പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഞങ്ങൾ കവികൾ മഹാന്മാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

കഴിഞ്ഞുപോയ കാര്യമാണ്‌ സുഹൃത്തേ,

എഴുതണമെന്നും കരുതിയതല്ല. എങ്കിലും എന്തെങ്കിലുമൊന്നെഴുതിയില്ലെങ്കിൽ നമ്മളും അവരെപ്പോലാകില്ലേ...

കവയത്രി സുഗതകുമാരി വളരെ നല്ല സ്ര്തീയാണ്‌. പ്രകൃതിയെ സ്‌നേഹിക്കുന്ന നല്ലൊരമ്മച്ചി. കവിതയെഴുതാൻ തുടങ്ങിയാൽ കൃഷ്ണാ, കണ്ണാ, കാർവർണ്ണാ, ഗോപാല... എന്നീപദങ്ങൾ മാത്രം നിറയ്‌ക്കുന്ന ശുദ്ധഗതിക്കാരി. ആർക്കും ഒരു ഉപദ്രവമില്ലാതെ വീട്ടിലിരുന്ന്‌ ലളിതസഹസ്രനാമം ജപിക്കേണ്ട സമയത്താണ്‌ ഈ അമ്മച്ചിക്ക്‌ ഒരു കൈയ്യബദ്ധം പിണഞ്ഞത്‌. ഉച്ചയുറക്കത്തിനിടയിൽ ഏമ്പക്കം വിട്ടപോലെ ഒരശരീരി ഈ കവയത്രി കേട്ടു.. ഗതികേടുകൊണ്ട്‌ നാടുമുഴുവനും പറഞ്ഞുനടക്കുകയും ചെയ്‌തു.

-നമ്മുടെ മൊട്ടത്തലയൻ മുഖ്യമന്ത്രി പറയുമ്പോലെ ആർ.എസ്‌.എസ്‌. അത്ര ചീത്ത സംഘടനയൊന്നുമല്ല. ഗുജറാത്തിൽ കുറെ ആർ.എസ്‌.എസ്സുകാർ മുസ്ലീങ്ങളെ മുണ്ടകൻ കൊയ്തപോലെ വെട്ടിയിട്ടതുകൊണ്ട്‌ നമ്മുടെ നാട്ടിലെ പാവം കാവിയുടുത്ത ആർ.എസ്‌.എസ്സുകാർ എന്തുപിഴച്ചു. - അഷ്ടമിരോഹിണിദിനത്തിൽ കൊച്ചുപിളേളരെ കൃഷ്ണവേഷം കെട്ടിച്ച്‌, സോഡയും കൊടുത്ത്‌ പട്ടണപ്രദക്ഷിണം നടത്തുന്നത്‌ ഈ പാവം ആർ.എസ്‌.എസ്സു മക്കളല്ലയോ.. കൃഷ്ണാ ഗുരുവായൂരപ്പാ...

പാവം സുഗതകുമാരി. അങ്ങിനെയെ കരുതിയൊളളൂ. ഗുജറാത്തിലെ കാര്യമൊന്നും പത്രത്തിലൂടെ വേണ്ടപോലെ കവയത്രി അറിഞ്ഞതില്ല. വടക്കേയിന്ത്യയിൽ ആർ.എസ്‌.എസ്സുകാർ ദളിതരെ പട്ടിയെ തല്ലുംപോലെ തല്ലുകയും, മുരിങ്ങാക്കായ വെട്ടുംപോലെ രണ്ടായി നുറുക്കുന്നതും കവയത്രി അറിഞ്ഞില്ല... എല്ലാ കാര്യങ്ങളും മനുഷ്യർക്കറിയാൻ പറ്റുമോ.. കൃഷ്ണാ...

വൈകാതെതന്നെ നാട്ടുകാർക്ക്‌ ഹാലിളകി...

നാട്ടുകാരെന്നുപറഞ്ഞ, മുടിവെട്ടുകാരൻ ബാവയും, ബീഡിതെറുപ്പുകാരൻ കുമാരനും ഒന്നുമല്ല. സാംസ്‌കാരിക ലോകത്തെ നാട്ടുകാർ... അതിൽ ഒരു പ്രത്യേകവിഭാഗത്തിന്‌ ചൂട്‌ ഇച്ചിരി കൂടുതലായിരുന്നു. അവരെ ഇങ്ങനെ വിളിക്കും. ഇടതുപക്ഷ സഹയാത്രിക സാംസ്‌ക്കാരികനായകർ...

ഇതിലൊരാൾ... സഹയാത്രികനായി നടന്ന കവി, എം.എൽ.എ വരെ ആയ ഒരാൾ, സുഗതകുമാരി പറഞ്ഞതുകേട്ട്‌ “നെഞ്ചത്തൊരു പന്തം കുത്തി” തുളളിവന്നു. “കാടെവിടെ മക്കളെ... നാടെവിടെ മക്കളേ...” എന്നുപറഞ്ഞ്‌ കരഞ്ഞ്‌ മുടി വിടർത്തി...ഖദറു ജുബ്ബ ഉലച്ച്‌ പിന്നെ ‘കുറത്തി’യാട്ടവും നടത്തി.. നമ്മുടെ കടമ്മനിട്ട സാർ. എം.എൽ.എ. ആയവരെയൊക്കെ സാറേന്നല്ലാതെ സഖാവേന്ന്‌ വിളിക്കാൻ പറ്റുമോ..?

“സുഗതേ, കുടലേ,

കാവിപുതച്ചവളേ

കാവും കാടുമെരിക്കുന്നവളേ..

നാരായവേരു തുരക്കുന്നവളേ..

അമ്പുകുലച്ചുതകർക്കും നിന്നെ-

കണ്ണുകൾ കത്തും

കാട്ടാളൻ ഞാൻ..”

ഭാഗ്യംകൊണ്ട്‌ ഇങ്ങനെയൊരു കവിത ടിയാൻ എഴുതിയില്ല. നാളെയും മുഖത്തുനോക്കണ്ടതല്ലേ...

പണ്ട്‌ ആദിവാസികൾക്കായി കുറെ എഴുതിയതാ..

മലഞ്ചൂരൽമടയിൽനിന്നും വന്ന കുറത്തിയെ ഉപേക്ഷിച്ച്‌, നെഞ്ചെത്തൊരു പന്തം കുത്തി, ആകാശത്തച്ഛൻ ചത്തു കിടക്കുന്നതുകണ്ട, കാട്ടുകിഴങ്ങു മാന്തിപറിച്ച്‌ ജീവിച്ച കാട്ടാളനെ മറന്ന്‌.. കുപ്രസിദ്ധമായ ആദിവാസി ബില്ലിനെ ഒരു ചളിപ്പുമില്ലാതെ കൈപൊക്കി പിന്തുണയ്‌ക്കുമ്പോൾ ഒരു ചാട്ടവും കൂത്തുമുണ്ടായിരുന്നില്ലല്ലോ കവിസഖാവേ... പാവം ഇപ്പോ ആർക്കും വേണ്ടാത്ത ഒരു തളള, ഗൗരിയമ്മ മാത്രമേ നെഞ്ചുരുകി ആ ബില്ലിനെ എതിർക്കാനുണ്ടായിരുന്നൊളളൂ.

സുഗതയും കൊളളാം കടമ്മനിട്ടയും കൊളളാം... നിങ്ങൾ ഇത്രയുമെങ്കിലും ചെയ്യണം. ദയവുണ്ടായി ആദിവാസിയേയും കൃഷ്ണനേയും പറ്റിയൊക്കെ എഴുതി ഞങ്ങളെ ഇനിയും വേദനിപ്പിക്കരുത്‌... പാവത്തുങ്ങളാ സാറന്മാരെ... ചെലപ്പോ ഇനിയും നിങ്ങളെ വിശ്വസിച്ചു പോകും.....

--------

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.