പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വൈശാഖ പൗര്‍ണമി > കൃതി

വൈശാഖപൌര്‍ണമി: 11

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനില്‍ എം എസ്

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്.

നേഴ്‌സ് വാതില്‍ തുറന്നു. സദാനന്ദിനെക്കണ്ട് അവര്‍ പുഞ്ചിരിച്ചു. എല്ലാ നേഴ്‌സുമാര്‍ക്കും സദാനന്ദ് സുപരിചിതനായിത്തീര്‍ന്നിരിയ്ക്കുന്നു.കുറച്ചേറെ ദിവസമായി ബ്രീച്ച് കാന്റിയിലെ സ്ഥിരം സന്ദര്‍ശകനായിട്ട്. മാത്രമല്ല,മുട്ടിന്മേല്‍നിന്ന് വിശാഖത്തിനോട് സദാനന്ദ് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനു സാക്ഷ്യം വഹിച്ചവരാരും അതു മറന്നു കാണില്ല.മിയ്ക്കവാറും ആദ്യമായായിരിയ്ക്കും ബ്രീച്ച് കാന്റിയിലെ ഒരു രോഗിണിയോട് ഒരാള്‍ അത്തരത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. വിവാഹാഭ്യര്‍ത്ഥന നടത്തിയതിലുമേറെ ആ അഭ്യര്‍ത്ഥന സ്വീകരിയ്ക്കപ്പെടാഞ്ഞതായിരിയ്ക്കും മിയ്ക്കവരും ഓര്‍ത്തിരിയ്ക്കുക.വിവരമറിഞ്ഞവര്‍ക്കെല്ലാം സദാനന്ദിനോട് സഹതാപം തോന്നിക്കാണണം.നേഴ്‌സുമാരുടെ ചിരിയില്‍ അതുണ്ട്. ഭാഗ്യത്തിന് സദാനന്ദിനോടുള്ള സഹതാപം വിശാഖത്തോടുള്ള ദ്വേഷ്യമായി പരിണമിച്ചതായി തോന്നിയിട്ടില്ല. വിശാഖത്തിനോട് എല്ലാ നേഴ്‌സുമാരും സ്‌നേഹത്തോടെ തന്നെയാണ് ഇന്നലെ വരേയും പെരുമാറിക്കണ്ടിട്ടുള്ളത്. അല്ലെങ്കിലും ആര്‍ക്കാണ് വിശാഖത്തോട് ദ്വേഷ്യം തോന്നുക!

വിശാഖത്തിന്റെ കുളിയും പ്രാതലും കഴിഞ്ഞിരിയ്ക്കുന്നു. ചുരുണ്ട മുടി ഈറനുണങ്ങാന്‍ പാകത്തിന് വിതര്‍ത്തിയിട്ടിരിയ്ക്കുന്നു. കിടക്കയുടെ ശിരസ്സിന്റെ ഭാഗം ഉയര്‍ത്തി വച്ച് അതില്‍ ഈറനായ മുടി മുട്ടാത്ത തരത്തില്‍ പകുതി ചാരിയിരുന്ന് ഓവര്‍ബെഡ് ടേബിളില്‍ വച്ചിരിയ്ക്കുന്ന ലാപ്‌ടോപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു, അവള്‍.സദാനന്ദ് മുറിയിലേയ്ക്കു കടക്കുന്നതുകണ്ട് ലാപ്‌ടോപ് അടച്ചുവച്ച്, ഓവര്‍ബെഡ് ടേബിള്‍ നീക്കിവച്ച് കട്ടിലില്‍ നിന്നിറങ്ങി. മുഖത്ത് ഉത്കണ്ഠ പ്രകടം. രണ്ടുപേരും സെറ്റിയിലിരുന്നു. നേഴ്‌സ് പതുക്കെ പിന്‍വാങ്ങി.

സദാനന്ദ് വിശാഖത്തെ ആലിംഗനം ചെയ്തു. അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. ഈറന്‍ മാറിയിട്ടില്ലാത്ത ചുരുണ്ട മുടിയിഴകളില്‍ വിരലോടിച്ചു. ഈ ചെറുസുഖങ്ങള്‍ തേടുന്നത് ഇപ്പോള്‍ പതിവായിത്തീര്‍ന്നിട്ടുണ്ടെന്ന് സദാനന്ദോര്‍ത്തു. അതിനൊക്കെ ഏതാണ്ടൊരു നിര്‍വ്വികാരതയോടെ വിശാഖം നിന്നു തരാറുമുണ്ട്.

'നിനക്കൊരു സാധനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.' വലതുകൈ ടീപ്പോയില്‍ വച്ചിരുന്ന ബ്രീഫ്‌കേസിലേയ്‌ക്കെത്തിച്ച്, ഒറ്റക്കൈകൊണ്ട് അതു തുറന്ന് അതില്‍ നിന്ന് ചുവന്ന റിബ്ബണ്‍ കൊണ്ട് അലങ്കാരക്കെട്ടിട്ട, നീളമുള്ളൊരു വെള്ളക്കവര്‍ പുറത്തെടുത്തു. 'എന്റെ വിശാഖത്തിന്' എന്ന് കവറിനു പുറത്ത് എഴുതിയിരുന്നു. ഇടത്തുകൈകൊണ്ട് വിശാഖത്തെ മാറത്തു നിന്ന് അടര്‍ന്നു പോകാനനുവദിയ്ക്കാതെ, വലതുകൈകൊണ്ട് കവര്‍ അവളുടെ നേരേ നീട്ടി. 'കാമാഠിപുരയുടെ താക്കോല്‍. ഇനിയിതു നിന്റേതാണ്.'

ഇവള്‍ക്കെന്തെങ്കിലും കൊടുക്കുമ്പോഴൊക്കെ ഉള്ളിലൊരു പ്രകമ്പനമുണ്ടാകുന്നതു പതിവായിത്തീര്‍ന്നിരിയ്ക്കുന്നു. അവളെന്തായിരിയ്ക്കാം ചെയ്യാന്‍ പോകുന്നത്! സ്വീകരിയ്ക്കുമോ നിരസിയ്ക്കുമോ. തള്ളുമോ കൊള്ളുമോ. വില്പത്രം കീറിക്കളഞ്ഞു. പട്ടുസാരികള്‍ വിതരണം ചെയ്തു. വജ്രം പതിച്ച മോതിരം മടക്കി...സദാനന്ദിന്റെ ചങ്കിടിച്ചു. 'റിപ്പെയറിങ്ങ് വര്‍ക്കുകള്‍ നാളെ രാവിലെ തുടങ്ങുന്നു.'

വിശാഖം കവറില്‍ ഒന്നേ നോക്കിയുള്ളു. 'സദൂന്റെ എത്ര കോടി ഞാന്‍ കളയിച്ചു?' സദാനന്ദിന്റെ മാറില്‍ മുഖം അമര്‍ത്തിയിരിയ്‌ക്കെ, വിശാഖം കുറ്റബോധത്തോടെ ചോദിച്ചു. ഇരുപത്തഞ്ചു ലക്ഷം എന്നു കണക്കുകൂട്ടിയിരുന്ന സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ചെലവു ചെയ്തിരിയ്ക്കുന്നത് അതിലും വളരെക്കൂടുതലാണെന്ന ഒരു തോന്നല്‍ എങ്ങനെയോ അവളിലുണ്ടായിരിയ്ക്കുന്നു. അവളതു മണത്തറിഞ്ഞിരിയ്ക്കുന്നു.

'ഹഹഹ!' സദു ചിരിച്ചു. 'മുംബൈയിലൊരു റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തണംന്ന്കുറേക്കാലായി ഞാന്‍ വിചാരിയ്ക്കുന്നു. അതിപ്പഴാണു സാധിച്ചത്.അതൊരു കളയലല്ല, എന്റെ തങ്കം.' സദാനന്ദ് 'എന്റെ തങ്ക'ത്തിന് ആവേശത്തോടെ ഊന്നല്‍ നല്‍കി. 'അതാണിന്‍വെസ്റ്റ്‌മെന്റ്. നീ ഇന്‍വെസ്റ്റ്‌മെന്റിന്റെ ആളല്ലേ. നീ നോക്കിക്കോ.പത്തുകൊല്ലം കഴിയുമ്പോ എന്തായിരിയ്ക്കും, ഇതിന്റെ വില!'

സദാനന്ദിന്റെ ആവേശവും വിശദീകരണവുമൊന്നും വിശാഖത്തിനു കുളിരേകിയില്ല. നേരേ മറിച്ച്, അവളുടെ ഉത്കണ്ഠ വര്‍ദ്ധിച്ചതേയുള്ളു.സദാനന്ദിന്റെ മാറില്‍ നിന്നു സ്വയം മോചിപ്പിച്ച് അകന്നിരുന്നുകൊണ്ട് അവള്‍ ശാന്തമായി വീണ്ടും ചോദിച്ചു, 'എന്റെ സദൂ, എനിയ്ക്കുവേണ്ടി സദു എത്ര കളഞ്ഞു?' കാമാഠിപുരയുടെ താക്കോല്‍ക്കവര്‍ സദാനന്ദിന്റെ കൈയ്യിലിരുന്നു വിറച്ചു.

കെട്ടിടം ഇരുപത്തഞ്ചു ലക്ഷം രൂപകൊണ്ടു വാങ്ങാനാകും എന്നായിരുന്നു, ആദ്യത്തെ കണക്കുകൂട്ടല്‍. പല പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം. അതും, കുപ്രസിദ്ധമായ കാമാഠിപുരയില്‍ ദേവദാസികളുടെ ഇടപാടുസ്ഥലമായി ഉപയോഗിയ്ക്കപ്പെടുന്നത്. നല്ല കാര്യങ്ങള്‍ക്കായി ആരും വാങ്ങാനിടയില്ലാത്ത വസ്തു. ആകെ മുതല്‍മുടക്ക് ഒന്നരക്കോടിയിലൊതുങ്ങും എന്നും കണക്കാക്കിയിരുന്നു. പക്ഷേ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. കണക്കു ചെയ്യുക സദാനന്ദിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നെങ്കിലും,കണക്കില്‍ പെടുത്തേണ്ട തുകകള്‍ എത്രയെല്ലാമെന്ന് അറിഞ്ഞിരുന്നില്ല.

ബക്കഡേ ഒരു സിവില്‍ എഞ്ചിനീയറേയും ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റിനേയും റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങളിലെ നിയമവശങ്ങള്‍ കൈകാര്യം ചെയ്തു തഴക്കമുള്ള ഒരു വക്കീലിനേയും വിളിച്ചുകൊണ്ടു വന്നു.സംഘം പല തവണ കെട്ടിടം സന്ദര്‍ശിച്ചു. ടേപ്പു പിടിച്ച് അളന്നുനോക്കിയപ്പോള്‍ ഭൂമിയാകെ ചതുരശ്ര അടിക്കണക്കിന് 4356 ചതുരശ്ര അടി ഭൂമിയുണ്ട്. കൃത്യം പത്തുസെന്റ്.കെട്ടിടത്തിന്ന് അടിയിലെ നിലയില്‍ രണ്ടായിരം ചതുരശ്ര അടിയും മുകളിലെ നിലയില്‍ ആയിരത്തി അറുനൂറു ചതുരശ്ര അടിയും വിസ്തീര്‍ണ്ണമുണ്ട്.

കെട്ടിടത്തിന് അറുപതുവര്‍ഷത്തെ പഴക്കമുണ്ടെന്ന് കെട്ടിടഉടമ അറിയിച്ചിരുന്നു. എഞ്ചിനീയറുടെ നോട്ടത്തില്‍ കെട്ടിടത്തിന് സാരമായ കുഴപ്പങ്ങളൊന്നും കണ്ടില്ല. അവിടവിടെ വിള്ളലുകളുണ്ടെങ്കിലും തകര്‍ന്നുവീഴുമെന്ന ഭയം വേണ്ടെന്ന് എഞ്ചിനീയര്‍ കണ്ടെത്തി. പഴയ നിര്‍മ്മാണമായതുകൊണ്ട് ബലമുള്ള തൂണുകളിലാണ് അതു പണിതുയര്‍ത്തിയിരിയ്ക്കുന്നത്. ഇക്കാരണംകൊണ്ട്, കെട്ടിടത്തിനുള്ളിലെ ഭിത്തികളില്‍ വെല്‍ഫെയര്‍ സെന്ററിന്റെ ആവശ്യങ്ങളനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാല്‍ത്തന്നെയും, അവ വലുതായ മാറ്റങ്ങളല്ലെങ്കില്‍, കുഴപ്പമില്ല. സാരമായ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍, ഉദാഹരണത്തിന് ഏതെങ്കിലും തൂണു മുറിച്ചുമാറ്റണമെങ്കില്‍, അത്തരം കാതലായ മാറ്റങ്ങളെ താങ്ങാനുള്ള കെല്പ് കെട്ടിടത്തിനുണ്ടോ എന്ന കാര്യം വിശദമായി പരിശോധിയ്‌ക്കേണ്ടി വരും.ഇടയ്ക്കിടെ അല്പം പണം മുടക്കാനുണ്ടെങ്കില്‍ ഇനിയും പല പതിറ്റാണ്ടുകളോളം ആപദ്ഭീതി കൂടാതെ കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിയ്ക്കാമെന്ന് എഞ്ചിനീയര്‍ ഉറപ്പു നല്‍കി.

എങ്കിലും, അറുപതുവര്‍ഷം പഴക്കമുള്ള കെട്ടിടമായതുകൊണ്ട് കെട്ടിടത്തിന് വളരെച്ചെറിയ വില മാത്രമേ കാണേണ്ടതുള്ളെന്ന് ബക്കഡേയുടെ സുഹൃത്തായ റിയല്‍ എസ്‌റ്റേറ്റ് ഏജന്റു പറഞ്ഞു. ഭൂമിയാണു പ്രധാനം. അതാണു മുംബൈയില്‍ ഇല്ലാത്തത്. കെട്ടിടം നില്‍ക്കുന്ന മേഖല റെഡ്‌ലൈറ്റ് ഏരിയ ആയതുകൊണ്ട്, മാര്‍ക്കറ്റു വിലയുടെ പകുതിയേ കൊടുക്കേണ്ടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുകാലത്ത് കാമാഠിപുരയില്‍ ബില്‍ഡര്‍മാര്‍ കാലെടുത്തു കുത്തുക പോലും ചെയ്യാറുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ചില ബില്‍ഡര്‍മാര്‍ വന്ന് അവിടവിടെ ചില പ്ലോട്ടുകള്‍ വാങ്ങുകയും ഫ്‌ലാറ്റുസമുച്ചയങ്ങള്‍ നിര്‍മ്മിയ്ക്കുകയും ചെയ്തിരുന്നു. കാമാഠിപുരയുടെ കുപ്രസിദ്ധി മൂലം അവയില്‍ പലതിലും ഫ്‌ലാറ്റുകള്‍ വിറ്റുപോകാന്‍ നീണ്ട സമയമെടുത്തിരുന്നു.കാലതാമസം മൂലം, പല ബില്‍ഡര്‍മാര്‍ക്കും പല ഫ്‌ലാറ്റുകളും വളരെക്കുറഞ്ഞ വിലയ്ക്ക്, പലപ്പോഴും നഷ്ടത്തില്‍, വില്‍ക്കേണ്ടതായും വന്നിരുന്നു. ബില്‍ഡര്‍മാര്‍ വീണ്ടും കാമാഠിപുരയിലേയ്ക്കു വരുന്നു എന്ന് ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെങ്കിലും, ഉയര്‍ന്ന വിലയ്ക്ക് തങ്ങളുടെ സ്ഥലം വില്‍ക്കാമെന്ന മിയ്ക്ക സ്ഥലഉടമകളുടേയും മോഹം പ്രായേണ പൂവണിയാതെ കിടക്കുന്നു.

ഇന്ത്യയില്‍ നടന്നിട്ടുള്ള ഭൂമികച്ചവടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നടന്നിരിയ്ക്കുന്ന കച്ചവടം മുംബൈയിലാണെന്ന് ബക്കഡേയുടെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റു സുഹൃത്ത് അറിയിച്ചു. ഒരു ചതുരശ്ര അടിയ്ക്ക് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ! പക്ഷേ ഭയപ്പെടാനില്ല.പതിനായിരത്തില്‍ താഴെയുള്ള നിരക്കുകള്‍ക്കും കച്ചവടം നടക്കാറുണ്ട്. കാമാഠിപുരയിലെ കെട്ടിടത്തിന് അയ്യായിരം രൂപയുടെ നിരക്കില്‍ നമുക്ക് ഉറച്ചു നില്‍ക്കാം. ഭൂവുടമ ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ ഒക്കെ ആവശ്യപ്പെടുമായിരിയ്ക്കും. പക്ഷേ, നാം അയ്യായിരത്തിലും ഉയര്‍ന്ന റേറ്റുകള്‍ക്കു സമ്മതിയ്ക്കരുത് എന്നായിരുന്നു, ബക്കഡേയുടെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റു സുഹൃത്തിന്റെ ഉപദേശം.

ഡോമ്പിവഌയില്‍ താമസിയ്ക്കുന്ന ഒരു വിത്തല്‍ ലണ്ട്‌ഗേ ആയിരുന്നു ഭൂവുടമ. എഴുപതുകളിലെത്തിയിരിയ്ക്കുന്ന ഒരു വയോവൃദ്ധന്‍. വാര്‍ദ്ധക്യത്തേക്കാളുപരിയായി, അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ക്ക് ക്ഷയം സംഭവിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് വീല്‍ച്ചെയറിലായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം. വിഭാര്യനായ അദ്ദേഹത്തിന്റെ മകളുടെ വിവാഹശേഷം ഏതാണ്ട് ഏകാന്തജീവിതമാണ് അദ്ദേഹം നയിച്ചുപോന്നിരുന്നത്. മിയ്ക്കപ്പോഴും ഒരു പരിചാരകന്‍ അദ്ദേഹത്തെ സഹായിച്ചു പോന്നു.

ബക്കഡേയും സദാനന്ദും വക്കീലും ഡോമ്പിവഌയില്‍ വിത്തല്‍ജിയെ ചെന്നുകണ്ട് കാര്യം ബോധിപ്പിച്ചു. വിശാഖം ഒരു ദേവദാസിയായിരുന്നെന്നും, വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ തുടങ്ങണമെന്ന വിശാഖത്തിന്റെ ആഗ്രഹനിവൃത്തിയ്ക്കു വേണ്ടിയാണ് കെട്ടിടം വാങ്ങാനുദ്ദേശിയ്ക്കുന്നതെന്നും അവര്‍ വിത്തല്‍ജിയെ അറിയിച്ചു.

തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന നിലപാടായിരുന്നു വിത്തല്‍ജിയുടേത്. വിത്തല്‍ജിയുടെ പിതാവ് ചന്ദ്രശേഖര്‍ ലണ്ട്‌ഗേ വാങ്ങിയതാണ് ആ വസ്തു. അറുപതു വര്‍ഷം മുന്‍പ് അദ്ദേഹം ഇപ്പോഴുള്ള കെട്ടിടം പണിതു.നിര്‍മ്മാണം കഴിഞ്ഞ് അധികനാള്‍ കഴിയും മുന്‍പെ, കെട്ടിടം ഒന്നാകെ വാടകയ്ക്കു കൊടുത്തു. പാട്ടത്തിനു കൊടുത്തു എന്നു വേണം പറയാന്‍. മുപ്പതു വര്‍ഷത്തേയ്ക്കായിരുന്നു, പാട്ടം. അതിന്നിടയില്‍ പിതാവു ചരമമടഞ്ഞു.പാട്ടത്തിന്റെ കാലാവധി തീര്‍ന്ന ശേഷം കെട്ടിടം വാടകയ്ക്കു കൊടുക്കാന്‍ തുടങ്ങി.കെട്ടിടത്തിനകത്തെ രൂപകല്‍പനയിലെ ചില ന്യൂനതകള്‍ മൂലം കെട്ടിടം വിവിധഭാഗങ്ങളായിത്തിരിച്ച്, ഒന്നിലേറെ വാടകക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുകയെന്നത് അസാദ്ധ്യമായിരുന്നു. കെട്ടിടം ഒന്നാകെയായി ഒരു സ്ഥാപനത്തിനുതന്നെ വാടകയ്ക്കു കൊടുക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ മുന്‍പ് ആ സ്ഥാപനം തകര്‍ന്നു. തുടര്‍ന്ന് പലപ്പോഴായി വ്യക്തികള്‍ വാടകയ്‌ക്കെടുത്തു. ഇപ്പോഴത്തെ വാടകക്കാരന്‍ കെട്ടിടം അസാന്മാര്‍ഗ്ഗിക ഇടപാടുകള്‍ക്കായി ഉപയോഗിയ്ക്കുന്നെന്ന് അറിഞ്ഞിരുന്നു. പക്ഷേ,മറ്റൊരു വാടകക്കാരന്‍ വന്നെങ്കില്‍ മാത്രമേ പഴയ വാടകക്കാരന്റെ നിക്ഷേപം തിരികെക്കൊടുക്കാനാകൂ. കുപ്രസിദ്ധമായ മേഖലയായി മാറിയതിനാല്‍ പുതിയ വാടകക്കാരാരുമൊട്ട് എത്തുന്നുമില്ല. ഏതാനും വര്‍ഷം മുന്‍പ് ചില ബില്‍ഡര്‍മാര്‍ വന്നുമുട്ടിയിരുന്നു. കഴിയുന്നത്ര കൂടുതല്‍ ഭൂമി കഴിയുന്നത്ര കുറഞ്ഞ വിലയ്ക്കു വാങ്ങാനാണ് മിയ്ക്ക ബില്‍ഡര്‍മാരുടേയും ശ്രമം. വിലകൊണ്ട് അടുത്തില്ല.അങ്ങനെയിരിയ്‌ക്കെ ആദ്യമായാണ് ഒരാള്‍ വാങ്ങാനായി സമീപിയ്ക്കുന്നത്. ചതുരശ്ര അടിയ്ക്ക് അയ്യായിരം രൂപയുടെ ഓഫര്‍ ഇതിനുമുന്‍പ് ഒരിയ്ക്കലും കിട്ടിയിട്ടില്ല. വിത്തല്‍ജി തുറന്നു പറഞ്ഞു.

ബക്കഡേയാണ് സംഭാഷണം നടത്തിയത്.നമ്മുടെ നിലപാട് മുഴുവനും, ഒന്നും മറച്ചുവയ്ക്കാതെ, വിത്തല്‍ജിയ്ക്ക് വിശദീകരിച്ചുകൊടുക്കണമെന്നും, അക്കാരണത്താല്‍ വില ഒരല്പം കൂടുന്നെങ്കില്‍ കൂടിക്കോട്ടെ എന്നും സദാനന്ദ് ബക്കഡേയോടു പറഞ്ഞിരുന്നു. ചതുരശ്ര അടിയ്ക്ക് അയ്യായിരം രൂപ നിരക്കില്‍ രണ്ടു കോടി പതിനെട്ടു ലക്ഷം രൂപ. കെട്ടിടത്തിന് ഏഴു ലക്ഷം രൂപ. ആകെ രണ്ടേകാല്‍ക്കോടി രൂപ. ഈ വില കണക്കാക്കിയെടുക്കാനുപയോഗിച്ച മാനദണ്ഡങ്ങള്‍ ബക്കഡേ വിത്തല്‍ജിയ്ക്ക് വിശദീകരിച്ചുകൊടുത്തു. സമ്മതമെങ്കില്‍ നാളെത്തന്നെ മുഴുവന്‍ തുകയും തരാമെന്നും, അപ്പോള്‍ത്തന്നെ തീറാധാരം രജിസ്റ്റര്‍ ചെയ്യണമെന്നും കൂടി ബക്കഡേ പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ടേകാല്‍ക്കോടി രൂപ കൈയ്യിലേയ്ക്കു കിട്ടുമെന്നറിഞ്ഞ് നിമിഷനേരത്തേയ്ക്ക് വിത്തല്‍ജിയുടെ ശ്വാസം പോലും നിലച്ചുപോയി! അദ്ദേഹം തന്റെ മകളെ വിവരമറിയിച്ചു. മകളും മകളുടെ ഭര്‍ത്താവുമായി ഒന്നാലോചിയ്ക്കാന്‍ ഇരുപത്തിനാലു മണിക്കൂര്‍ സമയം തരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്നു രാത്രി തന്നെ വിത്തല്‍ജി ബക്കഡേയെ വിളിച്ച് സമ്മതമറിയിച്ചു. ഉടന്‍ തന്നെ ബക്കഡേയും വക്കീലും വിത്തല്‍ജിയെ സന്ദര്‍ശിച്ച് ഉടമാവകാശം തെളിയിയ്ക്കുന്ന ആധാരങ്ങള്‍,കരമടച്ച രസീതുകള്‍, ചന്ദ്രശേഖര്‍ജിയുടെ ഏക മകനും ഏക അവകാശിയുമാണ് വിത്തല്‍ജി എന്ന സര്‍ട്ടിഫിക്കറ്റ്, എന്നിങ്ങനെ കുറേയേറെ രേഖകള്‍ വാങ്ങി അവിടെ വച്ചുതന്നെ പരിശോധിച്ചു. വസ്തുവില്‍ ബാദ്ധ്യതകളെന്തെങ്കിലുമുണ്ടോ എന്നറിയാനായി രജിസ്ട്രാപ്പീസില്‍ പോയി അനൌപചാരികമായി രേഖകള്‍ പരിശോധിപ്പിച്ചു.വസ്തു വിത്തല്‍ജിയുടേതു തന്നെയാണ് അതില്‍ ബാദ്ധ്യതകളൊന്നുമില്ല എന്നു വക്കീല്‍ സ്വയം ബോദ്ധ്യപ്പെടുത്തി.

അതിന്നടുത്ത ദിവസം വിത്തല്‍ജി രണ്ടേകാല്‍ കോടി രൂപയുടെ ചെക്ക് സദാനന്ദില്‍ നിന്നു കൈപ്പറ്റി, തീറാധാരം രജിസ്റ്റര്‍ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ, മറ്റു ചിലവുകള്‍...എല്ലാം കൂടി രണ്ടരക്കോടി രൂപ. ആദ്യം കണക്കാക്കിയിരുന്നതിന്റെ പത്തിരട്ടി! ഇതെങ്ങനെ വിശാഖത്തോടു പറയും എന്നൊരു ശങ്ക സദാനന്ദിന്റെ മനസ്സിലുണ്ടായിരുന്നു.

കാമാഠിപുരയിലെ കെട്ടിടം വാങ്ങുന്നത് വിശാഖത്തിന്റെ പേരിലായിരിയ്ക്കണം എന്നായിരുന്നു സദാനന്ദ് ആശിച്ചിരുന്നതെങ്കിലും, വിശാഖത്തിന് പാന്‍ കാര്‍ഡും മറ്റു രേഖകളുമില്ലാഞ്ഞതുകൊണ്ട് സദാനന്ദിന്റെ പേരില്‍ത്തന്നെ വാങ്ങേണ്ടി വന്നു.വിശാഖത്തിന് പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ബാങ്ക് അക്കൌണ്ട്, പാസ്സ്‌പോര്‍ട്ട്... കുറേയേറെ കാര്യങ്ങള്‍ വിശാഖത്തിന്നായി ഒരുക്കാനുണ്ട്. അതൊക്കെ കഴിയും വേഗം തയ്യാറാക്കുകയും വേണം,സദാനന്ദ് ഓര്‍ത്തു. ഇതെല്ലാം തയ്യാറാക്കാനായി വിശാഖത്തിന് ആദ്യം തന്നെ വേണ്ടത് ഒരു മേല്‍വിലാസമാണ്.

രജിസ്‌ട്രേഷന്‍ കഴിഞ്ഞ് വിത്തല്‍ജിയേയും അദ്ദേഹത്തിന്റെ മകളേയും കൊണ്ട് ബക്കഡേയും വക്കീലും സദാനന്ദും കൂടി കാമാഠിപുരയിലെ കെട്ടിടത്തിലേയ്ക്കു പോയി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജു ചെയ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ട് വിശാഖത്തെ മുന്നില്‍ നിര്‍ത്തണമെന്ന സദാനന്ദിന്റെ ആഗ്രഹം നിറവേറിയില്ല.കെട്ടിടം വാടകയ്‌ക്കെടുത്തിരുന്ന കക്ഷിയും വിത്തല്‍ജിയുടെ നിര്‍ദ്ദേശമനുസരിച്ച് അവിടെയെത്തിയിരുന്നു.വിത്തല്‍ജി കാറിലിരുന്നുകൊണ്ട് നിക്ഷേപത്തുകയ്ക്കുള്ള ചെക്ക് വാടകക്കാരനു കൈമാറി.വാടകക്കാരന്‍ കെട്ടിടത്തിന്റെ താക്കോല്‍ വിത്തല്‍ജിയ്ക്കു കൈമാറി. വിത്തല്‍ജി കാറില്‍ നിന്നു പ്രയാസപ്പെട്ടിറങ്ങി കാറില്‍ ചാരിനിന്നുകൊണ്ട് താക്കോല്‍ സദാനന്ദിനു നല്‍കി. വാടകക്കാരന്‍ രത്‌നാബായിയെ വിളിച്ച് പുതിയ ഭൂവുടമയെ പരിചയപ്പെടുത്തി: സദാനന്ദിനെ!

സദാനന്ദിന്റെ നിര്‍ദ്ദേശാനുസരണം,വാടകക്കാരനും രത്‌നാബായിയും കൂടി ആ കെട്ടിടത്തിലുണ്ടായിരുന്ന അന്തേവാസിനികളെയെല്ലാവരേയും താഴത്തെ നിലയിലെ ഏറ്റവും വലിയ മുറിയിലേയ്ക്കു വിളിച്ചു വരുത്തി. അവര്‍ ആറു പേരുണ്ടായിരുന്നു. ബക്കഡേ കാര്യങ്ങള്‍ വിശദീകരിച്ചു. കെട്ടിടം വാങ്ങിയിരിയ്ക്കുന്നത് സദാനന്ദാണെങ്കിലും,വിശാഖത്തിനുവേണ്ടിയാണ് സദാനന്ദ് അതു വാങ്ങിയിരിയ്ക്കുന്നത്. വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ തുടങ്ങാന്‍ വേണ്ടിയാണ് കെട്ടിടം ഉപയോഗിയ്ക്കുക. നൂറു ദേവദാസികളെ ദേവദാസിപ്പണിയില്‍ നിന്നു മോചിപ്പിച്ച്,അവര്‍ക്ക് തൊഴില്‍ ചെയ്തു ജീവിയ്ക്കാനുള്ള സാഹചര്യം ഒരുക്കാനാണ് വിശാഖം തീരുമാനിച്ചിരിയ്ക്കുന്നത്. ഈ കെട്ടിടത്തില്‍ ഇഡ്ഡലി, ചപ്പാത്തി,ചുരിദാര്‍, ചെരിപ്പുകള്‍ എന്നിങ്ങനെ നിരവധി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിയ്ക്കാനുള്ള യന്ത്രങ്ങള്‍ സ്ഥാപിയ്ക്കുകയും അതിനാവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. ഇന്നുമുതല്‍ നിങ്ങള്‍ വിമന്‍സ് വെല്‍ഫെയര്‍ സെന്ററിന്റെ ഭാഗമാണ്. ആര്‍ക്കൊക്കെ ഇവിടെ തൊഴില്‍ ചെയ്തു ജീവിയ്ക്കാന്‍ താല്പര്യമുണ്ട്, ബക്കഡേ ചോദിച്ചു.

എല്ലാ വനിതകളും ആവേശത്തോടെ കൈയ്യുയര്‍ത്തി. നിങ്ങളുടെ ദേവദാസിപ്പണി ഇതോടെ ഖതം! ദേവദാസിപ്പണി ചെയ്‌തേ തീരൂ എന്ന് ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം പുറത്തു പോകാം.ജോലി ചെയ്തു ജീവിയ്ക്കുമോ അതോ ദേവദാസിപ്പണി തുടരുമോ, ബക്കഡേ ചോദിച്ചു. കാം കരേംഗേ എന്ന് അവരെല്ലാവരും സന്തോഷത്തോടെ ഒറ്റ സ്വരത്തില്‍ പറഞ്ഞു. വരുന്ന വഴി വിത്തല്‍ജിയുടെ മകള്‍ വന്ദന കാറു നിര്‍ത്തിച്ച് മധുരപലഹാരങ്ങള്‍ വാങ്ങിച്ചിരുന്നു. അതവര്‍ വിതരണം ചെയ്തു.

എന്നാണ് ബിസ വിശാഖം വരുന്നതെന്ന് രത്‌നാബായി ആകാംക്ഷയോടെ ചോദിച്ചു. അധികം താമസിയാതെ ആശുപത്രിയില്‍ നിന്നു പോരാറാകുമെന്നും അവിടുന്നു പോന്നുകഴിഞ്ഞാലുടനെ വിശാഖം വരുമെന്നും സദാനന്ദ് അറിയിച്ചു.

'സദൂ...' വിശാഖത്തിന്റെ വിളി സദാനന്ദിനെ ചിന്തയില്‍ നിന്നുണര്‍ത്തി. 'എത്രയായീന്ന് എന്നോടു പറയില്ലേ, സദൂ?'

അവളുടെ വിഷാദകലുഷിതമായ മുഖം കണ്ടിട്ട് സത്യം പറയാതിരിയ്ക്കാന്‍ സദാനന്ദിനു തോന്നിയില്ല. 'രണ്ടരക്കോടി.'

'സദൂ, നമ്മള്‍ ഇരുപത്തഞ്ചു ലക്ഷംന്നല്ലേ കണക്കാക്കിയിരുന്നത്. പിന്നൊരിരുപത്തഞ്ചുകൊണ്ട് റിപ്പെയറിങ്ങ്‌സു നടത്താം, പിന്നെയൊരു കോടി പദ്ധതിയ്ക്കു വേണ്ടി ചെലവു ചെയ്യാം എന്നൊക്കെയായിരുന്നു, നമ്മുടെ കണക്ക്. ഇരുപത്തഞ്ചു ലക്ഷം എങ്ങനെ രണ്ടരക്കോടിയായി? കണക്കുകൂട്ടിയതിന്റെ പത്തിരട്ടി? ഇങ്ങനെപോയാല്‍, ഞാന്‍ സദൂനെ പാപ്പരാക്കും...' അവള്‍ തലയ്ക്കു കൈകൊടുത്തിരുന്നു.

സദാനന്ദിനു ചിരി വന്നു.ഇരുപത്തഞ്ചുലക്ഷം ചെലവു പ്രതീക്ഷിച്ചിടത്ത് രണ്ടരക്കോടി ചെലവാക്കേണ്ടിവരും എന്നറിഞ്ഞപ്പോള്‍ പിന്തിരിഞ്ഞു പോന്നില്ല. പകരം, രണ്ടരക്കോടി ചെലവാക്കുക തന്നെ ചെയ്തു. കാമാക്ഷിപുരയിലെ കെട്ടിടം വാങ്ങി അതിനെ വസന്തമാളികയായി സമ്മാനിച്ച് അവളെ സന്തോഷിപ്പിയ്ക്കാമെന്നു കരുതിയതു വെറുതെയായി.പണം കൂടുതല്‍ ചെലവായിപ്പോയി എന്നായി അവളുടെ സങ്കടം. പണം കൂടുതല്‍ ചെലവുചെയ്ത് അവളെ സന്തോഷിപ്പിയ്ക്കാമെന്ന വ്യാമോഹം വെറുതേ. ഓരോ രൂപയും ചെലവു ചെയ്യുന്നതു ഇനി സൂക്ഷിച്ചു വേണം. അല്ലെങ്കിലിവള്‍ ഇതുപോലെ തലയ്ക്കു കൈയ്യും കൊടുത്തിരിയ്ക്കും!

'വിശാഖം. മുംബൈയിലെ വസ്തുവിലകളെപ്പറ്റി യാതൊന്നുമറിയാതെയാണ് നമ്മള്‍ കാമാഠിപുരയ്ക്ക് ഇരുപത്തഞ്ചുലക്ഷം വില നിശ്ചയിച്ചത്. മുംബൈയിലെ മിയ്ക്ക ഏരിയകളിലും ഭൂമിയ്ക്ക് റേയ്റ്റുകള്‍ നിലവിലുണ്ട്. കാമാഠിപുരയില്‍ നിലവിലുള്ള റേയ്റ്റ് പതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെയാണ്. ആ റേയ്റ്റുകള്‍ കണക്കിലെടുക്കുമ്പോള്‍ നമുക്ക് അയ്യായിരം രൂപ നിരക്കിനു കിട്ടിയിരിയ്ക്കുന്നത് ഒട്ടും കൂടുതലല്ല,വിശാഖം.' സദാനന്ദിന്റെ വിശദീകരണം കേട്ടിട്ടും വിശാഖത്തിന്റെ മുഖം തെളിഞ്ഞില്ല. 'നിനക്കറിയില്ല, വിശാഖം.ലോകത്തിലെ ഏറ്റവും വിലക്കൂടിയ അഞ്ചു നഗരങ്ങളിലൊന്നാണ് മുംബൈ. ഒരു ചതുരശ്ര അടിയ്ക്ക് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ നിരക്കില്‍ വില്പന നടന്ന് ലോകറെക്കോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നതും മുംബൈയിലാണ്.'

'എന്നെയോര്‍ത്താണു സദു ഈ ചെലവൊക്കെ ചെയ്യുന്നത്. എന്റെ കടങ്ങളാണിതെല്ലാം. അല്ലെങ്കില്‍ത്തന്നെ ഈ ജന്മത്തില്‍ വീട്ടാന്‍ പറ്റാത്ത കടങ്ങളായിക്കഴിഞ്ഞു. ഒരു കിനാവള്ളി ആകാതിരിയ്ക്കാനാണ് എന്റെ ശ്രമം. എനിയ്ക്കീകടങ്ങളൊക്കെ അടുത്ത ജന്മത്തിലെങ്കിലും വീട്ടണം.' അവളല്പനേരം ആലോച്ചിരുന്ന ശേഷം അവള്‍ അവളുടെ സെല്‍ഫോണെടുത്തു. 'സദൂ, വിത്തല്‍ജിയുടെ നമ്പറൊന്നു തരിന്‍.' സെല്‍ഫോണ്‍ അവള്‍ക്കു വാങ്ങിക്കൊടുത്തത് മൂന്നുദിവസം മുന്‍പായിരുന്നു.അവള്‍ സെല്‍ഫോണില്‍ സംസാരിയ്ക്കുന്നതു കാണാന്‍ രസമുണ്ട്. സ്വകാര്യം പറയും പോലെയാണ് അവള്‍ ഫോണില്‍ സംസാരിയ്ക്കുക.

ഇവളെന്തിനായിരിയ്ക്കും ഭാവിയ്ക്കുന്നത്! വില മുഴുവനും ആധാരത്തില്‍ കാണിച്ചിട്ടുണ്ട്. ആധാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു, ആ തുകയ്ക്കുള്ള ചെക്ക് വിത്തല്‍ജിയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ആ ചെക്കിന്റെ തുക ഇന്നിപ്പോഴേയ്ക്കും വിത്തല്‍ജിയുടെ അക്കൌണ്ടിലേയ്ക്കു പോയിട്ടുമുണ്ടാകും. തുകയില്‍ ഒരു കുറവും വരുത്താന്‍ പറ്റില്ല. ആധാരമനുസരിച്ചുള്ള മ്യൂട്ടേഷനും മറ്റും, അതായത് പോക്കുവരത്തും മറ്റും ചെയ്‌തെടുക്കാനുള്ള ചുമതല വക്കീല്‍ ഏറ്റിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അതുമൊക്കെ ശരിയാകും. അതിലൊന്നും ഇനി ഒരു മാറ്റവും സാദ്ധ്യമല്ല. ഇതിനെല്ലാമുപരിയായി, കെട്ടിടം നമ്മുടെ കൈയ്യിലുമായിക്കഴിഞ്ഞു.

വിത്തല്‍ജിയുടെ മകളാണ് ഫോണെടുത്തത്. തുടര്‍ന്ന് വിത്തല്‍ജി രംഗത്തു വന്നു. വിശാഖം മറാഠിയില്‍ സംസാരിച്ചു. സദാനന്ദ് നേരിയ ഒരുള്‍ക്കിടിലത്തോടെ നോക്കിയിരുന്നു. മറാഠിയ്ക്ക് ഹിന്ദിയുമായുള്ള സാദൃശ്യം കൊണ്ട് അവള്‍ പറഞ്ഞതില്‍ ചിലതൊക്കെ സദാനന്ദ് മനസ്സിലാക്കിയെടുത്തു.

'ഇരുപതിനായിരം വേശ്യകളാണ് കാമാഠിപുരയിലും പരിസരങ്ങളിലുമായുള്ളത്. അവരില്‍ പകുതിയും അങ്ങയുടെ മകളുടേയും എന്റേയും പ്രായത്തിലുള്ളവരാണ്. അവര്‍ക്കൊരു ജോലികൊടുത്താല്‍, അവര്‍ ദേവദാസിപ്പണി ചെയ്യേണ്ടിവരില്ല. ഈ ഇരുപതിനായിരത്തില്‍ നൂറുപേരെയെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാധിച്ചാല്‍ കൂടുതല്‍ പേരെ സഹായിയ്ക്കും. എന്നാല്‍ പണം ഒരു പ്രശ്‌നമാണ്. ഒന്നരക്കോടിയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിച്ചിരുന്നത്.അതിപ്പോള്‍ത്തന്നെ കവിഞ്ഞിരിയ്ക്കുന്നു. കെട്ടിടം വാങ്ങിയപ്പോള്‍ത്തന്നെ രണ്ടരക്കോടിയായി. ഇനി ഒന്നേകാല്‍ക്കോടി കൂടി മുടക്കാനുണ്ട്.' വിശാഖത്തിന്റെ ശബ്ദം കനത്തു. 'മുംബൈയിലെ പുരുഷന്മാരാണ് തങ്ങളുടെ സുഖത്തിനായി ഇരുപതിനായിരം സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന്നൊരു പ്രായശ്ചിത്തം ചെയ്യാനുള്ള കടമ മുംബൈയിലെ പുരുഷന്മാര്‍ക്കുണ്ട്. പുരുഷന്മാരെ പൊതുവില്‍ പ്രതിനിധീകരിച്ചുകൊണ്ട് സദു രണ്ടരക്കോടിയുടെ പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു. ഇനി മുംബൈയിലെ പുരുഷന്മാരെ പ്രതിനിധീകരിച്ചുകൊണ്ട് പ്രായശ്ചിത്തമെന്തെങ്കിലും ചെയ്യണമെന്ന് അങ്ങേയ്ക്കു തോന്നുന്നുണ്ടെങ്കില്‍ അതു ചെയ്യാനുള്ള അവസരം ഇപ്പോഴാണ്. വന്ദനയുമായി ആലോചിച്ച് ചെയ്യാന്‍ പറ്റുന്നതു ചെയ്യുക.'

സദാനന്ദ് പുതിയൊരാരാധനയോടെ വിശാഖത്തെ നോക്കിയിരുന്നു. ഇത് ഇതുവരെ കണ്ടിട്ടില്ലാത്ത, പുതിയൊരു വിശാഖം. വിശാഖത്തിന്റെ ഒരു പുതിയ മുഖം. കാര്യങ്ങള്‍ പറയാന്‍ കഴിവുള്ള വിശാഖം. ഈ കഴിവ് അവള്‍ക്ക് ആവശ്യമായി വരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അമേരിക്കയിലേയ്ക്കു തിരികെപ്പോയിക്കഴിഞ്ഞാല്‍ ഇവള്‍ നടപ്പാക്കാനുദ്ദേശിച്ചിരിയ്ക്കുന്ന പദ്ധതിയുടെ കാര്യനിര്‍വ്വഹണത്തിന് ഈ കഴിവു കൂടിയേ തീരൂ. ഇവള്‍ കരയാന്‍ മാത്രമറിയാവുന്ന പെണ്ണല്ല.

വാസ്തവത്തില്‍ ഇത് അവളുടെ ഒരു പുതിയ മുഖമല്ല. അവളുടെ നെഞ്ച് എല്ലിന്‍ കൂടാണ് എന്നു കരുതണ്ട. കടുപ്പമുള്ള കല്ലാകാനും അതിനു കഴിയും. കല്ലു പോലെ കടുത്ത ദൃഢനിശ്ചയങ്ങള്‍ അവള്‍ക്കെടുക്കാന്‍ സാധിയ്ക്കുമെന്ന് മുന്‍പുതന്നെ വെളിപ്പെട്ടിട്ടുള്ളതാണ്. പക്ഷേ അവളുടെ നെഞ്ചിലെ കല്ലിന് വജ്രം പോലെ കഠിനമാകാന്‍ പറ്റുന്നതുപോലെ മഞ്ഞുപോലെ ഉരുകാനും കഴിയുമെന്നതാണു കുഴപ്പം. തന്നെച്ചൊല്ലിയാണ് അവളിപ്പോള്‍ ഉരുകുന്നത്. തന്നെച്ചൊല്ലി തനിയ്ക്കില്ലാത്ത ഉരുക്കം അവളനുഭവിയ്ക്കുന്നു.

ഒരു കാര്യം കൂടി സദാനന്ദ് ശ്രദ്ധിച്ചു. മുന്‍പ് കൂടുതല്‍ സംസാരിയ്ക്കാന്‍ അവള്‍ക്കു കഴിയാറില്ലായിരുന്നു,അവള്‍ കിതയ്ക്കുമായിരുന്നു. ഇപ്പോള്‍ അത്തരം പ്രയാസങ്ങള്‍ നീങ്ങിയിരിയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തീര്‍ത്തും മാറിയിരിയ്ക്കുന്നു. കണ്ണുകളിലെ തിളക്കം തിരിച്ചു വന്നിരിയ്ക്കുന്നു. കഴുത്തില്‍ തെളിഞ്ഞിരുന്ന എല്ലുകള്‍ നികന്നിരിയ്ക്കുന്നു.കൈകള്‍ നീണ്ടുമെലിഞ്ഞു തന്നെയിരിയ്ക്കുന്നെങ്കിലും, പുതിയൊരു ശക്തി അവയിലെത്തിയിട്ടുണ്ട്.അവളുദ്ദേശിച്ചിരിയ്ക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശാരീരികമായും മാനസികമായും അവള്‍ക്ക് അദ്ധ്വാനിയ്‌ക്കേണ്ടി വരും. അതിനെല്ലാമുള്ള ആരോഗ്യം പൂര്‍ണ്ണമായും കിട്ടിക്കഴിഞ്ഞിട്ടില്ലെങ്കിലും താന്‍ പോകുന്നതിനു മുന്‍പുള്ള ഏതാനും ദിവസങ്ങള്‍ കൊണ്ടതു മുഴുവന്‍ വീണ്ടെടുക്കാവുന്നതേയുള്ളു.

അമേരിക്കയിലേയ്ക്ക് തിരിച്ചുപോകുന്ന കാര്യത്തെപ്പറ്റി ഓര്‍ത്തപ്പോഴാണ് സദാനന്ദ് മറ്റൊരു കാര്യമോര്‍ത്തത്.വീണ്ടും ഉള്‍ക്കിടിലമുണ്ടായി. വിശാഖത്തിന്റെ ഇരുകരങ്ങളും കൈകളിലെടുത്തുകൊണ്ട് സദാനന്ദ് പറഞ്ഞു, 'വിശാഖം.നിന്നോടൊരു ചോദ്യം ചോദിയ്ക്കാനുണ്ട്. വാസ്തവം പറഞ്ഞാല്‍ എനിയ്ക്ക് പേടിയാവണ്ണ്ട്,നിന്നോടതു ചോദിയ്ക്കാന്‍.' സദാനന്ദ് നിര്‍ത്തി.

കണ്ണുകളില്‍ നിന്ന് സദാനന്ദിന്റെ വിചാരങ്ങള്‍ വായിച്ചെടുത്തുകൊണ്ടു വിശാഖം പറഞ്ഞു, 'സദൂ...എന്റെ സദൂ...എന്നെ കൂടുതല്‍ വിഷമിപ്പിയ്ക്കല്ലേ.'

'എനിയ്ക്കു പോകാറായി.അതുകൊണ്ടു ചോദിയ്ക്കാതെ നിവൃത്തിയില്ല, വിശാഖം.' സദാനന്ദിന്റെ ശബ്ദം ആര്‍ദ്രമായി. 'നീയെന്നാണ് എന്നെ കല്യാണം കഴിയ്ക്കുന്നത്?'

വിശാഖം ഇരുകൈകളും സദാനന്ദിന്റെ തോളത്തു വച്ച് സദാനന്ദിനെ മെല്ലെ വലിച്ചടുപ്പിച്ചു. അവരുടെ മുഖങ്ങളടുത്തു. അവള്‍ തന്റെ ചുണ്ടുകളില്‍ ചുംബിയ്ക്കുമെന്ന് സദാനന്ദ് പ്രതീക്ഷിച്ചു. സിഫിലിസ്, മണ്ണാങ്കട്ട. അതിന്റെ മൂര്‍ദ്ധന്യത്തിലാണ് അവളെ കോരിയെടുത്തുകൊണ്ടു പോന്നത്. ഇപ്പോള്‍ അതൊക്കെ മാറിയില്ലേ. ഇനി ചുംബിച്ചാലെന്താ. ചുംബിച്ചാല്‍ സമ്മതം എന്നര്‍ത്ഥം. ഇല്ലെങ്കില്‍...

സദാനന്ദിനെ ആശ്ലേഷിച്ച്,ശിരസ്സ് തോളത്തമര്‍ത്തി, പുറം തഴുകിക്കൊണ്ട് വിശാഖം നിശ്ശബ്ദയായി ഇരുന്നു.സദാനന്ദ് നെഞ്ചിടിപ്പോടെ കാത്തിരുന്നു.അല്പം കഴിഞ്ഞ് അവള്‍ സെല്‍ഫോണ്‍ കൈയ്യിലെടുത്തു ഡയല്‍ ചെയ്തു. 'അമ്മേ...വിശാഖം.'

സദാനന്ദ് അത്ഭുതപ്പെട്ടു,ആരെയാണിവള്‍ അമ്മേ എന്നു വിളിയ്ക്കുന്നത്! അവളുടെ അച്ഛന്‍ അവളുടെ ബാല്യത്തില്‍ത്തന്നെ മരിച്ചു പോയിരുന്നു. അമ്മയും മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് അവള്‍ മുംബൈയിലേയ്ക്കു വന്നത്. അങ്ങനെയിരിയ്‌ക്കെ, എവിടുന്നാണീ പുതിയൊരമ്മ രംഗപ്രവേശം ചെയ്തിരിയ്ക്കുന്നത്!

'ഉവ്വ്, സദു ഇവിടെത്തന്നെയുണ്ട്. ഞാന്‍ കൊടുക്കാം.അതിനു മുന്‍പ്...' വിശാഖത്തിന്റെ തൊണ്ടയിടറി. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അവള്‍ പ്രയാസപ്പെട്ട് ഗദ്ഗദമടക്കി. 'അമ്മ ഒന്നിങ്ങോട്ടു വരണം. സദുവിനെ ഞാന്‍ നാശത്തിലേയ്ക്കാണ് ഉന്തിത്തള്ളിവിടുന്നത്...അതെനിയ്ക്കു തന്നെ അറിയാം. അമ്മേ,അതോര്‍ക്കുമ്പോ എനിയ്ക്കു പേടിയാവണു.' അവള്‍ കരഞ്ഞു തുടങ്ങി. 'സദൂനെ രക്ഷിയ്ക്കാന്‍ അമ്മ തന്നെ വരണം...അമ്മേ...ഞങ്ങള് രണ്ടുപേര്‍ക്കും ഇപ്പൊ അമ്മ മാത്രേള്ളു...ഞങ്ങള്‍ക്ക് സല്‍ബുദ്ധി ഉപദേശിച്ചു തരാന്‍ വേറെ ആരൂല്യ...ഞങ്ങള്‍ ചെയ്യുന്നത് അബദ്ധങ്ങളാണോന്നറിയാന്‍ പറ്റണില്ല.മറ്റെന്നാളെയ്ക്ക് അമ്മയ്ക്കിങ്ങോട്ടു വരാന്‍ ഫ്‌ലൈറ്റ് ബുക്കു ചെയ്യാം. സദാശിവനും കൂടെപ്പോരട്ടെ. രണ്ടു ദിവസം കഴിഞ്ഞ് തിരികെപ്പോകാനും ബുക്കു ചെയ്യാം...എയര്‍പോര്‍ട്ടില് സദൂണ്ടാകും. ബുക്കു ചെയ്യട്ടേ? സദാശിവനോടോ? അമ്മ ഫോണ്‍ സദാശിവന്റെ കൈയിലേയ്‌ക്കൊന്നു കൊടുക്കണേ.ഞാന്‍ ചോദിയ്ക്കാം.'

ഓഹോ, ചെറിയമ്മയോടാണ് അവള്‍ സംസാരിയ്ക്കുന്നത്.ചെറിയമ്മയുടെ മകനാണ് സദാശിവന്‍. തന്റെ ഫസ്റ്റ് കസിന്‍. പക്ഷേ ഇവളിതൊക്കെ എങ്ങനെ മനസ്സിലാക്കിയെടുത്തിരിയ്ക്കുന്നു! ചെറിയമ്മയുമായി അവള്‍ സംസാരിയ്ക്കുന്നത് ഇതാദ്യമല്ല എന്നു തീര്‍ച്ച. ചെറിയമ്മയെ അവള്‍ അമ്മേ എന്നു വിളിച്ചിരിയ്ക്കുന്നു. സദാശിവനോടും അവള്‍ സംസാരിച്ചിട്ടുണ്ടാകണം.ചിലപ്പോള്‍ മറ്റുള്ളവരുമായും സംസാരിച്ചുകാണണം. അവള്‍ക്ക് സെല്‍ഫോണ്‍ കിട്ടിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു. അതിനുള്ളില്‍ അവള്‍ അവരുമായെല്ലാം സംസാരിച്ചു കഴിഞ്ഞിരിയ്ക്കുന്നു! താന്‍ അതൊന്നും അറിഞ്ഞിട്ടുപോലുമില്ല. ചെറിയമ്മയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ 'എന്റെ സെല്ലിലുണ്ട്, അതില്‍ നിന്നെടുത്തോളൂ' എന്നു പറഞ്ഞിരുന്നതോര്‍മ്മയുണ്ട്. അവള്‍ അന്നു മുതല്‍ തന്നെ, ഒട്ടും അധൈര്യപ്പെടാതെ, അവരുമായൊക്കെ സംസാരിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകണം. സദാനന്ദ് വിശാഖത്തെ കൌതുകത്തോടെ നോക്കി. ഇവള്‍ തന്നെ അത്ഭുതപ്പെടുത്തുന്നതിന് അന്ത്യമില്ല!

സദാശിവന്‍ ലൈനില്‍ വന്നപ്പോള്‍ വിശാഖം പറഞ്ഞു, 'സദാശിവാ, മൂന്നു ദിവസം ലീവെടുക്കണം. മറ്റെന്നാള്‍ അമ്മയെ ഇവിടെ കൊണ്ടു വരണം. രണ്ടുദിവസം ഇവിടെ താമസിയ്ക്കണം. മൂന്നാമത്തെ ദിവസം മടങ്ങിപ്പൊയ്‌ക്കോളൂ. ടിക്കറ്റ് ഇപ്പൊത്തന്നെ ബുക്കു ചെയ്യാം. വരാമല്ലോ, ഇല്ലേ? സദു ഇവിടുണ്ട്, കൊടുക്കാം.' അവള്‍ ഫോണ്‍ സദാനന്ദിനു കൊടുത്തു.

'സദാശിവാ.'

'ചേട്ടാ, അമ്മയേം കൂട്ടി മറ്റെന്നാള്‍ അങ്ങോട്ടു വരാനാണല്ലോ, ചേട്ടാ, ചേച്ചി പറയുന്നത്. വരട്ടേ?'

'ചേച്ചി' എന്ന് സദാശിവന്‍ സ്വാഭാവികതയോടെ വിളിച്ചത് സദാനന്ദ് ശ്രദ്ധിച്ചു. 'വരണം. ഞാനിപ്പൊത്തന്നെ ടിക്കറ്റു ശരിയാക്കാം. നിനക്ക് ലീവു കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുമോ?' സദാശിവന്‍ തൊട്ടടുത്തുതന്നെയുള്ള ജില്ലാ സഹകരണബാങ്കിലെ ക്ലാര്‍ക്കാണ്.

'മുംബൈ ഒന്നു ഫ്രീയായി വന്നു കണ്ടു പോരാന്‍ പറ്റുമ്പോ ലീവൊന്നും പ്രശ്‌നമല്ല, ചേട്ടാ.'

സദാനന്ദ് ചെറിയമ്മയോടും സംസാരിച്ചു. 'അവളത്രേം കാര്യായി പറഞ്ഞതല്ലേ. ഞങ്ങളു വരാം. എനിയ്ക്ക് യാത്ര ചെയ്യാന്‍ കുഴപ്പോന്നൂല്ല്യ.പ്ലെയിനിലാണല്ലോ. കുറച്ചു നേരല്ലേ വേണ്ടൂ.' ചെറിയമ്മ ഇത്രയും കൂടി പറഞ്ഞു, 'നീയവളെ വെഷമിപ്പിയ്ക്കണ്ട.'

ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ ഹ്യാട്ട് റീജന്‍സിയെത്തന്നെ ഏര്‍പ്പാടാക്കി.അവരതൊക്കെ വേണ്ടതരത്തില്‍ ചെയ്‌തോളും. ടിക്കറ്റു തരപ്പെടുത്തിയാല്‍, രണ്ടുപേര്‍ക്കും മുറിയും തരണം. ഹ്യാട്ട് രണ്ടു കാര്യങ്ങളും സന്തോഷത്തോടെ ഏറ്റെടുത്തു. ഹ്യാട്ടുകാര്‍ ഉടന്‍ തിരിച്ചുവിളിച്ചു. ടിക്കറ്റുകള്‍ റെഡി. അവരെത്തുമ്പോള്‍ മുറികള്‍ റെഡിയായിരിയ്ക്കും.സദാശിവനെ വിളിച്ചറിയിച്ചു. ചെറിയമ്മ ആദ്യമായാണു വിമാനയാത്ര നടത്താന്‍ പോകുന്നത്. വയസ്സ് എണ്‍പതു കഴിഞ്ഞെങ്കിലും, ചെറിയമ്മയ്ക്ക് പ്രമേഹമോ പ്രഷറോ ഒന്നും ഇതുവരെ ബാധിച്ചിട്ടില്ല. ഒരല്പം പതുക്കെയാണെങ്കിലും വിമാനത്തിലേയ്ക്കുള്ള പടവുകള്‍ കയറിച്ചെല്ലാന്‍ ചെറിയമ്മയ്ക്കു കഴിയും. മുംബൈയിലും നാട്ടിലും എസ്‌കലേറ്ററും ഏറോബ്രിഡ്ജും ഉള്ളതുകൊണ്ട് പടവുകള്‍ കയറി ബുദ്ധിമുട്ടേണ്ടി വരില്ല താനും.

ചെറിയമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി: നീയവളെ വിഷമിപ്പിയ്ക്കണ്ട.

മുംബൈ നഗരത്തിലെ പുരുഷന്മാരെ സേവിച്ചിരുന്ന ഏതോ ഒരു ദേവദാസി സദാനന്ദിനെ കൈയടക്കി വച്ചിരിയ്ക്കുന്നു, എന്നായിരുന്നോ ചെറിയമ്മയും മറ്റും ധരിച്ചു വച്ചിരുന്നത്. ഒരു കൈവിഷക്കാരി. കൈവിഷപ്രയോഗത്തിലൂടെയല്ലാതെ പിന്നെങ്ങനെയാണ് കോടീശ്വരനായ സദാനന്ദിനെ സ്വന്തം ദാസനായി കാല്‍ച്ചുവട്ടിലിരുത്താന്‍ അവള്‍ക്കായിരിയ്ക്കുന്നത്! ഒരു മാസമായി നല്ലൊരു ജോലിയുള്ളതവഗണിച്ച് അവന്‍ അവള്‍ക്കു കാവലിരിയ്ക്കുന്നു. ഒരുപക്ഷേ ഇതൊക്കെ തന്റെ വെറും തോന്നലുകളായിരുന്നിരിയ്ക്കാം.അവര്‍ക്കങ്ങനെയൊന്നും തോന്നിയിട്ടില്ലായിരിയ്ക്കാം.കാരണം, വിശാഖവുമായി ചെറിയമ്മയും സദാശിവനും സംസാരിച്ചതില്‍ നിന്ന് അവര്‍ക്ക് അങ്ങനെയുള്ള തോന്നലുകളൊന്നും ഉള്ളതായി തോന്നിയില്ല. വരണം എന്ന് അവള്‍ പറഞ്ഞപ്പോഴേയ്ക്കും അവര്‍ വരാന്‍ സമ്മതിയ്ക്കുകയും ചെയ്തു. മാത്രമല്ല, നീയവളെ വിഷമിപ്പിയ്ക്കണ്ട എന്നു കൂടി ചെറിയമ്മ പറഞ്ഞു.നീ അവളുടെ വലയില്‍ വീഴണ്ട എന്നല്ല പറഞ്ഞത്.'നീ' 'അവളെ' വിഷമിപ്പിയ്ക്കണ്ട എന്നാണു പറഞ്ഞത്. അവളെപ്പറ്റി വ്യത്യസ്തമായ തോന്നലുകളാണ് ചെറിയമ്മയ്ക്കുണ്ടായിരുന്നതെങ്കില്‍ മോനേ, നീ സൂക്ഷിയ്ക്കണംട്ടോ എന്നായിരുന്നേനേ ചെറിയമ്മയുടെ വാക്കുകള്‍. കല്യാണക്കാര്യം പറഞ്ഞ് നീ അവളെ വിഷമിപ്പിയ്ക്കണ്ട എന്നുമായിരിയ്ക്കാം ചെറിയമ്മ സൂചിപ്പിച്ചത്.

ഒരു മാസത്തെ ലീവെടുത്ത് ഇന്ത്യയിലേയ്ക്കു വന്നത് വിശാഖത്തെ കല്യാണം കഴിയ്ക്കാനാണ്. കല്യാണം നീണ്ടുപോയത് വിശാഖത്തിന്റെ രോഗം കാരണമാണ്. അവള്‍ രോഗിണിയായിരുന്നില്ലെങ്കില്‍ കല്യാണം എന്നേ നടന്നു പോയേനേ. ഉവ്വോ? ഉടന്‍ തന്നെ സംശയവും ഉയര്‍ന്നു. അവള്‍ രോഗിണിയല്ലായിരുന്നെങ്കില്‍ താന്‍ ചെന്നു വിളിച്ചാല്‍ ഇറങ്ങിപ്പോരുമായിരുന്നോ?ഇനിയീ പ്രദേശത്തൊന്നും കണ്ടു പോകരുത് എന്നാണ് രണ്ടുവര്‍ഷം മുന്‍പ് ആദ്യമായി കണ്ടുപിരിയുമ്പോള്‍ അവള്‍ തന്ന നിര്‍ദ്ദേശം. കോണിച്ചുവട്ടില്‍ പഴന്തുണി പോലെ ചുരുണ്ടുകൂടിക്കിടന്നതുകൊണ്ട് അവളെ എളുപ്പത്തില്‍ കൊണ്ടുവരാന്‍ പറ്റി. അവളുടെ രോഗമെന്ന ഉര്‍വ്വശീശാപം ഉപകാരമായി പരിണമിച്ചു. അവളന്നു രോഗിണിയല്ലായിരുന്നെങ്കില്‍ അവളെക്കൊണ്ടുപോരല്‍ എളുപ്പമാകുമായിരുന്നില്ലെന്ന് മനസ്സു പറയുന്നു.

തിരക്കൊഴിഞ്ഞ് കാര്യങ്ങളല്പം ശാന്തമായപ്പോള്‍ വിശാഖവും സദാനന്ദും മുഖത്തോടു മുഖം നോക്കിയിരുന്നു. അവളുടെ നെറ്റിയിലെ ചുളിവുകള്‍ സദാനന്ദ് മെല്ലെത്തടവിയകറ്റാന്‍ ശ്രമിച്ചു. 'എന്റെ കുട്ടീ, നീ ചിരിച്ചു കാണാനാണ് ഞാനോരോന്നു ചെയ്യുന്നത്. അതിനിടയ്ക്ക് നീ വെറുതേ ടെന്‍ഷനടിയ്ക്കണ്ട.' അവളുടെ താടി പിടിച്ചുയര്‍ത്തി അവളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കിക്കൊണ്ട് സദാനന്ദ് ചോദിച്ചു, 'ചെറിയമ്മയോട് നീയെന്താണു പറയാന്‍ പോകുന്നത്?'

വിശാഖം സദാനന്ദിന്റെ കരങ്ങള്‍ കൈകളിലെടുത്തു. 'സദൂനെ എന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് അമ്മതന്നെ രക്ഷിയ്ക്കണംന്നു പറയും.' ഒരു നിമിഷം കഴിഞ്ഞ് അവള്‍ വീണ്ടും തുടര്‍ന്നു. 'സദൂനെ ഞാന്‍ കടലിന്റെ അടീലേയ്ക്കു വലിച്ചുതാഴ്ത്തുന്നു. ആരെങ്കിലും സദൂനെ എന്നില്‍നിന്നു രക്ഷിച്ചില്ലെങ്കില്‍ സദു മുങ്ങിപ്പോകും. സദൂനെ രക്ഷിയ്ക്കാന്‍ ആരൂല്യ, അമ്മ മാത്രേള്ളു. അമ്മ പറേണത് എന്താച്ചാലും ഞാനതു കേള്‍ക്കും.'

സദാനന്ദ് ആര്‍ദ്രതയോടെ ചോദിച്ചു,'നിന്നില്‍ നിന്നു രക്ഷപ്പെട്ടിട്ട് എനിയ്‌ക്കൊരു ജീവിതമില്ലെന്നറിയില്ലേ നിനക്ക്, വിശാഖം?'

വിശാഖം നിശ്ശബ്ദയായി അല്പനേരം ഇരുന്നു. 'ഇവിടുത്തെ അനാഥകളില്‍ കുറച്ചു പേരെയെങ്കിലും രക്ഷിച്ചാല്‍ കൊള്ളാമെന്ന്‌ണ്ടെനിയ്ക്ക്.' വിശാഖം കൈത്തലങ്ങള്‍കൊണ്ട് മുഖം പൊത്തി തലകുനിച്ചിരുന്നു. 'അത് സ്‌നേഹിയ്ക്കണോരെ മുക്കിത്താഴ്ത്തീട്ടാകുംന്ന് വിചാരിച്ചില്ല. എന്റീശ്വരാ, ഞാനെന്താ ചെയ്ക!'

കാമാഠിപുരയുടെ താക്കോല്‍ ടീപ്പോയില്‍ മരവിച്ചിരുന്നു. സദാനന്ദിന്റെ കാഴ്ച കണ്ണുനീരില്‍ മങ്ങി.

(തുടരും)

(ഈ കഥ സാങ്കല്പികം മാത്രമാണ്.)

Previous Next

സുനില്‍ എം എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.