പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഉൾത്തുടിപ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മേലൂർ വാസുദേവൻ

കവിത

സമയം പുലർവേള; ഉമ്മറക്കസേരയിൽ

മിഴികൾ തുടച്ചു ഞാനിരിക്കെ, കരളിന്റെ-

പടിവാതിലിൽ മെല്ലെ മുട്ടുന്നു സകൗതുകം

വിടരും പുലർകാല സ്വപ്നത്തിൻ തരംഗങ്ങൾ.

‘അച്ഛനെന്തിരിപ്പാണെ’ന്നലസം ചോദിച്ചുകൊ-

ണ്ടൊച്ചവെയ്‌ക്കാതെ മുന്നിൽ കൊച്ചുമോൾ ചിരിയ്‌ക്കുന്നു.

കണ്ടു ഞാൻ പ്രപഞ്ചത്തിൻ സൗന്ദര്യമാകെയിന്നാ-

കൺകളിൽ; ബോധത്തിന്റെ ജാലകം തുറന്നുവോ?

(ഉണ്ണിസൂര്യനെ ഒക്കത്തേന്തി നില്‌ക്കുന്നൂ ദൂരെ

വിണ്ണിന്റെ പടിപ്പുരവാതിലിൽ പുലരിപ്പെൺ.)

ഇളതാം വെയിൽ മെല്ലെയാറുന്നു കുന്നിൻമേലെ

തളിർചൂടിയോ ജീവശാഖിതൻ ചില്ലക്കൈകൾ?

പുലരിത്തുടുവെട്ടം തൊട്ടുണർത്തിയോ മന്ദ-

മിളതൻ മടിത്തട്ടിലുറങ്ങും പുൽനാമ്പിനെ?

ഇടർകൊളളുന്നൂ നേർത്ത പുൽക്കൊടിത്തുമ്പിൽ വീണ്ടും

ഉരുകിത്തെളിയുന്ന മഞ്ജുവാം മഞ്ഞിൻകണം.

‘തനിയേ അലിഞ്ഞേപോം വാഴ്‌വെന്നുമിതേവിധം’

തരളം മന്ത്രിയ്‌ക്കുന്നെൻ ജീവന്റെ സർഗ്ഗോല്ലാസം.

മേലൂർ വാസുദേവൻ

വിലാസം

മേലൂർ വാസുദേവൻ,

മേലൂർ പി.ഒ.,

കൊയിലാണ്ടി - 673 319.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.