പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കൺവെൻഷനെന്നാൽ.... ഇതുതാൻ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

കൺവെൻഷൻ എന്നാൽ ഇങ്ങനെയായിരിക്കണം. കെ.എസ്‌.യു കൺവെൻഷൻപോലെ. ഹാ...ഹാ... എന്തുരസം. കടന്നൽകൂട്ടിൽ കല്ലെറിയും മട്ടിൽ. അടിതടയെല്ലാം തമിഴ്‌നാട്‌ സ്‌റ്റൈലിൽ ആയിരുന്നു. തലൈവർക്കും തലൈവനായി നടിക്കും&ഇരിക്കും മനിതൻ കെ.പി.സി.സി. പ്രസിഡന്റ്‌ സിംഗം മുരളീധരനവർകൾ മൈക്കിനുമുന്നിൽ നില്‌ക്കും സമയം. മലയാളനാട്‌ കിടുംങ്ങുംമാറുച്ചത്തിൽ ഒരു ഓലിയിടൽ. എന്തെടേയ്‌ ഇത്‌ പനമ്പിളളി നഗറിലെ കുറുക്കന്മാരാണോ എന്ന്‌ അവർകൾക്കൊരു സംശയം. അല്ല ബേപ്പൂര്‌ മീൻചന്തേണോന്ന്‌ മറ്റൊരു സന്ദേഹം. ഓലിയിടൽ കരച്ചിലായി, നെഞ്ചത്തടിയായി അനന്തരം എണ്ണിപ്പെറുക്കലായി. എടേയ്‌... കൂവേ... നിങ്ങള്‌ കാര്യം ചൊല്ലിൻ... തച്ചോളി ഒതേനക്കുറുപ്പ്‌ മട്ടിൽ കച്ചമുറുക്കി മുരളീധരൻ വിരൽചൂണ്ടി ചോദിച്ചു.

“അടിയങ്ങൾ തൃശൂരിൽ നിന്നും വന്ന കെ.എസ്‌.യൂക്കാരാണേ.... വയസ്സ്‌ നാല്‌പത്‌... നാല്പത്തഞ്ചായി.. പുനഃസംഘടന നടന്നിട്ട്‌ വർഷങ്ങളേറെയായി.... ഞങ്ങളെയൊന്ന്‌ യൂത്തന്മാരാക്കണം.”

സത്യത്തിൽ കെ.പി.സി.സി. പ്രസിഡന്റിന്‌ സങ്കടം വന്നു. മൂക്കുചീറ്റി. ഏങ്ങിക്കരഞ്ഞു. തന്നെക്കാളും തലമൂത്ത കെ.എസ്‌.യുക്കാരെ കണ്ടപ്പോൾ അദ്ദേഹത്തിന്‌ അപ്പനെ ഓർമ്മവന്നു. വയസ്സൻ വിദ്യാർത്ഥികളുടെ കാലിൽവീണ്‌ അനുഗ്രഹം വാങ്ങണമെന്ന്‌ തോന്നി. എങ്കിലും പെട്ടെന്നുതന്നെ പ്രസിഡന്റ്‌ സ്വയബോധം വീണ്ടെടുത്തു. താൻ കോൺഗ്രസ്സുകാരനാണെന്നും പുനഃസംഘടന, പുനർവിന്യാസം, സ്ഥാനക്കയറ്റം തുടങ്ങിയ പരിപാടികൾ കോൺഗ്രസ്സിനും അതിന്റെ പോഷകസംഘടനകൾക്കും അത്ര പഥ്യമല്ലെന്ന്‌ കേട്ടും കണ്ടും കൊണ്ടും മനസ്സിലാക്കിയവർ പറഞ്ഞത്‌ മനസ്സിൽ തെളിഞ്ഞു. അതിനാൽ പ്രസിഡന്റ്‌ കെ.എസ്‌.യുക്കാരെ വെറുതെ പല്ലിളിച്ചു കാട്ടി. പിന്നെ ചുണ്ടുകൂർപ്പിച്ച്‌ ചുമ്മാതിരുന്നു.

സംഗതി ശരിയാവില്ലെന്നു കണ്ട തൃശൂർ കെ.എസ്‌.യുക്കാർ കലാപരിപാടികൾ തുടങ്ങി.

“അടിക്കും ഞങ്ങൾ... പൊളിക്കും ഞങ്ങൾ

അടിച്ചു പൊളിച്ച്‌ തകർക്കും ഞങ്ങൾ”

എന്നു തുടങ്ങുന്ന ഉത്തമഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. പോരെ പൂരം... തൃശൂർ പൂരം... തൃശൂർക്കാർ മാത്രം ഒറ്റയ്‌ക്ക്‌, ബാക്കിയുളള വർഗബോധമുളള കെ.എസ്‌.യുക്കാർ എച്ചിലുകണ്ട കാക്കകളെപ്പോലെ കൂടി. തൃശൂർക്കാരെ കൊത്തിപ്പറിച്ചു... പാവത്തുങ്ങൾ ഫാഷൻ ചാനലിൽ കാണുംപോലെ തുണിയില്ലാതെ ഓടി. ഓടിചെന്നത്‌ പോലീസുകാർക്ക്‌ മുന്നിൽ. അവിടുന്നും കിട്ടി നല്ല പെട... ഇവിടുന്നും കിട്ടി നല്ല പെട...

തുടർന്ന്‌ മുഴങ്ങും ശബ്‌ദത്തിൽ കെ.പി.സി.സി. പ്രസിഡന്റ്‌ വക ഒരൗൺസ്‌മെന്റ്‌.. “ഹലോ..ഹലോ.. സമ്മേളനഹാളിന്റെ തെക്കുഭാഗത്ത്‌ തല്ലുനടത്തുന്നവർ ഉടൻതന്നെ വടക്കുഭാഗത്തേയ്‌ക്ക്‌ വരേണ്ടതാണ്‌ അവിടെ ആള്‌ കുറവാണ്‌... പ്രിയപ്പെട്ട കെ.എസ്‌.യുക്കാരെ, പത്രക്കാർക്ക്‌ വേണ്ട കാര്യങ്ങളൊക്കെ അവർക്ക്‌ കിട്ടിയിട്ടുണ്ട്‌. ഇനി തല്ലുനിർത്താം....”

കൺവെൻഷൻ അവസാനിച്ചു. തല്ലുകൊണ്ട മൂന്നുനാലുപേരെ സംഘടനയിൽനിന്നും പുറത്താക്കി. തല്ലിനിടയിൽ കെ.എസ്‌.യുക്കാരുടെ കീശയിൽ നിന്നുവീണ ചില്ലറ പെറുക്കാൻ തെണ്ടിപ്പിളേളർ സമ്മേളന സ്ഥലത്തേയ്‌ക്ക്‌ പാഞ്ഞു.

* * * * *

“എന്തെടേയ്‌ ഗാന്ധി പരമൂ ഈ കാണണത്‌?”

“ഒന്നും പറയണ്ടടാ ചെല്ലകുട്ടാ... നമ്മുടെ സർക്കാര്‌ പൊഴേം വിക്കണ്‌ കടലും വിക്കണ്‌... ഒടുവില്‌ നമ്മളൊഴിക്കണ മൂത്രോം വിക്കും.... തത്‌ക്കാലം ഇടതുപക്ഷക്കാർക്കും സക്കറിയ ഒഴിച്ചുളള എഴുത്തുക്കാർക്കും പരിസ്ഥിതിവാദികൾക്കും അതിനുപുറകേ പോകാമല്ലോ... പാവം കെ.എസ്‌.യുക്കാർ എന്തുചെയ്യാൻ.. തമ്മീ തല്ലെങ്കിലും നടത്തി ജീവിക്കട്ടെ ഈ പാവം പിടിച്ച പിളേളര്‌...”

------

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.