പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കാക്കേ - കാക്കേ- കൂടെവിടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

കാക്കകൾ മനുഷ്യരുമായി വളരെ സമാധാനത്തിൽ കഴിയുന്ന പക്ഷിവർഗ്ഗമാണ്‌. കോഴി, താറാവ്‌ തുടങ്ങിയവയുടെ സ്ഥാനം ഇവർക്കില്ലെങ്കിലും കാക്കകൾ മനുഷ്യജീവിതത്തിൽ പലയിടത്തും സ്ഥാനം പിടിക്കാറുണ്ട്‌. ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’, ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്ല്യാണം’ ‘കാക്ക മലർന്നു പറക്കും’ ഇത്യാദി കാക്കയെ മുൻനിർത്തിയുളള പ്രയോഗങ്ങൾ മലയാളിക്ക്‌ ഏറെ സുപരിചിതവും നല്ല പ്രയോഗക്ഷമതയുളളവയുമാണ്‌. ‘കാക്കകണ്ണ്‌’ എന്ന്‌ പല സമയങ്ങളിലും ചില നോട്ടങ്ങളെ കുറിക്കുവാനും ഉപയോഗിക്കാറുണ്ട്‌. അങ്ങിനെ കാക്ക ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരിൽ വൈവിധ്യമാർന്ന ഇടപ്പെടലുകൾ നടത്താറുണ്ട്‌. കാക്കകൾ പരേതാത്മാക്കളാണ്‌ എന്ന വാദവും ചില അന്ധവിശ്വാസികൾ അവതരിപ്പിച്ചിട്ടുണ്ട്‌.

ഈയിടെ ഈ പറഞ്ഞ പക്ഷിവർഗ്ഗം മലയാളിയുടെ സാഹിത്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്ത്‌ സാമാന്യം ഉയർന്ന തീതിയിലുള ഒരു ഭൂചലനം സൃഷ്‌ടിച്ചു.

“കാക്കേ കാക്കേ കൂടെവിടെ

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...” എന്നു തുടങ്ങുന്ന പാട്ടായിരുന്നു ഭൂകമ്പ കാരണം.

മലയാള സാഹിത്യചരിത്രത്തെ ആയുർവ്വേദ വിധിപ്രകാരം അരച്ചുകുടിച്ച, നാലഞ്ചു സാഹിത്യനിരൂപണഗ്രന്ഥങ്ങൾ എഴുതണം എന്ന്‌ കരുതുന്ന കേരള രാഷ്‌ട്രീയത്തിലെ ഭീഷ്‌മാചാര്യൻ എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഒരു നകുല-സഹദേവ സ്ഥാനത്തുനില്‌ക്കുന്ന മന്ത്രി ഹസൻ വെറുതെ ഒരു വിളംബരം നടത്തി.

“കാക്കേ കാക്കേ കൂടെവിടെ....” എന്ന പാട്ട്‌ എഴുതിയത്‌ അന്തരിച്ച കവി സി.വി കുഞ്ഞുരാമനാണെന്ന്‌. അദ്ദേഹത്തിന്റെ ഈ സാഹിത്യചരിത്ര രഹസ്യം വെളിപ്പെടുത്തി കൊടുത്തതാകട്ടെ സി.വി.യുടെ പേരാക്കിടാങ്ങളും (ദൈവമേ... കേരളത്തിലെ മുഴുവൻ പേരക്കിടാങ്ങളും ഈ പാട്ട്‌ തന്റെ അപ്പൂപ്പന്റേതെന്ന്‌ പറഞ്ഞിരുന്നെങ്കിൽ ഹസൻ മന്ത്രി ആകെയൊന്ന്‌ കറങ്ങി പോയേനെ)

അറിയാതൊന്നും പറയരുത്‌ ഈ പാട്ട്‌ സി.വി.യുടേതല്ല ഉളളൂരിന്റേതാണ്‌ ആ സമയം സമീപത്തുണ്ടായിരുന്ന ഒ.എൻ.വി. കുറുപ്പ്‌ പറഞ്ഞു. തർക്കത്തിനൊന്നും ഞാനില്ലേ എന്നുകൂടി ഒ.എൻ.വി. കൂട്ടിച്ചേർത്തു. വിവാദങ്ങൾ മാനത്തെറിഞ്ഞ കല്ലുപോലെ എന്ന്‌ ഒ.എൻ.വി.ക്ക്‌ മനസ്സിലായിട്ടുണ്ടാകും.

“കാള പെറ്റാൽ താൻ കയറെടുക്കും” എന്ന്‌ യാതൊരുവിധ അഹങ്കാരവുമില്ലാതെ തുറന്നടിക്കുന്ന സുകുമാർ അഴീക്കോടെന്ന സിംഹഗർജ്ജകന്‌ ഇത്‌ കേട്ടിട്ട്‌ ഉറക്കം വന്നില്ല. വർഷങ്ങളോളം ഉറക്കമൊഴിച്ചിരുന്ന്‌ ‘തത്ത്വമസി’ എഴുതിയ താനൊക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോഴാണോ ഹസന്റെ കാവടിയാട്ടം.

“കാക്കേ കാക്കേ കൂടെവിടെ... എന്ന പാട്ടെഴുതിയത്‌ സി.വി. കുഞ്ഞുരാമനാണെന്ന്‌ പറഞ്ഞ യെവനെയൊക്കെ തൂക്കിലേറ്റണം... ഷിറ്റ്‌..” അഴീക്കോട്‌ വക സുരേഷ്‌ഗോപി സ്‌റ്റൈലിൽ ഒരു കീറ്‌. അഴീക്കോടിന്‌ ഉളളൂരിന്റെ പേരക്കിടാങ്ങളും കൂട്ടിനുണ്ട്‌.

വാക്കുകൾകൊണ്ട്‌ പളളവാരിക്ക്‌ കുത്തുകൊണ്ട മന്ത്രി ഹസൻ പുളഞ്ഞു. വേദനകൊണ്ട്‌ ടിയാൻ ഒരു വിലാപകാവ്യവുമെഴുതി.

“മാഷേ.. മാഷേ... കൊല്ലരുതേ...”

വർഷങ്ങൾക്കുശേഷം ഈ വിലാപകാവ്യം ആരുടേതെന്ന്‌ തർക്കം ഇല്ലാതിരിക്കാൻ അതിന്റെ അടിയിൽ പേരെഴുതി ഒപ്പുമിട്ടു.

അതാവരുന്നു അടുത്ത വെടിക്കെട്ട്‌.

കെ.സി. മാമ്മൻ മാപ്പിള 1927-ൽ സർക്കാരിനുവേണ്ടി ഒരു സ്വകാര്യപ്രസ്സിൽ അച്ചടിച്ച ഒന്നാം പാഠപുസ്‌തകത്തിൽ ഈ പാട്ട്‌ ചേർത്തിട്ടുണ്ടെത്രെ. സാധാരണരീതിയിൽ ഒരു കവിത&പാട്ടിന്റെ കൂടെ എഴുതിയ ആളുടെ പേരുകൂടി വയ്‌ക്കുന്ന പതിവുണ്ട്‌. ഇതിൽ അങ്ങിനെ കാണുന്നില്ല. അതിനാൽ ഇതൊരു നാടൻപാട്ടാണെന്ന്‌ ശക്തമായ വാദം ഉയർന്നിരിക്കുന്നു. മലയാള മനോരമ പത്രത്തിൽ വന്ന പാഠപുസ്‌തകത്തിന്റെ ചിത്രവും വാർത്തയും വാദം കൂടുതൽ ശക്തമാക്കുന്നു.

ദൈവമേ... പാട്ടെഴുതിയത്‌ ഉളളൂരല്ലെങ്കിൽ അഴീക്കോട്‌ സ്വയം തൂങ്ങി മരിക്കുമോ. അതോ..? ഇതെല്ലാം കണ്ട്‌ പരേതാത്മാക്കളായ ഉളളൂരും സി.വി. കുഞ്ഞിരാമനും കാക്കയുടെ രൂപത്തിൽ മരക്കൊമ്പിൽ കാത്തിരിക്കുന്നുണ്ട്‌. തരം കിട്ടിയാൽ വിവാദക്കാരുടെ തലയ്‌ക്കൊരു കൊത്തുകൊടുക്കാൻ.

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.