പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ലൈറ്റ്‌ ഹൗസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.ഉദയപ്രഭൻ

കഥ

ഉലഹന്നാന്‌ ടോർച്ചിനോടുളള പ്രേമം തുടങ്ങിയത്‌ എന്ന്‌ മുതലാണെന്ന്‌ വ്യക്തമല്ല. ഒരുദിവസം ഓഫീസിൽ ഊണ്‌ കഴിക്കാൻ ബാഗ്‌ തുറന്നപ്പോളാണ്‌ ചോറ്റുപാത്രത്തോടൊപ്പം ബാഗിനുളളിലിരിക്കുന്ന ടോർച്ച്‌ എന്റെ ശ്രദ്ധയിൽ പെട്ടത്‌. അതെന്തിനാണ്‌ കൊണ്ടുനടക്കുന്നതെന്ന്‌ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങി. ഓഫീസിൽ നിന്നും അരമണിക്കൂർ ബസ്സിൽ യാത്ര ചെയ്‌താൽ എത്തുന്ന ദൂരത്തായിരുന്നു അദ്ദേഹത്തിന്റെ വീടെങ്കിലും ഒരിക്കലും രാത്രിയാവാൻ കാത്തുനിൽക്കാതെ അദ്ദേഹം വീടെത്താറുണ്ടായിരുന്നു. പിന്നെയെന്താണ്‌ ഒരു ടോർച്ച്‌ കൊണ്ടു നടക്കേണ്ട ആവശ്യം എന്ന്‌ ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്‌.

ഓഫീസ്‌ സൂപ്രണ്ട്‌ കൈമൾസാറിന്റെ യാത്രയയപ്പിന്‌ സമ്മാനം വാങ്ങാൻ പിരിവെടുപ്പ്‌ നടത്തിയപ്പോൾ അദ്ദേഹം സഹകരിച്ചില്ല. കൈമൾസാറിന്‌ ഉലഹന്നാന്റെ വക പ്രത്യേക സമ്മാനം ഉണ്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. യാത്രയയപ്പുവേളയിൽ ആശംസാപ്രസംഗത്തിനൊടുവിൽ ഉലഹന്നാൻ കൈമൾ സാറിന്‌ സമ്മാനിച്ചത്‌ മനോഹരമായ ഒരു ടോർച്ചായിരിന്നു. ‘കൈമൾ സാറിന്റെ ശിഷ്‌ടജീവിതം പ്രകാശപൂർണ്ണമാക്കുവാൻ എന്റെ ഈ എളിയ ഉപഹാരം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.’ ഉലഹന്നാന്റെ പ്രസംഗവും സമ്മാനവും സഹപ്രവർത്തകരിൽ പല സംശയങ്ങളും ഉണ്ടാക്കി. ‘ഇയാൾക്കെന്താണ്‌ ടോർച്ചുകളോടിത്ര കമ്പം’ എല്ലാവരും പരസ്പരം ചോദിച്ചു. ആർക്കും വ്യക്തമായ മറുപടിയുണ്ടായില്ല. പലരും ഉലഹന്നാനോട്‌ തന്നെ നേരിട്ട്‌ ചോദിച്ചു. മറുപടി ഒരു ചിരിയിലൊതുക്കി അയാൾ മനസ്സിന്റെ വാതിലുകൾ അവർക്ക്‌ മുന്നിൽ അടച്ചിട്ടു.

ശമ്പളദിവസം ബിയർ പാർലറിന്‌ മുന്നിൽ നിൽക്കുമ്പോളാണ്‌ ഞങ്ങൾ ആ കാഴ്‌ച കണ്ടത്‌. ഉലഹന്നാൻ ഒരു ഡ്യൂട്ടിപെയ്‌ഡ്‌ ഷോപ്പിലേക്ക്‌ തിരക്കിട്ട്‌ കയറിപ്പോകുന്നു. അദ്ദേഹം എന്തു വാങ്ങുവാനാണ്‌ പോകുന്നതെന്നറിയുവാനുളള ആകാംഷയോടെ ഞങ്ങൾ ആ കടയിലേക്ക്‌ കയറി. സെയിൽസ്‌മാൻ ഉലഹന്നാന്‌ മുന്നിൽ പുതിയ മോഡലിലുളള ടോർച്ചുകൾ നിരത്തിവെക്കുന്നു. ജീപ്പാസിന്റെയും ബ്രൈറ്റ്‌ലൈറ്റിന്റെയും സാനിയോയുടെയും വിലകൂടിയ ടോർച്ചുകൾ. ഞങ്ങളെ കണ്ടപ്പോൾ തെല്ല്‌ ജാള്യത തോന്നിയെങ്കിലും അത്‌ പ്രകടിപ്പിക്കാതെ ഒരു ടോർച്ചും വാങ്ങി അയാൾ പുറത്തേക്ക്‌ നടന്നു. കടയുടമസ്ഥനിൽ നിന്നാണറിഞ്ഞത്‌ അയാൾ അവരുടെ ഒരു സ്ഥിരം ഉപഭോക്താവാണെന്ന്‌. എല്ലാ ശമ്പളദിവസവും അദ്ദേഹം കടയിൽ എത്താറുണ്ട്‌. പുതിയ മോഡലുകൾ വന്നാൽ ഉടനെ അത്‌ സ്വന്തമാക്കാറുണ്ട്‌. കഴിഞ്ഞ രണ്ട്‌ വർഷമായി അദ്ദേഹം അവിടെ സ്ഥിര ഉപഭോക്താവാണ്‌. എന്തിനാണ്‌ ഇങ്ങനെ ടോർച്ചുകൾ വാങ്ങിക്കൂട്ടുന്നതെന്നറിയില്ല. അവർക്ക്‌ അതറിയേണ്ട ആവശ്യവുമില്ല. വിറ്റ സാധനത്തിന്റെ വില കൃത്യമായി വാങ്ങി പണപ്പെട്ടിയിൽ ഇടുക. കണക്കുകൾ കൂട്ടി ലാഭത്തിന്റെ വലിപ്പം വർദ്ധിക്കുന്നതറിഞ്ഞ്‌ മനസ്സിൽ പുതിയ കണക്കുക്കൂട്ടലുകൾ നടത്തുക.

ഉലഹന്നാന്റെ വീട്ടിൽ ഞങ്ങൾ എത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു. ഒരാഴ്‌ചയായി ഓഫീസിൽ വരാതിരുന്ന കാര്യമന്വേഷിച്ചായിരുന്നു ഞങ്ങളുടെ സന്ദർശനം. ഗേറ്റിൽ വീട്ടുപേരിന്റെ സ്ഥാനത്ത്‌ ലൈറ്റ്‌ഹൗസ്‌ എന്ന്‌ എഴുതിവെച്ചിരുന്നു. ചെറിയ പുഞ്ചിരിയോടെയാണ്‌ ഉലഹന്നാൻ ഞങ്ങളെ സ്വീകരിച്ചത്‌. പരിക്ഷീണമായ മുഖം. കുഴിഞ്ഞുതാണ കണ്ണുകൾ. ഒരാഴ്‌ച നീണ്ടുനിന്ന വൈറൽ പനി അദ്ദേഹത്തിന്റെ ആരോഗ്യം കവർന്നെടുത്തിരുന്നു. ഷൊകേസ്‌ നിറയെ നിരത്തിവെച്ചിരിക്കുന്ന വിവിധതരം ടോർച്ചുകൾ എന്റെ ശ്രദ്ധയിൽ പെട്ടു. സ്വീകരണമുറിയുടെ നാനാഭാഗത്തും ധാരാളം ടോർച്ചുകൾ അടുക്കിവെച്ചിരിക്കുന്നു. ഇത്രയധികം ടോർച്ച്‌ വാങ്ങി കൂട്ടുന്നതിന്റെ ആവശ്യമെന്തെന്ന്‌ എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ഒരു സംഭാഷണത്തിന്‌ താല്പര്യം പ്രകടിപ്പിക്കാതെ അതിഥികളോട്‌ കാണിക്കേണ്ട സാമാന്യമര്യാദകൾ പോലും മറന്ന്‌ ഉലഹന്നാൻ ടി.വി. പ്രോഗ്രാമിൽ ശ്രദ്ധിച്ചിരിക്കുകയാണ്‌. ഭാര്യ ചായയുമായി വന്നു. കുലീനയായ ഒരു ക്രിസ്‌ത്യൻ യുവതി. വളരെയധികം പരാതിയും പരിഭവവും പറയുവാനുണ്ടെന്ന്‌ ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. നിറം മങ്ങിയ സാരിയും ബ്ലൗസും ധരിച്ചിരുന്ന അവർ ആഭരണങ്ങൾ ഒന്നും അണിഞ്ഞിരുന്നില്ല.

‘ഉലഹന്നാൻ സാർ കഴിഞ്ഞ ഒരാഴ്‌ചയായി ഓഫീസിൽ വരാതിരുന്ന കാരണമന്വേഷിച്ച്‌ വന്നതാണ്‌ ഞങ്ങൾ.’

‘അച്ചായന്‌ പനിയായിരുന്നു. വൈറൽ പനി ഭേദായിട്ട്‌ രണ്ട്‌ ദിവസമായി. രണ്ടുദിവസം കൂടി വിശ്രമം വേണമെന്ന്‌ ഡോക്‌ടർ പറഞ്ഞു.’

‘ഓഫീസിൽ അവധിക്ക്‌ അപേക്ഷ ഒന്നും കൊടുത്തിരുന്നില്ല. ഒന്ന്‌ ഫോൺ ചെയ്ത്‌ പറഞ്ഞാൽ മതിയായിരുന്നു.’

‘ഫോൺ ചെയ്യാനെവിടെ സമയം. ഇവിടെ ടോർച്ച്‌ നന്നാക്കി കഴിഞ്ഞിട്ട്‌ സമയം കിട്ടിയിട്ട്‌ വേണ്ടെ.’ അവരുടെ സംസാരത്തിൽ പരിഭവം കലർന്നിരുന്നു.

‘എന്തിനാണിങ്ങനെ ടോർച്ച്‌ വാങ്ങി കൂട്ടുന്നത്‌. മറ്റാർക്കെങ്കിലും കൊടുക്കാനായിരിക്കുമെന്നാണ്‌ കരുതിയത്‌. ഇവിടെ ശേഖരിച്ച്‌ വെച്ചിരിക്കയാണെന്ന്‌ ഇപ്പോളാണ്‌ മനസ്സിലായത്‌.’

‘കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും ടോർച്ച്‌ വാങ്ങിക്കൂട്ടുകയാണ്‌. ഒരു തവണ അച്ചായന്റെ അപ്പച്ചൻ ഇവിടെ വിരുന്ന്‌ വന്ന്‌ രാത്രി മടങ്ങുന്ന വഴി പാമ്പ്‌ കടിയേറ്റ്‌ മരിച്ചു. അന്ന്‌ അദ്ദേഹം മടങ്ങുന്ന സമയത്ത്‌ ഒരു ടോർച്ച്‌ കൊടുത്തുവിടുവാനിവിടെ ഉണ്ടായിരുന്നില്ല. മെഴുകുതിരിയും തീപ്പെട്ടിയുമായാണ്‌ അന്ന്‌ അപ്പച്ചൻ ഇവിടുന്നിറങ്ങിയത്‌. പിറ്റേദിവസം രാവിലെയാണ്‌ അദ്ദേഹം ഇടവഴിയിൽ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. അന്ന്‌ ഒരു ടോർച്ചുണ്ടായിരുന്നെങ്കിൽ അപ്പച്ചൻ അകാലമരണത്തിൽ നിന്നും രക്ഷപ്പെടുമായിരുന്നുവെന്ന്‌ എപ്പോഴും പറയും. പിന്നീട്‌ പിന്നീട്‌ അച്ചായൻ ടോർച്ച്‌ വാങ്ങിക്കുവാൻ തുടങ്ങി. മാസത്തിൽ ഒന്ന്‌ വീതം വാങ്ങിത്തുടങ്ങിയതാണ്‌. വന്ന്‌ വന്ന്‌ ഇപ്പോൾ ശമ്പളത്തിന്റെ പകുതിയിലധികം ചിലവിടുന്നത്‌ ടോർച്ച്‌ വാങ്ങിക്കുവാനാണ്‌.’

ഞാൻ സഹതാപത്തോടെ ഉലഹന്നാനെ നോക്കി. അദ്ദേഹം നിസംഗനായിരുന്ന്‌ ടിവി കാണുകയാണ്‌. അവിടെ നടന്ന സംഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവോ എന്ന്‌ വ്യക്തമായില്ല.

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉലഹന്നാൻ ഗേറ്റ്‌ വരെ വന്നു. ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തീപടർത്തുന്നവയായിരുന്നു.

‘നിങ്ങൾ എനിക്കെന്തു പറ്റിയെന്നായിരിക്കും ആലോചിക്കുന്നത്‌. ഒന്നുമില്ല. എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാം എന്റെ സംതൃപ്‌തിക്ക്‌ വേണ്ടിയാണ്‌. അവാച്യമായ ഒരു ആനന്ദം ഞാനനുഭവിക്കുന്നു.

“തമസോമാ ജ്യോതിർഗമയ” എന്ന്‌ കേട്ടിട്ടില്ലേ. ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌. അജ്ഞതയിൽനിന്ന്‌ അറിവിലേക്ക്‌. വഴിയറിയാത്തവർക്ക്‌ ഒരു വഴികാട്ടി. പക്ഷേ അന്ധൻമാർക്ക്‌ വിളക്കിന്റെ ആവശ്യമെന്തിന്‌? ബധിരന്‌ സംഗീതമെന്തിന്‌? മൂകന്‌ ഉച്ചഭാഷിണിയും ശ്രോതാക്കളുമെന്തിന്‌? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണെന്റെ മനസ്സ്‌ നിറയെ. എന്നെങ്കിലും ഉത്തരം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ട്‌. കാത്തിരിപ്പ്‌, നീണ്ട കാത്തിരുപ്പ്‌. ചിലപ്പോൾ ഒരു ദിവസം, അല്ലെങ്കിൽ ഒരാഴ്‌ച, ഒരുമാസം, ഒരുവർഷം അല്ലെങ്കിൽ ഒരു പുരുഷായുസ്സ്‌ മുഴുവൻ വേണ്ടിവന്നേക്കാം. ചിലപ്പോൾ അതിലേറെ. കാത്തിരിക്കുക തന്നെ. ഉത്തരങ്ങൾ എന്നെ തേടിവരുമെന്ന പ്രതീക്ഷ എനിക്കുണ്ട്‌.’

മൗനത്തിന്റെ കൂട്ടിൽ നിന്നും ഉലഹന്നാൻ തുറന്നുവിട്ട വാക്കുകൾ മനസ്സിനുളളിൽ ചിറകടിച്ചു പറന്നു.

ഇലച്ചാർത്തുകളിൽ ഇരുട്ട്‌ ചേക്കേറിത്തുടങ്ങി. മകരമാസ രാവിന്റെ കുളിരണിഞ്ഞ ഇടവഴികളിലൂടെ ഞങ്ങൾ ബസ്‌സ്‌റ്റോപ്പിലേക്ക്‌ നടന്നു. യാത്ര പറയുമ്പോൾ ഉലഹന്നാൻ സമ്മാനിച്ച ടോർച്ചിലെ വെളിച്ചം ഞങ്ങൾക്ക്‌ വഴി കാണിച്ചുതന്നു.

ഓഫീസിലെ തിരക്കിലേക്ക്‌ ഉലഹന്നാൻ മടങ്ങിയെത്തി. കമ്പ്യൂട്ടർ കീബോർഡിൽ അദ്ദേഹത്തിന്റെ വിരലുകൾ അതിവേഗം ചലിച്ചു. തടിച്ച ഫ്രയിമുളള കണ്ണടയും വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായി മണിക്കൂറുകളോളം ഒരേ ഇരിപ്പായിരുന്നു. ഇടവേളകളിൽ കാന്റീനിൽ ചായ കുടിക്കാനോ രാഷ്‌ട്രീയ പരദൂഷണചർച്ചകളിൽ ഇടപെടുവാനോ ഉലഹന്നാൻ എത്താറില്ല. സഹപ്രവർത്തകരുടെ കുശലാന്വേഷണങ്ങൾക്ക്‌ ഒറ്റവാക്കിൽ മറുപടി പറഞ്ഞ്‌ അദ്ദേഹം പുറംതിരിഞ്ഞു. ആരോടും അധികം സംസാരിക്കാതെ സ്വയം തീർത്ത തടവറയിലെ ഏകാന്ത തടവുപുളളിയെപ്പോലെ ഉൾവലിയുകയായിരുന്നു.

അകലെ നിന്നുതന്നെ പ്രകാശത്തിൽ കുളിച്ച്‌ നിൽക്കുന്ന ഉലഹന്നാന്റെ വീട്‌ ഞങ്ങൾ കണ്ടു. രാത്രിമത്സരം നടക്കുന്ന ഒരു ഫുട്‌ബോൾ മൈതാനം പോലെ പ്രകാശപ്രളയത്തിൽ ദീപ്‌തമായിരുന്നു ലൈറ്റ്‌ഹൗസ്‌ എന്ന വീട്‌. വീട്ടുമുറ്റത്ത്‌ ധാരാളം ആൾക്കാൾ കൂടിനിൽക്കുന്നു. ആരും ഒന്നും സംസാരിക്കുന്നില്ല. ഘനീഭവിച്ച നിശ്ശബ്‌ദത.

സ്വീകരണ മുറിയിലേക്ക്‌ കടക്കുമ്പോൾ പ്രകാശത്തിന്റെ ശ്രോതസ്സുകൾ ഞങ്ങൾക്ക്‌ മുന്നിൽ അനാവൃതമായി. നൂറുകണക്കിന്‌ ടോർച്ചുകൾ തെളിയിച്ച്‌ വെച്ചിരിക്കുന്നു. സ്വീകരണമുറിയിലും കിടക്കറയിലും നിറയെ പ്രകാശം പൊഴിക്കുന്ന ടോർച്ചുകൾ. കിടക്കറയിൽ നിലത്ത്‌ ഉലഹന്നാൻ ചലനമറ്റ്‌ കിടക്കുന്നു. കടവായിലൂടെ ഒലിച്ചിറങ്ങിയ രക്തവും നുരയും പതയും തറയിൽ അവ്യക്തമായ ചിത്രങ്ങൾ വരച്ചിരിക്കുന്നു. പൊട്ടിച്ചിതറിയ ഒരു ടോർച്ചിന്റെ അവശിഷ്‌ടങ്ങൾ ഉലഹന്നാന്റെ കൈവിരലുകൾക്കിടയിൽ കുരുങ്ങിയിരിക്കുന്നു. ഉലഹന്നാന്റെ ചേതനയറ്റ ജഡത്തിന്‌ സമീപം ഒരു ശിലാപ്രതിമപോലെ അദ്ദേഹത്തിന്റെ ഭാര്യയിരിക്കുന്നു. കണ്ണുനീർ വറ്റിയ അവരുടെ കുഴിഞ്ഞുതാണ കണ്ണുകളിൽ ഒരു ജന്മത്തിന്റെ തീരാശാപങ്ങൾ ഏറ്റുവാങ്ങിയവളുടെ ദൈന്യതയുണ്ടായിരുന്നു.

താഴ്‌വരയുടെ അടിവാരത്തുനിന്നും മല കയറി വരുന്നവരുടെ ആരവമുയർന്നു. എല്ലാവരുടെയും കൈകളിൽ നീണ്ട പ്രകാശരശ്‌മികൾ പൊഴിക്കുന്ന ടോർച്ചുകളുണ്ടായിരുന്നു. ആ വെളിച്ചമെല്ലാം ഉലഹന്നാന്റെ വീട്‌ ലക്ഷ്യമാക്കിയായിരുന്നു. ഉലഹന്നാന്റെ വീടായ ലൈറ്റ്‌ ഹൗസ്‌ ലക്ഷ്യമാക്കി.

പി.കെ.ഉദയപ്രഭൻ

വിലാസംഃ പി.കെ. ഉദയപ്രഭൻ, ഉല്ലാസ്‌ ഭവൻ, പുല്ലുപറമ്പ്‌ റോഡ്‌, തമ്മനം പി.ഒ., കൊച്ചിൻ - 32. ഫോൺഃ 0484-2808425




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.