പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

മനസ്സ് മനസ്സിനോടു പറഞ്ഞത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോഹൻലാൽ

മനുഷ്യപ്രതിഭയുടെ മിന്നലാട്ടങ്ങളുടെ ആദ്യ അരങ്ങ് ബാല്യകൗമാരങ്ങളാണ്. അവിടെവച്ചാണ് വിത്തുകള്‍ പൊട്ടുന്നത്. കാലവും കാറ്റുമേറ്റ് വളര്‍ന്ന് പിന്നീട് അത് യൗവനത്തിലേക്കും ജീവിതത്തിലേക്കും വ്യാപിക്കുന്നു. എഴുത്ത് ചിത്രരചന എന്നിവയില്‍ ഈ സത്യം തെളിഞ്ഞു കാണാം. പൊക്കിള്‍വള്ളി പിരിഞ്ഞ് അമ്മയില്‍ ഇന്നും വേര്‍പിരിയുന്ന നിമിഷത്തില്‍ തന്നെ കുഞ്ഞില്‍ അക്ഷരങ്ങളും നിറങ്ങളും നിക്ഷേപിക്കപ്പെടുന്നു. എന്നില്‍ ഈ രണ്ട് കഴിവുകളും ഇല്ലായിരുന്നു. എന്നാല്‍ ഈ രണ്ട് അത്ഭുതങ്ങളെയും ഞാന്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തു. ആ മേഖലകളിലുള്ളവരെ വണങ്ങാന്‍ ശീലിച്ചു.

യൗവനകാലത്ത് പത്മരാജനുമായി ചേര്‍ന്നു നിന്ന സൗഭാഗ്യനാളുകളിലാണ് എനിക്ക് എഴുത്തിനോടും പുസ്തകങ്ങളോടും തീവ്രമായ അഭിനിവേശം ഉണ്ടായത്. പപ്പേട്ടനില്‍ നിന്നും എപ്പോഴും കാല്‍പ്പനികമായ വാക്കുകളുടെ സുഗന്ധം പ്രസരിച്ചു. അക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ തെളിയാന്‍ കാത്തു നില്‍ക്കുന്ന നക്ഷത്രങ്ങളായി തുളുമ്പി നിന്നു.

അക്കാലത്ത് ഞാന്‍ എഴുത്ത് എന്ന കലാരൂപത്തെക്കുറിച്ച് നിരന്തരം ചിന്തിച്ചു. ഒരു മനുഷഷ്യന്റെ ജീവകോശങ്ങളിലും വിചാരകോശങ്ങളിലും അനുഭൂതിമേഖലകളിലും ഉഴറി നില്‍ക്കുന്ന ഒരു കാര്യം മനസ്സിലൂടെ മഷിയില്‍ക്കലര്‍ന്ന് ഒരു വാക്കായി വിടര്‍ന്നു വരുന്ന അത്ഭുതകല എനിക്ക് അത് സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ എത്രയോ സങ്കടപ്പെട്ടിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു.

‘ പപ്പേട്ടന്‍ ഒരു കഥയെഴുതി എനിക്ക് താ ‍ ഞാന്‍ എന്റെ പേര്‍ വച്ച് പ്രസിദ്ധീകരിക്കാം. എനിക്കും എന്തെങ്കിലുമൊക്കെ എഴുതണം.

തന്റെ അഴകുറ്റ താടിയുഴിഞ്ഞുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു.

‘ അതിന്റെ ആവശ്യമില്ല അല്ലാതെ തന്നെ എഴുതാനുള്ള ഒരു ലോകം നിന്റെയുള്ളിലുണ്ട്’

പക്ഷെ ഞാന്‍ ഒന്നും എഴുതിയില്ല. എങ്കിലും എന്റെയുള്ളില്‍ ആലോചനകളുടെയും കൊച്ചു കൊച്ചു ‍ഭാവനകളുടെയും ഒരു ലോകം ഉണ്ട് എന്ന് ഞാന്‍ പതുക്കെപ്പതുക്കെ തിരിച്ചറിഞ്ഞു. ഇത്രയും നാള്‍ അവയൊക്കെ അക്ഷരങ്ങളാകാതെ കിടന്നു പലതും പറന്നുപോയി. മറ്റു ചിലത് മറന്നു പോയി. എന്നിട്ടും ചിലത് ശേഷിക്കുന്നു. അവയുടെ ഒരു തുള്ളിയാണ് ഈ പുസ്തകം.

മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി മാധ്യമപ്രവര്‍ത്തനായ ശ്രീ‍കാന്ത് കോട്ടയ്ക്കലുമായി സംസാരിച്ച് തയ്യാറാക്കി തെരെഞ്ഞെടുത്തവയാണ് ഇവ. ഇതിനു വേണ്ടി എന്നെ പ്രേരിപ്പിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിനും കമല്‍റാം സജീവിനും നന്ദി.

ഈ പുസ്തകം സാധ്യമാകുമ്പോള്‍ അതിന് ഞാന്‍ പ്രധാനമായും നന്ദി പറയുന്ന രണ്ടു പേരുണ്ട്. നിരൂപകനായ കെ. പി അപ്പനും വരകള്‍ വസന്തങ്ങളാക്കുന്ന നമ്പൂതിരിയും. അപ്പന്‍ സാറിനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒന്നും വായിച്ചിട്ടില്ല. പക്ഷെ അദ്ദേഹം എന്നെയറിഞ്ഞു എന്റെ ഉള്ളിലെ ലോകത്തെയറിഞ്ഞു. രോഗശയ്യയില്‍ കിടന്നുകൊണ്ട് ഈ പുസ്തകത്തിന് അവതാരിക കുറിച്ചു. ആ വലിയ മനസ്സിനു മുന്നില്‍ സ്നേഹത്തിനു മുന്നില്‍ ഞാന്‍ ശിരസു നമസ്ക്കരിക്കുന്നു അനുഗ്രഹിക്കുക.

നമ്പൂതിരിസാറിനെ നേരിട്ടറിയാം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. അദ്ദേഹം എന്റെ വാക്കുകകളെ വരകൊണ്ട് അനുഗ്രഹിച്ചതില്‍പ്പരം ഭാഗ്യമെന്തുണ്ട്. ഒപ്പം, ഇതിന്റെ പ്രസാധകരായ ഡി സി ബുക്സിനും നന്ദി.

ഇത് എന്റെ ആത്മകഥയോ പൂര്‍ണ്ണമായ ഓര്‍മ്മകുറിപ്പുകളൊ അല്ല. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍‍ മിന്നല്‍ വെട്ടത്തിലെന്നപോലെ കണ്ട ചില ലോകങ്ങള്‍ ഇനിയുമെത്രയോ കാര്യങ്ങള്‍ മനസിലിരിക്കുന്നു. പറയാന്‍ പറ്റുന്നവ , ഒരിക്കലും പറ്റാത്തവ... പതിരുകള്‍ കലര്‍ന്നു കിടക്കുന്നവ.

അവയെ ജീവനോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാന്‍ എന്റെ യാത്ര തുടരെട്ടെ.

സ്നേഹത്തോടെ

മോഹന്‍ലാല്‍

Previous Next

മോഹൻലാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.