പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വയാഗ്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ഉണ്ണിക്കൃഷ്‌ണൻ

കവിത

ചാവുമരങ്ങളിൽ നോവുകൾ പൂക്കുന്ന

രാവുകൾതൻ ഋതുകാലമായ്‌ പിന്നെയും.

പ്രേതരൂപങ്ങളെ സാക്ഷിയായ്‌നിർത്തി നിൻ

കാമദാഹം ഞാൻ ശമിപ്പിച്ചിടാം, നിന്റെ-

ലോഹ ശരീരമനാവൃതമാക്കുക.

കാമാതുരം രക്തയക്ഷികൾ പാർക്കുന്ന

പാലമരങ്ങളിൽ തീക്കാറ്റുണരുന്നു.

പാടിവന്നെത്തുന്നു ഗന്ധർവ്വ കിന്നരർ

കാമോത്സവങ്ങൾ തുടങ്ങാം നമുക്കിനി.

ഉദ്ധരിച്ചെത്തുന്ന ദുർദൈവശക്തികൾ

രക്തമാംസം പങ്കുവെയ്‌ക്കുന്ന സന്ധിയിൽ,

രക്തപ്രവാഹം നിലയ്‌ക്കുന്ന മർത്ത്യർ ത-

ന്നുദ്ധാരണശക്തി നഷ്‌ടപ്പെടും രാത്രി,

ഓരോ കിടപ്പറ വാതിൽ തുറക്കുന്നു

കാമവതികൾ നഗരതരുണികൾ.

തീക്കാറ്റുണരും നിണഞ്ഞരമ്പിൽ സർപ്പ-

തീഷ്‌ണവിഷവുമായ്‌ കാമോത്സവത്തിന്റെ

തീത്തെയ്യമാടിയുറഞ്ഞുവന്നെത്തുന്നു.

കാമാഗ്നിയിൽ വെന്ത ദേഹവുമായന്ത്യ-

കാമോത്സവത്തിന്നരങ്ങിൽ വന്നെത്തുക.

ദുഷ്‌ടവയാഗ്ര കഴിച്ചുണരും കാമ-

ശക്തിതരും രതിമൂർച്ഛയിലെത്തുക.

ചാവുമരം വിഷക്കാറ്റു വിതയ്‌ക്കുന്ന

രാവുകൾതൻ ഋതുവാണിതറിയുക.

ബി. ഉണ്ണിക്കൃഷ്‌ണൻ

കവിയും പത്രപ്രവർത്തകനും. 1938 ഫെബ്രുവരി 17ന്‌ കോട്ടയം ജില്ലയിൽ ഇളങ്ങുളം ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ഃ സി.കെ.ബാലകൃഷ്‌ണൻ നായർ. മാതാവ്‌ഃ കെ.തങ്കമ്മ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം നേടി. ബോംബേയിൽ എയർ ഇന്ത്യയിലാണ്‌ ഔദ്യോഗിക ജീവിതമാരംഭിച്ചത്‌. പിന്നീട്‌ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു.

സാമ്പത്തിക-വ്യാവസായിക-വാണിജ്യ-പരിസ്‌ഥിതി വിഷയങ്ങളെ അധികരിച്ച്‌ ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പരിസ്‌ഥിതി വിഷയങ്ങളെക്കുറിച്ച്‌ ആധികാരിക റിപ്പോർട്ടുകളും പത്തുപരമ്പരകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അറുപതുകളിൽ ബോംബെയിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ‘സ്‌റ്റുഡന്റ്‌സ്‌ ജേർണൽ ഓഫ്‌ ഇന്ത്യ’യുടെയും തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന ‘വീക്ഷണം’ വാരികയുടെയും പത്രാധിപരായിരുന്നു. മലയാള മനോരമ സ്‌പെഷ്യൽ കറസ്പോണ്ടന്റായിരുന്നു.

കൊടുങ്കാറ്റ്‌, മദിരയും മദിരാക്ഷിമാരും മനുഷ്യരെന്ന കുറെ മൃഗങ്ങളും, സ്‌ഫടികമന്ദിരം, ഒരു പത്രപ്രവർത്തകന്റെ കവിത, പീഡന കാലം, ഋതു സംഹാരം, രക്ഷകന്റെ വരവ്‌, നഗരത്തെയ്യം, കലിപുരുഷൻ എന്നീ കാവ്യസമാഹാരങ്ങളും, അടിമ, യാഹൂട്ടി, നഗ്‌നചിത്രം എന്നീ നോവലുകളും, നിശ്ശബ്‌ദതയുടെ ശബ്‌ദം എന്ന കാവ്യ നാടകവും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ചെറുകഥകളും പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌. ബിസിനസ്‌-വാണിജ്യ രംഗങ്ങളെക്കുറിച്ചുളള അനവധി ലേഖനങ്ങളും, റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കവിതയിൽ തന്റേതായ ശക്തമായ ശൈലിയുടെ ഉടമയാണ്‌.

ഭാര്യഃ രാധാമണി. മക്കൾഃ പ്രശാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ.

വിലാസംഃ

118 ഹൗസിംഗ്‌ ബോർഡ്‌ കോളനി,

പനമ്പിളളി നഗർ,

കൊച്ചി - 682 036.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.