പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നീണ്ട കഥ, തലകുത്തിയുളള ഊഞ്ഞാലാട്ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാൻ

കഥ

“ലൈഫ്‌ ഈസ്‌ വെരി സേഫ്‌റ്റി! ദാറ്റീസ്‌ കംപ്ലീറ്റ്‌ കമ്പ്യൂട്ടറൈസ്‌ഡ്‌...” വാസന്തി ഒരിക്കൽ കൂടി പരിഹസിക്കാൻ ശ്രമിച്ചപ്പോൾ, മൂന്നാം നാൾ ഉച്ചയ്‌ക്ക്‌ ഞങ്ങളുടെ നേർക്ക്‌ ഒരു ഹെലികോപ്‌റ്റർ വരുന്നതു കണ്ടു. അപ്പോഴും ഞങ്ങളുടെ മരണഭീതി വിട്ടുമാറിയിട്ടില്ല.

ഏത്‌ നിമിഷവും മരണം ഞങ്ങളെ താഴോട്ട്‌ വലിച്ചിടാം. അത്‌ അബോധാവസ്ഥയിൽ സംഭവിക്കണമെന്നില്ല. ബോധാവസ്ഥയിലുമാവാം. കഴിഞ്ഞ രണ്ട്‌ രാത്രികളും ഒരു പകലും നിരന്തരമായി പെയ്‌ത പേമാരിമൂലം വഴുവഴുപ്പായി തീർന്ന ഒരു മരക്കൊമ്പിലാണ്‌ ഞങ്ങളിരിക്കുന്നത്‌.

ഇത്‌ രണ്ടാമത്തെ പകലാണ്‌. കൂരിരിട്ടുളള രണ്ട്‌ രാത്രികളും ഇരുണ്ടുറഞ്ഞ രണ്ട്‌ പകലുകളും കുതിർന്ന്‌ കഴിഞ്ഞു. ഇന്നത്തെ പകലിന്‌ എന്തോ ഒരു ശാന്തത. കാറ്റും മഴയും ഇടിയും മിന്നലും കാണുന്നില്ല. എന്നിട്ടും സൂര്യൻ? ഈ വൻ നഗരത്തിലെ ആകാശത്തിന്‌ എന്താണ്‌ നിറം? എട്ട്‌ ദിക്കുകളിലും കരിമേഘങ്ങൾ പുതച്ചുറങ്ങുന്ന ആകാശം. ചോട്ടിലൂടെ ചാവ്‌ കടലായി ഒഴുകുന്ന കറുത്ത ദുർഗന്ധവും.

കരിമ്പനക്കൊത്ത വണ്ണവും പൊക്കവുമുളള ഒരു പടുവൃക്ഷത്തിന്റെ മൂന്നായി പിരിഞ്ഞ കൊമ്പാണ്‌. പത്ത്‌ നാല്‌പതടി ഉയരത്തിലുമായിരിക്കാം. മുകളിലേക്ക്‌ കൊച്ചു കൊമ്പുകൾ ഇനിയും ധാരാളം ഉണ്ടെങ്കിലും ഞങ്ങൾക്ക്‌ കീഴെ ഒഴുക്കനെയുളള തടിമാത്രം.

ഏറെ ദുരിതങ്ങൾക്ക്‌ വിധേയനായ ഇന്നത്തെ മുഖ്യമന്ത്രിയും പണ്ടത്തെ സാഹിത്യകാരനുമായ ഒരു വിപ്ലവകാരി 1947-ൽ ഓഗസ്‌റ്റ്‌ പതിനാറിന്‌ പുലർച്ചെ ഒരുമണിക്കുളള ശുഭമുഹൂർത്തത്തിൽ കൂട്ടുകാരെ സാക്ഷിയാക്കി നട്ടതാണ്‌ ഈ വൃക്ഷമെന്ന്‌ വാസന്തിക്ക്‌ എവിടെയോ വായിച്ചതായ ഒരോർമ്മ.

ആ വൃക്ഷം ഇത്‌ തന്നെയാണെന്നതിന്‌ തെളിവായി അവൾ ചൂണ്ടിക്കാണിച്ചത്‌ കഴുത്തോളം മുങ്ങി നിൽക്കുന്ന കാമരാജാജിയുടെ തലയാണ്‌. ഇത്രയും വലിയ കാമരാജാജിയുടെ ഒരു പ്രതിമ ഈ മരത്തിന്റെ സമീപത്ത്‌ മാത്രമേ ഉളളുവെന്നും, ഞങ്ങളിലിരിക്കുന്ന ഈ വൃക്ഷം മുമ്പ്‌ വെട്ടിമാറ്റാൻ ആരോ ശ്രമിച്ചപ്പോൾ കോടതി തടഞ്ഞിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി എഞ്ചിനീയറുടെ ഭാര്യ വാസന്തി തറപ്പിച്ചു പറഞ്ഞു.

“ആമ ഇത്‌ കാമരാജാജി പാർക്ക്‌ താൻ.”

ഏകദേശം മൂന്നാൾ ഉയരത്തിൽ ഇപ്പോഴും വെളളം ഒഴുകുന്നുണ്ടെന്നതിന്‌ തെളിവ്‌ കാമരാജാജിയുടെ ആ വലിയ തല തന്നെയാണ്‌.

വഴുക്കുന്ന ഈ മരക്കൊമ്പിൽ ഒന്നിളകി ഇരിക്കാൻപോലും കഴിയാത്ത ദുരവസ്ഥ. ഈശ്വരാ, രണ്ട്‌ രാത്രികളും രണ്ടാമത്തെ പകലുമായി.

മുകളിലേക്കുയർന്ന ഈ വലിയ കൊമ്പിൽ ഇരുവശത്തേക്കും കാലുകൾ തൂക്കിയിട്ടാണ്‌ ഞങ്ങൾ ഇരിക്കുന്നത്‌. കോടി മാത്രം ഇടയ്‌ക്കിടെ കാലുകൾ മേലോട്ട്‌ മടക്കിവെച്ചു. അപ്പോൾ വാസന്തി വല്ലാതെ ഭയപ്പെട്ടിരുന്നു.

“വീഴോ?”

വീഴില്ലെന്ന്‌ ഞാൻ ഉറപ്പുകൊടുത്തു. മരത്തിന്റെ തടിയിലാണ്‌ എന്റെ പുറം ചാരിവെച്ചിട്ടുളളത്‌. ഒരാക്കത്തിന്‌ വലിയൊരു ഉണക്കക്കൊമ്പും എന്റെ വലത്‌ വശത്തുണ്ട്‌. എന്റെ നെഞ്ചോട്‌ ചേർന്നാണല്ലോ വാസന്തി പുറംതിരിഞ്ഞിരിക്കുന്നത്‌? വാസന്തിയുടെ മാറോട്‌ ചേർന്നാണല്ലോ കോടിയുടെ ഇരിപ്പും? ഇരിക്കുന്ന കൊമ്പിനാണെങ്കിൽ മേലോട്ട്‌ വളവുമുണ്ട്‌. ആര്‌ മൂത്രിച്ചാലും എന്റെ ചന്തിയിലേക്ക്‌ അതിന്റെ ചൂട്‌ നനഞ്ഞിറങ്ങുന്നത്‌ അനുഭവപ്പെടും.

മൂന്നാല്‌ സ്‌ത്രീകളുടെ ജഡങ്ങളെ ഉന്തിമാറ്റിക്കൊണ്ട്‌ ഒരാനയുടെ ജഡം ഒലിച്ചുപോകുന്നത്‌ കാണിച്ച്‌ കൊടുക്കാൻ വേണ്ടി ഞാൻ കോടിയെ വിളിച്ചപ്പോൾ അവൻ പറഞ്ഞു.

“ദാ ചൂഡുമു ഒക ഹെലികോപ്‌റ്റർ!”

നേവിയുടെതായിരിക്കാം, ഇരുണ്ട പച്ചനിറം. വാസന്തിയേയും കുട്ടിയേയും മുറുകെ പിടിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു. “വാസന്തീ, കൈവീശി കാണിക്കൂ..”

കൈവീശിയാൽ ബാലൻസ്‌ തെറ്റുമെന്ന പേടി വാസന്തിക്കുണ്ടായപ്പോൾ കോടിയാണ്‌ ആ ദൗത്യം ഏറ്റെടുത്തത്‌. ഞങ്ങളെ കണ്ടു എന്ന സൂചനയോടെ ഹെലികോപ്‌റ്ററിനകത്തുളളവർ ഒരു വെളള പതാക വീശിക്കൊണ്ടിരുന്നു. മൂന്നാല്‌ സെക്കന്റുകൾക്കുളളിൽ ഹെലികോപ്‌റ്റർ ഞങ്ങളുടെ വളരെ സമീപത്തായി, മരത്തിനുമുകളിൽ ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ഒരു ചുഴലിക്കാറ്റ്‌ ഏറ്റപോലെ മരം വിറക്കാൻ തുടങ്ങി. ഞാൻ ഒന്ന്‌ എഴുന്നേറ്റ്‌ നിൽക്കട്ടെ എന്നു ചോദിച്ചപ്പോൾ വാസന്തിയും കുട്ടിയും സമ്മതിച്ചില്ല.

“വേണ്ടണ്ണേ.”

“എന്റെ നട്ടെല്ല്‌ തണുത്ത്‌ മരവിച്ച്‌ മരിച്ചു കഴിഞ്ഞു.”

അപ്പോൾ വാസന്തി തലതിരിച്ച്‌ എന്റെ കക്ഷത്തുവെച്ചു. കക്ഷത്ത്‌ ചൂടുളള ഒരു ഈർപ്പം പടർന്നു.

“കരയണ്ട. ഞാൻ വെറുതെ പറഞ്ഞതല്ലേ?”

“ഏതുമേ വേണ്ടണ്ണേ, എനക്ക്‌ റൊമ്പ ഭയം. എന്നുടെ വാഴ്‌ക്കയേ പോച്ച്‌.”

ഞാനൊന്ന്‌ നിശ്വാസമിട്ടു.

കഴിഞ്ഞ പകലിൽ ഘോരമായ ഇടിയും മിന്നലും മഴയും തുടരുമ്പോൾ ഭർത്താവിന്റെയും ഏക മകന്റേയും ജഡങ്ങൾ കൈകോർത്ത്‌ ഒലിച്ച്‌ പോകുന്നത്‌ അവൾ കണ്ടതാണ്‌. വളരെ വേഗതയിൽ വന്നിരുന്ന ആ ജഡങ്ങൾ ഞങ്ങളിരിക്കുന്ന മരത്തിന്റെ താഴെ വെച്ച്‌ രണ്ടുമൂന്നു നിമിഷം എന്തിലോ തടഞ്ഞുനിന്നപ്പോൾ വാസന്തിക്ക്‌ ആ കാഴ്‌ച നേരിട്ട്‌ കാണേണ്ടി വന്നു.

കമഴ്‌ന്നൊലിക്കുന്ന അച്ഛനും മകനും. പുതുതായി ധരിച്ച ഷർട്ടുകളും ഈയിടെ വെട്ടിയ ഹെയർ സ്‌റ്റൈലും വാസന്തിക്ക്‌ വ്യക്തമായ തിരിച്ചറിവായി.

“ആമ എൻ പയ്യനോട്‌ കൈയ്യിലെ പുടിച്ചിരിക്കറത്‌ അവര്‌ താൻ..”

അന്നേരം എല്ലാം മറന്ന്‌ താഴോട്ട്‌ ചാടാൻ വാസന്തി ശ്രമിച്ചു. അപ്പോഴത്തെ അവളുടെ ശക്തിയേറിയ കുതർച്ച എന്നെ ഭയപ്പെടുത്തി.

“വാസന്തി പൈത്തിയം പണ്ണാതെ..”

മടിയിലിരിക്കുന്ന കോടി കീഴ്‌ച്ചുണ്ട്‌ നീട്ടിക്കൊണ്ട്‌ പേടിച്ച്‌ കരയുന്നത്‌ കണ്ടിട്ടായിരിക്കാം വാസന്തി ഒന്നടങ്ങി. അപ്പോഴേക്കും ആ ജഡങ്ങൾ കൺവെട്ടത്തു നിന്നും ഒലിച്ചുപോയി. പിന്നീട്‌ അവൾ കണ്ണുകളടച്ച്‌ കുറെനേരം വാവിട്ടു. തമിഴിൽ എന്തൊക്കെയോ മന്നക്കവും. അപ്പോൾ കോടിയുടെ കാര്യം ഞാൻ വീണ്ടും ഓർമ്മിപ്പിച്ചു.

“ഭാവിയിലെ വലിയൊരു വജ്ര വ്യാപാരിയാവേണ്ട ഒരു കുട്ടിയാണ്‌ എല്ലാം നഷ്‌ടപ്പെട്ട്‌ ഒരു കോഴിക്കുഞ്ഞിനെപ്പോലെ വാസന്തിയുടെ മാറിൽ ചേർന്നിരിക്കുന്നത്‌. ഇപ്പോൾ അവന്‌ നമ്മളല്ലാതെ മറ്റാരാണ്‌?”

ബൈനോക്കുലറിലൂടെ ഞങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിച്ചുമകാണ്ട്‌ ഹെലികോപ്‌റ്ററിനകത്തുളളവർ എന്തൊക്കെയോ പരസ്‌പരം സംസാരിക്കുന്നു. പൈലറ്റടക്കം നാലുപേരെ ഉളളുവെങ്കിലും അതിലധികം പേർക്ക്‌ ഇരിക്കാനുളള സംവിധാനം അതിനകത്ത്‌ കണ്ടില്ല. ഒരു കാട്ടുവണ്ട്‌ കണക്കെ ഹെലികോപ്‌റ്റർ അല്‌പം ചരിഞ്ഞിട്ടാണ്‌ ഞങ്ങൾക്ക്‌ ചുറ്റും ഇരമ്പിക്കറങ്ങുന്നത്‌.

ഇടയ്‌ക്ക്‌ ഇത്തിരി നേരം ഞങ്ങൾക്ക്‌ സമീപത്തായി ഹെലികോപ്‌റ്റർ നിശ്ചലമായി ശേഷം അതിനകത്തുളളവർ ഒച്ച കുറഞ്ഞ ഒരു സ്‌പീക്കറിലൂടെ ഞങ്ങളോട്‌ എന്തെല്ലാമോ ചോദിച്ചു. മറുപടിയായി വളരെ ഉച്ചത്തിൽ ഞങ്ങളും വിളിച്ച്‌ പറഞ്ഞു. പക്ഷേ, ഇരുകൂട്ടർക്കും പരസ്‌പരം പറഞ്ഞത്‌ മനസ്സിലായില്ലെന്നതാണ്‌ വാസ്‌തവം. ഞങ്ങളുടെ നിലവിളി ഹെലിക്കോപ്‌റ്ററിന്റെ ഫാനുകൾ നിഷ്‌ക്കരുണം വെട്ടിമാറ്റി.

പിന്നീട്‌ അവർ കയ്യിലുണ്ടായിരുന്ന വെളുത്ത പതാക വീശിക്കാണിച്ചുകൊണ്ട്‌ കുറെ അകലെ കാണുന്ന ഒരു പടുകൂറ്റൻ ബിൽഡിംങ്ങിനെ ലക്ഷ്യമിട്ട്‌ പോയി.

“തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ എന്തെങ്കിലും ഒരു പോംവഴി ആരെങ്കിലും കാണാതിരിക്കില്ല.”

അപ്പോൾ വാസന്തി തലതിരിച്ച്‌ എന്നെ ഒന്ന്‌ നോക്കി. അവളുടെ ചോരനിറമുളള ആ കണ്ണുകളിൽ നനവ്‌ കിനിയുന്നു.

“മതി. ഇനി കരഞ്ഞത്‌ മതി. കരഞ്ഞ്‌ കരഞ്ഞ്‌ വാസന്തിയുടെ മുഖമെല്ലാം നീര്‌ കെട്ടിക്കഴിഞ്ഞു. ഈ കുട്ടിയെ നോക്കൂ. മരണത്തെപോലും ഇവനിപ്പോൾ ഭയമില്ല. ഏത്‌ നിമിഷവും നാമെല്ലാം അത്‌ പ്രതീക്ഷിക്കുന്നില്ലേ? നമ്മൾ മുതിർന്നവരല്ലേ? എന്റെ മൂന്നു മക്കളും ഭാര്യയും ഈ ദുർവിധിയിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്നാണിപ്പോൾ എന്റെ ചിന്ത. ഒരു നെല്ലിക്കാമരത്തിൽ കയറാൻ പോലും അറിയാത്ത ഞാനാണ്‌ ഇന്നിപ്പോൾ ഒരു പടുകൂറ്റൻ മരത്തിന്റെ തുമ്പത്ത്‌! നമ്മളിപ്പോൾ എല്ലാം നഷ്‌ടപ്പെട്ടവരാണെന്നുളള സത്യം പരിപൂർണ്ണമായി വിശ്വസിക്കൂ. എല്ലാം....”

വാക്കുകൾ തൊണ്ടയിൽ മുളളായി തടഞ്ഞപ്പോൾ ഞാൻ ചുണ്ടുകൾ അമർത്തിക്കടിച്ചു. കണ്ണുകളടച്ചു. അല്‌പനേരം വാസന്തിയുടെ നെറുകയിൽ മുഖം അമർത്തിവെച്ചു.

“കരയുകയാണോ? എല്ലാം ശാന്തമായപ്പോഴാണോ അണ്ണൻ നിയന്ത്രണം വിടുന്നത്‌? നിങ്ങളുടെ നിയന്ത്രണം തെറ്റിയാൽ ഞാനും നമ്മുടെ കോടിയും? നോക്കൂ..”

പെട്ടെന്ന്‌ വാസന്തി മുഖം ഉയർത്തിയപ്പോൾ രണ്ടിറ്റ്‌ ചൂട്‌ അവളുടെ കവിളത്തും വീണു.

“എന്നെ അനാഥനാക്കിക്കൊണ്ട്‌ പോയ എന്റെ മാണിക്യക്കല്ലുകളെ കുറിച്ചോർത്തപ്പോൾ, എന്റെ സാൽമയെക്കുറിച്ചോർത്തപ്പോൾ..”

“വേണ്ട, ഇനി അതൊന്നും പറയരുത്‌.”

“ഓരോരുത്തരായി ഇടയ്‌ക്കിടെ പിടിവിടുന്നത്‌ ഞാനറിഞ്ഞിരുന്നു. എന്നെക്കൊണ്ട്‌ ഒന്നും ചെയ്യാൻ പറ്റിയില്ല. വെളളത്തിന്‌ ആ കൊടുങ്കാറ്റിനേക്കാൾ ശക്തിയുണ്ടായിരുന്നു. ജീവിതത്തെ ചവിട്ടിക്കീറിപ്പൊളിക്കുന്ന ശക്തി.”

“നോക്കൂ!”

വാസന്തി, എന്റെ കണ്ണും മുഖവും തുടക്കാൻ ശ്രമിച്ചപ്പോൾ വിലക്കി. “വേണ്ട.”

അപ്പോൾ വാസന്തി പറഞ്ഞു. “ഞാൻ മരണ വെപ്രാളത്തോടെ നീന്തിക്കൊണ്ടിരിക്കുമ്പോൾ, വെളളം എന്നെ മുകളിലേക്കെടുത്തെറിയുമ്പോൾ എന്റെ വലത്‌ കാലിലാണ്‌ അദ്ദേഹം പ്രാണവേദനയോടെ പിടിച്ചുവലിച്ചത്‌... എന്നിട്ടും ആവുന്നത്ര ഊക്കോടെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ആ വലിയ ഇടിമുഴക്കത്തോടൊപ്പം എന്റെ കാൽക്കീഴിൽ എന്തോ ഒന്ന്‌ തകർന്ന്‌ വീണു. കൂടാരത്തിനകത്തെ ആ വലിയ തൂണുകളിൽ ഒന്നായിരിക്കണം. തൽക്ഷണം അദ്ദേഹം എന്റെ കാലിലെ പിടിവിട്ടു. ശക്തിയായി ഉയർന്ന വെളളത്തിനപ്പോൾ പച്ച രക്തത്തിന്റെ രുചി! എന്നിട്ടും എന്റെ പൊന്നുമോനെ പിടിവിട്ടിട്ടില്ലല്ലോ എന്നോർക്കുമ്പോൾ...”

വാസന്തി കരഞ്ഞു.

“ഈ ഒഴുകുന്ന കറുത്ത ജലം കണ്ണീരാണ്‌. ഒരു മഹാനഗരം മുഴുവനും കരഞ്ഞ്‌ തീർത്ത ലക്ഷക്കണക്കിന്‌ ആൾക്കാരുടെ കണ്ണീര്‌.”

മനസ്സ്‌ മരവിച്ച്‌ കഴിഞ്ഞ കുട്ടി വെളളത്തിലൂടെ ഒലിച്ച്‌ പോകുന്ന ജഡങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ആളുകൾക്കും ആനകൾക്കും ആടുമാടുകൾക്കും ഇടയിലൂടെ കുതിരകളും കഴുതകളും പുലികളും പൂച്ചകളും, ആവൂ, നക്ക, ക്കുക്ക, മേക, ദുഡ, ദുപ്പി, കോതി, ദുന്നപോതു, സിംഹമൂ, ഏനഗു, വിവിധതരം കളിക്കോപ്പുകളും സ്‌റ്റേഷനറി ഐറ്റംസും. മറ്റു വീട്ടുപകരണങ്ങളും...

വാസന്തി കോടിരാമകൃഷ്‌ണാ ജെയിനെ മാറത്തേക്ക്‌ കുറെക്കൂടി ചേർത്തിയിരുത്തി. ഞാനപ്പോൾ വാസന്തിയെ തലോടിക്കൊണ്ടിരുന്നു. വാട്ടതീട്ടത്തിന്റെ ഗന്ധമാണ്‌ ഞങ്ങൾക്കുളളതെങ്കിലും വാസന്തിയുടെ തലയിൽ ഇപ്പോഴും ഊദും ഊദിന്റെ അത്തറും മണക്കുന്നുണ്ട്‌. ഏതവശന്റേയും മനസ്സിൽ കാമത്തിന്റെ ചൂര്‌ പകരാൻ ശക്തിയുളള ഊദും ഊദിന്റെ അത്തറും.

അവളുടെ തലമുടികൾക്കിടയിലൂടെ കഴുത്തിലേക്ക്‌ തടവിയിറങ്ങിയ എന്റെ വിരലുകളിൽ ചോരനിറമുളള ഒരു പുഴു തടഞ്ഞു. ഒരു സൂചിയോളം വലുപ്പമുളളത്‌. ഞാൻ അത്‌ പിച്ചിയെടുത്തു.

“എന്നണ്ണേ? എന്നാ?”

“നേരത്തെ കിട്ടിയതുപോലുളള മഞ്ഞയും പച്ചയുമല്ല. നമ്മുടെ ശരീരം മുഴുവനും വർണ്ണപ്പൊലിമയുളള പുഴുക്കളാണ്‌. എല്ലാവരും കാറ്റ്‌ പോയികിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്‌. അകത്തുളളവരും. ഇനി അത്‌ മാത്രമേ അവശേഷിക്കുന്നുളളൂ. കാറ്റ്‌!

വാസന്തി നിറകണ്ണുകളോടെ തിരിഞ്ഞ്‌ നോക്കിയപ്പോൾ നീര്‌ കെട്ടിയ ആ കവിളത്ത്‌ ഒരു ചുംബനം, വാസന്തിക്ക്‌ നേരിയ പുഞ്ചിരി.

”ഉം?“

”നാറ്റം! ഒരിക്കൽ കൂടി ഇതുപോലെ ചെയ്‌താൽ ഞാൻ ബോധം കെട്ട്‌ വീഴും.“

വാസന്തിയെ വീണ്ടും തലോടിയശേഷം കുറേക്കൂടി നെഞ്ചോട്‌ ചേർത്ത്‌ അണച്ചു പിടിച്ചു.

ഞാനിവരെ രക്ഷപ്പെടുത്തുകയാണോ കഷ്‌ടപ്പെടുത്തുകയാണോ? എനിക്കിപ്പോൾ ഒന്നും തിരിച്ചറിയുന്നില്ല. ഇരുട്ടിൽ ഇവിടെ പിടികിട്ടിയപ്പോൾ ആദ്യം വിചാരിച്ചു, കൂടാരത്തിനകത്തെ ഒരു കൊമ്പനാനയുടെ കഴുത്തിലാണെന്ന്‌. എന്നിട്ടും പിടിവിട്ടില്ല. ബലത്തോടെ പറ്റിചേർന്നു. ശക്തിയായ ഒലിവിലൂടെ നീന്തിയും പിടഞ്ഞും വന്നിരുന്ന യുവതിയേയും കുട്ടിയേയും ഈ കൊമ്പിലേക്ക്‌ വലിച്ച്‌ കയറ്റുമ്പോഴും ഒരാനപ്പുറത്തേക്കാണ്‌ കയറ്റിനിർത്തിയതെന്ന്‌ വിചാരിച്ചു; കരക്കെവിടെയോ രക്ഷപ്പെട്ട്‌ നിൽക്കുന്ന ഒരാനപ്പുറത്തേക്ക്‌. അതുപോലെ ശക്തിയോടെ വലിച്ച്‌ കയറ്റിയ ഒരു പുളളിമാൻ അല്‌പം കഴിഞ്ഞപ്പോൾ വാശിയോടെ മരണത്തിലേക്ക്‌ വഴുക്കിച്ചാടിയിരുന്നു.

”നോക്കൂ!“

വാസന്തി വിളിച്ചു. ഞാൻ മൂളിക്കേട്ടു.

”നമ്മളെപ്പോലെ ഇവന്റെ ഡാഡിയും മമ്മിയും എവിടേങ്കിലും?“

”ഹും, എക്കഡു? എപ്പുഡു?“

കുട്ടി ക്ഷുഭിതനായി. അവൻ ഉറച്ച ശബ്‌ദത്തോടെ പറഞ്ഞുഃ ”നിങ്ങളെന്നെ മോഹിപ്പിക്കണ്ട. എന്റെ ഡാഡിയുടെ തലയിലൂടെയും മമ്മിയുടെ നെഞ്ചിലൂടെയും പേടിച്ചോടിയ ആനകൾ. ഞാൻ കണ്ടതാണ്‌. കേട്ടതാണ്‌. നേനു തപ്പ കുംഡാ ചൂചി, വിനി ഉന്നാനു!“

”കോടി നിർത്തൂ!“

”ഡാഡിയുടെ തല പൊട്ടുന്നതും, നെഞ്ചത്ത്‌ ചവിട്ടേറ്റപ്പോൾ മമ്മി നിലവിളിച്ചതും വെളളം വന്ന്‌ എന്നെ ഉയർത്തിയടിച്ചതും...“

വാസന്തി അവന്റെ വാ പൊത്തി.

”പെരിയ പെരിയ വാർത്തകൾ പോതും! പേസിയത്‌ പോതുമയ്യാ പോതും! പോതും!“

മൂന്നാല്‌ നിമിഷനേരത്തേക്ക്‌ ഞങ്ങളുടെ നിയന്ത്രണം വിട്ടു. വാസന്തി മാറിന്റെ ചൂട്‌ ആവുന്നത്ര അവന്‌ പകർന്നു. അവനെ തുരുതുരാ ചുംബിച്ചു.

മലയാള ചുവയുളള തമിഴിൽ ഞാൻ വാസന്തിയെ നിയന്ത്രിക്കാൻ വളരെയധികം ശ്രമിച്ചു. അച്ചടിഭാഷയിലുളള എന്റെ തെലുങ്ക്‌ കോടിക്ക്‌ മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും ഞങ്ങൾക്ക്‌ ഞങ്ങളുടേതായ ഒരുഭാഷ നേരത്തെ തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

കോടിയെ ശാന്തനാക്കാൻ അത്ര പ്രയാസം വന്നില്ല. അവന്റെ മനക്കരുത്ത്‌ നിമിഷംതോറും വർദ്ധിച്ച്‌ കൊണ്ടിരിക്കുകയാണെന്ന്‌ പലപ്പോഴും തോന്നി.

താഴോട്ടേക്ക്‌ വളഞ്ഞ്‌ പോയിരുന്ന മരക്കൊമ്പ്‌ പെട്ടെന്ന്‌ ഒന്ന്‌ ഉലഞ്ഞപ്പോൾ വാസന്തിയെപ്പോലെ ഞാനും ഒന്ന്‌ പേടിച്ചു. എന്റെ കാലിൽനിന്നും ഒരു കിരുകിരുപ്പ്‌ തലച്ചോറിന്റെ അവസാനത്തെ ഞരമ്പുകളിൽ ചെന്ന്‌ മിടിച്ചു. ഉലച്ചിലിനൊപ്പം വെളളത്തിലേക്ക്‌ എന്തോ വീണ ഒരു ശബ്‌ദവും.

ഞങ്ങൾക്കൊപ്പം ഈ മരക്കൊമ്പിൽ അഭയം തേടിയിരുന്ന രണ്ട്‌ കുരങ്ങൻമാരിൽ അവശേഷിച്ചിരുന്ന ഒരാൾക്കൂടി കൈകാലുകൾ കുഴഞ്ഞ്‌ വെളളത്തിലേക്ക്‌ വീണതാണ്‌. കൂടെ ഉണ്ടായിരുന്നവൻ കഴിഞ്ഞ പകലിലെ മഴയോടൊപ്പം ഉതിർന്ന്‌ വീണിട്ടുണ്ടായിരുന്നു. അവൻ വീഴുന്നത്‌ ഞങ്ങൾ നേരിട്ട്‌ കണ്ടതാണ്‌. വീഴുംമുമ്പ്‌ ശക്തി ക്ഷയിച്ച ചില ശബ്‌ദങ്ങൾ അവൻ പുറപ്പെടുവിച്ചിരുന്നു.

ഒലിച്ചുപോകുന്ന ഒരു പോത്തിന്റെ ജഡത്തിലേക്കാണ്‌ അവൻ വീണത്‌. അതുകൊണ്ട്‌ കുറച്ച്‌ നിമിഷങ്ങൾകൂടി അവന്‌ ജീവനുണ്ടായിരുന്നു. പിന്നെ തനിയെ ഒലിച്ച്‌ പോയി.

ഏറ്റവും മുകളിലെ മരക്കൊമ്പിൽ കയറിനിന്നശേഷം ഘോരമഴയേറ്റ്‌ ജഡമായി തീർന്ന ഒരു കഴുതപ്പുലി അപ്രതീക്ഷിതമായി കഴിഞ്ഞ പകലിൽ കനംതൂങ്ങി വീണപ്പോഴും ഞങ്ങൾക്കിതുപോലെ മരണഭീതി ഉണ്ടായിരുന്നു.

ആ ചത്ത കഴുതപ്പുലി വീണ്‌ പോയത്‌ ഞങ്ങളുടെ മഹാഭാഗ്യമായിരിക്കാം. കാരണം, അവന്റെ സമീപത്തുണ്ടായിരുന്ന കൊമ്പുകളിൽ മൂകരായിരിക്കുന്ന കഴുകൻമാർ ഏത്‌ നിമിഷത്തിലും അതിന്റെ പളള കൊത്തിവലിക്കാം. എങ്കിൽ തലക്കുമുകളിലും ദുർഗന്ധം.

ഇപ്പോൾ മുകളിലെ കൊമ്പുകളിലേക്ക്‌ അവറ്റകൾ മാറിയിരിക്കുന്നു. അതിന്റെ ഇടത്തുളള മറ്റൊരു കൊമ്പിലാണ്‌ കരിമൂർഖൻ ചുറ്റിപ്പിടിച്ച്‌ കിടക്കുന്നത്‌. തിളക്കമുളളതാണെങ്കിലും ചേതനയറ്റ അതിന്റെ നോട്ടം ഞങ്ങളുടെ നേർക്കാണ്‌.

ഏറ്റവും മുകളിലുളള കൊമ്പിൽ ചുരുണ്ടുകൂടി ഇരിക്കുന്നത്‌ പൂച്ചക്കുട്ടിയാണോ പുലിക്കുട്ടിയാണോ എന്ന്‌ വ്യക്തമല്ല; വെളള വരകളുളള മഞ്ഞ രോമം.

ഇപ്പോഴും ജീവനോടെ ഒലിച്ച്‌ വരുന്ന ചില ഇഴജന്തുക്കൾ ഞങ്ങളുടെ മരത്തിലേക്ക്‌ പിടിച്ച്‌ കയറാൻ വിഫലശ്രമങ്ങൾ നടത്തുന്നുണ്ട്‌. ആവശ്യത്തിലധികം വെളളം കുടിച്ച്‌ ചീർത്ത മരത്തിലെ വഴുവഴുപ്പ്‌ കാരണമായിരിക്കാം അവറ്റകൾക്കാർക്കും മുകളിലേക്ക്‌ കയറാൻ തീരെ പറ്റുന്നില്ല. എന്നിട്ടും കഴിഞ്ഞ പകലിൽ കോരിച്ചൊരിയുന്ന മഴയത്ത്‌ എങ്ങിനെയോ പിടിച്ച്‌ കയറിയ ഒരുത്തനാണല്ലോ വളരെ ശാന്തനായി മുകളിലെ കൊമ്പിൽ ചുറ്റിപ്പിടിച്ച്‌ ആധിയോടെ നോക്കിക്കൊണ്ടിരിക്കുന്നത്‌. ഹെലികോപ്‌റ്ററുടെ ഇളക്കിമറിക്കുന്ന ഒച്ചപ്പാടും കാറ്റും ഏറ്റിട്ടുപോലും അവന്‌ കുലുക്കമുണ്ടായില്ല.

വാസന്തിയാണ്‌ അവനെ ആദ്യം കണ്ടതും തിരിച്ചറിഞ്ഞതും. മൂത്തുമൂത്ത്‌ തല നരച്ച നീലക്കണ്ണുകളുളള കരിമൂർഖൻ. എന്റെ തോളിലൂടെയാണ്‌ ഒരു നിമിഷം അവൻ ഇഴഞ്ഞു കയറിയത്‌.

ഞങ്ങളപ്പോൾ കണ്ണുകളടച്ച്‌ മറ്റൊരു ദുരന്തത്തെ പ്രതീക്ഷിച്ചതായിരുന്നു. ഏറ്റവും വേഗതയുളള മരണം.

ദൈവാനുഗ്രഹം, നേരിയ ഒരു സൂചനപോലും അവനിൽ നിന്നും ഉണ്ടായില്ല.

ഞങ്ങൾ ഓരോരുത്തരും ദൈവത്തെ എത്രയോ തവണ വിളിച്ചു. ദൈവമല്ലാതെ മറ്റാരും നമ്മുടെ വിളികേൾക്കില്ലെന്ന്‌ ഞാൻ വാസന്തിയെ ഇടയ്‌ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുക്കുകയും ചെയ്‌തു. വിശ്വസിക്കാൻ പറ്റിയ ശാശ്വത സത്യം അവൻ മാത്രം. പക്ഷേ, സർവ്വതും സൃഷ്‌ടിച്ച്‌, സർവ്വതും നിയന്ത്രിക്കുന്ന, സർവ്വ ശക്തനും പരമകാരുണ്യകനും കരുണയുടെ സ്രോതസ്സുമായ ദൈവം ഇപ്പോൾ എവിടെയാണ്‌ തപസ്സിരിക്കുന്നത്‌ എന്ന്‌ കോടി ചോദിച്ചപ്പോൾ എനിക്ക്‌ ഉത്തരം മുട്ടി.

അപ്പോഴാണ്‌, ഓർക്കാപ്പുറത്ത്‌ ഒരു വെയിലടിച്ചു! മാറി സഞ്ചരിച്ചിരുന്ന ചില കാർമേഘങ്ങൾക്കിടയിലൂടെ സൂര്യൻ തെളിഞ്ഞു. നല്ല ശക്തിയുളള ചൂടും.

ഉച്ചയാണെന്ന്‌ മനസ്സിലായി. എന്റെ കയ്യിൽ വാച്ചില്ലെങ്കിലും വാസന്തിയുടെയും കോടിയുടെയും കൈകളിൽ വാച്ചുണ്ടായിരുന്നു. സെമിസെക്കന്റുകളും സ്‌പോർട്ട്‌ സെക്കന്റും ദിവസങ്ങളും ദിക്കുകളും സമയവും തീയതിയും കുറിച്ചിടുന്ന വാച്ചുകൾ. വാട്ടർ പ്രൂഫുകൾ. ആ വാച്ചുകൾക്കകത്ത്‌ കറുത്തവെളളം കയറിയിട്ട്‌ സൂചികൾ പോലും എവിടെയാണെന്നറിയുന്നില്ല.

കോടിയുടെ കയ്യിലെ കൊച്ചുവാച്ചിന്‌ ലക്ഷങ്ങളാണത്രേ. ഫിഫ്‌റ്റി പെർസന്റ്‌ ഗോൾഡ്‌ മിക്‌സഡ്‌. ടുവൽ കാരറ്റ്‌. അക്കങ്ങൾക്ക്‌ പകരം തിളങ്ങുന്ന നാല്‌ രത്‌നക്കല്ലുകൾ. വളരെ കാലത്തിനുശേഷം പൂജകളുടെയും വഴിപാടുകളുടെയും ശക്തിയാൽ വജ്രവ്യാപാരിയായ സമ്പത്ത്‌രാജ്‌ ജെയിന്‌ ജനിച്ച ഏക സന്താനം.

വാച്ചിന്റെ കാര്യം ഓർമ്മിച്ചപ്പോൾ വാസന്തി കഴിഞ്ഞ രാത്രിയെ ഓർത്ത്‌ കോടിയെ തലോടി. വാച്ച്‌ മാത്രമല്ല, അവന്റെ കഴുത്തിൽ കനം കൂടിയ ഒരു സ്വർണ്ണമാലയും, വിരലിൽ ഇരുട്ടിൽ തിളങ്ങുന്ന കല്ല്‌ പതിച്ച ഒരു സ്വർണ്ണമോതിരവും. അതിന്റെ മൂല്യങ്ങളൊന്നും അറിയില്ലെങ്കിലും മോതിരത്തിലെ നീല മരതകക്കല്ല്‌ ഭാഗ്യങ്ങളുടെ ഘോഷയാത്രയ്‌ക്ക്‌ കാരണമാകുമെന്ന്‌ അവൻ കഴിഞ്ഞ രാത്രി പറഞ്ഞിരുന്നു. എന്നിട്ടവൻ കരഞ്ഞു. കണ്ണീരിനൊപ്പം അവന്റെ തലയിലൂടെ ഘോര മഴയും ഒലിച്ചിറങ്ങിയിരുന്നു. ഒരു ചാറ്റൽ മഴപോലും ഏൽക്കുന്നത്‌ കണ്ടുനിൽക്കാൻ തന്റെ മമ്മിക്കാവില്ലെന്ന്‌ പറഞ്ഞ്‌ കൂരിരുട്ടിൽ നനയുന്ന പ്രപഞ്ചത്തെ നോക്കി അവൻ വാവിട്ടു. വാസന്തിക്ക്‌ മാത്രമേ അപ്പോൾ അവനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞുളളു.

ഞങ്ങൾ ഏഷ്യയിലെ ഏറ്റവും വലിയ സർക്കസ്‌ കാണാൻ വേണ്ടി ഈ മഹാനഗരത്തിൽ വന്നവരായിരുന്നു. എ ഇന്റർനാഷണൽ സർക്കസ്‌ ഗ്രൂപ്പ്‌ ഃ ”ഏഷ്യാ-ടെക്ക്‌“. മനുഷ്യരും മൃഗങ്ങളും പക്ഷികളും കംപ്യൂട്ടറും കൂട്ടായി കാഴ്‌ചവെക്കുന്ന വിസ്‌മയ ലോകത്തിലെ എണ്ണപ്പെട്ട സർക്കസ്‌ ഗ്രൂപ്പുകളിൽ ഒന്നാണത്രെ ”ഏഷ്യാ-ടെക്ക്‌“. ”മഹാ അത്ഭുതങ്ങളിൽ ഒരെണ്ണം കൂടി“ എന്നായിരുന്നു പത്രഭാഷകൾ.

ഭാരത പര്യടനം മൂന്നിടത്ത്‌ മാത്രം. മൂന്നിടത്തും ഒരേ സംവിധാനങ്ങൾ, ഒരേ കൂടാരങ്ങൾ, ഒരേ ദിവസം ഉൽഘാടനം, സമാപനവും ഒരേ ദിവസമായിരിക്കുമത്രേ. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ബഹുമാന്യരായ വ്യക്തികളാണ്‌ മൂന്ന്‌ കൂടാരങ്ങളും ഒരേ മുഹൂർത്തത്തിൽ ഉദ്‌ഘാടനം ചെയ്തത്‌. ടിക്കറ്റ്‌ നിരക്ക്‌ വളരെ സാധാരണക്കാരന്‌ അപ്രാപ്യമായിരുന്നു. എ ക്ലാസ്‌, ബി ക്ലാസ്‌, സി ക്ലാസ്‌, പിന്നെ ഗാലറി.

ഞാനും കുടുംബവും ഗാലറിയിലായിരുന്നു. എഞ്ചിനീയറും കുടുംബവും സി ക്ലാസിൽ. സമ്പത്ത്‌രാജ്‌ ജെയിനും കുടുംബവും എ ക്ലാസിലും.

പന്ത്രണ്ട്‌ വയസ്സിന്‌ താഴെയുളള കുട്ടികൾക്കാർക്കും ടിക്കറ്റ്‌ ഇല്ലായിരുന്നു. അതുകൊണ്ട്‌ ധാരാളം കൊച്ചുകുട്ടികൾ കൂട്ടത്തോടെ ഈ പട്ടണത്തിൽ ചുറ്റിത്തിരിയുന്ന കാഴ്‌ച വാർത്തകളിലൂടെയും നേരിട്ടും മനസ്സിലാക്കാൻ കഴിഞ്ഞു.

കൗണ്ടറിൽ ക്യൂ നിന്ന്‌ ടിക്കറ്റെടുക്കണമെന്ന്‌ നിർബന്ധമില്ല. ഇന്റർനെറ്റിലൂടെയാണ്‌ മിക്കവരും പാസ്‌ നേടിയത്‌. ക്രഡിറ്റ്‌ കാർഡ്‌ നമ്പർ നൽകിയാൽ ഉടനെ പാസ്‌ പ്രിന്റൗട്ടായി കിട്ടുന്നു. ഇതിനുപുറമെ ഭാരതത്തിലെ ഏത്‌ ബാങ്കിൽനിന്നും ഏഷ്യാ-ടെക്ക്‌ കാണാനുളള ടോക്കൺ ലഭിക്കും. ആ ടോക്കനുമായി മൂന്നിടത്തുളള ഏത്‌ കൂടാരത്തിനകത്തും കയറാം. ഓരോ കൂടാരത്തിനും അനവധി പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്‌ സമ്പന്നർക്കിടയിൽ പ്രതീക്ഷിച്ചത്ര ഉന്തും തളളും ഉണ്ടായില്ല. എന്നിട്ടും സാധാരണക്കാരുടെ ഓരോ ടിക്കറ്റ്‌ കൗണ്ടറിനുമുന്നിലും അതിശയകരമായ തിക്കും തിരക്കും ആളുകൾ ചുമ്മാ സൃഷ്‌ടിച്ചു.

പോലീസും സെക്യൂരിറ്റിയും ഈ കൗണ്ടറുകളെ നിയന്ത്രിക്കുമ്പോൾ ക്ഷോഭിക്കുന്നതു കണ്ടു. ഞാനും കുടുംബവും ഈ ക്യൂവിൽ നിന്നാണ്‌ ടിക്കറ്റെടുത്തത്‌.

പ്രവേശനകവാടത്തിൽ നിന്നായിരുന്നു ഓരോ കാഴ്‌ചക്കാരനും ഓരോ കണ്ണടയും തീപ്പെട്ടിയോളം വലിപ്പമുളള ഓരോ ബോക്‌സും തന്നത്‌.

കണ്ണടയിട്ടാൽ എല്ലാ പ്രകടനങ്ങളും സമീപത്തായി കാണാം. കൈ എത്താവുന്ന ദൂരത്ത്‌. അതുകൊണ്ടാണ്‌ പലരും കൈവായുവിൽ ചുഴറ്റിക്കൊണ്ടിരിക്കുന്നത്‌. മൃഗങ്ങളെയും അർദ്ധനഗ്‌നരായ സുന്ദരികളെയും കാണുമ്പോൾ കുട്ടികൾക്കും ആണുങ്ങൾക്കും ഹരം. സ്‌പർശിക്കണമെന്ന വ്യാമോഹം. പലരും നിരാശയോടെ കണ്ണട ഊരി തിരിച്ചും മറിച്ചും നോക്കുന്നതും രസകരമായ കാഴ്‌ചയായി.

സർക്കസ്‌ കൂടാരത്തിനകത്ത്‌ നിന്നും ലോകത്താരോടുവേണമെങ്കിലും ബന്ധപ്പെടാൻ വേണ്ടിയാണ്‌ ആ ബോക്‌സ്‌. വെറും നാല്‌ മണിക്കൂർ മാത്രം ആയുസ്സുളള ഒരു ഇലക്‌ട്രോണിക്‌സ്‌ ഉപകരണം. അത്‌ കഴിഞ്ഞാൽ ഉപയോഗശൂന്യം. അതിൽ സ്വന്തം ‘കോഡ്‌’ ശരിപ്പെടുത്തിവെച്ചാൽ മതി. നമുക്ക്‌ വരുന്ന മെസ്സേജുകൾ മിസ്സാവില്ല. ഏത്‌ സന്ദേശങ്ങളും ശബ്‌ദങ്ങളായി വീഴും. ഇതിന്‌ പുറമേ എല്ലാ മാധ്യമങ്ങളിലേയും വാർത്തകൾ കേൾക്കാം. കാണില്ലെന്ന്‌ മാത്രം. ഇത്തരമൊരു സംവിധാനം ഉളളത്‌ കൊണ്ടായിരിക്കാം ഒന്ന്‌ നിന്ന്‌ തിരിയാൻപോലും നേരമില്ലാത്ത എല്ലാ വമ്പൻമാരും ‘ഏഷ്യാടെക്ക്‌’ കാണാൻ ഹരം കാണിച്ചിരുന്നത്‌.

ഒരേ സമയം അഞ്ച്‌ ലക്ഷം പേർക്ക്‌ ഇരിക്കാവുന്ന പടുകൂറ്റൻ കൂടാരം. ഒരു പ്രത്യേകതരം ഫൈബർ ഗ്ലാസാണ്‌. രാത്രിയും പകലും തിരിച്ചറിയാൻ കഴിയാത്ത ഒരു തരം ഇരുട്ട്‌ പിടിച്ച, തിയ്യതിയും സമയവും ദിവസവും കൃത്യമായി അറിയണമെങ്കിൽ, കൂടാരത്തിനുപുറത്ത്‌ മഴയാണോ, വെയിലാണോ എന്ന്‌ തിരിച്ചറിയണമെങ്കിൽ നിസ്സാരം ഒരു ബട്ടണമർത്തിയാൽ മതി, ആ കൊച്ചു ബോക്‌സിൽ.

യുദ്ധഭൂമികളിൽപോലും പ്രകടനം കാഴ്‌ചവെച്ചത്രേ. അത്രക്കും സുരക്ഷിതമാണത്രെ അതിന്റെ സംവിധാനം. ബോംബോ മിസൈലോ, കാറ്റോ, മഴയോ, തണുപ്പോ ചൂടോ, ഒന്നും ഏഷ്യാടെക്കിന്‌ ബാധകമല്ലെന്ന്‌. അതുകൊണ്ടാണ്‌ ഭാരതപര്യടനത്തിൽ മൂന്നിടത്തും, മൂന്ന്‌ തരം കാലാവസ്ഥകളായിട്ടും ഏഷ്യാടെക്ക്‌ വിജയകരമായി പ്രദർശിപ്പിച്ചിരുന്നത്‌.

ഗുലാംനബിയുടെ പ്രശസ്‌തമായ തലകീഴായി നിന്നുളള ഊഞ്ഞാലാട്ടവും, വെളളാനകളുടെ അഭ്യാസവും കാണാനായിരുന്നു മുഖ്യമായും ഞാനും കുടുംബവും ചെന്നത്‌.

മാന്ത്രിക സ്‌പർശമുളള ഒരു പ്രകടനവും കൂടി കാഴ്‌ചവെച്ച്‌ കഴിഞ്ഞാൽ ഏഷ്യാടെക്കിന്റെ ഒരു ഷോ അവസാനിക്കുമായിരുന്നു. അതിനുവേണ്ടി ആ വലിയ റിംഗിന്‌ ചുറ്റും ഇരുപത്തിയൊന്ന്‌ കൊമ്പനാനകളെ നിരത്തി. നടുവിൽ ആദ്യം വന്ന്‌ നിന്നത്‌ പണ്ടെങ്ങോ വിശ്വസുന്ദരിപ്പട്ടം കിട്ടിയ സുതാര്യമായി വസ്‌ത്രം ധരിച്ച ഒരു മധ്യവയസ്‌ക്കയാണ്‌. അവൾ കയ്യിലെ കൊരടാവം ചാട്ടിച്ച്‌ എല്ലാം നിയന്ത്രിച്ചു.

ആനകൾ പരസ്‌പരം തുമ്പിക്കൈകൾ ഓരോ കൊമ്പുകളിൽ ചുറ്റിപ്പിടിച്ച്‌ നിന്നു. അതൊരു ഐക്യസൂചനയാവാം. വിവിധ നാടുകളിലെ കൊമ്പനാനകൾ. കേരളീയനും ആഫ്രിക്കനും പാഴ്‌സിയും... ആനകൾക്കു നടുവിലായി ചുറ്റും പതിനൊന്ന്‌ തരം പുലികളെ സ്‌റ്റൂളുകളിലിരുത്തി. വിവിധ രാജ്യങ്ങളിലെ ഓരോ ജോഡി പുലികൾ. അവർക്ക്‌ ഇടയിലായി വിവിധ രാജ്യങ്ങളിൽ നിന്നുമുളള പതിനൊന്ന്‌ തരം മാനുകൾ, വരയൻ കുതിരകൾ, ഒട്ടകപ്പുറത്തിരിക്കുന്ന ചിമ്പൻസികളും സിംഹവാലൻമാരും, നീർക്കുതിരകളും, ജിറാഫുകളും... അതിന്‌ പുറകിലായി തീരെ അനുസരണയില്ലാത്ത ഇരുപത്തിയൊന്ന്‌ സിംഹങ്ങൾ. പിന്നീടുളള പലജാതി മൃഗങ്ങളുടെ കൂട്ടമായുളള വരവുകൾ ഭയപ്പെടുത്തുന്നതാണ്‌. അപ്പോൾ കാണികളിൽ പലരും എഴുന്നേറ്റ്‌ പോകാൻ തുടങ്ങി.

ഒരു കമ്പിവേലിപോലുമില്ലാതെയാണ്‌ വന്യമൃഗങ്ങളെ ലക്ഷങ്ങൾക്കിടയിൽ അണിനിരത്തിയത്‌. ”മനുഷ്യരേക്കാൾ ബുദ്ധിവൈഭവമുളള കാട്ടുമൃഗങ്ങൾ“ എന്നായിരുന്നു പരസ്യങ്ങളിൽ പറയുന്നതെങ്കിലും പേടിക്കാതിരിക്കാൻ പറ്റില്ലല്ലോ?

ഇരുപത്തിയൊന്ന്‌ രാജ്യങ്ങളിലെ ഇരുപത്തിയൊന്ന്‌ തരം അർദ്ധനഗ്‌നരായ സുന്ദരികളെ വഹിച്ചുകൊണ്ട്‌ ഇരുപത്തിയൊന്ന്‌ നിറങ്ങളിലുളള കുതിരകൾ വന്നുകൊണ്ടിരിക്കുമ്പോൾ അനൗൺസ്‌മെന്റ്‌ കേട്ടിരുന്നു. ”അറബിക്കഥകളിലും ഇതിഹാസങ്ങളിലും മാത്രം കേട്ടറിഞ്ഞിട്ടുളള വെളളാനകൾ ഇതാ മൂന്ന്‌ മുൻകാല വിശ്വസുന്ദരികളെ വഹിച്ചുകൊണ്ട്‌ നിങ്ങളുടെ മുന്നിലേക്ക്‌ ഏഷ്യടെക്ക്‌ സ്വാഭിമാനം ആനയിക്കുന്നു.“

പെട്ടെന്ന്‌ അതിഭയങ്കരമായ ഒരു ചിന്നം വിളികേട്ടു. അസാധാരണമായ മുഴക്കം. ലോകം മുഴുവനും അതിന്റെ പ്രതിദ്ധ്വനികൾ അലച്ചലച്ച്‌ നീണ്ട്‌ പോകുന്നതുപോലെ.

”ഇത്‌ വ്യാജമാണ്‌! മ്യൂസിക്ക്‌ ഓപ്രൈറ്റർ കംപ്യൂട്ടറിൽ ഉണ്ടാക്കിയതാവാം.“ എന്റെ സാൽമ മക്കളോട്‌ പറയുന്നത്‌ കേട്ടു.

ഉടനെ അതിഭയങ്കരമായ മറ്റൊരു ഇടിമുഴക്കം. കൂടാരത്തിനകത്ത്‌ വീശിയ ഉറുമിപോലെ ചുറ്റിത്തിരിഞ്ഞ മൂർച്ചയേറിയ ഒരു മിന്നൽ. കണ്ണഞ്ചിപ്പോയി.

ഞങ്ങളുടെ ഇരിപ്പിടങ്ങൾ ഒന്ന്‌ കുലുങ്ങി. അത്രക്കും ശക്തമായ ഇടിമുഴക്കം. അതിന്‌ പുറകെ എ.ആർ. റഹ്‌മാന്റെ സംഗീതം പോലെ അതിശക്തമായ ഒരു കാറ്റും. എല്ലാം കംപ്യൂട്ടർ സിസ്‌റ്റത്തിന്റെ പണിയാണെന്ന്‌ ഞങ്ങൾ ഒരു വിറയലോടെ വിശ്വസിച്ചു.

ഫൈബറിന്റെ കൂടാരം മുകളിലേക്കൊന്നുയർന്നു. നേരത്തെ അത്‌ ഉയർന്നപ്പോൾ അനൗൺസ്‌മെന്റ്‌ കേട്ടിരുന്നു. ”സിഗററ്റ്‌ ലാമ്പോ, ടോർച്ചോ ആരും ഉപയോഗിക്കരുത്‌. നിങ്ങൾ ഏവരും പ്രതീക്ഷിക്കുന്ന ലോകപ്രശസ്‌തനായ ഗുലാംനബിയുടെ അത്യാപൂർവ്വമായ തലകുത്തിയുളള ഊഞ്ഞാലാട്ടമാണ്‌.“

കൈയ്യടിക്കുകയോ വിസിലടിക്കുകയോ ചെയ്യരുതെന്നും അപേക്ഷിച്ചിരുന്നു. നൂറ്റൊന്നടി ഉയരത്തിൽ തലകുത്തിനിന്ന്‌ കൈകാലുകൾ എവിടേയും തൊടാതെ ഊഞ്ഞാലാടുമ്പോൾ താഴെ സുരക്ഷിതത്വത്തിന്‌ വേണ്ടി ഒരു കീറിയ വലപോലും വെച്ചിട്ടില്ല. ശ്വാസം അടക്കിപ്പിടിച്ചാണ്‌ എല്ലാവരും ആ കാഴ്‌ച്ച ആസ്വദിച്ചത്‌. വല വെക്കണമെന്ന്‌ ഏതോ ഒരു കാണി എ. ക്ലാസിൽ ബഹളം വെച്ചപ്പോൾ ഗുലാംനബി പുഞ്ചിരിയോടെ ഇടപെട്ടു.

”നൂറ്റൊന്നടി! വീണുപോയാൽ ഇരുമ്പിന്റെ വലപോലും കീറിപൊളിയും! അർത്ഥശൂന്യമായ ഉൽക്കണ്‌ഠ ദയവായി ഉപേക്ഷിക്കുക.“

എന്നിട്ടും ആ കാഴ്‌ചക്കാരൻ സുപ്രീം കോർട്ടിൽ താൻ കേസ്‌ ഫയൽ ചെയ്യുമെന്ന്‌ പോലും ആവേശഭരിതനായി പറയുന്നത്‌ എല്ലാവർക്കും കൗതുകമായി.

ഗുലാംനബി വിട്ടില്ലഃ ”വലയിൽ വീണാലും അപകടം സുനിശ്ചിതം. കഴുത്തെല്ല്‌ പൊട്ടിയാൽ ഏഴു ദിവസം ജീവനുണ്ടാകും. ഇടുപ്പെല്ല്‌ പൊട്ടിയാൽ ഏഴുമാസവും, നട്ടെല്ല്‌ പൊട്ടിയാൽ ഏഴു വർഷവും. അതിലും ഭേദം ഗ്രൗണ്ടിൽ നേരിട്ടുവീണ്‌ ഒറ്റനിമിഷം കൊണ്ട്‌ യാത്രയാവുന്നതാണ്‌.“

ആ കാണി ക്ഷുഭിതനായിക്കൊണ്ട്‌ എഴുന്നേറ്റ്‌ പോയത്‌ ജീവിതത്തിലേക്കാവുമോ? അതോ....?

പഴയപോലെ വീണ്ടും കൂടാരം മേലോട്ടുയർന്നെങ്കിലും അതെന്തിനാണെന്ന്‌ അനൗൺസ്‌മെന്റ്‌ കേട്ടില്ല. ഞങ്ങൾക്കാർക്കും മനസ്സിലായുമില്ല.

നേരത്തെ ഉയരുമ്പോൾ സുഖകരമായ ഒരു സംഗീതം കേട്ടിരുന്നു. ഇപ്പോഴതല്ല; ആനകളുടെ ചിന്നം വിളിപോലെ, എവിടെയൊക്കെയോ പൊട്ടിപ്പൊളിയുന്ന ഭയങ്കര ശബ്‌ദം.

വിശാലമായ റിംങ്ങിന്‌ ചുറ്റുമുണ്ടായിരുന്ന കൂറ്റൻ തൂണുകളിൽ ഒരെണ്ണം ഒന്നിളകി. പിന്നെ അത്‌ പതുക്കെ ചരിഞ്ഞു. ഒറ്റക്കാലിൽ നിൽക്കാൻ ശ്രമിച്ച ഒരു കൊമ്പന്റെ തലക്കാണത്‌ വീണത്‌. തൽസമയം കൊമ്പൻ കാലുത്തെന്നി മലർന്ന്‌ വീണു. അസഹ്യമായ ഒരു ചിന്നം വിളിയോടെ.

ജനങ്ങൾ പരിഭ്രാന്തരായി ചുറ്റുപാടും നോക്കുമ്പോൾ മറ്റൊരു ഭീമൻ തൂൺ കൂടി ചരിയുന്നു. ഞങ്ങളിരിക്കുന്ന ഗ്യാലറികൾ ബോൾട്ടുകൾ പൊട്ടി ഒന്നിച്ച്‌ ചാഞ്ഞുകൊണ്ടിരുന്നു.

ആളുകളുടെ കൂട്ടനിലവിളി. എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ആർക്കും മനസ്സിലായില്ല. എല്ലാവരും പല പല ഭാഗത്തേക്കായി ഓടുകയാണ്‌.

ആളുകൾക്കിടയിലൂടെ ആനകളും സിംഹങ്ങളും മറ്റു മൃഗങ്ങളും ഓടി. ചില മൃഗങ്ങൾ വന്ന ഭാഗത്തേക്ക്‌ തന്നെ അലറിക്കൊണ്ട്‌ തിരിച്ചോടുന്നത്‌ കണ്ടു. ആ വഴിക്കും ഒരുപാട്‌ കാണികൾ ഓടി.

ഞങ്ങളുടെ ഗ്യാലറികൾക്ക്‌ താഴെ വെളളം നിറയുന്നു. എ ക്ലാസ്‌ ഭാഗം വെളളം നിറഞ്ഞ്‌ മൂടുന്നതും കണ്ടു. കുതിരപ്പുറത്ത്‌ നിൽക്കുന്ന അർദ്ധനഗ്‌നരായ സുന്ദരികൾ ആ വെളളത്തിലേക്ക്‌ ചാടുകയോ വീഴുകയോ ചെയ്‌തു.

കറന്റ്‌ പോയപ്പോൾ കൂട്ടക്കരച്ചിൽ മാത്രം. അത്രയും വലിയൊരു കൂട്ടക്കരച്ചിൽ ഞങ്ങൾ ജീവിതത്തിൽ ആദ്യമായാണ്‌ കേൾക്കുന്നത്‌. കൂരിരുട്ടത്ത്‌ മനുഷ്യജൻമം പൊട്ടിപ്പിളരുന്ന കൂട്ടക്കരച്ചിൽ.

ഇടിയും മിന്നലും, കൊടുങ്കാറ്റും പേമാരിയും. മിന്നൽ വെളിച്ചത്തിൽ പിടയുന്ന ആയിരങ്ങൾ. പിന്നെ എന്തുണ്ടായെന്ന്‌ അറിയില്ല. നിമിഷങ്ങൾക്കകം വെളളം ഞങ്ങളെ പിടിച്ചുയർത്തി. വലിച്ചുലച്ചു. ജനങ്ങൾ പല ഭാഗത്തേക്കും തെറിച്ചുവീണു.

ക്രൂദ്ധനായ ആ വെളളത്തിന്‌ ഉപ്പുരസമായിരുന്നു. വൃത്തികെട്ട ഗന്ധവും.

എന്റെ കൂടെ മണിക്കൂറുകളോളം ജീവനുവേണ്ടി നീന്തിക്കൊണ്ടിരുന്ന ആളെപ്പറ്റി കഴിഞ്ഞ രാത്രി പറഞ്ഞപ്പോൾ വാസന്തിക്കൽഭുതം; വിശ്വസുന്ദരിയുടെ കൊരടാവം വകവെക്കാതെ ഗർജ്ജിച്ചുകൊണ്ടിരുന്ന തീരെ അനുസരണയില്ലാത്ത ആ തന്ത സിംഹം! ഇടയ്‌ക്കൊക്കെ രണ്ടും കൽപ്പിച്ച്‌ ഞാനവന്റെ പിരടിയിലെ തൊപ്പയിൽ പിടിച്ചുവെന്നുകൂടി പറഞ്ഞപ്പോൾ വാസന്തിയുടെ കൈകാലുകൾ വിറക്കുന്നത്‌ ഞാനറിഞ്ഞു.

ഇന്ന്‌ ആകാശം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. നല്ല ചൂടുളള വെയിലടിച്ചതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ശരീരം മുഴുവനും ചൊറിയാൻ തുടങ്ങി. അസഹ്യമായ ചൊറിച്ചിൽ. ചൊറിച്ചിൽ സഹിക്കവയ്യാതായപ്പോൾ കോടി കരയാൻ തുടങ്ങി. ശരീരം മുഴുവനും ആയിരം സൂചികൾ ആഴ്‌ന്നിറങ്ങുന്നതുപോലെ എനിക്കും.

ഞങ്ങളുടെ മരത്തിനെ ലക്ഷ്യമിട്ടായിരിക്കാം ഹെലികോപ്‌റ്റർ വീണ്ടും വരുന്നതു കണ്ടു. ചോട്ടിലൂടെ, ചേറ്‌ നിറമുളള ജലത്തിലൂടെ, ഒരു യന്ത്രബോട്ടും. ഹെലികോപ്‌റ്ററിന്റെ അലറുന്ന നിഴൽ ബോട്ടിനുമുകളിൽ വിറക്കുന്നു. പുതിയ ബോട്ടാവാം. സൂര്യപ്രകാശത്തിൽ അതിന്റെ പുത്തൻ ബോഡി വെട്ടിതിളങ്ങുന്നു.

അപ്പോൾ, ഞങ്ങളിരിക്കുന്ന മരത്തിന്‌ ഒരു ജീവന്റെ സ്‌പന്ദനം. മരത്തിന്‌ താഴെ കുമിളകൾ പൊന്തിപ്പൊട്ടിക്കൊണ്ടിരുന്നു.

കോടി പെട്ടെന്ന്‌ കരച്ചിൽ നിർത്തി. വാസന്തി എന്റെ മുഖത്തേക്ക്‌ തിരിഞ്ഞുനോക്കി. അഗ്‌നി ജ്വലിക്കുന്ന കണ്ണുകൾ. എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി. മരത്തിലിരിക്കുന്ന കഴുകൻമാർ ചിറകടിച്ചു. ഞങ്ങളിരിക്കുന്ന മരം പതുക്കെപ്പതുക്കെ ചാഞ്ഞുകൊണ്ടിരുന്നു. ക്ഷുഭിതനായ കരിമൂർഖൻ ഒരു ചീറ്റലോടെ പത്തി വിടർത്തി.

നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാൻ

എസ്‌.പി.സി.എസ്‌. മെമ്പർ. കഥാസമാഹാരങ്ങളും, നോവലുകളുമായി പതിമ്മൂന്ന്‌ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ഭാഷാപോഷിണി’ പ്രസിദ്ധീകരിച്ച “സോളമന്റെ കൊട്ടാരം” എന്ന നോവലെറ്റ്‌ ആറ്‌ ഭാഷകളിലേക്ക്‌ മൊഴിമാറ്റം വന്നു. അഞ്ച്‌ ചെറുകഥകൾ അഞ്ച്‌ ഇന്ത്യൻ ഭാഷകളിലേക്ക്‌ പലപ്പോഴായി മൊഴിമാറ്റം ഉണ്ടായി. പാലക്കാടിന്‌ സമീപം രണ്ടാം മൈലിൽ താമസിക്കുന്നു.

വിലാസം

നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാൻ

പാലക്കാട്‌

678 019




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.