പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വപ്നാടനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സരിത പരിയാരം

കഥ

അനന്തന്‌ മടുപ്പു തോന്നിത്തുടങ്ങിയിരുന്നു. പകലുകൾ അക്കങ്ങൾക്കും അക്ഷരങ്ങൾക്കും മുന്നിലിരുന്നു കത്തിത്തീരുന്നു. രാത്രി, സ്വപ്നങ്ങൾക്കിടമില്ലാത്ത ക്ഷീണം, തളർച്ച....

എന്നു മുതലാണ്‌ ശീതീകരിച്ച മുറിയുടെ നാലുചുവരുകൾക്കുളളിൽ സ്വപ്‌നങ്ങളും ചിന്തകളും തളയ്‌ക്കപ്പെട്ടത്‌?

എന്നുമുതലാണ്‌ ജീവിതം, ഈ മുറിയുടെ ഉടമസ്ഥന്റെ ആഗ്രഹത്തിനൊത്തു മാത്രം ഒഴുകിത്തുടങ്ങിയത്‌?

എന്നുമുതലാണ്‌ ലാഭങ്ങളുടെയും നഷ്‌ടങ്ങളുടെയും കണക്കെടുപ്പിന്‌ അക്കങ്ങൾ നിരത്തിവെച്ച്‌ ഉറക്കമില്ലാതെ രാവും പകലാക്കാൻ തുടങ്ങിയത്‌?

ഇതൊക്കെ ചിന്തിച്ചപ്പോൾ അനന്തന്‌ എല്ലാം തകർത്തെറിയാൻ തോന്നി.

നഗരത്തിലെ നമ്പർ വൺ സോഫ്‌റ്റ്‌വെയർ കമ്പനി. ഇവിടെ ജോലി കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങൾ മനസ്സിലെവിടെയോ മൂടിവച്ചു. വലിയ ശമ്പളം വാങ്ങുന്ന ഉയർന്ന ഉദ്യോഗസ്ഥൻ. ലാഭത്തിന്റെ കണക്കു നീട്ടുമ്പോൾ എം.ഡിയുടെ കണ്ണുകളിലെ തിളക്കം അനന്തന്റെ സന്തോഷമാണ്‌. നഷ്‌ടത്തിന്റെ കണക്കു കാണുമ്പോൾ ആ കണ്ണുകളിൽ കാണാറുളള ദേഷ്യം, അനന്തന്റെ സങ്കടമാണ്‌, നിരാശയാണ്‌.

അനന്തൻ മുറിവിട്ടിറങ്ങി റോഡിലൂടെ നടന്നു. നിരയൊത്തു നീങ്ങുന്ന വാഹനങ്ങൾ-ഉറുമ്പുകളെപ്പോലെ. കണ്ണെത്താത്ത ദൂരത്തോളം കോൺക്രീറ്റ്‌ കെട്ടിടങ്ങൾ, ആകാശത്തോളം വളർന്ന അഹന്ത. എത്ര പെട്ടെന്നാണ്‌ ഈ നാടാകെ കോൺക്രീറ്റ്‌ കെട്ടിടങ്ങളെക്കൊണ്ടു നിറഞ്ഞത്‌. അനന്തൻ ആദ്യമായി കാണുന്നപോലെ അതുനോക്കി നിന്നു.

ജീവിതം ഒരു മത്സരയോട്ടമാണ്‌. തിരിഞ്ഞുനോക്കാതെ, ലക്ഷ്യത്തിലെത്തുക മാത്രമാണ്‌ പ്രധാനം. കൂടെയോടുന്നവർ ആരുമായിരുന്നോട്ടെ, അവർ തളർന്ന്‌ വീഴട്ടെ.. വിജയം തന്റേതുമാത്രമായിരിക്കണം എന്ന ചിന്ത മാത്രം. ചിലരാകട്ടെ വേഗത്തിലൊന്നു നടക്കാൻ പോലുമാകാതെ പകച്ചു നില്‌ക്കുന്നു.

അനന്തനും, നാം ഓരോരുത്തരും, ഓട്ടക്കാരിലൊരാളായി മാറുന്നു.

ജീവിതത്തിലെ തിരക്കിനിടയിൽ വീണുകിട്ടുന്ന ഓരോ നിമിഷവും ഒരു മഴപെയ്‌തുതോർന്നപോലെയുളള ആനന്ദമാണ്‌ അനന്തന്‌.

ഓർമ്മകൾ; പണ്ടുമുതലേ കൂടെ കൊണ്ടു നടന്ന ആഗ്രഹങ്ങൾ...

അന്നുമിന്നും ഒരുപോലെയെന്നു പറയാൻ ഒരേയൊരു കാര്യം മാത്രമാണുളളത്‌. ഓർമ്മകൾ പിന്നോട്ടും ആഗ്രഹങ്ങൾ മുന്നോട്ടുമാണ്‌ സഞ്ചരിക്കുന്നത്‌.

നഗരത്തിന്റെ ജീർണ്ണതകളിൽ നിന്ന്‌ ഒളിച്ചോടണം. മനസ്സ്‌ ഒരു പുതിയ ലോകത്തെ സ്വപ്‌നം കാണാനും തുടങ്ങിയിരുന്നു.

കടൽ, കടലിനടുത്തുളള കോട്ട, കാറ്റാടിമരങ്ങൾ... കോട്ടയുടെ പേരെന്താണാവോ-ഇവിടെയാണ്‌ സ്വപ്‌നങ്ങൾ പറന്നുവരാറുളളത്‌. പക്ഷേ....

“ആരെയാ അന്വേഷിക്കുന്നത്‌?” നിരഞ്ജനയുടെ ചോദ്യം അയാളെ ഉണർത്തി.

“കൂടുവിട്ടു പറന്നുപോയ സ്വപ്‌നങ്ങളെ.”

“ഞാനും.”

നിരഞ്ജനയെ അനന്തന്‌ അറിയില്ലായിരുന്നു. അവൾ അയാളുടെ ഭാര്യയോ കാമുകിയോ കൂട്ടുകാരിയോ അല്ലായിരുന്നു. അവളുടെ സ്വപ്‌നങ്ങളെക്കുറിച്ച്‌ അയാൾക്കൊന്നും അറിയില്ല. അവൾക്ക്‌ സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്നറിയാം.

നിരഞ്ജനയുടെ സ്വപ്‌നങ്ങൾ.....

നല്ലതെന്നോ ചീത്തയെന്നോ അവൾക്കുതന്നെ പറയാൻ പറ്റാത്ത സ്വപ്‌നങ്ങൾ. ഒരു ടി.വി സ്‌ക്രീനിലെന്നപോലെ അവളത്‌ വ്യക്തമായി കാണാറുണ്ട്‌. ആ സ്വപ്‌നങ്ങളാകട്ടെ ഒന്നുപോലും യാഥാർത്ഥ്യമാകാൻ കൂട്ടാക്കാത്ത പിടിവാശിയുളള കുഞ്ഞിനെപ്പോലെ ഓടിച്ചാടി നടന്നു. ഇടയ്‌ക്കൊക്കെ കാല്‌ തെന്നി വീണപ്പോൾ പിടഞ്ഞെണീറ്റു പിന്നെയും ഓടി.

സ്വപ്‌നങ്ങൾ...

ഒരിക്കലും നടക്കാത്ത, നല്ലതെന്നുമാത്രം വിശ്വസിക്കാനാഗ്രഹിക്കുന്ന അവളുടെ സ്വന്തം സ്വപ്‌നങ്ങൾ.

നിരഞ്ജനയ്‌ക്ക്‌ എല്ലാവരുമുണ്ട്‌. എന്നുപറഞ്ഞാൽ വീടു നിറയെ ആളുകൾ. പക്ഷേ ഓരോരുത്തരും അവരുടെതായ ലോകത്തിൽ. ആരുമവളെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ... അത്‌ തോന്നലല്ലെന്നാണ്‌ നിരഞ്ജന പറയുന്നത്‌. എല്ലാവരേയും പോലെ അവളും ഈ വിശാലമായ ലോകത്തിന്റെ ഒരു ഭാഗം. അവളുടെ ശബ്‌ദം അടുക്കളയിലും അകത്തളങ്ങളിലും മാത്രം നിറഞ്ഞുനിന്നു. പുറത്തെ വർണ്ണവൈചിത്ര്യം അവളെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണവൾ സ്വപ്‌നങ്ങൾക്കു പിന്നാലെ പോയിത്തുടങ്ങിയത്‌. എന്നെങ്കിലുമൊരിക്കൽ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുമെന്നും തന്റെ ഉളളിലെവിടെയോ കിടന്നു വിങ്ങുന്ന മനസ്സ്‌ സ്വാതന്ത്ര്യമാഘോഷിക്കുമെന്നും തുളളിച്ചാടുമെന്നും അവൾ ആഗ്രഹിച്ചു.

സ്വപ്‌നത്തിൽ, സഹതാപവും സാന്ത്വനവുമായെത്തുന്ന അബലകളെ അവൾ കണ്ടില്ലെന്നു നടിച്ചു. എതിർപ്പുകൾ തൃണവത്‌ഗണിച്ചു. കുറ്റപ്പെടുത്തുന്നവർക്കെതിരെ പൊട്ടിത്തെറിച്ചു. അഹങ്കാരിയെന്ന പേരുവീണാലും അവൾ സന്തോഷിക്കും. തെറ്റുകളെ എതിർക്കാൻ ധൈര്യമുളളവരെ അവൾക്കെന്നും ഇഷ്‌ടമായിരുന്നു. അങ്ങനെയുളളവരല്ലേ പുരോഗമനം കൊണ്ടുവരുന്നത്‌.

സ്വപ്‌നങ്ങൾ പോയി മറയുമ്പോൾ അവൾ ഒരു പാവം തടവുകാരിയാവും. അവളുടെ പാവം മനസ്സ്‌ പറന്നുയരാനാവാതെ ചിറകു തളർന്നു വീഴുന്നു.

നിരഞ്ജന അനന്തന്റെ ഹൃദയത്തിലേക്ക്‌ എത്തിനോക്കി. അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല. പന്നെ അവർ ഒരുമിച്ചു നടന്നു.

എവിടെ വച്ചോ സ്വപ്‌നങ്ങളെ അവർ കണ്ടെത്തും. പക്ഷേ അപ്പോഴേക്കും അവർക്ക്‌ തിരിച്ചു നടക്കണമെന്ന്‌ തോന്നിത്തുടങ്ങിയിരുന്നു.

സന്ധ്യ ഇരുട്ടിനു വഴിമാറി. പക്ഷികൾ കൂടു തേടി പറന്നു. നിരഞ്ജന വീടിനെക്കുറിച്ചോർത്തു.

തറവാട്ടിലെ ഇരുൾ നിറഞ്ഞ അകത്തളങ്ങളിൽ സ്‌നേഹത്തിന്റെ ഊഷ്‌മളതയുണ്ട്‌. ബാല്യത്തിന്റെ നിറക്കൂട്ടുകളുണ്ട്‌. എല്ലാത്തിനുമുപരി ഉമ്മറത്തെ ചാരുകസേരയിൽ സ്‌നേഹിക്കാനും സ്വപ്‌നം കാണാനും പഠിപ്പിച്ച മുത്തച്ഛൻ, സന്ധ്യാവിളക്കുവെച്ച ഭഗവതിക്കാവ്‌, തെയ്യക്കോലങ്ങൾ... അവളുടെ കണ്ണിൽ ഇരുട്ടുകയറി. അവൾക്ക്‌ സങ്കടവും ഭയവും തോന്നി. തിരിഞ്ഞു നോക്കാൻ പോലും അവൾ ഭയന്നു.

സ്വപ്‌നങ്ങൾ കടലെടുത്തപ്പോൾ അവർ തിരിച്ചു നടന്നു. അനന്തൻ നഗരത്തിന്റെ തിരക്കിലേക്കും നിരഞ്ജന അവളുടെ തറവാട്ടിലേക്കും. അവരുടെ മനസ്സിലപ്പോൾ സ്വപ്‌നങ്ങൾക്കുപകരം വിഷാദമായിരുന്നു.

അവരെപ്പോലെ രാത്രിയും ഏതോ വിഷാദത്തിൽ മുങ്ങിനിന്നു.

സരിത പരിയാരം

അപർണ്ണ, പരിയാരം പി.ഒ., കണ്ണൂർ - 670 502.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.