പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

അച്ചുവേട്ടന്റെ വികൃതികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഏകലവ്യൻ

പട്ടിണികൊണ്ട്‌ ചാവാൻ കിടക്കുന്നവന്റെ മുന്നിൽ ചക്കപ്പുഴുക്ക്‌ കിട്ടിയതുപോലെയാണ്‌ പ്രതിപക്ഷൻ അച്ചുതാനന്ദന്റെ അവസ്ഥ. “അടിച്ചോ അച്ചൂ... ഗോൾ” എന്ന്‌ പറഞ്ഞ്‌ സ്വന്തം പെനാൽട്ടിപോസ്‌റ്റിൽ പന്ത്‌ വച്ച്‌ വേണ്ടപ്പെട്ട കോൺഗ്രസ്‌ നേതാക്കളെല്ലാം അച്ചുവേട്ടനെ ക്ഷണിക്കുകയാണ്‌. കരുണാകർജിയെപ്പോലെ തലമുതിർന്ന ഫോർവേഡുകൾ സ്വന്തം പോസ്‌റ്റിൽ ഗോളടിക്കാൻ വേണ്ടി എതിർടീമിന്റെ തലവനായ അച്ചുവേട്ടന്‌ നീണ്ടവാസുവരെയും കൊടുക്കുന്നുണ്ട്‌. എന്നാൽ അച്ചുവേട്ടനാകട്ടെ കൊച്ചി പട്ടണം കണ്ട പൊട്ടനെപ്പോലെ അന്തവും കുന്തവുമില്ലാതെ തെക്കുവടക്ക്‌ പായുന്നു. പലപ്പോഴും മൈതാനത്തിന്‌ പുറത്തുകിടക്കുന്ന പന്തുകൾ അടിക്കാനാണ്‌ അച്ചുവേട്ടന്‌ ആവേശം. അങ്ങിനെ ആകാശത്തേയ്‌ക്ക്‌ വെച്ചവെടിപോലെ അച്ചുവേട്ടനടിച്ച അടിയാണ്‌ വിയ്യൂർ ജയിലിലെ ബലാൽസംഗപരാതി.

തടവുപുളളിയായ മകനെ കാണാൻവന്ന നാഗാലാന്റുകാരിയെ ജയിലധികൃതർ മാനഭംഗപ്പെടുത്തിയത്രെ... ഹോട്ട്‌ ന്യൂസ്‌. കേട്ടപാതി കേൾക്കാത്തപാതി അച്ചുവേട്ടൻ വാടകയ്‌ക്ക്‌ സൈക്കിളെടുത്ത്‌ പത്രമാപ്പീസുകൾ കയറിയിറങ്ങി. അച്ചുതാനന്ദൻ 007 എന്നമട്ടിൽ കട്ടിക്കണ്ണടയും ഇറുകിയ ജുബ്ബയും ധരിച്ച്‌ ഡിക്‌ടറ്റീവായി രണ്ടുമൂന്നുദിവസം വിലസി. നാഗാലാന്റുകാരി വന്നവഴി, ജയിലിലേയ്‌ക്ക്‌ കയറിയ സമയം, ജയിൽപോലീസ്‌ കടന്നുപിടിച്ചരീതി അങ്ങിനെയങ്ങിനെ ആരോപണ വിധേയരായ ജയിൽപോലീസ്‌ വലിച്ച സിഗരറ്റിന്റെ ചാരം നോക്കി ആളെ ഐഡന്റിഫൈ ചെയ്‌ത്‌ കൃത്യവും സൂക്ഷ്‌മവും സത്യസന്ധവുമായ കേസ്‌ റിപ്പോർട്ട്‌ തന്നെ അച്ചുതാനന്ദൻ 007 തയ്യാറാക്കി.

സംഗതി പെണ്ണു കേസാണെന്നറിഞ്ഞപ്പോൾ നായനാർ സാറിന്‌ ചിരിപൊട്ടി തുടങ്ങി. കാർന്നോർക്ക്‌ ചിരി നിർത്തുവാൻ കഴിയുന്നില്ല. പെണ്ണുളളിടത്ത്‌ പെൺവാണിഭമുണ്ടാകും, അമേരിക്കയിലാണെങ്കീ ബലാത്‌സംഗം ചായകുടിക്കുന്നതുപോലെയാ.. എന്നൊക്കെ തട്ടിവിട്ട കഴിഞ്ഞ കാലത്തിന്റെ സുന്ദരമായ ഓർമ്മകളെ ഓമനിച്ചുകൊണ്ട്‌ ചിരിച്ചുചിരിച്ച്‌ അച്യുതാനന്ദന്റെ ചന്ദ്രനെപോൽ വിളങ്ങും മുഖം മനസ്സിലോർത്ത്‌ ‘കിറുക്കൻ’ എന്ന്‌ സ്‌നേഹപൂർവ്വം സംബോധനചെയ്ത്‌ ടിയാൻ ഉറങ്ങാൻപോയി. അല്ലാതെപിന്നെ എന്തുചെയ്യാൻ...

സംഭവമറിഞ്ഞപ്പോൾ കരുണാകർജിക്ക്‌ വല്ലാത്ത പ്രതിഷേധമുണ്ടായി. ജയിലധികൃതരോടല്ല, അച്ചുതാനന്ദനോട്‌. ഈ ചെക്കൻ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന്‌ കരുതി എത്രമാത്രം കുഴിബോംബുകളാ ആന്റണിക്കെതിരെ ഒരുക്കിവച്ചത്‌. അച്ചുതാനന്ദന്‌ അതിലൊന്നും താത്‌പര്യമില്ല. പാമ്പിനെയാണ്‌ പാലൂട്ടുന്നതെന്നറിയാമെങ്കിലും പുറകിൽനിന്നും മുൻപിൽനിന്നും കുത്തുന്നവരെ ഒതുക്കാൻ അച്ചുവിന്‌ നൂറുംപാലും കൊടുത്തേ മതിയാകൂ... അച്ചുവാണെങ്കിൽ ഇങ്ങോട്ടുവിളിച്ചാൽ അങ്ങോട്ട്‌ ഓടുന്ന സ്വഭാവവും.. വിവരമില്ലാത്തവൻ.. പെണ്ണുകേസെന്ന്‌ കേട്ടപ്പോൾ ചാടിവീണിരിക്കുന്നു. ഇവിടെ മന്ത്രിമാര്‌വരെ ഇത്തരം കലാപരിപാടികൾ നടത്തിയിട്ട്‌ കാറ്റുപോലും വീശുന്നില്ല പിന്നല്ലെ ജയിലില്‌..

രണ്ടുദിവസം നന്നായിട്ട്‌ അച്ചുവേട്ടൻ തന്റെ അന്വേഷണറിപ്പോർട്ട്‌ വീശിനടന്നു.. മൂന്നാംപക്കം ശവംപൊന്തിയപോലെ ചില തട്ടലും മൂളലും അവിടന്നും ഇവിടന്നും കേട്ടുതുടങ്ങി. സംഭവദിവസം പീഡനത്തിന്‌ വിധേയയായ സ്‌ത്രീ അങ്ങ്‌ നാഗാലാന്റിലായിരുന്നെത്രെ...സംഭവം നടന്നതായി പറയുന്ന ദിവസം ഞായറാഴ്‌ചയും... സന്ദർശകർ പോയിട്ട്‌ പോലീസുകാരുവരെയും അന്ന്‌ ജയിലിൽ ഹാജരാവാറില്ല.. അച്ചുവേട്ടൻ ചെറുതായൊന്ന്‌ വിറച്ച്‌.. സഹായത്തിനായി സഖാക്കളെ നോക്കി.. അവർ നിന്നസ്ഥലം ശൂന്യം. ഡിറ്റക്‌ടീവ്‌ അച്ചുവേട്ടന്റെ തലച്ചോറും ശൂന്യം...

ഒടുവിൽ കിട്ടിയ വാർത്തയനുസരിച്ച്‌ നുണപറയുന്നതിൽ കേമനായ ഒരു തടവുകാരന്റെ രസങ്ങളായിരുന്നു ഇതെന്നാണ്‌... അദ്ദേഹത്തെ സംബന്ധിച്ച്‌ നുണ ദൈവത്തോടും അച്ചുവേട്ടനോടും പറയുന്നത്‌ ഒരുപോലെ. അയാൾക്കറിയാമോ അച്ചുവേട്ടന്റെ പ്രാരാബ്‌ധങ്ങൾ. നാട്ടിലൊരുപാട്‌ പ്രശ്‌നങ്ങളുളളപ്പോഴാ ആരോ പറഞ്ഞത്‌ കേട്ട്‌ അച്ചുവേട്ടൻ 007 ആയത്‌. അച്ചുവേട്ടന്റെ ഒരോരോ തമാശകള്‌...

തുടർക്കഥ...

തങ്ങളുടെ ഗോത്രത്തിൽപ്പെട്ട സ്‌ത്രീയെ കുട്ടിച്ചാത്തവർഗ്ഗത്തിൽപ്പെട്ട അച്ചുതാനന്ദൻ എന്ന ബാധ ശല്ല്യപ്പെടുത്തുന്നതായറിഞ്ഞ്‌ ഈ സാധനത്തെ ഒഴിവാക്കാൻ മന്ത്രവാദികൾ അടക്കമുളള നാഗലാന്റ്‌ ആദിവാസിസംഘം കേരളത്തിലേയ്‌ക്ക്‌ പുറപ്പെടാൻ തയ്യാറെടുക്കുകയാണ്‌. പേയ്‌, പിശാച്‌, ചാത്തനേറ്‌, കളളിയാങ്കാട്ട്‌ നീലി എന്നീ സംഗതികളിൽ വിശ്വാസമുളള അച്ചുവേട്ടൻ, നാഗലാന്റുകാർ ഇവിടെ എത്തുംമുമ്പേ, അവിടെച്ചെന്ന്‌ ആദിവാസി മൂപ്പന്റെ കാൽക്കൽവീണ്‌ താൻ കുട്ടിച്ചാത്തനല്ലെന്നും വെറുമൊരു കുട്ടിസഖാവാണെന്നും ബോധ്യപ്പെടുത്തി, ചെയ്‌തുപോയ തെറ്റുകൾ പൊറുത്ത്‌ തന്നെ കാത്തുരക്ഷിക്കണമെന്നും അപേക്ഷിക്കുന്നതിനുവേണ്ടി നാഗാലാന്റുവരെയുളള ബസ്സുകൂലിക്ക്‌ സി.പി.എം. സംസ്ഥാനകമ്മറ്റിയിൽ അപേക്ഷ കൊടുത്തിരിക്കുകയാണ്‌....
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.