പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അമ്മാവൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആൽബർട്ടോ മൊറാവിയ

പരിഭാഷഃ സി. വേണുഗോപാൽ

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ- ബഹുമാന്യ വായനക്കാർ, എന്റെ പ്രായത്തെ പരിഗണിക്കണം. മുപ്പത്തിയഞ്ച്‌ വയസ്സുവരെ, ഞാൻ എന്റെ സഹോദരി എൽവീരയോടും, അവരുടെ ഭർത്താവിനോടും, പതിനെട്ടുകാരിയായ മകൾ അഗാറ്റീനയോടുമൊപ്പമാണ്‌ താമസിച്ചുവന്നത്‌. ആ സമയം വരെ എന്റെ വീടും കുടുംബവും ഒക്കെതന്നെ അവരുടേത്‌ തന്നെയായിരുന്നു. പ്രത്യേകിച്ച്‌ പറയേണ്ടത്‌-ഞ്ഞങ്ങളെല്ലാം ഞങ്ങളുടെ അമ്മയോടൊപ്പമാണ്‌ കഴിഞ്ഞുപോന്നത്‌ എന്ന വസ്‌തുത ആയിരുന്നു. പിന്നെ അവർ മരിച്ചു. എന്നാൽ അവർ ജീവിച്ചിരിക്കുമ്പോൾ, കുടുംബവികാരങ്ങൾ, മറ്റെല്ലാ വ്യക്തിപരമായ വികാരങ്ങളെകാൾ മുൻപന്തിയിൽ ആയിരുന്നു. അതിനാൽ, എന്റെ അമ്മയുടെ മരണശേഷം അധികം താമസിയാതെയുണ്ടായ എന്റെ വിവാഹനിശ്ചയത്തെ തുടർന്ന്‌ എന്റെ ഭാവിവധുവിനെ വീട്ടിലേക്കു കൊണ്ടുവന്ന്‌ കുടുംബാംഗങ്ങൾക്കൊപ്പം താമസിപ്പിക്കുന്നതിനെപ്പറ്റി ഞാൻ സഗൗരവം പര്യാലോചിച്ചു.

ഞങ്ങളും യഥാർത്ഥ ഐക്യമത്യമുളള ഒരു കുടുംബമായിരുന്നതു കൂടാതെ, എന്റെ സഹോദരിയോട്‌ എനിക്ക്‌ അനല്പമായ സ്‌നേഹവാത്സല്യങ്ങളുണ്ടായിരുന്നുവെന്നതിനും പുറമെ, സഹോദരീഭർത്താവിൽ ഞാനൊരുത്തമ സുഹൃത്തിനെയും ദർശിച്ചിരുന്നു. അഗാറ്റീനയെയാണെങ്കിൽ ഞാൻ സ്വന്തം മകളെപ്പോലെയാണ്‌ കരുതിയത്‌. കറുത്തുമെലിഞ്ഞ മുഖവും, ഗൗരവപൂർണ്ണമായ നയനങ്ങളും ഇരുണ്ടമുടിയുമുളള ഈ പതിനാറുകാരിക്ക്‌ അപ്പോഴും ഒരു കുട്ടിയുടെ ഭാവപ്രകൃതികളായിരുന്നു. എങ്കിലും രണ്ടുവർഷങ്ങൾപ്പുറം അവൾ പക്വതയേറിയ ഒരു സ്‌ത്രീയിലേക്ക്‌ വളർന്നു വികസിച്ചു. അവളോടുളള എന്റെ സ്‌നേഹവാത്സല്യത്തിന്‌ ഒരു പ്രത്യേക കാരണം കൂടിയുണ്ടായിരുന്നു. അവളുടെ വളർച്ചയുടെ ഓരോ പടവും ഞാൻ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയായിരുന്നു. ഭാഗികമായി അതും, ഭാഗികമായി അവളുടെ സ്വഭാവവിശേഷവും ഇതിനുളള ഹേതുമൂലകങ്ങളായിരുന്ന കൂർമ്മബുദ്ധിയും, പ്രശാന്തഭാവവും, സൗമ്യതയും നിറഞ്ഞ ആകർഷണവും അവളുടെ കൂടപ്പിറപ്പായിരുന്നു. ഒരുപക്ഷെ സ്വന്തം മാതാപിതാക്കളിലെന്നതിനെക്കാളേറെ അവൾ എന്നിലാണ്‌ വിശ്വാസം അർപ്പിച്ചിരുന്നത്‌ എന്നുമാവാം. ഞാനാണെങ്കിൽ, കൂടെക്കൂടെ, ഒരമ്മാവൻ, തന്റെ അനന്തിരവളോടെന്ന നിലയിൽ, അവളോട്‌ അതുമിതുമൊക്കെ സംസാരിച്ചുകൊണ്ടുമിരുന്നു. ഇതിന്‌ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു-പലപ്പോഴും തന്റെ പ്രായത്തെക്കാളേറെ പക്വത പുലർത്തുന്നവിധത്തിലുളള അവളുടെ ധിഷണാശക്തി പ്രകടമാക്കുന്ന പ്രസ്താവനകളും എന്നെ ആശ്ചര്യഭരിതനാക്കിയിരുന്നു.

പക്ഷെ.. എന്റെ അമ്മ മരിച്ചു... ഞാൻ വിവാഹനിശ്ചയവും നടത്തി. ചുരുക്കിപ്പറഞ്ഞാൽ, അമ്മ മരിച്ച്‌ ഒരുവർഷം കഴിഞ്ഞ്‌ ഞാൻ വിവാഹിതനായി. അപ്പോഴാണെനിക്കു മനസ്സിലായത്‌, എന്റെ കുടുംബജീവിതം അവസാനിച്ചെന്ന്‌! എന്റെതായ സ്വന്തമായൊരു കുടുംബജീവിതം പടുത്തുയർത്തേണ്ടതിനുളള സമയം ആസന്നമായിരിക്കുന്നു എന്ന വസ്തുത എനിക്ക്‌ ബോധ്യമായി.

അതുകൊണ്ട്‌, ഞാൻ ആ കൂട്ടുകുടുംബത്തിൽനിന്നും അകന്നുമാറി. അവർ താമസിച്ചിരുന്നത്‌ വയടസ്‌കോലാനയിലായിരുന്നു. ഞാൻ നീറോയുടെ ശവകുടീരത്തിനടുത്ത്‌ പട്ടണത്തിന്റെ മറുഭാഗത്തേക്ക്‌ താമസം മാറ്റി. അവരെ വിട്ടുപിരിയുന്നതിൽ എനിക്ക്‌ ഖേദം തോന്നിയിരുന്നു. പക്ഷെ, ഇപ്പോഴത്‌ അനിവാര്യമെന്ന്‌ എനിക്ക്‌ തീർച്ചയായി. കൂടാതെ ഞാൻ അളിയനുമായി പങ്കുച്ചേർന്ന്‌ വാടകക്കെടുത്ത ഗാരേജ്‌, വയകാഷ്യയിലായിരുന്നു. ഇത്‌ എന്റെ പുതിയ വസതിയിൽനിന്നും അധികം അകലെ ആയിരുന്നതുമില്ല. എന്നിരിക്കിലും, അഗാറ്റിനയും, എന്റെ സഹോദരിയും, പുതിയ കുടുംബം പടുത്തുയർത്താൻ എന്റെ ഭാര്യയെ സഹായിച്ചു. അതിനുശേഷം, ഞങ്ങൾ കൂടെക്കൂടെ അവരെ ഇരുവരെയും സന്ദർശിച്ചിരുന്നു. ഇത്തരം സന്ദർശനങ്ങൾ അധികവും ഞായറാഴ്‌ചകളിലായിരുന്നു.

അത്‌, വാസ്തവത്തിൽ, ഞങ്ങളുടെ പാർപ്പ്‌ തുടങ്ങിക്കഴിഞ്ഞ്‌ മൂന്നുമാസം കഴിഞ്ഞ ഒരു ഞായറാഴ്‌ചയായിരുന്നു. എന്റെ സഹോദരി, ടെലഫോണിൽ എന്നെ വിളിച്ച്‌, ഞാൻ ഉടനടിവന്ന്‌ അവരെ കാണണമെന്ന്‌ ആവശ്യപ്പെട്ടു. അവൾക്ക്‌ എന്നോട്‌ എന്തോ സംസാരിക്കാനുണ്ട്‌. എന്താണ്‌ സംഭവിച്ചതെന്ന എന്റെ ചോദ്യത്തിനു മറുപടിയായി, അവൾ തുടങ്ങി.

“...അഗാറ്റിന.... ” എന്നിട്ട്‌ ഒന്നു നിറുത്തി. “അഗാറ്റിനയോ?” ഞാൻ ആകാംക്ഷാപൂർവ്വം ആരാഞ്ഞു. “അഗാറ്റിനക്ക്‌ എന്ത്‌ സംഭവിച്ചു?” പിന്നെ അവൾ ധൃതിയിൽ പറഞ്ഞു.

“ഒന്നുമില്ല... ഒന്നുമില്ല... എനിക്ക്‌ അത്‌ ടെലഫോണിലൂടെ അധികം സംസാരിക്കാനാവില്ല. ഇങ്ങോട്ട്‌ വരൂ.. ഞാനെല്ലാം... പറയാം..”

അതിനാൽ എനിക്ക്‌ ഉടനെ പോയി എൽവീറയെ കാണേണ്ടതുണ്ടെന്ന്‌ ഞാനെന്റെ ഭാര്യയെ അറിയിച്ചു. പിന്നെ ഉടനെ ഞാൻ എന്റെ മോട്ടോർസൈക്കിളിൽ ചാടിക്കയറി, വയകാഷ്യ, വയഫ്ലാമീനിയ, കോർസോ, കൊളോസ്സിയം, സാൻജിയോവന്നി- എന്നിവിടങ്ങളിലൂടെ യാത്രചെയ്‌ത്‌ വയടസ്‌കൊലാനയിൽ എത്തിച്ചേർന്നു.

എ തൊട്ട്‌ എഫ്‌ വരെയുളള നമ്പരുകളിൽ പൊതുവാസസ്ഥലങ്ങളും, വലിയ മുറ്റങ്ങളോടും നഗരവാതിലുകളോടും കൂടിയ വലിയ ഫ്ലാറ്റുകളിലൊന്നിലായിരുന്നു എന്റെ അളിയൻ താമസിച്ചിരുന്നത്‌. എന്റെ പരിചയമുളള പോർട്ടറെ ഞാനെന്റെ മോട്ടോർസൈക്കിൾ ഏല്പിച്ചശേഷം ഞാൻ നേരെ ഗോവണി കയറി നാലാംനിലയിലെ ബി ക്വാർട്ടേഴ്‌സിൽ എത്തി. എൽവീര ഉടനെ എന്നെ അകത്തേക്ക്‌ കയറ്റി; അവൾ എന്നെ പ്രതീക്ഷിച്ച്‌ വാതിലിനുപിന്നിൽ നില്‌പുണ്ടെന്ന്‌ തോന്നിച്ചു. എന്റെ സഹോദരി നല്ല ഉയരമുളള സുദൃഢഗാത്രയായൊരു സ്‌ത്രീ ആയിരുന്നു. കറുത്ത ആരോഗ്യം നിഴലിക്കുന്ന മുഖമായിരുന്നു അവളുടേത്‌. പക്ഷെ ഒറ്റനോട്ടത്തിൽ തന്നെ എനിക്കവളുടെ വിളറിവെളുത്ത മുഖവും പരിക്ഷീണത തളംകെട്ടി നിന്ന കണ്ണുകളും മനസ്സിലാക്കാൻ കഴിഞ്ഞു. അവൾക്കൊരു പത്തുവയസ്സ്‌ ഏറിയതായി തോന്നിച്ചു. സ്വീകരണമുറിയായും ഉപയോഗിക്കാറുളള ഡൈനിംഗ്‌ മുറിയിലേക്ക്‌ അവൾ എന്നെ ആനയിച്ചു. എന്നിട്ട്‌ ഇരിക്കാതെ തന്നെ പൊടുന്നനെ ഇങ്ങിനെ പറഞ്ഞു. “അഗാറ്റിന സ്വയം മരിക്കാൻ ശ്രമിച്ചു.

”ഇ.... നീ അത്‌ കാര്യഗൗരവപൂർവ്വം പറയുകയാണോ?“

”അതെ... ഉറക്കഗുളിക കഴിച്ച്‌... പക്ഷെ അതത്രക്ക്‌ പ്രാധാന്യമൊന്നും കല്പിക്കേണ്ട കാര്യമല്ല....അവൾക്ക്‌ ഉടനെ വീട്ടിൽ വരാനൊക്കുമെന്നാണ്‌ ആസ്പത്രിയിലെ ആളുകൾ പറയുന്നത്‌. ഇപ്പോൾ അവൾ കിടക്കുകയാണ്‌.“

”പക്ഷെ എന്തിനാണവളത്‌ ചെയ്തത്‌?“

”ദൈവത്തിനുമാത്രമറിയാം. അവൾ ഞങ്ങളോടൊന്നും പറയുന്നില്ല. അവൾ സംസാരിക്കുന്നതേയില്ല; ഒന്നും പറയുന്നുമില്ല. അച്ഛൻ അവളോട്‌ യാചിച്ചു. ദേഷ്യപ്പെട്ടു. ഒരു ഫലവുമില്ല. നിങ്ങളോട്‌ ഞാൻ വരാൻ പറഞ്ഞത്‌ നിങ്ങൾ തമ്മിൽ വളരെ അടുപ്പമായതുകൊണ്ട്‌ അവളെന്തെങ്കിലും പറയുമെന്ന്‌ കരുതിയാണ്‌..“

ഞാൻ വല്ലാതെ ആശ്ചര്യഭരിതനായതിനാൽ, ചിന്തിക്കുന്ന കാര്യങ്ങൾ തന്നെ ഞാൻ ഉറക്കെ പറഞ്ഞുപോയി.

”അഗാറ്റിന- വേറെ ആരായാലും വേണ്ടില്ലായിരുന്നു. എനിക്കിന്‌ വിശ്വസിക്കാനാവുന്നില്ല.“

”അതെ. അങ്ങിനെത്തന്നെയാണ്‌.“ ഒരു ദീർഘനിശ്വാസത്തെ തുടർന്ന്‌ എൽവീര പറഞ്ഞു. ”ഇപ്പോൾ, എല്ലാവരെയുംകാൾ, അവൾ ആണ്‌ എന്നെ വിഷമിപ്പിക്കുന്നത്‌. എനിക്ക്‌ ഒട്ടും ഉറക്കവുമില്ല. പക്ഷെ നിങ്ങൾ പോയി അവളുമായി ഒന്ന്‌ സംസാരിക്കൂ! എന്താണ്‌ കാര്യമെന്ന്‌ കണ്ടുപിടിക്കാൻ നോക്കൂ..“

അവൾ മുറിയിൽ നിന്നിറങ്ങി.

ഞാൻ അവളെ ഇടനാഴിയിലേക്ക്‌ പിന്തുടർന്ന്‌ താഴെക്കിറങ്ങി ചെന്നു.

അവൾ, അഗാറ്റിനയുടെ മുറിയിൽ ചെന്ന്‌ വാതിൽ തുറക്കുന്നതും, തല അകത്തേക്കിട്ട്‌ ”ഇതാ അലക്സാൺട്രോ അമ്മാവൻ നിന്നെ കാണാൻ വന്നിരിക്കുന്നു എന്ന്‌ പറയുന്നതും ഞാൻ കേട്ടു. അഗാറ്റിനയുടെ മറുപടി എനിക്ക്‌ കേൾക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്റെ സഹോദരി, ശിരസ്സ്‌ പിൻവലിച്ച്‌ സമ്മതഭാവേന എന്നോട്‌ തലയാട്ടിയതിനെ ഇപ്രകാരം വ്യാഖ്യാനിക്കാം.

“കുഴപ്പമൊന്നുമില്ല നിങ്ങൾക്ക്‌ അകത്തേക്ക്‌ പോകാം... ദയവായി ഞങ്ങളെ സഹായിക്കാവുന്നതൊക്കെ ചെയ്യൂ.”

എനിക്കന്നേരം വല്ലാത്ത പരിഭ്രാന്തി ആയിരുന്നതിനാൽ, കൂടുതൽ ധൈര്യം അവലംബിക്കേണ്ടതായി വന്നു. ഇത്‌ അഗാറ്റിനയുടെ കാര്യമല്ല; മറ്റേതോ അപരിചിതന്റെ പ്രശ്‌നമാണെന്ന ഭാവമായിരുന്നു എനിക്ക്‌. ഞാൻ പിന്നെ അകത്തേക്ക്‌ കടന്നു. ആ മുറി നന്നെ ചെറുതായിരുന്നു.

നടപ്പുവഴി ഒന്നുകൂടി നീട്ടിയെടുത്ത്‌ ചേർത്തതുപോലെയായിരുന്നു അത്‌; കട്ടിൽ നെടുനീളത്തിൽ ഭിത്തിയോട്‌ ചേർത്തിട്ടിരുന്നു. അങ്ങേ അറ്റത്ത്‌ ഒരു ജനാല. അതിന്റെ മുന്നിലായി ഒരു ഡസ്‌കും കസേരയും ഉണ്ടായിരുന്നു. കൈകൾ നിർജ്ജീവമായി വശങ്ങളിലേക്ക്‌ തൂക്കിയിട്ട്‌ രണ്ടോ മൂന്നോ തലയിണകളിൽ ചാരി അവൾ കിടക്കയിൽ ഇരിപ്പുണ്ടായിരുന്നു. തലമുടി വൃത്തിഹീനമായി മുഖത്താകമാനം വീണു കിടന്നിരുന്നു. ഉഷ്ണകാലാവസ്ഥ കാരണം, കൈയ്യില്ലാത്ത ഒരു നൈറ്റ്‌ ഡ്രസ്‌ ആണവൾ ധരിച്ചിരുന്നത്‌. കുനിഞ്ഞിരുന്ന ദേഹത്തെ ഒരു ഷീറ്റ്‌ കൊണ്ട്‌ മാത്രമേ മൂടിയിരുന്നുളളൂ. അവളുടെ മുഖത്തെ വിളർച്ച എന്നെ സ്തംഭിപ്പിച്ചു. അഗാധവും പരിക്ഷീണവുമായ നിറപ്പകർച്ച. ശാരീരികാസുഖം ഉളള ഒരു വ്യക്തിയുടേതുപോലെയായിരുന്നില്ല അത്‌. പക്വതയുടേതായ ഒരു ആലസ്യമാണെന്ന സൂചന അതിൽ കാണാമായിരുന്നു. വീണ്ടും എനിക്ക്‌, ഞാനൊരു അപരിചിതനെ അഭിമുഖീകരിക്കുന്ന തോന്നലുളവായി. പക്ഷെ, ഉടതെതന്നെ ഞാൻ സ്വയം ഓർമ്മപ്പെടുത്തി. ഞാനവളുടെ സ്വന്തം അലക്സാഡ്രോ അമ്മാവനാണല്ലോ എന്നും, അവൾ എന്റെ കുഞ്ഞനന്തിരവൾ അഗാറ്റിന ആണെന്ന വസ്തുതയും. ഞാൻ അഭിനയിക്കേണ്ട ഭാഗത്തെക്കുറിച്ചുളള പരിശ്രമത്തിനിടെ, ഞാൻ കിടക്കയിൽ അവളുടെ ചാരെ ഇരുന്ന്‌ ഇങ്ങനെ ആശ്ചര്യസൂചകമായി മൊഴിഞ്ഞു. “അഗാറ്റിന ഇനി എനിക്കിതൊക്കെ എന്തിനാണെന്ന്‌ അറിഞ്ഞേ മതിയാകൂ....സത്യത്തിൽ അഗാറ്റിന, ഇപ്രാവശ്യം എനിക്ക്‌ നിന്നോട്‌ കാര്യമായ ദേഷ്യമുണ്ട്‌! നിന്നെ എനിക്ക്‌ മനസ്സിലാക്കാൻ പോലും സാധിക്കുന്നില്ലെന്ന കാര്യം നിനക്കും അറിയാവുന്നതാണല്ലോ അഗാറ്റിന.”

പക്ഷെ, ഉടൻതന്നെ എനിക്ക്‌ മനസ്സിലായി, പിതൃസഹജമെന്നു നടിച്ച എന്റെ സ്വരം കപടമായിരുന്നെന്ന്‌. എന്തുകൊണ്ടാണതെന്ന്‌ എനിക്ക്‌ വിഭാഗീകരിക്കാനുമായില്ല. സമനില പാലിക്കാൻ ഞാനെന്റെ കൈകൊണ്ട്‌ അവളുടെ വിളർത്ത കപോലത്തിൽ തലോടി; പക്ഷെ പെട്ടെന്നുതന്നെ ഞാനത്‌ പിൻവലിച്ചു. കാരണം, എന്റെ ആ പ്രവർത്തി എന്ത്‌ കാരണത്താലോ അസ്ഥാനത്തായിരുന്നെന്ന തോന്നലാണെന്നിലുളവാക്കിയത്‌. ഈ സമയമൊക്കെ നിശ്ചലയായിരുന്ന്‌ അവൾ എന്നെ സഗൗരവം വീക്ഷിക്കുകയായിരുന്നു. പിന്നെ അവളെന്നോട്‌ ഏതാണ്ട്‌ കർക്കശമായിത്തന്നെ ഇങ്ങിനെ ചോദിച്ചു. “അമ്മാവനോട്‌ ആരാണിത്‌ പറഞ്ഞത്‌?”

“നിന്റെ അമ്മ എന്നോട്‌ പറഞ്ഞു. പക്ഷെ, എനിക്കറിയേണ്ടത്‌ നീ എന്തിനിത്‌ ചെയ്‌തുവെന്നാണ്‌?”

അവളുടനെ വ്യഥ കലർന്ന ഒരു സ്വരത്തിലിങ്ങനെ പ്രതിവചിച്ചു. “അത്‌ താങ്കളോട്‌ പറയരുതെന്ന്‌ ഞാൻ അവരോട്‌ പ്രത്യേകം പറഞ്ഞിരുന്നതാണല്ലോ?”

ആ വാക്കുകൾക്ക്‌ യാതൊരു ശ്രദ്ധയും കല്പിക്കാതെ ഞാൻ തുടർന്നു. “നിനക്ക്‌ പതിനെട്ട്‌ വയസ്സായെന്ന്‌ അറിയാമോ? പതിനെട്ട്‌ വയസ്സിന്റെ അർത്ഥമെന്താണെന്ന്‌ നിനക്കറിയാമോ? അതിന്റെ അർത്ഥം നിനക്ക്‌ ഒരു മുഴുവൻ ജീവിതവും ഇനി ബാക്കിയുണ്ടെന്നാണ്‌... നീ ചെയ്ത കാര്യമാണെങ്കിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരാൾ, അത്താഴം മുഴുവനാക്കിയെന്ന വിചാരത്തോടെ ഇറങ്ങിപ്പോയത്‌ പോലെയാണ്‌... ജീവിതത്തെപ്പറ്റി നിനക്ക്‌ എന്തറിയാം? എണ്ണ ചേർത്ത ഏതാനും ചെറിയ എളളുണ്ടകളും, പിന്നെ ഒരു ചെറിയ ഹാമും....അല്ലേ? അതിന്റെ രുചിയുളള, കൂടുതലായ ഭാഗമൊക്കെ നീ ഭക്ഷിക്കാനിരിക്കുന്നതേയുളളു. അതൊക്കെ ഇത്ര പെട്ടെന്ന്‌ നീ വേണ്ടെന്നു വയ്‌ക്കുന്നോ...?”

ജീവിതത്തെ, പാതിയാക്കിയ ഒരു തീൻമേശയുമായി താരതമ്യം ചെയ്തുകൊണ്ട്‌ ഞാൻ പിന്നെയും കുറെയൊക്കെ അതുമിതും പറഞ്ഞേനെ-അപ്പോഴേക്കും, എന്റെ പരിഭ്രാന്തിക്കിടയിൽ ആദ്യത്തെ അലങ്കാരപ്രയോഗം എന്റെ മനസ്സിലേക്ക്‌ തികട്ടിവന്നു. അവർ വിചിത്രമായ ജാഗ്രതയോടെയും ധിഷണാപരമായ നോട്ടത്തോടെയും എന്നെ പരിശോധിച്ചു പഠിക്കുന്നതിനിടയിൽ പെട്ടെന്ന്‌ ലജ്ജാസമ്മിശ്രമായൊരു കുഴഞ്ഞുമറിയിലെന്നിലുളവാക്കിയതിനാൽ, ഞാൻ പൊടുന്നനെ സംഭാഷണം ഇങ്ങിനെ പറഞ്ഞവസാനിപ്പിക്കയുണ്ടായി.

“ശരി. എനിക്കിനി അറിയേണ്ടത്‌ നീ എന്തിനുവേണ്ടി ഇത്‌ ചെയ്തുവെന്നാണ്‌?”

ഇതു പറഞ്ഞുകൊണ്ട്‌, അവളുടെ സമ്മതത്തോടെ ഞാൻ കിടക്കയിൽ വച്ചിരുന്ന അവളുടെ കരം ഞാനെന്റെ കൈക്കുളളിലൊതുക്കി; വാസ്തവത്തിൽ എനിക്ക്‌ തെറ്റ്‌ സംഭവിച്ചില്ലെന്നുവരികിൽ, അവളുടെ വിരലുകളുടെ ചെറിയൊരു സമ്മർദ്ദം എന്റേതിലുളവായതിനെക്കുറിച്ച്‌ ഞാൻ ബോധവാനായിരുന്നു. അപ്പോഴൊക്കെ അവൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കയായിരുന്നു. ആ കണ്ണുകൾ അശ്രുക്കൾ നിറഞ്ഞു തിളങ്ങുന്നത്‌ ഞാൻ ശ്രദ്ധിച്ചു. എനിക്കറിയേണ്ടുന്ന കാര്യം അവളേതാണ്ട്‌ പറയാൻ പോകുന്നെന്ന വിചാരം എനിക്കുണ്ടായി. അതോടെ ഞാനിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.

“ഇനി കേൾക്കൂ ഞാൻ നിന്റെ അമ്മാവൻ ആണ്‌. എനിക്ക്‌ നിന്നോടുളള സ്‌നേഹത്തെക്കുറിച്ചൊക്കെ നിനക്ക്‌ അറിവുളളതാണല്ലോ? നിനക്ക്‌ എന്നോടെന്തും തുറന്നു പറയാം. ഇനി പറയൂ, എന്തിനാണത്‌ നീ ചെയ്തത്‌? നിന്റെ അമ്മയാണെങ്കിൽ, ആകെ വ്യാകുലപ്പെട്ട്‌ നിരാശ പൂണ്ടിരിക്കുന്നു. അച്‌ഛനാണെങ്കിൽ വല്ലാത്ത ആകാംക്ഷയിലും. അവരെ നിനക്ക്‌ ഇതേപോലെ അനിശ്ചിതത്വത്തിൽ തളളിവിടാനാവില്ല. അത്‌, അവർ നിനക്കുവേണ്ടി ചെയ്യേണ്ട എന്തെങ്കിലുമൊരു കാര്യത്തിനുവേണ്ടിയാണെങ്കിൽ, അവർ അത്‌ ചെയ്‌തുതരും. പക്ഷെ, നീ മിണ്ടാതെ ഇരുന്നാൽ, അവർക്ക്‌ അതെങ്ങിനെ ചെയ്‌തു തരാനൊക്കും? പറയൂ നീ എന്തിനത്‌ ചെയ്‌തു?”

ഒടുവിൽ അവൾ തീരെ താഴ്‌ന്ന സ്വരത്തിൽ ഇങ്ങിനെ പറഞ്ഞു. “എനിക്കുവേണ്ടി അവർക്കൊന്നും ചെയ്യാനാവില്ല.”

“കൊളളാം. എന്നാൽ നീ എന്നോട്‌ മാത്രം പറഞ്ഞാൽ എനിക്ക്‌ നിന്നെ സഹായിക്കാനൊക്കുമോ എന്നുനോക്കാം.”

“താങ്കൾക്കും ഒന്നും ചെയ്യാനാവില്ല.”

ഞാനാദ്യം തന്നെ സാധ്യമായൊരു ലക്ഷ്യത്തെക്കുറിച്ച്‌ ഓർമ്മിച്ചു. പ്രേമം. തങ്ങളുടെ കുട്ടികൾ പ്രേമത്തിലാകുന്നതിനെക്കുറിച്ച്‌ ഏറ്റവും ഒടുവിൽ കണ്ടുപിടിക്കുന്നവരാണ്‌ മാതാപിതാക്കളെന്ന്‌ ഞാൻ സ്വയം പറഞ്ഞു. ദിവസം മുഴുവനും വീട്ടിനകത്ത്‌ കഴിയുന്ന ഒരു പെൺകുട്ടിക്കും ഒരു പ്രേമബന്ധം തുടർന്നു കൊണ്ടുപോകാൻ കഴിയും. ജനാലവഴി! സ്‌നേഹത്തിനുവേണ്ടി സ്വയം കൊല്ലപ്പെടുന്നവര സദാ ചിന്തിക്കുന്നത്‌ അവർക്കായി മറ്റുളളവർക്ക്‌ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ്‌. അടിസ്ഥാനപരമായി അത്‌ ശരിയുമാണ്‌. ഞാൻ ജാഗ്രതയോടെ ചോദിച്ചു. “സന്ദർഭവശാൽ, എന്തെങ്കിലും വൈകാരിക കാരണം വല്ലതുമുണ്ടോ? ഏതെങ്കിലുമവസരത്തിൽ നീ പ്രേമബന്ധയായിട്ടുണ്ടോ?”

എന്തുകൊണ്ടാണെന്നറിയില്ല, ഞാൻ പ്രതീക്ഷിച്ചത്‌ കർശനമായൊരു നിഷേധമായിരുന്നു. പക്ഷെ അവളുടെ മറുപടി വളച്ചുകെട്ടലോടുകൂടി അനാവശ്യമായ ദീർഘിപ്പിക്കലായിരുന്നു. “ഇല്ല. സത്യത്തിൽ എനിക്കില്ല. ഞാൻ പ്രേമത്തിലകപ്പെട്ടെന്ന്‌ എനിക്ക്‌ പറയാൻ കഴിയില്ല. എങ്ങിനെ ആയാലും, ആരെയാണ്‌ ഞാൻ പ്രേമിക്കുക? താങ്കൾക്കെന്നെ അറിയാമല്ലോ?”

അവൾ മങ്ങിയ മന്ദഹാസത്തോടെ എന്നെ നോക്കി അവസാനിപ്പിച്ചു.

ഇത്രമാത്രം പരിഭ്രാന്തി എനിക്ക്‌ എന്തുകൊണ്ടുണ്ടായി എന്ന്‌ ഞാൻ പെട്ടെന്ന്‌ മനസ്സിലാക്കി. ഞാനത്‌ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുപോലെയായിരുന്നെങ്കിലും, യഥാർത്ഥത്തിൽ, എന്റെ ഉളളിന്റെ ഉളളിൽ എനിക്കത്‌ അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല.

എങ്കിലും മനസ്സില്ലാമനസ്സോടെ ഞാൻ അവളോട്‌ ചോദിച്ചു.

“നീ എന്നോട്‌ തീർച്ചയായും സത്യമാണോ പറയുന്നത്‌?”

“താങ്കളോട്‌ ഞാനെന്തിന്‌ സത്യം പറയാതിരിക്കണം?”

“എനിക്കറിഞ്ഞുകൂടാ.. അച്ഛനമ്മമാരോട്‌ ഏതായാലും നീ ഒന്നും പറയില്ലല്ലോ?”

“താങ്കൾ- താങ്കളുടെ കാര്യം ഒന്ന്‌ വേറെയാണ്‌. ഞാൻ താങ്കളോട്‌ സത്യം പറയും.”

പിന്നെ നിശ്ശബ്‌ദത പരന്നു.

ഞാൻ എന്തുകൊണ്ടാണ്‌ ‘മറ്റൊരു കാര്യം’ ആയതെന്നൊന്നും അവളോട്‌ ചോദിക്കാതിരിക്കാൻ എനിക്കിപ്പോൾ തോന്നിയെങ്കിലും, ഇത്തവണ അത്‌ വേണ്ടെന്ന്‌, ഞാൻ പിന്നെ തീരുമാനിച്ചുറച്ചു. അസ്വസ്ഥതയോടെയും, താല്പര്യപൂർവ്വവും ഞാൻ എഴുന്നേറ്റു. ജനാലക്കരികിൽ ചെന്ന്‌ ഞാൻ മുറ്റത്തേക്ക്‌ കണ്ണോടിച്ചു. പിന്നെ ചുറ്റിത്തിരിഞ്ഞ്‌ എന്താണു ചെയ്യുന്നതെന്ന്‌ മനസ്സിലാക്കും മുമ്പെ ഞാനൊരു സിഗററ്റിന്‌ തീകൊളുത്തി. പക്ഷെ, ഉടനെ എനിക്കോർമ്മ വന്നു, അവൾക്ക്‌ അസുഖമാണല്ലോ എന്ന്‌. അതിനാൽ ഞാനുടൻ ആരാഞ്ഞു. “പക്ഷെ നിനക്ക്‌ ഞാൻ പുകവലിക്കുന്നതിൽ അനിഷ്‌ടമുണ്ടോ?”

ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടത്‌, അവൾ എന്നെ നോക്കി കുറെനേരം ചിന്തിച്ചത്‌, അശ്രുപൂരിതങ്ങളായ നയനങ്ങളോടെയല്ല, പിന്നെയോ, മൃദുലവും, വാത്സല്യപരവുമായ ദൃഷ്‌ടികളോടെ ആയിരുന്നെന്ന വസ്‌തുത ആയിരുന്നു. പിന്നെ വിചിത്രവും, പതറിച്ച നിറഞ്ഞും ശ്വാസം പിടിച്ച സ്വരത്തിൽ, ഏതാണ്ടൊരു നെടുവീർപ്പുകണക്കെ അവൾ ഇങ്ങിനെ പറഞ്ഞു.

“സാരമില്ല... പുകവലിച്ചോളൂ.. എനിക്കതിനൊന്നുമില്ല.”

ഇപ്പോൾ എനിക്ക്‌ മനസ്സിലായി. എന്നിരിക്കിലും ഞാൻ അതെക്കുറിച്ച്‌ ഏറെ ചിന്തിക്കാതിരുന്നില്ല. ഏതോ നൈസർഗ്ഗിക വാസനയാൽ ഞാൻ തീരുമാനിച്ചു, ഞാനവളെ എന്നോട്‌ സത്യം പറയിക്കാൻ ശ്രമിച്ചാൽ, അതെന്നെ അറിയിക്കുന്നതിൽ നിന്നും അവളെ തടയാൻ വേണ്ടത്‌ ചെയ്യാനാണ്‌ ഞാനിപ്പോൾ ശ്രമിക്കേണ്ടതെന്ന്‌. അതിനാൽ, ജനാലക്കടുത്തുതന്നെ നിന്നുകൊണ്ട്‌, അവളുടെ മുഖത്ത്‌ നോക്കാതിരിക്കാൻ വാതിൽക്കലേക്ക്‌ മിഴികൾ നട്ടുകൊണ്ട്‌ ഞാൻ സാവധാനത്തിൽ ഈ വാക്കുകൾ ഉച്ചരിച്ചു.

“അഗാറ്റിന, നീ ഇപ്രകാരം എന്തുകൊണ്ട്‌ പ്രവർത്തിച്ചു എന്നെനിക്കറിയില്ല. എങ്കിലും എന്നോടത്‌ പറയാൻ ഇഷ്‌ടമില്ലാത്തതുകൊണ്ട്‌ അതിന്‌ നിന്നെ ഞാൻ നിർബന്ധിക്കുന്നുമില്ല. പക്ഷെ നിന്റെ ഈ പ്രായത്തിൽ ആത്മഹത്യ ചെയ്യുന്നതിനൊന്നും യാതൊരു ന്യായീകരണങ്ങളുമില്ല എന്ന വസ്‌തുത നീ മനസ്സിലാക്കണം... മനസ്സിലാക്കുന്നുവോ?”

“ഉവ്വ്‌ അമ്മാവാ...”

നിമിഷനേരത്തെ നിശ്ശബ്‌ദതക്കുശേഷം ഞാൻ തുടർന്നു. “ നീ ഈ പ്രവർത്തി ചെയ്യുന്ന സമയത്ത്‌ നിന്നെ സ്‌നേഹിക്കുന്ന-ഇത്തരം ദുഃഖത്തിന്‌ ഒരുവിധത്തിലും അർഹരല്ലാത്ത നിന്റെ മാതാപിതാക്കളെക്കുറിച്ച്‌ ചിന്തിച്ചോ? ദൈവം സഹായിച്ച്‌ നീ ആ പരിശ്രമത്തിൽ വിജയിച്ചില്ല. നേരെമറിച്ച്‌ അത്‌ വിജയിച്ചെങ്കിൽ, നീ അവരുടെ ജീവിതങ്ങൾ കൂടി തുലക്കുകയായിരുന്നെങ്കിൽ എന്നതിനെക്കുറിച്ച്‌ തെല്ലെങ്കിലും ആലോചിച്ചോ? അഗാറ്റിന, അവർ നിനക്കുവേണ്ടിയാണ്‌ ജീവിക്കുന്നത്‌; നീ അല്ലാതെഅവർക്ക്‌ വേറെ ആരുമില്ല.”

“അതെ... അമ്മാവാ..., അതെ അമ്മാവാ...എന്നതൊക്കെ മതിയാക്കൂ...” എന്ന്‌ ഞാൻ സ്വാഗതം പറഞ്ഞു.

എന്നിട്ട്‌ ഒരു പല്ലിളിയോടെ ഞാൻ ആ സിഗററ്റ്‌ കുറ്റി തറയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അത്‌ ചവുട്ടി അരച്ചു.

പിന്നെ ഇപ്രകാരം കൂട്ടിച്ചേർത്തു. “ഉപദേശം നൽകാൻ ഞാനൊരു വിദഗ്‌ദ്ധനൊന്നുമല്ല. പക്ഷെ ഒരു കാര്യം ഞാൻ നിന്നോട്‌ ആവശ്യപ്പെടുന്നു. അതായത്‌, ആ പ്രവർത്തി ഇനിമേൽ ആവർത്തിക്കില്ലെന്ന്‌ എന്നോട്‌ പ്രതിജ്ഞയെടുക്കണമെന്ന്‌..”

“ഞാൻ പ്രതിജ്ഞ ചെയ്യുന്നു.... അമ്മാവാ...”

“പിന്നെ ഒരുകാര്യം കൂടെ... അതായത്‌ ഈ പ്രവർത്തിക്ക്‌ ഏതു സംഗതിയാണോ നിനക്ക്‌ കാരണമായത്‌, ആ കാര്യത്തെക്കുറിച്ച്‌ ഇനിമേൽ ഒരിക്കലും ചിന്തിക്കരുതെന്നും എന്നോട്‌ ശപഥം ചെയ്യണം... ഒരിക്കൽ പോലുമത്‌ വീണ്ടും അരുത്‌. അതും സമ്മതിച്ചോ?”

ഇപ്രാവശ്യം അവളൊന്നും പറഞ്ഞില്ല. എന്നാൽ അതുകാരണം, ഞാൻ അവളെ നോക്കിയതുമില്ല. അവളുടെ ദൃഷ്‌ടികൾ എന്റെ മേലുണ്ടെന്ന്‌ എനിക്കനുഭവപ്പെട്ടെങ്കിലും എനിക്കത്‌ കാണാൻ ഇഷ്‌ടമുണ്ടായില്ല.

ഒടുവിൽ ഞാനിങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

“കൊളളാം... ഞാനിപ്പോൾ പോകാമെന്ന്‌ വിചാരിക്കയാണ്‌... എനിക്ക്‌ വീട്ടിലെത്തണം. നീ കാരണമാണിവിടെ ഞാൻ വന്നത്‌. പക്ഷെ സത്യം പറഞ്ഞാൽ, ഇതൊക്കെ സംഭവിക്കാതിരുന്നെങ്കിൽ എന്നു ഞാൻ വിചാരിക്കുന്നു. എന്നാൽ അഗാറ്റിന... ശരി... ഗുഡ്‌ ബൈ..”

ഞാൻ ജനാലയിൽ നിന്നും അകന്നുമാറി ഇപ്പോൾ വീണ്ടും കട്ടിലിനരികിലായിരുന്നു.

ഞങ്ങൾ പരസ്പരം നോക്കി.

എങ്ങിനെയോ, അവളുടെ മുഖത്തിന്റെ നിറഭംഗി വീണ്ടും പകർന്നതായി എനിക്ക്‌ തോന്നിച്ചു. അവളുടെ ഖിന്നവും നിർവ്വികാരതയും നന്നെ കുറഞ്ഞതായും... വാസ്‌തവത്തിൽ, ഇത്രകാലം എനിക്കു വാത്സല്യമുണ്ടായിരുന്ന അവൾ എന്റെ പഴയ അനന്തരവൾ ആയ അഗാറ്റിന തന്നെ ആയി മാറിയിരുന്നു.

അതിനാൽ ഞാൻ കുറച്ചുകൂടെ സ്‌നേഹവാത്സല്യത്തോടെ ഇങ്ങിനെ പറഞ്ഞു.

“ഇനി എഴുന്നേൽക്കൂ! നിനക്കൊരു കുഴപ്പവുമില്ല. നിന്റെ കിടപ്പ്‌ കാണുന്നേരം അമ്മയ്‌ക്ക്‌ വ്യാകുലത കൂടും! എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടാൻ നോക്ക്‌. ശ്രമിച്ച്‌ മനസ്സ്‌ മാറ്റുക. എന്ത്‌ ചെയ്യണമെന്ന്‌ ഞാൻ പറഞ്ഞുതരാം.”

ഞാൻ തുടർന്നു. “വിവാഹനിശ്ചയം നടത്താൻ പറ്റിയ ഒരു ചെറുപ്പക്കാരനെ സ്വയം കണ്ടുപിടിക്കൂ! ഇതിനകം അങ്ങിനെ ഒരാളെ കണ്ടുപിടിച്ചില്ല എന്നുവരികിൽ...”

ഞങ്ങളിരുവരും അവസാനമായി ഓരോ മന്ദഹാസം കൈമാറി. പിന്നെ ഞാൻ കൈവീശി അവൾക്ക്‌ ‘ഗുഡ്‌ബൈ’യും ആശംസിച്ച്‌ മുറിവിട്ടിറങ്ങി.

ഇടനാഴിയിൽ എന്റെ സഹോദരി എന്നെ കാത്ത്‌ നിന്നിരുന്നു. ആകാംക്ഷയോടെ അവൾ എന്നെ കാണാൻ ഓടിയെത്തി.

“കൊളളാം സഹോദരാ... അവൾ എന്ത്‌ പറഞ്ഞു?”

“അവളൊന്നും എന്നോട്‌ പറയുന്നില്ല...” ഞാൻ മറുപടി നൽകി. “പക്ഷെ വിഷമിക്കേണ്ട... അതത്ര പ്രാധാന്യമുളളതാണെന്ന്‌ ഞാൻ കരുതുന്നില്ല. അതെക്കുറിച്ച്‌ എന്തുണ്ട്‌ ഒരാൾക്കിത്ര പറയാൻ? അത്‌ വെറുമൊരു പ്രായത്തിന്റെ മാത്രം പ്രശ്‌നമാണ്‌.”

“അതെ.. തീർച്ചയായും അത്‌ അവളുടെ പ്രായത്തിന്റേതാണ്‌.” എന്റെ സഹോദരി തികഞ്ഞ ജിജ്ഞാസയോടെ കൂട്ടിച്ചേർത്തു.

“പക്ഷെ, അവൾ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞല്ലോ. ഇതൊക്കെ ആരെങ്കിലും വിചാരിച്ചിരുന്നതാണോ? ഇത്ര ശാന്ത സ്വഭാവിയും, സാധുവുമായൊരു പെൺകുട്ടി?”

ഞാൻ എന്റെ സഹോദരിയോടൊപ്പം കുറെനേരം കൂടിനിന്നു; ഒടുവിൽ, ഇതൊന്നുമല്ല, എന്ന്‌ ഞാൻ അവളെ വിശ്വസിപ്പിച്ചെന്ന്‌ എനിക്ക്‌ ബോധ്യം വന്നു. ഇത്‌ വെറും കുട്ടിക്കളി പോലുള ബാലിശത്വമാണ്‌. പിന്നെ, ഞാനവളെ വിട്ട്‌ മുറ്റത്തിറങ്ങി, വീണ്ടും എന്റെ മോട്ടോർ സൈക്കിളിൽ കയറി.

അതിനുശേഷം, ഞാനും സഹോദരിയും തമ്മിൽ അത്രയധികം ഒന്നിച്ചു കാണാറില്ലായിരുന്നു. അവൾ, അത്‌ മനസ്സിലാക്കി എന്ന്‌ എനിക്ക്‌ തീർച്ചയുണ്ട്‌. പക്ഷെ അത്‌ മനസ്സിലാക്കുന്നതിൽ അവൾക്ക്‌ നന്നെ ഭയപ്പാടുണ്ട്‌ താനും.. ഇക്കാരണത്താൽ മുൻപിലത്തെക്കാൾ വളരെ കുറവായി മാത്രമെ അവൾക്ക്‌ എന്നെ കാണാൻ താല്പര്യമുളളൂ.

ആൽബർട്ടോ മൊറാവിയ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.