പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പിണറായി കാണുന്ന സ്വപ്നങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

ആന്റണിക്ക്‌ നാണമില്ലെങ്കിലും കണ്ടു നില്‌ക്കുന്ന പിണറായിക്ക്‌ നാണമുണ്ടാവില്ലേ? മുഖ്യമന്ത്രി എന്ന നിലയിലെങ്കിലും ആന്റണിക്ക്‌ അല്പസ്വല്പം ആണത്തം വേണമെന്ന്‌ പിണറായി കരുതുന്നതിൽ തെറ്റുമില്ല.

എന്താപ്പാ അന്തോണിയെന്ന താന്തോന്നി ചെയ്തത്‌...?

“ഹീ... ഹി....ഹി...ങ്ങീ....ങ്ങീ....” പിണറായിക്ക്‌ ചിരിയാണോ കരച്ചിലാണോ വരുന്നതെന്ന്‌ പറയാൻ വയ്യ. താനൊരു കമ്മ്യൂണിസ്‌റ്റായി പോയില്ലേ. എങ്ങിനെ പറയും, പറയാതിരിക്കും?

സംഭവം അറിഞ്ഞില്ലേ കൂവേ... ശൃംഗേരി മഠാധിപതി സ്വാമി ഭാരതീ തീർത്ഥ പട്ടുവിരിച്ച സിംഹാസനത്തിൽ അങ്ങിനെ നീണ്ടുനിവർന്നങ്ങിരിക്കുമ്പം, കേരളമുഖ്യൻ ശ്രീമാൻ എ.കെ. ആന്റണി എന്ന ദേഹം സ്വാമിയുടെ കാൽചുവട്ടിൽ താഴെ ഒരു പുല്ലുപായയിൽ “എന്തെങ്കിലും തായോ” എന്ന മട്ടിൽ സ്വാമിയെ നോക്കി വെളളമൊലിപ്പിച്ച്‌ ഇരുന്നത്രെ.. (പാവം ആന്റണി, സ്വാമിയെ കണ്ടപ്പോ എ.ഡി.ബി.ക്കാരനാണെന്നു കരുതിയിട്ടുണ്ടാകും.

പിണറായിക്ക്‌ ഇതുകേട്ട്‌ പ്രാന്തുകേറിയെന്നു.... സോറി... പ്രാന്തു കൂടിയെന്നു പറഞ്ഞാൽ മതിയല്ലോ..., കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇടതുപക്ഷത്തെ സഹിക്കവയ്യാണ്ട്‌ വോട്ട്‌ ചെയ്ത്‌ കോൺഗ്രസ്സിന്‌ നൂറ്‌ സീറ്റ്‌ ഒപ്പിച്ചുകൊടുത്ത്‌ മുഖ്യമന്ത്രിയാക്കിയതാണ്‌ ആന്റണിയെ. ആ ആന്റണിയാ സ്വാമിയുടെ ‘പാദസേവ’ ചെയ്യുന്നത്‌. ഇതൊക്കെ കാണുന്നതിലും ഭേദം വല്ല സിംഗപ്പൂരും ജീവിക്കുന്നതാ..

അല്ലേലും ആന്റണിക്കിത്‌ പതിവാ... പണ്ട്‌ അമൃതാനന്ദമയീദേവിയെ കണ്ടപ്പോ... സ്വന്തം അമ്മയേക്കാൾ ഇഷ്‌ടവും ബഹുമാനവും ഈ അമ്മയോടാണെന്ന്‌ പറഞ്ഞുപോലും. അമ്പലക്കാരുടെ ഇഷ്‌ടം പിടിച്ചുപറ്റാനുളള ഒരടവാണേ... പിന്നെ ജാതീം മതോം ഒന്നൂല്ലന്ന ഒരു വെടിക്കെട്ടും.

ഈ ജാതീം മതോം ഇല്ലാത്തത്‌ കമ്മ്യൂണിസ്‌റ്റുകൾക്കാ.. ആന്റണി മാമോദീസ മുങ്ങിയവനല്ലേ... ആ പുളളിയാ സ്വാമിയുടേയും അമ്മയുടേയും മുന്നിൽ ഭാഗവതപാരായണം നടത്തുന്നത്‌. തട്ടിപ്പ്‌ പരിപാടി.

പിറ്റെ ദിവസം കൊടുത്തു പ്രസ്താവന. പത്രങ്ങൾ വെണ്ടയ്‌ക്കാ അക്ഷരങ്ങൾ നിരത്തി. “ആന്റണി സ്വാമിയുടെ താഴെയിരുന്നത്‌ ശരിയല്ല - പിണറായി.” കാര്യങ്ങളൊക്കെ കൃത്യമായി പിണറായി വിവരിച്ചിട്ടുണ്ട്‌ കേട്ടോ. മുഖ്യമന്ത്രിയുടെ സ്‌റ്റാറ്റസ്‌, കേരളജനതയുടെ അന്ധവിശ്വാസമില്ലായ്‌മ, ജനാധിപത്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പിണറായി ഇതുമായി കൂട്ടിച്ചേർത്ത്‌ പറഞ്ഞു. നല്ലത്‌..

* * * * * * * * * * * * * * * * * * * *

സമയം അർദ്ധരാത്രി.. പിണറായി നല്ല ഉറക്കത്തിൽ... സഖാവതാ സുഖകരമായ ഒരു സ്വപ്നത്തിലേയ്‌ക്ക്‌ വീഴുന്നു...താടിയും മുടിയും നീട്ടിവളർത്തിയ ഒരാൾ തന്റെ അടുത്തേയ്‌ക്ക്‌ വരുന്നു... ആരാത്‌... സിനിമാ സംവിധായകൻ അരവിന്ദനാണോ... അതോ ജോൺ എബ്രഹാമോ... അല്ല.. ഒരു സായിപ്പാണ്‌.. ദൈവമേ.. സഖാവ്‌ കാൾ മാർക്‌സ്‌.. മാർക്‌സ്‌ നടന്നുവന്ന്‌ പിണറായിയുടെ അടുത്തിരുന്നു.

“മോനേ പിണറായി..”

“സഖാവേന്ന്‌ വിളി മാർക്‌സേ”

“സഖാവ്‌ പിണറായി...”

“എന്തോ”

“നിന്റെ പ്രസ്താവന വായിച്ചു.... ആന്റണിയെക്കുറിച്ച്‌..”

“സന്തോഷം”

“സഖാവേ പിണറായി... ഇങ്ങടുത്തിരി”

“ശരി”

-അടുത്ത്‌ ചേർന്നിരുന്ന പിണറായിയുടെ ഇടതുചെവിയിൽ മാർക്‌സ്‌ തന്റെ വലതുകൈകൊണ്ട്‌ നല്ല തിരുമ്മു വച്ചുകൊടുത്തു. ഞെരിപിരികൊണ്ട പിണറായിയോട്‌ മാർക്‌സ്‌ ഇങ്ങനെ മൊഴിഞ്ഞു.

“എടാ.. കളളത്തിരുമാലീ.. നിന്റെ മൂത്ത സഖാവുണ്ടല്ലോ... ഓൻ വത്തിക്കാനീപ്പോയി മാർപ്പാപ്പയ്‌ക്ക്‌ ഭഗവത്‌ഗീത കൊടുത്തപ്പോ നിന്റെ വായിൽ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ തളളിക്കയറ്റി വച്ചിരുന്നോ...”

“എന്റമ്മോ.. പതുക്കെ നുളെളന്റെ മാർക്‌സേ.”

“എടാ പിണറായി... കേരളം മുഴുവൻ ഓടിനടക്കുന്ന അച്ചുതാനന്ദ സഖാവ്‌ അമ്പലത്തീ കേറിയപ്പോ കുപ്പായമൂരിയത്‌ നീ കണ്ടില്ലേ... അന്നേരം നിന്റെ തൊളളയിൽ മൂലധനം തിരികിവച്ചിരുന്നോ...”

“ഹെന്റെ സഖാവേ.. എന്നെയൊന്നും ചെയ്യല്ലേ..”

“ഇല്ലടെയ്‌.. ഞാൻ തെരണ്ടിവാല്‌ കൊണ്ടുവരാൻ മറന്നുപോയി... ഇല്ലേല്‌ രണ്ടു പൂശാ ഞാൻ പൂശിയേനേ..”

“ഹെന്റമ്മോ...”

* * * * * * * * * * * * * * * * * * * *

“ഹെന്താ പിണറായി ഉറക്കത്തീകെടന്ന്‌ കരയണേ?”

“ങൂം.. ഒന്നൂല്ലാ..”

“കാര്യം പറയടോ..”

“ഒരു നല്ല സ്വപ്നം കണ്ടതാ..”

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.