പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കോടതി മുൻപാകെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വത്സൻ അഞ്ചാംപീടിക

കഥ

ശ്മശാനത്തിലുറങ്ങുന്ന ആത്മാക്കൾക്ക്‌ എല്ലാം കാണുകയും കേൾക്കുകയും ചെയ്യാമെന്ന കാര്യം അന്യർക്കറിയില്ല. ആൾപ്പാർപ്പില്ലാത്ത കുന്നിൻപുറത്തെ കാളപ്പുറം മൊട്ട എന്ന്‌ വിളിക്കുന്ന ശ്മശാനത്തിൽ, ഓരോ ചലനങ്ങൾക്ക്‌ നേരെയും ഉണരുന്ന വേളയിൽ കൃഷ്ണയ്യരുടെ ആത്മാവ്‌ പലതും കാണാൻ തുടങ്ങിയിട്ട്‌ കാലമേറെയായി.

അന്നും പതിവുപോലെ നിറയെ യാത്രക്കാരെയും കുത്തിത്തിരുകി ചന്ദ്രമോഹന കുന്നുകയറി വരുന്നത്‌ കൃഷ്‌ണയ്യരുടെ ആത്മാവ്‌ വീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ബഹളം. ബസ്സ്‌ നിന്നു. പിന്നെ കാണുന്നത്‌ യാത്രക്കാർ നിലവിളിയുടെ ശബ്‌ദരൂപങ്ങളായി ചിതറിയോടുന്നതാണ്‌. ക്ഷണംകൊണ്ടെല്ലാം കഴിഞ്ഞു. ബസ്സിൽനിന്ന്‌ ചാടിയവരും വീണവരുമെല്ലാം അപ്രത്യക്ഷരായി. സമീപത്ത്‌ ഒരു ജീവിപോലുമില്ല. അവിടം നിശ്ചലം. ഏവരും ഓടിയോടി എത്രയോ കാതം അകന്നിരുന്നു.

ഒരു ചലനവും ദൃഷ്‌ടിയിൽ പെടാതിരുന്നപ്പോൾ ഗ്രഹണസമർത്ഥമല്ലാതാകുകയും കൃഷ്‌ണയ്യരുടെ ആത്മാവ്‌ ഉറക്കമാകുകയും ചെയ്‌തു.

ഇനി കഥ മുന്നോട്ടുപോകാൻ നമുക്ക്‌ കാസിനോ റസ്‌റ്റോറന്റ്‌ സന്ദർശിക്കാം. നാട്ടുമ്പുറത്തെ എക്സ്‌മിലിട്ടറിക്കാരനായ കണ്ണൻനായരുടെ ചായക്കട. ഓടിത്തളർന്നെത്തിയ ഒരു യുവാവ്‌ മേശമേൽ തലതാഴ്‌ത്തി ഇരുന്ന്‌ കിതക്കുകയാണ്‌.

ചൂടുളള പരിപ്പുവട എടുക്കട്ടെ?

നായരുടെ ചോദ്യം യുവാവിന്റെ ബോധതലത്തിന്‌ കിട്ടിയ ഒരടിപോലെയായിരുന്നു. യുവാവ്‌ തലയുയർത്തി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.

പിന്നെന്തു വേണം?

ഒന്നും വേണ്ട.

ഇതു പതിവില്ലല്ലോ എന്ന മട്ടിൽ നായർ യുവാവിനെ ഒന്നു സൂക്ഷിച്ചുനോക്കി. മുന്നിൽ കൊണ്ടുവന്നുവെച്ച പൊളളുന്ന ചായ ആളുന്ന മനസ്സിലെ തീ കെടുത്താനെന്നപോലെ യുവാവ്‌ വായിലേക്കൊഴിച്ചു.

എന്തോ പന്തികേട്‌ മണത്തറിഞ്ഞ നായർ യുവാവിനെ കണ്ണെടുക്കാതെ നോക്കിനിന്നു.

പുഴമീൻ കൊണ്ടുവരുന്ന അന്ത്രു കടയുടെ മുന്നിൽ മീൻകൊട്ടവെച്ച്‌ ഉച്ചത്തിലൊന്ന്‌ കൂവി. നാട്ടുകാർ മുഴുവൻ കേട്ടിട്ടും നായർ ആ ശബ്‌ദം കേട്ടില്ല. അയാൾ ഒരു ദുരന്തം കാണുന്നതുപോലെ പകച്ചുനോക്കുകയായിരുന്നു. കൃഷ്‌ണമണിയില്ലാത്ത ഒരന്ധനെപ്പോലെ.

അന്ത്രു വീണ്ടും കൂവി.

നായർ സംശയത്തോടെ യുവാവിന്റെ സമീപം ചെന്ന്‌ പതുക്കെ ചോദിച്ചു.

എന്താ പേടിച്ചതുപോലെ? എന്താ ഉണ്ടായതെന്ന്‌ പറഞ്ഞുകൂടെ?

ഉണ്ടായതെന്താന്നറിയില്ല. ബസ്സ്‌ കുന്ന്‌ കയറുമ്പോൾ ഒരലർച്ചയും ബഹളവും. ബസ്സ്‌ നിന്നതും എല്ലാവരും ഇറങ്ങി ഓടിയതും ഒന്നിച്ചായിരുന്നു. ഞാനും ഓടി.

അപ്പോൾ സംഭവം എന്താണ്‌?

അതൊന്നും നോക്കിയില്ല. ജീവനും നെഞ്ചിലമർത്തി ഓടി ഇവിടെയെത്തി.

അന്ത്രു മൂന്നാമതും കൂവി.

അന്തംവിട്ടു നിൽക്കുന്ന നായരെ ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ യുവാവിന്റെ മനസ്സിന്റെ അടിത്തട്ടിലുണർന്ന ഒരീറൻകാറ്റ്‌ വിയർത്തദേഹത്ത്‌ കുളിരായി വീശി.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

പശുവിനെ തീറ്റുകയായിരുന്നു ജാനകിയമ്മ. ദൂരെ വയൽപാതയുടെ അങ്ങേയറ്റത്ത്‌ ഒരു കറുത്ത പൊട്ട്‌ അവരുടെ ശ്രദ്ധയിൽ പെട്ടു. ക്രമേണ അത്‌ വലുതാകുന്നതും ഓടിയടുക്കുന്ന ഒരാൾരൂപമായി മാറുന്നതും അവർ തിരിച്ചറിഞ്ഞു. അതൊരു താടിക്കാരനായിരുന്നു. അയാൾ നേരെ ഓടിവരുന്നതും പറമ്പിൽ കയറുന്നതും കണ്ടപ്പോൾ ജാനകിയമ്മ പരിഭ്രാന്തയായി. നോക്കിനിൽക്കെ അയാൾ ഓടി വീട്ടിനകത്തേക്ക്‌ കയറിയതു കണ്ടപ്പോൾ പിറകെ ജാനകിയമ്മയും ഓടുകയായിരുന്നു.

അകത്ത്‌ വെറുംനിലത്ത്‌ ചെന്ന്‌ വീണ്‌ കിതക്കുകയാണയാൾ. സൂക്ഷിച്ചുനോക്കിയപ്പോൾ അക്കരെയുളള അകന്ന വല്യമ്മയുടെ മകൻ പീതാംബരനാണത്‌ എന്ന്‌ തിരിച്ചറിഞ്ഞ ജാനകിയമ്മ മൂക്കത്തു വിരൽവെച്ചുപോയി.

നീ പീതാംബരനല്ലേ?

അവർ ചോദിച്ചു.

പീതാംബരൻ സ്വപ്നലോകത്തിൽ നിന്നെന്നപോലെ മിഴിതുറന്നു. അയാൾക്കുമുന്നിൽ ആ വീടിന്റെ മേൽപ്പുരയും വാതിലുകളുമെല്ലാം ഒരു ബസ്സിന്റെ രൂപം പ്രാപിക്കുകയായിരുന്നു. പെട്ടെന്ന്‌ ബസ്സ്‌ ഒന്നു കുലുങ്ങിനിന്നു. പിന്നെ അവിടെ നിലവിളികളുടെ ഒരു കടൽ ആർത്തലയടിച്ചുയരുകയായിരുന്നു. അവ ഒരു മൂർത്തമായ ഏകസ്വരത്തിൽ അയാളോട്‌ ചോദിച്ചു.

നീ പീതാംബരനല്ലേ?

പിതാംബരൻ നിസ്സഹായനായ ഒരു വിധേയനെപ്പോലെ തലകുലുക്കി. പിന്നെ ആംഗ്യഭാഷയിൽ വെളളം ചോദിച്ചു. നിറഞ്ഞപാത്രത്തിലെ വെളളം പാതി കുടിച്ചതും പീതാംബരൻ ഛർദ്ദിക്കാൻ തുടങ്ങി. കുടിച്ചവെളളം മുഴുവൻ ഛർദ്ദിച്ചു. ജാനകിയമ്മ പീതാംബരന്റെ പുറം ശക്തിയായി തടവി. ഇടക്കിടെ അയാൾ ഒരു മനോരോഗിയെപ്പോലെ മന്ത്രിച്ചുകൊണ്ടിരുന്നു.

അവിടെ എന്തായെന്നറീല്ല്യാ-പ്രാണനും കൊണ്ടോടിയതാ....

പെട്ടെന്നയാൾ ഒരപസ്‌മാരരോഗിയെപ്പോലെ ഞരങ്ങിക്കൊണ്ട്‌ രണ്ടു കൈകളും മുകളിലേക്കുയർത്തി-ഇല്ലാ-ഇല്ലാ എന്നാംഗ്യം കാണിച്ചു. ജാനകിയമ്മ ആ കൈകൾ പണിപ്പെട്ട്‌ പിടിച്ചു താഴ്‌ത്തി. ഒരു നേരിയ ചെറുത്തുനിൽപ്പുപോലുമില്ലാതെ, തളർന്ന്‌ തളർന്ന്‌ പീതാംബരൻ ഉറക്കത്തിലേക്ക്‌ തെന്നിവീണു. പിന്നെ നിദ്രയുടെ ശാന്തമായൊഴുകുന്ന പുഴയിലെവിടെയോ ഒഴുകി... ഒഴുകി..

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അന്ന്‌ സ്‌കൂൾ അല്പം നേരത്തെ വിട്ടു. ചന്ദ്രമോഹന എന്ന ബസ്സിൽ അശ്വതിടീച്ചർ കയറിപ്പറ്റിയത്‌ അതുകൊണ്ടാണ്‌. സാധാരണ അവർ തിരക്കില്ലാത്ത സ്‌റ്റേറ്റുബസ്സിലാണ്‌ പോകുക പതിവ്‌. തിരക്കേറിയ ബസ്സിലിരുന്നാൽ അവർക്ക്‌ തലവേദന വരും. ബസ്സ്‌ കുന്ന്‌ കയറുമ്പോൾ തന്നെ ടീച്ചർക്ക്‌ തലവേദന തുടങ്ങിയിരുന്നു. പിന്നീടുണ്ടായ ബഹളത്തിൽ അവർ പുറത്തേക്ക്‌ തെറിച്ചു വീണുപോയി. ഏവരും ഓടുന്നതുകണ്ട്‌ വീണിടത്തുനിന്നും എഴുന്നേറ്റോടുകയായിരുന്നു അവർ.

ഹാജിയുടെ രണ്ടു ബീവിമാരും കൂടി നെയ്‌ചോറരിയിൽ നിന്ന്‌ കല്ലുപെറുക്കുന്ന ഉച്ചകഴിഞ്ഞ നേരം. കഴിഞ്ഞ ജന്മത്തിൽ നിന്നോടിയെത്തുന്നപോലെയാണ്‌ അശ്വതിടീച്ചർ ബീവിമാരുടെ മുന്നിലെത്തുന്നത്‌. തളർന്നുപരവശയായ ടീച്ചർ ബീവിമാരുടെ മുന്നിൽ കൊടുങ്കാറ്റിലുലയുന്ന പൂമരംപോലെ നിന്നു.

അല്ലാ, ഇത്‌ നമ്മുടെ ടീച്ചറമ്മയല്ലേ! എന്താ പറ്റ്യത്‌?

ഒന്നാംബീവി ഞൊടിയിടകൊണ്ട്‌ ടീച്ചറെ താങ്ങി സോഫയിലിരുത്തി. രണ്ടാംബീവി മുഖത്തല്പം വെളളം തളിച്ചു. ആ താമരക്കണ്ണുകൾ പതിയെ വിടരുന്നത്‌ ബീവിമാർ അസൂയയോടും പരിഭ്രമത്തോടും നോക്കി നിന്നു. കണ്ണുതുറന്ന ടീച്ചർ പേടിച്ചരണ്ടതുപോലെ വിതുമ്പി-

-എനിക്കറീല്യാ... എന്താന്നെനിക്കറീല്യാ.. ഞാനൊന്നും കണ്ടില്ലാ...

ഈ ടീച്ചറമ്മയെ വല്ല ജിന്നോ മറ്റോ പിടിച്ചൂന്നാ തോന്നുന്നേ; നീയൊന്ന്‌ ഹാജ്യാരെ വിളിക്കെന്റെ ബീവ്യേ....

രണ്ടാംബീവി ആട്ടുകട്ടിലിൽ സ്വപ്നം കണ്ടുമയങ്ങുന്ന ഹാജിയെ വിളിക്കാനോടി.

ഹാജി ഉറങ്ങുമ്പോൾ ആട്ടുകട്ടിൽ ഒന്നരയാൾ പൊക്കത്തിൽ ഉയർത്തിക്കെട്ടും. നാടെങ്ങും നട്ടുച്ചയ്‌ക്ക്‌ അലഞ്ഞുനടക്കുന്ന ജിന്നുകളും മറ്റും പിടികൂടാതിരിക്കാനാണത്രേ ഇത്‌. ഹാജി കയറിക്കിടന്നാൽ കട്ടിൽ മെല്ലെ ആടാൻ തുടങ്ങും. ചങ്ങലയുടെ ഞരക്കങ്ങൾ ഒരു താരാട്ടുപോലെ ഉയരാൻ തുടങ്ങും. ഈണത്തിലുളള താരാട്ടിനൊപ്പം കട്ടിൽ ആടുമ്പോൾ ഖത്തറിലെങ്ങോ കളഞ്ഞുപോയ നഷ്‌ടയൗവനത്തിന്റെ പാനപാത്രം തേടി ഹാജി അലയും.... ഒടുവിൽ ഏതോ അറബിക്കഥയിലെ രാജകുമാരിയെ സ്വപ്നംകണ്ട്‌ മയങ്ങും...

ബീവിയുടെ പരിഭ്രാന്തിയോടെയുളള വിളികേട്ട ഹാജി അറബിക്കഥകളിൽ നിന്ന്‌ ഞെട്ടിയെഴുന്നേറ്റ്‌ താഴേക്ക്‌ ചാടി.

ബീവിയെ പിൻതുടർന്ന്‌ തളത്തിലെത്തി. അവിടെ സോഫയിൽ ചാരിയിരിക്കുന്ന ഒരു യുവതി. കണ്ണുകൾ പാതി അടഞ്ഞിരിക്കുന്നു. അറബിക്കഥയിലെ ഹൂറിയെപ്പോലെ ഒരു സുന്ദരരൂപം... ടീച്ചർ കണ്ണുതുറന്നപ്പോൾ പരിചയത്തിന്റെ ഒരു പിടിവളളിയിൽ കാലുടക്കിയതുപോലെ ഹാജി ചോദിച്ചു.

-ടൗണിലെ സ്‌ക്കോളില്‌ അറബി പഠിപ്പിക്കുന്ന നമ്പൂരിടീച്ചറല്ലേ?

പുരുഷശബ്‌ദം കേട്ട ടീച്ചർ ഞെട്ടിയെഴുന്നേറ്റു. ബീവിമാർ ഹാജിയുടെ ചെവിയിൽ ഗൗരവപൂർവ്വം കാര്യങ്ങൾ ധരിപ്പിച്ചു.

-ങ്ങക്ക്‌ യാതൊരു മുട്ടുംവരാണ്ട്‌ നോക്കിക്കോളാം. എന്താ ഉണ്ടായതെന്ന്‌ വെച്ചാ മടിക്കാണ്ട്‌ പറാ ടീച്ചറേ...

ടീച്ചർ പരിസരബോധം വന്നിട്ടെന്നപോലെ സാരി പിടിച്ചു നേരെയാക്കി. ഒരു കൈ നെഞ്ചിലമർത്തി. നെഞ്ചിലെ കിളി പറന്നുപോകുമെന്ന്‌ ഭയന്നപോലെ. പിന്നെ ഞെട്ടിക്കുന്നതെന്തോ ആലോചിച്ചു. കണ്ണുകളിറുക്കിയടച്ചു തുറന്നു.

ബേജാറാകാണ്ട്‌ പറ ടീച്ചറേ...

-അറിയില്ല. ബസ്സ്‌ നിർത്തിയതും പുറത്തേക്ക്‌ വീണു. ബഹളമായിരുന്നു.. എല്ലാരും ഓടി...അതുകണ്ടോടിയതാ.. മറ്റൊന്നും അറിയില്ല..

ശ്വാസം കിട്ടാത്തതുപോലെ ടീച്ചർ തെല്ലിട വിഷമിച്ചു. പിന്നെ കണ്ണുകൾ കൂമ്പുകയായി. ബീവി അവരെ സോഫയിൽ താങ്ങിയിരുത്തി. അവരുടെ ബോധതലങ്ങൾ ഒരു കളളനെപ്പോലെ ഒളിച്ചും പതുങ്ങിയും ഓടിമറയുകയായി...

ഹാജിയും ബീവിമാരും ഒരു ജിന്നിനെയെന്നോണം ടീച്ചറെ നോക്കിനിന്നു. പതിയെ അവരുടെ ചെവികളിൽ അനേകരുടെ നിലവിളികളുയർന്നു... ആലംബഹീനരായ അമ്മമാരുടെ ദീനാലാപങ്ങൾ... ശാപമന്ത്രങ്ങളുച്ചരിക്കുന്ന ആത്മാവുകൾ ഭൂമിയിൽ നിന്നും ആകാശത്തേക്കു വീഴുന്ന കണ്ണഞ്ചും ദൃശ്യങ്ങൾ അവരുടെ മിഴികളിലുണർന്ന്‌.. ചെവികളിൽ പൈശാചികമായ അട്ടഹാസങ്ങളുടെ ശബ്‌ദവേഗങ്ങൾ അലതല്ലി. നിസ്സഹായരായ നിഷ്‌ക്കളങ്കരായ വെറും മനുഷ്യരായി അവരും ടീച്ചറോടൊപ്പം സോഫയുടെ ദുർബ്ബലതകളിലേക്ക്‌ ചാഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഭീതിയോടെ പിൻതിരിഞ്ഞു നോക്കിക്കൊണ്ടാണ്‌ ഡ്രൈവറും കണ്ടക്‌ടറും പോലീസ്‌സ്‌റ്റേഷനിൽ ഓടിയെത്തിയത്‌. അപ്പോഴവിടെ തോക്കേന്തിയ ഒരു കാവൽക്കാരനും ഒരു പോലീസുകാരനും മാത്രമേ ഉണ്ടായിരുന്നുളളൂ. അനുവാദമന്യേ രണ്ടുകാക്കികൾ അകത്തേക്ക്‌ തിടുക്കത്തിൽ കയറുന്നതാണ്‌ അർദ്ധമയക്കത്തിലായിരുന്ന കാവൽക്കാരൻ കണ്ടത്‌. വസ്‌തുതകൾ തിരിച്ചറിയും മുൻപേ വന്നവരിൽ നിന്ന്‌ ഒരു എഫ്‌.ഐ.ആർ.തയ്യാറാക്കാൻ റൈറ്റർ പേന നിവർത്തിക്കഴിഞ്ഞിരുന്നു.

ആദ്യം പോലീസ്‌റൈറ്റർ ബഹുമാനപൂർവ്വം തൊപ്പിയെടുത്ത്‌ ഒരു കിരീടം ധരിക്കുന്നതുപോലെ ശ്രദ്ധയോടെ ശിരസ്സിലണിഞ്ഞു. ഇതോടെ ഏതോ ശക്തി കൈവന്നപോലെ അദ്ദേഹം എഴുന്നേറ്റുനിന്നു. ഇരകളെ ഒന്നു തറപ്പിച്ചു നോക്കി. തുടർന്ന്‌ വാക്കുകളുതിർന്നത്‌ ചോദ്യം ചെയ്യലിന്റെ ഈണത്തിൽ.

-എന്താ? മൊഴിതരാൻ വന്നതാകും?

ഡ്രൈവറും കണ്ടക്‌ടറും ബഹുമാനപൂർവ്വം തൊഴുതു.

-ഉം ശരി. സത്യം പറഞ്ഞുകൊളളണം. ആദ്യം എന്റെ ചോദ്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. എന്നിട്ട്‌ സത്യംസത്യമായി ഉത്തരം പറയുക. പിന്നെ സ്‌റ്റേറ്റുമെന്റ്‌ ഒപ്പിടണം.

ഇരുവരും സമ്മതിച്ച്‌ തലക്കുലുക്കി.

-ബസ്സിന്റെ പേര്‌, നമ്പർ.

-ബസ്സെവിടേക്കു പോകുന്നു? എവിടെ നിന്ന്‌ വരുന്നു?

-അപകടം നടന്നത്‌ എത്രമണിക്ക്‌?

-ആരാ ഡ്രൈവുചെയ്തത്‌?

-അപകടത്തിന്‌ കാരണം ആര്‌?

-ബസ്സിന്‌ കേടുണ്ടായിരുന്നോ?

-ബസ്സുടമയുടെ പേര്‌, വിലാസം. കൂടാതെ രണ്ടു സാക്ഷികളുടെ മേൽവിലാസം.

-ശരി, ഉത്തരം പറഞ്ഞോളൂ..

എഴുതാൻ തയ്യാറായിനിന്ന പോലീസ്‌ റൈറ്ററെ നോക്കി ഡ്രൈവറും കണ്ടക്‌ടറും മിഴിച്ചുനിന്നു.

-പറയെടോ എന്താ വായിൽ നാക്കില്ലേ?

സർ, അപകടമൊന്നും...

-നടന്നില്ലേ? പിന്നെന്തിനാ ഇങ്ങോട്ടോടി വന്നത്‌?

സർ, ഞങ്ങൾ ജീവനും കൊണ്ടോടിയതാ.

-ഓഹോ! എന്നാൽ ആ ജീവൻ ഈ മേശപ്പുറത്ത്‌ വെച്ചിട്ട്‌ പോയി തുലയെടോ! നേരമില്ലാത്തപ്പോൾ ഓരോരുത്തൻ കേറിവന്നിരിക്കുന്നു!

പോലീസ്‌ റൈറ്റർ കോപമടക്കി എഴുന്നേറ്റു. ഇരുവരെയും ഒന്നു തറപ്പിച്ചുനോക്കി.

-എന്താന്ന്‌ വെച്ചാ പറയെടോ; അല്ല, പറയിപ്പിക്കണോ?

സർ, ഒരലർച്ചകേട്ട്‌ ബ്രേക്ക്‌ ചവിട്ടിയതേ ഓർമ്മയുളളൂ. പിന്നെ കൂട്ടനിലവിളിയായിരുന്നു. എല്ലാവരും ഇറങ്ങി ഓടുന്നതാ കണ്ടത്‌. ഞങ്ങളും പ്രാണരക്ഷാർത്ഥം ഓടി.

-അപ്പോൾ സംഭവത്തിന്‌ നിങ്ങൾ സാക്ഷികളല്ലാ?

അല്ല സാർ... ഞങ്ങൾ മറ്റൊന്നും കണ്ടില്ലാ..

-പിന്നെ സാക്ഷിയില്ലാതെന്തു കേസാടോ? മോളിൽ നിന്ന്‌ സാക്ഷാൽ വല്യതമ്പുരാനെറങ്ങിവന്ന്‌ സാക്ഷി പറയുമോ?

-ഞ്ഞങ്ങൾ സത്യമാണ്‌...

-പറയുന്നത്‌; പറഞ്ഞാൽപ്പോരാ. എഴുതി ഒപ്പിടണം. കണ്ടക്‌ടർക്കെന്തെങ്കിലും?

ഡ്രൈവറുടെ പിന്നാലെ ഞാനും ഓടി സാർ... സംഭവം ഒന്നും കണ്ടില്ല...

-ആരും ഒന്നും കണ്ടില്ലാ കേട്ടില്ലാ! അന്ധന്മാരും ബധിരന്മാരും നിറഞ്ഞ നാട്‌. തിന്നാൻ വായുണ്ടല്ലോ നിങ്ങൾക്കൊക്കെ. മഹാഭാഗ്യം! അതുമില്ലെങ്കിൽ വിശന്നുവലഞ്ഞ്‌ ഒരു തലമുറ മുഴുവൻ മരിച്ചു മണ്ണടിഞ്ഞേനേ. വംശനാശം വരാതെ രക്ഷപ്പെട്ടല്ലോ.

ക്ഷമിക്കണം സാർ...

ക്ഷമിച്ചിരിക്കുന്നു. ഇതാ ഇവിടെ പേരെഴുതി ഒപ്പിട്ട്‌ സ്ഥലം വിട്ടോ. വിളിച്ചാൽ ഏതു നിമിഷവും വരേണ്ടിവരും. നടക്കാൻ കാലും വീശാൻ കയ്യുമുണ്ടല്ലോ?

ഡ്രൈവറും കണ്ടക്‌ടറും നിരാലംബരായി ഏതോ രക്ഷാസങ്കേതം തേടിയെന്നപ്പോലെ എങ്ങോട്ടോ നടന്നകന്നു...

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അങ്ങനെ ആരോരുമറിയാതെ സൂര്യൻ എരിഞ്ഞടങ്ങുന്ന പകലറുതിയിൽ ഒരു മൃതദേഹം മരവിച്ച റോഡിന്റെ ഒരോരത്തു കിടന്നു.

മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു.

അവയിൽ നിന്ന്‌ ചോര വാർന്നൊഴുകിയിരുന്നു.

സമാധാനത്തിന്റെ വെളളപ്രാവുകളെ കൊന്നിട്ടതുപോലെ മഞ്ഞിന്റെ തൂവൽക്കഷണങ്ങൾ അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. പകലിന്റെ ചിത കത്തിത്തീരും മുൻപ്‌ പ്രകാശം പരത്തിക്കൊണ്ട്‌ ഒരു ജീപ്പ്‌ വല്ലാത്ത ഒരു ശബ്‌ദഘോഷത്തിന്റെ അകമ്പടിയോടെ അവിടെ വന്നുനിന്നു. യൂനിഫോം ധരിച്ച മൂന്നുപേർ പുറത്തേക്ക്‌ ചാടിയിറങ്ങി. അവിടെയെല്ലാം സസൂക്ഷ്‌മം പരിശോധിച്ചു. പരിസരം നിശ്ചലവും വിജനവുമായിരുന്നു.

പെട്ടെന്ന്‌ ഒരു യൂനിഫോംധാരി ആ യാഥാർത്ഥ്യം കണ്ടുപിടിച്ചു.

-മൃതദേഹത്തിൽ നിന്നും പുറപ്പെട്ട ഒരു ചോരച്ചാല്‌ ധൃതിപിടിച്ച്‌, റോഡിൽ നിന്ന്‌ സമീപം പറ്റിയൊഴുകുന്ന തലശ്ശേരി പുഴയിലേക്കിറങ്ങുന്നു... പുഴക്കുമീതെ ഓരംപറ്റി ഒരു നേർത്ത ചുവന്ന അരുവിപോലെ അതൊഴുകിയൊഴുകി കോടതിക്കെട്ടിടത്തിന്‌ മുന്നിലെത്തിയപ്പോൾ തളംകെട്ടി നിൽപ്പായി.

ഒരു പോലീസ്‌ നായയെപ്പോലെ ഈ ചോരച്ചാലിന്‌ പിന്നാലെ ഓടിയ യൂനിഫോംധാരി കോടതിക്കെട്ടിടത്തിന്‌ മുന്നിൽ അന്തംവിട്ടു നിന്നു.

വത്സൻ അഞ്ചാംപീടിക

കണ്ണൂർ ജില്ലയിലെ അഞ്ചാംപീടിക സ്വദേശി. കല്ല്യാശ്ശേരി ഗവഃ ഹൈസ്‌ക്കൂൾ, തളിപ്പറമ്പ്‌ സർ സയ്‌ദ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടി. ഇപ്പോൾ സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നു. ഡൽഹി ജനസംസ്‌കൃതിയുടെ ചെറുകാട്‌ സ്‌മാരക കഥാ അവാർഡ്‌, സദ്‌ഭാവനാ കലാസാഹിതി കഥാപുരസ്‌കാരം, ഇ.പി. സുഷമ സ്‌മാരക കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

വിലാസം

വത്സൻ അഞ്ചാംപീടിക

“സാഹിതി”

സി.പോയിൽ പി.ഒ.

പരിയാരം

കണ്ണൂർ - 670 502.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.