പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

ഫേസ്‌ബുക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജുകുമാർ

“ഫേസ്‌ ബുക്കി”ലെ ചാറ്റ്‌ വിൻഡോ പൂട്ടി, കമ്പ്യൂട്ടർ ഷട്ട്‌ ഡ്ൺ ചെയ്‌തു. പിന്നെ ശബ്‌ദമുണ്ടാക്കാതെ സൗമിനി എഴുന്നേറ്റു ബെഡ്‌ ലാമ്പിന്റെ മങ്ങിയ വെട്ടത്തിൽ ചുമരിലെ ക്ലോക്കിൽ ഒന്നരയായത്‌ കണ്ടു. ബെഡിൽ ചുരുണ്ടു കിടക്കുകയാണ്‌ റാണിമോൾ. അപ്പുവിന്റെ വലതുകാൽ അവളുടെ പുറത്താണ്‌. സൗമിനി അവരെ ഉണർത്താതെ കാൽ മോളുടെ മുകളിൽ നിന്നും മാറ്റി. നേരെ കിടത്തി പുതപ്പിച്ചു. പിന്നെ ലൈറ്റണച്ച്‌ കിടന്നു. ഇന്നും വൈകി.

നിവർത്തിപ്പിടിച്ചു ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യചിഹ്‌നം അവളുടെ മുൻപിൽ നിന്ന്‌ ആടിക്കൊണ്ടിരുന്നു. ചുട്ടുപഴുത്ത അതിൽ നിന്നും ജ്വാലകൾ വമിയ്‌ക്കുന്നു. നൂറുക്കണക്കിന്‌ ഈയാമ്പാറ്റകൾ അതിനു ചുറ്റും. സ്വർണനാവുകൾ ഇടയ്‌ക്കിടെ ഓരോന്നിനെ നക്കിയെടുത്തു. അവൾ മനസ്സിനെ അവിടെ നിന്നും പറിച്ചെടുത്തു. എന്നിട്ട്‌ ഉള്ളിന്റെയുള്ളിലെ അന്തഃപ്പുരവാതിലിലേയ്‌ക്കുറ്റു നോക്കി. അതിന്റെ അടച്ചിട്ട മണിച്ചിത്രപ്പൂട്ടിൽ, വർണപൂക്കൾ മുദ്ര കൊത്തിയ ഒരു വജ്രത്താക്കോൽ തിരിഞ്ഞു കൊണ്ടിരുന്നു. അതിന്റെ കൊത്തൻ പല്ലുകൾ കിരു കിരാ ഉയരുമ്പോൾ വല്ലാത്ത ഇക്കിളി. തിരിയിലിന്റെ ഏതോ ചാക്രിക സന്ധിയിൽ പൂട്ടൊന്നിളകി. കട്ട പിടിച്ച തുരുമ്പുകൾ അടർന്നു. അതിന്റെ ജീർണ്ണിച്ച അടരുകളെ പൊഴിച്ചുകൊണ്ട്‌ മണിവാതിൽ മെല്ലെ മെല്ലെ തുറന്നു. അന്തഃപുരത്തിലെ നിശാഗന്ധർവൻ മെല്ലെ അവളുടെ അരികിലെത്തി. ആദ്യം ആ നെറ്റിയിൽ, പിന്നെ കണ്ണുകളിൽ, കവിളുകളിൽ അവസാനം നനുത്ത ചുണ്ടുകളിൽ അവൻ മൃദുവായി ചുംബിച്ചു. അപ്പോൾ ഒരാലസ്യം അവളുടെ ഉടലിൽ പടർന്നു. അങ്ങനെ മയങ്ങി പോയി....

സെപ്‌തംബറിന്റെ ഈറനുള്ള കുളിർ കാറ്റ്‌ സ്മിനിയുടെ കൺപോളകളിൽ വലക്കൂട്‌ കെട്ടി. കണ്ണുകൾ അടയുമ്പോൾ ഒരു ചൂണ്ടക്കൊളുത്ത്‌. പ്രജ്ഞയുടെ കെട്ട്‌ ഇടക്കിടെ അഴിഞ്ഞുപോയി. അപ്പോൾ തല അറിയാതെ ചാഞ്ഞു അരികിലിരുന്ന അപരിചിതയായ ചേച്ചി അസഹ്യതയോടെ പിന്നെയും ഒന്നൊതുങ്ങിയിരുന്നു. ഞെട്ടിയ സൗമിനി വലക്കൂട്‌ പൊട്ടിയപ്പോയ കണ്ണുകൾ വലിച്ചു തുറന്ന്‌ അവരെ നോക്കി ക്ഷമാപണത്തോടെ ചിരിച്ചു അവരും.

അവൾ പാളി നോക്കി. നല്ല തിരക്കുണ്ട്‌. ധാരാളം വിദ്യാർത്ഥികൾ സ്‌ത്രീകൾ. പുരുഷന്മാർ. അന്തരീക്ഷത്തിൽ തൂക്കിയിട്ട മുകൾ കമ്പിയിൽ അവരെല്ലാം ഞാന്നു കിടന്നു. കുത്തി നിറച്ച അറവുമാടുകളെപ്പോലെ മുഖം പുറത്തോട്ട്‌ തള്ളി, പുറം കാഴ്‌ചകൾ കണ്ട്‌, പിന്നിൽ കിട്ടുന്ന ചവിട്ടിലും കുത്തിലും നിന്ന്‌ അവർ മനസ്സിനെ മാറ്റിപിടിച്ചു.

“മിക്കവാറും കണ്ടിട്ടുണ്ടല്ലോ.... എന്താ ജോലി?”

ചിരിയിൽ പൂത്ത സൗഹൃദം ചോദ്യമായി വന്നു. സൗമിനി തൂങ്ങി നിന്ന ഉറക്കത്തെ കുടഞ്ഞു തെറിപ്പിച്ച്‌ ചേച്ചിയുടെ മുഖത്തേയ്‌ക്ക്‌ നോക്കി. ഐശ്വര്യമുള്ള, ഇരുനിറക്കാരിയായ തടിച്ച സ്‌ത്രീ. സൗമ്യമായ ഒരുർജം ആ മുഖത്തുണ്ടല്ലോ.

“പി.ഡബ്ല്യൂ.ഡി.യിലാണ്‌.”

“കുട്ടികളൊക്കെയില്ലേ?”

“ഉണ്ട്‌ ചേച്ചി... രണ്ടു പേര്‌”

“ഭർത്താവിനെന്താണ്‌ ജോലി?”

“ഗൾഫിലാണ്‌...”

ബസ്സ്‌ ഒരു സ്‌റ്റോപ്പെത്തിയെന്നു തോന്നുന്നു. ഇറങ്ങിയതിന്റെ ഇരട്ടിയാണ്‌ തിരിച്ചു കയറിയത്‌. ചുമലിൽ ഒരു ഭാരം അമരുന്നത്‌ സൗമിനി മനസ്സിലാക്കി. മുഷിഞ്ഞ ഒരു ഷർട്ടിന്റെ തുമ്പ്‌ അവളുടെ മുഖത്ത്‌ തട്ടി. അവൾ കണ്ണുവെട്ടിച്ചു നോക്കി. ഒരു ചെറുപ്പക്കാരൻ. പാവം.... ആ മുഖം കണ്ടാലാറിയാം അനുഭവിയ്‌ക്കുന്ന നിർവൃതി. അറിയാത്തതുപോലെ ഇരുന്നു. ബസിന്റെ ഓരോ ഇളക്കത്തിലും ആ ഉരുമ്മലിന്റെ താളാത്മകത അവളറിഞ്ഞു.

ചെറിയ കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ തെറിച്ചു നിന്നു.

“പി. സൗമിനി, അസിസ്‌റ്റന്റ്‌ എഞ്ചിനീയർ.”

അതിന്റെ അരികിലെ ഹാഫ്‌ ഡോർ സ്വന്തം മാളത്തിലേയ്‌ക്കവളെ തള്ളിവിട്ടു. കിരു കിരാ ഒച്ച കേൾപ്പിയ്‌ക്കുന്ന റിവോൾവിങ്ങ്‌ ചെയറിൽ വിരിച്ചിരുന്ന വെളുത്ത ടവൽ മുഷിഞ്ഞു തുടങ്ങിയിരിയ്‌ക്കുന്നു. ഏതൊക്കെയോ നാട്ടുകാരുടെ ജീവിതത്തിൽ എവിടെയൊക്കെയോ ഏച്ചുകെട്ടാനുള്ള പാലവും കലുങ്കും റോഡുമെല്ലാം കടലാസിലിരുന്ന്‌ സൗമിനിയെ ആകാംക്ഷയോടെ നോക്കി. അവൾ അതിൽ മൃദുവായി തട്ടിയപ്പോൾ അല്‌പം പൊടിയുയർന്നു. സ്വീപ്പർ ശാരദേച്ചി ഇന്നു വന്നില്ലേ?

തൊട്ടടുത്തുള്ള അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ രമേശിന്റെ ഓഫീസിൽ നിന്നും പതിവുപോലെ ഉച്ചത്തിലുള്ള സംസാരം ഏതോ കോൺട്രാക്‌ടർമാരാണല്ലോ. നീണ്ട ലോബിയിലൂടെ ആളുകൾ വരുകയും പോവുകയും ചെയ്‌തു കൊണ്ടിരുന്നു. കടന്നൽ കൂടിന്റെ ഇരമ്പം ലോബിയിൽ കുടുങ്ങി കിടന്നു. അവൾ ഏതോ എസ്‌റ്റിമേറ്റിന്റെ ഫയലെടുത്ത്‌ അതിൽ തലപൂത്തി. നെടുകെയും കുറുകെയും വരച്ച വരകൾക്കു മീതെ വീണ്ടും ചൂണ്ടക്കൊളുത്ത്‌ അവളുടെ നേരെ ഇളകികൊണ്ടിരുന്നു.... അതിന്റെ മൂർച്ചയേറിയ മുന അവളുടെ ഹൃദയത്തിൽ കുരുക്കിട്ടു പിടിയ്‌ക്കാൻ നോക്കുകയാണ്‌. അതിന്റെ നേരിയ ഒരു നീറ്റൽ ഇല്ലാതില്ലാ.

“ മാഢത്തെ രമേശൻ സാർ വിളിയ്‌ക്കുന്നു....”

അറ്റൻഡറുടെ ചിലമ്പിയ ഒച്ച. അവൾ ചൂണ്ടക്കൊളുത്ത്‌ കുടഞ്ഞു തെറിപ്പിച്ചു.....

മിക്കവാറും രാവിലെ ഉള്ള പരിപാടിയാണല്ലോ ഇത്‌. അവൾ ഏതൊക്കെയോ കുറെ പേപ്പറുകളും പെറുക്കി അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ മുറിയിലെത്തി. സാരി അല്‌പം കൂടി വയറിനു മേലെ വലിച്ചിട്ടു. സാറിന്റെ നോട്ടം പലപ്പോഴും താഴേയ്‌ക്കു പാളുന്നത്‌ കണ്ടിട്ടുണ്ട്‌.

“സൗമിനി ഇരിയ്‌ക്ക്‌...”

അൻപതിനടുത്ത രമേശൻ സാറിന്റെ മുടിയ്‌ക്ക്‌ ഗോദറെജിന്റെ ശ്യാമവർണം. സ്വർണഫ്രെയിമിന്റെ ഉള്ളിലൂടെ ഇറുകിയ നരച്ച കണ്ണുകൾ അവളെ ആകെയൊന്നുഴിഞ്ഞു. ചിരിയ്‌ക്കുന്ന ആ പല്ലുകൾ തന്റെ ശരീരത്തിന്റെ ഏതൊക്കെയോ ഭാഗത്ത്‌ കടിയ്‌ക്കുന്നുണ്ട്‌. നാവ്‌ ഇഴഞ്ഞു നടക്കുന്നു. അവൾക്കത്ര അറപ്പൊന്നും തോന്നിയില്ല. സാറിനു പുളകമണിയാൻ മാത്രം മാദകമായ ചിരി സമ്മാനിച്ചു. ഇതു മിക്കവാറും കൊടുക്കുന്നതാണല്ലോ. നഷ്‌ടമില്ലാത്ത ഒരു സേവനം! പിന്നെ സാറിന്റെ ചില ഔദ്യോഗിക ചോദ്യങ്ങൾ. കടലാസ്‌ പരിശോധന. ഒപ്പിടൽ... അവസാനം വീണ്ടും ആ ചിരി

“പിന്നെ തിരക്കില്ലെങ്കിൽ വൈകിട്ട്‌ നമുക്ക്‌ എമ്പയറിൽ നിന്നൊരു ചായ കഴിയ്‌ക്കാം.”

“നോക്കട്ടെ...”

അവളും ചിരിച്ചു.

സൺഫിലിം ഒട്ടിച്ച വിൻഡോ ഗ്ലാസ്സിന്റെ അരികിലിരുന്നു പാതിയായ ചായക്കപ്പിലേയ്‌ക്ക്‌ സൗമിനി നോക്കി. തൂവെള്ള കപ്പിന്റെ പുറത്ത്‌ നീലനിറത്തിലുള്ള സുന്ദരമായ ചൈനീസ്‌ ഡിസൈൻ. ഫാമിലി റൂമിലെ ചുവരിൽ ഒട്ടിച്ച ചിത്രം. ആർക്കും നിർവചിയ്‌ക്കാനാവാത്ത ഗൂഡഹാസത്തോടെ അതിൽ നിന്നും മോണാലിസ അവളെ ഉറ്റുനോക്കി. എമ്പയർ റെസ്‌റ്റോറന്റിൽ ചാർജല്‌പം കൂടിയാലും സൗകര്യം മികച്ചതാണല്ലോ, പ്രത്യേകിച്ചും സ്വകാര്യമായി എന്തെങ്കിലും പറയണമെന്നുള്ളവർക്ക്‌. ഔപചാരികമായ കുറെ കുശലങ്ങൾക്കു ശേഷം കാര്യമായതെന്തോ പറയാനുള്ള ഒരുക്കത്തിനായി ചെറിയൊരു മൗനം എടുത്ത്‌ വായിൽ ഒട്ടിച്ചിരിയ്‌ക്കുകയാണ്‌ രമേശൻ സാർ. ചൂടു പോകും മുൻപേ ചായ ഒന്നുകൂടി മൊത്തി സൗമിനി. ഇപ്പോൾ ആ മൗനം ഉടയാനും മാത്രം സമയമായിട്ടുണ്ട്‌.

“ഇങ്ങനെ ഒറ്റയ്‌ക്കു താമസിച്ചു ബോറായില്ലേ സൗമിനി?”

ആഹാ! പ്രതീക്ഷിച്ച ചോദ്യം തന്നെ. രമേശൻ സാറിവിടെ വന്നിട്ട്‌ മൂന്നുമാസം ആകുന്നതേയുള്ളു. ഇതിനു മുമ്പുണ്ടായിരുന്ന ചിലരും ഇതേ ചോദ്യം ചോദിച്ചതാണല്ലോ. സൗമിനി ഒരു ചിരിയോടെ രമേശൻ സാറിനെ നോക്കി. അതോടെ അയാളുടെ ഞരമ്പുകൾക്ക്‌ മുറുക്കം കൂടി.

“ജീവിതത്തിലെ നല്ല സമയമാണ്‌ ഇങ്ങനെ കളയുന്നത്‌...”

“ശീലമായി സാർ.”

“ഇടയ്‌ക്കൊക്കെ ഒരു എൻജോയ്‌മെന്റ്‌ നല്ലതല്ലേ... ഐ മീൻ...ഒരു ഔട്ടിങ്ങ്‌.... ടൂർ...”

“ശരിയാണ്‌ സാർ.... എന്നാൽ ഒരു പെണ്ണ്‌ തനിച്ച്‌ ടൂറിനൊക്കെ....?”

“ഇതാ സൗമിനീടെ കുഴപ്പം... തനിച്ച്‌ പോകണ്ടല്ലോ...”

അവൾ രമേശൻ സാറിന്റെ മുഖത്തേയ്‌ക്ക്‌ നല്ലൊരു ചിരി കൂടി എറിഞ്ഞു കൊടുത്തു.

“ഹ...ഹ.... ആലോചിയ്‌ക്കട്ടെ.... സർ. ഇനിയും സമയമുണ്ടല്ലോ... അപ്പോ എനിയ്‌ക്കു പോകാൻ സമയമായി”

സൗമിനിയ്‌ക്ക്‌ എപ്പോഴാ സൗകര്യമെന്നു വച്ചാൽ പറഞ്ഞാൽ മതി.“

എഴുനേറ്റു പോരുന്ന തന്റെ പിൻഭാഗത്ത്‌ സാറിന്റെ ആർത്തി കണ്ണുകളുടെ പരാക്രമം അവൾ അറിഞ്ഞു.

രമേശൻ സാറിന്റെ ഭാര്യ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജിസ്‌റ്റാണ്‌. മക്കൾ ഉന്നത പഠനം നടത്തുന്നവരും. തിരുവനന്തപുരത്താണ്‌ അദ്ദേഹത്തിന്റെ കുടുംബം. ഇവിടെ ലോഡ്‌ജിലാണ്‌ താമസം. ഓഫീസിൽ ധാരാളം സ്‌റ്റാഫുകൾ ആണായും പെണ്ണായും ഉണ്ടെങ്കിലും, വന്ന്‌ ഒരാഴ്‌ചക്കകം സാറിന്‌ തന്നെക്കാണുമ്പോൾ ഉണ്ടാകുന്ന എരിപിരി സൗമിനി മനസ്സിലാക്കി. ഒരു പക്ഷെ തന്റെ ഡിറ്റെയിൽസ്‌ ആരെങ്കിലും പറഞ്ഞു കൊടുത്തു കാണും.

റസ്‌റ്റാറന്റിൽ നിന്നിറങ്ങിയപാടെ അവൾ തല ആഞ്ഞു കുടഞ്ഞു. ഇത്രയും നേരം കേട്ടിരുന്ന പഞ്ചാരവാക്കുകളെല്ലാം തലയിൽ നിന്നും തെറിച്ചു പോട്ടെ!

ഒൻപതു മണിയ്‌ക്കു മുൻപേ അപ്പുവും റാണിമോളും ഉറങ്ങും. നേരത്തെയുള്ള ശീലമാണ്‌. അടുത്ത മുറിയിൽ അച്ഛനും അമ്മയും കൂടിചേക്കേറിയാൽ വീടു നിശബ്‌ദം.

അപ്പോൾ മറ്റൊരു ലോകം വിരിയുകയായി. അസംഖ്യം സൗഹൃദപ്പൂക്കൾ വിരിയുന്ന, അക്ഷരജാലികയിൽ വർണം പുരട്ടി ചിത്രത്തൊങ്ങൽ പിടിപ്പിച്ച പൂമ്പാറ്റകൾ പാറുന്ന, അനേകം ജാലകങ്ങളിലൂടെ അനന്തതയിലേയ്‌ക്ക്‌ നോക്കി ചിരിയ്‌ക്കുകയും കരയുകയും പ്രണയിയ്‌ക്കുകയും ചെയ്യുന്ന മായാ മനുഷ്യരുള്ള മാസ്‌മരലോകം. പതിനേഴിഞ്ച്‌ വിസ്‌താരമുള്ള തന്റെ ജാലകത്തിലുടെ സൗമിനിയും ആ ലോകത്തേയ്‌ക്ക്‌ തലയിട്ടു.

അവളുടെ ടേബിളിലെ എൽ.സി.ഡി. സ്‌ക്രീനിൽ ”ഫേസ്‌ ബുക്കിന്റെ ജാലകം തുറന്നു കിടക്കുന്നു ഏറെനേരമായി. അവൾ കാണുന്നുണ്ടായിരുന്നു. ഭൂമിയുടെ ഏതൊക്കെയോ കോണലിരുന്ന്‌ മായാമനുഷ്യർ സ്വന്തം വികാരങ്ങളും വിചാരങ്ങളും അക്ഷരചെപ്പിലൊളിപ്പിച്ച്‌ ഒഴുക്കി വിട്ട “സ്‌റ്റാറ്റസു‘കൾ ആ നീല സമുദ്രത്തിലൂടെ തങ്ങളുടെ ആളെ തേടി ഒഴുകി നടക്കുന്ന ജാലക കാഴ്‌ച.

സൗമിനി ഫേസ്‌ ബുക്കിന്റെ ചാറ്റ്‌ റൂം ഓണലൈൻ ലിസ്‌റ്റിലേയ്‌ക്ക്‌ ഉഴറി നോക്കിക്കൊണ്ടിരുന്നു. പച്ചവെളിച്ചം തെളിച്ച്‌ എട്ടു പേരുണ്ട്‌. എന്നാൽ ആ പേരു കാണുന്നില്ല. കാത്തിരിയ്‌ക്കുന്ന ആ പേരു മാത്രം വരുമായിരിക്കും. സമയം അധികമായില്ലല്ലോ.

അവൾ എഴുന്നേറ്റ്‌ ഫ്രിഡ്‌ജിൽ നിന്നും അല്‌പം തണുത്ത വെള്ളം കുടിച്ചു. വാഷ്‌ബേസിനിൽ മുഖം കഴുകി. വീണ്ടും വന്നു ”ഫേസ്‌ ബുക്കി“ലേയ്‌ക്ക്‌ നോക്കി. വന്നിട്ടില്ല.

എന്താണിന്നു പറയേണ്ടത്‌

രണ്ടുമാസം മുൻപ്‌ തേടി വന്ന ഫ്രെണ്ട്‌ റിക്വസ്‌റ്റ്‌ ”വിജയ്‌“ എന്ന്‌ പ്രൊഫൈൽ നാമത്തിൽ. അല്‌പം കഷണ്ടിയുള്ള, ഫ്രെയിംലെസ്സ്‌ ഗ്ലാസു വെച്ച ഫ്രെഞ്ച്‌ താടിയുള്ള സൗമ്യമായ പ്രൊഫൈൽ ചിത്രം അറിയാതൊരാകർഷണം. കൊള്ളാവുന്ന റിക്വസ്‌റ്റുകൾ ലിസ്‌റ്റിൽ ചേർക്കുന്നതു സാധാരണമാണല്ലോ. ഏതോ സ്‌റ്റാറ്റസ്‌ ചർച്ചയിൽ ഉടക്കിയ പരിചയം ചാറ്റ്‌ റൂമിലേയ്‌ക്ക്‌ വളർന്നു. വാചകങ്ങളിലെ മിതത്വം, കുലീനത, ഊഷ്‌മളത.... മനസ്സിൽ എവിടെയോ അടുപ്പം മുളപൊട്ടിയല്ലോ.... അതുപിന്നെ.... എന്താണു പറയേണ്ടത്‌.... വല്ലാത്ത ഒരഭിനിവേശം, മനസ്സിൽ എപ്പോഴൊ കുഴിച്ചു മൂടിയ മൃദുല വികാരങ്ങൾ മെല്ലെ മെല്ലെ ഉണരുന്നു. ഹൃദയം തുറന്നു സല്ലപിയ്‌ക്കലുകൾ.... കുസൃതികൾ... പിന്നെയതു ചിലപ്പോഴെങ്കിലും കുരുത്തക്കേടുകളിലേയ്‌ക്ക്‌.

അക്ഷരങ്ങൾക്ക്‌ തലോടാനും ചുംബിയ്‌ക്കാനും പുളകിതയാക്കാനും കഴിയുമെന്നറിഞ്ഞ, അവയ്‌ക്ക്‌ പുരുഷന്റെ കരുത്ത്‌ പകർന്നു തരാനാവുമെന്നറിഞ്ഞ, ഒരു ദിവസം കാണാതിരുന്നാൽ അസഹ്യമാണെന്നറിഞ്ഞ നാളുകൾ...

സൗമിനി കണ്ണുകൾ ഇറുക്കിയടച്ചു. അപ്പോൾ ഉള്ളിൽ നിന്നാരോ അവളെ സൗമ്യമായി വിളിച്ചു .

”സൗമീ...“

ഒരു ഞെട്ടൽ, തന്നെ ആദ്യം സ്‌പർശിച്ച പുരുഷ ശബ്‌ദം. ആദ്യം പകർന്നു കിട്ടിയ ചൂട്‌... ആവേശം. രാജേട്ടൻ....! സൗമിനിയുടെ ഉള്ളിൽ ഒരു വിങ്ങൾ ഉയർന്നടങ്ങി. കുറ്റബോധമുണ്ടോ? ആ സ്‌നേഹം മറന്നതിന്‌? ആ മനസ്സ്‌ പൊറുക്കുമോ?

പെട്ടെന്ന്‌ ഒരു ”ബീപ്‌“ ശബ്‌ദം അതാ ”ഫേസ്‌ ബുക്കി“ന്റെ നീലാകാശത്ത്‌ ഒരു പച്ച നക്ഷത്രം ഉദിച്ചിരിയ്‌ക്കുന്നു.

വിജയ്‌ - ഓൺലൈൻ!

സൗമിനിയുടെ ഹൃദയം വല്ലാതെ വിങ്ങിത്തുടിച്ചു. ചുട്ടു പഴുത്ത ആ ചൂണ്ട

അവളുടെ മുമ്പിൽ വീണ്ടും ആടാൻ തുടങ്ങി. അതിന്റെ കൂർത്ത കൊളുത്ത്‌ തന്നെ റാഞ്ചിയേക്കുമോ?

”ഹായ്‌“

പൊന്തി വന്ന ചാറ്റ്‌ വിൻഡോയിൽ നിന്ന്‌ വിജയ്‌ അവളെ വിളിച്ചു. സൗമിനിയുടെ വിരലുകൾക്ക്‌ വിറയൽ അനുഭവപ്പെട്ടു. ചുണ്ടുകളിൽ ഒരു വരൾച്ച. ശ്വാസഗതി അല്‌പം കൂടി. ഒന്നു പിൻവലിഞ്ഞ ശേഷം അവൾ ടൈപ്പ്‌ ചെയ്‌തു.

”ഹായ്‌“

”അല്‌പം താമസിച്ചു. സുഖമല്ലേ?“

”ഉം“

”കുട്ടികളുറങ്ങിയോ?“

”ഉം“

”ഫുഡ്‌ കഴിച്ചോ?“

”ഉം“

”ഇന്നു പകൽ മുഴുവൻ ഈ മുഖമായിരുന്നു മനസ്സിൽ. ഈ മായാലോകത്തു മാത്രം കണ്ടിട്ടുള്ള ആ കണ്ണുകൾ, ആ മൂക്ക്‌ ആ ചുണ്ടുകൾ... എല്ലാം ഇനി യാഥാർത്ഥ്യ ലോകത്തും എനിയ്‌ക്ക്‌ സ്വന്തമാകുമല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരാവേശം...“

”ഉം“

”എന്താ ഒരു മൂഡില്ലാത്ത പോലെ?“

”ഏയ്‌... സുഖമാണ്‌

“ഞാനിന്നലെ സംസാരിച്ച കാര്യം

സൗമിനി ഒരാന്തലോടെ കൈ പിൻവലിച്ചു. ഉയർന്നുതാഴുന്ന നെഞ്ചോടെ അവൾ കിടക്കയിൽ നോക്കി. അപ്പുവിന്റെ കാൽ ഇന്നും റാണിമോളുടെ മേലെയാണ്‌ പാവം ചുരുണ്ടു കിടക്കുന്നു. നിഷ്‌കളങ്ക ജന്മങ്ങൾ. എപ്പോഴും അമ്മ അടുത്തു വേണമെന്നു വാശിപിടിയ്‌ക്കുന്ന റാണി മോൾ തന്റെ മടിയിലിരുന്നാൽ മാത്രമേ ചോറുണ്ണുന്ന അപ്പു.

അവളറിയാതെ കണ്ണുകൾ ചുമരിലേയ്‌ക്കു നീങ്ങി. മങ്ങിയ വെളിച്ചത്തിൽ, ചതുര ഫ്രെയിമിനുള്ളിലിരുന്നു രാജേട്ടൻ ഉറ്റുനോക്കുന്നു. അഞ്ചു വർഷം പഴക്കമുള്ള ഫോട്ടോയ്‌ക്ക്‌ ചെറിയൊരു മങ്ങലുണ്ടെങ്കിലും ആ കണ്ണുകളുടെ തെളിച്ചം മാഞ്ഞിട്ടില്ല.

ആ ശപിയ്‌ക്കപ്പെട്ട സന്ധ്യ. ഒരു മിന്നായം പോലെ, വെള്ളത്തുണിയിൽ മൂടിയ ആ രൂപം കൺകളിൽ... അതിൽ

അവിടെവിടെ ചോരപ്പൂക്കൾ....

സൗമിനി അസഹ്യതയോടെ തല കുടഞ്ഞെറിഞ്ഞു. കണ്ണു വേദനിയ്‌ക്കുവോളം അമർത്തിപ്പൊത്തി. വയ്യ... അതിനിയും ഓർമ്മിയ്‌ക്കാൻ വയ്യ.

ഉഷ്‌ണക്കാറ്റടിയ്‌ക്കുന്ന മരുഭൂമിയിൽ അലഞ്ഞ നാളുകൾ. ചുറ്റും സഹതാപ കണ്ണുകൾ. രാത്രികളിൽ കൂട്ടായി പേക്കിനാവുകൾ മാത്രം. ചവിട്ടടിയിലെല്ലാം ഇരുട്ട്‌, പുതയുന്ന ഇരുട്ട്‌. അതിനിടയിലൂടെ കരിമ്പാമ്പുകൾ ഇഴഞ്ഞു നടന്നു. വിഷക്കാറ്റൂതുപ്പുന്ന ആ വായകൾ തുറക്കുമ്പോൾ വഴുവഴുത്ത ഇരുട്ട നാവുകൾ പാദങ്ങളിൽ സ്‌പർശിച്ചു. മരവിപ്പ്‌... തണുത്തുറയുന്ന മരവിപ്പ്‌.

പലരുടെയും സഹതാപം ഉടലിന്റെ മിനുപ്പിലാണെന്നു തിരിച്ചറിഞ്ഞു. വൈകാതെ, സ്‌നേഹ ക്ഷണങ്ങൾ സപത്നിയാവാനായി. ആൺ തുണയില്ലാത്ത പെണ്ണിന്‌ സൗജന്യ സേവനം, ശരീരമായി മാത്രം കാണുന്നവരുടെ ഔദാര്യം.

മുലകുടി മാറാത്ത റാണിമോൾ കുഞ്ഞി ചുണ്ടുകൾ പിളർത്തി കരയുമ്പോൾ തെളിയുന്ന പല്ലില്ലാത്ത മോണകളും, അപ്പുവിന്റെ, ഉറക്കത്തിൽ ചുറ്റി വരിയുന്ന കുഞ്ഞിക്കൈകളും, ആഴത്തിലേയ്‌ക്ക്‌ മുങ്ങുമ്പോഴും പിടിച്ചു നിൽക്കാനുള്ള വള്ളിയായി. രാജേട്ടന്റെ ചൂട്‌ എല്ലാറ്റിലും തുണയായി നിന്നു. ആർക്കും ഒരു ഭാരമാകാതിരിയ്‌ക്കാൻ ഈശ്വരൻ നീട്ടിയ വരമായി സർക്കാർ ജോലി, രാജേട്ടന്റെ മരണം തനിയ്‌ക്കായി ബാക്കി വച്ചതായിരുന്നു സർക്കാർ ഫയലിൽ.

വരണ്ടുണങ്ങിയ മരുഭൂവിൽ അപ്രതീക്ഷിതമായി പെയ്‌തു വന്ന മഴയായി വിജയ്‌.....

ഏതോ ദുർബല നിമിഷത്തിൽ ഉള്ളിലുള്ളതെല്ലാം പറഞ്ഞു പോയി. അപ്പോൾ എവിടെയൊ ഒരാശ്വാസം വന്നണഞ്ഞല്ലോ, കുറ്റബോധത്തിനും അപ്പുറമുള്ള ആശ്വാസം! അയാൾ വിഭാര്യനാണെന്നറിഞ്ഞപ്പോൾ എന്തിനാണ്‌ മനസ്സ്‌ തുടിച്ചത്‌? ഇതു വരെ ആരിൽ നിന്നും പ്രതീക്ഷിയ്‌ക്കാത്ത എന്തിനോ കാതോർത്തു പോയോ? ഉള്ളിൽ പെയ്‌ത മഴയിൽ മുളച്ചുപൊന്തി പൂത്തുലഞ്ഞ വർണ്ണ പൂക്കളുടെ ഗന്ധം മത്തുപിടിപ്പിച്ച പോലെ... ഒരു വിളിയ്‌ക്കു കാതോർത്തിരുന്നോ അറിയാതെയെങ്കിലും?

അവസാനം, ആ ചോദ്യം വന്നലച്ചു, ഇന്നലെ...

”സൗമിനി, വന്നു കൂടെ എന്റെ ജീവിതത്തിലേയ്‌ക്ക്‌?

കരുതിയതിലധികമാണ്‌ ഭാരം! തന്നെ ഞെരിച്ചമർത്താനുള്ള ഗുരുത്വം.

സൗമിനിയുടെ ഹൃദയം പതുക്കെ വിണ്ടു കീറാനാരംഭിച്ചു. എന്നിട്ടത്‌ രണ്ടായി മാറി. അവ പരസ്‌പരം മുഖാമുഖം നോക്കി. അവയുടെ ഓരോ മിടിപ്പിലും രക്തം ചീറ്റിക്കൊണ്ടിരുന്നു. ആ രക്തം അവളുടെ ഗർഭപാത്രത്തിൽ നിറഞ്ഞു കവിഞ്ഞു. അവളറിയാതെ മുലക്കണ്ണുകളിൽ പാൽ തുള്ളികൾ പൊടിച്ചു.

അപ്പോൾ “ഫേസ്‌ബുക്കി”ന്റെ ചാറ്റ്‌ വിൻഡോയിൽ ആ ചോദ്യം പിന്നെയും പിന്നെയും വന്നു കൊണ്ടിരുന്നു. വിജയ്‌ അക്ഷമനാകുകയാണ്‌.

പെട്ടെന്ന്‌ റാണിമോൾ മെല്ലെയൊന്നു ചിണുങ്ങിതിരിഞ്ഞു കിടന്നു. ഒരു ഞെട്ടലോടെ സൗമിനി മോളെ നോക്കി. പാവം. അപ്പുവിന്റെകാൽ മുഖത്തു തട്ടിയെന്നു തോന്നുന്നു. ഉള്ളിൽ നിന്നും തള്ളി വന്ന നിലവിളി വായ്‌പൊത്തി അവൾ അമർത്തി.

ഓഫാക്കിയ കമ്പ്യൂട്ടർ സ്‌ക്രീനിലേയ്‌ക്ക്‌ സൗമിനി ഒന്നുകൂടെ നോക്കി. തന്റെ വിരലുകൾ കൊത്തിയ ആ വാക്കുകൾ ഇപ്പോഴും അവിടെ തിളങ്ങുന്നുണ്ടെന്ന്‌ അവൾക്കു തോന്നി.

“എന്നോടു ക്ഷമിയ്‌ക്കൂ വിജയ്‌....”

അപ്പുവിനെയും റാണിമോളെയും നേരെ കിടത്തി പുതപ്പു വലിച്ചിട്ടു. എന്നിട്ട്‌ അവരെ തന്നോടു ചേർത്തമർത്തി സൗമിനി കിടന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്‌ക്കാൻ അവൾ മിനക്കെട്ടില്ല. അതങ്ങനെ ഒഴുകട്ടെ.....

ബിജുകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.