പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

എഴുത്തുകാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രമേശ്‌ബാബു

കഥ

“ഏയ്‌ ദിനേശ്‌... ഇങ്ങോട്ടുനോക്കൂ..”

റോഡിനപ്പുറത്തുനിന്ന്‌ തുടരെയുളള വിളി. ചങ്ങാതി അനിൽ ശ്രദ്ധയാകർഷിക്കാൻ പാടുപെടുന്നു.

“ക്രോസ്‌ ചെയ്യണ്ട. ഞാൻ അങ്ങോട്ടുവരാം.” അനിൽ ബൈക്ക്‌ തിരിച്ച്‌ ദിനേശ്‌ നില്‌ക്കുന്ന ബസ്‌സ്‌റ്റോപ്പിനു സമീപം നിറുത്തി.

“ഞാൻ നോക്കുമ്പോൾ നീ സ്‌റ്റോപ്പിൽ നിന്ന്‌ ആരോടോ സംസാരിക്കുന്നു. അടുത്താരെയും കാണാനുമില്ല. പുതിയ വല്ല സൃഷ്‌ടിവേണ്ടി ആത്‌മഗതം ചെയ്യുകയാണോ? നിന്റെ മുഖം ആധിപിടിച്ചപോലുണ്ട്‌.”

ചിരിച്ചുകൊണ്ട്‌ അനിൽ സിഗരറ്റിന്‌ തീകൊളുത്തിയിട്ട്‌ പാക്കറ്റ്‌ ദിനേശന്‌ നീട്ടി. ആഗ്രഹമില്ലെന്നപോലെ അയാളും ഒരെണ്ണം കത്തിച്ചു. അനിലിന്റെ സാമീപ്യത്തിൽ വല്ലാത്ത ആശ്വാസം തോന്നി.

അനിൽ അയാളെ ഓഫീസിനുമുന്നിൽ വിട്ടിട്ട്‌ ബൈക്കിൽ പാഞ്ഞുപോയി. ജോലിക്കു കയറുംമുമ്പ്‌ ഒരു ചായ കുടിച്ചാൽ കൊളളാമെന്ന്‌ തോന്നി. ഓഫീസ്‌ കാന്റീനിലേക്കു നടന്നു.

സമയം പതിനൊന്നോളമായതിനാൽ കാന്റീനിൽ തിരക്കുണ്ടായിരുന്നില്ല. എങ്കിലും പ്രിന്റിംഗ്‌ സെക്ഷനിലെ ഒന്നുരണ്ടുപേർ അവിടവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ മൂലയിൽ പോയിരുന്ന്‌ ചായ ആവശ്യപ്പെട്ടു.

ചായ എത്തുന്നതിനിടയിലുളള സമയം ഇരുകൈകളും കൊണ്ട്‌ മുഖംപൊത്തി വെറുതെ അങ്ങനെയിരുന്നു. ദിവസങ്ങളായി അലട്ടുന്ന ഉറക്കമില്ലായ്‌മയുടെ ക്ഷീണം അയാളെ ഗ്രസിക്കാൻ തുടങ്ങി.

“സർ” പരിചിതമെന്നു തോന്നിച്ച ശബ്‌ദംകേട്ട്‌ അയാൾ മുഖത്തുനിന്ന്‌ കൈകൾ മാറ്റി.

“ദിനേശ്‌ സർ. ഇതു ഞാനാണ്‌... എന്റെ കാര്യം... ഞാൻ ഭ്രാതൃഹത്യ നടത്തിയവനാണ്‌. അല്ല സാർ എന്നെക്കൊണ്ട്‌ ചെയ്യിച്ചു. ആത്മപീഡയാൽ ഞാൻ ഉഴറുകയാണ്‌. ഒന്നുകിൽ എനിക്ക്‌ അർഹമായ ശിക്ഷ ഏറ്റുവാങ്ങണം. അല്ലെങ്കിൽ മരണത്തിന്റെ വഴി തിരഞ്ഞെടുക്കണം. ഇനി അലയാൻ വയ്യ. ലോകത്ത്‌ ഏതൊരു വ്യക്തിക്കും സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. പക്ഷേ, ഞാൻ സാറിന്റെ വെറും കഥാപാത്രമായതുകൊണ്ടാണ്‌ ഈ ഗതി... അർപ്പണബോധമോ പൂർണ്ണേച്‌ഛയോ ഇല്ലാത്ത സാറിനെപ്പോലുളളവർ അലസമായി പടച്ചുവിടുന്ന ഞങ്ങൾ ജാരസന്താനങ്ങളെക്കാൾ ഗതികെട്ടവരാണ്‌.”

കഥാപാത്രത്തിന്റെ ആത്മരോഷം അനർഗളം പ്രവഹിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ ദിനേശ്‌ എന്ന എഴുത്തുകാരൻ ആത്മാർത്ഥമായും കരുതി.

ഭ്രാതൃഘാതകനായ ആ കഥാപാത്രത്തിന്റെ പരിണാമ ഗുപ്‌തിയെക്കുറിച്ച്‌ പറയാനൊരുങ്ങുമ്പോഴേക്കും പഴുതുകൾ നോക്കി ഒത്തിരി അരൂപികൾ പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കാൻ തക്കംപാത്തു നില്‌ക്കുന്നതുകണ്ട്‌ കാന്റീനിൽ നിന്ന്‌ അയാൾ വെളിയിലേക്ക്‌ ചാടി.

മുറ്റത്തെ വെയിലിൽ എന്തു ചെയ്യണമെന്നറിയാതെ നില്‌ക്കുമ്പോൾ ആരും പിറകെയില്ലെന്ന്‌ അയാൾ ആശ്വാസത്തോടെ അറിഞ്ഞു. കാഠിന്യമേറി വരുന്ന വെയിലും തലയ്‌ക്കുളളിലെ കലമ്പലുകളും അയാളെ പരിക്ഷീണനാക്കി. ഇന്നിനി ഓഫീസിൽ കയറിയാലും തന്നെ ഒന്നിനും കൊളളില്ലെന്ന്‌ തോന്നി. എന്തു ചെയ്‌വൂ എന്നു ശങ്കിച്ച്‌ വീണ്ടും അവിടെ നിന്നു.

“ദിനേശ്‌ സാർ...”

അയാൾ ഞെട്ടലോടെ തിരിഞ്ഞുനോക്കി. ആശ്വാസം കഥാപാത്രമല്ല, അപ്രന്റീസാണ്‌.

“സർ, കഴിഞ്ഞയാഴ്‌ച വന്ന കഥ വായിച്ചു. അതിലെ ഇന്ദു എന്ന കഥാപാത്രത്തിനു സംഭവിച്ച ദുരന്തം...”

കഥാപാത്രമെന്നു കേട്ടപാടെ ദിനേശ്‌ ഒന്നും പറയാതെ കാൽ നീട്ടിവെച്ചു നടന്നു. അലക്ഷ്യമായ നടത്തം ഓഫീസിനു പിന്നിലെ മാഞ്ചോലകൾക്കും ടോയ്‌ലറ്റുകൾക്കും അരികിലാണ്‌ കൊണ്ടെത്തിച്ചത്‌. അയാൾ വാഷ്‌ബേസിനരികിലേക്കു നീങ്ങി. മുഖത്ത്‌ കുറെ വെളളം തെറ്റിച്ചപ്പോൾ നേരിയൊരാശ്വാസം. വിരലുകൾകൊണ്ട്‌ മുഖത്തെ വെളളം തുടച്ച്‌ മുന്നിലെ കണ്ണാടിയിൽ അറിയാതെ നോക്കിപ്പോയി. അപരിചിതമായിക്കൊണ്ടിരിക്കുന്ന സ്വന്തം പ്രതിരൂപത്തെ ശ്രദ്ധിക്കാൻ തുടങ്ങുമ്പോഴാണ്‌ കണ്ണാടിയിൽ ഒപ്പം പ്രത്യക്ഷപ്പെടുന്ന പെൺമുഖത്തെ നടുക്കത്തോടെ കണ്ടത്‌.

ഇന്ദു! അറിയാതെ നാവ്‌ പുലമ്പി.

“അതേ സർ, ഇന്ദു. എന്നെ ഇങ്ങനെ ആലംബഹീനയാക്കി അനിശ്ചിതത്വത്തിൽ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. എന്റെ സ്വത്വം ഇപ്പോൾ സ്വൈരമില്ലാതെ അലയുകയാണ്‌.”

“അലയാൻ നീയാര്‌ പ്രേതമോ?” ദിനേശിന്‌ ദേഷ്യം വന്നു.

“സാറിനെന്നെ ഒരു പ്രേതമെങ്കിലുമാക്കാമായിരുന്നു. അലയൽ ഞാനെന്റെ ആത്മാംശമാക്കിയേനെ.”

ദിനേശ്‌ ഒരുനിമിഷം ചിന്തയിലാണ്ടു. “സാറെന്താ ഒന്നും മിണ്ടാത്തത്‌? വെറും പതിനാറു വയസ്സു മാത്രമുളള, മിഡിയോ ജീൻസോ മാത്രം ധരിക്കേണ്ട ഞാനാണ്‌ ഇന്നും ഈ സാരിയും ചുറ്റി പാകത വന്നവളെപ്പോലെ...”

“നീ ഇനി അറിയാൻ എന്താണ്‌ ബാക്കി?” ദിനേശിന്‌ അവളുടെ കുഞ്ഞു ചമയൽ ഇഷ്‌ടപ്പെട്ടില്ല.

“സർ, എന്നെ എങ്ങനെയൊക്കെയാണ്‌ അങ്ങ്‌ വഴിനടത്തിയതെന്നു മറന്നുപോയോ? ഉയർന്ന ഉദ്യോഗസ്ഥരായ അച്‌ഛന്റെയും അമ്മയുടെയും ഒരേയൊരു മകൾ. വീട്ടിൽ തനിച്ചായിരിക്കുമ്പോൾ കമ്പ്യൂട്ടറിലും ക്ലാസിക്കുകളിലും മാത്രം സമയം പോക്കിയിരുന്നവൾ. ആ ഞാനാണ്‌ പതിനാറാം വയസ്സിൽ ഗർഭിണിയായത്‌.”

“വ്യാസൻ കുന്തിയെ ഒമ്പതാം വയസ്സിൽ സൂര്യനാൽ അമ്മയാക്കിയത്‌ നീ മറന്നുപോയോ?” ദിനേശ്‌ അവളുടെ വായടപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ, കുന്തിക്ക്‌ വ്യാസൻ ആഭിജാത്യമുളള ദാമ്പത്യവും സൽകീർത്തിയും നൽകിയില്ലേ? ഞാനോ... നാല്‌പതു വയസ്സുളള ലോക്കൽ ഗാർഡിയനാലാണ്‌ ബലാത്സംഗം ചെയ്യപ്പെട്ടത്‌.“

”ബലാത്സംഗത്തിൽ ആരും ഗർഭിണിയാകില്ല.“ ദിനേശ്‌ തിരിച്ചടിച്ചു.

”ശക്തനായ പുരുഷനാൽ കീഴ്‌പ്പെടുത്തപ്പെടുന്ന സ്‌ത്രീയുടെ മാനസികാവസ്ഥ അങ്ങേയ്‌ക്കും അറിയില്ലെന്നുണ്ടോ? ക്രമേണ ജിജ്ഞാസുവായ എന്നിൽ അയാൾ ആഗ്രഹപൂർത്തീകരണം നടത്തുമ്പോൾ സംതൃപ്‌തിയുടെ താഴ്‌വാരങ്ങളിലേക്ക്‌ അറിയാതെ ഞാനും പറന്നിറങ്ങുകയായിരുന്നു. എന്തുകൊണ്ട്‌ അവസാനംവരെ ചെറുത്തുനില്‌ക്കാനുളള മനക്കരുത്ത്‌ അങ്ങ്‌ എനിക്ക്‌ തന്നില്ല.“

”സ്‌ത്രീ എപ്പോഴും ചപലയാണ്‌. നിന്റെ വിധിയും അതുതന്നെ.“ ദിനേശ്‌ നിർവികാരനായി.

”എങ്കിൽ എന്നെ എന്തിന്‌ അബോർഷന്‌ നിർബന്ധിച്ചു. രണ്ടു കുട്ടികളുളള എന്റെ പീഡകൻ എന്നെ സംരക്ഷിക്കാൻ തയ്യാറായിരുന്നല്ലോ.“

”അതെങ്ങനെ പറ്റും? നിന്റെ തന്തയുടെ പ്രായമില്ലേ പെണ്ണേ അവന്‌?“

”ഞാൻ ആദ്യമറിഞ്ഞ പുരുഷനാണ്‌ അയാൾ. എന്റെ വയറ്റിൽ തിടംവച്ചത്‌ അയാളുടെ ജീവാംശമാണ്‌. ലോകത്ത്‌ ഒരു സ്‌ത്രീക്കും അവളുടെ സ്‌ത്രീത്വം ജ്വലിപ്പിച്ച പുരുഷനെ മറക്കാനാവില്ല. അങ്ങ്‌ അയാളെ എന്നിൽനിന്നകറ്റി. എന്റെ ഉദരത്തിൽ വളർന്ന കുഞ്ഞിനെ പറിച്ചെറിഞ്ഞു. എന്റെ പിതാവിന്റെ പ്രായമുണ്ടെങ്കിലും അയാളെ ഒരുനോക്കു കാണാതെ എനിക്കു ജീവിക്കാൻ വയ്യ. കാർന്നെടുത്ത എന്റെ കുഞ്ഞിന്റെ നിലവിളി എപ്പോഴും എന്നെ പിന്തുടരുന്നു.“

ഇന്ദുവിന്റെ ഏങ്ങലടി തന്റെ സപ്‌തനാഡികളെയും സ്‌തബ്‌ധമാക്കാൻ തുടങ്ങുന്നത്‌ ദിനേശ്‌ അനുഭവിച്ചു.

”ഇന്ദൂ... നീ വെറുമൊരു കഥാപാത്രമാണ്‌. നീ എന്റെ സ്വസ്ഥത കെടുത്താതെ മടങ്ങിപ്പോ...“

”എങ്ങോട്ടാണ്‌ ഞാൻ പോകേണ്ടത്‌? എന്റെ സ്രഷ്‌ടാവിന്‌ എന്നെ സംഹരിക്കാമല്ലോ. അങ്ങനെയെങ്കിലും, പിറക്കാതെപോയ എന്റെ കുഞ്ഞിന്റെ ആത്മാവിനൊപ്പം എന്നെ യാത്രയാക്കാൻ കരുണ കാട്ടൂ സാർ...“

മാഞ്ചോലകളിലെ ഇരുണ്ട പടർപ്പുകളിൽ നിന്ന്‌ ചോരക്കുഞ്ഞുങ്ങളുടെ കൂട്ടനിലവിളികൾ ഉയർന്നുപൊങ്ങി തന്നെ വലയം ചെയ്യുന്നതായി ദിനേശിനു തോന്നി. അവയുടെ ആർത്തനാദം പ്രതിധ്വനിച്ച്‌ ചെകിടടപ്പിക്കും വിധം അസഹ്യമായപ്പോൾ അയാൾ അവിടെനിന്ന്‌ ഓടി. ഓഫീസ്‌ മുറ്റവും നടവഴികളും കടന്ന്‌ നഗരത്തിന്റെ തിരക്കിലേക്കിറങ്ങിയ അയാൾക്ക്‌ സ്വയംമറക്കണമെന്നു തോന്നി. ആദ്യം കണ്ട ബാറിലേക്ക്‌ അയാൾ ഓടിക്കയറി.

ഗ്ലാസിൽ ഐസ്‌ക്യൂബുകൾ ഇടുമ്പോൾ മനസ്സിനെ ശൂന്യമാക്കണമെന്ന്‌ അയാൾ ആശിച്ചു. ഒന്നും ചിന്തിക്കരുത്‌. ഒന്നും ഓർക്കരുത്‌. അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്ന ഐസിൽ മാത്രം ശ്രദ്ധയൂന്നി അയാൾ ഇരുന്നു. മദ്യത്തിൽ സ്വയം നഷ്‌ടപ്പെടുന്നൊരു ഐസ്‌ക്യൂബിൽ തെളിഞ്ഞ ഇന്ദുവിന്റെ മുഖം ഓർമ്മകളുടെ കോണുകളിൽ നിന്ന്‌ രേണുവിന്റെ മുഖമായി പരിണമിക്കുന്നത്‌ ആധിയോടെ അയാൾ കണ്ടു.

”ദിനേശ്‌ അങ്കിൾ.. മമ്മിയും ഡാഡിയും അറിഞ്ഞാൽ ഞാനെന്തു ചെയ്യും? നമുക്ക്‌ കല്യാണം കഴിക്കാം.“

”കുട്ടി അസംബന്ധങ്ങൾ പറയാതിരിക്കൂ.“

”ഞാനിപ്പോ കുട്ടിയല്ല. അങ്കിളിന്റെ കുട്ടിയാണ്‌ ഈ വയറ്റിൽ..“

”രേണൂ... നിന്റെ മമ്മിക്കും ഡാഡിക്കും നീ ഇപ്പോഴും കുട്ടിതന്നെ.“

”ഞാനവരോടും പറയും ഞാനിപ്പോ കുട്ടിയല്ലെന്ന്‌.“

”നോക്കൂ... അങ്കിളിനെ ഇങ്ങനെ വിഷമിപ്പിക്കരുതേ... നല്ല കുട്ടിയല്ലേ... നമുക്ക്‌ ഡോക്‌ടർ ആന്റിയെ ഒന്നുകൂടി കാണാം.“

”വേണ്ട അങ്കിൾ. എനിക്കിതിനെ വേണം.“

”പറയുന്നതനുസരിക്ക്‌..“

ബാറിന്റെ മൂലകളിൽ നിന്നെല്ലാം പിറക്കാതെപോയ കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ഉച്ചസ്ഥായികൾ ഒടുവിൽ അയാളെ സ്വന്തം ബാച്ച്‌ലേഴ്‌സ്‌ റൂമിലേക്ക്‌ ആട്ടിയോടിച്ചു.

കണ്ണു തുറന്നപ്പോൾ രാത്രിയെന്നു കണ്ടു. ഇത്രയും നേരം ബോധമറ്റ്‌ ഉറങ്ങുകയായിരുന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.

മുറിപൂട്ടി പുറത്തേക്കിറങ്ങുമ്പോൾ അശ്രദ്ധമായാണ്‌ വാച്ചിലെ സൂചി ശ്രദ്ധിച്ചത്‌. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. ഇനി വല്ല തട്ടുകടകളും കണ്ടേക്കാം. അയാൾ നഗരത്തിന്റെ വിജനതയിലേക്ക്‌ ഉറയ്‌ക്കാത്ത ചുവടുകൾ വച്ചു. സ്വന്തം കാൽപ്പെരുമാറ്റത്തിന്റെ ആവർത്തനംപോലെ പിന്നിൽ നേരിയ ശബ്‌ദം. തിരിഞ്ഞുനോക്കി.

ഒരു വൃദ്ധൻ. എന്ത്‌ എന്ന അർത്ഥത്തിൽ ദിനേശൻ നിന്നു.

”സർ, ഞാൻ വൃദ്ധസദനത്തിലെ...“

”വൃദ്ധസദനത്തിലെ...?“ കഥാപാത്രമാണോ എന്ന സന്ദേഹത്തിൽ അയാൾ പുരികം വളച്ചു.

പ്രാർത്ഥനകളിൽ... ആത്മീയചര്യകളിൽ എല്ലാം ഞാൻ സാക്ഷാത്‌കാരം തിരയുകയായിരുന്നു. അതെനിക്ക്‌ എന്നു കൈവരും? കഥാപാത്രമെന്നോ ജീവപാത്രമെന്നോ നിശ്‌ചയമില്ലാത്ത വൃദ്ധനു നല്‌കാൻ ദിനേശിന്‌ ഉത്തരമില്ലായിരുന്നു. രക്ഷപ്പെടാനായി ദിനേശൻ നിലത്തുറയ്‌ക്കാത്ത കാലുകൾ ആവുന്നത്ര വലിച്ചുവച്ചു.

കർക്കടകരാവിന്റെ ഇരുട്ട്‌ അന്നേരം അയാളുടെ പ്രജ്‌ഞ്ഞയേയും മൂടിയിരുന്നു. കർക്കടകത്തിന്റെ ശ്രാദ്ധമുണ്ണാൻ ചന്ദ്രമണ്‌ഡലം വിട്ടിറങ്ങിയ ആത്മാക്കൾ വഴികളിലാകെ അയാളെ പിന്തുടർന്നു.

ഓടിക്കിതച്ച്‌ മുറിയിലെത്തിയ ദിനേശ്‌ വാതിലുകളും ജനാലകളും ഭദ്രമായി അടച്ചെന്നു വരുത്തി. തളർന്ന മനസ്സും ശരീരവുമായി അയാൾ എഴുത്തു മേശയ്‌ക്കരികിലേക്ക്‌ വലിഞ്ഞടുത്തു. മുന്നിൽ എഴുതിയും എഴുതാതെയും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട കടലാസുകഷണങ്ങളിൽ നിന്ന്‌ ജീവിതവ്യാഖ്യാനങ്ങൾ മൂർത്തത പൂണ്ട്‌ അയാളെ ഉറ്റുനോക്കി. ഒരു വെളുത്ത കീറ്‌ വലിച്ചെടുത്ത്‌ അയാൾ എഴുതാൻ തുടങ്ങി.

”ഞാൻ ദിനേശ്‌. എഴുത്തുകാരൻ. ഞാനെന്ന ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കുന്നു. എനിക്കായി ശേഷിക്കുന്നതെല്ലാം, ജീവിച്ചിരിപ്പുണ്ടെങ്കിൽ രേണുകയ്‌ക്കും!

-ദിനേശ്‌.“

കത്തുമടക്കി ടേബിൾ ലാമ്പിനരികിൽ വച്ച്‌ അയാൾ എഴുന്നേറ്റു. അർത്ഥശൂന്യത നിറഞ്ഞ കണ്ണുകൾ സീലിംഗിൽ തൂങ്ങുന്ന ഫാനിലുടക്കി. അയാൾ ഫാനിൽ മുണ്ടുമുറുക്കി. പിന്നെ ഒരു നിമിഷം കണ്ണടച്ച്‌ ഓർമ്മകളെ ധ്യാനിച്ചു. സ്‌മൃതി പരമ്പരകളുടെ ഘോഷയാത്രകൾ അയാളെ ഭയപ്പെടുത്തി.

”ഒരു നിമിഷം... ഒന്നു പറഞ്ഞോട്ടെ.“

കുരുക്ക്‌ കഴുത്തിലേക്കിടാൻ തുനിഞ്ഞ അയാളുടെ കൈകൾ പെട്ടെന്നു നിശ്‌ചലമായി.

”ആരത്‌?“ ഭീതിയോടെ അയാൾ മുറിക്കുളളിൽ കണ്ണു പായിച്ചു. വായുപോലും ചലിക്കാത്ത മുറിയിൽ ടേബിൾ ലാമ്പിനരികിലെ ആത്മഹത്യാക്കുറിപ്പ്‌ അനങ്ങുന്നത്‌ സംഭ്രമത്തോടെ അയാൾ കണ്ടു. അതിൽനിന്ന്‌ മറ്റൊരു അമൂർത്തരൂപം ഉയിർത്തെഴുന്നേറ്റ്‌ ചിരിച്ചുനില്‌ക്കുന്നു.

”ആരാണ്‌ നീ?“ ദിനേശ്‌ ഒച്ചയെടുത്തു.

”താങ്കളുടെ പ്രതിരൂപം. ഒരുപക്ഷേ, അവസാനസൃഷ്‌ടിയെന്നും പറയാം.“

”നിനക്കെന്തു വേണം?“ മദ്യത്തിന്റെ മയക്കത്തിലും ദിനേശിന്റെ സ്വരം ദൃഢമായി.

”നോക്കൂ. താങ്കളെഴുതിയ ആത്മഹത്യാക്കുറിപ്പിലെ ദിനേശൻ എന്ന ഞാൻ ഇപ്പോൾ അപൂർണ്ണമായ മറ്റൊരു കഥാപാത്രമായി ഭവിച്ചിരിക്കുകയാണ്‌. എന്നെയെങ്കിലും ഒന്നു പൂർണ്ണമാക്കിയിട്ട്‌....“

തലമുടി വലിച്ചുപറിച്ചലറി ഭൂതാവിഷ്‌ടനെപ്പോലെ ദിനേശ്‌ മുന്നിലെ ഇരുട്ടിലേക്ക്‌ ഊളിയിട്ടു.

വിലാസംഃ രമേശ്‌ബാബു, സബ്‌ എഡിറ്റർ, കേരള കൗമുദി, പേട്ട പി.ഒ., തിരുവനന്തപുരം.

രമേശ്‌ബാബു

വിലാസം

പ്രണവം

നെടുമം,

കോവളം,

തിരുവനന്തപുരം - 695 527.

ഫോൺ ഃ 0471 - 481705


Phone: 0471 2484876




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.