പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഉൽക്കാവർഷങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അപ്പാസ്‌ മുണ്ടേരി.

ചെറുകഥ

ടെറസിനുമുകളിൽ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ ഏറെ നേരമായി. ഉൽക്കാവർഷത്തെച്ചൊല്ലിയാണ്‌ അവരുടെ ഉത്‌കണ്‌ഠ. മേഘങ്ങളെ അതിജീവിച്ച്‌ ചന്ദ്രപ്രകാശം അരിച്ചെത്തുന്നുണ്ട്‌. മുഖങ്ങൾ, പിന്നെ അതിലെ ഭാവവ്യതിയാനങ്ങളും പരസ്‌പരം കണ്ടെത്താൻ ഒരു കൈസഹായം.

“ഇന്നുണ്ടാവുമോ?”

“തീർച്ചയായും. പക്ഷേ കാഴ്‌ചയുടെ തെളിച്ചത്തിന്‌ നമ്മുടെ ഭാഗ്യവുമായി ബന്ധമുണ്ട്‌.”

“മനുഷ്യജീവിതത്തിലും ഈ ഉൽക്കാവർഷങ്ങൾ ഉണ്ടാവാറുണ്ട്‌, അല്ലേ..” അവൾ പുഞ്ചിരിച്ചു. ഒരു പതിവു പ്രസ്‌താവന, ആകാശത്തേക്ക്‌ വെടിയുതിർക്കുന്നതുപോലെ. എന്നിട്ടവനെ സൂക്ഷിച്ചുനോക്കി, ഒരു ചൂടൻ പ്രതികരണമാണ്‌ അവളുടെ പ്രതീക്ഷ.

“എച്ച്‌.ഐ.വി. ടെസ്‌റ്റുപോലെ.”

അവൾ മൗനിയായി. ഓർക്കാൻ ഇഷ്‌ടക്കേട്‌ കാണും. അവനങ്ങനെയല്ല. അന്നൊരു ടെൻഷനൊക്കെയുണ്ടായി എന്നത്‌ നേര്‌. ഇന്നാ ഓർമ്മകൾ രസകരമാണ്‌. അച്‌ഛനോട്‌ വിളിച്ചു പറഞ്ഞാണ്‌ നാട്ടിൽവന്നത്‌, അമ്മാവനെക്കണ്ട്‌ നാളുറപ്പിക്കണമെന്ന്‌.

പക്ഷേ, അമ്മവീട്ടിൽ തിരശ്ശീല ഉയർന്നപ്പോൾ മുറപ്പെണ്ണ്‌ ലജ്ജയുടെ കവചങ്ങൾ ഊരിയെറിഞ്ഞ്‌ പുതിയൊരു അവതാരമായി.

“ഞങ്ങടെ കാലത്ത്‌ നിരുപാധികവിശ്വാസങ്ങളില്ല. ബോംബെയിലും ചെന്നൈയിലുമൊക്കെ കറങ്ങുന്ന ആളാ..”

“അതുകൊണ്ട്‌?”

“എച്ച്‌.ഐ.വി. നെഗറ്റീവാണോന്നറിയണം.”

മഹാസ്‌ഫോടനത്തിനുശേഷം സംഭവിക്കുന്ന നിശ്ശബ്ദത. ഒക്കെക്കഴിഞ്ഞ്‌ കർട്ടനുയരുമ്പോൾ രംഗത്ത്‌ ഉറഞ്ഞുതുളളുന്ന മനുഷ്യക്കോലങ്ങൾ.

“എന്റെ കൊക്കിൽ ജീവനുണ്ടെങ്കീ......ഈ പെണ്ണിനെ കുടുംബത്തീക്കേറ്റില്ല.” അച്‌ഛന്റെ വിധി. അമ്മയുടെ കണ്ണീർ. അമ്മാവന്റെ നിസ്സഹായത. “ദെന്തു കഥയാ. ഇന്നത്തെ ദെവസോം ങ്ങ്‌ക്കൊന്നും പറയാനില്ലേ.... ങ്ങ്‌നെ മൊഖം നോക്കിയിരിക്കുകാ..” ആതിഥേയയുടെ ചുണ്ടത്ത്‌ ചിരി.

“എന്താ ഇത്‌”

“കാപ്പി. കൊറച്ച്‌ ചിപ്സും... ഒലക്ക... അല്ല, ഉൽക്ക വന്നാ..”

അവരുടെ ചിരി രണ്ടാളും ഏറ്റുവാങ്ങി.

ഫസ്‌റ്റ്‌നൈറ്റ്‌ സ്വന്തം വീട്ടിലാവാമെന്ന്‌ നിർദ്ദേശിച്ച സുഹൃത്തിന്‌ ഭാര്യയുടെ പിന്തുണ കൂടിയുണ്ടായിരുന്നു.

“ഞാൻ പോകുവാ...ഞങ്ങക്കുറങ്ങണം..”

ആകാശച്ചെരിവിൽ ഒരു നക്ഷത്രമുണ്ട്‌, തനിച്ച്‌ അതിനെ അവൻ നോക്കിനിന്നു, തിരിച്ചും അങ്ങനെയാണെന്ന്‌ വിശ്വസിച്ചു.

ചില നിമിഷങ്ങൾ ടെൻഷനും വേദനയും കോപവുമൊക്കെ കൂടിച്ചേർന്നത്‌. കാറ്റും മഴയുമൊക്കെ ഒന്നിച്ച്‌. ആരോടൊക്കെയോ ദേഷ്യം. മനസ്സിന്റെ പിടിവളളികൾ നഷ്‌ടമാകുമ്പോൾ ഇറങ്ങി നടക്കും. ബുദ്ധിയും ബോധവുമൊക്കെ ഉപേക്ഷിച്ച്‌ നടന്നുതീർത്ത വഴികൾ.

ഒരു ടെസ്‌റ്റ്‌ ആവശ്യമാണ്‌.

“ഞാൻ ഓക്കെ. നീയും വേണം, നമ്മുടെ ക്യാംപസുകളൊക്കെ ഒത്തിരി വികസിച്ചിട്ടുണ്ടെന്നാണ്‌ കണ്ടെത്തലുകൾ. കേരളീയ സദാചാരത്തിന്‌ പൊയ്‌മുഖങ്ങളുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്‌.”

എന്നാൽ പിടിച്ച മുയലിന്റെ കൊമ്പുകളെക്കുറിച്ച്‌ സ്വപ്‌നങ്ങളിലും തർക്കിക്കുന്നവരുടെ വാതിലുകൾ തുറക്കപ്പെട്ടില്ല.

ഇന്നൊരു വിവാഹസർട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ ഇവിടേക്ക്‌ പോരുമ്പോൾ അവൻ തന്നെയാണോ ചോദ്യമുന്നയിച്ചത്‌. “നമ്മളാവുമോ, ഒളിച്ചോടുന്ന ആദ്യത്തെ കസിൻസ്‌.”

“ദേ. ലുക്ക്‌ അറ്റ്‌ ദേർ. ” അവൾ ആവേശത്തോടെ വിരൽചൂണ്ടുന്നു, അകലെ ചലിക്കുന്ന ഒരു പ്രകാശബിന്ദുവിലേക്ക്‌.

“നോ. അതിന്റെ ആവേഗം നിശ്ചിതമാണ്‌. ഉൽക്ക പ്രപഞ്ചത്തെ തുളച്ച്‌ താഴേക്ക്‌ പതിക്കുകയാണ്‌ ചെയ്യുക, ചില ജീവിതങ്ങൾപോലെ.”

അവളുടെ മുഖത്തെ പ്രകാശം കെട്ടു.

മനസ്സിന്റെ ഊടുവഴികൾ ഒറ്റപ്പെട്ട തുരുത്തുകൾ. ചിന്തകളിൽ സ്വയം നഷ്‌ടമാകുന്ന മുഹൂർത്തത്തിൽ മനസ്സിൽ ഒരു മണിയൊച്ച.

“മണി ഒന്നു കഴിഞ്ഞു. ഉറങ്ങണ്ടേ.”

അവൾ പകച്ചുനോക്കുകയാണ്‌. അപരിചിതമായ ഒരു കാഴ്‌ചയുടെ മുന്നിൽപ്പെട്ടതുപോലെ. മനുഷ്യൻ ശിലയാവുന്ന ഈ ഏർപ്പാട്‌ അവന്‌ ദഹിച്ചില്ല.

“ഉൽക്കകളൊക്കെ വേറെങ്ങോ പതിച്ചു കാണും. കമോൺ. നമുക്ക്‌ പോകാം...” അവനെഴുന്നേറ്റ്‌ കൈനീട്ടി.

“ഞാനില്ല. അപ്പു പൊയ്‌ക്കോ..”

“തനിച്ചോ..” അവനമ്പരന്നു.

“എനിക്കെന്തോ..”

“എന്താ.” ഭയം ദുർബ്ബലപ്പെടുത്തിയ ശബ്‌ദം. അവളുടെ മുന്നിലവൻ മുട്ടുകുത്തി. മുഖം പിടിച്ച്‌ തനിക്കഭിമുഖമാക്കി.

“വീട്ടിൽപ്പോയി....എല്ലാവരുടെയും ആശീർവാദം വാങ്ങി...”

അവൻ ഇരുന്ന ഇരുപ്പിൽ പിന്നോക്കം മലച്ചുപോയി.

ഒന്നാഞ്ഞു ചിരിക്കാൻ പിളർന്ന അവന്റെ വായിലേക്ക്‌ ജലവർഷം. അടിച്ചുപൊളി മഴ. അപ്രതീക്ഷിതമായ ആ കനത്ത വർഷത്തിൽ പിടിച്ചുനിൽക്കാനാവാതെ അവർ കൈകോർത്ത്‌ താഴേക്കോടി.

അപ്പാസ്‌ മുണ്ടേരി.

വിലാസംഃ

അബ്‌ദുൾ സത്താർ എ.പി.

പോണങ്കിൽ വീട്‌

മുണ്ടേരി പി.ഒ.

കണ്ണൂർ - 670 591




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.