പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പാസ്‌പോർട്ട്‌ സൈസ്‌ ഉടലിലെ അപൂർവ്വകാഴ്‌ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി. ലിബീഷ്‌കുമാർ

കഥ

ശക്തമായി മഴപെയ്‌ത ഉച്ചസമയമാണ്‌ സ്‌റ്റുഡിയോവിലേക്ക്‌ പോകാൻ അവൾ തിരഞ്ഞെടുത്തത്‌. മഴയുടെ തണുപ്പിൽ ചേച്ചി മയക്കത്തിലാണ്ടിരുന്നു.

കതക്‌ ചാരി റോഡിലിറങ്ങുമ്പോൾ മഴയുടെ കനത്ത തുളളികൾ അവളെ പൊതിയാൻ തുടങ്ങി. നനവ്‌ ലഭിക്കാത്ത പ്രതലങ്ങളെ മഴ വാശിയോടെ നനക്കുന്നു. വലിയ കാറ്റിന്റെ വലയത്തിൽ കുടുങ്ങാതെ തല കുടയുടെ ശീലക്കുളളിൽ ഒളിച്ചിരുന്നു.

ചുഴറ്റി വീശുന്ന വർഷത്തെ ഗൗരവമേറിയ വാദവിഷയമായി അപ്പോഴും അവൾക്ക്‌ തോന്നിയില്ല. അതുകൊണ്ടാണല്ലോ അവൾ തന്റെ സഞ്ചാരം ഈ പെരുമഴയിലൂടെ തുടരുന്നത്‌...

സ്‌റ്റുഡിയോവിന്‌ മുന്നിലെത്തിയനേരം അവളുടെ വസ്‌ത്രങ്ങൾ മുഴുവനും നനഞ്ഞ്‌ കുതിർന്നിരുന്നു. പൗഡർ പുരട്ടിയ മുഖവും എണ്ണയിൽ കുതിർന്ന മുടിയും മഴയുടെ പിടിയിൽനിന്ന്‌ ഭദ്രമായ്‌ രക്ഷിക്കാനായതുകൊണ്ട്‌ അവൾക്കതിൽ ഒട്ടും സങ്കടം തോന്നിയില്ല.

സ്‌റ്റുഡിയോവിലെ ചിത്രപ്പണികൾ ചെയ്‌ത സ്വീകരണമുറിയിലേക്ക്‌ അവൾ കയറി.

ചായം തേച്ച ചുവരിലെ ഷോകേസ്‌ മാതിരി നിർമ്മിച്ച വേർതിരിവിനുളളിൽ സ്ഥാനം പിടിച്ച തുടുത്ത കവിളുകളെ അസൂയയോടെ നോക്കി കാണുമ്പോൾ സ്‌റ്റുഡിയോക്കാരൻ പരിചയഭാവത്തിൽ ചിരിച്ചു. അയാൾ ഭക്ഷണം കഴിച്ച്‌ കൈകഴുകാൻ പുറത്തേക്ക്‌ വരികയായിരുന്നു.

വൈവിധ്യമായ സാങ്കേതികതയിൽ പിൻചെയ്‌തുവച്ച ഫോട്ടോകൾ തന്നെ നോക്കി രസിക്കുന്നത്‌ ആസ്വദിക്കാനാവാതെ അവളുടെ മുഖം ഇളംവേദനയിൽ കുനിഞ്ഞുപോയി. ഇരുണ്ട നിസ്സംഗതയുടെ അപരിചിതത്വത്തിൽ ലയിച്ച്‌ ഷോകേസിലെ തുടുത്ത കവിളുകളോട്‌ അവൾ പിന്നീട്‌ ഒറ്റയ്‌ക്ക്‌ കലഹിക്കുവാൻ തുടങ്ങി.

സ്‌റ്റാൻഡിൽ ഫിറ്റ്‌ ചെയ്‌ത എസ്‌.ഐ.ആർ ക്യാമറയുടെ ഉളള്‌ തുറന്ന്‌ സ്‌റ്റുഡിയോക്കാരൻ ഫിലിം തിരുകിവെച്ചു. ഷട്ടർസ്‌പീഡും, ഡയഗ്രവും അഡ്‌ജസ്‌റ്റ്‌ ചെയ്യുന്ന പ്രവൃത്തിയിൽ മുഴുകിയ സ്‌റ്റുഡിയോക്കാരന്‌ മുന്നിൽ, തനിക്ക്‌ മാത്രം സ്വന്തമായ നിഗമനങ്ങളിൽ വേരുറപ്പിച്ച്‌ സാഫല്യം നേടാൻ ശ്രമിക്കുകയായിരുന്നു അവൾ.

കറുത്തനിറമുളള മനുഷ്യരുടെ പാസ്‌പോർട്ട്‌ സൈസ്‌ മുഖങ്ങൾ വെളുത്തതായിരിക്കുമെന്ന കണ്ടെത്തലുകളിൽ അവൾക്ക്‌ അഭിമാനം തോന്നി.

മീശമുളയ്‌ക്കാത്ത രാജന്‌ മീശവരച്ച്‌ കൊടുത്തതും ചെവിക്ക്‌ ദ്വാരമുളള കുമാരേട്ടന്‌ അതടച്ച്‌ ഭംഗിയാക്കിയതും, ഒട്ടിയ മിനിചേച്ചിയെ മിനുക്കിയെടുത്തതും ഇവിടത്തെ ഇതേ ക്യാമറയാണെന്ന സത്യത്തിന്‌ മുന്നിൽ അവളുടെ ആത്മവിശ്വാസം വളരുകയായിരുന്നു.

ചിന്തകളിൽ ആയിരം വാട്ടിന്റെ തീവ്രത മുറ്റിയ വെളുത്ത പ്രകാശം പൂർണ്ണതയോടെ കത്തിനിന്നു. സൈഡ്‌ ലൈറ്റുകൾ ജ്വലനം ചെയ്യുന്ന നിമിഷങ്ങളിൽപോലും, സുഖമുളള അറിവുകളിൽ വിഹരിക്കുവാനുളള തയ്യാറെടുപ്പിലായിരുന്നു അവൾ!

“റെഡി”- ക്യാമറാമാന്റെ ഉറക്കെയുളള ശബ്‌ദത്തിൽ അവൾ ഉണർന്നു. ക്യാമറയുടെ അഭിമുഖമായ്‌ കണ്ണുകൾ വിടരുകയും യാന്ത്രികമായി താടിയല്‌പം താഴുകയും ചെയ്‌തു.

പിടിയിലൊതുങ്ങിയ ശേഷം വൈൻഡ്‌ ചെയ്യുന്നതിനിടയിൽ ക്യാമറാമാൻ പുഞ്ചിരിയോടെ അറിയിച്ചുഃ “ഓകെ.”

പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ നിഗൂഢഭാവവുമായി അവൾ ക്യാമറക്കുളളിലൊരു ദിവസം വിശ്രമിച്ചു. സന്തോഷ്‌ അന്ന്‌ അവധിയിലായിരുന്നു.

വളർന്ന്‌ വലുതായ താടിരോമങ്ങളിൽ പെൻസിലിന്ററ്റം കൊണ്ട്‌ ചൊറിഞ്ഞ്‌, എവിടെ തുടങ്ങണമെന്ന ചിന്തയിൽ, ടച്ചിങ്ങ്‌ ബോക്‌സിന്‌ മുന്നിൽ ലയിച്ചിരിക്കുകയാണ്‌ മോഹനൻ. നെഗറ്റീവിൽ മീഡിയം പുരട്ടിയിരുന്നു. ഇവളെ എത്രത്തോളം ഭംഗിയാക്കാമോ അത്രത്തോളം മേയ്‌ക്കപ്പ്‌ ചെയ്യിക്കാനുളള ശശിയേട്ടന്റെ നിർദ്ദേശമായിരുന്നു അയാളെ കുഴക്കിയത്‌. ഭക്ഷണം കഴിക്കാതെ ജോലിചെയ്‌ത്‌ ഒരു കോലമായ്‌ മാറിയ ഗൾഫുകാരന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന പണ്ടത്തെ ആർത്തിയിലായിരുന്നു ശശിയേട്ടനപ്പോൾ!

ടച്ചിങ്ങ്‌ പെൻസിലിന്റെ കൂർപ്പിച്ച മുന അവൾക്ക്‌ മുകളിലൂടെ സാവധാനം ചലിക്കുവാൻ തുടങ്ങി.

നെറ്റിയിലെ വരകളായിരുന്നു ആദ്യം ഷേയ്‌ഡ്‌ ചെയ്‌ത്‌ മായ്‌ച്ചത്‌. മുറിഞ്ഞ പുരികവരയുടെ നീളം ക്രമീകരിക്കുവാൻ അല്‌പം അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും മോഹനനത്‌ ഭംഗിയായി നിർവ്വഹിച്ചു. ഒട്ടിയ കവിളിലല്പം മാംസം നിറച്ച്‌, കഴുത്തിന്‌ ചുറ്റും ആനുപാതികമായ വൃത്തവലയങ്ങൾ സൃഷ്‌ടിച്ച്‌, നീണ്ട താടിയെ ഒരുവിധം സമന്വയപ്പെടുത്തി, മോഹനൻ അവളെ സൗന്ദര്യത്തിന്റെ കോപ്പിയായി രൂപാന്തരപ്പെടുത്തി. സൃഷ്‌ടിയുടെ കോശങ്ങളിൽ ജീവന്റെ കണിക തുടിക്കുന്നത്‌ മോഹനൻ കണ്ടു.

മിനുക്ക്‌ പണി അവസാനിപ്പിച്ച്‌ നെഗറ്റീവ്‌ ഡാർക്ക്‌ റൂമിലേല്പിച്ചതിന്‌ ശേഷം...

കഴുകി ഉണക്കിയ നാല്‌ പ്രിന്റുകൾ വീണ്ടും മോഹനന്‌ മുന്നിൽ.

തലമുടിയിൽ അങ്ങിങ്ങായി ചിതറിയ വെളുത്ത നരകൾ ഡാർക്ക്‌ ചെയ്‌ത്‌ പിഴുത്‌ കളയുമ്പോൾ ഒരഞ്ച്‌ വയസ്സിന്റെ ഇളമ അവൾക്കനുഭവപ്പെട്ടു. കൂടിയും കുറഞ്ഞും നീളം പ്രദർശിപ്പിച്ച മുടിച്ചുരുളുകളിൽ നിന്ന്‌ പെൻസിൽ സ്വതന്ത്രമാകുമ്പോൾ സ്‌ത്രീത്വത്തിന്റെ തുളുമ്പിച്ച നഖചിത്രം പൂർണ്ണമായിരുന്നു. ഉദാത്തമായ ലാസ്യഭംഗിയിൽ, മോഹനനെന്ന കലാകാരന്‌ അനല്‌പമായ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.

മിനുക്കുപണിയുടെ അവസാനഘട്ടം പൂർത്തിയായി. പക്ഷെ മോഹനന്റെ ഉളളിൽ ശക്തമായ ഒരു വിചാരം ഉണങ്ങാതെ അവശേഷിച്ചിരുന്നു.

ഫോട്ടോ വാങ്ങുമ്പോൾ ഇത്‌ തന്റേതല്ലെന്ന്‌ ആ സ്‌ത്രീ പറയുമോ?

സ്‌റ്റുഡിയോവിന്‌ വെളിയിൽ മഴയുടെ കനത്ത രേഖകൾ വിലക്ഷണമായ കലപോലെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. പ്രതിരോധിക്കാൻ മാർഗ്ഗമില്ലാതെ ജനം വിരണ്ടോടി. ഇടിയുടെ ശബ്‌ദഘോഷങ്ങൾ ഭയത്തിന്റെ അലകൾ ഉണർത്തിവിട്ടു. ജാലകങ്ങളും വാതിലുകളും ഷട്ടറുകളും അടഞ്ഞു...

വെളുപ്പും കറുപ്പും വിതറിയ പാസ്‌പോർട്ട്‌ സൈസിൽ നിന്ന്‌ കണ്ണുകൾ മാറ്റാൻ അവൾക്ക്‌ തോന്നിയില്ല.

ലാസ്‌റ്റ്‌ ടെച്ചപ്പിൽ മോഹനന്റെ മനസ്സിൽ ഘനീഭവിച്ച സംശയങ്ങളൊന്നും അവളുടെ സമീപനത്തിൽ പ്രതിഫലിക്കാതിരുന്നത്‌ ആശ്ചര്യമായി മാറാൻ അധിക സമയമെടുത്തില്ല.

വികാരം മുഴങ്ങേണ്ടുന്ന ചുണ്ടുകളിൽ നിഗൂഢ മന്ദഹാസം വൈരുധ്യംപോലെ ഒളിഞ്ഞു നോക്കുന്നു.

സമാനതകൾക്കപ്പുറമുളള ആത്മാവിഷ്‌ക്കാരം പ്രദർശിപ്പിച്ച അവൾ ആ ഫോട്ടോകൾ മുഴുവനും ഷോകേസിലെ തുടുത്ത കവിളുകൾക്കിടയിൽ പിൻചെയ്‌ത്‌ വച്ചു. പ്രവൃത്തിയുടെ ആ നേരങ്ങളിൽ ശശിയേട്ടൻ വിളറുന്നത്‌ സന്തോഷും, മോഹനനും കണ്ടു.

അവൾ ഷോകേസിനടുത്തേക്ക്‌ നീങ്ങിനിന്നു. താനടക്കമുളള മിനുസമേറിയ കവിളുകളോട്‌, വെല്ലുവിളിയുടെ സ്വരത്തിലവൾ മന്ത്രിച്ചു.

“ഞാനും നിങ്ങളും സൃഷ്‌ടികൾ മാത്രമാണ്‌. ക്യാമറയുടെ വെറും സൃഷ്‌ടികൾ....”

മഴയുടെ ശക്തി കൂടുകയാണ്‌.

സ്‌റ്റുഡിയോവിലെ അന്തേവാസികളെ സംത്രാസത്തിന്റെ ചുഴിയിലേക്ക്‌ തളളിയിട്ട്‌, ശൗര്യത്തോടെ പെയ്യുന്ന വർഷത്തിലേക്ക്‌ കുതിക്കാനുളള തയ്യാറെടുപ്പോടെ അവൾ തന്റെ കുട നിവർത്തി. മയക്കം വിട്ടുണരുന്ന ചേച്ചിക്ക്‌ മുൻപെ വീട്ടിലെത്താൻ...

പി.പി. ലിബീഷ്‌കുമാർ

1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌.

വിലാസംഃ

പി.പി. ലിബീഷ്‌കുമാർ

ഏച്ചിക്കൊവ്വൽ

(പി.ഒ.) പീലിക്കോട്‌

കാസർഗോഡ്‌ ജില്ല

671353
Phone: 0498 561575




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.