പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ദേവമക്കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.സതീശൻനായർ

കഥ

വാരാന്ത്യത്തിലെ ലേയ്‌റ്റ്‌ മൂവിയ്‌ക്കു മുൻപുളള പ്രാദേശികാവാർത്താവായനക്കാരിയുടെ ആകാരം ശൂന്യമായ മനസ്സോടെ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വനജയുടെ കഴുത്തിലും കവിളിലും രഘുത്തമൻ തലോടാൻ തുടങ്ങിയത്‌. കാത്തിരിക്കുന്ന നീലച്ചിത്രത്തിന്റെ ഉന്മാദം വഴിവയ്‌ക്കുന്ന കളരി നന്നായറിയാമായിരുന്ന വനജ കുട്ടികളുടെ ഉറക്കവും ലിവിംഗ്‌ റൂമിന്റെ കൊളുത്തും ഉറപ്പു വരുത്തി സോഫയിൽ കൂടുതൽ ചേർന്നിരിക്കുകയും രഘുത്തമന്റെ മുഖം മാറിടത്തോടു ചേർത്തണച്ച്‌ കഷണ്ടിയിൽ വാത്സല്യപൂർവ്വം ചുണ്ടു ചേർക്കുകയും ചെയ്‌തു.

അപൂർവ്വമായി ജനിക്കുന്ന ഇത്തരം പ്രകോപനങ്ങൾക്കു അങ്ങേയറ്റം സഹകരണം നൽകണമെന്ന കുടുംബ വൈദ്യരുടെ നിർദ്ദേശം അപ്പാടെ അനുസരിക്കുന്നു എന്നുളളതല്ലാതെ മദ്ധ്യവയസ്‌ക്കയും മുതിർന്ന രണ്ടു കുട്ടികളുടെ മാതാവുമായ വനജയ്‌ക്ക്‌ തന്റെ അപക്വതയെപ്പറ്റി ലജ്ജിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.

അല്ലെങ്കിൽതന്നെ അത്തരത്തിലുളള അഭിനിവേശമൊക്കെ രണ്ടാമാത്തേതിന്റെ ജനനം മുതൽ കുറഞ്ഞു കുറഞ്ഞിപ്പോൾ അവന്‌ ഏഴു വയസ്സായിരിക്കുകയും ചെയ്‌തിരിക്കുകയുമാണ്‌.

തൽക്കാലം രഘുത്തമന്‌ പരിചരണമാണവശ്യം. അതൊരു വെറും മറവി മാത്രമല്ലെന്ന്‌ ഡോക്‌ടറും പറഞ്ഞിരുന്നത്‌ വനജയുടെ മനസ്സിലുണ്ട്‌.

ഉൽസാഹത്തിലെ പ്രയാസത്തിനിടയിൽ ശ്രദ്ധ മൂടൽമഞ്ഞു പോലുളള ഒരാവരണത്തിനുളളിൽ കുടുങ്ങിപ്പോകുന്നു. സെറിബല്ലത്തിൽ പൂക്കിലക്കതിരുകൾക്കിടയിലെ നീർവറ്റിയ കോശയണികൾ ആവേഗങ്ങളെ കടത്തിവിടാൻ തന്നെ പരാജയപ്പെട്ടു. അവ ജീവിതത്തിൽ കടന്നു പോയിരുന്ന വഴികളിലൂടേയോ സാങ്കൽപ്പികത്തിലെ നിറമുളളയിടങ്ങളിലൂടെയോ, വഴിതെറ്റി സഞ്ചരിക്കുവാൻ നിയോഗിക്കപ്പെട്ടു. അസ്ഥാനങ്ങളിൽ മനക്കണ്ണിനും ഉൾക്കണ്ണിനും രഘുത്തമൻ അടിമയായി... അൽസെമസ്‌ സിൻഡ്രോം

രഘുവേട്ടാ... ഉടലിൽ ചെറുചൂടു രൂപപ്പെട്ടു തുടങ്ങിയപ്പോഴായിരുന്നു വനജ പതിയെ വിളിച്ചത്‌.

തലനിറഞ്ഞിരിക്കുന്നു... ടെക്‌സ്‌റ്റിലെ അവസാന അക്ഷരത്തിൽ കർസർ കമാന്റിനായി മിന്നിയാകർഷിക്കുന്നു... ഹാർഡ്‌ ഡിസ്‌കിൽ ഇനി സ്ഥലമില്ല.

രഘൂത്തമന്റെ നിർവികാരതയിൽ നിസ്സഹായായി വനജ ചോദിച്ചു. ഹാൻഡ്‌ ഡിസ്‌ക്ക്‌ അത്രയ്‌ക്കും ഫുളളായോ....

ഓർമ്മത്താളിലെ ബാക്കിയില്ലായ്‌മയിൽ വീർപ്പുമുട്ടി രഘുത്തമൻ മാറിടത്തിൽ മുഖമമർത്തി.

നമുക്കു കിടക്കാം രഘുവേട്ടാ....

ബ്ലാങ്കറ്റിൽ പൊതിഞ്ഞ്‌ കുഞ്ഞിനെപ്പോലെ കട്ടിലിൽ ഭിത്തിയോടു ചേർത്തു കിടത്തി.

ഡോക്‌ടർ... അതു തന്നെ വീണ്ടും...

ഉറങ്ങണം. മരുന്നിന്റെ ഡോസ്‌ അല്‌പം കൂടിക്കോട്ടെ... ഡോക്‌ടർ മണിവേലു ഫോൺ കട്ടു ചെയ്‌തു.

നഗരത്തിനുളളിലെ ക്രീക്കിന്നഭിമുഖമായ പതിമൂന്നാം നിലയിലെ തുറന്നു കിടന്നിരുന്ന ബാൽക്കണിയിലൂടെ മദ്ധ്യധരണ്യാഴിയിലെ കാറ്റു ചെന്നു. വിനയത്തോടെ കടന്ന കടൽക്കാറ്റിൽ രഘുത്തമൻ കുറച്ചുകൂടി സൗമ്യനായി തോന്നിച്ചു...

ഹലോ.. പ്രസാദ്‌.. ഞാൻ വനജയാണ്‌..

എന്താ ചേച്ചീ.. ഈ രാത്രിയിൽ..

രഘുവേട്ടന്റെ ഇൻഷ്വറൻസിൽ ഇനിയെത്ര ബാക്കിയെന്ന്‌ പറയാമോ...

ചേച്ചി, രണ്ടേ രണ്ടു പ്രീമിയമാണ്‌ ചേട്ടൻ അടച്ചിരിക്കുന്നത്‌. മിനിമം മൂന്നെങ്കിലും വേണം.

ബനിഫിറ്റ്‌ ഒന്നു പറയാമോ...

സാധാരണപോലെ, മരിച്ചാൽ മുഴുവനും.... അംഗവൈകല്യം പ്രിമിയത്തിൽ നിന്നിളവ്‌... എന്താ എന്തു പറ്റി....

രാത്രിയിൽ ചേട്ടനുമായൊരാർഗുമെന്റ്‌... നന്ദി, പ്രസാദേ!

ചക്രവാളങ്ങളിൽ നഗരത്തിന്റെ ആഢംബരംപോലെ നങ്കൂരമിട്ട കപ്പലുകളിലെ നിയോൺ വെളിച്ചം ശാന്തമായിരുന്ന കടൽപ്പരപ്പിനെ പുതച്ചു കിടന്നു. നഗരം ഉറങ്ങാൻ തുടങ്ങുകയായിരുന്നു.

ഹൈപ്പർ മാർക്കറ്റിൽ പലവ്യജ്ഞനപ്പൊതികളുമായി ട്രോളിക്കരുകിലേക്ക്‌ ചെല്ലുമ്പോൾ രജാബ്‌ രഘുവേട്ടനടുത്തുണ്ടായിരുന്നു.

അത്ഭുതം തന്നെ, രഘുവിന്‌ എന്നെ മനസ്സിലായില്ല. ഒന്നോ രണ്ടോ മാസം കാണാതിരുന്നാൽ ആളെ മറന്നുപോകുന്ന ഇടപാടു കൊളളമല്ലോ...

ഡ്രൈവ്‌ മാറിക്കിടന്നിരുന്ന ഫയലുകൾ പരതുന്ന തിരക്കിൽ നജാബ്‌ ട്രോളിയുമുരുട്ടി പോയതറിഞ്ഞില്ല.

ചിലതൊക്കെ ഞാൻ മറന്നു പോകുന്നു വനജേ...

ഏതാണിപ്പോൾ ഓർമ്മയുളളതെന്നു പറയാമോ... ഓരോരോ കാര്യങ്ങളെടുത്ത്‌ മണ്ടയിൽ വച്ചു സീരിയസ്സാക്കി... ഡോക്‌ടർ പറഞ്ഞത്‌ ഓർമ്മിപ്പിച്ചെന്നു മാത്രമേയുളളു.

അതല്ല വനജേ...

ഇവിടെ വച്ചു വേണ്ടാ... ചേട്ടനെ അറിയാത്ത മലയാളികൾ കുറയും..

സിഗ്നൽ കഴിഞ്ഞ്‌ ഫ്ലാറ്റിലേക്കുളള തിരക്കൊഴിഞ്ഞ സഹ്‌റാസ്‌ട്രീറ്റിൽ കയറിയപ്പോൾ പറയേണ്ടെന്നു വച്ചെങ്കിലും വനജ പറഞ്ഞു തുടങ്ങി.

നമുക്കെന്താണ്‌ മിച്ചമായിട്ടുളളത്‌. എങ്ങും എത്താത്ത രണ്ടു കുരുന്നുകളാണ്‌ നമുക്കെന്ന്‌ വല്ല വിചാരവുമുണ്ടോ. ഈ ഒരാളു വിചാരിച്ചാൽ നാടോ നാട്ടുകാരോ നന്നാവുമെന്ന്‌ കരുതുന്നുണ്ടോ. സ്വന്തം വീടു നന്നാക്കാൻ നോക്കിയിട്ടു നടക്കുന്നില്ല. പിന്നെയല്ലെ.. അങ്ങുചെല്ലുമ്പോൾ എന്തു കൈയ്യിലുണ്ടെന്നതാണ്‌ പ്രധാനം, ചെലവെത്രയെന്നതല്ല.

അവിടം വരെയെത്തിയപ്പോൾ വനജയും ആലോചിച്ചുപോയി... എന്തു കൈയ്യിലുണ്ട്‌.

ബാലു...

എന്താ ചേടത്തിയമ്മേ. അങ്ങോട്ടു വിളിക്കാനിരിക്കയായിരുന്നു.

നാളെ ഒന്നിങ്ങോട്ടു വരാമോ.

സങ്കടമുണ്ട്‌ പറയാൻ, കമ്പനിയിൽ സ്‌റ്റോക്ക്‌ ചെക്കിംഗ്‌ നടക്കുന്നു. ഇൻവെൻട്രി. വർഷാവസാനമെന്ന്‌ അറിയാമല്ലൊ.

ചേട്ടന്‌ ഒരു പ്രശ്‌നമുണ്ട്‌ ബാലു.

ചേട്ടന്‌ എന്നാണ്‌ പ്രശ്‌നമില്ലാതിരുന്നിട്ടുളളത്‌... പുതുതായി എന്താണിപ്പോൾ..

മറവി, എല്ലാം മറന്നുപോകുന്നു.

നല്ല കാര്യം, ഒന്നും മറക്കാൻ കഴിയാത്തതാണ്‌ ഞങ്ങടെ പ്രശ്‌നം. ചേടത്തിയമ്മയ്‌ക്ക്‌ അതിന്റെ പകർച്ചയൊന്നുമില്ലല്ലോ.

എന്താ അങ്ങിനെ...

എനിക്ക്‌ അടുത്തമാസം റന്റാണ്‌.. അഡ്വാൻസ്‌ കൊടുത്തത്‌ എഴുതേണ്ടതും അടുത്ത മാസം തന്നെ. തരാനുളള സമയമാകുമ്പോൾ പിടിപ്പെട്ട സംഗതി എന്തായാലും കൊളളാം.

ബാലൂ..

സീറോ ബാലൻസ്‌.

കയർറാക്കിനു പുറകിലെ റാട്ടുതിരിക്കുന്ന അമ്മയ്‌ക്ക്‌ സമീപം പഴങ്കഞ്ഞി മോഷണം പോയ പരാതിയുമായി ഇളയ ഗ്രഹണിക്കാരനേയും എളിയിലേന്തി മൂത്തവൻ ചെന്നു. വളർത്തു നായയ്‌ക്ക്‌ ചാക്കുമറ ഒരു പ്രതിബന്ധമായിരുന്നില്ലത്രെ! അമ്മ റാട്ടു കറക്കുനിർത്തി. പരിഹാരത്തിനായി കരാറുകാരൻ ചന്തുവിന്റെ അടുക്കള ദിക്കിലേക്ക്‌ ഏന്തിവലിഞ്ഞ്‌ നടന്നു. പിറ്റെ മാസമായിരുന്നു അമ്മ രാഗിണിയെ പ്രസവിച്ചത്‌. പഴങ്കഞ്ഞി പോലൊരു പഴങ്കഥ!

ദൈവത്തിന്റെ നാട്ടിൽ നിന്നും ദേവക്കുഞ്ഞുങ്ങൾ വിരുന്നിനിറങ്ങി. ആതിഥേയരുടെ കൃഷിയിടങ്ങളിലും വ്യവസായശാലകളിലും മനസ്സും ശരീരവുമെറിഞ്ഞ്‌ അദ്ധ്വാനം വീതിച്ചു. സമർദ്ധമായ പ്രതിഫലത്തിലും ആതിഥേയത്വത്തിലും കാലം പോയതറിഞ്ഞില്ല. അവർക്കു തിരിച്ചു പോകാറായി. അവരോടു മടങ്ങാനും ആരും പറഞ്ഞതുമില്ല. പരികർമ്മികളാവട്ടെ അവരെ പ്രവാസികളായി സംരക്ഷിക്കുകയേ ചെയ്തതുമുളളൂ. മനോരോഗമോ രക്തസമ്മർദ്ദമോ മൂത്രക്കല്ലോ പേറി തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രവാസികൾ പൊരുതിവാങ്ങിയ ദൈവത്തിന്റെ നാട്ടിലേക്കു തനിയേ പറന്നു...

വനജ രഘുത്തമനു ചാരെ കിടന്നു.

പുറത്ത്‌ രാത്രി കനച്ചു.

അൽസഹ്‌റാ സ്‌ട്രീറ്റിന്‌ പുറത്തെ കെട്ടിടങ്ങൾക്കു മുകളിൽ ചന്ദ്രോദയം നടക്കുന്നുണ്ടായിരുന്നു.

സി.സതീശൻനായർ

വിലാസം

സി. സതീഷ്‌നായർ,

എസ്‌.എ. ടി.എ.,

പി.ബി. 8,

ഷാർജ. യു.എ.ഇ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.