പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കൗതുകവാർത്തകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗോവിന്ദൻ രാവണീശ്വരം

കഥ

കേരളത്തിന്റെ വടക്കേയറ്റത്ത്‌ അസാധാരണതകളൊന്നുമില്ലാത്ത ഒരു ചെറുപട്ടണത്തിലെ തീവണ്ടിസ്‌റ്റേഷനിൽ വൈകുന്നേരത്തെ ‘മലബാറിനു’ കാത്തുനിൽക്കുകയാണ്‌ ഒരു ചെറുപ്പക്കാരൻ. മറ്റന്നാൾ രാവിലെ പതിനൊന്നുമണിക്ക്‌ യൂണിവേഴ്‌സിറ്റി കോളേജിൽ അയാൾക്കൊരു എഴുത്തുപരീക്ഷയുണ്ട്‌. ആകാശവാണിയുടെ ഡൽഹികേന്ദ്രത്തിൽ മലയാളം ന്യൂസ്‌ റീഡറുടെ ആ ഒരൊഴിവിലേക്ക്‌ വളരെ പ്രതീക്ഷയോടെയാണ്‌ അയാൾ പുറപ്പെട്ടുനിൽക്കുന്നത്‌. എഴുത്തുപരീക്ഷകൾക്കും മുഖാമുഖങ്ങൾക്കും സർക്കാർ നിശ്ചയിച്ച പ്രായപരിധി അയാളുടെ കാര്യത്തിൽ ഇതോടെ തീരുകയാണ്‌. പക്ഷേ, ഇത്തവണ അയാൾക്ക്‌ ന്യായമായ പ്രതീക്ഷകളുണ്ട്‌. മുഴക്കമുളള ശബ്‌ദവും, സ്‌ഫുടതയുളള ഉച്ചാരണവും വെടിപ്പുളള ഒരു ഭാഷയും അയാൾക്ക്‌ അവകാശപ്പെടാനുണ്ട്‌. തന്നെയുമല്ല, മലയാളസാഹിത്യത്തിൽ ഒരു രണ്ടാം ക്ലാസ്സ്‌ എം.എയും അയാൾ സമ്പാദിച്ചിട്ടുണ്ട്‌. ഇതൊക്കെ വെച്ചുനോക്കുമ്പോൾ, ഞാൻ തീർച്ചയായും ഒരു ന്യൂസ്‌റീഡർ മാത്രമാകേണ്ടവനാണെന്ന്‌ അയാൾ ഏതാണ്ട്‌ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഇക്കാലത്തിനിടയിൽ നിരവധി ജോലിപ്പരീക്ഷകൾക്കുശേഷവും ഒരു ശിപായിപ്പണിക്കുളള ലിസ്‌റ്റിൽപോലും പെടാതെപോയത്‌, ഒരു പക്ഷേ ഈയൊരവസരത്തിനായിട്ടാവും എന്നാണ്‌ അയാളിപ്പോൾ കരുതുന്നത്‌.

ശരിയായ അർത്ഥത്തിൽ അയാളൊരു തൊഴിൽ രഹിതനല്ല. സാഹിത്യത്തിലുളള തന്റെ വാസനയും പിന്നെ കയ്യിലുളള മലയാളം എം.എയും വെച്ച്‌ ആ കൊച്ചുപട്ടണത്തിലെ ഒരു സമാന്തരകോളേജിൽ അയാൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ട്‌. വെയിൽ തിന്നുന്ന അയ്യപ്പന്റെയും, ഉറഞ്ഞാടുന്ന കടമ്മനിട്ടയുടെയുമൊക്കെ വരികൾക്ക്‌ തീക്ഷ്‌ണഭാവത്തിലുളള ആലാപനം നൽകി അയാൾ കുട്ടികളെ വശത്താക്കിയിട്ടുണ്ട്‌. അദ്ധ്യാപനത്തിനപ്പുറം സമൂഹത്തിന്റെ ഉൽക്കണ്‌ഠകൾ പങ്കുവെയ്‌ക്കുന്നതിനും അയാൾ സമയം കണ്ടെത്തിയിരുന്നു. അരുന്ധതീറോയിയെ കോടതി തടവിനുവിധിച്ചപ്പോഴും, പാലസ്‌തീൻ ജനതയ്‌ക്കുമേൽ ഏരിയൽ ഷാരോൺ തെമ്മാടിത്തം കാട്ടിയപ്പോഴും തെരുവിലിറങ്ങിയ ചെറുപ്പക്കാരുടെ കൂട്ടത്തിൽ അയാളുമുണ്ടായിരുന്നു.

വണ്ടി വരാൻ ഇനിയും സമയമുണ്ട്‌. ഒട്ടും തിരക്കില്ലാത്ത പ്ലാറ്റ്‌ഫോമിൽ അയാൾ കാത്തിരിക്കുകയാണ്‌. യാത്ര പുറപ്പെടുംമുമ്പ്‌ അയാൾക്ക്‌ പ്രിയപ്പെട്ട ഒരാൾ വന്നെത്താനുണ്ട്‌. തീർച്ചയായും, അതയാളുടെ പ്രണയിനിയാണ്‌. കുറച്ചുകവിതയും ചില്ലറ സാമൂഹ്യപ്രവർത്തനവുമൊക്കെ കൊണ്ടുനടക്കുന്ന ചെറുപ്പക്കാരനായ ഒരു തൊഴിൽരഹിതന്‌, ഒരു പ്രണയം മുന്നോട്ടുവെക്കുന്ന കാല്‌പനികമായ പ്രലോഭനങ്ങളെ ഇക്കാലത്ത്‌ തളളിക്കളയാനാവില്ല.

പ്രണയത്തിന്റെ രസതന്ത്രത്തെക്കുറിച്ച്‌ നിയതമായ നിയമങ്ങളൊന്നുമില്ല. അത്‌ തുടങ്ങാനും, ഒടുങ്ങാനുമതെ, യാതൊരു ഉപാധികളും ആവശ്യമില്ല. അതുകൊണ്ടാണ്‌ നഗരത്തിലെ ടയർവ്യവസായിയുടെ മകളും അന്യമതസ്ഥയുമായ ഒരു പെൺകുട്ടിയുമായി അയാൾ പ്രണയത്തിലായത്‌. സ്വന്തം നേരുകളെ പരുക്കനായി പുറത്തുകാട്ടി നടക്കുന്നവർക്ക്‌ ഇക്കാലത്ത്‌ പ്രണയമില്ലെന്നു പറയുന്നത്‌ ശരിയാണ്‌. അല്ലെങ്കിലും നോക്കുക, പീറ്റർ ഇംഗ്ലണ്ടിന്റെ എഴുന്നൂറു രൂപയുളള ഷർട്ടും തൊളളായിരത്തിനുമേൽ വിലയുളള പാൻസും, നിശ്ചയമായും ആയിരത്തിനുമേൽ വിലയിടാവുന്ന ലതർ ഷൂസും ധരിച്ച്‌ കയ്യിൽ ബ്രീഫ്‌കേസുമായി നിൽക്കുന്ന അയാളുടെ കാര്യംതന്നെ എടുക്കുക. അയാളെക്കുറിച്ച്‌, അയാളുടെ ജീവിതത്തെക്കുറിച്ച്‌ നമുക്ക്‌ സാമാന്യമായി എന്താണു പറയാൻ കഴിയുക? പക്ഷേ, അയാളുടെ തന്നെ ജീവിതത്തെ ഒരു എക്‌സ്‌-റെ ഫിലിമിലാക്കാൻ കഴിയുമെങ്കിൽ നമുക്ക്‌ കണ്ടെത്താൻ കഴിയുന്നതെന്തൊക്കെ- മനസ്സിന്റെ നിലതെറ്റി കട്ടിൽക്കാലിൽ ചങ്ങലക്കിട്ട അച്‌ഛൻ, ബീഡികെട്ടി ക്ഷയംപിടിച്ചുപോയ ഒരു പെങ്ങൾ, പത്തിൽതോറ്റ്‌ ഒന്നും ചെയ്യാനില്ലാതെ തലചൊറിഞ്ഞുനിൽക്കുന്ന അനിയൻ, പിന്നെ കരുവാളിച്ച മുഖവുമായി, അടുക്കളച്ചുവരിൽ പറ്റിപ്പിടിച്ച ഒരു കറപോലെ അമ്മ.. അപ്പോൾ ഇങ്ങിനെയൊക്കെയാണ്‌.

വണ്ടി വരുന്നതിന്റെ മുന്നറിയിപ്പായി മണിമുഴങ്ങിയതും അവൾ അയാൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു. ആകെ അലങ്കോലപ്പെട്ട അവളുടെ വേഷത്തിൽനിന്നും അവൾ തിടുക്കപ്പെട്ട്‌ വന്നെത്തുകയായിരുന്നു എന്നു വ്യക്തം. ഒന്നും പറയാൻ നിൽക്കാതെ അവൾ അയാളുടെ കൈപിടിച്ച്‌ പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തേക്കു നടന്നു.

വൈകുന്നേരത്തെ മുഷിഞ്ഞ വെയിലിന്‌ പുറന്തിരിഞ്ഞ്‌ കൊണ്ട്‌ അവൾ പറഞ്ഞു.

“നിനക്കീ ജോലി കിട്ടുമെന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. കിട്ടണം. എന്തുവന്നാലും കിട്ടണം. അല്ലെങ്കിൽ നമ്മൾ... നമ്മുടെ ജീവിതം...” അശുഭകരമായതെന്തോ ഒന്ന്‌ പറയാനാവാതെ അവൾ മുഖം തിരിച്ചു.

“തീർച്ചായും ഇത്തവണ ഞാൻ രക്ഷപ്പെടും. അതിനുമുമ്പ്‌ അപകടങ്ങളൊന്നും സംഭവിക്കരുത്‌. ഒന്നും വെറുതെയാവരുത്‌.” അയാൾ അവളുടെ ചുമലിൽ കയ്യമർത്തി.

വണ്ടി കിതച്ചുനിന്നു. ജനലരികിലെ സീറ്റിലിരുന്നപ്പോൾ പുറത്ത്‌ കമ്പിയഴികളിൽ പിടിച്ച്‌ അവൾ. വണ്ടി പുറപ്പെടാറായി.

“ഇതാ... ഇതുവെച്ചോളൂ.. അത്യാവശ്യം വന്നാൽ വിറ്റോളൂ. ഇതേയുളളൂ ഇപ്പോഴെന്റെ കയ്യിൽ...” അവളുടെ വാക്കുകളിൽ കണ്ണീരിന്റെ നനവ്‌. കൈവിരലിലെ മോതിരമൂരിയെടുത്ത്‌ അവൾ അയാളുടെ മടിയിലേക്കിട്ടു. തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊടുന്നനെ അയളുടെ കണ്ണുകൾ നിറഞ്ഞു.

“ഈശ്വരാ ഈ സ്‌നേഹം...”

കാഴ്‌ചകൾ അകന്നുപോയി. നിറഞ്ഞ കണ്ണുകളിൽ, അവളുടെ മഞ്ഞചുരിദാർ അലിഞ്ഞില്ലാതായി.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

മദ്ധ്യകേരളത്തിൽ, പൂരപ്പെരുമയ്‌ക്കുപേരുകേട്ട ഒരു നഗരത്തിലെ കെ.എസ്‌.ആർ.ടി.സി ബസ്‌റ്റാൻഡിൽ തിരുവനന്തപുരത്തേക്കുളള സൂപ്പർ ഫാസ്‌റ്റും കാത്തുനിൽക്കുകയാണ്‌ സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഏതാനും നിമിഷങ്ങൾക്കകം വന്നെത്തുമെന്ന്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൈക്കിലൂടെ കാറിവിളിക്കാൻ തുടങ്ങിയിട്ടു തന്നെ മുക്കാൽ മണിക്കൂറായി. ‘വെറുതെയല്ല ഇതൊന്നും നഷ്‌ടത്തിൽനിന്നും തലപൊക്കാത്തതെന്ന്‌’ അയാൾ പിറുപിറുത്തു.

മറ്റന്നാൾ രാവിലെ പതിനൊന്നുമണിക്ക്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അയാൾക്കൊരു എഴുത്തുപരീക്ഷയുണ്ട്‌. ആകാശവാണിയുടെ ഡൽഹികേന്ദ്രത്തിൽ മലയാളം ന്യൂസ്‌ റീഡറുടെ ഒരൊഴിവിലേക്ക്‌ വളരെ പ്രതീക്ഷയോടെയാണ്‌ അയാൾ പുറപ്പെട്ടുനിൽക്കുന്നത്‌. എഴുത്തുപരീക്ഷകൾക്കും മുഖാമുഖങ്ങൾക്കും സർക്കാർ നിശ്ചയിച്ച പ്രായപരിധി ഇതോടെ തീരുകയാണ്‌. പക്ഷേ, ഇത്തവണ അയാൾക്ക്‌ ന്യായമായ പ്രതീക്ഷകളുണ്ട്‌. ഒരു വാർത്താവായനക്കാരന്റെ ജോലി അയാൾക്ക്‌ കിട്ടാതിരിക്കാൻ കാരണങ്ങളില്ല. കോളേജ്‌ പഠനകാലത്തും, അതിനുശേഷം നാട്ടിലും തന്റെ അസൂയാവഹമായ വാഗ്‌വൈഭവവും ശ്രദ്ധേയമായ ശബ്‌ദഗാംഭീര്യവും കൊണ്ട്‌ കിടയറ്റ ഒരു ‘കൊമ്പയറർ’ ആണെന്ന്‌ അയാൾ തെളിയിച്ചിട്ടുണ്ട്‌. പിന്നെ, ഇംഗ്ലീഷ്‌ സാഹിത്യത്തിലാണ്‌ ബിരുദാനന്തരബിരുദമെങ്കിലും, മലയാളത്തിലെ ആനുകാലികങ്ങളിൽ അയാൾ ചെറുകഥകളെഴുതാറുണ്ട്‌. ചെറുപ്പക്കാരായ എഴുത്തുകാർക്കുളള ചില പുരസ്‌കാരങ്ങളും അയാളെ തേടിവന്നിട്ടുണ്ട്‌. പിന്നെ ഇന്റർ-സോൺ കലോത്സവത്തിൽ തുടർച്ചയായി മൂന്നുതവണ ഇംഗ്ലീഷ്‌ പ്രസംഗമത്സരത്തിൽ ഇയാൾക്കായിരുന്നു ഒന്നാം സ്ഥാനം. ഈ യോഗ്യതകളൊക്കെയുണ്ടായിട്ടും, കാലാവധികഴിയുന്ന റാങ്കുലിസ്‌റ്റുകളിൽ ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന പേരുകളിൽ ഒരാളാവാനായിരുന്നു എപ്പോഴും അയാളുടെ വിധി.

പക്ഷേ, ഈ യാത്ര അങ്ങിനെയല്ലെന്ന്‌ അയാൾക്കുറപ്പുണ്ട്‌. ആയിരക്കണക്കിനുവരുന്ന അപേക്ഷകരിൽനിന്ന്‌ സൂക്ഷ്‌മപരിശോധനക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട, വളരെ കുറച്ചുപേരെ മാത്രമാണ്‌ എഴുത്തുപരീക്ഷയ്‌ക്ക്‌ വിളിച്ചിരിക്കുന്നത്‌ എന്നാണറിയാൻ കഴിഞ്ഞത്‌. മുപ്പത്തഞ്ചു കഴിഞ്ഞ ഒരു മുന്നോക്കക്കാരന്‌ ആ അറിവുതന്നെ വലി പ്രതീക്ഷയാണ്‌, നൽകിയിരിക്കുന്നത്‌. അസൂയാവഹമായ തന്റെ അധികയോഗ്യതകൾ വെച്ചുനോക്കുമ്പോൾ അയാൾക്കതിന്‌ അവകാശവുമുണ്ട്‌.

തന്റെ മുഖത്താകട്ടെ, വേഷവിധാനങ്ങളിലാകട്ടെ, ഒരു തൊഴിൽ രഹിതന്റെ സങ്കടങ്ങളൊന്നും അയാൾ പ്രദർശിപ്പിച്ചിരുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ജില്ലാ ട്രഷറിയിൽ ശിപായിയായിരുന്നു അയാളുടെ അച്‌ഛൻ. അടുത്തൂൺപറ്റിയതിന്റെ തൊട്ടടുത്ത ദിവസം ഒരു ലോറിക്കടിയിൽപ്പെട്ട്‌ അച്‌ഛൻ ചതഞ്ഞുപോയി. ‘ഒറ്റ നമ്പറിന്‌ സമ്മാനം നഷ്‌ടപ്പെട്ട ഭാഗ്യക്കുറിപോലായി’ എന്നാണ്‌ സത്യം പച്ചയ്‌ക്കു പറയുന്ന ഒരു സഹപ്രവർത്തകൻ സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്‌. ഒരു ദിവസത്തെ വ്യത്യാസത്തിന്‌ മകനൊരു സർക്കാർ ജോലി നഷ്‌ടപ്പെട്ടതിനെക്കുറിച്ച്‌ ഖേദിക്കുകയായിരുന്നു അയാൾ.

അയാളുടെ അച്‌ഛൻ ബാക്കിവെച്ചുപോയ ബാധ്യതകൾ വലുതായിരുന്നു. വീടുനിർമ്മാണത്തിന്‌ ബാങ്കിൽനിന്നുമെടുത്ത വായ്‌പക്ക്‌ ജപ്‌തിനോട്ടീസ്‌ വരാറാകുന്നു. അയാൾക്കു താഴെ, തഴച്ചുവളർന്നു നിൽക്കുന്ന രണ്ടു പെങ്ങന്മാർ, ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞു നിൽക്കുന്ന അമ്മ. അയാൾക്ക്‌ ഒരു ജോലി കിട്ടിയേ തീരൂ. ഈ യാത്രയിലേക്ക്‌ പടിയിറങ്ങുമ്പോഴും അമ്മ കരയുകയായിരുന്നു. “ദേവീ ഇതെങ്കിലും...” മനസ്സിലെ സങ്കടം പുറത്തു കാട്ടാതെ പടിയിറങ്ങുകയായിരുന്നു അയാൾ.

തിരുവനന്തപുരത്തേക്കുളള സൂപ്പർഫാസ്‌റ്റ്‌ പൊടിപറത്തിവന്നു. തിടുക്കത്തിൽ അകത്തുകയറിപ്പറ്റി. ഒട്ടും കാത്തുനിൽക്കാൻ സമയമില്ലെന്ന ഭാവത്തിൽ ഡ്രൈവർ അക്ഷമയോടെ ഹോണടിച്ചുകൊണ്ടേയിരുന്നു. ബസ്‌സ്‌റ്റാൻഡിന്‌ ഒന്നുവലംവെച്ച്‌ സൂപ്പർ ഫാസ്‌റ്റ്‌ കുതിപ്പ്‌ തുടർന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാവിലെ പതിനൊന്ന്‌ മണി. തലസ്ഥാനനഗരം. തീവെയിലിലും തിളച്ചുമറിയുന്ന ആൾക്കൂട്ടം. സെൻട്രൽ സ്‌റ്റേഷനിലെ തിരക്കിൽനിന്നും തലയൂരി, തമ്പാനൂർ റോഡിന്റെ വശംചേർന്ന്‌ നടക്കുകയാണ്‌ അയാൾ. കുറഞ്ഞവാടകക്കൊരു മുറിയെടുക്കണം. തല തണുക്കെ ഒന്നു കുളിക്കണം. ഒരു രാത്രിമുഴുവൻ നീണ്ട യാത്രയുടെ ക്ഷീണമുണ്ട്‌. നന്നായൊന്നുറങ്ങണം. പിന്നെ നാളത്തെ എഴുത്തുപരീക്ഷയ്‌ക്ക്‌ എന്തെങ്കിലുമൊക്കെ മറിച്ചുനോക്കണം.

പുറകിൽനിന്നൊരു സീൽക്കാരം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ. തോളത്തൊരു എയർബാഗുണ്ട്‌. പാറിപ്പറന്ന മുടിയും കരുവാളിച്ച കൺതടങ്ങളും ഒരു നീണ്ടയാത്രയെക്കുറിച്ചു പറഞ്ഞു.

“എക്‌സ്‌ക്യൂസ്‌ മീ. ഇവിടടുത്തെവിടെയോ ഒരു ലക്ഷ്‌മീ വിലാസം ടൂറിസ്‌റ്റ്‌ഹോം അറിയുമോ?”

അയാളും കുറഞ്ഞ വാടകയ്‌ക്ക്‌ ഒരു മുറിതേടി നടക്കുകയാണ്‌. ഒടുവിൽ ലക്ഷ്‌മീവിലാസത്തിലെത്തിയപ്പോൾ ഒരു സിംഗിൾമുറിയേ ഒഴിവുളളൂ. നിയമസഭ കൂടിയിരിക്കുന്ന സമയമാണ്‌. മുറികിട്ടാൻ ബുദ്ധിമുട്ടാണ്‌. ക്ഷീണിച്ചു തളർന്ന അവരോട്‌ മാനേജർ ഒരു സൗജന്യം കാണിച്ചു. സിംഗിളിൽ ഒരു കട്ടിലുകൂടെ ഇട്ടുതരും. പക്ഷേ ഡബിളിന്റെ വാടകയാവും.

പക്ഷേ, ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ, ഒരു മുറിയിൽ ഒരു രാത്രി. മറ്റേയാൾ ഏതു തരക്കാരനായിരിക്കും? ഉടുത്തിരിക്കുന്ന മുണ്ടിനെപോലും വിശ്വസിക്കാനാവാത്ത കാലമാണ്‌. രണ്ടുപേരും ആശങ്കയിലായി. ഗേറ്റുകടന്ന്‌ പുതിയ ആൾക്കാൾ വരുന്നതുകണ്ടപ്പോൾ രണ്ടുപേരും ഒരുമിച്ചു പറഞ്ഞുഃ

“ശരി. തന്നേക്കൂ...”

റൂംബോയിയുടെ പുറകെ മുകളിലേക്കു നടക്കുമ്പോൾ ഒരാൾ മറ്റൊരാളുടെ കയ്യിൽ തൊട്ടുകൊണ്ട്‌ പതിയെ പറഞ്ഞു.

“ഈ രാത്രി നമ്മൾ ഒരു മുറിയിലാണ്‌. ഇനിയും നമ്മൾ പരസ്‌പരം പരിചയപ്പെടാതിരിക്കുന്നതെന്തിന്‌? എന്താണു സുഹൃത്തേ പേര്‌? ഏതാണു സ്ഥലം?”

“ഞാൻ സത്യപാലൻ. കാസർഗോഡ്‌, കാഞ്ഞങ്ങാടിനടുത്താണ്‌. വെളളിക്കോത്തെന്നു പറയും. കേട്ടിട്ടുണ്ടോ, മഹാകവി പി.യുടെ നാടാണ്‌.”

അയാൾ ചിരിച്ചു. “ഓ... കവിതയുടെ ചിലമ്പൊലിതേടി കാറ്റുപോലെ അലഞ്ഞ ഒരു കവി. പിന്നെ പേരുകൊണ്ട്‌, സുഹൃത്തേ ഞാനും നിങ്ങൾക്ക്‌ സമശീർഷൻ. എന്റെ പേര്‌ ധർമ്മപാലൻ.”

“എവിടുന്നാ?”

“കേട്ടിട്ടില്ലേ, എ കൾച്ചറൽ ക്യാപിറ്റൽ ഓഫ്‌ കേരള. ട്രിച്ചൂർ.”

പയ്യൻ മുറിയിൽ കടന്ന്‌ സ്വിച്ചുകൾ അമർത്തി. കാറ്റും വെളിച്ചവും വന്നു. കിടക്കവിരിമാറ്റിയിട്ടു. മഗ്ഗിൽ തണുത്തവെളളം മാറ്റിനിറച്ചു. രണ്ടാമത്തെ കട്ടിൽ ഉടനെ വരുമെന്നുപറഞ്ഞ്‌ പയ്യൻ താഴേക്കിറങ്ങിപ്പോയി.

“സത്യവും ധർമ്മവും പാലിക്കുന്നവർക്കായി, ഈ മുറിയിൽ ഒരു രാത്രി.” ധർമ്മപാലൻ സത്യപാലന്റെ കൈപിടിച്ച്‌ മുറിക്കകത്തേക്കു കയറി.

കുളിമുറിയിൽ ഷവറിനുതാഴെനിന്ന്‌ തല തണുപ്പിക്കുമ്പോൾ സത്യപാലന്റെ മനസ്സിൽ ചില വഴുക്കുന്ന ചിന്തകൾ വന്നുകൂടി. അപരനെക്കുറിച്ചായിരുന്നു ആശങ്കകൾ. ‘തെക്കനാണ്‌. വിശ്വസിക്കാൻ കൊളളില്ല. പോരെങ്കിൽ പരിചയമില്ലാത്ത നഗരവും. വാചകമടിതന്നെ കൂടുതലാണ്‌. ഏതായാലും വിലപിടിച്ചതായി കയ്യിൽ ഒന്നുമില്ലാത്ത സ്‌ഥിതിക്ക്‌ അത്രയ്‌ക്കങ്ങ്‌ പേടിക്കാനില്ലെന്നും ഒടുവിൽ സമാധാനിച്ചു.

കുളിമുറിക്കു പുറത്ത്‌, എയർബാഗിൽനിന്നും ലുങ്കിലും തോർത്തും തപ്പിയെടുക്കുമ്പോൾ ധർമ്മപാലന്റെ മനസ്സും ഏതാണ്ട്‌ ആ വഴികളിലൊക്കെ തന്നെയായിരുന്നു. വടക്കനാണ്‌. പാവമെന്നേ തോന്നൂ. പക്ഷേ ഇക്കാലത്ത്‌ ആര്‌ എന്തെന്ന്‌ ആർക്കു പറയാൻ കഴിയും. മഹാകവിയുടെ നാടെന്നൊക്കെ പറഞ്ഞു. അതുകൊണ്ടെന്തു വിശേഷം. ഒന്നേയുളളൂ ആശ്വാസം. ഒരു കളളനും സർട്ടിഫിക്കറ്റുകൾ കട്ടതായി കേട്ടിട്ടില്ല.

“ഹോ! എന്തൊരാശ്വാസം” എന്നു രണ്ടുവട്ടം പറഞ്ഞുകൊണ്ട്‌ സത്യപാലൻ കളിമുറിയിൽനിന്നും പുറത്തേക്കുവന്നു. മുടി ചീകിക്കഴിഞ്ഞ്‌ കക്ഷത്തിൽ ഒരു ഡീയോഡോറന്റ്‌ ചീറ്റിച്ചുകൊണ്ട്‌ അയാൾ ചോദിച്ചു.

“ധർമ്മപാലന്‌ ഇവിടെയെന്താ പരിപാടി?”

“ഇവിടെ യൂണിവേഴ്‌സിറ്റി കോളേജിൽ നാളെ രാവിലെ പതിനൊന്നുമണിക്ക്‌ ഒരു ജോലിപ്പരീക്ഷയുണ്ട്‌.”

ഒരു നിമിഷം സത്യപാലൻ അയാളെ തുറിച്ചുനോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ധർമ്മപാലൻ ഒന്നും മനസ്സിലാവാതെ പകച്ചു.

“സുഹൃത്തേ, ആകാശവാണിയിൽ വാർത്ത വായിക്കാനാണ്‌ ഞാനും വന്നത്‌.”

“വാട്ട്‌ എ സ്‌ട്രേഞ്ച്‌ കോയിൻസിഡെൻസ്‌..!” ധർമ്മപാലനും ചിരിയിൽ പങ്കുചേർന്നു.

ഭയാശങ്കകൾ നീങ്ങി. അവർ തമ്മിൽ അടുത്ത സുഹൃത്തുക്കളെപ്പോലെയായി. രണ്ടുപേർക്കും വലിയ ഉത്സാഹമായി.

മുറിപൂട്ടി, വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ പ്രത്യേകിച്ചൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. തെരുവുകാഴ്‌ചകളുടെ ഒരു സായാഹ്‌നം. ഒടുവിൽ ഒരു മദ്യശാലക്കുമുന്നിലെത്തിയപ്പോൾ, ചെറിയൊരു സങ്കോചത്തോടെ ധർമ്മപാലൻ ചോദിച്ചു.

“എങ്ങിനെ വെജിറ്റേറിയനാ?”

“ഹേയ്‌.. അത്യാവശ്യത്തിനുണ്ട്‌.”

“എങ്കിൽ രണ്ടെണ്ണം വിട്ടാലോ?”

പരിചയക്കാരാരുമില്ലാത്ത നഗരം. സങ്കോചം തോന്നേണ്ട കാര്യമില്ല. എങ്കിലും സാഹസികമായ എന്തോ ഒന്ന്‌ ചെയ്യാനായുന്ന ഒരു ഭാവത്തിലാണ്‌ അവർ അകത്തു കടന്നത്‌. അകത്ത്‌ അരണ്ടവെളിച്ചത്തിൽ നേർത്തമഴപോലെ സംഗീതം. മുഖമില്ലാത്ത ആൾക്കൂട്ടത്തിൽനിന്ന്‌ പൊളളച്ചിരികൾ, ആക്രോശങ്ങൾ, മുറിഞ്ഞെത്തുന്ന കവിതകൾ... പുറത്ത്‌ ജീവിതം വെന്തുവിയർക്കുമ്പോൾ, ഇവിടെ സ്വപ്‌നങ്ങളുടെ തെരുവിൽ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടം. രണ്ടു ചെറുപ്പക്കാരും തിരക്കിലൊരിടത്ത്‌ ഇരിപ്പിടം കണ്ടെത്തി.

തിരിച്ചിറങ്ങുമ്പോൾ പുറത്ത്‌ ഇരുട്ടുവീണു തുടങ്ങിയിരുന്നു. തെരുവിൽ വെളിച്ചങ്ങളുടെ പ്രളയം. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹം. പരസ്‌പരം കൈകോർത്തു നടക്കുമ്പോൾ തലക്കുളളിൽ നല്ല സുഖം. ചിന്തകളുടെ ഭാരമില്ലാത്ത മനസ്സ്‌. ആഹ്ലാദകരമായ ഒരു സന്ധ്യ.

മുറിയിൽ തിരിച്ചെത്തുമ്പോൾ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. മനസ്സിലെ സങ്കടങ്ങളത്രയും ഒഴുകിപ്പോയതുപോലെയെന്ന്‌ രണ്ടുപേരും ഉളളിൽ പറഞ്ഞു. പുറത്തു പലതും പറഞ്ഞു പതിയെ രണ്ടുപേരും ഉറക്കത്തിലായി.

ഒരൊഴിവിലേക്ക്‌ നാനൂറ്റിപ്പതിനേഴുപേരാണ്‌ എഴുത്തുപരീക്ഷക്കുണ്ടായിരുന്നത്‌. എഴുത്തു പരീക്ഷയിൽ കുറേപേർ പുറത്താകും. കമ്പ്യൂട്ടർ വാല്വേഷനാണെന്നും അതുകൊണ്ട്‌ വൈകുന്നേരം മൂന്നുമണിയോടെ എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ടായി.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ, യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിലെ മാഞ്ചുവട്ടിൽ അവർ വെറുതെയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങളെക്കുറിച്ച്‌ ചർച്ചചെയ്‌തു. അവർക്കു ചുറ്റും മറ്റു മത്സരാർത്ഥികളുമുണ്ടായിരുന്നു.

എഴുത്തുപരീക്ഷയുടെ ഫലം വന്നു. തെരഞ്ഞെടുക്കപ്പെട്ടവർ പതിനഞ്ചുപേരാണ്‌. ധർമ്മപാലനും സത്യപാലനും അവരിലുണ്ട്‌. അടുത്ത ഘട്ടം ശബ്‌ദപരിശോധനയാണ്‌. അതിനായി മറ്റന്നാൾ രാവിലെ എട്ടുമണിക്ക്‌ പതിനഞ്ചുപേരും തിരുവനന്തപുരം റേഡിയോ സ്‌റ്റേഷനിലെത്തണം.

മുറിയിൽ തിരിച്ചെത്തി കിടക്കയിൽ വീഴുമ്പോൾ രണ്ടുപേർക്കും ആശ്വാസം. അങ്ങനെ ഒന്നാമത്തെ കടമ്പ കഴിഞ്ഞു.

പ്രതീക്ഷയിൽ പെരുമ്പറമുഴക്കുന്ന മനസ്സുമായാണ്‌ ശബ്‌ദപരിശോധനയ്‌ക്കുപോയത്‌. റേഡിയോ സ്‌റ്റേഷനിലെ വിശാലമായ സ്വീകരണമുറിയിൽ, കനത്ത നിശ്ശബ്‌ദതയിൽ പതിനഞ്ച്‌ ഉദ്യോഗാർത്ഥികൾ. അവരിലൊരാൾ മലയാളത്തിൽ വാർത്ത വായിക്കുന്നതിന്‌ തെരഞ്ഞെടുക്കപ്പെടും. ആരാവും ആ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി? പതിനായിരം രൂപയോളം ശമ്പളം വാങ്ങി, ഡൽഹിയിലെ പാർലമെന്റ്‌ മന്ദിരത്തിനരികിലെ ആകാശവാണിയുടെ ആസ്‌ഥാനമന്ദിരത്തിൽ നിന്നും, ഇന്ത്യാ മഹാരാജ്യം മുഴുവൻ കാതോർക്കാൻ പോകുന്ന ആ ശബ്‌ദം ആരുടേതാകും? എല്ലാ മുഖങ്ങളിലും പ്രതീക്ഷയാണ്‌. ഉൽക്കണ്‌ഠയിൽ വീർത്ത മനസ്സുകൾ ഒരു ചെറിയ തമാശകൊണ്ടുപോലും നിശ്ശബ്‌ദതയെ പോറലേൽപ്പിക്കുന്നില്ല.

രാഷ്‌ട്രീയവും സ്‌പോർട്‌സും, സ്‌റ്റോക്ക്‌ മാർക്കറ്റും, വർഗ്ഗീയ ലഹളകളുമൊക്കെ ചേർത്തുവെച്ച ഒരു പേജ്‌ വാർത്ത പതിനഞ്ചുപേർക്കും വിതരണം ചെയ്യപ്പെട്ടു. നമ്പർ വിളിക്കുന്ന മുറയ്‌ക്ക്‌ സ്‌റ്റുഡിയോക്കകത്തേക്ക്‌ കടത്തിവിടും. പിന്നെയുളള മൂന്നുമിനിറ്റിൽ ഓരോരുത്തരുടെയും ’വാർത്താവായനാശേഷി‘ പരീക്ഷിക്കപ്പെടുകയായി.

എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ പതിനൊന്നുമണിയായി. ശബ്‌ദപരിശോധനയുടെ ഫലം ഉടൻ അറിയാമെന്നും ഉച്ചക്ക്‌ രണ്ടുമണിക്ക്‌ തുടർന്നുളള ഇന്റർവ്യൂ നടക്കുമെന്നും അറിയിപ്പുണ്ടായി.

ധർമ്മപാലനും സത്യപാലനും പുറത്തേക്കിറങ്ങി. മരത്തണലിലേക്ക്‌ മാറി ഓരോ സിഗററ്റ്‌ വലിച്ചു. നഗരത്തിന്റെ തിരക്കിലേക്കിറങ്ങാതെ, ചെറിയ ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. വീണ്ടും മരത്തണലിലിരുന്ന്‌ കുറച്ച്‌ കാറ്റുകൊണ്ടു.

ശബ്‌ദപരിശോധനയിൽ രണ്ടുപേർ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടുളളൂ. ഒരൊഴിവിലേക്ക്‌ രണ്ടുപേർ. അതിലൊരാൾ ഇന്റർവ്യൂവിൽ പുറത്താവും. തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരുടെ നമ്പറും പേരും നോട്ടീസ്‌ ബോർഡിലിട്ടപ്പോൾ ധർമ്മപാലൻ സത്യപാലനെയും സത്യപാലൻ ധർമ്മപാലനെയും കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചു. മറ്റുളളവർ ംലാനമായ മുഖങ്ങളോടെ ഇറങ്ങിപ്പോയി.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്‌ സംഭവിക്കാൻ പോകുന്നതായി രണ്ടു ചെറുപ്പക്കാരും മനസ്സിൽ കണ്ടു. ഏതാണ്ട്‌ അരമണിക്കൂറിനകം അവരുടെ വിധി നിർണ്ണയിക്കപ്പെടുകയാണ്‌. ദീർഘശ്വാസം പിടിച്ച്‌ അവർ മനസ്സിന്റെ കിതപ്പടക്കാൻ ശ്രമിച്ചു.

“അങ്ങനെ ഒടുവിൽ മത്സരം നമ്മൾ തമ്മിൽ മാത്രമായി. മത്സരങ്ങളുടെ ഒരു ലോകത്ത്‌ സൗഹൃദങ്ങൾക്കെന്തുവില...?”

അടഞ്ഞ ശബ്‌ദത്തിൽ അങ്ങനെ ചോദിച്ചപ്പോൾ സത്യപാലൻ വേദനയോടെ ചിരിക്കാൻ ശ്രമിച്ചു.

ഇത്രയ്‌ക്ക്‌ നെഞ്ചിടിപ്പോടെ സത്യപാലൻ ഒരു മുഖാമുഖത്തിലും ഇതിനുമുമ്പ്‌ പങ്കെടുത്തിട്ടില്ല. ബോർഡിലെ അഞ്ചുപേരിൽ മുഖപരിചയമുളളതായി ഒരാളേ ഉണ്ടായിരുന്നുളളൂ. പ്രശസ്‌തനായ ഒരു നോവലിസ്‌റ്റായിരുന്നു അദ്ദേഹം. പിന്നെ സ്‌റ്റേഷൻ ഡയറക്‌ടറായ നാടകകൃത്ത്‌. പിന്നെ മൂന്നുപേർ ഡൽഹിയിൽ നിന്നുളളവർ.

ചോദ്യങ്ങളൊന്നും ബുദ്ധിമുട്ടുളളവയായിരുന്നില്ല. അതുകൊണ്ടുതന്നെ ഉപചാരപൂർവ്വം നന്ദിപറഞ്ഞ്‌ പുറത്തിറങ്ങുമ്പോൾ സത്യപാലന്‌ ആശ്വാസമാണ്‌ തോന്നിയത്‌.

ധർമ്മപാലന്റെയും അനുഭവം വ്യത്യസ്‌തമായിരുന്നില്ല. മുഖാമുഖം കഴിഞ്ഞ്‌ എഴുന്നേൽക്കാനായുമ്പോൾ നോവലിസ്‌റ്റ്‌ പറഞ്ഞു. “രണ്ടുപേരും മിടുക്കൻമാർ. പക്ഷേ ഞങ്ങൾക്കൊരാളെയേ വേണ്ടൂ; സത്യവും ധർമ്മവും ഉളള ഒരാളെ മാത്രം.” ഭാഷ വശമില്ലാത്ത ഡൽഹിക്കാർ ചിരിച്ചു.

അന്തിമഫലത്തിനായി കാത്തിരിക്കേണ്ടിവന്നില്ല. തെരഞ്ഞെടുക്കപ്പെട്ടയാൾക്ക്‌ രണ്ടാഴ്‌ചക്കകം റജിസ്‌റ്റേർഡ്‌ തപാലിൽ നിയമന ഉത്തരവ്‌ ലഭിക്കും. അവർ പുറത്തിറങ്ങി.

മടക്കയാത്രയ്‌ക്ക്‌ രണ്ടുപേർക്കും തിടുക്കമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ തിരക്കുണ്ടാവുമെന്നറിയിച്ചിട്ടും അവർ രാത്രിവണ്ടിക്കുതന്നെ പുറപ്പെട്ടത്‌. അവധിക്കാലത്തേക്ക്‌ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേകവണ്ടിയായിരുന്നു. കമ്പാർട്ടുമെന്റിനകത്ത്‌ ഒന്നു ചാരി നിൽക്കാൻപോലും കഴിയാത്തവിധം തിരക്ക്‌. അകത്തുനിറയെ റെയിൽവെയുടെ തമിഴ്‌കൂലിക്കാരായിരുന്നു. അവർക്ക്‌ വിയർപ്പിന്റെയും ബീഡിപ്പുകയുടെയും ചൂര്‌. അസഹനീയമായ ഉഷ്‌ണം. ഒരു പ്രഷർ കുക്കറിനകത്ത്‌ പെട്ടതുപോലെയായി അവർ.

വണ്ടി പതിയെ നീങ്ങിത്തുടങ്ങി. പുറത്തെ വെളിച്ചങ്ങൾ ഒന്നൊന്നായി അകന്നുപോയി. കമ്പാർട്ടുമെന്റിനകത്തെ ബഹളം മെല്ലെ കെട്ടടങ്ങി. വണ്ടി ഇരുട്ടിലൂടെ കുതിപ്പ്‌ തുടർന്നു. തണുത്ത കാറ്റിൽ വിയർപ്പാറുന്നതിന്റെ സുഖത്തിൽ ധർമ്മപാലൻ സത്യപാലനെ നോക്കി.

“ഇവന്മാർ എന്തായാലും ഷോർണ്ണൂരിനിപ്പുറം ഇറങ്ങുമെന്നു തോന്നുന്നില്ല. കാലുകഴച്ചിട്ടുവയ്യ. വാ” ധർമ്മപാലൻ രണ്ടാൾക്കിടയിലൂടെ തലതാഴ്‌ത്തി നുഴഞ്ഞു.

കക്കൂസിനും വാതിലിനുമിടയിലെ വൃത്തികെട്ട നിലത്ത്‌ മൂത്രത്തിന്റെ അസഹ്യമായ നാറ്റത്തിലേക്ക്‌ മൂക്കുതുറന്നുറങ്ങുന്ന മൂന്നുപേരെ ധർമ്മപാലൻ കുലുക്കിയുണർത്തി. ഉറക്കം മുറിഞ്ഞതിന്റെ അരിശത്തിൽ പുളിച്ച തമിഴിൽ അവർ അയാളോട്‌ കയർത്തു. നേരാംവണ്ണം നിൽക്കാൻപോലും സ്‌ഥലമില്ലാതെ യാത്രക്കാർ കഷ്‌ടപ്പെടുമ്പോൾ, തറയിലായാലും കിടന്നുറങ്ങുന്നതിന്റെ ശരികേടിനെക്കുറിച്ച്‌ അയാൾ അവരോട്‌ പറഞ്ഞു. അങ്ങിനെയാണ്‌ വാതിൽപ്പടിക്കടുത്ത്‌ ഒതുങ്ങിയിരിക്കാൻ അവർക്ക്‌ കുറച്ചു സ്‌ഥലം കിട്ടിയത്‌. ഷോർണ്ണൂരെത്തുംവരെ സഹിച്ചേ പറ്റൂ.

ഇരുട്ടിന്റെ കടൽമുറിച്ച്‌ വണ്ടി കുതിച്ചുപായുകയാണ്‌. ഏതൊക്കെയോ പട്ടണങ്ങൾ, നാട്ടിൻപുറങ്ങൾ, എത്രയോ സ്‌റ്റേഷനുകൾ. കിതച്ചും കരഞ്ഞും വണ്ടി ദൂരങ്ങൾ പിടിച്ചടക്കുകയാണ്‌.

സത്യപാലൻ വാച്ചിൽനോക്കി. നേരം പന്ത്രണ്ടുമണിയോടടുക്കുന്നു. തമിഴന്മാരത്രയും മതികെട്ടുറങ്ങുകയാണ്‌. നിന്നും ഇരുന്നും അവർ ഉറക്കത്തിൽ മുങ്ങിത്താഴുകയാണ്‌. ഉറങ്ങാതെ രണ്ടുപേർ മാത്രം -സത്യപാലനും ധർമ്മപാലനും.

സത്യപാലന്റെ മനസ്സിൽ ചിന്തകൾ വീണുപൊളളി. കട്ടിൽക്കാലിലെ ചങ്ങലയിൽ സ്വന്തം തീട്ടത്തിൽ കിടന്ന്‌ അച്‌ഛൻ എന്തിനെന്നില്ലാതെ പൊട്ടിക്കരയുകയും, ആർത്തുചിരിക്കുകയും ചെയ്‌തു. നെഞ്ചു കലങ്ങുന്ന ചുമയിൽ, നെറികെട്ട ജീവിതത്തിനുനേർക്കു ചോരതുപ്പിക്കൊണ്ട്‌ പെങ്ങൾ നൊന്തു കരഞ്ഞു. പത്താം ക്ലാസ്സിനിപ്പുറം വഴിമുട്ടി നിൽക്കുന്ന അനിയൻ ജീവിതത്തിനുനേരെ പകച്ചുനോക്കുന്നു. കരഞ്ഞു കല്ലായ മനസ്സുമായി അമ്മ പ്രതീക്ഷയോടെ അയാൾക്ക്‌ നേരെ മുഖം നീട്ടുന്നു.

ധർമ്മപാലന്റെ മനസ്സിലും വേവുന്ന ആധികൾ. ഏതുനേരത്താണ്‌ ജപ്‌തിനോട്ടീസും കൊണ്ട്‌ ആളുവരുന്നതെന്നറിയില്ല. പലിശയും അതിന്റെ പലിശയുമായി ക്യാൻസർപോലെ വളരുകയാണ്‌ ബാങ്കിലെ ബാദ്ധ്യത. അതിനിടയിൽ പ്രായംതെറ്റി ജീവിതം കാത്തു നിൽക്കുന്ന രണ്ടുപെങ്ങന്മാർ. തുന്നികൂട്ടിയ ഒരു ഹൃദയവുമായി, ജീവിതത്തിനും മരണത്തിനുമിടയിൽ പെറ്റമ്മ. ഒരു നാൾ ജപ്‌തിചെയ്യാൻ അധികാരികൾ വരുമ്പോൾ, സ്‌ഥാവരങ്ങളും ജംഗമങ്ങളുമല്ലാതെ നാലു മനുഷ്യജീവിതങ്ങൾ ആർക്കും വേണ്ടാതെ തെരുവിലാകും.

അപ്പോൾ ഒരു തെരുവു നാടകക്കാരന്റെ നാടകീയതയോടെ സത്യപാലന്റെ മനസ്സിലേക്ക്‌ മുഖമില്ലാത്ത ഒരാൾ കയറിവന്നു. വെളിച്ചത്തിന്റെ ഇത്തിരിവൃത്തത്തിൽ തറഞ്ഞുനിന്നുകൊണ്ട്‌ സത്യപാലനോടായി അയാൾ ഇങ്ങനെ പറഞ്ഞുതുടങ്ങി.

“ചങ്ങാതീ, ശരിതെറ്റുകളെക്കുറിച്ച്‌ വേവലാതിപ്പെടുന്നവന്‌ ഇക്കാലത്ത്‌ ജീവിതമില്ല. ഓരോരുത്തരും അവനവന്റെ ശരി. അപ്പോൾ തോന്നുന്ന ശരി. അത്രയേ ഉളളൂ. അല്ലെങ്കിലും ഒന്നിരുട്ടി വെളുക്കുമ്പോൾ ശരിതെറ്റുകൾ കീഴ്‌മേൽ മറിയുന്ന ഒരു ലോകത്ത്‌, ആത്യന്തികമായ ഒരു ശരിയോ തെറ്റോ ഉണ്ടോ? അതുകൊണ്ട്‌ ഒട്ടും അറച്ചു നിൽക്കേണ്ട കാര്യമില്ല. ഒന്നോർക്കുക. കയ്യിൽ മുട്ടിവിളിക്കുന്ന ഈ അവസരത്തിനുനേർക്ക്‌ മുഖം തിരിഞ്ഞുനിന്നാൽ പിന്നീട്‌ ഖേദിക്കേണ്ടിവരും. ഈ ലോകം മുഴുവൻ അലഞ്ഞാലും ഇതുപോലൊരവസരത്തെ തേടിപിടിക്കാൻ നിനക്കു കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട്‌ സങ്കടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും മദ്ധ്യേ, ഒരു നിമിത്തംപോലെ കൈവന്ന ഈ രാത്രി നീ പൂർണ്ണമായും ഉപയോഗപ്പെടുത്തുക.”

ധർമ്മപാലന്റെ മനസ്സിലും കുഴപ്പംപിടിച്ച ചിന്തകൾക്കുമേൽ മുങ്ങി നിവർന്ന്‌ ഒരാൾ പ്രത്യക്ഷപ്പെട്ടു. ഒരു ടെലിവിഷൻ അവതാരകന്റെ വാക്‌ചാതുരിയോടെയാണ്‌ അയാൾ സംസാരിച്ചു തുടങ്ങിയത്‌.

“സുഹൃത്തേ സാധ്യതയുടെ കലയാണ്‌ ജീവിതം എന്നു കേട്ടിട്ടില്ല്യേ? കയ്യിൽ കിട്ടിയ സാധ്യതയെ മുതലാക്കാനറിയാത്തവനാണ്‌ ജീവിതം ഒരു നഷ്‌ടക്കച്ചവടമാകുന്നത്‌. പിന്നെ ശരിതെറ്റുകളെക്കുറിച്ച്‌, താൽപ്പര്യങ്ങളുടെ ഏറ്റുമുട്ടലാണ്‌ ശരിതെറ്റുകളെ നിർണ്ണയിക്കുന്നത്‌. കാലവും അനുഭവങ്ങളും മാറിവരുമ്പോൾ സർവ്വാതിവർത്തിയായ ഒരു താൽപ്പര്യം എന്നൊന്നുണ്ടോ? എന്നേയ്‌ക്കുമായി ഒരു തെറ്റെന്നോ, എന്നേയ്‌ക്കുമായി ഒരു ശരിയെന്നോ പറയുന്നതിൽ ഒരു ന്യായവുമില്ല. ജീവിതം ഒന്നേയുളളൂ. അതുകൊണ്ട്‌ വാരിത്തിന്നാൻ സൗകര്യമുളളിടത്ത്‌ നക്കിത്തിന്ന്‌ അതിന്റെ വിലകെടുത്തരുത്‌. അതുകൊണ്ട്‌ ദൈവം, അല്ലെങ്കിൽ ചെകുത്താൻ തന്നെയാകട്ടെ, ഇക്കാലത്ത്‌ രണ്ടും തമ്മിൽ ഭേദമെന്ത്‌? നിനക്കായി തന്ന ഈ രാത്രിയെ നേരാംവണ്ണം മുതലാക്കുക. ദുരിതങ്ങൾമാത്രം തിമർത്തുപെയ്യുന്ന ഈ കെട്ടജീവിതത്തിൽനിന്നും നിനക്കും ഒരു കരപറ്റണ്ടേ?”

ധർമ്മപാലൻ ഉറങ്ങുകയല്ലെന്ന്‌ സത്യപാലൻ കണ്ടു. സത്യപാലൻ ഉണർന്നിരിക്കുകയാണെന്ന്‌ ധർമ്മപാലനും കണ്ടു.

“നമുക്കൊരു പുകയെടുത്താലോ?” രണ്ടുപേരും ഒരേ താളത്തിൽ ഒരുമിച്ചാണതു ചോദിച്ചത്‌, എന്നതിൽ രണ്ടുപേർക്കും കൗതുകമായി. ധർമ്മപാലൻ സിഗററ്റു കൂടെടുത്ത്‌ സത്യപാലന്‌ നീട്ടി. ഷർട്ടിന്റെ കീശയിൽനിന്നും തീപ്പെട്ടിയെടുത്ത്‌ ധർമ്മപാലനതു കത്തിച്ചു കൊടുത്തു. അയാളുടെ ചുണ്ടിലും ഒരു സിഗററ്റെരിഞ്ഞു.

വാതിൽപ്പടിയിലേക്ക്‌ നീങ്ങിയിരുന്നുകൊണ്ട്‌ ധർമ്മപാലൻ പുറത്തേക്കു പുകവിട്ടു.

“കാറ്റിന്‌ നല്ല തണുപ്പാണ്‌. വരൂ, ഇങ്ങോട്ടിരുന്നോളൂ.” അയാൾ സത്യപാലനായി കുറച്ചുനീങ്ങിയിരുന്നു. വാതിൽക്കമ്പിയിൽ മുറുകെപ്പിടിച്ച്‌, ആഴത്തിൽ മൂന്നു കവിൾ പുകയെടുത്തു.

യാത്രക്കാരത്രയും ഉറക്കത്തിലാണ്‌. വണ്ടിയുടെ താളത്തിനൊത്ത്‌ അങ്ങോട്ടുമിങ്ങോട്ടും ആടുന്ന കുറേ തലകൾ. പുറത്ത്‌ ഒന്നും കാണാൻ കഴിയാത്തവിധം കനത്ത ഇരുട്ട്‌. ഇരുമ്പു പാളങ്ങളിൽ തീപ്പൊരി ചിതറിച്ചുകൊണ്ട്‌, കുതിച്ചു പായുകയാണ്‌ വണ്ടി...

അഗാധമായ സ്‌നേഹത്തോടെ, അപാരമായ അനുതാപത്തോടെ അങ്ങേയറ്റം സൗമ്യമായി സത്യപാലൻ ധർമ്മപാലന്റെ തോളിലും, ആ നിമിഷം തന്നെ ധർമ്മപാലൻ സത്യപാലന്റെ തോളിലും കൈവച്ചു..

വണ്ടി ഏതോ പാലം കടക്കുകയായി. ആർക്കൊക്കെയോ ഉറക്കം ഞെട്ടി. പിന്നെ വീണ്ടും ഉറക്കത്തിലേക്കുതന്നെ തിരിച്ചുപോയി. ഏതൊക്കെയോ ഓർമ്മകളിലേക്ക്‌ നിരാലംബമായി നിലവിളിച്ചുകൊണ്ട്‌ വണ്ടി കിതച്ചോടിക്കൊണ്ടേയിരുന്നു.

അടുത്ത ദിവസത്തെ പ്രഭാതപത്രങ്ങളിൽ അവരുണ്ടായിരുന്നു. റെയിൽപാളത്തിൽ ചിതറിത്തെറിച്ച രണ്ട്‌ അജ്ഞാതശരീരങ്ങളായി ധർമ്മപാലനും സത്യപാലനും വാർത്തകളിൽ ചീഞ്ഞുനാറി.

ഗോവിന്ദൻ രാവണീശ്വരം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.