പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

മനുഷ്യയന്ത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സന്ധ്യ. ജെ

‘ഒരു സെക്യൂരിറ്റി ക്യാമറയുടെ ആത്മകഥ’ എന്നും ‘ഒരു ഐ.ടി. കമ്പനിയുടെ അകത്തളങ്ങളിലെ കാണാക്കാഴ്‌ചകൾ’ എന്നും വിളിക്കാവുന്ന ഈ കഥയിൽ വികാരതീവ്രതയേറിയ ജീവിത മുഹൂർത്തങ്ങളും കാൽപനികതയും കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, കാരണം ഞാനൊരു യന്ത്രമാണ്‌, യന്ത്രം മാത്രം....

ആഗോള മാന്ദ്യത്തിന്റെ ചൂട്‌ തലയ്‌ക്കു പിടിച്ച്‌ ‘തൊഴിലാളികളെ എങ്ങനെ കൂടുതൽ പ്രൊഡക്‌റ്റീവ്‌ ആക്കാം’ എന്ന വിഷയത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ്‌ അവരെന്നെ ഇവിടെ സ്‌ഥാപിക്കുവാൻ തീരുമാനിച്ചത്‌. മനുഷ്യയന്ത്രങ്ങളിലാരെങ്കിലും (യന്ത്രമനുഷ്യരായ റോബോട്ടുകളല്ല, മനുഷ്യരായി പിറക്കുകയും ഉപജീവനത്തിനായി യന്ത്രങ്ങളായിത്തീരുകയും ചെയ്‌ത പാവങ്ങളാണീ മനുഷ്യയന്ത്രങ്ങൾ. അവരെ നമുക്ക്‌ അങ്ങനെ തന്നെ വിളിക്കാം) നിർദ്ദേശങ്ങളനുസരിക്കാതെയോ തന്നിഷ്‌ടത്തോടെയോ പെരുമാറുന്നില്ലെന്നും സമയം പാഴാക്കുന്നില്ലെന്നും ഉറപ്പുവരുത്താനായിരുന്നു ഇത്‌.

2008-ലെ ഒരുച്ചനേരം. സിമന്റ്‌ മേൽക്കൂരയിൽ അവരെന്നെ കൊണ്ടുവന്ന്‌ സ്‌ഥാപിച്ചു. എന്റെ കാലുകൾ നീണ്ട വയറുകളുടെ രൂപത്തിൽ മുതലാളിയുടെ ക്യാബിനിലെ കമ്പ്യൂട്ടറിൽ ചേർത്തു നിർത്തി.

നിഗൂഢമായി മന്ദഹസിച്ചുകൊണ്ട്‌ മുതലാളി അത്യഭിമാനപൂർവ്വം പ്രഖ്യാപിച്ചു; ഇന്നു നാം ഒരു വലിയ എം.എൻ.സി. കമ്പനിയിലേക്കുള്ള യാത്രാവഴിയിൽ ഒരു ചുവടു കൂടി ഉറപ്പിച്ചു.“

മനുഷ്യയന്ത്രങ്ങളെല്ലാം കൈയ്യടിച്ചു - രണ്ടു വയസ്സുകാരന്റെ കൈയ്യിലെ കീ കൊടുത്ത യന്ത്രക്കരടിയെപ്പോലെ. അതിൽകൂടുതൽ ചിന്തിക്കാനോ അഭിപ്രായം പറയുവാനോ പ്രവർത്തിക്കുവാനോ അവർക്ക്‌ അധികാരമില്ല - അതിനുള്ള നിർദ്ദേശമില്ല - സമയവുമില്ല - ഞാൻ കരുതി....

എന്നാൽ ഒരാൾ മാത്രം ചിന്തിച്ചു, പ്രതികരിച്ചുഃ ഇനിയും യന്ത്രമായിത്തീരാത്ത, ‘പാർട്ട്‌ ടൈം അടിച്ചുതളി’ ജോലി ചെയ്യുന്ന ദേവയാനി ചേച്ചി - ”ഇതിനകത്തു വല്ല സ്വർണമോ വജ്രമോ പൂഴ്‌ത്തി വച്ചിട്ടുണ്ടോ, ഈ കുന്ത്രാണ്ടം കൊണ്ടു വയ്‌ക്കാൻ “ - ദേവയാനി ചേച്ചി മാത്രം പിറുപിറുക്കലിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്‌ ഞാൻ കൗതുകപൂർവ്വം കേട്ടു. കമ്പ്യൂട്ടറുകളുടെ ഉള്ളിലുള്ള ഡാറ്റയ്‌ക്ക്‌ സ്വർണത്തേക്കാളും വജ്രത്തേക്കാളും വിലയുണ്ടെന്ന്‌ പാവം ദേവയാനി ചേച്ചിക്കറിയില്ലല്ലോ!

അന്നു മുതൽ, താഴെ കാണുന്നതെല്ലാം ഒപ്പിയെടുത്ത്‌ ഹൃദയത്തിൽ സൂക്ഷിച്ചുവയ്‌ക്കുക എന്ന യന്ത്രധർമ്മം തികച്ചു നിഷ്‌പക്ഷതയോടെ, നിർഭയം, നിരന്തരം ഞാൻ നിർവഹിച്ചു വരുന്നു.....

എന്റെ തലയ്‌ക്കു മുകളിലുള്ള നിലയിലെ ഫ്ലാറ്റിൽ അച്ഛനും അമ്മയും ഒരു കൊച്ചുകുഞ്ഞുമടങ്ങിയ കുടുംബം പാർക്കുന്നുണ്ടെന്ന്‌ സംഭാഷണങ്ങളിലൂടെ എനിക്കു മനസ്സിലായി. അറുബോറൻ യന്ത്രക്കാഴ്‌ചകളിലും ആ കുഞ്ഞിന്റെ കാലടിച്ചുവടുകൾ എന്നെ സ്‌പർശിച്ചപ്പോൾ യന്ത്രമായിരുന്നിട്ടും ഞാൻ ഹർഷപുളകിതനായി.......

ഭൂമി കറങ്ങിക്കൊണ്ടിരുന്നു, രാത്രിയും പകലും മാറി മാറി വന്നു. എന്നാലിവിടെ, ഈ ഓഫീസിൽ രാവും പകലും ഒരു പോലെയാണ്‌. പകൽ പന്ത്രണ്ടു മണിക്കൂർ നേരം കുറെപേർ വന്നിരിക്കും. അവർ പോയിക്കഴിഞ്ഞാൽ അടുത്ത ഷിഫ്‌റ്റിൽ വേറെ കുറെ പേർ വന്നിരിക്കും. അങ്ങനെ ഇവിടെ മനുഷ്യ&മനുഷ്യേതര യന്ത്രങ്ങൾക്ക്‌ വിശ്രമമില്ല.

മോണിറ്ററിലുറ്റു നോക്കി കീ ബോർഡിൽ വിരലമർത്തുമെന്നല്ലാതെ ആരും യാതൊന്നും സംസാരിക്കുന്നില്ല. തൊട്ടടുത്തിരിക്കുന്നവരോടുള്ള കുശലാന്വേഷണം ‘ചാറ്റി’ലൂടെയാണെന്ന്‌ എനിക്കു പിന്നീടു മനസ്സിലായി.

മുതലാളി ‘ടീം ലീഡർ’ എന്ന ഓമനപ്പേരിൽ വിളിക്കുന്ന നേതാക്കൻമാരെ വിളിച്ചിരുത്തി ആഴ്‌ചയിലൊരിക്കൽ മീറ്റിംഗു നടത്തും. ആ സമയത്തു മാത്രമാണ്‌ സംഭാഷണം ഉയർന്നു കേൾക്കാറുള്ളത്‌. കനത്ത എഞ്ചിനീയറിംഗ്‌ പാഠപുസ്‌തകങ്ങൾ ഹൃദിസ്‌ഥമാക്കിയും കോഡിംഗു ചെയ്‌തും മരവിച്ച തലകളിൽ മുതലാളി വിളമ്പുന്ന വിജ്ഞാന പ്രസംഗങ്ങൾ മരുഭൂമിയിലൊഴിക്കുന്ന ജലം പോലെ നിഷ്‌ഫലമായി.

”എന്തു ബുദ്ധിയാ നമ്മുടെ മോന്‌. വലുതായി അവൻ എഞ്ചിനീയറായാൽ പിന്നെ എത്ര സുഖമായിരിക്കും ജീവിതം. ലക്ഷങ്ങൾ ശമ്പളം, ആഢംബരപൂർണമായ ജീവിതം, ഇടത്തരക്കാരായ നമ്മുടെ ജിവിതപ്രശ്‌നങ്ങളൊന്നും ഇവന്‌ അനുഭവിക്കേണ്ടി വരില്ല.“ മുകളിലത്തെ ഫ്ലാറ്റിലെ കുഞ്ഞിന്റെ അമ്മ അച്ഛനോട്‌ ഉത്സാഹത്തോടെ പറയുന്നത്‌ ഞാൻ നെടുവീർപ്പോടെ കേട്ടു.

ഏതാനും ദിവസങ്ങൾക്കകം എനിക്ക്‌ കാര്യങ്ങൾ പിടികിട്ടിത്തുടങ്ങി. ബുദ്ധിരാക്ഷസനായ മുതലാളി അങ്ങകലെ വിദേശത്തുള്ള പണക്കാരെ സംസാരിച്ചു മയക്കി ചാക്കിലാക്കും. അവരുടെ കൈവശമുള്ള ലക്ഷങ്ങൾ സ്വന്തം കീശയിൽ എത്തിക്കുക എന്ന പ്രക്രിയയുടെ ഭാഗമാണ്‌ താഴെ സ്‌ഥാപിച്ചിട്ടുള്ള മനുഷ്യ&മനുഷ്യേതര യന്ത്രങ്ങൾ.

ചാക്കിലായിക്കഴിഞ്ഞ വിദേശീയരെ ‘ക്ലയന്റ്‌’ എന്നു വിളിക്കും. അവർ, അവരുടെ കീശ വീർപ്പിക്കുവാൻ വേണ്ടിയുള്ള ജോലികൾ അഥവാ ‘പ്രൊജക്‌ടുകൾ’ ഇവിടെയുള്ള മനുഷ്യയന്ത്രങ്ങൾക്കു കൈമാറും.

പിന്നെ, പണി തുടങ്ങുകയായി. ‘എഞ്ചിനീയർ’ എന്ന മനുഷ്യയന്ത്രങ്ങൾ ക്ലയന്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ പണിയാൻ തുടങ്ങും. സദാസമയവും ക്ലയന്റിനെ സന്തോഷിപ്പിച്ച്‌, ജോലി ചെയ്‌തുകൊണ്ടേയിരിക്കും.

ഭക്ഷണം - അത്‌ സ്വന്തം ജീവൻ നിലനിർത്താൻ വേണ്ടി മാത്രമാണ്‌ - ജഠരാഗ്നി ശമിപ്പിക്കാനുള്ള ഇന്ധനമായി അവർ പന്ത്രണ്ടു മണിക്കൂർ ജോലിക്കിടയിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കും - പിസ്സയോ, സാൻഡ്‌വിച്ചോ, പാസ്‌തയോ.....

ഈ കെട്ടിടത്തിലുള്ള ഫുഡ്‌ കോർട്ടുകളിൽ ചോറ്‌, ചപ്പാത്തി തുടങ്ങിയ ഉത്തരേന്ത്യൻ& ദക്ഷിണേന്ത്യൻ വിഭവങ്ങൾ ലഭ്യമല്ലാതല്ല, എങ്കിലും ക്ലയന്റുകൾ ഭക്ഷിക്കുന്നതു തന്നെ ഭക്ഷിച്ചാൽ ‘മാനസികൈക്യം’ കൈവരുമെന്നും അത്‌ ജോലി മെച്ചപ്പെടുത്തുമെന്നുള്ളതു കൊണ്ടാകാം.

ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കണ്ണുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽത്തന്നെയായിരിക്കും. കൈകൾ കീബോർഡിലും. വായ മാത്രമാണ്‌ ഭക്ഷണത്തോട്‌ പ്രതിപത്തി കാണിക്കുന്നത്‌.

ഈ കാഴ്‌ച എന്നിലൂടെ കാണുമ്പോൾ, മുതലാളി തന്റെ പുസ്‌തകക്കൂട്ടങ്ങൾക്കിടയിൽ പരതി അട്ടഹസിക്കും. ”ഇതാണ്‌ ഈ മനുഷ്യശരീരത്തിന്റെ ഏറ്റവും വലിയ പോരായ്‌മ.... ഒരു ദിവസം എത്ര തവണയാണ്‌ വിശക്കുന്നത്‌? എത്ര തവണയാണ്‌ ഭക്ഷണം കഴിക്കാൻ വേണ്ടി സമയം കളഞ്ഞ്‌ ഫോക്കസ്‌ നഷ്‌ടപ്പെടുത്തുന്നത്‌? വിശപ്പും ദാഹവുമില്ലായിരുന്നെങ്കിൽ എത്രസമയം കൂടുതൽ ജോലി ചെയ്യാനാകുമായിരുന്നു..... അതു വഴി എനിക്ക്‌ കോടികൾ സമ്പാദിക്കാമായിരുന്നു.“ എന്നാൽ, വിപണനതന്ത്രങ്ങളെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചുമുള്ള പുസ്‌തകങ്ങൾക്കിടയിൽ നിന്നും അയാൾക്ക്‌ ആ സൂത്രം പ്രതിപാദിക്കുന്ന പുസ്‌തകം മാത്രം ലഭിച്ചില്ല.

പണ്ട്‌ വിശ്വാമിത്രമഹർഷി രാമലക്ഷ്‌മണൻമാർക്കുപദേശിച്ചു കൊടുത്ത ബലഃ, അതിബലഃ, മന്ത്രങ്ങൾ സൗജന്യമായി ഡൗൺലോഡു ചെയ്യാവുന്ന സോഫ്‌റ്റ്‌വെയറുകളുടെ രൂപത്തിലാകാതെ ഇന്നും ”പാസ്‌വേർഡ്‌ പ്രൊട്ടക്‌റ്റഡ്‌“ ആയി, സുരക്ഷിതമായി നമ്മുടെ വേദപുരാണങ്ങളിൽ നില കൊള്ളുന്നത്‌ ഇവിടത്തെ ഹോട്ടലുകാരുടെ ഭാഗ്യം! അല്ലെങ്കിൽ ഐ.ടി. മുതലാളിമാരുടെ നിർഭാഗ്യം!

നവംബറിലെ ഒരു രാത്രി. ഫ്ലാറ്റിലെ കുടുംബം ടി.വി. സ്‌ക്രീനിനു മുമ്പിൽ ഉദ്വേഗത്തോടെയിരിക്കുന്നു. ഹോട്ടലിലെ ബന്ദികൾക്കായി പ്രാർത്ഥിക്കുന്നു. വെറുമൊരു യന്ത്രമായിരുന്നിട്ടും എന്റെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു, അതിന്റെ ആവശ്യമില്ലെങ്കിലും.

അതിശയത്തോടെ ഞാൻ ചുറ്റും നോക്കി.... ഇല്ല, മനുഷ്യയന്ത്രങ്ങൾ ഇതൊന്നും അറിയുന്നില്ല, അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല. കനത്ത നിശ്ശബ്‌ദതയിൽ കീബോർഡുകളുടെ ”ടക്‌ ടക്‌“ ഒച്ചയും മനസിന്റെ ”ക്ലിക്ക്‌ ശബ്‌ദവും മാത്രം വിറങ്ങലിച്ചു നിന്നു.

മറ്റൊരു പ്രഭാതത്തിൽ - “ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക്‌ ലോകത്തിന്റെ അംഗീകാരം.... ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരങ്ങളിൽ മൂന്നെണ്ണം ഭാരതീയർക്ക്‌....” ടെലിവിഷനിലെ വാർത്താ ബുള്ളറ്റിനുകൾ കേട്ട്‌ ഫ്ലാറ്റിലെ കുടുംബത്തിനൊപ്പം ഞാനും ആഹ്ലാദിച്ചു, താഴേക്ക്‌ പ്രതീക്ഷയോടെ ഉറ്റുനോക്കി.

പതിവുപോലെ, നിശ്‌ചേതരായി അവർ പണിതുകൊണ്ടിരുന്നു.....

സ്വാതന്ത്ര്യദിനവും ഓണവും ക്രിസ്‌തുമസും പുതുവൽസരവും ലോകത്തുള്ളവർ ആഘോഷിച്ചു. ഇവിടെ എല്ലാം പതിവു പോലെ-ആഘോഷങ്ങൾക്കു സ്‌ഥാനമില്ല. ക്ലയന്റിനോട്‌ അവധി പറയാൻ പാടില്ല. അവരുടെ അവധിദിനങ്ങൾ മാത്രമേ ഇവിടെയുള്ളവർക്കും ബാധകമുള്ളൂ....

ഓരോ പ്രൊജക്‌ടിന്റെയും ‘ഡെഡ്‌ലൈൻ’ എന്ന മരണമണി മുഴങ്ങാറാകുമ്പോൾ മനുഷ്യയന്ത്രങ്ങളുടെ വേഗതയും വെപ്രാളവും കൂടും. അവർ പ്രവൃത്തിസമയം 20 മണിക്കൂർ വരെയാക്കി ദീർഘിപ്പിക്കും. വെളുപ്പിനെ 3-4 മണിക്കായിരിക്കും ഓഫീസിൽ നിന്നുള്ള മടക്കം.

ഇവരുടെയൊക്കെ കുടുംബജിവിതം എങ്ങനെയായിരിക്കുമെന്നറിയാൻ ഞാൻ അദമ്യമായി ആഗ്രഹിച്ചു. പതുക്കെ പതുക്കെ, ഞെട്ടിപ്പിക്കുന്ന, വേദനിപ്പിക്കുന്ന സത്യങ്ങൾ എനിക്കു മനസ്സിലായി.

എന്റെ തോന്നലുകൾക്കപ്പുറം, ഇവർ എല്ലാ അർത്ഥത്തിലും യന്ത്രങ്ങളാണെന്ന്‌, മജ്ജയും മാംസവും രക്തവും ഹൃദയവും കരളും ഒക്കെയുള്ള എന്നാൽ നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം ചലിക്കുന്ന യന്ത്രങ്ങളാണെന്ന്‌ അന്നെനിക്കു ബോധ്യമായി.

“സോറി. താങ്കളുടെ അമ്മ മരിച്ചത്‌ ഞാൻ കുറച്ചു മുമ്പാണ്‌ അറിഞ്ഞത്‌.....” മീറ്റിംഗ്‌ കഴിഞ്ഞിറങ്ങുമ്പോൾ ഒരു ടീം ലീഡർ സഹപ്രവർത്തകനോടു പറയുന്നത്‌ ഞാൻ കേട്ടു.

“സാരമില്ല, വേണ്ടതെന്താണെന്നു ചെയ്യുവാൻ ഞാനവർക്ക്‌ രാത്രി നിർദ്ദേശം കൊടുത്തിരുന്നു. എനിക്കിന്നലെ ഡെഡ്‌ലൈനായിരുന്നു, നൈറ്റ്‌ ഷിഫ്‌റ്റും. അതുകൊണ്ട്‌ ഞാനും വീട്ടിൽ പോയില്ല.”

രണ്ടുംപേരും പുഞ്ചിരിച്ചു കൊണ്ട്‌ കമ്പൂട്ടറിനു മുന്നിൽ വന്നിരുന്നു.

സൗഹൃദത്തിന്‌ ഇവിടെ പ്രവേശനമില്ല. ‘കമ്പനി പോളിസി എന്ന ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ആയിരം നിയമാവലികളിൽ ഇങ്ങനെയുണ്ട്‌. “ഇവിടെ ബന്ധങ്ങൾ സഹപ്രവർത്തകരുടേതാണ്‌, പ്രഫഷണലാണ്‌. അനാവശ്യ പണവും സമയവും കളയുന്ന സൗഹൃദം, സാഹോദര്യം മുതലായവയിൽ എടുത്തു ചാടുന്നവരെ കമ്പനി നീക്കം ചെയ്യുന്നതാണ്‌. സുഹൃത്ത്‌, സഹോദരൻ & സഹോദരി എന്നീ വാക്കുകൾ ഉപയോഗിക്കുന്നവരെ സൂക്ഷിക്കുക. അവർ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയാണ്‌ അതു ചെയ്യുന്നത്‌.”

അവിവാഹിതർക്ക്‌ പ്രണയത്തെപ്പറ്റിയോ വിവാഹത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ല.

വിവാഹിതർക്ക്‌ പങ്കാളിയെപ്പറ്റിയോ കുടുംബജീവിതത്തെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ല.

അതുകൊണ്ട്‌, മാതാപിതാക്കളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.

മറ്റൊരു വിധത്തിലുള്ള സാമൂഹിക ബന്ധങ്ങളോ സാമൂഹികപ്രതിബദ്ധതയോ ഇവർക്കില്ല.

എന്നാൽ, കമ്പനിയോടുള്ള കൂറും ആത്മാർത്ഥതയും ഇതെന്നെ വല്ലാതെ അതിശയപ്പെടുത്തുന്നു.

ജീവിതം ക്ലയന്റിനു വേണ്ടി ഹോമിച്ച പ്രൊജക്‌ടുകളായി ഒടുങ്ങവേ, എന്റെ കണ്ണുകൾ നീറിപ്പുകഞ്ഞു തുടങ്ങി. എങ്കിലും ശുഭാപ്‌തി വിശ്വാസത്തോടെ, ഞാൻ കാത്തിരുന്നു - എന്നെങ്കിലും ഇവർ പൂർവ്വസ്‌ഥിതിയിലെത്തും, മനുഷ്യരായിത്തീരും....

“ഏറ്റവും മികച്ച തൊഴിൽ സാഹചര്യങ്ങളാണ്‌ ഇവിടെയുള്ളത്‌.?” പുതുതായി വന്ന എഞ്ചിനീയറോട്‌ എച്ച്‌.ആർ. മാനേജർ വിവരിക്കുന്നു. “സുഖമില്ലാതായാൽ കഴിക്കാൻ മരുന്നുകൾ ഇവിടെത്തന്നെയുണ്ട്‌. വേണമെങ്കിൽ ഡോക്‌ടറെ വരുത്തി ചികിത്സിക്കും. ജോലി തീരാൻ വൈകിയാൽ ഇവിടെത്തന്നെ താമസിക്കാം. ഓർവർടൈം ജോലി ചെയ്യുന്നവർക്ക്‌ ഇടയ്‌ക്കു കാണാൻ സിനിമാസീഡികളും നൽകും.”

അവൾ പറഞ്ഞതെല്ലാം സത്യമാണ്‌. എന്നാൽ അവയൊക്കെ തന്നെ വലിച്ചു മുറുക്കിക്കെട്ടുന്ന സ്വർണം പൂശിയ ഇരുമ്പു കമ്പികളാണെന്നു മനസ്സിലാക്കാതെ പാവം കുട്ടി എഞ്ചിനീയർ സന്തോഷത്തോടെ തലയാട്ടിക്കൊണ്ടിരുന്നു.

ഒരു ബലയാടിനെക്കൂടി കിട്ടിയ സന്തോഷത്തിൽ മുതലാളി എച്ച്‌. ആർ മാനേജരുടെ ശമ്പളത്തിനു നേരെ ഇൻസെന്റീവായ മൂന്നക്ക സംഖ്യ ടൈപ്പു ചെയ്‌തു കൂട്ടി.

വേദനിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ഒരുപാടു സംഭവങ്ങൾ ലോകത്തു നടന്നു. മനുഷ്യയന്ത്രങ്ങളിൽ ഒരിക്കലും ഒരു വികാരവും ജനിച്ചില്ല. അല്ലെങ്കിലും എന്നേ നശിച്ച ഒന്നിനെ തൊട്ടുണർത്താൻ വെറുമൊരു വാർത്തയ്‌ക്കു കഴിയുമോ? മാധ്യമങ്ങളുടെ ഭാഷ എത്ര ശക്തമാണെങ്കിലും?

ആ സായാഹ്നത്തിൽ എനിക്കെന്തോ വല്ലാത്ത അസ്വസ്‌ഥത തോന്നി. പുറത്തെന്തോ ഒച്ചയും ബഹളവും കേൾക്കാം.... എന്തായിരിക്കും സംഭവം?

പൊടുന്നനെ ബിൽഡിംങ്ങ്‌ മെയിന്റനൻസ്‌ ഡിപ്പാർട്ടുമെന്റിൽ നിന്നുള്ളവർ ഓഫീസിലേക്കു കയറി വന്നു.

“ഭീകരവാദികൾ നഗരത്തിലെവിടെയോ - ഈ എം.ജി. റോഡിന്റെ മധ്യത്തിൽ തന്നെയായി - ബോംബു വച്ചതായി സന്ദേശം വന്നു..... ഞങ്ങൾ എല്ലാവരെയും ഒഴിപ്പിക്കുകയാണ്‌.... ജീവൻ വേണമെങ്കിൽ എത്രയും വേഗം രക്ഷപ്പെട്ടോളൂ....”

മനുഷ്യയന്ത്രങ്ങൾ പരസ്‌പരം നോക്കി - എന്നിട്ട്‌ നിർദ്ദേശത്തിനു കാത്ത്‌ എഴുന്നേറ്റു നിന്നു - ചാവേർ പടയാളികളെപ്പോലെ. മുതലാളി ഓപ്പറേഷൻ മാനേജറുടെ കാതിൽ എന്തോ മന്ത്രിച്ചു. എന്നിട്ട്‌ തന്റെ ഓമനപ്പട്ടിയുമായി പുറത്തേക്കു കുതിച്ചു.

ഓപ്പറേഷൻ മാനേജർ മനുഷ്യയന്ത്രങ്ങൾക്ക്‌ നിർദ്ദേശം കൊടുത്തു. “നമുക്ക്‌ പ്രൊജക്‌ടുകൾ തീർത്തേ മതിയാകൂ. ജീവൻ പോയാലും എല്ലാവരും അവരവരുടെ പി.സി.കളും ലാപ്‌ടോപ്പുകളുമെടുത്ത്‌ പുറത്തേക്കു പോവുക. മറ്റെവിടെയെങ്കിലും ചെന്നിരുന്ന്‌ ജോലി ചെയ്‌തു തീർക്കാമല്ലോ.”

അതുകേട്ട നിമിഷം, എല്ലാ മനുഷ്യയന്ത്രങ്ങളും സി.പി.യും യു.പി.എസ്സു മടക്കം സകല പി.സി.കളുമെടുത്ത്‌ വാതിൽ തുറന്ന്‌ ലിഫ്‌റ്റിനു നേരെ ഓടി.

“ഭഗവാനേ, എന്റെ മോനെ കാക്കണേ....” നിലവിളിച്ചുകൊണ്ട്‌ മുകളിലത്തെ ഫ്ലാറ്റിലെ അമ്മ കുഞ്ഞിനെയും കൊണ്ട്‌ പുറത്തേക്കു പോകുന്നത്‌ എനിക്കു കേൾക്കാമായിരുന്നു.

ബിൽഡിങ്ങ്‌ കുലുങ്ങാൻ തുടങ്ങി. അന്ത്യമടുത്തുവെന്ന്‌ എനിക്കു മനസ്സിലായി. ആ അമ്മയും കുഞ്ഞും രക്ഷപ്പെട്ടിട്ടുണ്ടാവണേ എന്നു ഞാൻ പ്രാർത്ഥിക്കുമ്പോൾ..... ലിഫ്‌റ്റിൽ നിന്നും കണ്ട കാഴ്‌ച ഹൃദയഭേദകമായിരുന്നു.

മനുഷ്യയന്ത്രങ്ങളെല്ലാവരും തന്നെ കമ്പ്യൂട്ടറുകളും കൊണ്ട്‌ ലിഫ്‌റ്റിൽ ഇടിച്ചു കയറി..... സ്വാഭാവികമായും അതിലുണ്ടായിരുന്നവർ ഇവരാൽ പുറത്തേക്കു തള്ളപ്പെട്ടു. “അയ്യോ.... ഞങ്ങളെ രക്ഷപ്പെടാനനുവദിക്കണേ....” അമ്മയുടെ കരച്ചിൽ.... മനുഷ്യയന്ത്രങ്ങൾ ഡോറടയ്‌ക്കുകയും ലിഫ്‌റ്റ്‌ താഴേയ്‌ക്കു കുതിക്കുകയും ചെയ്‌തു.

ആയിരം കഷണമായി ചിന്നിച്ചിതറുമ്പോൾ, അടുത്ത ജന്മത്തിൽ, യന്ത്രമായാലും ഒരു മനുഷ്യയന്ത്രമാകരുതേ എന്നു മാത്രമായിരുന്നു എന്റെ പ്രാർത്ഥന......

സന്ധ്യ. ജെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.