പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വാടക വീടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉമ്മാച്ചു

കഥ

“...ഒര്‌ കഥ കൂടി പറഞ്ഞുതാ നരേന്ദ്രാ... ഷഹറ്‌സാദ്‌ സുന്ദരി ആ രാജാവിനെ പറഞ്ഞു രസിപ്പിച്ച ഒരു കഥകൂടി...”

അവൾ അയാളുടെ എഴുത്തുമേശയിൽ കൈമുട്ടുകളൂന്നി, ഒടിഞ്ഞുനിന്നുകൊണ്ട്‌ ഇനിയും കെഞ്ചി.

“നീയെന്നെ ശല്ല്യപ്പെടുത്താതെ ഒന്ന്‌ പോകൂ ആരിഫാ- ഞാനീഫീച്ചറൊന്ന്‌ എഴുതി തീർക്കട്ടെ.” അയാൾ അരിശത്തോടുകൂടി അവളെ നോക്കി.

അവൾ എന്തോ മുറുമുറുത്ത്‌ ഒടിഞ്ഞുനിന്നു കൊണ്ടുതന്നെ ആ മുറിയുടെ വാതിലിന്ന്‌ ഒരു ചവിട്ട്‌ കൊടുത്തു. വാതിലടഞ്ഞു.

“ഓ, ഒര്‌ കാഞ്ഞങ്ങാടും പോകേലച്ചെടീം... ഈ പൊട്ടൻ നരേന്ദ്രൻ എഴുതീത്‌ ആരാ വായിക്കാമ്പോണ്‌”. അവൾ അയാളെ കുത്തിപ്പറഞ്ഞു.

“ഒന്ന്‌ പോകൂ! ആരിഫാ.. രാവിലെയല്ലെ നിനക്ക്‌ ഞാൻ അലാവുദീനെയും അത്ഭുതവിളക്കിന്റെയും കഥ പറഞ്ഞുതന്നത്‌. ഇനി വൈകുന്നേരം രസകരമായ മറ്റൊരു കഥ പറയാം. ഇപ്പോൾ പോകൂ.” അയാൾ അനുനയത്തിൽ ഇനിയും പറഞ്ഞു.

“ഒരൊറ്റക്കഥ കൂടി പറഞ്ഞുതാ... എന്നിട്ടെഴുതാം പൊകേലകൃഷീനെപ്പറ്റി. ഒര്‌ കഥകൂടി പറഞ്ഞു തന്നാൽ നരേന്ദ്രന്‌ ഇന്നുച്ചക്ക്‌ ഒര്‌ കോയിമുട്ട പൊരിച്ചത്‌ ന്റെ വക.. ഉമ്മാ, നരേന്ദ്രന്‌ ഇന്റെ കോയിട്ട ഒര്‌ മുട്ട പൊരിച്ചോട്ടോ- കാപ്പിക്കുരുച്ചാക്ക്‌ വെച്ച മുറീലെ കട്ടിലിന്റെ അടീലെ അള്‌ക്ക്‌ല്‌ണ്ട്‌ ന്റെ പുളളിച്ചി കോയി ഇട്ട മുട്ട. വല്‌ത്‌ ഒരെണ്ണം എടുത്തോ!”

“മോളേ, നീയാ നരേന്ദ്രങ്കുട്ടീനെ എടങ്ങാറാക്കല്ലേ!” അവളുടെ ഉമ്മ അടുത്ത വാടകവീടിന്റെ അടുക്കളയിൽ നിന്നും വിളിച്ചുപറഞ്ഞു.

നരേന്ദ്രൻ എഴുതിക്കുഴഞ്ഞ കൈ കുടഞ്ഞുകൊണ്ട്‌ എഴുന്നേറ്റ്‌ വാതിൽ തുറന്നു. അവൾ അലക്ഷ്യമെന്നോണം അത്‌ നോക്കിനിന്നു.

“ഹോ...എന്തൊരു ചൂട്‌!” അയാൾ പുകച്ചിലുകൊണ്ട്‌ പിടഞ്ഞിട്ട്‌ സ്വയം പറഞ്ഞു.

“ഹോ... എന്തൊരു കുളിര്‌!” അവൾ നരേന്ദ്രന്റെ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ അങ്ങനെ പറഞ്ഞപ്പോൾ നരേന്ദ്രൻ അവളെ തല്ലാൻ കൈയ്യുയർത്തി. പിന്നെ കൈ താഴ്‌ത്തി.

അയാൾ പഴയ പല്ലവി തുടർന്നു. “.. ഞാനിതൊന്നെഴുതി..”

“എനിയ്‌ക്ക്‌ ആയിരത്തൊന്നു രാവുകളിലെ ഒരു കഥകൂടി പറഞ്ഞുതന്നിട്ട്‌ മുയ്‌മിപ്പിച്ചാമതി!” അവൾ അയാളുടെ പേനയും പേപ്പറും മേശയിൽ നിന്നും നീക്കിവെച്ച്‌ അടുത്ത സ്‌റ്റൂളിലിരുന്ന്‌ കൊഴുത്തുരണ്ട അവളുടെ കൈ മേശമേലേയ്‌ക്ക്‌ വെച്ച്‌ കഥയ്‌ക്ക്‌ കാത്‌ കൊടുത്തു.

അയാൾ അവളുടെ വെളുത്തുരുണ്ട കൈകളിലെ കനം കൂടിയ സ്വർണ്ണവളകളിലേക്ക്‌ നോക്കിയിരുന്നു. മധുരപ്പതിനേഴിന്റെ മാദകഗന്ധം അവളുടെ നിശ്വാസവായുവിലൂടെ ഒഴുകി, ആ മുറിയാതെ ത്രസിച്ചുനിൽക്കുന്നത്‌ അയാൾ അറിഞ്ഞു.

ഇക്കൊല്ലം കാപ്പിക്കുരു വിറ്റിട്ട്‌ ഈ വളകളൊന്ന്‌ മാറ്റിയെടുക്കണം. ഇത്തിരികൂടി കനം കൂടീത്‌. അപ്പൊ നരേന്ദ്രനും പോർവല്ലോ?“

”വരാം“ അയാൾ വെറുതെ പറഞ്ഞു.

”കഴിഞ്ഞ കൊല്ലം രണ്ട്‌നുംകൂടി പതിനാറായിരം ഉറുപ്പ്യാ എടുത്തത്‌. ഇക്കൊല്ലം അത്‌ മാറ്റി ഒരിരുപതിനായിരത്തിന്റേതെടുത്ത്‌ ഒരു ചെയിനും കൂടി വാങ്ങണം.“

അയാൾ അവളെ ആകെയൊന്നുനോക്കി. അറബിക്കഥയിൽ നിന്ന്‌ ജീവൻ വെച്ച്‌ പറന്നുവന്ന ഒരു ഹൂറി!

”എന്താ എന്നെയിതുവരെ കാണാത്തുപോലെയിങ്ങനെ നോക്കുന്നത്‌.. കഥ പറയാൻ!“

”ശരി ഞാനൊരു കഥ കൂടി പറയാം. പിന്നെയീ മുറിയിൽ കണ്ടുപോവരുത്‌.“

അതുകേട്ട്‌ അവളൊരു വിളറിയ ചിരി ചിരിച്ചു. ”ഈ നരേന്ദ്രനൊരു പൊട്ടനാ! ആനപ്പൊട്ടൻ!..“ അവൾ പിന്നേയും ചിരിച്ചു. അപ്പൊളിന്ന്‌ പൊകേലച്ചെടിം കാഞ്ഞങ്ങാട്ടുകാരും തന്നെ മത്യൊ-ഉച്ചയ്‌ക്ക്‌ പളേളലേയ്‌ക്കിടാൻ ഇന്നൊന്നും വേണ്ട?”

“വേണ്ട. ഈ ഫീച്ചറ്‌ പൂർത്തിയാക്കീട്ട്‌ ഞാൻ വിളിക്കാം അപ്പഴ്‌ ചോറ്‌ കൊണ്ട്വെന്നാ മതി.. പിന്നെ... ആ ഫോട്ടോകളൊക്കെ നീ എവിടെയാവച്ചത്‌?”

“അതുമ്മാന്റെ അട്‌ത്താ”-കൊറെ മൺകൊടോം പിടിച്ച്‌ പോകേല ചെടിക്ക്‌ വെളളം പീത്തുന്ന കാഞ്ഞങ്ങാട്ട്‌ കാരികള്‌! ഞാൻ നോക്കീട്ടൊന്നൂല്ല!“

”അപ്പൊ ബേക്കല്‌കോട്ടേന്റെ ചിത്രോം നോക്കീട്ടില്ല!“

”എനിക്ക്‌ കാണണ്ട... സരി. കഥ പറഞ്ഞ്‌താ- അവൾ തലയിൽ നിന്ന്‌ കസവു തട്ടമെടുത്ത്‌ മേശയ്‌ക്കുമേലെ ചുവരിലെ ഹാങ്ങറിൽ കൊളുത്തിയിട്ട്‌ കഥ കേൾക്കാനിരുന്നു. നരേന്ദ്രൻ അവൾ പിന്നേയുമടച്ച വാതിൽ വീണ്ടും തുറന്നിട്ടു.

“ഏത്‌ കഥയാ വേണ്ടത്‌?” നരേന്ദ്രൻ അവളോട്‌ ചോദിച്ചു.

“എനിയ്‌ക്കറിയോ?” അവൾ ചുണ്ടു കോട്ടിക്കൊണ്ടു പറഞ്ഞു.

“കൂനന്റെ കഥ പറയട്ടെ?”

“ഹോ... ഒര്‌ കൂനൻ! എത്ര പ്രാവശ്യം കേട്ടതാ. അവൾ കാത്‌ പൊത്തിക്കൊണ്ട്‌ പറഞ്ഞു.

”എന്നാ കാസിമിന്റെ ചെരിപ്പ്‌ ആയാലോ.“

”..ഒര്‌ ഹലാക്കിന്റെ ചെരിപ്പ്‌!“ എനിയ്‌ക്ക്‌ കേക്കണ്ട.”

“എന്നാ എനീസൽ ജലീസിന്റേയും നൂറുദ്ദിന്റേയും കഥ മതിയോ?”

“അത്‌ പ്രേമകഥയാണന്നൊ!” അവൾ ആവേശപൂർവ്വം അന്വേഷിച്ചു.

“അല്ല വട്ട്‌ കഥ.” നരേന്ദ്രൻ മുറുമുറുത്തു.

“ഏതെങ്കിലും കഥ പറയൂ.. ഒര്‌ നരേന്ദ്രന്റെയും ആരിഫായുടേയും കഥയായാലും മതി. അവൾ തുടർന്നു. ഏതോ ഒരു പൊട്ടൻ നരേന്ദ്രനെ ചോറും ചായയും കോയിമുട്ടയും കൊടുത്ത്‌ പോറ്റുന്ന ഒരു ആരിഫായുടെയും ഒരുമ്മയുടേയും കഥ.” അതും പറഞ്ഞ്‌ അവൾ ഇടതുകൈകൊണ്ട്‌ വായ പൊത്തിപ്പിടിച്ച്‌ കുലുങ്ങി ചിരിച്ചു. അവളുടെ ചിരിക്കൊപ്പം അവളുടെ മാറിടം ത്രസിച്ചുതാഴുന്നത്‌ ഒരു നിമിഷം ശ്രദ്ധിച്ച്‌ കുറ്റബോധത്തോടെ അയാൾ തല കുനിച്ചിരുന്നു.

“അവൾ സുന്ദരിയായിരുന്നു. അതിസുന്ദരി!” നരേന്ദ്രൻ കഥ പറഞ്ഞുതുടങ്ങി.

“ആര്‌?” അവൾ ഉദ്യേഗപൂർവ്വം അന്വേഷിച്ചു.

“എനീസൽ ജലീസ്‌” നരേന്ദ്രൻ പറഞ്ഞു.

“എന്നേക്കാൾ സുന്ദരിയാണോ?”

അതെ. നിന്നെക്കാൾ ആയിരത്തൊന്ന്‌ മടങ്ങ്‌ സുന്ദരി! മാന്തളിർ പോലത്തെ മേനിയഴക്‌.. വയസ്സ്‌ ഏതാണ്ട്‌ നിന്റേതുതന്നെ ഇരുപത്തിരണ്ട്‌!“

”എന്ത്‌? എനിയ്‌ക്ക്‌ ഇരുപത്തിരണ്ടു വയസ്സായീന്ന്‌ ആരാ പറഞ്ഞത്‌. ഉമ്മാ...“

”സോറി.. ക്ഷമിക്കണം. നിനക്ക്‌ പതിനേഴ്‌ തന്നെ. ജലീസിന്‌ ആണ്‌ ഇരുപത്തിരണ്ട്‌. പതിനേഴിനേക്കാൾ സൗന്ദര്യം, ഇരുപത്തിരണ്ടിനായതുകൊണ്ട്‌ ഞാനങ്ങനെ പറഞ്ഞുപോയതാണ്‌. ങ്ങ്‌ ആ കഥ കേൾക്കൂ.. വെണ്ണക്കല്ലിൽ കടഞ്ഞെടുത്തതുപോലുളള മേനിയഴകെന്നും പറയാം. കറുത്തുതടിച്ച പുരികങ്ങൾ. മിനുത്ത കവിൾത്തടം. ഒതുങ്ങിയ അരക്കെട്ട്‌. അവളുടെ ചുണ്ടുകളിൽ നിന്ന്‌ തേൻ കിനിയുന്നോ എന്ന്‌ തോന്നും. മൃദുവായ ശബ്‌ദം നനുത്ത ഹൃദയം അവളുടെ കൈവിരലുകൾ...“

”ഹോ.. മതി.. മതി. എനിയ്‌ക്ക്‌ കേക്കണ്ട. ഒര്‌ നനുത്ത ഹൃദയം..“ അവൾ പരിഭവിച്ചുകൊണ്ട്‌ ചെവി പൊത്തിപ്പിടിച്ചു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു. എവിടെ? ഞാൻ അറബി അക്ഷരങ്ങൾ എഴുതിത്തന്ന ബുക്കെവിടെ? നോക്കട്ടെ. ശര്യായിട്ട്‌ എഴ്‌തിട്‌ണ്ടോന്ന്‌”

“അതാ. അലമാരിലെ ആ തടിച്ച പുസ്‌തകത്തിന്റെ മോളിലുണ്ട്‌.” അയാൾ പറഞ്ഞു.

അവൾ വേഗം ചെന്ന്‌ നോട്ടുബുക്ക്‌ എടുത്ത്‌ വീണ്ടും നരേന്ദ്രന്റെയടുത്ത്‌ സ്‌റ്റൂളിൽ വന്നിരുന്ന്‌ ബുക്ക്‌ നിവർത്തി. എല്ലാം അവൾ സൂക്ഷ്‌മമായി പരിശോധിക്കുകയായിരുന്നു. ഒടുവിൽ അവളൊരു ചിരിയായിരുന്നു. ‘ശീൻ’ ഇങ്ങനെയാണോ എഴുതുന്നത്‌? നരേന്ദ്രൻ എന്നതിലെ ‘ന’ തിരിച്ചിട്ടാൽ ‘ശീൻ’ ആവ്വോ? ആവ്വോന്ന്‌?“ അവൾ പുസ്‌തകം കൊണ്ട്‌ അയാളെ അടിക്കാൻ കൈയ്യോങ്ങി.

”നാളേയ്‌ക്ക്‌ ശര്യായിട്ട്‌ എഴുതാം“ അയാൾ കുറ്റസമ്മതത്തോടെ തുടർന്നു. ‘എന്നാ ചോന്ന മഷികൊണ്ട്‌ മാർക്കിട്ട്‌ താ.”

“മാർക്കോ?” അവൾ പിന്നേയും ചിരിച്ചു

“അത്‌ ’ശീനും‘ കൂടെ തെറ്റിക്കാണ്ടെ എഴ്‌തീട്ട്‌. ’ശീൻ‘ നാളേയ്‌ക്ക്‌ ഒരു മുപ്പത്‌ പ്രാവശ്യം എന്നെ എഴുതി കാണിക്കണം.”

“ഓ.. എഴുതിക്കാണിയ്‌ക്കാം.” അയാൾ മെല്ലെ പറഞ്ഞു.

അയാളുടെയും അവളുടെയും ആ കുട്ടിക്കളികൾ പുറത്തുനിന്ന്‌ ഒളിഞ്ഞു കാണുകയായിരുന്ന ഒരുഴപ്പൻ കാറ്റ്‌. ജനലഴികൾക്കിടയിലൂടെ ആവേശത്തോടെ അകത്തേക്ക്‌ കടന്നുവന്നപ്പോൾ ചൂടുകൊണ്ട്‌ വിങ്ങുകയായിരുന്ന അയാൾ ദീർഘമായി ഒന്നു നിശ്വസിച്ചു. കാറ്റിന്റെ കുസൃതികൊണ്ട്‌ തൂവലിന്റെ ചിത്രങ്ങളുളള അവളുടെ കസവുതട്ടം ഹാങ്കറിൽ കിടന്ന്‌ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു. കഥ പറഞ്ഞുതരൂ.. കഥ പറഞ്ഞു തരൂ.. എന്നു പറയുന്ന മറ്റൊരു മധുരപ്പതിനേഴുകാരി സുന്ദരിയേപ്പോലെ- ചിലപ്പോൾ ആ തൂവൽ സുന്ദരി അയാളുടെയും അവളുടെയും കവിളുകളിൽ മെല്ലെ സ്‌പർശിച്ച്‌ കാറ്റ്‌ കടന്നുപോയപ്പോൾ ഒതുങ്ങിനിന്നു.

അവൾ അയാളുടെ നോട്ട്‌ബുക്ക്‌ മാറ്റിവെച്ച്‌ മുഖം കുനിച്ചിരിക്കുകയായിരുന്നു.

“നരേന്ദ്രൻ ഞാൻ പറയുന്നതുപോലെ പറയുമോ? എന്നാ ഇപ്പം കഥപറഞ്ഞുതന്നില്ലേലും കോയിമുട്ട പൊരിച്ചത്‌ എന്റെ വക.”

അവൾ മുഖം കുനിച്ചിരുന്നുകൊണ്ടുതന്നെ സൗമ്യമായി അയാളോടു ചോദിച്ചു. അവളിലെ കനത്ത ശാന്തത നരേന്ദ്രൻ ശ്രദ്ധിച്ചു.

“പറയൂ...” നരേന്ദ്രൻ ജിജ്ഞാസയോടെ അവളുടെ കണ്ണുകളിലേക്കുനോക്കി. “ലഇലാഹാഈല്ലലാഹ്‌ മുഹമുദ്ദുൽ റസൂലുളളാ.. പറയൂ... പറയൂ..” അവൾ ധൃതിയിൽ പിന്നേയും പിന്നേയും ആ അറബിവാക്യം ഉരുവിട്ടു.

നരേന്ദ്രന്‌ വളരെ വിഷമിച്ച്‌ നിർത്തിനിർത്തികൊണ്ടു മാത്രമേ ആ അറബിവാക്യം പൂർത്തിയാക്കാൻ കഴിഞ്ഞുളളൂ. നരേന്ദ്രൻ ആ അറബിവാക്യം ഉരുവിട്ട്‌ കഴിഞ്ഞപ്പോൾ അവളുടെ മുഖത്ത്‌ ആഹ്ലാദത്തിന്റെ അലകൾ ഇളകി.

“നരേന്ദ്രൻ ഇപ്പം ഇസ്ലാമായി!” അവൾ ഉത്സാഹത്തോടെ വീണ്ടും പറഞ്ഞു. ’ഇപ്പം ചൊല്ലിയത്‌ ശഹാദത്ത്‌ കലിമ. കലിമ ചൊല്ല്യാല്‌ ഇസ്ലാമല്ലാത്തോനും ഇസ്ലാമായി. ഉമ്മ.“ അവൾ ഉമ്മയെ വിളിച്ചു. ”ഉമ്മാ ഈ നരേന്ദ്രൻ കലിമ ചൊല്ലി. കലിമ ചൊല്ല്യാല്‌ ഇസ്ലാമായില്ലെ? ഇല്ലേ ഉമ്മാ?“

”മോളേ, നീയാ നരേന്ദ്രങ്കുട്ടീനെ ഇനീം എടങ്ങാറാക്കല്ലേ.. നീയ്യ്‌ അട്‌ക്കലേയ്‌ക്കൊന്ന്‌ വന്നാ. ഞാൻ നിക്കരിയ്‌ക്കാമ്പോണ്‌.“ അവളുടെ ഉമ്മ അടുക്കളയിൽ നിന്ന്‌ വിളിച്ചുപറഞ്ഞു.

”ആരിഫ കുറ്റം ചെയ്‌ത്‌, പടച്ചോനോട്‌. എന്നേക്കൊണ്ട്‌ കുറ്റം ചെയ്യിക്കേം ചെയ്‌തു. ആരിഫക്ക്‌ കുറ്റം കിട്ടും.“ നരേന്ദ്രൻ തന്റെ ഹൃദയത്തിലേക്ക്‌ എവിടെനിന്നോ ഒഴുകിവന്ന ആ വാക്കുകൾ അവളിലേക്കെറിഞ്ഞു. ”ശഹാദത്ത്‌ കലിമ ചൊല്ലുന്നത്‌ അർത്ഥമറിഞ്ഞിട്ടും വ്യക്തമായിട്ടും ഭക്തിയോടെ മനസ്സിരുത്തിക്കൊണ്ടുമൊക്കെയായിരിക്കണം.. അങ്ങനെയല്ലാതെ കലിമ ചൊല്ലിയതിന്‌ -എന്നേക്കൊണ്ട്‌ ചൊല്ലിക്കേം ചെയ്‌തതിന്നും ആരിഫയ്‌ക്ക്‌ കുറ്റം കിട്ടും.“

അതുകേട്ടപ്പോൾ അവൾ ആകെ ഒന്നു പതറി. ”പടച്ചോൻ നിയ്‌ക്ക്‌ കുറ്റം വിധിച്ചോട്ടെ.. ഞങ്ങടെ നരേന്ദ്രന്‌ വേണ്ടിയായിട്ടല്ലേ. പടച്ചോൻ എനിയ്‌ക്ക്‌ കുറ്റം വിധിച്ചാൽ ഞാനതേൽക്കും..“

ആ വാക്കുകളിൽ അവളുടെ ഹൃദയത്തിന്റെ അഗാധത അയാൾ കണ്ടറിഞ്ഞു. എന്നിട്ടും ഒരു നിമിഷം അവളെ ശുണ്‌ഠി പിടിപ്പിക്കണമെന്ന്‌ അയാൾക്ക്‌ തോന്നി.

”നിങ്ങടെ നരേന്ദ്രനോ, അതെന്താ അങ്ങനെ?“ അയാൾ ഹൃദയശൂന്യമായ ഒരു മരവിപ്പ്‌ മുഖത്തുവരുത്തി അതുപറഞ്ഞപ്പോൾ അവൾ ഇരുന്ന്‌ കുഴങ്ങി.

”ഇനിയ്‌ക്കും ഉമ്മക്കും പിന്നെ മറ്റാരാണ്‌ളളത്‌? ഞങ്ങടെ നരേന്ദ്രനല്ലാതെ..“ അവളുടെ ശബ്‌ദം മർമ്മരമായി. ”ഉമ്മാ...“ അവൾ പെട്ടെന്ന്‌ സ്‌റ്റൂളിൽ നിന്നെഴുന്നേറ്റ്‌ ഉമ്മയുടെ അടുത്തേയ്‌ക്കോടി. അവൾ വിതുമ്പിക്കരയുന്നത്‌ അയാൾ കേട്ടു.

”പടച്ചവനേ!.. അയാൾ ഉളളുരുകി പ്രാർത്ഥിച്ചു. കുടുംബബന്ധങ്ങളുടെ വേരുകളറ്റ്‌ ഈ വാടകവീടുകളുടെ ശൂന്യതയിലകപ്പെട്ടുപോയ ഈ ഉമ്മയേയും മകളേയും...

ഉമ്മാച്ചു

വിലാസം

പിലാക്കണ്ടി പ്ലാസ

തലശ്ശേരി - 670 101




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.