെ ചരിത്രവും ഗ്രന്ഥങ്ങളിലൂടെ ജീവത്താകുന്നു. ആ ഉൾത്തുടിപ്പുകൾ ഈ കൃതിയിലുണ്ട്‌. ഒരധിനിവേശ സംസ്‌കാരം കീഴടക്കിയ ദേശങ്ങളിലെ നൈസർഗ്ഗീകമായ തനതു സംസ്‌ക്കാരനന്മകളെ തുടച്ചു മാറ്റിയപ്പോൾ, പ്രതികരണങ്ങളുണ്ടായി. സംഘർഷങ്ങളുടേയും വിപ്ലവങ്ങളുടേയും പിടച്ചടക്കലിന്റേയും വീണ്ടെടുക്കലിന്റേയും“ അതി ദാരുണമായ കഥാകഥനമാണ്‌ ഈ കൃതി എന്നു ഗ്രന്ഥകർത്രിതന്നെ രേഖപ്പെടുത്തുന്നുമുണ്ട്‌.

എന്നാളും ഒരു ജനതയെ കാൽക്കീഴിലൊതുക്കാനാവില്ല. നൂറ്റാണ്ടുകളായി അനുഭവിച്ച അപമാനത്തിന്റെ പെരുംഭാരം കടപുഴക്കി എറിയാൻ അവർ തയ്യാറായി. പ്രതിരോധ സാഹിത്യരചനകൾ അവിടെയാണു പിറന്നു വീണത്‌. അക്ഷരങ്ങൾ തീനാമ്പുകളായി ആ കറുത്ത കാലഘട്ടത്തിന്റെ ആത്മനൊമ്പരം ഈ എഴുത്തുകാരിയുടെ ”വാക്കുകൾക്കകമേ പതയ്‌ക്കുന്നു.“ ആ ഉഷ്‌ണപ്രവാഹം നമ്മിലും ഒഴുകി എത്തുന്നു.

ആത്മഗൗരവമുള്ള ഈ പഠനം അധിനിവേശജനതയുടെ ആത്മാവിൽ അള്ളിപ്പിടിച്ചു കിടന്ന അമർഷം, സ്വത്വം നഷ്‌ടപ്പെട്ട ജനതയ്‌ക്ക്‌ അധിനിവേശകനോടുള്ള പ്രതികാരവാഞ്ഞ്‌ച, ഒക്കെയും നമ്മുടെ ഉള്ളിലുണർത്തുന്നു. ഉള്ളിലുടക്കുന്നവിധം അക്ഷരങ്ങൾക്ക്‌ ഊർജ്ജം നൽകാനുള്ള ഗ്രന്‌ഥകർത്രിയുടെ പ്രഭാവം സ്‌പഷ്‌ടം. ആശയാവിഷ്‌ക്കരണത്തിനുതകുംവിധം സുസജ്ജമായ ഭാഷ.

അധിനിവേശാനന്തര സാഹിത്യം ഭൂജാതമായപ്പോൾ സഹിച്ചു കഴിഞ്ഞവർ, ആ അഗ്നികുണ്ഡത്തിൽ നിന്നുയർന്നവർ വാശിയോടുകൂടി എഴുതി തനതു സംസ്‌ക്കാരം അന്നേയ്‌ക്ക്‌ വെന്തു വെണ്ണീറായിക്കഴിഞ്ഞിരുന്നു. തായ്‌വേരറ്റ കോളനി ജനതയ്‌ക്ക്‌ കുറെ കഴിഞ്ഞപ്പോൾ സ്വന്തമെന്നു പറയാനും എഴുതാനും കീഴ്‌പ്പെടുത്തിയവരുടെ ഭാഷ മാത്രമാണ്‌ കൈവശം ഉണ്ടായിരുന്നത്‌. പരദേശികളുടെ ഭാഷ. അവർ ആ പരദേശി ഭാഷയിലെഴുതി. ഇൻഡ്യൻ ഇംഗ്ലീഷ്‌ സാഹിത്യകാരനായ രാജാറാവു ‘കാന്തപുര’ എന്ന നോവലിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയതുപോലെ. ‘ആഖ്യാനം അത്ര എളുപ്പമായിരുന്നില്ല. തന്റേതല്ലാത്ത ആ ഭാഷയിൽ തനിക്കുമാത്രം സ്വന്തമായ സ്വത്വം ആവിഷ്‌ക്കരിക്കുക ഇംഗ്ലീഷ്‌ നമ്മുടെ ബൗദ്ധിക വ്യാപരങ്ങളുടെ ഭാഷയാണ്‌. വികാരങ്ങളുടേതല്ല.’

ചിനുവാ അച്ചേബെയുടെ Things Fall Apart (സർവ്വവും ശിഥിലമാകുമ്പോൾ), പ്രതിരോധത്തിന്റെ തീജ്ജ്വാലയും കൊടുങ്കാറ്റുമായ മായാ ഏഞ്ചലോയുടെ ആത്മകഥ, അദൃശ്യതയിൽ നിന്നു കാഴ്‌ചവെട്ടത്തിലെത്തുന്ന ബിയാട്രിസ്‌ കല്ലറ്റന്റെ April Raintree - ഇവ ഭൂതകാലത്തിന്റെ ദുഃഖമാപിനികളാണ്‌. സ്വാതന്ത്ര്യേച്ഛയുടെ, വിമോചനത്തിന്റെ, പ്രത്യാശയുടെ സൂര്യോദയം കാത്തുനിൽക്കുന്നവർ. ശബ്‌ദം നഷ്‌ടപ്പെടുന്നവർ, ശബ്‌ദം നഷ്‌ടപ്പെടുത്തിയവരുടെ നേരെ തിരിയുന്നതും, തിരിഞ്ഞതും, അതിശക്തമായി പ്രതികരിച്ചതും സ്വാഭാവികം.

മനോഹർ മൽഗോങ്കറിന്റെ Devil's Wind - സാമ്രാജ്യത്വത്തിന്റെ ബിംബങ്ങൾ തച്ചുടയ്‌ക്കുന്നു. ഇംഗ്ലീഷുകാർക്ക്‌ എതിരായുള്ള 1857-ലെ സമരം ഇംഗ്ലീഷുകാർ ശിപായിലഹള എന്നു തരംതാഴ്‌ത്തി വികലമാക്കിയപ്പോൾ ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നെന്ന്‌ യുക്തിയുക്തം മൽഗോങ്കർ പുതിയൊരു ബിംബരചനയ്‌ക്കു മുതിർന്നു.

ശശിദേശ്‌പാണ്ഡേയുടെ പെൺകഥകളിൽ സ്വത്വം തേടുന്നു സ്‌ത്രീയെ കണ്ടുമുട്ടുന്നു. സ്‌ത്രീപക്ഷവാദിയല്ല. ഭാരതീയ സ്‌ത്രീപക്ഷചിന്താഗതിക്കാരി. ആത്മീയമായ ഒരടിയൊഴുക്ക്‌ ഈ സ്‌ത്രീകഥകൾക്ക്‌ അവലംബമായിരിക്കുന്നു.

‘ഉയിർത്തെഴുന്നേല്‌പിന്റെ സംഗീതം’ എന്ന അന്വർത്ഥമായ ലേബലിൽ പ്രത്യക്ഷപ്പെടുന്നു. വിഖ്യാതനായ എം. മുകുന്ദന്റെ ‘പുലയപ്പാട്ട്‌’. ജാത്യന്ധതയിൽപെട്ട്‌ നട്ടം തിരിയുകയും വിദ്യാഭ്യാസത്തിലൂടെ ഉയരുകയും ചെയ്യുന്ന അധഃകൃത സമുദായത്തിന്റെ കഥ.

‘അതിജീവനത്തിന്റെ പെൺ ചരിത’മെന്ന അനുയോജ്യമായ പേരിൽ സാറാജോസഫ്‌ എഴുതിയ ‘ആലാഹയുടെ പെൺമക്കൾ’ മനുഷ്യരാണെന്ന്‌ മനുഷ്യരാൽ അംഗീകരിക്കപ്പെടാത്ത, പ്രാന്തവൽക്കരിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ, അവിടെ കഴിയുന്ന ജനങ്ങളുടെ അതിജീവനത്തിന്റെ കഥ. ആരും ഇന്നേവരെ പറയാത്ത, ആരും എഴുതാത്ത കഥ.

Style is the man - എന്നാണ്‌ പ്രസിദ്ധമായ സിദ്ധാന്തം. രചനാരീതി എഴുത്തുകാരന്റെ ജന്മസിദ്ധവും സ്വയാർജ്ജിതവുമായ കഴിവാണ്‌. പ്രമേയം എന്തുമാകട്ടെ. പറയേണ്ടത്‌ ഏതുവിധമെന്നും, പറയുന്നത്‌ എന്താണെന്നും പൂർണ്ണബോദ്ധ്യം ഉണ്ടാവണം. ഗ്രന്ഥകാരിയ്‌ക്ക്‌ സഹജമായിട്ടുള്ള നിപുണത രചനയെ ആകർഷകമാക്കിയിരിക്കുന്നു. സ്‌ഫുടവും സുന്ദരവുമായ ഭാഷ. കാലം കടന്നുപോയെങ്കിലും ഭൂതകാലചരിത്രം വിസ്‌മരിക്കരുതെന്നു ലക്ഷ്യം. മനുഷ്യർ ജീവിതം ഹോമിച്ച വഴികൾ - സത്യസന്ധമായി ചരിത്രം രചിച്ച സർഗ്ഗധനരുടെ ഗ്രന്ഥങ്ങൾ - ആ പതാകളിൽ നടന്നു നീങ്ങുന്നത്‌ മനുഷ്യധർമ്മം. കൃതികൾ മനുഷ്യകഥാനുഗായികളാണല്ലോ. മനുഷ്യർ നമുക്കു പ്രിയപ്പെട്ടവരും. The hope of man is in man എന്ന സത്യം മറക്കാത്ത എഴുത്തുകാരി മനുഷ്യരുടെ ഭാവഭാവനകളുടെ, ദുഃഖസത്യങ്ങളുടെ ലോകത്തിലേയ്‌ക്ക്‌ നമ്മെ കൂടെക്കൂട്ടുന്നു. ഗ്രന്ഥകർത്രിക്ക്‌ അഭിനന്ദനം, നമുക്കു കൃതാർത്ഥതയും.

Previous Next

പ്രൊഫ. ബി. സുലോചനാനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.