പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മാറ്റം തന്നെ മാറ്റം തന്നെ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

പാർട്ടിയെന്നാൽ മാർക്സിസ്‌റ്റു പാർട്ടി പോലെയാകണം. മാറാൻ തുടങ്ങിയാൽ മാറ്റംതന്നെ, അല്ലെങ്കിലോ ഒരടി മുന്നോട്ടും പുറകോട്ടും ഇല്ല. ദേ, നോക്ക്യേ.... മാർക്‌സിസ്‌റ്റു പാർട്ടിയിലിപ്പം മാറ്റത്തിന്റെ കാലമാ...

കഴിഞ്ഞ ദിവസം ഈ ലേഖകൻ ഒരു കാഴ്‌ച കണ്ടു. മാർക്സിസ്‌റ്റു പാർട്ടിയുടെ വിപ്ലവ യുവജനപ്രസ്ഥാനമായ, ‘ഡിഫി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡിവൈ.എഫ്‌.ഐക്കാരുടെ ഒരു ജാഥ. എണ്ണത്തിൽ കുറവാണെങ്കിലും ആവേശത്തിൽ കുറവുകണ്ടില്ല. മണിച്ചനിൽനിന്നും സത്യനേശൻ വാങ്ങിയ കാശ്‌ കിട്ടിയിട്ടില്ലെങ്കിലും പാർട്ടി പാർട്ടിയായ്‌ തന്നെ വാങ്ങിയ കാശിന്റെ ഓഹരി യുവജനക്കാർക്കും കിട്ടിക്കാണും. (എന്തു ചെയ്യാനാ പാർട്ടിയെ പാർട്ടിതന്നെ പുറത്താക്കുന്നതെങ്ങിനെ. ഇ.എം.എസ്സ്‌ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്റെ ജീവിതത്തിൽ നിന്നെങ്കിലും പാർട്ടിയെ പുറത്താക്കിയേനെ എന്നു കരുതുന്നവരും കേരളത്തിന്റെ മുക്കിലും മൂലയിലും കണ്ടേക്കും. എന്തു സംഭവിക്കുമെന്ന്‌ പറയാൻ വയ്യല്ലോ അദ്ദേഹം ഇതൊന്നും കാണാൻ നിൽക്കാതെ പോയില്ലേ...)

നമുക്ക്‌ വിഷയത്തിലേയ്‌ക്കുവരാം... യുവജനക്കാരുടെ മുദ്രാവാക്യങ്ങൾ വളരെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു... “ശുഭ്രപതാകത്തണലിൽ വിരിയും വർഗ്ഗവികാരം വളരട്ടെ... കാർമാക്സും ഏംഗൽസും തുടങ്ങിവച്ചൊരു പ്രസ്ഥാനം... വയലാറിലെ വാരിക്കുന്തം.. വയനാട്ടിലെ അമ്പുംവില്ലും...” തുടങ്ങിയ സ്ഥിര പ്രാർത്ഥനകളൊന്നും ജാഥയിലുണ്ടായിരുന്നില്ല.

മറിച്ച്‌ “മലയാളികളുടെ നേതാവേ.. സഖാവ്‌ അയ്യങ്കാളി സിന്ദാബാദ്‌... മലയാളികളുടെ ഗുരുവാകും.. സഖാവ്‌ ശ്രീ നാരായണൻ സിന്ദാബാദ്‌...” ഇങ്ങനെ പോകുന്നു പുതിയ കീർത്തനങ്ങൾ..

അന്വേഷിച്ചപ്പൊഴാ കാര്യം പിടികിട്ടിയത്‌. ഈ പിളേളര്‌ മനസ്സുണ്ടായിട്ട്‌ വിളിച്ചതല്ല. വെളളാപ്പളളി പറ്റിച്ച പണി കാരണമാ... ശ്രീനാരായണഗുരുവിനെ പൂർണ്ണമായും, അയ്യങ്കാളിയെ ഭാഗികമായും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വളരെ വിജയകരമായ രീതിയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വെളളാപ്പളളിയെ തളച്ചില്ലെങ്കിൽ പാർട്ടിക്ക്‌ വോട്ടുകൊടുക്കുക എന്ന കടമ മാത്രം ചെയ്യേണ്ട ഈഴവ ദളിത്‌ വിഭാഗങ്ങൾ ഇടംവലം ചവിട്ടി, ഒരു അമേച്ച്വർ നാടകസംഘം സൃഷ്‌ടിക്കുമോ എന്ന പേടികൊണ്ടു മാത്രമാണ്‌ ഈ കടുംകൈ യുവജനക്കാർ ചെയ്തത്‌. ഇങ്ങനെ ചെയ്തില്ലെങ്കിൽ “കൊണ്ടുപോയ്‌ വളർത്തിയതും നീയേ... കൊണ്ടുപോയ്‌ കൊന്നതും നീയേ ചാപ്പാ...” എന്ന്‌ അച്ചുതാനന്ദനും പിണറായിയും മറ്റും വെളളാപ്പളളിയുടെ മുറ്റത്ത്‌ നിന്ന്‌ തുടികൊട്ടി പാടേണ്ടിവരും.

പിന്നെ യൂറോപ്പിലോ മറ്റൊ ജീവിച്ചിരുന്ന മാർക്സിനും ഏംഗൽസിനും ജയ്‌ വിളിക്കുന്നതിലും നല്ലത്‌ നാരായണഗുരുവിനും അയ്യങ്കാളിക്കും ജയ്‌ വിളിക്കുന്നതായിരിക്കും എന്ന്‌ ഡിഫിക്കാർ കരുതിക്കാണും. പോയിപ്പോയി ഇ.എം.എസ്സ്‌ എന്നുകേട്ടാ “എന്തുംട്ടും കായ” എന്ന്‌ ചോദിക്കേണ്ട അവസ്ഥവരല്ലേ എന്ന്‌ “പ്രാർത്ഥിക്കാം”.

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.