പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

നാടോടിക്കഥ നടപ്പുകാലത്തില്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുഭാഷ് ചന്ദ്രന്‍

ലോകം നിര്‍മിച്ചിരിക്കുന്നത് തന്മാത്രകള്‍ കൊണ്ടല്ല. കഥകള്‍ കൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ' മനുഷ്യനും സത്യത്തിനുമിടയ്ക്കു ഏറ്റവും കുറഞ്ഞ അകലമാണ് കഥ' എന്ന പ്രശസ്തമായ നിര്‍വചനം കൈചൂണ്ടുന്നത് കഥകളില്ലാത്ത നിലനില്‍പ് അസാധ്യമായ മനുഷ്യന്റെ സത്യാവസ്ഥ തന്നെ. ഗൃഹവാസിയായിരുന്ന മനുഷ്യന്‍ വേട്ടയാടിയ മൃഗത്തെ ചുട്ടുതിന്നു വിശ്രമിക്കുമ്പോള്‍ അബോധമായ ഒരു പാപകര്‍മത്തിന്റെ കുമ്പസാരമെന്നോണം മൃഗങ്ങളെ വില്ലന്മാരാക്കി കഥകള്‍ മെനഞ്ഞിരിക്കാം. അതിന്റെ നായക സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചിരിക്കാം. കുറച്ചു കഴിഞ്ഞു നായകനും വില്ലനും മൃഗങ്ങള്‍തന്നെയാകുന്നു. അന്യോപദേശകഥകള്‍ വരുന്നു. അതില്‍ എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കും ബാധകമാകുന്ന ഒരു സാരോപദേശം അടക്കം ചെയ്യുന്നു. കിട്ടാത്ത മുന്തിരിപുളിക്കുമെന്നു പറഞ്ഞ കുറുക്കനും, കൂട്ടുകാരന്‍ കുരങ്ങന്റെ ഹൃദയം തന്റെ ഭാര്യയ്ക്കു സമ്മാനിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന മുതലയുമൊക്കെ സത്യത്തില്‍ മനുഷ്യന്‍ തന്നെ. അങ്ങനെ രാജാവിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രാജകുമാരന്മാരെ രാജതന്ത്രം പഠിപ്പിക്കാന്‍ പോലും മൃഗകഥകള്‍ രംഗത്തുവന്നതാണ് ' പഞ്ചതന്ത്രം' എന്ന പേരില്‍ ലോകപ്രശസ്തമായത്. എന്ന് നാം അറിയുന്നു. കഥകള്‍ കാലദേശങ്ങള്‍ക്കതീതമായി യാത്രചെയ്യുകയാണ്. എന്റെ കഥ എല്ലാവരുടെയും കഥയായി മാറ്റുന്ന അത്ഭുത വിദ്യ വശമാക്കിയ കഥാകാരന്മാരെ ഭൂമിയില്‍ വാഴുന്ന മനുഷ്യനും സ്വന്തം കൂടപ്പിറപ്പായി കരുതി സ്‌നേഹിക്കുന്നു. വായിക്കാന്‍ കിട്ടിയ കഥയോട് അല്ലെങ്കില്‍ മറ്റൊരാളില്‍ നിന്നു പറഞ്ഞുകിട്ടിയ കഥയോട് അവന്‍ സ്വന്തം ജീവിത കഥ ചേര്‍ത്തുകെട്ടി പുതിയൊരു കഥയുണ്ടാക്കുന്നു. സമാനഹൃദയനാണ് സഹൃദയന്‍ എന്ന വാചകം അര്‍ഥവത്താകുന്നത് അവിടെയാണ്. ഓരോ മനസിലും വേഷം മാറി കയറുന്ന ആയിരം വ്യത്യസ്തതകള്‍ നമുക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയില്ല. താനുനുഭവിച്ച ആ കഥാന്തരം പകര്‍ത്തിവയ്ക്കാന്‍ അനുവാചകനും സാധിക്കണമെന്നില്ല. എന്നാല്‍ കഥ വായിക്കുന്നത് മറ്റൊരു കഥാകാരനാണെങ്കിലോ..? അവിടെ കഥ മാറി. മഹാഭാരതമെന്ന മഹാകഥ വി.എസ്. ഖണ്ഡേക്കറും എം.ടി. വാസുദേവന്‍ നായരും പി.കെ. ബാലകൃഷ്ണനും വായിച്ചപ്പോള്‍ യഥാക്രമം ' യയാതി'യും 'രണ്ടാമൂഴ'വും ' ഇനി ഞാന്‍ ഉറങ്ങട്ടെ'യും പിറന്നു. മൂലകഥയെന്ന മാമരത്തിന് അവിടെ പുതുചില്ലകള്‍ വളരുന്നത് നാം കണ്ടു. സമീകരിച്ചു പറയുക വയ്യെങ്കിലും ശ്രീ. എം.കെ. ഹസ്സന്‍കോയ തന്റെ ബദല്‍ കഥകളിലൂടെ ശ്രമിക്കുന്നതും അതുതന്നെ. ഇവിടെ കഥാകൃത്തിനു മുന്നില്‍ രൂപപരിണാമശസ്ത്രക്രിയയ്ക്കു ചെന്നുനില്‍ക്കുന്നത് നമുക്ക് ചിരകാലമായി പരിചയമുള്ള ചില നാടോടിക്കഥകളാണെന്നു മാത്രം.. എന്തുകൊണ്ട് ബദല്‍ കഥ... ? നാം ജീവിച്ചുതീര്‍ക്കുന്ന സ്വന്തം ജീവിത കഥയ്ക്കു ബദല്‍ ചമയ്ക്കാന്‍ കഴിയില്ലെന്നിരിക്കേ, സുപരിചിതമായി നിലനില്‍ക്കുന്ന ചില കഥകള്‍ക്ക് ഒരു പാഠഭേദം പരീക്ഷിക്കുകയാണ് ഹസ്സന്‍ കോയ. മലയാളത്തിലെ മിക്കവാറും ബാലപ്രസിദ്ധീകരണങ്ങളിലെല്ലാം ബാലസാഹിത്യകാരനായി പയറ്റിത്തെളിഞ്ഞിട്ടുള്ള അദ്ദേഹം ഒരുപടി കൂടി മുകളിലേക്കു കയറുകയാണ്. പൊന്‍മണി തുപ്പുന്ന മയിലിന്റെ കഥ നോക്കൂ... ലോകത്തെല്ലായിടത്തും പല രൂപത്തില്‍ നിലനില്‍ക്കുന്ന ഒരു നാടോടി കഥയാണിത്. നമ്മുടെ നാട്ടില്‍ അതിന്റെ രൂപം പൊന്‍മുട്ടയിടുന്ന താറാവിന്റെ രൂപത്തിലാണ്. തങ്ങള്‍ക്ക് സൗഭാഗ്യം സമ്മാനിക്കുന്ന ഒരു സ്രോതസിനെ അമിതമായ ദുരാര്‍ത്തകൊണ്ട് ഇല്ലായ്മ ചെയ്യുന്നതാണല്ലോ ഈ കഥയുടെ ചുരുക്കം. എന്നാല്‍ ഇതിന്റെ ബദല്‍ ചമയ്ക്കുമ്പോള്‍ ഹസ്സന്‍കോയ ആ കഥയില്‍ ആധുനിക ജീവിത പരിസരങ്ങള്‍ക്കനുസരിച്ചു ചില മാറ്റങ്ങള്‍ വരുത്തുന്നു. പൊന്നു തുപ്പുന്ന മയിലിനെ കൊന്നാല്‍ അതിന്റെ വയറ്റിനകത്തെ പൊന്നിന്റെ ശേഖരം അപ്പാടെ സ്വന്തമാക്കാമെന്നാണ് പണിക്കരുടെ മോഹം. എന്നാല്‍ ബുദ്ധിമതിയായ ഭാര്യ ഒരു നിര്‍ദേശം വയ്ക്കുന്നു. മയിലിനെ വെറുതെ കൊല്ലുന്നതെന്തിനാണ്..? ആശുപത്രിയില്‍ കൊണ്ടുപോയാല്‍ വിശദമായ സ്‌കാനിങ് നടത്താം. മയിലിന്റെ ഉദരത്തിലെ പൊന്നിന്റെ ശേഖരം എവിടെയെന്നു കൃത്യമായി നിര്‍ണയിക്കാം. പിന്നെ ഒരു ഓപ്പറേഷന്‍ വഴി അത് പുറത്തെടുത്താല്‍ കഴിഞ്ഞു. മൂന്നു ദിവസം കഴിഞ്ഞാല്‍ മയിലിനു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാമല്ലോ. .. ലാഭേച്ഛയും ദുരയും നിലനില്‍ക്കേത്തന്നെ നഷ്ടമോ അബദ്ധമോ കൂടാതെ ജീവിതത്തെ കാല്‍ക്കീഴിലാക്കുന്ന മനുഷ്യര്‍ക്ക് പരാജയം സംഭവിക്കുന്ന കഥകള്‍ നമ്മുടെ സമകാലീന ജീവിതത്തിലെ വില്ലന്മാരുമായി തട്ടിച്ചുനോക്കുമ്പോള്‍ സാധുവായി തോന്നുന്നുവെങ്കില്‍ കഥാകാരന്മാര്‍ പിന്നെ എന്തുചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള പരിശ്രമമാണ് ഈ ബദല്‍ കഥകള്‍. ഇംഗ്ലീഷുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലമായ മലയാള ബാലസാഹിത്യ ലോകത്തിന് ചെറിയ അളവിലാണെങ്കിലും ഇത്തരം രചനാശ്രമങ്ങള്‍ ജീവവായു നല്‍കുന്നുണ്ട്.

ബദല്‍ കഥകള്‍

എം.കെ. ഹസ്സന്‍ കോയ

എച്ച് ആന്‍ഡ് സി

വില: 50 രൂപ

Previous Next

സുഭാഷ് ചന്ദ്രന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.