പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തകഴിയിലെ വെളളപ്പൊക്കത്തിൽ ഒഴുകി ഒഴുകി ഒരു മനസ്സ്‌...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.എം.മുഹമ്മദ്‌

കഥ

(വെളളപ്പൊക്കം കഷ്‌ടനഷ്‌ടങ്ങളുടെ ചേറും ചണ്ടിയും മാത്രമല്ല ശേഷിപ്പിക്കുന്നത്‌. മധുരം കിനിയുന്ന ഓർമ്മകളുടെ മുത്തും പവിഴവും അതോടൊപ്പമുണ്ട്‌. അതിന്റെ ദ്യോതനമായ സ്‌മരണകൾ കുട്ടനാടൻ മനസ്സുകളിലുണ്ട്‌. മൂന്നു ദശാബ്‌ധങ്ങൾക്കു മുമ്പുളെളാരു വെളളപ്പൊക്കം ഒരു ബാലമനസ്സിനെ ചേർത്തുവെച്ചത്‌ ഒരു മഹാപ്രതിഭയിലേക്കാണ്‌. വർഷം 1967.)

ആറും തോടും കവിഞ്ഞ്‌ പറമ്പുനിറഞ്ഞ്‌ വീടിന്റെ ഒതുക്കുകൾ കയറിയ വെളളം കട്ടളപ്പടിയിൽ തുളളിത്തുളുമ്പി. നാലാം ദിവസവും പേമാരി തുടരുകയായിരുന്നു. പ്രളയപ്പരപ്പിൽനിന്ന്‌ അവന്റെ കടലാസുതോണി വീട്ടിനകത്തേക്ക്‌ ഒഴുകിവീണ നിമിഷം അവൻ മുകളോട്ടുകുതിച്ച്‌ കൈകൊട്ടിച്ചിരിച്ചു. കട്ടളപ്പടിയിൽ കയറിനിന്ന്‌ മെഹമൂദ്‌ ചുറ്റുപാടുമൊന്നു നോക്കി. പരിസരത്തുളള വീടുകൾ മിക്കതും പകുതി മാത്രമേ വെളളത്തിനു മുകളിൽ കാണുന്നുളളൂ. കലശലായ മഴയ്‌ക്ക്‌ ശമനംകണ്ട തക്കത്തിൽ മെഹമൂദിന്റെ സംഘപരിവാരം മാളങ്ങളിൽനിന്ന്‌ പുറത്തുചാടി. കാലൊടിഞ്ഞ ബെഞ്ചിന്റെ പളളയിൽ കമഴ്‌ന്നുവീണ്‌ അവനും വടക്കോട്ടുവെച്ചുപിടിച്ചു. വടക്കൂന്ന്‌ രാമചന്ദ്രനും കിഴക്കൂന്ന്‌ സിറാജും പടിഞ്ഞാറൂന്ന്‌ ഷാഹുവും പരിവാരങ്ങളും ആർപ്പുവിളിച്ച്‌ തുഴഞ്ഞടുത്തു. കടപുഴുകിവന്ന വാഴയും ജീർണ്ണിച്ച മുരിക്കിൻ തടിയുമായിരുന്നു അവരുടെ കളിയോടങ്ങൾ. നിലയുണ്ടാവുമോന്ന്‌ നിശ്‌ചയമില്ലാത്ത പറമ്പുകഴിഞ്ഞ്‌ നിലയേ ഉണ്ടാവുകയില്ലെന്നു തീർച്ചയുളള തോട്ടുപരപ്പിൽ കിടന്നാണു കളി. വെളളത്തിലെ തകർപ്പൻ പ്രകടനങ്ങൾക്ക്‌ മറ്റുളളവരുടത്ര പരിചയം പോരാ മെഹമൂദിന്‌. ജന്മനാടായ ഓച്ചിറേന്ന്‌ ബാപ്പയോടൊപ്പം അവൻ കുന്നുമ്മയിലേക്ക്‌ വന്നിട്ട്‌ കുറഞ്ഞ നാളേ ആയിട്ടുളളു. കൂട്ടുകാരായ സിറാജും ഷാഹുവും രാമചന്ദ്രനുമാണ്‌ അവനെ കുട്ടനാടിന്റെ അഭ്യാസങ്ങൾ പരിശീലിപ്പിച്ചുതുടങ്ങിയത്‌. അതിനിടെ വെളളപ്പൊക്കവും കടന്നുവന്നു.

ഒളിഞ്ഞുനിന്നിരുന്ന കാറ്റും പെശരും പൊടുന്നനെ അവരുടെ മേലേക്കു പതിച്ചു. ജലജീവികളെപ്പോലെ പയ്യന്മാർ ആഴങ്ങളിലേക്കു ഊളിയിട്ടുമറിഞ്ഞു. മലവെളളത്തിന്റെ അടുക്കുകൾ അവരെ തെറുത്തുമൂടി. ഒഴുക്കെടുത്തുവരുന്ന ചെടികളും വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളും ചത്തകോഴികളും എല്ലാം എത്തിപ്പിടിക്കാൻ അവർ പരസ്‌പരം മത്‌സരിച്ചു. മുതിർന്നവരുടെ കണ്ണുവെട്ടിച്ചായിരുന്നു ജലക്രീഡ. തണുപ്പിൽ അവരുടെ ശരീരം കിടുകിടുത്തു. പല്ലുകൾ ടക്‌ ടക്‌ എന്നു കൂട്ടിയടിച്ചു.

മദ്രസ്സയുടെ ജനൽപ്പടിയിൽ കാലും കവച്ചിട്ടിരുന്ന്‌ കഥാകൃത്ത്‌ അരയൻ പറമ്പൻ സൃഷ്‌ടിയുടെ വേദന അനുഭവിക്കുകയായിരുന്നു. വെളളപ്പൊക്കം ഇളക്കിമറിച്ച്‌ ഓളപ്പരപ്പിലിട്ട്‌ തട്ടിക്കളിച്ച സർവ്വ വസ്‌തുക്കളിലും അയാളുടെ കണ്ണ്‌ ദാർശനിക സൂക്ഷ്‌മതയോടെ ഒഴുകിനടന്നു. അവരുടെ കൂട്ടത്തിൽ മുതിർന്ന ആളാണെന്ന ഭാവവും അരയൻപറമ്പനുണ്ട്‌. പത്താം ക്ലാസ്സുകാരൻ. ബൗദ്ധിക ലക്ഷണം എങ്ങനെ പ്രകടിപ്പിക്കാമോ അങ്ങനൊക്കെ.. ബാപ്പയുടെ ഓയിൽജൂബ്ബയാണ്‌ ദേഹത്ത്‌. ചുളളിക്കമ്പിലെ നോക്കുകുത്തി മാതിരി അത്‌ കണങ്കാലുംവിട്ട്‌ ഇറങ്ങിക്കിടന്നു. മദ്രസ്സയ്‌ക്കുളളിൽ ഉച്ചക്കഞ്ഞിക്ക്‌ കലവും തവിയും തട്ടിമുട്ടുന്നു. അപ്പോഴാണ്‌ പുറത്തൊരു കൂട്ട അലർച്ച പൊന്തിയത്‌...

“അളേളാ.. ചെക്കന്മാരാണ്ട്‌ മുങ്ങിത്താണു..”

കഞ്ഞി ഇളക്കിക്കൊണ്ടിരുന്ന അലിക്കുട്ടി ഇക്ക വിളിച്ചുകൂവിക്കൊണ്ട്‌ പുറത്തുചാടി. ദുരിതാശ്വാസക്യാമ്പിലെ മനുഷ്യരും പക്ഷി മൃഗാദികളും ജനൽവാതിലുകളിലൂടെ തല നീട്ടിനോക്കി. അലറിവിളിച്ച പയ്യന്മാർ ഓളങ്ങളിൽ ആർത്തുതിമിർക്കുന്നു. കാലുപെറെന്നേങ്ങളെന്ന്‌ പുലഭ്യം പറഞ്ഞ്‌ അലിക്കുട്ടി ഇക്ക അടക്കമുളളവർ തിരിച്ചുകയറി. അരയൻപറമ്പൻ ജനൽപടിയിൽ കാലുപൂട്ടി അന്തരീക്ഷത്തിലേക്ക്‌ ഉയർന്നുനിന്ന്‌ എന്തൊക്കെയോ അവരോട്‌ നിർദ്ദേശിക്കുന്നുമുണ്ട്‌. മെഹമൂദ്‌ ഭിത്തിയിലൂടെ അളളിപ്പിടിച്ചുകയറി ജനൽപ്പടിയിൽ അയാൾക്കുചാരേ ഇരുപ്പുറപ്പിച്ചു. അവന്റെ കുരുന്നുശരീരം തണുപ്പേറ്റ്‌ ആലില മട്ടില്‌ വിറച്ചു.

ഹേലയ്‌.. ഹേലയ്‌.. വിളികളോടെ മറ്റുളളവർ ചേർന്ന്‌ വാഴനാരിൽ കുരുക്കി വലിച്ചടുപ്പിച്ചത്‌ ഒരു ചത്ത നായയെ ആയിരുന്നു.

കൈകാലുകൾ നിവർത്തി നാവുകടിച്ച്‌ കണ്ണുതുറിച്ച്‌ നായ വെളളത്തിൽ പൊന്തിക്കിടന്നു. അരയൻപറമ്പൻ ഓരോ അണുവും ചികഞ്ഞിളക്കുന്ന തരത്തിൽ അതിനെ നിരീക്ഷിച്ചു. എന്നിട്ട്‌ അരുളപ്പാടുപോലെ പറഞ്ഞു.

“വെളളപ്പൊക്കം ഒരു തുടർക്കഥയാണ്‌... അതിന്റെ സ്വഭാവവും അതിലെ സംഭവങ്ങളും ആവർത്തിക്കപ്പെടുന്നു..”

അയാൾ തന്റെ കയ്യിലുളള പുസ്‌തകം നിവർത്തി എല്ലാവരും കേൾക്കേ വായിക്കാൻ തുടങ്ങി.

‘രാത്രിയായി ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേൽക്കൂര അലയടിയേറ്റ്‌ ആടിയുലയുന്നു. രണ്ടു പ്രാവശ്യം ആ നായ ഉരുണ്ടുതാഴത്തു വീഴാൻ തുടങ്ങി. ഒരു നീണ്ട തല ജലത്തിനുമീതേ ഉയർന്നു. അതൊരു മുതലയാണ്‌. പട്ടി പ്രാണവേദനയോടെ കുരയ്‌ക്കാൻ തുടങ്ങി. അടുത്ത്‌ കോഴികൾ കൂട്ടമായി കരയുന്ന ശബ്‌ദം കേൾക്കായി..“

മെഹമൂദ്‌ അരയൻപറമ്പന്റെ മുഖത്തും അയാളുടെ കയ്യിലിരുന്ന പുസ്‌കതത്തിലും മാറിമാറി നോക്കി. ദീർഘമായി നിശ്വസിച്ച്‌ പുസ്‌കതത്തിൽനിന്ന്‌ നോട്ടംവലിച്ച്‌ അരയൻപറമ്പൻ ഓളങ്ങൾ താരാട്ടുന്ന നായയിലേക്കു കണ്ണുപായിച്ചു. ആർക്കും ഒന്നും പിടികിട്ടിയില്ല. സിറാജും ഷാഹുവും രാമചന്ദ്രനും മദ്രസ്സാഭിത്തിയൊടടുപ്പിച്ച തങ്ങളുടെ പൊങ്ങുകളിൽ അയാളെ മിഴിച്ചു നോക്കുകയാണ്‌. മദ്രസ്സയ്‌ക്കകത്തുളളവരും ശ്വാസം കഴിക്കാതെ വാപൊളിച്ചു നിന്നു.

വെളളപ്പൊക്കത്തിനും കഥയോ..?

അന്നു രാത്രിയിൽ മെഹമൂദ്‌ ബാപ്പയോടു ചോദിച്ചു.

”വെളളപ്പൊക്കത്തിനു കഥയുണ്ടോ ബാപ്പാ..?“

”സർവ്വ വസ്‌തുക്കൾക്കും കഥയുണ്ട്‌... ഭാവനയുളളവർ അതൊക്കെ എഴുതുന്നു..“

ഭാവനയുടെ അർത്ഥം മൂന്നാം ക്ലാസ്സുവരേ പഠിപ്പായിട്ടുളളുവെങ്കിലും അവനൂഹിച്ചു.

”എന്തുകിട്ടിയാലും വായിക്കാൻ കൊതിയല്ലേ നിനക്ക്‌.. തകഴീടെ ’വെളളപ്പൊക്കത്തിൽ‘ എന്ന കഥയും വായിക്കണം..“

ബാപ്പ ചിരിച്ചുകൊണ്ട്‌ അവനെ കിടക്കയിലേക്ക്‌ എടുത്തിരുത്തി. ബാപ്പ വായിച്ചുകൊണ്ടിരുന്ന പുസ്‌തകത്തിന്റെ പുറംചട്ടയിലെ പേര്‌ അവൻ സാവധാനം അക്ഷരം കൂട്ടി വായിച്ചു. ’സാഹിത്യത്തിന്റെ അകംപൊരുളുകൾ ഇസ്ലാമിൽ‘ അദ്ദേഹം അവന്റെ ശിരസ്സിൽ തടവുകയും കവിളിൽ ഉമ്മവെയ്‌ക്കുകയും ചെയ്‌തു. അപ്പോൾ പുരപ്പുറത്ത്‌ കനത്തമഴ ആർത്തലച്ചു. അവർ ലൈറ്റണച്ചു കിടന്നു. കരിമ്പടത്തിനുളളിൽ ബാപ്പയുടെ മാറിൽ പറ്റിച്ചേർന്ന്‌ മെഹമൂദ്‌ സുഷുപ്‌തിയിലാണ്ടു.

ബസ്സ്‌ വന്നുനില്‌ക്കുന്ന.. മൂന്നുവീലുളള സൈക്കിൾ തൂക്കിയിട്ടിരിക്കുന്ന... സർബത്തു കുടിക്കുന്ന...അമ്പലോം പളളിക്കൂടോമുളള മുക്കിന്റെ പേരാണ്‌ തകഴിയെന്ന്‌ അവനറിയാം. ആ പേരുളള കഥയെഴുതുന്ന ആളെക്കുറിച്ച്‌ ബാപ്പ അവനോടു പറഞ്ഞിട്ടുണ്ട്‌. കരിമ്പായൽപിടിച്ച മതിലിനകത്തെ അദ്ദേഹത്തിന്റെ വീട്‌ ഒരിക്കലവന്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു. വേറൊരു സമയം ബസ്സിൽ കയറാൻ നിന്നപ്പോൾ ബാപ്പയുടെ കക്ഷത്തിരുന്ന തുകൽബാഗിനിടയിലൂടെ, അടഞ്ഞുകിടന്ന തുരുമ്പിച്ച ഗേറ്റിലൂടെ അവൻ കണ്ടതാണ്‌ വീടിനു കിഴക്കുപുറത്തെ മാവിൻചോട്ടിൽ മുറുക്കാൻ ചവച്ചുകൊണ്ട്‌ ചാരുകസേരയിൽ കിടക്കുന്ന അദ്ദേഹത്തെ. ബാപ്പയെ തൊട്ടുവിളിച്ചു കാണിക്കാൻ തുനിഞ്ഞതാണ്‌ ആ നേരത്ത്‌ ബസ്സുവന്ന്‌ നോട്ടം മറച്ചു നിന്നു.

ജനലഴികൾക്ക്‌ തലച്ചോറിൽമുട്ടുന്ന കുളിരും ഇരുമ്പുപൂത്ത മണവുമുണ്ടായിരുന്നു. മെഹമൂദ്‌ കവിൾ അതിലേക്ക്‌ നന്നായി അമർത്തിവെച്ചു. അപ്പോഴാ സുഖം കണ്ണിലേക്കു കിനിഞ്ഞിറങ്ങി. പേമാരി ഇടമുറിഞ്ഞിട്ട്‌ രണ്ടുമൂന്നു മണിക്കൂറേ ആയിട്ടുണ്ടാവൂ കരിമേഘങ്ങൾ കനത്തുകനത്ത്‌ ആകാശത്തിന്റെ പിടിയയഞ്ഞു താഴുന്നു. കൊന്നത്തെങ്ങുകൾ മേഘഭാരവും തലയിലേറ്റി നില്‌ക്കുകയായിരുന്നു കുറച്ചുമുമ്പുവരെ. ഇപ്പോൾ കറുത്ത നിഴലുകളാണ്‌ തെങ്ങുംതലപ്പുകൾ. മേഘങ്ങൾ ഇടിഞ്ഞിറങ്ങി കയ്യെത്താവുന്ന പൊക്കത്തിലായപോലെ. അവൻ പിന്നോക്കംചെന്നു നോക്കി. ബാപ്പ മുഴുകിയ വായനയിലാണ്‌. ജനൽപാളി കുറച്ചൂടെ തുറന്നുവെച്ചു. കാറ്റു നിലച്ചിട്ടുണ്ട്‌. ഉറഞ്ഞുറഞ്ഞ്‌ ശ്വാസംമുട്ടുകയാണ്‌ പരിസരം. കലക്കവെളളത്തിനും താഴ്‌ന്നിറങ്ങിയ മേഘങ്ങൾക്കും ഇടയിലെ വിളറിയവെളിച്ചം പ്രകൃതിയുടെ മുഖഭാരമേറ്റി. തലേന്നാളത്തെ ജലക്രീഡ തുമ്മലും ചൂടും വരുത്തിവെച്ചതുകൊണ്ട്‌ പുറത്തിറങ്ങരുതെന്നും കാറ്റടി കൊളളരുതെന്നുമായിരുന്നു മെഹമൂദിനു ബാപ്പയുടെ നിർദ്ദേശം. ബാപ്പയുടെ കണ്ണുവെട്ടിച്ച്‌ ഇടയ്‌ക്കിടെ അവൻ ജനലുതുറക്കുന്നത്‌ പ്രകൃതിയുടെ മുഖഭാവങ്ങൾ കാണാനാണ്‌. ഉളളുതിങ്ങുന്ന കൗതുകമാണ്‌ അവനത്‌. നോക്കിനില്‌ക്കേ എത്ര ഭാവങ്ങളാണ്‌ അവളുടെ മുഖത്തു വന്നുപോവുന്നത്‌. അതൊന്നും പരിപൂർണ്ണമായി ഉൾക്കൊളളാനുളള പ്രായവും അറിവും ആയിട്ടില്ലെങ്കിലും പ്രകൃതി അവന്റെ മനസ്സിനെ പരുവപ്പെടുത്തിക്കൊണ്ടിരുന്നു. മുറ്റത്തെ പ്ലാവിൻചോട്ടിലെ വെളളപ്പൂക്കൾ വിരിയുന്ന ചെമ്പരത്തിയുടെ തലപ്പുകൂടിയേ ഇനി മുങ്ങാനുളളു. വെളളപ്പൊക്കത്തിന്റെ തോതു കണക്കാക്കാനുളള അവന്റെ അടയാളം അതായിരുന്നു. അതിനുചുറ്റും തുഴഞ്ഞുനടന്ന ആമക്കുഞ്ഞ്‌ മലർന്നും ചരിഞ്ഞും പല അഭ്യാസങ്ങളും കാണിച്ച്‌ അവനെ രസംപിടിപ്പിച്ചു. പിന്നീടത്‌ പതിയെവന്ന്‌ വീടിന്റെ സിമന്റടർന്ന കല്ലിൽ അളളിപ്പിടിച്ചിരുന്നു വിശ്രമിക്കാൻ തുടങ്ങി.

വെളളപ്പൊക്കം ഉണ്ടാക്കുന്ന കെടുതികളെക്കുറിച്ച്‌ ബാപ്പ രാത്രിയിൽ ഉറക്കംവരുവോളം അവനെ പറഞ്ഞുകേൾപ്പിച്ചിരുന്നു. എന്നാൽ വെളളപ്പൊക്കത്തിന്റെ കൗതുകങ്ങളായിരുന്നു അവന്റെ മനസ്സുനിറയെ. ആമയുടെ കളികണ്ടപ്പോൾ അവൻ ചിരിച്ചുപോയി. അരയൻപറമ്പൻ കൊടുത്ത പുസ്‌തകത്തിലെ തമാശയുളള ഭാഗം അവൻ ഒരാവർത്തികൂടി വായിച്ചു.

’മലവെളളത്തിൽപ്പെട്ട്‌ ഒഴുകിവരുന്ന ഒരു എറുമ്പിൻകൂട്‌ ആ പുരപ്പുറത്തടിഞ്ഞു. അവ രക്ഷപ്പെട്ടു. ഭോജ്യസാധനമെന്ന്‌ നണ്ണിയാവാം നമ്മുടെ നായ്‌ അവയ്‌ക്കുമ്മകൊടുത്തു. ചീറ്റിത്തുമ്മി അതിന്റെ മൃദുലമായ മോന്ത ചുമന്നുതടിച്ചു...‘

അവൻ വായ്‌പൊത്തി ചിരിച്ചു.

”മെഹമൂദ്‌..“

ബാപ്പയുടെ നീട്ടിയുളള വിളികേട്ട്‌ അവൻ ജനൽപാളികൾ ചേർത്തടച്ചിട്ട്‌ ബാപ്പയുടെ മുറിയിലേക്ക്‌ ഓടി.

”എന്തെടുക്കുന്നു നീ വെളളപ്പൊക്കം കാണ്‌കാ..?“

അവനാദ്യമൊന്നറച്ചു പിന്നെ ’അതേ‘ എന്നു തലകുലുക്കി.

”എവിടെ നിന്റെ പുസ്‌തകം..?“

”പാഠൊക്കെ വായിച്ചു കഴിഞ്ഞു..“

’കഴിഞ്ഞു‘ എന്ന കളവ്‌ അവനെ കുറച്ചൊന്ന്‌ അമ്പരപ്പിച്ചു. പക്ഷേ ബാപ്പയുടെ ചിരിക്ക്‌ ’സാരല്യ‘ എന്ന അർത്ഥമായിരുന്നതുകൊണ്ട്‌ അവനും പതിയെ ചിരിവന്നു. പളളിക്കൂടവും മദ്രസയും അവധിയാണ്‌ വെളളമിറങ്ങിയിട്ടേ ഇനി അതൊക്കെ തുടങ്ങൂ. ഉയർന്ന കെട്ടിടങ്ങളായതുകൊണ്ട്‌ അതിനകത്തൊക്കെ സ്‌ത്രീകളും കുട്ടികളും വയസ്സന്മാരും ആടും കോഴീം അടുപ്പും തീയും... ഒക്കെയാണ്‌.

മഴയും വെളളപ്പൊക്കവും. അതിന്റെ കൗതുകമായിരുന്നു നാലു നാളായി അവന്‌. തകഴിയുടെ വെളളപ്പൊക്കത്തിന്റെ കഥ എത്രയോ ആവർത്തി അവൻ വായിച്ചു കഴിഞ്ഞു. മനസ്സു നിറയെ... മനസ്സിലുളളതിന്റെ തുടർക്കഥയായാണ്‌ കൺമുമ്പിലുളളതെന്ന്‌ അവനറിഞ്ഞു.

അരയൻപറമ്പൻ രാവിലെ തന്നെ തന്റെ കൊതുമ്പുവളളവും തുഴഞ്ഞെത്തി. അയാളുടെ ചന്തി അതിൽ കഷ്‌ടിച്ച്‌ ഒതുങ്ങും അത്രേ ഉണ്ടായിരുന്നുളളു വളളത്തിന്നു വീതി. ജുബ്ബ വെളളത്തിലെ ചണ്ടിയോടൊപ്പം കിടന്നുവലിഞ്ഞു. അത്തരം വളളം കാണുന്നതു തന്നെ മെഹമൂദിന്‌ അതിശയമാണ്‌. വളളത്തിൽ കയറാൻ വലിയ കൊതിയുമാണവന്‌. അരയൻപറമ്പൻ കൂടെക്കൂടെ വിളിക്കും പക്ഷേ കൊതുമ്പുവളളത്തിൽ കയറാനുളള കരളുറപ്പ്‌ ഇനിയും അവനായിട്ടില്ല. വളളം ജനൽകമ്പിയിൽ കുരുക്കിയിട്ട്‌ അയാൾ വരാന്തയിലേക്ക്‌ ചുവടുവെച്ചു. ഒരു സർക്കസുകാരന്റെ പരിചയമുണ്ട്‌ അയാൾക്കതിന്‌. തന്റെ ചുമലിൽ തൂക്കിയിരുന്ന സഞ്ചിയിൽനിന്നും അയാൾ കുറേ പുസ്‌തകമെടുത്തു നിരത്തി. അതിലെല്ലാം പല വർണ്ണത്തിലും വലുപ്പത്തിലും ’തകഴി‘ എന്ന്‌ എഴുതിയിരിക്കുന്നത്‌ മെഹമൂദ്‌ കൗതുകത്തോടെ നോക്കി. വെളളപ്പൊക്കത്തിന്റെ കഥ എഴുതിയ തകഴിയുടെ വേറെയും പുസ്‌തകങ്ങൾ കാണിക്കാമെന്ന്‌ അരയൻപറമ്പൻ അവനോടു പറഞ്ഞിരുന്നു. അവനതെല്ലാം ഒന്നായി അണച്ചുപിടിച്ച്‌ തന്റെ മുറിയിൽ കൊണ്ടുവെച്ചിട്ട്‌ മടങ്ങി വന്നപ്പോൾ അയാൾ താനെഴുതിയ ഒരു കഥ വളരെ ഗമയോടെ അവനെ കാണിച്ചു. എന്നിട്ട്‌ തന്റെ നനഞ്ഞ ജൂബ്ബയൊന്നു കുടഞ്ഞിട്ടു. പെടലി നിവർത്തിപിടിച്ച്‌ ശബ്‌ദത്തിൽ പൊടിപവ്വറു വരുത്തി പറഞ്ഞു.

”ഈ കഥ തകഴി സാറിനെ കാണിക്കാൻ പോവ്വാ..“

മെഹമൂദ്‌ അത്ഭുതംനിറച്ച്‌ അയാളെ നോക്കി. അവൻ ചോദിച്ചു.

”ആ സാറിനോട്‌ നമ്മക്ക്‌ മിണ്ടാനൊക്കുവോ...“

”പിന്നെന്നാ..“

”ഇയ്യാക്കു പേടീല്ലേ..?“

”എന്നാത്തിനാ പേടിക്കുന്നേ...“ അരയൻപറമ്പൻ വല്ലാതെ ചിരിച്ചു.

”എനിക്കു പേടിയാവും..“

”എന്നാത്തിനാ..“

”ത്രേം വലിയ കഥേക്കെ എഴുതുന്ന ആളല്ലേ..“

”മനസ്സില്‌ സ്‌നേഹൊളേളാരാടാ പൊട്ടാ കഥ എഴുതുന്നേ..“

അപ്പോൾ അവനൊരു പുഞ്ചിരിവന്നു. ഒരു വീർപ്പുമുട്ടലും പിന്നെ കൺകോണുകളിൽ കുരുന്നു മോഹത്തിന്റെ അലകളും.

അന്നു രാത്രി അവനൊരു സ്വപ്‌നം കണ്ടു.

കോരുമൂപ്പന്റെ ചുരുളൻ വളളത്തിന്റെ വീതിയുളള പടിയിൽ അവനും ബാപ്പയും ഇരിക്കുന്നു. വെളളം പുരയിടങ്ങളിൽ നിന്ന്‌ തോട്ടിലേക്ക്‌ ഒതുങ്ങിക്കഴിഞ്ഞു. ജലപ്പരപ്പ്‌ ഓരോ അടി താഴുന്നതും തോട്ടുവക്കിൽ അരഞ്ഞാണങ്ങൾ മാതിരി വടുക്കളുണ്ടാക്കിയിരുന്നു. ഒരാഴ്‌ചയിലധികം വെളളം അമർത്തിപ്പിടിച്ചിരുന്ന പരിസരത്തിനു വന്ന കോലക്കേടുകളിൽ അവന്റെ മനസ്സു നൊന്തു. കോരുമൂപ്പന്റെ വെളളപ്പൊക്ക വിശേഷങ്ങളോ കഴുക്കോൽ വെളളത്തിൽ വീഴുന്ന ശബ്‌​‍്‌ദമോ മെഹമൂദ്‌ കേട്ടില്ല. അവന്റെ മനസ്സും ചിന്തയും കരുമാടിയിലേക്കുളള തോടിന്റെ ഇരുകരകളിലും മേഞ്ഞുനടന്നു. തോടിറമ്പത്ത്‌ ഒരു കുടിൽ തറപറ്റിക്കിടക്കുന്നത്‌ അവൻ കണ്ടു. അതിനുചുറ്റും ഒടിഞ്ഞുകിടക്കുന്ന കുറേ വാഴകളും മണ്ടതകർന്ന തൈത്തെങ്ങും. ചേന്നൻ പറയന്റെ കുടില്‌. കോരുമൂപ്പൻ വളളം അങ്ങോട്ടുപായിച്ചു. അതിനകത്തുകിടന്നാണ്‌ പാവം ചേന്നൻ പറയൻ സഹായത്തിനായി ഉറക്കെ വിളിച്ചത്‌. മടലും കമ്പും കൊണ്ട്‌ കെട്ടിയ തട്ടും പരണും ഒടിഞ്ഞുതകർന്ന്‌ അതിനകത്ത്‌.. കൂരയുടെ പുറത്തുനിന്ന്‌ ചേന്നന്റെ പട്ടിയുടെ മരണവേദനയോടെയുളള വിളിയുടെ മുഴക്കം... പട്ടിയെ കളിപ്പിക്കുകയും അതിന്റെ നാസാരന്ത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്‌ത ആ ചുണത്തവള വാഴക്കൂട്ടത്തിന്‌ ഇടയിലേക്ക്‌ ചാടിച്ചാടിപ്പോവുന്നു... എല്ലാം ബാപ്പയോടു വിശദീകരിക്കാൻ അവൻ തിടുക്കംകൂട്ടി. പക്ഷേ കഴിഞ്ഞില്ല. ശബ്‌ദം പുറത്തേക്ക്‌ വരുന്നില്ല... കോരുമൂപ്പൻ വഞ്ചി അകറ്റാൻ തുടങ്ങുമ്പോഴാണ്‌ അവിടെ മൂന്നുപേർ നിന്നു സംസാരിക്കുന്നതു കണ്ടത്‌. കൂട്ടത്തിൽ പൊക്കംകുറഞ്ഞ കുറ്റിത്തലമുടിയുളള ആൾ, വെളളമുണ്ടും അരക്കയ്യൻ ഷർട്ടുമാണ്‌ ധരിച്ചിരിക്കുന്നത്‌. കയ്യിൽ വളഞ്ഞ കാലുളള കുടയുമുണ്ട്‌. അദ്ദേഹം അവർക്കുനേരേ ചിരിച്ചു. വായിൽ നിറഞ്ഞ മുറുക്കാൻ ഒതുക്കിവെച്ച്‌ ബാപ്പയോട്‌ എന്തൊക്കെയോ സംസാരിച്ചു. മെഹമൂദ്‌ അത്ഭുതംകൊണ്ട്‌ മരവിച്ചുപോയി. അദ്ദേഹം മുന്നോട്ടാഞ്ഞ്‌ വളളത്തിൽ നിന്നിരുന്ന ബാപ്പയ്‌ക്കു കൈകൊടുത്തു. പിന്നെ ചിരിച്ചുകൊണ്ട്‌ മെഹമൂദിനുനേരേ കൈനീട്ടി. അവൻ പരിഭ്രമപ്പെട്ട്‌ അറച്ചറച്ച്‌ കൈനീട്ടിയതും വളളപ്പടിയിൽനിന്നു പിന്നോക്കം മലർന്നുപോയി വെളളത്തിലേക്ക്‌. മെഹമൂദിന്റെ ഞെട്ടലിൽ ബാപ്പയും ഉണർന്നു. അദ്ദേഹം എഴുന്നേറ്റ്‌ ലൈറ്റിട്ടു. പരിഭ്രമപ്പെട്ടിരിക്കുന്ന അവനോടു ബാപ്പ ചോദിച്ചു.

”എന്താ മോനേ... സ്വപ്‌നം കണ്ടോ...?“

അതെയെന്ന്‌ അവൻ തലകുലുക്കി.

”അതിനല്ലേ പറേന്നത്‌... കെടക്കുമ്പോ.. എന്തെങ്കിലും ഓതി ഊതീട്ട്‌ കെടക്കണമെന്ന്‌...“

എന്തോ പറയാൻ അവന്റെ തൊണ്ടയിൽ വിങ്ങുന്നത്‌ അദ്ദേഹം കണ്ടു.

”എന്താ മോനേ...?“

അദ്ദേഹം അവനെ മാറോടണച്ചിരുത്തിക്കൊണ്ട്‌ ചോദിച്ചു.

”നമ്മളെപ്പഴാ ബാപ്പാ കരുമാടീ പോന്നത്‌..?“

അവൻ ബാപ്പയുടെ മുഖത്തുതന്നെ ഉറ്റുനോക്കി.

”ഓ... അതാണോ കാര്യം.. അപ്പോ കരുമാടിക്കുട്ടനായിരുന്നോ നിന്റെ സ്വപ്‌നത്തില്‌...“ അതും പറഞ്ഞ്‌ അദ്ദേഹം ചിരിച്ചു.

നാട്ടിൽനിന്ന്‌ ആദ്യം വരുമ്പോൾ ബസ്സ്‌ കരുമാടി പാലത്തിൽ കയറിയപ്പോഴാണ്‌ ബാപ്പ അവന്‌ കരുമാടിക്കുട്ടന്റെ കഥ പറഞ്ഞുകൊടുത്തത്‌. അതിമാന്ത്രികനായ ഒരു നമ്പൂരിയുടെ ഇല്ലത്തുനിന്ന്‌ ഉരുളിയും മോഷ്‌ടിച്ചുകൊണ്ട്‌ ആറ്റിറമ്പത്തൂടെ ഓടിയ കരുമാടിക്കുട്ടൻ നമ്പൂരിയുടെ മാന്ത്രികശക്‌തികൊണ്ട്‌ കല്ലായിത്തീർന്ന കഥ. ഒരു വായ്‌മൊഴിക്കഥ. ഉരുളിയും തലയിൽകമഴ്‌ത്തി നില്‌ക്കുന്ന കരുമാടിക്കുട്ടനെ കാണാൻ അന്നേ അവനു പൂതിയായി. ”അത്‌ ആറ്റിറമ്പത്തല്ലേ...ബോട്ടിലോ വളളത്തിലോ വരുമ്പോ മോനെ കാണിക്കാം..“ അന്നു ബാപ്പ അവനു വാക്കുകൊടുത്തിരുന്നു. അത്‌ ഇടയ്‌ക്കിടെ അവൻ ബാപ്പയെ ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു.

സൂര്യൻ ഇങ്ങ്‌ അടുത്തുവന്ന്‌ ഉദിച്ചതുപോലെ. കുറേ ദിവസങ്ങൾക്കുശേഷമുളള ചക്രവാളത്തിലെ കനകച്ചാർത്ത്‌. സ്‌ക്കൂളുതുറന്നു. വെളളപ്പൊക്കം അവശേഷിപ്പിച്ച്‌ വഴിയിൽ കെട്ടിക്കിടന്ന വെളളം കുട്ടികൾ ചെറ്റിത്തെറുപ്പിച്ച്‌ കളിച്ചു. മെഹമൂദും സിറാജും ഷാഹുവും രാമചന്ദ്രനും അവരൊരു സംഘമായാണ്‌ സ്‌ക്കൂളിൽ പോക്കും വരവും. സ്‌ക്കൂളിലേക്കു പോകവേ വഴിയിൽ ആളുകൾ വട്ടംകൂടി നില്‌ക്കുന്ന ഭാഗത്തേക്കു ഓടിപ്പോയി നോക്കീട്ട്‌ സിറാജിന്റെ അനുജൻ സൈഫ്‌ വിളിച്ചുകൂവി.

”സില്‌മാ വണ്ടി... സില്‌മാ വണ്ടി...“

അവിടെ ചെണ്ടമേളം ഉയർന്നു. നോട്ടീസുകൾ ആകാശത്തേക്ക്‌ പറന്നു. നോട്ടീസു പറക്കാൻ അവരും അങ്ങോട്ടോടി. കട്ടവണ്ടിയിലെ സിനിമാപോസ്‌റ്ററിൽ ഒരു വലിയ സ്വർണ്ണപ്പതക്കം. അതിനുതാഴെ ചുവന്ന അക്ഷരത്തിൽ ’തകഴി‘ എന്ന എഴുത്ത്‌. മെഹമൂദിന്റെ കണ്ണും മനസ്സും അതിൽ തറച്ചു. അരയൻപറമ്പൻ അവനെ കാട്ടിയ പുസ്‌തകത്തിന്റെ പേരുമുണ്ട്‌ ’ചെമ്മീൻ‘. അന്ന്‌ ക്ലാസ്സിലിരിക്കുമ്പോഴെല്ലാം അവന്റെ കണ്ണിലും മനസ്സിലും ആ സിനിമാപോസ്‌റ്ററായിരുന്നു. ഇടവേളയിൽ മറ്റ്‌ കുട്ടികളോട്‌ ഇടകലർന്ന്‌ അവൻ ഗേറ്റോളം പോയി സൂത്രത്തിൽ അകത്തേക്കു നോക്കി. മുറ്റത്ത്‌ മാവിൻചോട്ടിൽ കസേര മാത്രമേ ഉണ്ടായിരുന്നുളളു. അദ്ദേഹം..? അതവനെ വല്ലാതെ നിരാശപ്പെടുത്തി. ഗേറ്റിലെ തുരുമ്പിച്ചു പൊഴിഞ്ഞുതുടങ്ങിയ അക്ഷരങ്ങൾ അവൻ പതിയെ വായിച്ചു. ’ശങ്കരമംഗലം‘ പിന്നെ പലപ്പോഴും അവനാ ഗേറ്റിലൂടെകണ്ടു അദ്ദേഹത്തെ. മാവിൻചോട്ടിലെ കസേരയിൽ വെറുതേ ഇരിക്കുന്നതും ചിലപ്പോൾ വായിക്കുന്നതും എഴുതുന്നതുമൊക്കെ. ഒരുനാൾ തകഴിയിൽ ബസ്സിറങ്ങി കുന്നുമ്മയ്‌ക്കു നടക്കുമ്പോൾ ശ്രീധർമ്മശാസ്‌താക്ഷേത്രത്തിന്റെ നടയ്‌ക്കലൂടെ അദ്ദേഹം... മെഹമൂദ്‌ ബാപ്പയുടെ വിരലിന്മേലുളള പിടിമുറുക്കി. അവന്റെ പാദങ്ങൾ പതിയെയായി. ബാപ്പ തിരിഞ്ഞുനിന്ന്‌ അവനോട്‌ കാര്യം തിരക്കി. പക്ഷേ അവൻ ചൂണ്ടിക്കാണിച്ചപ്പോഴേക്കും ’തകഴി‘ അമ്പലമതിലിന്‌ അകത്തേക്കു കടന്നുപോയിരുന്നു.

മാവ്‌ ആരുടേതായാലും മാമ്പഴം എല്ലാവരുടേയും അങ്ങനെയാണ്‌ കുട്ടനാട്ടുകാരുടെ മാമ്പഴക്കാലം. കാറ്റിൽ കൊഴിയുന്ന മാമ്പഴം പറക്കാൻ കുട്ടികളും മുതിർന്നവരും ഓടും. കാറ്റടിച്ചാൽ തകഴി സ്‌ക്കൂളിലെ കുട്ടികൾ ശങ്കരമംഗലത്തേക്കാണ്‌ ഓടുക. അപ്പോൾ കൊഴിയുന്ന മാമ്പഴങ്ങൾ മാത്രമല്ല, നേരത്തേ കൊഴിഞ്ഞ മാമ്പഴങ്ങളും കുട്ടികൾക്കായി അവിടെ പെറുക്കിവെച്ചിട്ടുണ്ടാവും.

മറ്റു കുട്ടികൾക്കൊപ്പം അന്ന്‌ മെഹമൂദും ആർത്തുവിളിച്ച്‌ ഓടിയതാണ്‌. എല്ലാവരും ഗേറ്റ്‌ കടന്നുപോയി. അവൻ മാത്രം അകത്തേക്കു കടക്കാൻ കഴിയാതെ കാലറച്ചുനിന്നു. ഭയമോ ആദരവോ ലജ്ജയോ എന്താണെന്നവനറിയില്ല. കൊഴിഞ്ഞുവീണ കിളിച്ചുണ്ടൻ മാമ്പഴം കുട്ടികൾ ഓടിനടന്ന്‌ പറക്കുന്നതും കിട്ടാതെ വന്നവർക്ക്‌ തകഴിയും ഭാര്യയും അവിടെ സംഭരിച്ചിരുന്ന മാമ്പഴം കൊടുക്കുന്നതും അവൻ ഉൽക്കടമായ അവസ്ഥയിൽ നോക്കിനിന്നു. അപ്പോഴുളള തന്റെ ഹൃദയമിടിപ്പ്‌ അവന്‌ ശരിക്കും കേൾക്കാമായിരുന്നു. അവന്‌ കരച്ചിൽവന്നു. കുറേനേരം അദ്ദേഹം അവനെ തന്നെ ശ്രദ്ധിച്ചു. എന്നിട്ട്‌ അരികിലേക്ക്‌ കൈകാട്ടിവിളിച്ചു. മെഹമൂദ്‌ ഇടർച്ചയോടെ അങ്ങോട്ടുനടന്നടുത്തു.

അദ്ദേഹം അവനോടു ചോദിച്ചു.

”കുഞ്ഞിന്റെ പേരെന്നാ..?“

”മെഹമൂദ്‌...“ അവനദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നിർന്നിമേഷനായി നോക്കിനിന്നു.

”എന്നാ അവിടെ നിന്നുകളഞ്ഞത്‌.. മാമ്പഴം വേണ്ടേ..?“ അതു ചോദിച്ചുകൊണ്ട്‌ അദ്ദേഹം അവന്റെ കയ്യിൽ ഒരു മാമ്പഴം വെച്ചുകൊടുക്കുകയും ചുമലിൽ പിടിച്ച്‌ തന്നോടു ചേർത്തുനിർത്തുകയും ചെയ്‌തു. ആ സ്‌പർശത്തിൽ അവനൊന്നിളകി. അതൊരു സ്വപ്‌നമല്ലെന്നും അവന്‌ ബോധ്യമായി.

എ.എം.മുഹമ്മദ്‌

വിലാസം

എ.എം.മുഹമ്മദ്‌

ഗസൽ

മഠത്തികരൺമ പി.ഒ.

ഓച്ചിറ

കൊല്ലം.

ഫോൺ - 0476 - 690782




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.