പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കുറുനരികളും അറബികളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഫ്രാൻസ്‌ കാഫ്‌ക

വിവഃ ബാബുരാജ്‌ റ്റി.വി

ശാദ്വല ഭൂമിയിലായിരുന്നു ഞങ്ങൾ തമ്പടിച്ചിരുന്നത്‌. എന്റെ ചങ്ങാതിമാർ നല്ല ഉറക്കത്തിലായിരുന്നു. വെളുത്ത വസ്‌ത്രം ധരിച്ച, പൊക്കം കൂടിയ ഒരു അറബി എന്നെ കടന്നുപോയി. തന്റെ ഒട്ടകങ്ങളെ പരിചരിച്ചിട്ട്‌ ഉറക്ക സ്ഥാനത്തേയ്‌ക്കു പോകുകയായിരുന്നു അയാൾ.

പുറമടിച്ച്‌ ഞാൻ സ്വയം പുല്ലിലേയ്‌ക്കു വീണു. എനിക്ക്‌ ഉറങ്ങാനുളള അഭിലാഷമുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞില്ല. ദൂരെ ഒരു കുറുക്കൻ ഓരിയിട്ടു-ഞ്ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. വളരെ ദൂരെ കേട്ടതിപ്പോൾ പൊടുന്നനെ അടുത്തായിക്കഴിഞ്ഞു. എന്റെ ചുറ്റുവട്ടത്തിൽ കുറുനരികളുടെ ഇരമ്പുന്ന ഒരു കൂട്ടം. അവറ്റകളുടെ ഇളം സ്വർണ്ണനിറമാർന്ന കണ്ണുകൾ മിന്നിത്തിളങ്ങി. ഒരു ചാട്ടവാറടിയ്‌ക്കു സാനുകമ്പം വർത്തിക്കുന്നതുപോലെ ഏകോപിപ്പിക്കപ്പെട്ട രീതിയിൽ അവറ്റകളുടെ നേർത്ത ശരീരം ധ്രുതഗതിയിൽ ചലിച്ചു.

അവയിലൊരെണ്ണം എന്റെ പുറകിൽ നിന്നുവന്ന്‌, അതിനെന്റെ ചൂട്‌ ആവശ്യമുളളതുപോലെ എന്റെ കൈത്തണ്ടയ്‌ക്കടിയിൽ സ്വയം തളളിക്കൊണ്ട്‌ എന്റെ മുന്നിലേയ്‌ക്ക്‌ ചാടി വീണിട്ട്‌, മിക്കവാറും കണ്ണോടുക്കണ്ണു നോക്കി എന്നോടു സംസാരിച്ചു.

“മൈലുകൾക്കു ചുറ്റുവട്ടത്തെ ഏറ്റവും പ്രായംചെന്ന കുറുനരിയാണു ഞാൻ. ഇവിടെയിപ്പോൾ താങ്കളെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്‌ടനാണ്‌. എന്റെ അമ്മ, അവരുടെ അമ്മ, അവരുടെ എല്ലാ അമ്മമാരും, എല്ലാ കുറുനരികളുടേയും തുടക്കക്കാരിയായ അമ്മതൊട്ട്‌, അനന്തകാലത്തോളം, താങ്കൾക്കുവേണ്ടി കാത്തുനിന്നിട്ടുണ്ട്‌. എനിക്കു മിക്കവാറും വിശ്വാസം നഷ്‌ടപ്പെട്ടു കഴിഞ്ഞിരുന്നു. താങ്കൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങളും. എന്നെ വിശ്വസിക്കൂ!”

“അതെന്നെ അത്ഭുതപ്പെടുത്തുന്നു”, തയ്യാറാക്കിവെച്ചിരുന്ന വിറകുകൂനയ്‌ക്കു തീകൊളുത്തി അതിന്റെ പുകയാൽ കുരുനരികളെ അകറ്റിനിർത്താൻ മറന്നുകൊണ്ട്‌ ഞാൻ പറഞ്ഞു. “അതു കേൾക്കുന്നതിൽ ഞാൻ അത്ഭുതം കൂറുന്നു. ഉയർന്ന ഉത്തരദേശത്തുനിന്ന്‌ ഒരു ചെറുയാത്രവേളയ്‌ക്കിടയിൽ സന്ദർഭവശാലാണ്‌ ഞാൻ എത്തിയിരിക്കുന്നത്‌.”

ഒരുപക്ഷെ വളരെ സൗഹൃദപരമായിരുന്നിരിക്കാവുന്ന ഈ സംഭാഷണത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ട്‌, കിതച്ചുകൊണ്ടും മുരണ്ടുകൊണ്ടും അവറ്റകളെല്ലാം എന്റെ ചുറ്റും സൃഷ്‌ടിച്ചിരുന്ന വലയം ചുരുക്കി.

“നമുക്കറിയാം”, പ്രായം ചെന്നവൻ തുടക്കമിട്ടു, “താങ്കൾ ഉത്തരദേശത്തു നിന്നാണ്‌ വന്നിരിക്കുന്നതെന്ന്‌. ഞങ്ങളുടെ വിശ്വാസം കുടികൊളളുന്നത്‌ ആ ഒരു കാര്യത്തിലാണ്‌. ഉത്തരദേശത്ത്‌ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു രീതി ഇവിടെ അറബികളുടെ ഇടയിൽ ഒരാൾക്ക്‌ കണ്ടെത്താൻ കഴിയുകയില്ല. അവരുടെ നിസ്സംഗമായ ധിക്കാരത്തിൽനിന്ന്‌ ഒരാൾക്ക്‌ സാമാന്യബോധത്തിന്റെ ഒരഗ്‌നിസ്പുലിംഗം തൊടുക്കാനാകില്ലെന്നു താങ്കൾക്കറിയാമോ. മൃഗങ്ങളെ കൊന്ന്‌ അവർ ഭക്ഷിക്കുകയും, മൃഗങ്ങളുടെ ജഡം അഴുകുന്നത്‌ അവർ അവഗണിക്കുകയും ചെയ്യുന്നു.”

“അത്ര ഉറക്കെ സംസാരിക്കേണ്ട”, ഞാൻ താക്കീതു നൽകി. “അടുത്ത്‌ അറബികൾ കിടന്നുറങ്ങുന്നുണ്ട്‌.”

“യഥാർത്ഥത്തിൽ താങ്കൾ അപരിചിതനാണ്‌,” കുരുനരി തുടർന്നു. “അല്ലാത്തപക്ഷം, ലോകചരിത്രത്തിലിന്നോളം ഒരു കുറുനരി ഒരിക്കലുമൊരു അറബിയെ ഭയപ്പെട്ടിട്ടില്ലെന്നുളളത്‌ താങ്കൾ അറിയുമായിരുന്നു. നമ്മൾ അവരെ ഭയപ്പെടുന്നുവോ? അത്തരം ആളുകളുടെ ഇടയിലേയ്‌ക്ക്‌ നമ്മൾ പുറന്തളളപ്പെട്ടത്‌ ഭയങ്കര നിർഭാഗ്യമല്ലേ?”

“ഒരുപക്ഷെ-അതങ്ങനെയായിരിക്കാം,” ഞാൻ പറഞ്ഞു. “നാളിതുവരെ എന്നിൽ നിന്നും തുടച്ചുമാറ്റപ്പെട്ട കാര്യങ്ങൾ വിലയിരുത്തുവാൻ ഞാൻ യോഗ്യനല്ല. വളരെ പഴയൊരു പോരാട്ടമായിട്ടാണ്‌ ഇതു തോന്നിക്കുന്നത്‌-അതു മിക്കവാറും രക്തത്തിൽ അലിഞ്ഞുചേർന്നതും, അതുകൊണ്ടുതന്നെ ഒരുപക്ഷെ രക്തത്തോടു കൂടിയേ അവസാനിക്കൂ.”

“താങ്കൾ വലിയ കൗശലക്കാരനാണ്‌.” പ്രായമേറിയ കുറുക്കൻ അഭിപ്രായപ്പെട്ടു. അപ്പോഴും നിൽക്കുകയായിരുന്നെങ്കിലും, കൂടുതൽ ത്വരിതഗതിയിൽ കുറുനരികളെല്ലാം കിതക്കുകയും അവറ്റകളുടെ ശ്വാസകോശങ്ങൾ ദ്രുതഗതിയിൽ ശ്വസോച്ഛ്വാസം ചെയ്യുകയുമായിരുന്നു. കുറുനരികളുടെ തുറന്നു പിടിച്ച താടിയെല്ലുകളിലൂടെ കയ്‌പുനിറഞ്ഞ ഒരു ദുർഗന്ധം പുറത്തേയ്‌ക്കൊഴുകി- ഞാനതു സഹിച്ചത്‌ ഇടയ്‌ക്കിടെ എന്റെ പല്ലുകൾ കടിച്ചുപിടിച്ചു കൊണ്ടായിരുന്നു.

“താങ്കൾ വളരെ സൂത്രശാലിയാണ്‌. താങ്കൾ പറഞ്ഞതൊക്കെ ഞങ്ങളുടെ പ്രാചീനസിദ്ധാന്തവുമായി സദൃശപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഞങ്ങളവരുടെ ചോര ചീന്തിയാൽ കലഹം അവസാനിക്കും.”

“ഓഹോ,” ഉദ്ദേശിച്ചതിനെക്കാളും പരുഷമായി ഞാൻ ആക്രോശിച്ചു. “അവർ സ്വയം ചെറുത്തുനിൽക്കും. അവരുടെ തോക്കുകളുപയോഗിച്ച്‌ കൂട്ടത്തോടെ നിങ്ങളെ അവർ വെടിവെച്ചു വീഴ്‌ത്തും.”

“താങ്കൾക്കു ഞങ്ങളെ മനസ്സിലാകില്ല”, അവൻ മൊഴിഞ്ഞു. “മനുഷ്യസാഹജമായ ആ സവിശേഷത ഉന്നതമായ ഉത്തരദേശത്തു നിന്നുപോലും അപ്രത്യക്ഷമായിട്ടില്ല. ഞങ്ങൾ അവരെ കൊല്ലാനൊന്നും പോകുന്നില്ല. ഞങ്ങളെ കഴുകി ശുദ്ധമാക്കുവാൻ നൈലിലെ ജലം പോരാതെ വരും. ജീവനുളള അവരുടെ ശരീരം കാണുന്ന മാത്രയിൽ, ശുദ്ധവായു നിറഞ്ഞ മണലാരണ്യത്തിലേയ്‌ക്ക്‌ അതു ഞങ്ങളെ ഓടാൻ പ്രേരിപ്പിക്കും. ആ ഒറ്റക്കാരണം കൊണ്ടുതന്നെ അവിടം ഞങ്ങളുടെ വസതിയാകുന്നു.”

ഞങ്ങളെ വലംവെച്ചു നിന്നിരുന്ന എല്ലാ കുറുനരികളും (അതേസമയം തന്നെ ദൂരെനിന്ന്‌ വളരെയധികം വന്നെത്തിച്ചേർന്നിരുന്നു.) മുൻകാലുകൾക്കിടയിലൂടെ തങ്ങളുടെ തലകൾ താഴ്‌ത്തി പാദങ്ങൾ കൊണ്ട്‌ അവയെ വൃത്തിയാക്കി. അത്‌, അതിഭയങ്കരമായ തങ്ങളുടെ വെറുപ്പ്‌ മൂടിവെയ്‌ക്കാൻ വേണ്ടിയിട്ടെന്നതുപോലെയായിരുന്നതിനാൽ നീണ്ട ഒറ്റച്ചാട്ടം കൊണ്ട്‌ അവരുടെ വലയത്തിനപ്പുറത്തേയ്‌ക്കു രക്ഷപ്പെടുവാൻ ഞാൻ കൂടുതൽ ഇഷ്‌ടപ്പെട്ടിരുന്നു.

“അതുകൊണ്ട്‌ നിങ്ങളെന്തു ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌?” ഞാൻ ചോദിച്ചു.

എഴുന്നേറ്റു നിൽക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും, എനിക്കതിനു കഴിഞ്ഞില്ല. പ്രായം കുറഞ്ഞ രണ്ടു മൃഗങ്ങൾ പുറകിൽനിന്ന്‌ എന്റെ ഷർട്ടും പുറങ്കുപ്പായവും വളരെ ശക്തമായി കടിച്ചുപിടിച്ചിരുന്നതുകൊണ്ട്‌ എനിക്ക്‌ ഇരിക്കുവാനേ നിവർത്തിയുണ്ടായിരുന്നുളളു. “താങ്കളെയവർ മെരുക്കുകയാണ്‌,” പ്രായം ചെന്ന കുറുക്കൻ വിവരണത്തിനിടയിൽ വളരെ ഗൗരവത്തോടെ പ്രസ്താവിച്ചു. “ബഹുമാനത്തിന്റെ ഒരു ലക്ഷണം.”

“അവർ എന്നെ പോകാൻ അനുവദിക്കണം.” പ്രായമേറിയവന്റെയും ചെറിയവറ്റകളുടെയും ഇടയിൽ മുന്നോട്ടും പിന്നോട്ടും തിരിഞ്ഞുകൊണ്ട്‌ ഞാൻ അലറിവിളിച്ചു.

“തീർച്ചയായും അവർ അനുവദിക്കും.” പ്രായക്കാരൻ ഉറപ്പു പറഞ്ഞു. “താങ്കൾക്ക്‌ അതാണ്‌ ആവശ്യമെങ്കിൽ. എന്നാൽ അതിന്‌ അല്പം സമയമെടുക്കും. ഞങ്ങളുടെ ജന്മസിദ്ധമായ സ്വഭാവം കൊണ്ടെന്നപോലെ, പല്ലുകൾ ആഴത്തിൽ ഇറക്കിയിരിക്കുകയാണ്‌ അവർ. ആദ്യമവരുടെ താടിയെല്ലുകൾ ക്രമേണ തുറക്കാനനുവദിക്കുക. അതിനിടയിൽ ഞങ്ങളുടെ അപേക്ഷ ശ്രദ്ധിക്കുക.”

“നിങ്ങളുടെ സ്വഭാവമെന്നെ പൂർണ്ണമനസ്സോടെ അതു കൈക്കൊളളുവാൻ പര്യാപ്തമാക്കുന്നില്ല.” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ഞങ്ങളുടെ വിരൂപതയ്‌ക്ക്‌ ഞങ്ങളെക്കൊണ്ട്‌ പ്രതികാരം ചെയ്യിക്കല്ലേ,” ആദ്യമായിപ്പോൾ അവന്റെ നൈസർഗ്ഗികസ്വരത്തിന്‌ ഒരു ദുഃഖഭാവം കൈവരുത്തി തുടക്കാരോടായി അവൻ പറഞ്ഞു. “പാവം മൃഗങ്ങളായ നമ്മൾക്കാകെയുളളത്‌ നമ്മുടെ പല്ലുകളാണ്‌. നല്ലതും ചീത്തയുമായ എല്ലാക്കാര്യങ്ങൾക്കുവേണ്ടിയും നമുക്കു ലഭിച്ചിരിക്കുന്ന ഒരേയൊരു വസ്‌തുവാണ്‌ നമ്മുടെ ദംഷ്‌ട്രങ്ങൾ.”

“അതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്താണു വേണ്ടത്‌?” അല്പം സ്ഥിരീകരണത്തോടെ ഞാൻ ആരാഞ്ഞു.

“സർ,” അവന്റെ ആക്രോശത്തിൽ എല്ലാ കുറുനരികളും ഓരിയിട്ടു. വിദൂരമായ ഒരു മധുരസംഗീതംപോലെ എനിക്കതനുഭവപ്പെട്ടു.

“ലോകത്തെ രണ്ടായി പിളർക്കുന്ന ഈ വഴക്ക്‌ താങ്കൾ അവസാനിപ്പിച്ചു തരണം. താങ്കളെപ്പോലുളള ഒരു മനുഷ്യൻ അതു നിർവഹിക്കുമെന്ന്‌ ഞങ്ങളുടെ പിതാമഹന്മാർ വിവരിച്ചിട്ടുണ്ട്‌. അറബികളിൽനിന്ന്‌ ഞങ്ങൾ സ്വതന്ത്രരാകും. ഞങ്ങൾക്കു ചുറ്റുമുളള ചക്രവാളദൃശ്യം അറബികളിൽ നിന്ന്‌ ഒഴിവാകും. ഒരു അറബി കത്തിവെയ്‌ക്കുന്ന ചെമ്മരിയാടിന്റെ തീവ്രവേദനയിൽ പുളഞ്ഞ നിലവിളികളുണ്ടാകില്ല. എല്ലാ മൃഗങ്ങളും സമാധാനത്തോടെ മരിച്ച്‌, സ്വൈരക്കേടില്ലാതെ ഞങ്ങൾക്കുവേണ്ടി ഉപേക്ഷിക്കപ്പെടും; അവയെ വലിച്ചൂറ്റി കുടിക്കാനും, അസ്ഥികളോളം വരെ ശുദ്ധീകരിക്കപ്പെടാനും വേണ്ടി. ശുചിത്വമാണ്‌ ഞങ്ങളാവശ്യപ്പെടുന്നത്‌-വേറൊന്നുമല്ല. ശുചിത്വം.” അപ്പോൾ കരഞ്ഞ്‌ ഏങ്ങലടിക്കുകയായിരുന്നു കുറുനരികളെല്ലാം. “ആത്മശുദ്ധനും കുലീനനുമായ താങ്കൾക്ക്‌, ഈ ലോകത്തിൽ ഇതെങ്ങനെ താങ്ങുവാൻ കഴിയും? അഴുക്കാകുന്നു അവരുടെ വെളുപ്പ്‌. അഴുക്കാകുന്നു അവരുടെ കറുപ്പും; അവരുടെ താടിയോ ബീഭത്സം. അവരുടെ കൺകോണുകളിലേക്ക്‌ നോക്കുന്നത്‌ ഒരാളെ കാറിത്തുപ്പുവാൻ പര്യാപ്തമാക്കുന്നു. അവർ സ്വന്തം കൈകളുയർത്തുകയാണെങ്കിൽ അവരുടെ കക്ഷങ്ങളിൽ നരകം തുറക്കും. അതുകൊണ്ട്‌ സാറേ... അതുകൊണ്ട്‌ മാത്രം എന്റെ പ്രിയപ്പെട്ട സാറേ, എല്ലാത്തിനും കഴിവുളള താങ്കളുടെ കൈകൾകൊണ്ട്‌, ഈ കത്രിക ഉപയോഗിച്ച്‌ താങ്കൾ അവരുടെ കണ്‌ഠം തന്നെ കീറിമുറിക്കുക.” അവൻ തലകുലുക്കിയതിനു മറുപടിയായി, തുന്നൽപ്പണികൾക്കുപയോഗിക്കുന്ന തുരുമ്പിച്ചു പഴകിയ ഒരു കത്രിക തന്റെ കോമ്പല്ലിൽ കോർത്തുകൊണ്ട്‌ ഒരു കുറുക്കൻ കടന്നുവന്നു.

“ഒടുവിൽ കത്രികയോളമെത്തി-ഇതവസാനിപ്പിക്കുവാൻ സമയമായി!” കാറ്റിന്റെ ദിശയിൽനിന്ന്‌ ഞങ്ങളുടെയിടയിലേയ്‌ക്കു നുഴഞ്ഞു കയറിക്കൊണ്ട്‌, ഞങ്ങളുടെ സഞ്ചാരസംഘത്തിന്റെ തലവൻ അറബി ആക്രോശിച്ചു. അയാളുടെ ഭീമാകാരമായ ചമ്മട്ടി, അയാൾ അപ്പോൾ വായുവിൽ ചുഴറ്റി. പെട്ടെന്ന്‌ കുറുക്കൻമാരെല്ലാം പരക്കം പാഞ്ഞു. എന്നാലും കുറെയെണ്ണം കുറച്ചുദൂരെയായി പറ്റിച്ചേർന്ന്‌ കൂട്ടംകൂടി നിന്നു. അവയിൽ പലതും അത്ര അടുത്തു ചേർന്ന്‌ ഒട്ടിപ്പിടിച്ചു നിന്നിരുന്നതു കണ്ടാൽ, ഇടുങ്ങിയ ഒരു കൂട്ടിലടക്കപ്പെട്ട അവറ്റകൾക്കു ചുറ്റും തീപ്പിശാചുകൾ നൃത്തം വെയ്‌ക്കുകയാണെന്നു തോന്നും.

“സർ, അങ്ങനെ താങ്കളും കൂടി ഈ പ്രദർശനം കാണുകയും കേൾക്കുകയുമുണ്ടായില്ലേ”, മിതഭാഷിത്വം അയാളുടെ ഗോത്രം അനുവദിച്ചിരുന്നിടത്തോളം സഹർഷം ചിരിച്ചുകൊണ്ട്‌ അറബി പറഞ്ഞു.

“അതുകൊണ്ട്‌ ഈ മൃഗങ്ങൾക്കു വേണ്ടെതെന്താണെന്ന്‌ താങ്കൾക്കറിയാമോ”, ഞാൻ അന്വേഷിച്ചു.

“തീർച്ചയായും, സർ.” അയാൾ പ്രതിവചിച്ചു.

“പൊതുവായ അറിവാണത്‌- അറബികൾ ഉളളിടത്തോളം കാലം, ലോകാവസാനം വരെ, ഈ കത്രികകൾ ഞങ്ങളോടൊപ്പം മണലാരണ്യത്തിലൂടെ അലയും. മഹത്തായ ജോലികൾക്കായി ഓരോ യൂറോപ്യനും അവർക്കു പ്രതിഫലമേകിയിട്ടുണ്ട്‌. അതു നിറവേറ്റുവാൻ ഓരോ യൂറോപ്യൻകാരനും ശരിയായ യോഗ്യതയുളളവനാണെന്നാണ്‌ അവർ ചിന്തിക്കുന്നത്‌. യുക്തിഹീനമായ ഒരു വിശ്വാസമാണ്‌ ഈ മൃഗങ്ങൾക്കുളളത്‌. അവർ വിഡ്‌ഢികളാണ്‌, യഥാർത്ഥ മണ്ടന്മാർ. അതുകൊണ്ടാണ്‌ അവരെ ഞങ്ങൾ ഇഷ്‌ടപ്പെടുന്നത്‌. അവർ ഞങ്ങളുടെ പട്ടികളാകുന്നു, നിങ്ങൾക്കുളളവയെക്കാളും മഹത്തായ ഒന്ന്‌. ഇപ്പോൾ, ഇതു കണ്ടോളുക. രാത്രിയിൽ ചത്ത ഒരു ഒട്ടകത്തെ ഞാനിവിടെ കൊണ്ടുവന്നിട്ടുണ്ട്‌.”

നാലു ചുമട്ടുകാർ ഒട്ടകത്തിന്റെ ഭാരമേറിയ ജഡം കൊണ്ടുവന്ന്‌ ഞങ്ങളുടെ മുന്നിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. അതവിടെ വീഴുന്നതിനു മുൻപേതന്നെ കുറുനരികൾ ഒച്ചപ്പാടുയർത്തി. അവറ്റകളിലോരോന്നായി മുന്നോട്ടു ഇഴഞ്ഞു നീങ്ങി, പൊട്ടാത്ത കയറുകൊണ്ട്‌ ഒട്ടകത്തിന്റെ ജഡം ബന്ധിച്ചു വലിക്കുന്നതുപോലെ നിലത്തിലൂടെ അതിനെ വലിച്ചിഴച്ചു. കുറുനരികൾ അറബികളെ മറന്നു. അവരുടെ ശത്രുത മറന്നു. അതിരൂക്ഷ ഗന്ധം വമിക്കുന്ന മൃതശരീരം എല്ലാം തുടച്ചുമാറ്റി അവറ്റകളെ വശീകരിച്ചു. ഇതിനകം കുറുനരികളിലൊരെണ്ണം ഒട്ടകത്തിന്റെ കണ്‌ഠത്തിൽ കടിച്ചുതൂങ്ങി. അതിന്റെ ആദ്യത്തെ കടിയാൽത്തന്നെ രക്തധമനി കണ്ടെത്തുകയുണ്ടായി. ക്ഷുബ്‌ധമായ ഒരു ചെറുജലരോഹയന്ത്രം (ഒരു ഉറച്ച തീരുമാനത്തോടെ ഇണങ്ങിച്ചേർന്നത്‌ അതിന്റെ പ്രത്യാശയില്ലായ്‌മ ഒന്നുകൊണ്ടുമാത്രമാണ്‌) അപ്രതിരോധ്യമായ ഒരഗ്‌നിബാധയണയ്‌ക്കുവാൻ സവിശേഷശ്രമം നടത്തുന്നതുപോലെ ഒട്ടകത്തിന്റെ ജഡത്തിലെ ഓരോ മാംസപേശികളും സ്വസ്ഥാനത്തുനിന്നും വലിച്ചു പറിച്ചെടുക്കപ്പെട്ടു. പിന്നീട്‌, യഥാർത്ഥത്തിൽ ഒരേ രീതിയിൽ കർമ്മവ്യാപൃതരായി അവറ്റകളെല്ലാം ജഡത്തിനുമുകളിൽ ഒരു കുന്നുപോലെ കുമിഞ്ഞുകൂടി.

സഞ്ചാരസംഘത്തലവൻ അയാളുടെ മൂർച്ചയേറിയ ചമ്മട്ടി അവറ്റകളുടെ മുകളിലൂടെ ശക്തമായി ചുഴറ്റിപ്പൊട്ടിച്ചു. ലഹരിപിടിച്ച അവസ്ഥയിൽ പാതിബോധം നഷ്‌ടപ്പെട്ട്‌ അവറ്റകളെല്ലാം തലയുയർത്തി മുന്നിൽ നിന്നിരുന്ന അറബിയെ നോക്കി. ചമ്മട്ടി അപ്പോളവറ്റകളുടെ മോന്തയടിച്ചു തകർക്കുമെന്ന ബോധമുദിക്കാൻ തുടങ്ങിയതിനാൽ അല്പദൂരം പുറകോട്ടോടി, മാറിനിന്നു. എന്നാൽ അവിടെയെങ്ങും തളം കെട്ടിക്കിടന്നിരുന്ന ഒട്ടകത്തിന്റെ രക്തം സ്വർഗ്ഗത്തോളം ദുർഗന്ധം പരത്തി; അതിന്റെ ശരീരം വലിച്ചുകീറപ്പെട്ട്‌ പല ഭാഗത്തായി കിടന്നിരുന്നു. കുറുനരികൾക്ക്‌ ചെറുത്തുനിൽക്കാനായില്ല. വീണ്ടുമവറ്റകൾ അവിടേയ്‌ക്കു കടന്നുവന്നു. സംഘത്തലവൻ ഒരു പ്രാവശ്യം കൂടി തന്റെ ചമ്മട്ടി ഉയർത്തി. അയാളുടെ കയ്യിൽ നിന്ന്‌ ഞാൻ അതു തട്ടിപ്പറിച്ചെടുത്തു. “സർ, താങ്കളുടെ പ്രവൃത്തി ശരിയാണ്‌.” അയാൾ പ്രസ്താവിച്ചു.

“അവരുടെ ഉൾവിളിക്ക്‌ നമുക്കവരെ വിട്ടുപോകാം. കൂടാതെ നമ്മുടെ കൂടാരം പൊളിക്കുവാൻ സമയവുമായി. താങ്കളും അവറ്റകളെ കണ്ടു. വിസ്‌മയമുണർത്തുന്ന ജന്തുക്കൾ, അതല്ലേയവറ്റകൾ? കുറുനരികൾ നമ്മളെ തീവ്രമായി വെറുക്കുന്നു!”

-------

ഫ്രാൻസ്‌ കാഫ്‌ക




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.