പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അവിനാശിലെ തേനുദേവി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ജി.ജിബി

കഥ

‘അഡോപ്‌ഷൻ’ അതായിരുന്നു ആ ചാറ്റ്‌ റൂമിന്റെ പേര്‌. അവിടെവച്ചാണ്‌ ഇന്നലെ ഞാൻ തേനുദേവിയെ പരിചയപ്പെട്ടത്‌.

ഇന്നലെ ഇന്റർനെറ്റ്‌ കഫേയുടെ ഇടുങ്ങിയ ക്യാബിനിൽനിന്നും പുറത്തു കടന്ന നിമിഷംമുതൽ കാണുന്ന സ്‌ത്രീരൂപങ്ങളിലെല്ലാം ഞാൻ തേനുദേവിയെ തേടിക്കൊണ്ടിരുന്നു. അവൾ പരിചയപ്പെടുത്തിയ അവളുടെ ഓമനകൾ-ബെന്നി എന്നു പേരുളള വെളുമ്പൻ നായ്‌ക്കുട്ടി ആൾക്കൂട്ടത്തിനിടയിലൂടെ വന്ന്‌ എന്റെ കാലുകളിൽ സ്‌നേഹപൂർവ്വം ഉരുമ്മുന്നതുപോലെ, മീന എന്നു പേരുളള തത്ത വെളളിമേഘങ്ങൾക്കിടയിലൂടെ പറന്നുവന്ന്‌ എന്റെ കാതുകളിൽ ‘തേനുദേവി’ എന്ന്‌ കൊഞ്ചിപ്പറയുന്നതുപോലെ എനിക്ക്‌ തോന്നുകയാണ്‌. “നമുക്ക്‌ ഒരു കുട്ടിയെ ദത്തെടുക്കാം.... നാളെ വരിക” അത്രയുമായിരുന്നു ഇന്നലെ പരസ്പരം സുഹൃത്തുക്കളുടെ പട്ടികയിൽ കൂട്ടിച്ചേർത്തതിനുശേഷം പിരിയുമ്പോൾ അവൾ ആവശ്യപ്പെട്ടത്‌. അത്തരം ഒരു ആവശ്യത്തിന്‌, അപരിചിതനായ ഒരു ചെറുപ്പക്കാരനോടൊത്ത്‌ നന്മയിലേക്ക്‌...വെളിച്ചത്തിലേക്ക്‌ കൈപിടിക്കാനുളള ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിന്‌ ഞാൻ വഴങ്ങുമെന്ന്‌ എനിക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. സങ്കീർണ്ണങ്ങളായ ചില ജീവിതപ്രശ്‌നങ്ങൾക്ക്‌ തീരുമാനം കണ്ടെത്തിയപ്പോഴെല്ലാം അനുഭവിച്ചതുപോലെ എന്റെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിച്ചുവരുന്നതും ചെറുതായി ശ്വാസതടസ്സം അനുഭവപ്പെടുന്നതും അതിന്റെ സൂചനകളായിരിക്കാം. അങ്ങനെയെങ്കിൽ....

...അങ്ങനെയെങ്കിൽ ഞാൻ അവിനാശിലേക്ക്‌ പോകും; തേനുദേവിയുടെ നാട്ടിലേക്ക്‌. കണ്ണുകളെ പൊളളിക്കുന്ന, വരണ്ട നാവുകളെ പിളർക്കുന്ന ഉരുകുന്ന സൂര്യന്റെ അവിനാശിൽ അവളുടെ കോളേജിൽ ഒരു തിളയ്‌ക്കുന്ന മദ്ധ്യാഹ്നത്തിൽ ഞാനെത്തും. ഒരു പുതിയ ഹൃദയബന്ധത്തിന്‌ തുടക്കം കുറിക്കുവാനെത്തിയ എന്റെ അരികിലേക്ക്‌ വെളുത്തുമെലിഞ്ഞ ആ പെൺകുട്ടി ഓടിയെത്തും. അവൾ ക്രീം നിറത്തിലുളള അയഞ്ഞ കോട്ടൺ പാന്റും ഇളംനീല നിറമുളള ഫുൾസ്ലീവ്‌ ടീഷർട്ടുമായിരിക്കും അണിഞ്ഞിരിക്കുക. നേർത്ത നീലഞ്ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന കഴുത്തിൽ ഒരു ചെറിയ സ്വർണ്ണമാലയും കാതുകളിൽ വെളുത്ത മുത്തുപതിച്ച കമ്മലും തിളങ്ങുന്നുണ്ടാവും. നീളം കുറഞ്ഞ ചെമ്പൻമുടി തോളൊപ്പം വച്ച്‌ ഭംഗിയായി കത്രിച്ചിരിക്കും.

തണുത്ത കരിമ്പു ജ്യൂസ്‌ നുണഞ്ഞുകൊണ്ട്‌ കോളേജ്‌ കാന്റീനിലിരുന്ന്‌ ഞങ്ങൾ ഏറെനേരം സംസാരിക്കും. പിന്നെ അവിനാശിനും അകലെ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്തുളള അനാഥാലയത്തിലേക്ക്‌ യാത്രയാകും. ബസ്സിൽ അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന്‌, പരസ്പരം കൈവിരലുകൾ കോർത്തു പിടിച്ച്‌ ഞങ്ങൾ യാത്ര ചെയ്യും. അവളുടെ ഇടതുകവിൾത്തടം എന്റെ വലതുതോളിലേക്ക്‌ അണച്ചുവച്ചിരിക്കും. തേനുദേവി അവളുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. അവളുടെ കുടുംബം....മീന, ബെന്നി...ആഗ്രഹങ്ങൾ, സങ്കടങ്ങൾ. ഇടയ്‌ക്ക്‌ കുപ്പിവളകൾ നിലത്തുവീണുടഞ്ഞു ചിതറുമ്പോലെ ചിരിക്കുകയും മറ്റു ചിലപ്പോൾ മൗനമായിരുന്ന്‌ നെടുനിശ്വാസമുതിർക്കുകയും ചെയ്യും. ഞാൻ പുറംകാഴ്‌ചകളിൽ ലയിച്ചിരിക്കുകയാവും. കപ്പലണ്ടിയും മുതിരയും വളരുന്ന പച്ചപ്പാടത്തിനു നടുവിലെ ചെറിയ തണൽവൃക്ഷത്തിനു ചുവട്ടിലിരുന്ന്‌ ഒരു കറുത്ത മനുഷ്യൻ മൺകുടത്തിലെ വെളളം കുടിക്കുന്നതും വിയർപ്പു തിളങ്ങുന്ന അയാളുടെ ശരീരത്തിലൂടെ വെളളം ഒലിച്ചിറങ്ങുന്നതും ഞാൻ കാണും. എന്നിൽ കൊടിയ ദാഹത്തിന്റെ നെടുവീർപ്പുകൾ ഉയരും. ശാന്തമായ നീലമിഴികൾ എന്റെ മുഖത്തേക്കുയർത്തിയിട്ട്‌ അപ്പോൾ അവൾ പറയും.

“സൂര്യനാണ്‌ എന്റെ ഇഷ്‌ടദൈവം. എളുപ്പം ദാഹത്തെയടക്കാൻ സൂര്യനെ പ്രാർത്ഥിക്കണം.” ദാഹം കൊണ്ട്‌ പൊരിയുകയായിരിക്കും ഞാൻ. എന്റെ നെറ്റി ദേഷ്യത്താൽ ചുളിയുന്നതുനോക്കി അവൾ പൊട്ടിച്ചിരിക്കും.

ഇലകളെല്ലാം കൊഴിഞ്ഞുപോയ, ചില്ലകളിൽ തീനാളങ്ങൾപോലെ ചുവന്ന പൂക്കൾ ജ്വലിക്കുന്ന വലിയ മരത്തിനുസമീപം ബസ്സ്‌ നിർത്തും. ചെറുപുല്ലുകൾ പടർന്നുവളരുന്ന ചെങ്കൽപ്പടവുകൾ കയറി ഞങ്ങൾ അനാഥാലയത്തിൽ പ്രവേശിക്കും. അവിടുത്തെ വെളുത്ത ചായം പൂശിയ വലിയ ചുവരിൽ ബ്രൗൺ നിറത്തിലുളള അക്ഷരങ്ങൾകൊണ്ട്‌ വിശുദ്ധ ബൈബിളിലെ സഭാപ്രഭാഷകന്റെ വചനങ്ങൾ എഴുതിവെച്ചിട്ടുണ്ടാകും. ഞങ്ങൾ അല്പനേരം അത്‌ വായിക്കാൻ ചെലവഴിക്കുകതന്നെ ചെയ്യും. അനാഥാലയത്തിന്റെ നടത്തിപ്പുകാരിയായ, മുഖത്ത്‌ പ്രായാധിക്യത്തിന്റെ ചുവന്ന വരകളും ചുളിവുകളുമുളള വൃദ്ധ കന്യാസ്‌ത്രീയോട്‌ ചിരകാല സുഹൃത്തിനോടെന്നപോലെ തേനുദേവി സംസാരിക്കും. ആ സ്‌ത്രീ ദത്തെടുക്കലിന്റെ നിയമങ്ങളെക്കുറിച്ച്‌ ഞങ്ങളോടു പറയും. പിന്നെ ഞങ്ങളുടെ പ്രശ്‌നങ്ങളും പരിമിതികളും മനസ്സിലാക്കിയിട്ട്‌ ഞങ്ങളെ ഒരു കുട്ടിയുടെ ആജീവനാന്ത സ്പോൺസർമാരായിരിക്കാൻ അനുവദിക്കും. ഞങ്ങൾക്ക്‌ ചില പ്രത്യേകാവകാശങ്ങൾ ഉണ്ടായിരിക്കും.

അനാഥാലയത്തിലെ വിശാലമായ മുറിയിൽ നിലത്തു വിരിച്ചിരിക്കുന്ന മെത്തയിൽ ഉറങ്ങിക്കിടക്കുന്ന സുന്ദരിയായ ആ ഒരു വയസ്സുകാരിയെ ഞങ്ങൾ ഞങ്ങളുടേതാക്കുവാൻ തീരുമാനിക്കും. ഞങ്ങൾ മൃദുസ്പർശങ്ങളാൽ അവളെ ഉണർത്തും. ഞങ്ങളുടെ ലാളനകളിൽ അവൾ കരയുമ്പോൾ ഞങ്ങൾ അന്യോന്യം നോക്കി മന്ദഹസിക്കും. അന്നേരം കുസൃതി നിറഞ്ഞ ഒരു നോട്ടംകൊണ്ട്‌ ഞാൻ തേനുദേവിയുടെ ഹൃദയത്തിൽ ചിത്രശലഭങ്ങളെ പറത്തും. ആരുടെയോ ഒരു കുട്ടിയുടെ അമ്മയാകേണ്ടി വന്നത്‌ ഓർത്തായിരിക്കാം അടുത്ത നിമിഷം അവളുടെ കണ്ണുകൾ ഈറനാകുന്നത്‌.

“പ്രസവിക്കാത്ത സ്‌ത്രീകൾക്ക്‌ മുലപ്പാലുണ്ടാകുമോ?” ചെറുപ്പത്തിൽ ഞാനെന്റെ ഒരു കൂട്ടുകാരിയോട്‌ അങ്ങിനെ ചോദിച്ചതും അവളുടെ കരതലം എന്റെ കവിളിൽ പതിഞ്ഞതുമോർത്ത്‌ പിന്നെ എനിക്ക്‌ ചിരിപൊട്ടും. ഞാൻ ഉറക്കെ ചിരിക്കും.

തേനുദേവി അപ്പോൾ എന്നോട്‌ ചോദിക്കും.

“ഉം?”

അന്ന്‌ വിരൽപ്പാട്‌ തിണർത്തു കിടന്നതിന്റെ ഓർമ്മയിൽ കവിളിൽ തടവിയിട്ട്‌ ഞാൻ പറയും.

“ഏയ്‌... ഒന്നുമില്ല.”

തേനുദേവി അവൾ അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങളും ഞാൻ എന്റെ പോക്കറ്റിൽ കരുതിയിരുന്ന പണവും കന്യാസ്‌ത്രീയെ ഏല്പിക്കും. കുട്ടിയെ കാണാൻ ചെല്ലുന്ന ദിവസങ്ങൾ, ഞങ്ങൾ തമ്മിൽ കാണേണ്ടിവരുന്ന അവസരങ്ങൾ തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചിട്ട്‌ അന്ന്‌ പിരിയും.

അന്നത്തെ കരാറുകൾ പ്രകാരംതന്നെ ഞങ്ങൾ പ്രവർത്തിക്കും. അങ്ങനെ മൂന്നോ നാലോ വർഷങ്ങൾ. ഞങ്ങളുടെ വീടുകളിൽ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്‌ അപ്പോഴായിരിക്കും. ഒരു പെൺകുട്ടി എന്ന നിലയിൽ തേനുദേവിക്ക്‌ അനുഭവിക്കേണ്ടിവരുന്ന വിലക്കുകൾ എന്നിൽ വലിയൊരു ഉത്തരവാദിത്വത്തിന്റെ ഭാരമേല്പിക്കും. ഞങ്ങളുടെ ദത്തുപുത്രിയെ എനിക്ക്‌ സ്വീകരിക്കേണ്ടിവരും. ഞാൻ അവളെ എന്റെ വീട്ടിലേക്ക്‌ കൊണ്ടുപോകും. എന്റെ ഇടയ്‌ക്കിടെയുളള ദീർഘയാത്രകളിൽ സംശയാലുക്കളായിരുന്ന വീട്ടുകാരോട്‌ ഞാൻ കളളം പറയും, അവൾ എന്റെ മകളാണെന്നും അവളുടെ അമ്മ മരണപ്പെട്ടെന്നും. അവിവാഹിതനായി തുടരാൻ അത്തരം ഒരു കളളവാക്ക്‌ എന്നെ തുണയ്‌ക്കും.

തേനുദേവി എന്റെ ജീവിതത്തിൽനിന്നും ക്രമേണ മാഞ്ഞുപോകാൻ തുടങ്ങും. അവളുടെ സന്ദേശങ്ങൾ എന്നെതേടി എത്താതെയാകും. ഒരുപക്ഷേ അവൾ വിവാഹിതയായി, സന്തോഷവതിയായി കഴിയുകയായിരിക്കും എന്നോർത്ത്‌ ഞാൻ സങ്കടപ്പെടും. ഞങ്ങളുടെ ദത്തുപുത്രി എപ്പോഴും അവളുടെ അമ്മയെ ചോദിച്ചുകൊണ്ടിരിക്കും-എനിക്ക്‌ ഉത്തരം നൽകാനാവാത്ത ചോദ്യങ്ങൾ. അവൾ അവളുടെ അമ്മയെ സ്വപ്നം കണ്ടുകൊണ്ടിരിക്കും-എനിക്ക്‌ വ്യാഖ്യാനിക്കാനാവാത്ത സ്വപ്നങ്ങൾ. അത്തരം സ്വപ്നങ്ങൾ അവൾക്ക്‌ തേനുദേവിയുടെ ആകാരവും സൗന്ദര്യവും നൽകും. അവൾ വളരുമ്പോൾ തേനുദേവിയെ പോലെയാകും.

കൃത്യം ഇരുപതാമത്തെ വയസ്സിൽ ഞാൻ അവളെ വിവാഹം ചെയ്തയക്കാൻ തീരുമാനിക്കും. അതിനുമുമ്പ്‌ ഒരു ദിവസം അവളെയും കൂട്ടി അവിനാശിലേക്ക്‌ പോകും. അവിനാശിൽ തേനുദേവിയുടെ വീട്ടിലേക്ക്‌ അവളെയും കൂട്ടിച്ചെല്ലുമ്പോൾ ഗേറ്റിലെ കാവൽക്കാരൻ ഞങ്ങളെ തടയും. തേനുദേവിയുടെ പ്രിയപ്പെട്ട ബെന്നിയും മീനയും ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചറിയുമായിരുന്നെന്നും ആരവങ്ങളോടെ എന്നെ സ്വീകരിക്കാൻ വരുമായിരുന്നെന്നും ഞാൻ ഓർമ്മിക്കും. കാവൽക്കാരന്‌ ഞങ്ങളെ പരിചയപ്പെടുത്തിയിട്ട്‌ ഞാൻ കാര്യം ബോധിപ്പിക്കും. തേനുദേവിയുടെ കഴിഞ്ഞ പതിനഞ്ച്‌ വർഷത്തെ ദുരന്തജീവിതത്തിന്റെ ചെറിയ വിവരണമായിരിക്കും അയാളെനിക്ക്‌ തിരിച്ചു തരുന്നത്‌. തേനുദേവി ഒരിക്കൽ വിവാഹിതയായതാണെന്നും ഒരു മലയാളത്താനിൽ അവൾക്ക്‌ ഒരു കുട്ടി ഉളളതായി അറിഞ്ഞതിനെ തുടർന്ന്‌ അവളെ ഭർത്താവ്‌ ഉപേക്ഷിക്കുകയായിരുന്നുവെന്നും അയാൾ എന്നോട്‌ പറയും. കാര്യങ്ങളുടെ സത്യസ്ഥിതിയെല്ലാം തേനുദേവി അവളുടെ ഭർത്താവിനോട്‌ തുറന്നു പറഞ്ഞതാണ്‌. പക്ഷേ....ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തരായ രണ്ടു മനുഷ്യർ. ഒരു സ്‌ത്രീയും പുരുഷനും ഒരു ദിവസം അവിചാരിതമായി സംസാരിക്കുക, ഒരു കുട്ടിയെ ദത്തെടുക്കുക, സ്വന്തംപോലെ വളർത്തുക... അത്തരം കാര്യങ്ങൾ അയാളുടെ ജീവിതത്തിന്റെ അനുഭവപരിധിക്കപ്പുറമായിരുന്നതിനാൽ അയാൾ തേനുദേവിയെ ഉപേക്ഷിക്കുന്നതിൽനിന്നും പിന്തിരിഞ്ഞില്ല. ആ സംഭവങ്ങൾക്കുശേഷം അവൾ ഒരിക്കലും വീടുനുപുറത്ത്‌ പോയിരുന്നില്ല. അവിനാശിന്റെ ആകാശത്തിലെ വയലറ്റ്‌ മേഘങ്ങളെ ചുംബിച്ചു നിൽക്കുന്ന കുന്നുകളിൽ അവൾക്കു പ്രിയപ്പെട്ട ചുവന്ന പൂക്കൾ സൗരഭ്യം പരത്തിവിടരുന്ന മഞ്ഞുകാല പ്രഭാതങ്ങളിൽപോലും....

കാവൽക്കാരൻ പറഞ്ഞ കഥകേട്ട്‌ ഞാനും മകളും നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നടക്കാൻ തുടങ്ങും. ആകാശത്തിൽ നിന്നെന്നപോലെ അപ്പോൾ ഒരു കൈയ്യടി ശബ്‌ദം കേൾക്കും. ഞങ്ങൾ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കും. വീടിന്റെ ബാൽക്കണിയിൽ തേനുദേവി നിൽക്കുന്നുണ്ടാവും. മദ്ധ്യാഹ്നവെയിൽ തിളങ്ങുന്ന അവളുടെ വയലറ്റ്‌ സാരി, അതിന്റെ ബോർഡറിൽ ചുവന്ന പൂക്കൾ.... വലതു കൈ ഉയർത്തി അവൾ ഞങ്ങളെ വിളിക്കും. ഞങ്ങൾ കാവൽക്കാരനെ തളളിമാറ്റിയിട്ട്‌ അകത്തു കടക്കും. മുറ്റത്ത്‌ ഭംഗിയായി വിതറിയിരിക്കുന്ന വെളളാരങ്കല്ലുകൾ ഞങ്ങളുടെ ധൃതിയേറിയ പാദങ്ങൾക്കടിയിൽ ഞെരിഞ്ഞമരും. ഞങ്ങൾ വീടിന്റെ വരാന്തയിൽ എത്തുമ്പോഴേയ്‌ക്കും തേനുദേവി താഴേയ്‌ക്കിറങ്ങി വന്നിരിക്കും.

നിറഞ്ഞൊഴുകുന്ന മൂന്നു ജോഡി കണ്ണുകൾ. ഞങ്ങളുടെ ഹൃദയങ്ങളിൽ പുനഃസമാഗമത്തിന്റെ കടലിരമ്പുന്നത്‌ ഞങ്ങൾക്കുമാത്രം കേൾക്കാൻ കഴിയും. ഓർമ്മകളുടെ വെളുത്ത ചുവരിൽ വിശുദ്ധ ബൈബിളിലെ സഭാപ്രഭാഷകന്റെ വാക്യങ്ങൾ തെളിഞ്ഞുവരും.

“എന്റെ എല്ലാ പ്രയത്നങ്ങളിലും എന്റെ ഹൃദയം ആഹ്ലാദം കണ്ടെത്തി. ഇതായിരുന്നു എന്റെ സർവ്വപ്രയത്നത്തിനുമുളള പ്രതിഫലം.”

ഒരുപക്ഷെ ഇതിലുമേറെ തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നേക്കും എന്നറിഞ്ഞുകൊണ്ടാണ്‌ ഇന്ന്‌ ഞാൻ ഇന്റർനെറ്റ്‌ കഫേയുടെ ക്യാബിനിൽ പ്രവേശിച്ചത്‌. മെസഞ്ചറിന്റെ ചതുരക്കോളത്തിൽ എന്റെ നിരവധി സുഹൃത്തുക്കളുടെ പേരുകളുണ്ട്‌. ജയാസ്‌ 1, മേഹേ, വിഹാരി, വെണ്ണിലാ, ആർമി സെഡ്‌, തു ആൻ, ഇന്ദുശർമ്മ പിന്നെ തേനുദേവിയും. അവർ ആരും ഇപ്പോൾ ലൈനിൽ ഇല്ല. തേനുദേവി പറഞ്ഞ സമയം ആകുന്നതേയുളളൂ.

അവിനാശിലെ എഞ്ചിനീയറിങ്ങ്‌ കോളേജിനടുത്തുളള ഇന്റർനെറ്റ്‌ കഫേയിൽ ഒട്ടും നിരാശപ്പെടുത്താത്ത ഒരു സന്ദേശവും പ്രതീക്ഷിച്ച്‌ അവൾ ഇരിക്കുന്നുണ്ടാവും. ഇവിടെ ഞാനെടുത്തിരിക്കുന്ന തീരുമാനം അവളെ തൃപ്തിപ്പെടുത്തും എന്നുതന്നെയാണ്‌ എന്റെ വിശ്വാസം. ഞങ്ങൾക്കിടയിൽ ഇനി ബാക്കിയുളളത്‌ ഒന്ന്‌ കണ്ണുചിമ്മുന്ന സമയത്തിന്റെ ദൂരം. അത്രമാത്രം.

കെ.ജി.ജിബി

വിലാസം

കളിയരങ്ങ്‌,

മുനമ്പം,

പളളിപ്പുറം പി.ഒ.

എറണാകുളം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.