പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വൈര്യ ജീവിതത്തിനായി ഒരു സങ്കട ഹർജി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ഇരുമല

കഥ

ഇതൊരു സങ്കടഹർജിയാണ്‌. ആർക്കാണ്‌ ഈ ഹർജി നൽകേണ്ടതെന്ന്‌ എനിക്കറിയില്ല. ഞാൻ വിധവയും, പ്രശസ്‌തമായ ഒരു സ്വകാര്യസ്ഥാപനത്തിലെ താഴ്‌ന്ന ജീവനക്കാരിയുമാണ്‌. അടുത്ത കാലത്തായി എന്റെ മനസ്സിന്റെ സമനില ചില പ്രത്യേക കാരണങ്ങളാൽ അവതാളത്തിലായിരിക്കയാണ്‌. ഈ ഹർജി വായിക്കുന്നത്‌ ആൺ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരിക്കുമെന്ന്‌ സങ്കല്പിച്ചാണ്‌ ‘സാർ’ എന്നു ഞാൻ അഭിസംബോധന ചെയ്‌തിട്ടുളളത്‌. ഇതൊരു നക്കൽ മാത്രമാണ്‌. തിരുത്തപ്പെടാനുളളതാണല്ലോ നക്കൽ. കമ്പ്യൂട്ടറൊക്കെ വന്നതോടെ എന്തും തിരുത്താൻ എളുപ്പമായിരിക്കുന്നു. എന്റെ ജീവനും, സ്വത്തിനും ഉപരി, എന്റെ മാനത്തിന്‌ ഒരാളുടെ സാന്നിദ്ധ്യം അസ്വസ്ഥത ഉളവാക്കുകയാണ്‌. ഉറങ്ങുന്ന സമയമൊഴികെ എല്ലായ്‌പ്പോഴും അയാളുടെ സാമീപ്യം മൂലം ഞാൻ ഭാരപ്പെടുകയാണ്‌. ഓഫീസിൽ ജോലി ചെയ്യുവാനും, വീട്ടിൽ സ്വൈര്യമായി ജീവിക്കുവാനും എനിക്കാവുന്നില്ല. ഏതായാലും തൽസ്ഥിതി നിലനിൽക്കുകയാണെങ്കിൽ ഞായറാഴ്‌ചവരെ കാത്തിരിക്കുവാനും, അന്നു വൈകിട്ടും, തിങ്കളാഴ്‌ച രാവിലെയുമായി എനിക്കു വേണ്ടപ്പെട്ട സഹപ്രവർത്തകരോട്‌ ആലോചിച്ചശേഷം ബന്ധപ്പെട്ടവർക്കൊക്കെ സങ്കടഹർജി സമർപ്പിക്കുവാനും, വേണ്ടിവന്നാൽ ശക്തമായ ചില തെളിവുകൾ നിരത്തുവാനുമാണ്‌ ഞാൻ ഉദ്ദേശിച്ചിട്ടുളളത്‌. തൊഴിലിനു വരുന്നതിനും, മാന്യമായി തൊഴിൽ ചെയ്യുന്നതിനും, തിരിച്ചുപോകുന്നതിനും എനിക്ക്‌ സ്വാതന്ത്ര്യം വേണ്ടിയിരിക്കുന്നു. വിടുപണിക്കും, കോപ്രായങ്ങൾക്കും കൂട്ടുനിൽക്കാൻ എനിക്കാവില്ല. അയാളുടെ അനാവശ്യം പറച്ചിലും, മുഖത്തെറിയും പോലെയുളള ഫയലുകളുടെയും മറ്റും വലിച്ചെറിയലും അവസാനിപ്പിക്കാതെ, എനിക്കൊരു ജീവിതം വേണ്ടെന്ന അഭിപ്രായത്തിലാണ്‌ ഞാൻ. സ്ഥാപനത്തിനടുത്ത്‌ അയാളോട്‌ വാങ്ങിയ 12 സെന്റിൽ, അയാൾ താമസിച്ചിരുന്ന ഓടുമേഞ്ഞ പഴയ വീട്ടിലാണ്‌ എന്റെ താമസം. അതുതന്നെയാണ്‌ എനിക്കു പിണഞ്ഞ അബദ്ധവും. തൊട്ടടുത്ത്‌ അയാളുടെ പുത്തൻ ഒരുനില വീടു മാത്രമല്ല, പല സഹപ്രവർത്തകരുടെയും വീടുകളുമുണ്ട്‌. അയാളുടെ അശ്ലീല സംസാരവും, പെരുമാറ്റവും എനിക്ക്‌ ഒഴിവാക്കി കിട്ടേണ്ടിയിരിക്കുന്നു. വരുത്താത്ത പത്രം വായിക്കാനെന്ന വ്യാജേനയും, ഫോൺ കേടാണെന്ന്‌ നുണ പറഞ്ഞും നിരന്തരമായി വന്ന്‌ കതകിലും, ജനലിലും മറ്റും മുട്ടിയും, തട്ടിയുമുളള പെരുമാറ്റദൂഷ്യവും തീർച്ചയായും അംഗീകരിക്കാനാവില്ല. അയാളുടെ സൗകര്യത്തിന്‌ കതക്‌ തുറന്നിടണമെന്നും മറ്റും പറഞ്ഞ്‌, ഒറ്റയ്‌ക്ക്‌ താമസിക്കുന്ന ഒരു സ്‌ത്രീയെ ഉപദ്രവിക്കുന്നതിനും അറുതിവരുത്തേണ്ടതുണ്ട്‌. എന്നാൽ ഈ സത്യാവസ്ഥകൾക്കു പകരം അയാൾ സ്വന്തം നിലനിൽപ്പിനായി കളളക്കഥകൾ മെനയുകയാണ്‌. ഞാനയാളെ ആകർഷിക്കുവാൻ ശ്രമിക്കുന്നെന്ന്‌ പറഞ്ഞ്‌ ഭാര്യയെക്കൊണ്ട്‌ എന്നെ ചീത്ത വിളിപ്പിക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്‌. അയാളെയും, പ്രസവിക്കാത്ത ഭാര്യയെയും നിലയ്‌ക്കു നിർത്തിയില്ലെങ്കിൽ എനിക്കു പിന്നെ ജീവിതമില്ല സാർ.

ഇത്രയും വിഷയങ്ങളൊക്കെ ഉളളപ്പോൾ ഞാൻ വലിയ തെറ്റുകാരിയാണെന്നാവും സാറ്‌ കരുതുന്നത്‌. ചിലരൊക്കെ പറയും. ‘അവര്‌ അടേം ചക്കരേം ആയിരുന്നു-ഇത്തരം ബന്ധങ്ങളുടെയൊക്കെ അവസാനം ഇങ്ങനെയൊക്കെ ആയിരിക്കും’ എന്നെല്ലാം. എന്നാൽ ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ട്‌. മകൾ വിവാഹം കഴിഞ്ഞ്‌ ഭർത്താവിനോടൊപ്പം ഡൽഹിയിലേക്ക്‌ പോയശേഷം ഏകയായ ഞാൻ, മുൻ കാലങ്ങളേക്കാളുമേറെ സഹായത്തിനായി അവരെയാണ്‌ ആശ്രയിച്ചത്‌. അപ്രകാരം ചെയ്യുന്നത്‌ എനിക്കുതന്നെ കുടുക്കായി മാറുമെന്ന്‌ ഞാൻ ഒട്ടും കരുതിയില്ല. അങ്ങനെ കരുതാതെ പെരുമാറിയത്‌ എന്റെ തെറ്റെന്നേ ഇപ്പോൾ ഞാൻ പറയൂ.

ഞാൻ ജയദേവൻ സാറിന്റെ അയൽക്കാരിയായത്‌ ആറുവർഷം മുൻപാണ്‌. പലപ്പോഴും അയാള്‌ ഓഫീസിൽ വച്ചും, അല്ലാതെയും ഓരോന്നു ചോദിക്കുകയും, പറയുകയും ചെയ്യുക പതിവായത്‌ മകളുടെ വിവാഹം കഴിഞ്ഞ്‌ ഞാൻ ഒറ്റക്കായശേഷമാണ്‌. ‘എന്താ ഓമനേ ഇന്ന്‌ തനിച്ചാണോ? കൂട്ടിനാരെങ്കിലും രാത്രിയിൽ വരുമോ? എന്തിനാണ്‌ ചേച്ചിയുടെ മകനോട്‌ ഇടയ്‌ക്കൊക്കെ വരാൻ പറഞ്ഞ്‌ അവനെ ബുദ്ധിമുട്ടിക്കണെ? ഞങ്ങളൊക്കെ അയൽപക്കത്തില്ലെ?’ ഇത്തരത്തിലുളള ചോദ്യങ്ങളൊക്കെ വെറും പറച്ചിലും, അന്വേഷണവുമായി മാത്രമെ ആദ്യമൊക്കെ ഞാൻ കണക്കാക്കിയൊളളൂ. എന്റെ മനസ്സും ശരീരവും അയാൾക്ക്‌ അടിയറവുവയ്‌ക്കുവാനുളള നിരന്തരമായ കുത്സിതശ്രമങ്ങളുടെ തുടക്കമായിരുന്നു ഇത്തരത്തിലുളള സംസാരങ്ങൾ എന്ന്‌ തുടർന്നുളള ദിവസങ്ങളിൽ എനിക്ക്‌ വ്യക്തമായി സാർ.

ആ ദിവസങ്ങളിൽ അയാൾ മദ്യപിച്ച്‌ എന്റെ വീട്ടിലും കയറി വരുമായിരുന്നു. അയാളുടെ വീടുപണിക്കായി കട്ടിള, ജനാല തുടങ്ങിയവ ഇരുത്തി പണിയിപ്പിച്ചിരുന്നത്‌ ഞാൻ താമസമാക്കിയിട്ടുളള വീടിന്റെ ചായ്‌പിലായിരുന്നു. ബാക്കി കിടന്നിരുന്ന അല്ലറ ചില്ലറ വീട്ടുപകരണങ്ങളും, തടിയും, തിരിച്ചെടുക്കാനെന്ന വ്യാജേനയായിരുന്നു വരവുകളോരോന്നും. ഒരപകടം പറ്റി കാലിലിട്ടിരുന്ന സ്‌റ്റീൽ റോഡ്‌ ഓപ്പറേറ്റു ചെയ്‌തുകഴിഞ്ഞു വന്ന അയാൾ എന്നെ കയറിപ്പിടിക്കുമെന്നും, ഭീഷണിപ്പെടുത്തുമെന്നും സ്വപ്‌നേപി ഞാൻ കരുതിയതല്ല. ഇതേ തുടർന്ന്‌ ബാക്കിയുണ്ടായിരുന്ന തടികളും മറ്റും വാരി വരാന്തയിൽ വച്ച്‌ അയാളുടെ വരവൊഴിവാക്കാൻ ഞാൻ പ്രയത്‌നിച്ചു. കുറച്ചു ദിവസത്തേക്ക്‌ ഇതിന്റെ പ്രതികാരമെല്ലാം ഓഫീസിൽ വച്ച്‌ എന്നോട്‌ തീർക്കുന്നുണ്ടായിരുന്നു. അയാളുടെ ക്യാബിനിൽ ചെന്നാൽ സംസാരത്തിലും, പെരുമാറ്റത്തിലും, വളരെ ഇഷ്‌ടക്കുറവു പ്രകടമാക്കുന്ന രീതികളായിരുന്നു. ഫയലുകൾ മുഖത്തെറിയും പോലെ വലിച്ചെറിയുമ്പോഴും ഞാൻ നിശബ്‌ദമായി, എന്നാൽ ഉളളിൽ ഭയത്തോടുകൂടി എല്ലാം ക്ഷമിക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ഒരു കീഴ്‌ജീവനക്കാരിക്ക്‌ ഈ കാലഘട്ടത്തിലും ഇതിനൊക്കെയേ കഴിയൂ എന്നതല്ലേ യാഥാർത്ഥ്യം.

പിന്നെയുളള കുറെ ദിവസങ്ങളിൽ എല്ലാം കെട്ടടങ്ങുകയാണെന്ന്‌ എനിക്ക്‌ തോന്നി. സ്‌നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും വാക്കുകളിലൂടെ മനഃസമാധാനത്തിന്റെ ലോകത്തേക്ക്‌ എന്ന്‌ തോന്നിച്ച ദിവസങ്ങൾ. വീണ്ടും കാര്യങ്ങൾ പഴയപടിയായി. പത്രം എടുക്കാനെന്ന്‌ പറഞ്ഞ്‌ അയാൾ സ്ഥിരം വരിക പതിവായി. സ്‌നേഹം നടിച്ചത്‌ അടുക്കാനുളള സൂത്രമാണെന്ന്‌ രാത്രിയും, പകലും കതകിൽ മുട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ മനസ്സിലായി. കതകിൽ മുട്ടിയത്‌ എന്തിനെന്ന്‌ ചോദിച്ചാൽ പത്രത്തിനാണെന്ന്‌ പറയുന്നത്‌ പതിവാക്കിയപ്പോൾ ജനാലക്കൽ കൈ എത്താൻ പാകത്തിന്‌ പത്രം വെക്കാൻ തുടങ്ങി. അത്‌ അയാളോട്‌ പറയുകയും ചെയ്‌തു. എന്നിട്ടും പഴയതുപോലെയായിരുന്നു എന്നോടുളള പെരുമാറ്റം. ‘ഞാൻ വിളിച്ചാൽ മാത്രം വരാത്തതെന്താ? എന്നോടു മാത്രം താൽപര്യമില്ലെ?’ ഞാൻ മോശക്കാരിയാണെന്ന്‌ വരുത്തിത്തീർത്ത്‌ എന്റെ മനസ്സിനൊരു ചാഞ്ചാട്ടമുണ്ടാക്കി അടുക്കണമെന്നായിരിക്കാം ഇത്തരം സംസാരങ്ങളിലൂടെ അയാൾ ഉദ്ദേശിച്ചത്‌. എത്ര പതുക്കെയാണ്‌ സാർ അയാളിത്തരം വർത്തമാനങ്ങൾ പറയുമ്പോൾ ചുണ്ടനക്കുന്നത്‌. ഒരില വീഴുന്നതിന്റെ ശബ്‌ദം പോലുമില്ലെന്നെ. ഞാനങ്ങനെ നിശ്ശബ്‌ദയായിരിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌ പൊടുന്നനെ ആയിരുന്നു. അന്ന്‌ ഓഫീസിലെ ചിലരൊക്കെ ഇടപെട്ട്‌ രംഗം ശാന്തമാക്കുകയാണുണ്ടായത്‌.

ഓരോ വയസ്സു കൂടുമ്പോഴും എന്റെ സൗന്ദര്യം കൂടുകയാണെന്നാ സാറെ ചിലരു പറയുന്നെ. ഈ ചിലര്‌ ആരെന്നു ചോദിച്ചാൽ അതിലൊരു പെണ്ണുപോലുമില്ല. അല്ലെങ്കിലും ഏതു പെണ്ണാ മറ്റൊരു പെണ്ണിന്റെ സൗന്ദര്യം പുകഴ്‌ത്തി പറയുക. എന്തെങ്കിലും അസൂയ പറയാനുളള അവസരം മാത്രമാണ്‌ ഞങ്ങളുടെ വർഗ്ഗത്തിന്റെ നോട്ടം. മകൾക്ക്‌ മൂന്നു വയസ്സുളളപ്പോഴാണ്‌ എന്റെ 23-​‍ാം വയസ്സിൽ ആ ദുരന്തം എന്നെ തേടിയെത്തിയത്‌. ഭർത്താവിന്റെ മരണത്തോടെ വെളളവസ്‌ത്രം ധരിക്കാനൊന്നും ഞാൻ മുതിർന്നില്ല. സാമ്പത്തിക വൈഷമ്യങ്ങൾ മൂലം മുണ്ട്‌ മുറുക്കിയുടുത്താണ്‌ ഞാൻ മകളെ വളർത്തിയത്‌. അങ്ങനെ എന്റെ ശരീരം മെലിഞ്ഞ്‌ നീണ്ട്‌ നിവർന്നതും, സുന്ദരവുമായി എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. പിന്നെ വിലകുറഞ്ഞതെങ്കിലും മോടിയിൽ വസ്‌ത്രം ധരിക്കുന്നതിനും, മുടി പിന്നിയിടുന്നതിനും എല്ലാം ഞാൻ ശ്രദ്ധിക്കുമായിരുന്നു. ‘എന്തു നീറ്റായിട്ടാ ഓമന ഓഫീസിൽ വരുന്നതെ’ന്ന്‌ അതുമൂലം പലരും പറഞ്ഞിട്ടുണ്ട്‌.

കോപം, വിദ്വേഷം, അസൂയ, സംശയം, പക, വൈരാഗ്യം, ഈർഷ്യ ഇവ വിഷത്തിനു തുല്യമാണെന്ന്‌ ഭർത്താവ്‌ പറയുമായിരുന്നു. അവ നമ്മുടെ ഉളളിൽ കുടികൊളളുമ്പോൾ നാം അസ്വസ്ഥരും, രോഗഗ്രസ്‌തരുമായിത്തീരുന്നു. നമ്മുടെ പ്രസന്നതയും, പ്രസാദവും നഷ്‌ടപ്പെടുന്നു. മാനസികമായി തളർന്നവരും, വീർപ്പുമുട്ടുന്നവരുമായി മാറുന്നു. ഉറക്കമില്ലായ്‌മയും, ശാരീരിക ക്ഷീണവും അനുഭവപ്പെടുന്നു. എവിടെയെല്ലാമോ വായിച്ചതിന്റെ സദ്‌ഫലമായി ഭർത്താവിന്റെ ചിന്തകളിൽ നിന്നും വാക്‌ധോരണിയായി നാനാവിധത്തിലുളള അപൂർവ്വ ഉപദേശങ്ങളും എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. മനഃശാസ്‌ത്രം, തത്വചിന്ത എന്നൊന്നും അവയെ തരം തിരിക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല.

കാണെകാണെയാണ്‌ മകൾ വളർന്നത്‌. ചുരിദാർ മാത്രമല്ല, സാരിയും ഉടുക്കുവാൻ അവൾക്ക്‌ താൽപര്യമായിരുന്നു. അവൾക്ക്‌ വളരെ നന്നായി വസ്‌ത്രങ്ങൾ സെലക്‌ടു ചെയ്യാൻ അറിയാമായിരുന്നു. വിലകുറഞ്ഞതെങ്കിലും അവൾ തെരഞ്ഞെടുത്തു വാങ്ങിയ കോട്ടൺ ഉൾപ്പെടെയുളള സാരികൾ എന്നെകൂടി ഉദ്ദേശിച്ചുളളതായിരുന്നു എന്ന്‌ എനിക്ക്‌ മനസ്സിലായി തുടങ്ങി. അങ്ങനെയാണ്‌ ഞാൻ ഉപയോഗിച്ചിരുന്ന പഴയ സാരികൾ ഉപേക്ഷിക്കുവാനും, മകൾ കൊണ്ടുവരുന്ന ബോർഡറില്ലാത്ത സാരികൾ 38-​‍ാം വയസുമുതൽ ധരിക്കുവാനും തുടങ്ങിയത്‌. ഈ മാറ്റമാണ്‌ വർഷങ്ങൾ പിന്നിടുന്തോറും എന്റെ പ്രായം കുറയുകയാണെന്ന ചിന്ത മറ്റുളളവരിൽ ഉളവാക്കിയതെന്ന്‌ എനിക്ക്‌ തോന്നുന്നു. അക്കാലത്ത്‌ അയൽക്കാരും, അടുത്ത ബന്ധുക്കളും, കൂട്ടുകാരും പറയുമായിരുന്നു-‘നിങ്ങൾ രണ്ടും ചേടത്തിയും, അനിയത്തിയുമാണെന്നേ തോന്നൂ’ എന്ന്‌. ഞാനത്‌ കേട്ട്‌ ഒത്തിരി പൊട്ടിച്ചിരിച്ചിട്ടുണ്ട്‌. അത്തരം ചിരികളും, അതിന്റെ അലയടികളും ചില പുരുഷൻമാരുടെ മനസിൽ എന്റെ രൂപം പ്രതിഷ്‌ഠിച്ചു എന്നതും സത്യം.

എന്നിലും അത്തരം മനഃമാറ്റം യാഥാർത്ഥ്യമാവുകയായിരുന്നു. അല്ലെങ്കിൽ കാലം ചില യാഥാർത്ഥ്യങ്ങളെ എനിക്ക്‌ ബോധ്യപ്പെടുത്തി. തുടർന്ന്‌ സംഭവിച്ചതിന്റെ വിശദാംശങ്ങൾ സാറ്‌ എന്നോടു ചോദിക്കരുത്‌. വ്യക്തിപരം എന്നൊന്നുണ്ടല്ലോ. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും, താൽപര്യങ്ങളുടെയും ഭാഗമായാണ്‌ ഞാനിത്തരം സാഹചര്യങ്ങളെയും, സന്ദർഭങ്ങളെയും കണക്കാക്കുന്നത്‌.

എന്നാൽ ഞാനൊന്നു പറഞ്ഞോട്ടെ. ജയദേവൻ സാറിനോട്‌ എനിക്ക്‌ യാതൊരുവിധ താൽപര്യങ്ങളും ഒരു സമയത്തും തോന്നിയിട്ടില്ല. പണ്ടൊക്കെ ഒന്നു ഫോൺ ചെയ്യാനോ, ഒരത്യാവശ്യത്തിന്‌ പണം കടം വാങ്ങാനോ, മകളുടെ അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന്‌ സഹായിക്കുവാനോ ഒക്കെ സാറിന്റെ സഹായം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌. അത്തരം സഹായങ്ങളെ ഒരു സഹോദരിയുടെ ഹൃദയവിശാലതയോടെയാണ്‌ ഞാൻ ഏറ്റുവാങ്ങിയിട്ടുളളത്‌. തിരിച്ച്‌ ആവശ്യമുളളപ്പോൾ ഞാനും പല സഹായങ്ങളും ചെയ്‌തുകൊടുത്തിട്ടുണ്ട്‌. സാറിന്റെ ഭാര്യയെ ഓപ്പറേഷൻ ചെയ്‌ത്‌ ആശുപത്രിയിൽ കിടത്തിയപ്പോൾ മൂന്നു ദിവസമാണ്‌ ആശുപത്രിയിൽ ഒരു കൂടപ്പിറപ്പിനെപ്പോലെ ഞാൻ നിന്ന്‌ സഹായിച്ചത്‌. അത്യാവശ്യം സന്ദർഭങ്ങളിൽ പശുവിനെ കറക്കൽ തുടങ്ങി ഒട്ടു വളരെ വീട്ടുപണികളിലും, അവർ കുടുംബസമേതം നാട്ടിൽ പോകുമ്പോൾ വീട്ടിലേക്കൊരു കണ്ണ്‌ തുടങ്ങി ഒട്ടെറെ സാഹചര്യങ്ങളിൽ എന്റെ സഹായമുണ്ടായിട്ടുണ്ട്‌. ഇതൊന്നും കണക്കുപറയുന്നതല്ല കേട്ടോ. ഏതായാലും ഒരു ആങ്ങളയുടെ സ്ഥാനമാണ്‌ ഞാൻ അപ്പോഴൊക്കെ അയാൾക്ക്‌ നലകിയിരുന്നത്‌. അന്നൊക്കെ അയാളുടെ പെരുമാറ്റങ്ങളിലും യാതൊരു ദൂഷ്യവശങ്ങളും എനിക്ക്‌ അനുഭവപ്പെട്ടിട്ടില്ല. മകൾ വിവാഹാനന്തരം ഭർത്താവിനോടൊപ്പം പോയതോടെയാണ്‌ അയാളുടെ പെരുമാറ്റത്തിലും, പ്രവർത്തികളിലും എല്ലാം അസാധാരണത്വവും, പന്തികേടുകളും തോന്നിച്ചത്‌ എന്ന്‌ ഞാൻ പറഞ്ഞുവല്ലോ. അതിപ്പോൾ ഇത്തരം ദുരവസ്ഥയിൽ എത്തിനിൽക്കുകയാണ്‌.

കഴിഞ്ഞ രണ്ടുമൂന്ന്‌ ആഴ്‌ചകളായി എന്റെ മനസ്‌ അയാളുമായുളള മൽപിടുത്തത്തിലാണ്‌. വിജയിച്ചില്ലെങ്കിലും പരാജയപ്പെടരുത്‌ എന്ന ചിന്തയോടെ ഒരുമ്പെടുന്ന പ്രവർത്തികൾ പലപ്പോഴും പാളുകയും, സന്ദർഭത്തിനൊത്ത്‌ ഉയർന്ന്‌ പ്രവർത്തിക്കുവാനുളള മനഃക്കരുത്ത്‌ ചോർന്ന്‌ പോവുകയുമാണ്‌. ഏറ്റുമുട്ടലുകൾക്കിടയിലാണ്‌ ദുഷ്‌പ്രചരണങ്ങളും മുറുകുന്നത്‌. പുതിയ ആരോപണങ്ങളാണ്‌ എനിക്കെതിരെ ഉയർന്നിട്ടുളളത്‌. അപ്പോൾ സ്വാഭാവികമായി ഞാനും അടങ്ങിയിരിക്കില്ലല്ലോ. അങ്ങനെയങ്ങനെ പരാതികളും, ഭീഷണികളും, എതിർപരാതികളും ഒക്കെയായി ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇന്നലെയാണ്‌ അഗ്‌നിപാതം പോലെ അത്‌ സംഭവിച്ചത്‌.

മകളും, കുടുംബവും ഡൽഹിയിൽനിന്നും രാവിലെ എത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഇന്നലെ കാലത്ത്‌ ഞാനൊന്ന്‌ തൊഴാൻ പോയി. അവരോട്‌, പ്രത്യേകിച്ച്‌ മകളോടുപോലും ഞാനീ സാഹചര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. കഴിയുമെങ്കിൽ അവരെ അറിയിക്കാതെ തീർക്കാം എന്നാണ്‌ ഞാനുദ്ദേശിച്ചത്‌. എന്നാൽ അമ്പലത്തിൽ നിന്നും വന്ന ഞാൻ കണ്ടത്‌ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന മോളെയും, നിശബ്‌ദനായ അവളുടെ ഭർത്താവിനെയുമാണ്‌. മുറ്റത്ത്‌ കളിക്കുന്ന കുട്ടികളോട്‌ കിന്നാരം പറഞ്ഞശേഷം ഞാൻ കാര്യം തിരക്കി. സംഗതി ഭയപ്പെട്ടതു തന്നെ. അയാൾ എനിക്കെതിരെ ആദ്യത്തെ ബോംബ്‌ എറിഞ്ഞിരിക്കുന്നു. അമ്മയെ ദുർനടപ്പുകാരിയായി ചിത്രീകരിച്ചാണ്‌ അയാൾ സംസാരിച്ചതത്രെ. വീട്‌ പൂട്ടിയിട്ടിരിക്കുന്നതു കണ്ട്‌ പഴയ സൗഹൃദത്തിന്റെ പേരിലാണ്‌ മോളും, കുടുംബവും അയാളുടെ വീട്ടിൽ കയറിയത്‌. അയാളും, ഭാര്യയും കൂടി എന്നെക്കുറിച്ച്‌ പറയാത്ത നുണകളില്ലെന്ന്‌ മാറ്റി നിർത്തി മകളെ ചോദ്യം ചെയ്‌തപ്പോൾ എനിക്ക്‌ മനസ്സിലായി സാറെ.

മകൾക്കുവേണ്ടി ജീവിച്ച എനിക്ക്‌ മകളിൽനിന്നു തന്നെയാണ്‌ ഏറ്റവും ദുഃഖകരമായ വാക്കുകൾ കേൾക്കേണ്ടിവന്നത്‌. അമ്മയെ അവൾക്ക്‌ അവിശ്വാസമായിരിക്കുന്നു. ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ അടുത്തുനിൽക്കാൻ പോലും അവളെന്നെ അനുവദിച്ചില്ല. അവൾ വൈകുന്നേരം തന്നെ ഭർത്താവിന്റെ വീട്ടിലേക്ക്‌ പോകാൻ തീരുമാനിച്ചതായി എന്നോട്‌ പറഞ്ഞു. ഞാൻ മോളുടെ ഭർത്താവിനെ വിളിച്ചു. അവനു പക്ഷെ സ്വന്തം മോളോളം സംശയം എന്നെക്കുറിച്ചില്ല. എന്നാലും ‘തീയില്ലാതെ പുകയുണ്ടാകുമോ?’ എന്നൊക്കെയാണ്‌ മോൻ പറയുന്നത്‌. തെറ്റുകാരിയായി സംശയിക്കുന്നതിൽ എനിക്ക്‌ ഏറെ ജാള്യത അനുഭവപ്പെട്ടു. ഞാൻ അവകാശപ്പെടുമ്പോലെ അയാളാണ്‌ തെറ്റുകാരനെങ്കിൽ അയാളുടെ പ്രലോഭനങ്ങളടങ്ങുന്ന സംസാരം റെക്കോർഡു ചെയ്‌തുകേൾപ്പിക്കാനും, അതുവഴി പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്നും ആണ്‌ അവൻ പറയുന്നത്‌. ഡിജിറ്റൽ വോയ്‌സ്‌ റെക്കാർഡറോ, മൈക്രോ ടേപ്പ്‌ റെക്കാർഡറോ എന്തുവേണമെങ്കിലും അതിലേക്കായി വാങ്ങികൊണ്ടുവരാം എന്നു പറഞ്ഞാണ്‌ അവൻ മോളോടും കുട്ടികളോടും കൂടി പോയത്‌.

അവർ പോയശേഷം ഞാനൊന്ന്‌ കുളിച്ചു. മകൾ കൊണ്ടുവന്ന പുതിയ സാരിയുടുത്ത്‌ പെർഫ്യൂമൊക്കെ അടിച്ച്‌ ഞാൻ നന്നായൊന്ന്‌ അണിഞ്ഞൊരുങ്ങി സാറെ. അയാൾക്ക്‌ ഇപ്പോഴും സന്ധ്യമയങ്ങുമ്പോൾ ഒരു വരവുണ്ട്‌. മോൻ പറഞ്ഞതു നടക്കണമെങ്കിൽ നല്ലൊരു അഭിനേത്രിയാവേണ്ടതുണ്ട്‌. സമയം കളയാൻ കണ്ണാടിയിൽ നോക്കി നിന്നപ്പോൾ ഞാനിപ്പോഴും സുന്ദരിയാണെന്ന്‌ എനിക്കുതോന്നി.

ആറര കഴിഞ്ഞപ്പോൾ അയാൾ നടന്നുവരുന്നത്‌ അടച്ചിട്ട ജനാലയിലൂടെ ഞാൻ കണ്ടു. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടും അയാൾക്ക്‌ യാതൊരു ജാള്യതയുമില്ല. സഹപ്രവർത്തകരും പിൻതിരിപ്പിക്കാനായി ഒന്നും സംസാരിച്ചതായി അറിയില്ല. പിണങ്ങേണ്ട എന്നു കരുതിയാവും. തടികിടക്കുന്ന വരാന്ത ഭാഗത്ത്‌ അൽപനേരം നിന്നശേഷം അയാൾ കോളിംങ്ങ്‌ ബെല്ലടിച്ചു. ഞാൻ പുഞ്ചിരി തൂകി വാതിൽ തുറന്നു. ഇരിക്കാൻ പറഞ്ഞശേഷം അയാൾ ഇരുന്ന സെറ്റിയുടെ എതിരെ വാതിൽക്കൽ ചാരി ഞാൻ നിന്നു. മക്കളോട്‌ ഉച്ചയ്‌ക്ക്‌ മുമ്പ്‌ പറഞ്ഞുകൊടുത്തത്‌ പോലും അയാൾക്ക്‌ എത്രവേഗം മറക്കാൻ സാധിക്കുന്നു. അല്ലെങ്കിൽ മക്കളോടുളള പറച്ചിലിലൂടെ എന്നെ കീഴടക്കുകയായിരുന്നിരിക്കാം അയാൾ ഉദ്ദേശിച്ചിരുന്നത്‌. എന്റെ പുഞ്ചിരിയിലൂടെ മനസ്സിനുണ്ടായ മാറ്റം അയാൾ ഗ്രഹിച്ചു കാണണം. ഇങ്ങനെയൊക്കെയുളള വഴങ്ങലിലൂടെയെ ഇത്തരം കാര്യങ്ങൾ തീരൂ എന്നും, പെണ്ണ്‌ പെണ്ണായി നിൽക്കണമെന്നും, ഇനിയും വഴക്കിന്റെ ദിവസങ്ങൾ വേണ്ടെന്നും, സന്തോഷത്തോടെ ഒളിച്ചും പാത്തുമാണെങ്കിലും ശിഷ്‌ടജീവിതം ആസ്വദിക്കാമെന്നും, എല്ലാ സൗകര്യങ്ങളും ചെയ്‌തു തന്നുകൊളളാമെന്നും ഒക്കെ അയാൾ പറഞ്ഞുകൊണ്ടിരുന്നു. 10 മിനിറ്റോളം അയാളുടെ വാക്കുകൾക്ക്‌ ചെവികൊടുത്തതായി ഞാൻ അഭിനയിച്ചു. അവസാനം അയാൾ ഒരു വിസ്‌ഫോടനത്തിന്റെ വക്കിലെത്തുമെന്നായപ്പോൾ ‘മക്കള്‌ തിരിച്ചുപോകട്ടെ’ എന്ന ആശ്വാസവാക്കുകളിൽ കുടുക്കി അയാളെ ഞാൻ എഴുന്നേൽപ്പിച്ചു വിട്ടു. ‘നാളെ വരാം’ എന്നു പറഞ്ഞാണ്‌ അയാൾ പോയത്‌.

എനിക്ക്‌ ഉറപ്പാണ്‌ സാറെ. പറഞ്ഞതുപോലെ തന്നെ അയാളിന്നും സന്ധ്യമയങ്ങുമ്പോൾ വീട്ടിൽ വരും. അപ്പോഴേക്കും അയാളുടെ സംസാരം റെക്കാർഡു ചെയ്യാനുളള ഉപകരണം മകൻ എത്തിച്ചിരിക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അവനോടുതന്നെ ചോദിച്ച്‌, പ്രവർത്തിപ്പിക്കുവാനുളള രീതികൾ ഹൃദ്യസ്ഥമാക്കണം. എല്ലാം ശുഭമായി അവസാനിച്ചാൽ ഇന്നു രാത്രി ആഴ്‌ചകൾകൂടി സ്വസ്ഥമായി, മനഃസമാധാനത്തോടെ ഞാനുറങ്ങും. സംഭാഷണമടങ്ങിയ കാസറ്റു സഹിതമായിരിക്കും സാറെ എങ്കിൽ പിന്നെ ആർക്കയച്ചാലും ഈ ഹർജി പോകുക. അധികാരകേന്ദ്രങ്ങളിൽ ഇത്തരമൊരു കാസറ്റ്‌ എത്തിയാൽ സാറുൾപ്പെടെ ആരും അതിനെ അംഗീകരിച്ചില്ലെങ്കിലോ എന്നല്ലേ പിന്നുളള സംശയം. എനിക്കതൊന്നും പ്രശ്‌നമല്ല സാറെ. കാരണം, അയാളെ വിറപ്പിക്കുവാൻ ഇപ്രകാരമൊരു കാസറ്റുതന്നെ മതിയെന്ന കൂർമ്മബുദ്ധി എനിക്ക്‌ വെളിവായത്‌ ഇപ്പോഴാണ്‌.

നിരന്തരമായി ശല്യപ്പെടുത്തി, ബന്ധുക്കളെ അകറ്റി, ഒറ്റപ്പെടുത്തി, അവഹേളിക്കുവാനുളള ശ്രമം മൂലം മനസ്സിന്റെ സമനില തെറ്റുവാൻ തുടങ്ങുന്ന ഒരു വിധവയുടെ ജൽപനമായെങ്കിലും ഈ ഹർജിയെ കണക്കാക്കുക. ഏതായാലും ഈ ഹർജി എഴുതി തുടങ്ങിയ ശേഷമുണ്ടായ സംഭവവികാസങ്ങൾ അല്ലെങ്കിൽ സംഗതികളിലെ മാറ്റം ഏറെ ആശ്വാസദായകമാണ്‌. തിങ്കളാഴ്‌ച രാവിലെവരെ സാഹചര്യങ്ങൾക്കൊത്തു മാറ്റം വരുത്താവുന്ന ഈ ഹർജിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണമെന്നും, മേൽവിഷയത്തിൽ എന്നോട്‌ കരുണ കാട്ടി എന്റെ ആവശ്യങ്ങൾക്ക്‌ നിവർത്തിയുണ്ടാക്കി സഹായിക്കണമെന്നും വിശ്വസ്‌തതയോടെ, താഴ്‌മയായി അപേക്ഷിക്കുന്നു.

ബാബു ഇരുമല

ബാബു ഇരുമല, പാനിപ്ര - 686 692. ഫോൺ ഃ 9388614333, 0484-2658509 (വീട്‌)




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.