പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആരോ ഒരാൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോനിച്ചൻ എബ്രഹാം

കഥ

മുറിയിൽ ആരുടേയോ കാൽപെരുമാറ്റം കേട്ട്‌ അവൾ ഞെട്ടിയുണർന്നു. പാൽവെളിച്ചം തരുന്ന മേശവിളക്ക്‌ ഓൺ ചെയ്‌തു. മുറിയാകെ നിലാശോഭ. ആരെയും കാണാനില്ല ഒരു പറവ അവിടെയും ഇവിടെയും തട്ടി ശബ്‌ദമുണ്ടാക്കുന്നുണ്ട്‌. വൈദ്യുതി പങ്കയുടെ കാറ്റിൽ ഭിത്തിയിൽ തൂങ്ങുന്ന തീയതി കലണ്ടർ ഇളകി അലോസരമായ ഒച്ചയുണ്ടാക്കുന്നു. ‘സ്വീറ്റ്‌ ഡ്രീം’ എന്നെഴുതിയ അടുത്തിരുന്ന തലയണ അവളെടുത്ത്‌ ദേഹത്തുവച്ചു. ഈ വീട്ടിൽ താനും അമ്മയും മാത്രമേ ഉളളൂ എന്ന്‌ അവൾ ഞെട്ടലോടെ ഓർത്തു. എങ്കിലും മുകൾ വാർത്തു ബന്തവസ്സായ ഈ മുറിയിൽ തന്നെ ആര്‌ അനുധാവനം ചെയ്യാനാണ്‌? അവൾ ലൈറ്റ്‌ കെടുത്തിക്കിടന്നു. ബോധപൂർവ്വം അൽപ്പനേരം കണ്ണടയ്‌ക്കാതെയാണ്‌ കിടന്നത്‌. കിതയ്‌ക്കുന്ന ടൈംപീസിന്റെ ശബ്‌ദവും കാറ്റിലിളകുന്ന ദിനക്കുറിപ്പുകളുടെ അലോസരങ്ങളും കൂടുവിട്ട പറവയുടെ ചിറകടിയൊച്ചയും മാത്രം. അവൾ വീണ്ടും ഉറക്കത്തിലേക്ക്‌ വീണു, കാതുകളിലേക്ക്‌ ഒരു അലമുറയിട്ട നിലവിളി ഒഴുകിവരുകയാണ്‌. സൂക്ഷിച്ചു നോക്കി അതവൾ തന്നെയാണ്‌. തൊട്ടുമുന്നിൽ നിലവിളക്ക്‌ അതിനുമുന്നിൽ അയാളുടെ ചേതനയറ്റ ശരീരം. മൃതദേഹം ചിതയിലേക്ക്‌ എടുക്കുകയാണ്‌. പൂജാ മന്ത്രങ്ങൾ മുറുകുന്നു. ചിതക്ക്‌ തീ കൊളുത്തുന്നു. ഒരലർച്ചയോടെ അവൾ ചാടിയെഴുന്നേറ്റു. കൊണ്ടുപോകല്ലേ കൊണ്ടുപോകല്ലേ... അവൾ കേണുകൊണ്ടിരുന്നു.

“സുഭദ്രേ... സുഭദ്രേ..”

അടുത്ത മുറിയിൽ നിന്നും അമ്മ വന്നു വിളിച്ചപ്പോഴാണ്‌ അവൾ തേങ്ങൽ നിർത്തിയത്‌. ശരീരം വിയർത്തു നിശാവസ്‌ത്രം മാറോട്‌ ഒട്ടിച്ചേർന്നു. അവൾ വീണ്ടും കട്ടിലിലേക്ക്‌ വീണ്‌ തളർന്നു കിടന്നു. നെറ്റിയിൽ തടവി അല്‌പനേരമിരുന്നിട്ട്‌ അമ്മ മുറിയിലേക്ക്‌ പോയി.

പതിവുപോലെ പുലർച്ചെ ഉണർന്ന്‌ ഓഫീസിൽ പോകുവാനുളള തിരക്കിൽ മുഴുകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മ പറഞ്ഞു.

“ബ്രോക്കർ ഗോപാലനോട്‌ വരാൻ പറയുകയാണ്‌.” എന്തിനെന്ന്‌ നെറ്റി ചുളിക്കവെ അമ്മ വീണ്ടും പറഞ്ഞു.

“രമേശൻ മരിച്ചിട്ട്‌ ഇതു നാലാം വർഷമാ ഇനിയും അതൊന്നും ഓർത്തിരുന്നിട്ട്‌ കാര്യമില്ല. രാത്രിയിൽ കിടന്ന്‌ പേടിക്കുകയും കരയുകയുമൊക്കെ ചെയ്യുമ്പോൾ ഓടിവരാൻ എന്നും ഈ അമ്മ ഉണ്ടാവില്ല.”

അവൾ ഒന്നും മിണ്ടിയില്ല.

തലയിൽ ചുറ്റിയിരുന്ന ഈറൻ തോർത്തഴിച്ച്‌ മുടി കോതി നിലകണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ മാഞ്ഞുപോയ തിലകക്കുറി നെറ്റിയിൽ തെളിഞ്ഞുവരുന്നതായി അവൾക്കു തോന്നി. താൻ മാറുകയാണ്‌, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വന്ന പുനർ വിവാഹാലോചനകളെ പുച്ഛത്തോടെ തളളിയ താനിന്ന്‌ അമ്മയുടെ മുന്നിൽ നിശ്ശബ്‌ദയായെന്ന്‌ അവൾ നടുക്കത്തോടെ ഓർത്തു. അലമാരയിൽനിന്നും ബാഗെടുത്ത്‌ അതിൽ ഇന്നലെ വരുംവഴി വാങ്ങിയ ചോക്കലേറ്റുകൾ ഉണ്ടോ എന്ന്‌ ഉറപ്പുവരുത്തി ടിഫിൻ ബോക്‌സെടുത്ത്‌ ഇറങ്ങുമ്പോൾ ഞെട്ടലോടെയാണ്‌ അവൾ അതോർത്തത്‌. ഇന്നലെ രാത്രിയിൽ ആരാണ്‌ തന്റെ മുറിയിൽ കടന്നത്‌? കാൽപെരുമാറ്റം കേട്ടു എന്നത്‌ തീർച്ചയാണ്‌. ലൈറ്റ്‌ ഓൺ ചെയ്യുമ്പോൾ ആരുമില്ല. ഏതായാലും ഇരുളിൽ, നിശ്ശബ്‌ദതയിൽ, ഏകാന്തതയിൽ തന്നെ ആരോ അനുധാവനം ചെയ്യുന്നുണ്ട്‌.

ഗർഭിണിയുടെ ഉദരം പോലെ വെയ്‌റ്റിംഗ്‌ ഷെഡ്‌ വീർത്തിരുന്നു. ദൂരേക്കു പോകേണ്ടവരും അടുത്തിറങ്ങേണ്ടവരും അവിടെ ഉണ്ടായിരുന്നു. ഒൻപതരക്കുളള ബസ്‌ പോയിക്കഴിഞ്ഞാൽ കുഗ്രാമത്തിലെ ഈ ബസ്‌ സ്‌റ്റോപ്പ്‌ ശൂന്യമാകും. അവളുടെ ഓഫീസിന്‌ നാലു കിലോമീറ്റർ അകലമേ ഉണ്ടായിരുന്നുളളൂ. ഈ ബസ്സിനു പോയാൽ സമയത്തിനുമുന്നേ ഓഫീസിലെത്താനാവും. കാലത്തിന്റെ മഹാപ്രവാഹം പോലെ ബസ്‌ ഓടിക്കിതച്ചെത്തി. പേറ്റു നോവാരംഭിച്ച സ്‌ത്രീയെപ്പോലെ വെയ്‌റ്റിംഗ്‌ ഷെഡ്‌ ഞരങ്ങാൻ തുടങ്ങി. ആളുകൾ ഇടിച്ചു തളളി ബസ്സിനുളളിൽ കയറിപ്പറ്റി. ബസ്‌ മെല്ലെ നീങ്ങവേ അവൾ സ്‌റ്റോപ്പിലേക്കു നോക്കി. വെയ്‌റ്റിംഗ്‌ ഷെഡ്‌ ഒഴിഞ്ഞ വയറുമായി തളർന്നു കിടന്നു.

ഓഫീസിനടുത്തുളള സ്‌റ്റോപ്പിൽ ബസ്സിറങ്ങി പതിവുപോലെ പൂട്ടി കിടക്കുന്ന ഓഫീസ്‌ കെട്ടിടത്തിന്റെ വരാന്തയിലെത്തുമ്പോൾ ക്ലോക്കിൽ പത്തടിക്കുന്നതു കേട്ടു. പ്യൂൺ തോമസുകുട്ടി താക്കോലുമായി ഓടിക്കിതച്ചെത്തി.

“മാഡത്തിന്റെ ബസ്സ്‌ ഒരിക്കൽ പോലും തെറ്റാറില്ല അല്ലേ..?” അയാൾ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.

“എന്താ തോമസുകുട്ടിക്കും എന്നെകൊണ്ട്‌ ബുദ്ധിമുട്ടായോ?” അവൾ ചോദിച്ചു.

“അയ്യോ മാഡം അങ്ങിനെയൊന്നും ഇല്ല. മാഡം എത്തുന്നതുകൊണ്ടാണ്‌ ഞാനിത്ര നേരത്തെ വരുന്നത്‌ എന്നതു നേരാണ്‌ എന്നാലും എനിക്കു ബുദ്ധിമുട്ടൊന്നും ഇല്ല.”

“മറ്റുളളവർ പറയുന്നത്‌ എനിക്കു വീട്ടിൽ ഉത്തരവാദിത്തമൊന്നുമില്ലാത്തതു കൊണ്ടാണ്‌ നേരത്തെ വരുന്നത്‌ എന്നാണ്‌. എന്നുവെച്ചാൽ ഭർത്താവും കുട്ടികളും ഒന്നും ഇല്ലാത്തതുകൊണ്ട്‌. തോമസുകുട്ടിക്കും അങ്ങനെ വല്ല പരാതിയും..?”

വാതിൽ തുറന്ന്‌ അകത്ത്‌ കടന്ന അയാൾ നെഞ്ചിൽ കൈവെച്ചു പറഞ്ഞു. “മാഡം ക്ഷമിക്കണം ഞാൻ അബദ്ധത്തിൽ പറഞ്ഞുപോയതാണ്‌.”

തോമസുകുട്ടി ഒരു സാധുവാണ്‌. തന്നെപോലെ അയാളും ജിവിതപങ്കാളിയെ നഷ്‌ടപ്പെട്ട ആളാണ്‌. ഒരു വ്യത്യാസമേയുളളു. അയാൾക്കൊരു മകനുണ്ട്‌. തോമസുകുട്ടിയോട്‌ സംസാരിക്കുമ്പോൾ തന്റെ ഹൃദയം ആനന്ദം കൊളളാറുണ്ട്‌. അപ്പോഴാണവൾ ചിരിക്കാറുളളത്‌. അയാളുടെ സംഭാഷണങ്ങൾക്ക്‌ തന്റെ ഹൃദയമരുഭൂമിയിൽ ആൽമരമായ്‌ പടർന്നു പന്തലിച്ചു നിൽക്കാനുളള കഴിവുണ്ട്‌. ആ തണലിൽ താൻ പലപ്പോഴും മയങ്ങാറുണ്ട്‌.

സീറ്റിലിരുന്ന്‌ ബാഗെടുത്ത്‌ അവൾ തോമസുകുട്ടിയെ വിളിച്ചു. അയാൾ വിനയത്തോടെ അടുത്തെത്തി.

“ഇന്ന്‌ മകന്റെ പിറന്നാളാണെന്നല്ലേ പറഞ്ഞത്‌ എന്നിട്ട്‌ മിഠായിയൊന്നും തന്നില്ലല്ലോ..?”

അയാൾ നിശ്ശബ്‌ദനായി നിന്നതേയുളളു. ബാഗിൽ നിന്നെടുത്ത ചോക്കലേറ്റുകൾ അവൾ അയാളുടെ കൈയിൽ കൊടുത്തു.

“ഇതു മകന്‌ കൊടുത്തേക്കൂ...”

അയാൾ വിറക്കുന്ന കൈകളോടെ മിഠായികൾ വാങ്ങിക്കൊണ്ടുപോയി.

തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ഓഫീസിന്റെ വരാന്ത ആളുകളെ കൊണ്ട്‌ നിറഞ്ഞു. പതിനൊന്ന്‌ മണിയായപ്പോഴും ജീവനക്കാർ എത്തുന്നതേ ഉണ്ടായിരുന്നുളളു. വൈകി എത്തിയവർ ഉളളിൽ ശപിച്ചിട്ടാണെങ്കിലും കാബിനിൽ വന്ന്‌ അറ്റന്റൻസ്‌ മാർക്ക്‌ ചെയ്‌ത്‌ പാലം കടന്നുകിട്ടിയ സന്തോഷത്തിൽ സീറ്റിലേക്കു പോയി.

ഒരപേക്ഷയുടെ വിവരം തിരക്കാൻ വന്ന സാധു സ്‌ത്രീയോട്‌ ലീലാമ്മ തട്ടികയറുന്നതു കേട്ടു. സൂചിക്കുഴിയിലേക്ക്‌ നേർത്തനൂൽ കയറ്റുന്ന തുന്നൽകാരിയുടെ കണ്ണുകളുടെ സൂക്ഷ്‌മത പ്രായം കൊണ്ട്‌ കുറഞ്ഞിരുന്നു. തയ്യൽ മെഷീന്റെ കട കട ശബ്‌ദം പോലെ അവരുടെ നെഞ്ചിൻ കൂട്‌ ആകാംക്ഷ കൊണ്ട്‌ മിടിക്കുന്നുണ്ടായിരുന്നു.

“നാളെ വരാനല്ലേ പറഞ്ഞത്‌ പിന്നെന്തിനാ ഇന്നു വന്നത്‌?”

“ഒരുപാട്‌ ദൂരേന്ന്‌ വര്‌വാ സാറേ... മകനേയും കൊണ്ട്‌ ആസ്‌പത്രീ വന്ന വഴി കയറിയതാ. എന്റെ അപേക്ഷയുടെ കാര്യം..”

“ഇന്നൊന്നും പറയാനൊക്കില്ല. നാളെ വരിക.”

അവർ ശപിച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി.

രവി വളരെ സമർത്ഥനായ ക്ലർക്കാണ്‌. ഓഫീസിൽ വരുന്നത്‌ അൽപ്പം വൈകിയാണെങ്കിലും വൈകിയ സമയം കൂടി ചേർത്ത്‌ അയാൾ ഫയലുകൾ തീർത്തുവിടും. പതിനഞ്ചുപേരിൽ രവി ഒരാൾ മാത്രമാണെന്നതാണ്‌ സത്യം. കുറെക്കഴിഞ്ഞ്‌ ഫയൽ തീർക്കാൻ സഹായിക്കാനായി കാബിൻ വിട്ടുവന്ന്‌ അവളും അവരോടൊപ്പം കൂടി.

ഉച്ചഭക്ഷണം കഴിഞ്ഞ്‌ വിശ്രമ മുറിയിൽ അവൾ തനിച്ച്‌ ഇരിക്കുകയായിരുന്നു. രാവിലെ ഓഫീസിൽ വന്നപ്പോൾ തോമസുകുട്ടിയുമായി ഉണ്ടായ സംഭാഷണം ചെറുചിരിയോടെ അവൾ ഓർത്തുകൊണ്ടിരുന്നു. അപ്പോഴും പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ട്‌ അവൾ ഞെട്ടിത്തിരിഞ്ഞു. ആരെയും കാണാനില്ല. അവൾ തോമസുകുട്ടിയെ വിളിച്ചു. അയാൾ ദൂരെയെങ്ങോ ആയിരുന്നു. അയാൾ വന്ന്‌ വിശദമായി അന്വേഷിച്ചപ്പോഴും ആരും മുറിയിലേക്ക്‌ അപ്പോൾ വന്നിട്ടില്ലെന്നാണ്‌ അറിഞ്ഞത്‌. ഇങ്ങനെ പോയാൽ തനിക്കു ഭ്രാന്തു പിടിക്കുമെന്ന്‌ അവൾക്കു തോന്നി. ഇന്നുതന്നെ ഏതെങ്കിലുമൊരു സൈക്യാട്രിസ്‌റ്റിനെ കാണണം. ഓഫീസ്‌ സമയം കഴിഞ്ഞ്‌ തോമസുകുട്ടിയെയും കൂട്ടി പോകാം.

സൈക്യാട്രിസ്‌റ്റ്‌ നിർമ്മലയുടെ വീടിനു മുൻവശം മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. മുറ്റത്ത്‌ കോൺ ആകൃതിയിലുളള സിമന്റ്‌ സ്ലാബുകൾ പാകിയിരുന്നു. ഉമ്മറം ശൂന്യമായിരുന്നു. വെളിച്ചത്തിനു നേരെ മുഖം പൊത്തിനിൽക്കുന്ന മാനസിക വിഭ്രാന്തിയുളള ഒരാളുടെ ചിത്രത്തിനു താഴെ ഡോക്‌ടർ അകത്തുണ്ട്‌ എന്നെഴുതിയിരിക്കുന്നു. തോമസുകുട്ടിയെ വരാന്തയിൽ നിർത്തി അവൾ അകത്തുകടന്നു. ചിത്രപ്പണികളുളള ഷീറ്റ്‌ വിരിച്ച സോഫയിൽ തോമസുകുട്ടി ഇരുന്നു. ചുറ്റും കണ്ണോടിക്കവെ ഭിത്തിയിലെഴുതിയിരിക്കുന്ന മനസ്സിനെക്കുറിച്ചുളള മഹത്‌ വചനം അയാൾ വായിച്ചു.

“നമ്മുടെ ഉറച്ച മനസ്സിനെ മോഷ്‌ടിക്കാൻ ആർക്കും കഴിയില്ല.” - എപ്പിടെക്‌ടസ്‌.

അയാൾക്കൊന്നും മനസ്സിലായില്ല.

അകത്ത്‌ ഡോക്‌ടറുടെ മുന്നിലിരിക്കുമ്പോഴും അവൾ കാൽപ്പെരുമാറ്റം ശ്രദ്ധിച്ചു. ഡോക്‌ടറുടെ മുഖത്ത്‌ പൂവിതൾ പോലെ വിരിഞ്ഞ മന്ദഹാസം അവളെ ഡോക്‌ടറിലേക്കടുപ്പിച്ചു. അവൾ ഡോക്‌ടറോട്‌ കാര്യങ്ങൾ വിശദീകരിച്ചു. നിഷ്‌ക്കളങ്കതയോടെ സംസാരിക്കുന്ന അവളുടെ മനോസമുദ്രത്തിന്റെ ഉപരിതലം ശാന്തമാണെന്ന്‌ ഡോക്‌ടർക്ക്‌ തോന്നി. പക്ഷേ ആഴിയുടെ അഗാധതയിലെന്തോ ഉളളതുപോലെ ചെറുകുമിളകൾ നുരയിട്ട്‌ പൊന്തുന്നു.

“ഞാൻ പറയുന്നത്‌ അനുസരിക്കാൻ നിങ്ങൾ തയ്യാറാണോ.” ഡോക്‌ടർ ചോദിച്ചു.

തന്നെ ഹിപ്‌നോട്ടീസ്‌ ചെയ്യാനുളള ഉദ്യമത്തിലാണ്‌ ഡോക്‌ടർ അങ്ങനെ ചോദിച്ചതെന്ന്‌ അവൾക്ക്‌ തോന്നി. ഹിപ്‌നോട്ടിസത്തെക്കുറിച്ച്‌ പണ്ടെങ്ങോ വായിച്ച അറിവ്‌ അവൾക്കുണ്ടായിരുന്നു.

“ദാറ്റ്‌ മീൻസ്‌... ആർ യു വാണ്ട്‌ ഹിപ്‌നോട്ടിസ്‌ റ്റു മീ...?”

“യെസ്സ്‌ യെസ്സ്‌ നിങ്ങൾ അതിനു തയ്യാറാവണം.”

“തയ്യാറാണ്‌.” അവൾ പറഞ്ഞു.

ഡോക്‌ടർ അവളെ മുറിയിലേക്ക്‌ കൊണ്ടുപോയി. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത തികച്ചും ശാന്തമായൊരു മുറി. തീർത്തും അന്യമായൊരു ലോകത്താണ്‌ താൻ നിൽക്കുന്നതെന്ന്‌ അവൾക്ക്‌ തോന്നി.

“ഹിപ്‌നോട്ടിസത്തിന്‌ വിധേയയാവാൻ നിങ്ങൾക്ക്‌ എത്രമാത്രം കഴിവുണ്ടെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ഞാൻ പറയുന്നതുപോലെ ചെയ്യുക.”

മുറിയുടെ നടുക്ക്‌ നിർത്തി ഡോക്‌ടർ അവളോട്‌ പറഞ്ഞു. അവൾ തലയാട്ടി സമ്മതം മൂളി.

“കാലുകൾ രണ്ടും ചേർത്തുപിടിച്ച്‌ ഉപ്പൂറ്റിയിൽ ബലം കൊടുത്ത്‌ മുൻഭാഗം ഉയർത്തി കണ്ണുകൾ അടയ്‌ക്കുക.” അവൾ അങ്ങനെ ചെയ്‌തു. “സാവധാനം.... ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക.”

“നിങ്ങൾ പുറകോട്ടു വീഴുന്നതായി സങ്കൽപ്പിക്കുക.”

അവൾ അങ്ങനെ സങ്കൽപ്പിച്ചു. മറ്റേതോ ലോകത്തുനിന്നും ആരോ നിർദ്ദേശങ്ങൾ തരുന്നതുപോലെ...

“ഇതാ നിങ്ങൾ പുറകോട്ടു വീഴുകയാണ്‌... പുറകോട്ടു വീഴുകയാണ്‌... ഇപ്പോൾ വീഴും... നിങ്ങൾക്ക്‌ താങ്ങായ്‌ എന്റെ ശക്തമായ കരങ്ങളുണ്ട്‌.... എന്റെ കൈകളിലേക്ക്‌ നിങ്ങൾ വീഴുകയാണ്‌...”

ഡോക്‌ടർ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. അവൾ മെല്ലെ ചലിക്കാൻ തുടങ്ങി. പിന്നെ പുറകോട്ടു വീണു. ഡോക്‌ടർ അവളെ താങ്ങിപ്പിടിച്ചു. പിന്നെ കട്ടിലിൽ കിടത്തി. അവൾ അണിഞ്ഞിരുന്ന വസ്‌ത്രങ്ങൾ മാറ്റി അയഞ്ഞവ ധരിപ്പിച്ചു. കട്ടിലിൽ അവൾ മലർന്നു കിടക്കുകയാണ്‌. വീണ്ടും ഡോക്‌ടർ അവൾക്കു നിർദ്ദേശം കൊടുത്തുക്കൊണ്ടിരുന്നു. സാവധാനം ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുവാനും ശരീരം മുഴുവനും അയപ്പിക്കുവാനും ഡോക്‌ടർ അവളോട്‌ പറഞ്ഞു. കയ്യും കാലും കണ്ണും ചെവിയും... മൂക്കുമെല്ലാം ഭാരമില്ലാതെ അയപ്പിക്കുവാൻ ഡോക്‌ടർ പറഞ്ഞു. അവൾ അനുസരിച്ചു. അവൾ ഇപ്പോൾ ഭാരമില്ലാത്ത ഒരു വസ്‌തുവാണ്‌. വെളളത്തിനു മുകളിൽ കിടക്കുന്ന ഒരു പൊങ്ങുപോലെയാണ്‌. അവൾക്കിപ്പോൾ നീലവാനത്തിലൂടെ പറക്കാൻ കഴിയും. ശരീരഭാരം അത്രമേൽ കുറഞ്ഞു. മനസ്സിന്റെ ആഴങ്ങളിലേക്ക്‌ അവൾ താഴ്‌ന്നു താഴ്‌ന്നു പോയി. അവൾ ഇപ്പോൾ ഒരു മനസ്സ്‌ മാത്രമാണ്‌.

പുറത്ത്‌ തോമസ്സുകുട്ടി അക്ഷമയോടെ കാത്തിരുന്നു. മാഡത്തിന്‌ സൈക്യാട്രിസ്‌റ്റിനെകൊണ്ട്‌ എന്താണാവോ കാര്യം? ഏതായാലും താനിന്ന്‌ പതിവിലും വൈകി. മകൻ ഫുട്‌ബോൾ കളി കഴിഞ്ഞ്‌ എത്തിയിട്ടുണ്ടാവുമോ ആവോ?

ഹിപ്‌നോട്ടൈസ്‌ ചെയ്‌തു കഴിഞ്ഞ്‌ ഡോക്‌ടർ അവളെ മെല്ലെ ഉണർത്തി. വസ്‌ത്രങ്ങൾ മാറി പഴയവ ധരിച്ച്‌ അവൾ ഡോക്‌ടറോടൊപ്പം മുറിയിൽ വന്നിരുന്നു. ഡോക്‌ടറും അവളും അൽപനേരം അന്യോന്യം ഒന്നും സംസാരിക്കാതെയിരുന്നു. എങ്കിലും ഡോക്‌ടറുടെ അഭിപ്രായം അറിയാനുളള ആകാംക്ഷ അവളിലുണ്ടായിരുന്നു.

“തോമസുകുട്ടിയാരാണ്‌?”

പൊടുന്നനെയാണ്‌ ഡോക്‌ടർ അവളോട്‌ ചോദിച്ചത്‌. അത്‌ കേട്ട്‌ അവൾക്ക്‌ ചിരിപൊട്ടി.

“തോമസുകുട്ടി എന്റെ ഓഫീസിലെ പ്യൂണാണ്‌ മാഡം. വലിയ വിധേയത്വമുളളയാളാണ്‌. അയാൾ പുറത്തിരിപ്പുണ്ട്‌ വിളിക്കണോ?”

“വിളിക്കണ്ട.”

ഡോക്‌ടർ പറഞ്ഞു. ഡോക്‌ടർ അവളുടെ നിഷ്‌ക്കളങ്കതയിലേക്കു തന്നെ ഉറ്റുനോക്കി. വീണ്ടും നിശ്ശബ്‌ദതയുടെ കോട്ടണിഞ്ഞ്‌ കസാലയിലേക്ക്‌ ചാഞ്ഞുകിടന്നു. പിന്നെ സ്‌ത്രീ പുരുഷ രതിമൂർച്ഛയുടെ ഒരു ചിത്രം അവൾക്ക്‌ കാട്ടിക്കൊടുത്തു. നിഷ്‌ക്കളങ്കതയോടെ അവൾ അത്‌ കണ്ട്‌ ചിരിച്ചുകൊണ്ടിരിക്കെ ഡോക്‌ടർ പറഞ്ഞു.

“നിങ്ങൾ തമ്മിൽ ഇതുപോലെയുളള ബന്ധം വരെ കഴിഞ്ഞിരിക്കുന്നു.”

“നോ.”

ആകാശം പിളരുമാറ്‌ ഉച്ചത്തിൽ അവൾ അലറി തൊട്ടുമുന്നിലിരുന്ന പേപ്പർ വെയിറ്റുകളും അവളുടെ ബാഗും എടുത്ത്‌ ദൂരെയെറിഞ്ഞു.

“ദയവായി നിങ്ങൾ ശാന്തമാകൂ...” ഡോക്‌ടർ അവളെ ആശ്വസിപ്പിച്ചു.

“ഒരിക്കലും നിങ്ങളുടെ ബോധമനസ്സ്‌ സമ്മതിച്ചു തരാത്ത ഒന്നാണിതെന്ന്‌ എനിക്കു തോന്നിയിരുന്നു. നിങ്ങൾപോലും അറിയാതെയാണ്‌ നിങ്ങളുടെ മനസ്സിന്റെ ഒരു കോണിൽ ഇങ്ങനെയൊരു ചിത്രം രൂപപ്പെട്ടത്‌. അതിനയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എപ്പോഴോ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ മനസ്സിന്റെ വാതിൽ തുറന്ന്‌ പോയതാണ്‌. നിങ്ങളെ പിന്തുടർന്ന ആൾ നിങ്ങളുടെ തന്നെ സൃഷ്‌ടിയാണ്‌.”

അവൾ വളരെ ക്ഷീണിതയാണെന്ന്‌ ഡോക്‌ടർക്ക്‌ തോന്നി.

“ഇതുകൊണ്ട്‌ നിങ്ങൾ ഒട്ടും വിഷമിക്കേണ്ട. നിങ്ങളുടെ ജീവിതത്തെ ഇത്‌ ഒരു തരത്തിലും ബാധിച്ചിട്ടില്ല. നിങ്ങൾക്കു തോന്നിയ കാൽപ്പെരുമാറ്റം അസാധാരണമായ ഒന്നല്ലെന്ന്‌ ഞാൻ വിശദീകരിക്കുകയായിരുന്നു.”

ഫീസ്‌ കൊടുത്ത്‌ അവൾ മെല്ലെ ഇറങ്ങി നടന്നു. വന്നപ്പോഴുണ്ടായിരുന്ന പ്രസരിപ്പും സന്തോഷവും അവളുടെ മുഖത്തില്ലെന്ന്‌ ഡോക്‌ടർക്ക്‌ തോന്നി. അവൾക്ക്‌ പിന്നാലെ ഡോക്‌ടറും വാതിൽവരെയെത്തി.

തന്നൊടൊന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്ന അവളെക്കണ്ട്‌ തോമസുകുട്ടി വിളിച്ചു.

“മാഡം”

അപ്പോൾ പിറകിൽ നിന്നും ഒരു വിളി വന്നു. അത്‌ ഡോക്‌ടർ ആയിരുന്നു.

“മാഡം പൊയ്‌ക്കോട്ടെ. അവർ വേറെ വഴിക്കാ... തോമസുകുട്ടി സ്വന്തം വഴിക്കു പൊക്കോളൂ.”

ഒന്നും പിടികിട്ടാതെ തോമസുകുട്ടി ഇറങ്ങി നടന്നു.

മോനിച്ചൻ എബ്രഹാം

1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

വിലാസം

പുതുപ്പറമ്പിൽ

ആശ്രമം വാർഡ്‌

ആലപ്പുഴ - 6.


Phone: 9446711835
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.