പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തെരേസാ എന്നൊച്ചയിട്ടയാൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇറ്റാലോ കാൽവിനോ

ഭാഷാന്തരം ഃ ബാബുരാജ്‌ റ്റി.വി

ഞാൻ നടപ്പാതയിൽ നിന്നിറങ്ങി, മുകളിലേയ്‌ക്കു നോക്കിക്കൊണ്ട്‌ ഏതാനും ചുവടുകൾ പുറകിലേയ്‌ക്കു നടന്നു. തെരുവിന്റെ നടുവിൽ നിന്ന്‌ ഒരു ഉച്ചഭാഷിണിയുണ്ടാകുവാൻ എന്റെ കൈകൾ വായ്‌ക്കുനേരെ കൊണ്ടുവന്ന്‌, കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലകൾക്കുനേരെ നോക്കി ഒച്ചയിട്ടു. “തെരേസാ!”

നിലാവിൽ എന്റെ നിഴൽ ഞെട്ടിത്തെറിച്ച്‌ എന്റെ പാദങ്ങളിൽ ചുരുണ്ടുകൂടി.

അരികിലൂടെ ആരോ കടന്നുപോയി. വീണ്ടും ഞാൻ ഒച്ചയിട്ടു. “തെരേസാ!” അയാൾ എന്റെ അരികിലേയ്‌ക്കു വന്നിട്ടു പറഞ്ഞു. “താങ്കൾ കുറച്ചുകൂടി ഉറക്കെ ഒച്ചവെച്ചില്ലെങ്കിൽ അവൾക്കു താങ്കളെ കേൾക്കാൻ കഴിയുകയില്ല. നമുക്ക്‌ ഒരുമിച്ചു ശ്രമിക്കാം. അതുകൊണ്ട്‌ഃ മൂന്നുവരെ എണ്ണും, മൂന്നിൽ നമ്മൾ ഒരുമിച്ച്‌ ഒച്ചവെക്കും.” അനന്തരം അയാൾ ഉരുവിട്ടു. “ഒന്ന്‌, രണ്ട്‌, മൂന്ന്‌.” ഞങ്ങൾ രണ്ടുപേരും കൂടി അലറി, “തെരേ...സാ...!”

കാപ്പിക്കടയിൽ നിന്നോ അഥവാ നാടകശാലയിൽ നിന്നോ തിരിച്ചുപോകുകയായിരുന്ന ഒരു ചെറുസുഹൃത്‌സംഘം ഞങ്ങൾ ഉറക്കെ ഒച്ചവെയ്‌ക്കുന്നതു കണ്ടു. അവർ അഭിപ്രായപ്പെട്ടു. “ദയവായി ഞങ്ങളും കൂടി ഒച്ചയിട്ടു നിങ്ങളെ സഹായിക്കാം.”

തെരുവിനു നടുവിൽ അവരും ഞങ്ങളോടൊപ്പം ചേർന്നു. ആദ്യത്തെ മനുഷ്യൻ ഒന്നുമുതൽ മൂന്നുവരെ എണ്ണിയപ്പോൾ എല്ലാവരും ഒരുമിച്ചു ചേർന്ന്‌ ഒച്ചയിട്ടു. “തെരേ....സാ...!”

ആരോ ഒരാളും കൂടിവന്ന്‌ ഞങ്ങളോടൊപ്പം ചേർന്നു. ഒരു കാൽമണിക്കൂറിനുശേഷം അവിടെ ഞങ്ങളുടെ കൂട്ടത്തിലാകെ, മിക്കവാറും ഇരുപതോളം പേരുണ്ടായിരുന്നു. അടിക്കടി പുതിയ ആരെങ്കിലും വന്നെത്തിക്കൊണ്ടിരുന്നു.

ഒരേസമയത്ത്‌ എല്ലാവരും ചേർന്ന്‌ നല്ലവണ്ണം ഒന്നൊച്ചയിടാൻ, ഞങ്ങളെയെല്ലാം സ്വയം ചിട്ടപ്പെടുത്തുകയെന്നത്‌ എളുപ്പമായിരുന്നില്ല. എല്ലായ്‌പ്പോഴും ആരെങ്കിലുമൊരാൾ മൂന്നിനുമുൻപ്‌ തുടങ്ങുകയോ അല്ലെങ്കിൽ വളരെ നീണ്ടുപോകുകയോ ചെയ്തെങ്കിലും, ഒടുവിൽ മിക്കവാറും നിപുണതയോടെ ഞങ്ങളതു നിറവേറ്റിക്കൊണ്ടിരുന്നു. “തെ” അവരോഹണത്തിൽ നീട്ടിയും, “രേ” ആരോഹണത്തിൽ നീട്ടിയും, “സാ” അവരോഹണത്തിൽ കുറുക്കിയും ഒച്ചയിടുവാൻ ഞങ്ങൾ സമ്മതിച്ചു. അത്‌ ഉത്‌കൃഷ്‌ടമായിരുന്നു. ഇടയ്‌ക്കിടെ ആരെങ്കിലും താളം തെറ്റിക്കുമ്പോൾ കേവലം ബഹളമയമാകും. ഞങ്ങളതു ശരിയാക്കുവാൻ ആരംഭിച്ചു കഴിഞ്ഞപ്പോൾ, ആരോ ഒരാൾ, ഏതുവിധേനയും അയാളുടെ ശബ്‌ദം നയിക്കപ്പെടുന്നതായിരുന്നെങ്കിൽ, കണ്ടമാനം പുളളിക്കുത്തുകൾ വീണ മുഖത്തോടെയുളള അയാൾ ആരാഞ്ഞു.

“പക്ഷെ അവൾ വീട്ടിലുണ്ടായിരിക്കുമോയെന്ന്‌ താങ്കൾക്കുറപ്പുണ്ടോ?”

“ഇല്ല.” ഞാൻ പറഞ്ഞു.

“അതു മോശമാണ്‌.” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“താങ്കളുടെ താക്കോൽ നഷ്‌ടപ്പെട്ടു, ഇല്ലേ?”

“വാസ്‌തവത്തിൽ”, ഞാനറിയിച്ചു. “എന്റെ താക്കോൽ എന്റെ കൈവശമുണ്ട്‌.”

“അതുകൊണ്ട്‌.” അവർ ചോദിച്ചു. “താങ്കൾ എന്താണു മുകളിലേയ്‌ക്കു പോകാത്തത്‌?”

“ഞാനിവിടെയല്ല താമസിക്കുന്നത്‌.” ഞാൻ മറുപടി പറഞ്ഞു. “നഗരത്തിന്റെ മറ്റേഭാഗത്താണു ഞാൻ താമസിക്കുന്നത്‌.”

“കൊളളാം. പിന്നെ എന്റെ ജിജ്ഞാസയിൽ പൊറുക്കുക.” പുളളിക്കുത്തു വീണവന്റെ ശബ്‌ദം അന്വേഷിച്ചു. “എന്നാൽ ആരാണിവിടെ താമസിക്കുന്നത്‌.”

“യഥാർത്ഥത്തിൽ എനിക്കറിയില്ല.” ഞാനറിയിച്ചു.

ഇതുകേട്ടപ്പോൾ ആളുകൾ അല്പമൊന്നിളകി.

“അതുകൊണ്ട്‌ താങ്കൾ ദയവായി സമാധാനം പറയൂ.” ഒരു പല്ലിളിയൻ ശബ്‌ദത്തോടെ ആരോ ഒരുവൻ ചോദിച്ചു. “ഇവിടെ താഴെ നിന്നുകൊണ്ട്‌ താങ്കൾ തെരേസാ എന്നൊച്ചവെയ്‌ക്കുന്നതെന്തിനാണ്‌?”

“എന്നെ സംബന്ധിച്ചിടത്തോളം”, ഞാൻ പ്രതിപാദിച്ചു. “നമ്മൾക്ക്‌ ഉറക്കെ മറ്റൊരു പേരുവിളിക്കാൻ കഴിയും, അല്ലെങ്കിൽ നിങ്ങൾക്കിഷ്‌ടപ്പെടുകയാണെങ്കിൽ മറ്റുവല്ലയിടത്തും ശ്രമിക്കാം.”

മറ്റുളളവരെല്ലാം അല്പം അസഹ്യത പൂണ്ടു.

“താങ്കൾ ഞങ്ങളെ കളിപ്പിക്കുകയായിരുന്നില്ലെന്നു ഞാൻ വിശ്വസിക്കുന്നു.” സംശയബുദ്ധിയോടെ പുളളിക്കുത്തുളളവൻ മൊഴിഞ്ഞു.

“എന്ത്‌” ഞാൻ നീരസത്തോടെ പറഞ്ഞിട്ട്‌ എന്റെ ഉദ്ദേശശുദ്ധി ഉറപ്പാക്കുന്നതിനായി മറ്റുളളവരുടെ നേരെ തിരിഞ്ഞു. മറ്റുളളവർ ഒന്നും പറഞ്ഞില്ല.

ഒരുനിമിഷം അവിടെയാകെ അമ്പരപ്പുയർന്നു.

“നോക്കൂ”, നല്ല മനഃസ്ഥിതിയോടെ ആരോ ഒരാൾ അഭിപ്രായമുന്നയിച്ചു. “എന്തുകൊണ്ട്‌ നമുക്ക്‌ ഒരുവട്ടം കൂടി തെരേസാ എന്നു വിളിച്ചിട്ട്‌ പിന്നെ വീടുകളിൽ പൊയ്‌ക്കൂടാ.”

അതുകൊണ്ട്‌ ഞങ്ങളത്‌ ഒരുവട്ടം കൂടി ആവർത്തിച്ചു.

“ഒന്ന്‌ രണ്ട്‌ മൂന്ന്‌ തെരേസാ!” എന്നാൽ അതു നല്ലരീതിയിൽ പുറത്തേയ്‌ക്കു വന്നില്ല. പിന്നെ, ആളുകളിൽ ചിലർ ഒരുവഴിയിലൂടെയും മറ്റുചിലർ മറ്റുവഴിയിലൂടെയും അവരവരുടെ വീടുകളിലേയ്‌ക്കു വെച്ചുപിടിച്ചു.

ഇതിനകം കെട്ടിടങ്ങൾക്കിടയിലെ വിശാല സ്ഥലത്തേക്കു തിരിഞ്ഞ്‌, അപ്പോഴും ഒച്ചയിടുന്ന ഒരു ശബ്‌ദം കേട്ടെന്നു ഞാൻ ചിന്തിച്ചപ്പോൾഃ “തെ....രേ...സാ...!”

ഒച്ചയിടുവാൻ ആരെങ്കിലും നിന്നിട്ടുണ്ടാകാം. പിടിവാശിക്കാരനായ ആരോ ഒരാൾ.

ഇറ്റാലോ കാൽവിനോ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.