പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ഭൂതകാലത്തെ വായിക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി. ജയകുമാർ

ചലച്ചിത്രകാരന്റെ ആത്‌മഭാഷണം തീർച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്‌ക്കുചുറ്റും ഒത്തുചേർന്ന ഒരുപാടുപേരുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്‌. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 2007-ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കാൻ അദ്ദേഹത്തെ സമിപിക്കുമ്പോൾ ഇ​‍്രതെയൊക്കെമാത്രമാണ്‌ വിചാരിച്ചിരുന്നത്‌. ഇത്തരമൊരോർമ്മക്കുറിപ്പിന്റെ സാധ്യത നിർദ്ദേശിച്ച മാധ്യമത്തിലെ എൻ.പി.സജീഷ്‌ പറഞ്ഞത്‌ ലെനിൻ രാജേന്ദ്രന്റെ ആത്മഭാഷണങ്ങൾ കേരളത്തിലെ മധ്യവർത്തിസിനിമയുടെ ചരിത്രം തന്നെയായിരിക്കുമെന്നാണ്‌. എന്നാൽ കഥ മാറുകയായിരുന്നു. ആദ്യ അധ്യായം മുതൽ അവസാനപുറംവരെ ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ അത്‌ സഞ്ചരിച്ചത്‌. ചരിത്രവും ഓർമ്മയുമല്ലാത്ത, എന്നാൽ ഇതൊക്കെയായ ഒട്ടനവധി വൈകാരിക സന്ദർഭങ്ങളെ മുഖാമുഖം കാണുന്നു.

വലിയ ആശങ്കകളോടെയാണ്‌ ലെനിൻ രാജേന്ദ്രൻ ഓർമ്മകൾ പറഞ്ഞു തുടങ്ങിയത്‌. ഓർമ്മക്കുറിപ്പുകളിൽ ഉയർന്നുനിൽക്കുന്ന ‘ഞാൻ’ പലപ്പോഴും അത്യാരോപിതമൂല്യങ്ങളിൽ സ്വയം അഭിരമിക്കുന്ന ആളായിരിക്കുമെന്നും സ്വയം പുകഴ്‌ത്തലിനും വ്യാജസ്‌തുതികൾക്കുമുള്ള ഏടുകളാണ്‌ പലപ്പോഴും ആത്‌മകഥകളെന്നും തന്റെ ആത്‌മഭാഷണവും ആ വഴിക്ക്‌ മാറിപ്പോയേക്കാമെന്നും അതിനാൽ ഈ കുറിപ്പുകൾ അനാവശ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓർമ്മക്കുറിപ്പുകൾ മുൻധാരണകളെ അട്ടിമറിക്കുന്നു. ‘ഞാൻ’ കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്‌ ലെനിൻ രാജേന്ദ്രൻ ഓർത്തെടുക്കുന്നത്‌. അത്‌ സിനിമയുടെ ചരിത്രമല്ല സിനിമ അവിടെ ഉണ്ടായിരുന്നു എന്നുമാത്രം. സംഘർഷഭരിതമായ എഴുപതുകളിൽ വിദ്യാർത്ഥിയായി ആരംഭിക്കുന്ന രാഷ്‌ട്രീയ സംഘടനാകാലം ഓർമ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോൾ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേക്കാണ്‌ എത്തിച്ചേരുന്നത്‌. തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ ലെനിൻ രാജേന്ദ്രന്റെ ഓർമ്മകൾ സഞ്ചരിക്കുന്നത്‌.

ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്‌ട്രീയവും വംശീയവും വ്യക്തിപരവുമായ ഓർമ്മകളെ പുനരാനയിക്കുന്നതിലൂടെ ജീവിതത്തിന്റെ പുറംപോക്കുകളിൽ നിന്നും ചരിത്രത്തിന്റെ അതിരുകളിൽ നിന്നും നിരവധി മനുഷ്യരൂപങ്ങൾ തിരികെ പ്രവേശിക്കുന്നു. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കിൽ ചരിത്രപരമായ ഓർമ്മകൾ, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ ഈ ഓർമ്മക്കുറിപ്പുകൾ കടന്നുപോകുന്നത്‌. ഓർമ്മകൾ ചിലപ്പോഴെങ്കിലും വ്യവസ്‌ഥാപിതചരിത്രത്തിന്‌ പകരം നിൽക്കുന്നു. ചരിത്രരചനയ്‌ക്ക്‌ വഴങ്ങാത്ത ഓർമ്മകളുടെ അടരുകളിലേക്കാണ്‌ ഈ ആത്മഭാഷണം പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ ചരിത്രഘട്ടത്തിന്റെയോ വ്യക്തിയുടെയോ ത്യാഗനിർഭരവും പീഡിതവുമായ ഓർമ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല, മറിച്ച്‌, ഓർമ്മയുടെ ഒരു മുഹൂർത്തത്തിൽ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണിവിടെ. അനുഭവതീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേക്ക്‌ വായനയെ വിളിച്ചടുപ്പിക്കുന്നു.

ഈ ആത്മഭാഷണം എഴുതുന്നതിന്‌ പ്രേരിപ്പിച്ചത്‌ മാധ്യമത്തിലെ എൻ.പി. സജീഷാണ്‌. മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ഇത്‌ ഖണ്ഡശഃപ്രസിദ്ധികരിച്ചു. ലെനിൻ രാജേന്ദ്രൻ ഒരുപാട്‌ സമയം സംഭാഷണങ്ങൾക്കായി മാറ്റിവെച്ചു. പിന്നെ എഴുത്തിന്‌ കൂട്ടായിരുന്ന സുഹൃത്തുക്കൾ - ഗായത്രി, രഞ്ഞ്‌ജിത്‌, വർഗ്ഗീസ്‌, സനീഷ്‌....... എല്ലാവർക്കും നന്ദി!

Previous Next

കെ.പി. ജയകുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.