പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ചിലന്തി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിജയകുമാർ കളരിക്കൽ

കഥ

അയാൾ ഒരു സർക്കാരുദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയറ്‌ പിത്തശൂലപിടിച്ച കുട്ടിയുടേതുപോലെയോ അല്ല.

അയാൾ ഒരു ബിസിനസ്സ്‌ എക്‌സിക്യൂട്ടീവോ റെപ്രസെന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സർവ്വജ്ഞനെന്ന ഭാവമില്ല.

അയാളൊരു ഫാക്‌ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിയ്‌ക്കുന്നവന്റെ ചുമയില്ല.

അപ്പോൾ അയാളൊരു കർഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്‌ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.

അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തിൽ, അച്‌ഛനിൽനിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്റ്‌ ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നൽകിയ വീട്ടിൽ താമസം.

അന്യന്റെ പറമ്പുകളിൽ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിൽ, കപ്പ (മരച്ചീനി) കൃഷികൾ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നുരണ്ടു സ്‌നേഹിതരുടെ പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കിൽ കാർഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിക്കുന്നു.

വായ്‌പകളുടെ കാലാവധികൾ തീർന്നിട്ടും തിരിച്ചടയ്‌ക്കാൻ കഴിയാത്തതിനാൽ ജപ്‌തിയുടെ ഭീഷണി....

അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌...

കഴിഞ്ഞൊരു നാൾ അയാൾ മലയാള ഭാഷയിലെ ഒരു പ്രധാന ദിനപത്രത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തിൽ ഒരു പരസ്യം കൊടുത്തു.

ഒരു മനുഷ്യ ശരീരം വില്‌പനയ്‌ക്ക്‌. ബന്ധപ്പെടുക. പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പർ 13, മങ്കാവുടി പി.ഒ.

പരസ്യം വന്ന്‌ മൂന്നുനാൾ കഴിഞ്ഞപ്പോൾ തന്നെ മങ്കാവുടി പോസ്‌റ്റോഫീസിലെ 13-​‍ാം നമ്പർ ബോക്‌സിൽ കത്തുകളെത്തി തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകൾ കഴിഞ്ഞപ്പോൾ നൂറിലധികമായി.

സ്വാശ്രയ മെഡിക്കൽ കോളേജുകാരുടെ,

നഗരങ്ങളിൽ വലിയ ബോർഡുകളുമായിരിക്കുന്ന റിയൽ എസ്‌റ്റേറ്റുകാരുടെ,

സാദാ ബ്രോക്കർമാരുടെ....

എല്ലാവർക്കും അയാൾ മറുപടി കൊടുത്തു, ഡി.ടി.പി ചെയ്‌ത്‌ പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികൾ...

അതിൽ അയാൾ ഇങ്ങിനെ എഴുതിഃ

-മാന്യരെ,

ഞാൻ, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ വസിക്കുന്ന കർഷകൻ. അൻപത്‌ വയസ്സ്‌, അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകൾ ഒന്നു മേൽക്കാത്ത.....

മദ്യവും പുകയുമില്ലാത്തതിനാൽ അധികം കറയേൽക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരൾ, പാൻക്രിയാസ്‌.....

ഷുഗറും കൊളസ്‌ട്രോളുമില്ലാത്ത വൃക്കകൾ, ഹൃദയം...

കുറച്ച്‌ ആവശ്യങ്ങൾക്കുവേണ്ടി എന്റെ ദേഹം വിൽക്കുവാനുദ്ദേശ്യക്കുന്നു (ആത്മഹത്യ ചെയ്‌തു നശിപ്പിയ്‌ക്കുമ്പോൾ അതെന്റെ കുടുംബത്തിന്‌ ഗുണപ്രദമാകുമെന്ന്‌ കരുതി.)

ആവശ്യങ്ങൾഃ

ഒന്ന്‌ഃ ഗ്രാമീണ സഹകരണ ബാങ്കിൽനിന്നും, സുഹൃത്തുക്കളുടെ പക്കൽനിന്നും വാങ്ങിയിട്ടുളള കടങ്ങൾ തീർക്കുക.

രണ്ട്‌ ഃ മൂത്തമകളെ നല്ല രീതിയിൽ വിവാഹം ചെയ്‌തു വിടുക.

മൂന്ന്‌ ഃ രണ്ടാമത്തെ മകളെ നേഴ്‌സിംഗ്‌ പഠിപ്പിക്കുക.

നാല്‌ ഃ ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്‌മെന്റ്‌ തസ്‌തികയിലെത്തിക്കുക.

അഞ്ച്‌ ഃ ഭാര്യയെ വാർദ്ധക്യത്തിലെത്തി മരിക്കുവോളം മാന്യമായി ജീവിക്കാനനുവദിക്കുക.

ഈ മോഹങ്ങൾ പൂവണിയാൻ എന്റെ പക്കൽ സ്വന്തം ശരീരം മാത്രമാണുളളത്‌. അത്‌ താങ്കൾക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സരബുദ്ധിയോടെ ഒരു വില കല്‌പിക്കുവാൻ താല്‌പര്യപ്പെടുന്നു.

എന്ന്‌, വിനയപൂർവ്വം, അയാൾ പേര്‌ എഴുതി ഒപ്പിട്ടിരിക്കുന്നു.

എന്നിട്ടയാൾ സ്വസ്ഥനായിട്ട്‌ ജനകീയാസൂത്രണം വഴി ലഭിച്ച വീട്ടിൽ, അയഞ്ഞു തൂങ്ങിയ കട്ടിലിൽ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങൾ നിറഞ്ഞ മുട്ടയ്‌ക്ക്‌ ചൂടേറി കാത്തിരിക്കുന്നു, മറുപടികൾക്കായി....

വിജയകുമാർ കളരിക്കൽ

വിജയകുമാർ കളരിക്കൽ, മാതിരപ്പിളളി, കോതമംഗലം - 686 691. ഫോൺ ഃ 0485 - 2824478.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.