പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

വിരോധികളുടെ ദൈവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌ പേരശ്ശന്നൂർ

“യുദ്ധം പോലെ സമാധാനം തരുന്ന ഒന്നാണ്‌ എനിക്ക്‌ നിന്റെ സാന്നിദ്ധ്യം.”

ഭോഗാലാസ്യത്തോടെ തന്റെ നെഞ്ചിൽ തല ചായ്‌ച്ചുറങ്ങുന്ന അവളോട്‌ അയാൾക്കത്‌ ഉറക്കെ പറയണമെന്നുണ്ടായിരുന്നു.

പക്ഷേ.......

സ്വകാര്യമായ ആ ആഹ്ലാദം അയാൾ ഉള്ളിലൊതുക്കി.

നീയെന്റെ സമാധാനമാണ്‌.....

നീയെന്റെ സമാധാനമാണ്‌.....

സ്‌നേഹം നെഞ്ചിൽ പറ്റിക്കിടന്നതുകൊണ്ടാവണം അയാളും പതിവിനു വിപരിതമായി സുഖനിദ്രയിലേക്ക്‌ വഴുതി. അധികം വൈകാതെ നിലാവ്‌ ചത്ത രാത്രിയെ ക്ഷണിച്ചുകൊണ്ട്‌ (1)ചാൻസലറി മന്ദിരവും ഇരുട്ടിലാണ്ടു.

കട്ടിലിനടിയിൽ (2)ഫ്യൂററിന്റെ പട്ടി അപ്പോഴും അസ്വസ്‌ഥനായി ഉറക്കം വരാതെ കിടന്നു.

ദൂരെയെവിടെയോ ഷെൽ വർഷിച്ചതിന്റെ നേരിയ ശബ്‌ദം ഉറക്കത്തിലും അയാളുടെ കാതുകൾ പിടിച്ചെടുത്തു. വളരെ കാലത്തിനു ശേഷം ലഭിച്ച സുഖനിദ്ര പാതിയിൽ മുറിഞ്ഞു പോയതിന്റെ വല്ലായ്‌മയിൽ അയാൾ കണ്ണുകൾ തുറന്നു.

“ബ്ലോണ്ടി.....” അയാളും അസ്വസ്‌ഥാനായി.

ഫ്യൂററിന്റെ മുന്നിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ച ജീവി കട്ടിലിനടിയിൽ നിന്നും പുറത്തേക്കിറങ്ങി അയാളെ അലോസരപ്പെടുത്താത്ത ഒരു ശബ്‌ദം പുറപ്പെടുവിച്ച്‌ സ്‌നേഹം കാട്ടി.

ഭാഗ്യം.....!

എപ്പോഴോ അയാളുടെ നെഞ്ചിടിപ്പിൽ നിന്ന്‌ ഉറക്കത്തെ അവൾ തലയണയിലേക്ക്‌ പറിച്ചു നട്ടിരുന്നു.

ധൃതിയിൽ എഴുന്നേറ്റ്‌ കുപ്പായമണിഞ്ഞ്‌ അയാൾ ബങ്കറിലേക്ക്‌ നടന്നു. കൂടെ ഉറങ്ങിയവളെക്കുറിച്ച അയാൾ പാടെ മറന്നുപോയിരുന്നു.

അരണ്ട വെളിച്ചത്തിൽ ബോ​‍്ലണ്ടി യജമാനന്റെ സ്‌നേഹത്തിന്‌ കാവലിരുന്നു.

ഭൂവിശാലതയിൽ ഉണക്കാനിട്ട കുപ്പായങ്ങൾക്ക്‌ കാറ്റ്‌ പിടിക്കുന്നത്‌ ആസ്വദിച്ചു നിൽക്കുകയായിരുന്നു അവൾ. പൊടുന്നനെയാണ്‌ അകാരണമായൊരു ഭയം അവളെ പിടികൂടിയത്‌.

കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിന്ന്‌ ആത്മാവുകൾ കൂട്ടത്തോടെ നനഞ്ഞ കുപ്പായങ്ങളിൽ ശരീരം തിരയുന്നതിന്റെ അസ്വസ്‌ഥത സ്വപ്‌നത്തോടൊപ്പം അവളുടെ ഉറക്കത്തെയും മുറിച്ചു കളഞ്ഞു.

“ഈവാ” - ഫ്യൂറർ തന്നെ വിളിച്ചോ എന്ന്‌ ഒരു നിമിഷം അവൾ സംശയിച്ചു.

തന്റെ ഉള്ളിലെ ജൂതവിചാരം ബ്ലോണ്ടി പിടിച്ചെടുത്തിട്ടുണ്ടാവുമോ? എന്തോ അപകടം മണത്തിട്ടെന്നപോലെ പട്ടി ഫ്യൂററിന്റെ അടുത്തേക്ക്‌ ഓടിപ്പോയി.

കുറച്ചു ദിവസമായി അയാളോട്‌ പറയാൻ അവൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ഭാരമുണ്ട്‌. പക്ഷേ സ്‌നേഹത്തിന്റെ ഏകാധിപത്യം അനുഭവിക്കുമ്പോൾ അതെങ്ങിനെയാണ്‌ വെളിപ്പെടുത്തുക?

ഓരോ വികാരത്തോടെ കെട്ടിപ്പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന മനുഷ്യന്റെ മുന്നിൽ അവൾ ജീവിക്കുന്നതു തന്നെ അയാൾ തന്നെ സ്‌നേഹിക്കുന്നു എന്ന ഒറ്റ ബലത്തിലാണ്‌.

സ്‌നേഹനഷ്‌ടം.... അകാലമരണം പോലെ സുന്ദരമായൊരു ദുരന്തമാണത്‌. അതുണ്ടാവരുത്‌. അവൾക്ക്‌ ഞരമ്പുകൾ തളരുന്നതുപോലെ തോന്നി.

ലോകത്തിന്റെ ആത്‌മാവിന്‌ ചോരപൊടിയുന്ന ചിന്തകളിൽ നിന്നുള്ള മോചനം ആ നിമിഷത്തിൽ അവൾ വല്ലാതെ ആഗ്രഹിച്ചുപോയി. മുറിയിലെ അരണ്ട വെളിച്ചം ബാക്കിവച്ച ഇരുട്ടിൽ അവൾ സ്വയം നഷ്‌ടപ്പെട്ടിരുന്നു.

ബങ്കറിൽ നിന്ന്‌ അയാൾ ധൃതിയിൽ മുറിയിലേക്ക്‌ വന്നത്‌ പെട്ടെന്നാണ്‌. കൈയിലെ പാലറ്റിൽ ഒന്നായിച്ചേരാൻ വിസ്സമ്മതിച്ച നിറങ്ങളുടെ ദുഃഖം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

കലങ്ങിചേർന്ന നിറങ്ങൾ പോലെ പ്രക്ഷുബ്‌ധമായിരുന്നു അയാളുടെ മനസ്സും. പാലറ്റ്‌ വലിച്ചെറിഞ്ഞതിന്റെ ഒച്ച കേട്ടപ്പോഴാണ്‌ അയാളുടെ സാന്നിദ്ധ്യം അവൾക്ക്‌ അനുഭവപ്പെട്ടത്‌.

“എന്നെ വരച്ചു കഴിഞ്ഞോ?”

അവൾ കൗതുകത്തോടെ ചോദിച്ചു.

അയാൾ ഒന്നും മിണ്ടാതെ കട്ടിലിൽ തല താഴ്‌ത്തിയിരുന്നത്‌ പല്ലിറുമ്മി.

“ഞാൻ നിന്റെ ആരാണ്‌?”

ഇലയനക്കമില്ലാത്തിടത്തേക്ക്‌ അനുവാദമില്ലാതെ വന്ന കാറ്റ്‌ പോലെയായിരുന്നു അയാളുടെ ചോദ്യം.

ഇങ്ങനെയൊരു ചോദ്യം അയാളിൽ നിന്നുണ്ടാവുമ്പോൾ പറയാൻ ഒരുത്തരം അവളും കരുതിവെച്ചിരുന്നു.

“ഞാൻ നിന്റെ ആരാണ്‌?” ഫ്യൂറർ വീണ്ടും ക്ഷുഭിതനായി.

“വിരോധികളുടെ.....” പറയാൻ വന്നത്‌ അവളുടെ തൊണ്ടയിൽ തടഞ്ഞു.

ഈയിടെയായി ഉറപ്പിച്ചുവച്ചതൊക്കെ തെറ്റിപ്പോകുന്നുണ്ട്‌ അവൾക്ക്‌. സ്‌നേഹഭയം പ്രണയിക്കുന്നവരുടെ മാത്രം വികാരമാണ്‌. അവൾ വിചാരപ്പെട്ടു.

ക്ഷമ നശിച്ച അയാൾ അവളുടെ മൗനത്തിലേക്ക്‌ തല ഉയർത്തിനോക്കി.

താൻ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത സ്‌നേഹസാന്നിദ്ധ്യമായി അവൾ തന്റെ മുന്നിൽ നിൽക്കുന്നു.

“ഇതിൽ ഏതെങ്കിലുമൊന്ന്‌ തൊടുമോ?” അവൾ രണ്ടു വിരലുകൾ അയാളുടെ ഹൃദയത്തിലേക്ക്‌ നീട്ടി.

വിരൽ തുമ്പ്‌ തൊട്ട്‌ മനസ്സറിയാമെന്ന വ്യാമോഹം അയാൾക്കുണ്ടായി.

തന്റെ സ്വപ്‌നങ്ങൾ ഒളിപ്പിച്ചുവച്ച വിരൽത്തുമ്പിൽ അയാൾ തൊട്ടപ്പോൾ ആഗ്രഹങ്ങൾ സഫലമാകുമെന്ന വിചാരം അവളെ തരളിതയാക്കി.

“ഒരു ജൂതയെ തൊട്ടതുപോലെ വിളറിപ്പോയി അയാൾ. ജീവിതത്തിലാദ്യമായി താൻ കീഴടങ്ങിയതായി ഫ്യൂററിന്‌ അനുഭവപ്പെട്ടു.

സ്‌നേഹത്തിന്റെ മുന്നിൽ തോറ്റ്‌ കൊടുക്കാനുള്ളതല്ല ഈ ജന്മം - അയാളുടെ ഉള്ളിലെ ജൂതവിരോധി അലോസരപ്പെട്ടു.

അവൾ സ്വയം അയാൾക്കു വിട്ടു കൊടുത്ത്‌ കണ്ണടച്ച്‌ നിന്നു. ക്ഷോഭം അടങ്ങുമ്പോൾ അവളുടെ കഴുത്തിലെ കാക്കപ്പുള്ളിയിൽ അയാൾ ഉമ്മ വെക്കുന്നത്‌ പതിവുള്ളതാണ്‌.

ഇത്തവണ അവളെ അവഗണിച്ചു കൊണ്ട്‌ പുസ്‌തകഷെൽഫിലെ തന്റെ പ്രത്യയശാസ്‌ത്രത്തെ അയാൾ അഭയം പ്രാപിച്ചു.

”അമ്മേ ഞാൻ തോറ്റു പോവുകയാണോ?“

ചാൻസലറി മന്ദിരത്തിനു പുറത്തുള്ള ഇരുട്ടിലിരുന്ന്‌ ലോകം നിലവിളിക്കുന്നതായി അയാൾക്കു തോന്നി.

മേശവലിപ്പ്‌ തുറന്ന്‌ അയാൾ രണ്ട്‌ ഇരുമ്പു കുരിശുകൾ കൈയിലെടുത്തു. ബവേറിയൻ കാലാൾ പടയാളിയായിരുന്നപ്പോൾ യുദ്ധമുന്നണിയിൽ സധീരം പോരാടിയതിന്‌ ലഭിച്ച രണ്ട്‌ ഇരുമ്പു കുരിശുകൾ!

ഭൂതകാലത്ത്‌ നിന്ന്‌ ധൈര്യം തിരിച്ചു പിടിക്കാനെന്നോണം അയാൾ കുരിശുകൾ മുറുകെ പിടിച്ചു. കുരിശിലെ തണുപ്പ്‌ ശരീരത്തിൽ പടരുമ്പോൾ അയാൾ സ്വയം മറന്നു.

മരവിച്ചു നിൽക്കുമ്പോളാണ്‌ പിന്നിൽ നിന്ന്‌ അവൾ അയാളെ പൊതിഞ്ഞത്‌. വാത്സല്യം നിറഞ്ഞ അനുസരണയോടെ ഏറെനേരം അങ്ങനെ നിൽക്കാൻ അയാളും ഇഷ്‌ടപ്പെട്ടു.

ഇരുവരുടേയും നെഞ്ചിടിപ്പിന്റെ താളം ഒന്നായിത്തീർന്ന നിമിഷത്തിൽ അയാളുടെ ചെവിയിൽ നിന്ന്‌ സ്‌നേഹം കടിച്ചെടുത്തുകൊണ്ട്‌ അവൾ കുഞ്ഞാടായി.

”എന്റെ സ്‌നേഹം നിങ്ങൾ ലോകത്തോട്‌ പ്രഖ്യാപിക്കണം.“

ഈവയുടെ കരവലയത്തിൽ നിന്ന്‌ മോചിതനായി ഫ്യൂറർ വേട്ടക്കാരന്റെ നിസ്സഹായതയോടെ പറഞ്ഞു - ”ഞാനല്ലേ നിന്റെ ലോകം?“

ഈവയുടെ ദയാരഹിതമായ ഒരു നോട്ടം കൊണ്ട്‌ ഫ്യൂററിന്റെ ഉള്ളം പൊള്ളി.

”ചരിത്രം എന്നെ വെപ്പാട്ടിയാക്കരുത്‌.“ ഈവയുടെ കണ്ണിൽ നിന്ന്‌ അശാന്തി പെയ്‌തു.

ഇതിനു മുമ്പ്‌ അമ്മ മാത്രമേ ഇങ്ങനെ കരയുന്നതായി അയാൾ കണ്ടിട്ടുള്ളൂ. മോഹത്തിനു തീ പിടിക്കുമ്പോഴാണ്‌ പെണ്ണുങ്ങൾ കരയുക.......

ഇരുമ്പു കുരിശുകൾ ഫ്യൂററിന്റെ കൈവിട്ടു പോയി അതു നന്നായി. ഇല്ലെങ്കിൽ അയാൾ തണുത്തുറഞ്ഞു പോയേനെ.

ഈവ തേങ്ങിക്കൊണ്ടിരുന്നു.... കണ്ണീരിൽ കുതിർന്ന്‌ ഇരുമ്പു കുരിശുകൾ അലിഞ്ഞു പോകുമോ എന്ന്‌ ഒരു നിമിഷം അയാൾ ഭയപ്പെട്ടു.

വർണ്ണങ്ങളെ സ്‌നേഹിച്ച ചിത്രകാരന്റെ മനസ്സ്‌ തിരികെ കിട്ടിയ ധന്യ നിമിഷത്തിൽ അയാൾ ക്രിസ്‌തുവായി.

നനഞ്ഞ കുരുശിൽ തൊട്ട്‌ അയാൾ സത്യം ചെയ്‌തു.

നീയെന്റേതാണ്‌......

നീയെന്റേതാണ്‌......

ഫ്യൂററിന്റെ വാക്കുകൾ സംഗീതമായി. സ്‌നേഹം കൊണ്ട്‌ മുറിവേറ്റവന്റെ പിടച്ചിൽ ആ നിമിഷം അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു.

പ്രിയതമൻ വിശ്വസ്‌തനായ നുണയനെ ഫോൺ ചെയ്യുന്നത്‌ അവൾ കേട്ടു കൊണ്ടിരുന്നു.

ഗീബൽസ്‌......

”അസാമാന്യനായ ഒരാളുടെ സ്വന്തമായിരിക്കുക എളുപ്പമല്ല.“ തിരസ്‌കരിക്കപ്പെടാതിരിക്കുന്നതിലെ സുഖം അനുഭവിക്കുന്ന നിമിഷത്തിൽ അവൾ മാലാഖയായി.

ഈവ തന്റേ ആഹ്ലാദം അടക്കിക്കൊണ്ട്‌ ഫ്യൂററിനെത്തന്നെ നോക്കിയിരുന്നു. സ്വർഗ്ഗം നിർമ്മിക്കുവാൻ പോകുന്നവന്റെ വെപ്രാളമായിരുന്നു അയാൾക്ക്‌.

ഘടികാരത്തിൽ സമയം പുലർച്ച മുഴങ്ങി.

പുറത്തെ തണുപ്പിൽ നിന്ന്‌ ഗീബൽസിനോടൊപ്പം മജിസ്‌ട്രേറ്റ്‌ ഇറങ്ങിവന്നത്‌ പുരോഹിതന്റെ മനസ്സുമായാണ്‌.

പ്രാർത്ഥനാമണി മുഴങ്ങേണ്ട സമയത്ത്‌ വെടിപൊട്ടുന്ന ശബ്‌ദം പതിവില്ലാത്ത വിധം ഗീബൽസിനെ അലോസരപ്പെടുത്തി.

ഈ ലോകം വെറുക്കുന്ന മനുഷ്യനെ സ്‌നേഹിച്ച പെൺകുട്ടിയെ കാണാനുള്ള അതിമോഹവുമായാണ്‌ നരച്ച മുടിയുള്ള മജിസ്‌ട്രേറ്റ്‌ ചാൻസലറി മന്ദിരത്തിന്റെ അകത്തളത്തിലേക്ക്‌ പ്രവേശിച്ചത്‌.

താൻ ഇതുവരെ ജീവിക്കുവാൻ ഉപയോഗിച്ച ഊർജ്ജം ഒന്നിച്ചു ലഭിച്ച പ്രസരിപ്പായിരുന്നു അന്നേരം അയാൾക്ക്‌. ഏകാധിപതിയുടെ സ്‌നേഹം നിയമാനുസൃതമാക്കാൻ അതയാളെ ധൈര്യപ്പെടുത്തി.

അനാർഭാടമായ ചടങ്ങിലെ ഏക സമ്പന്നത ഹാളിൽ നിറഞ്ഞു നിന്ന മെഴുകുതിരി വെളിച്ചവും കുന്തിരിക്കത്തിന്റെ മണവുമായിരുന്നു. മരണവീടിന്റെ മൂകത പേറുന്ന അന്തരീക്ഷത്തിന്‌ വിശ്വസ്‌തരായ പട്ടാളക്കാർ കാവലുണ്ടായിരുന്നു.

രാഷട്രീയത്തിന്റെ വിധിനിർണ്ണയ ദിനത്തിൽ വിവാഹതിനാവാൻ നിശ്‌ചയിച്ചതോടെ ഫ്യൂറർ ജീവിതം തോറ്റതായി മജിസ്‌ട്രേറ്റിന്‌ തോന്നി.

ചടങ്ങിനു സാക്ഷ്യം വഹിക്കാൻ മനഃസ്സാക്ഷി സൂക്ഷിപ്പുകാരെക്കൂടാതെ അടുത്ത പരിചാരകരും ഗീബൽസിന്റെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.

തന്റെ സ്വകാര്യമുറിയിൽ നിന്ന്‌ ഫ്യൂറർ ഇറങ്ങിവന്നപ്പോൾ മെഴുകുതിരികൾ കൂടുതൽ പ്രകാശമാനമായി. ആയുഷ്‌ക്കാലത്തെ ഒടുവിലത്തെ ശാന്തതയാണ്‌ അയാളുടെ മുഖത്തെന്ന്‌ അവിടെ കൂടിയിരിക്കുന്നവർക്ക്‌ തോന്നി.

ഈവയെ കാണാഞ്ഞ്‌ ക്ഷമ നശിച്ച മജിസ്‌ട്രേറ്റ്‌ അസ്വസ്‌ഥനായിരുന്നു.

”എങ്ങനെയെങ്കിലും ഈ ചടങ്ങൊന്ന്‌ കഴിഞ്ഞുകിട്ടിയാൽ മതിയായിരുന്നു.“ അനുസരണക്കേട്‌ കാട്ടിയ മുടിയൊതുക്കിവച്ച്‌ ഫ്യൂററും മജിസ്‌ട്രേറ്റിന്റെ മനസ്സ്‌ പങ്കിട്ടു. കൂടി നിൽക്കുന്നവരുടെ നെടുവീർപ്പ്‌ സഹിക്കവയ്യാതെ അയാൾ ഈവയെ തിരഞ്ഞ്‌ സ്വകാര്യമുറിയിലേക്കു ചെന്നു.

വാഴ്‌ത്തപ്പെട്ടവളെപ്പോലെ ഈവ ഫ്യൂററിന്റെ യൂണീഫോമണിഞ്ഞ്‌ നിൽക്കുന്നു!

”ഈ കുപ്പായം ഏതെന്ന്‌ ഓർമ്മയുണ്ടോ?“

സ്‌മരണകളിൽ നിന്ന്‌ അയാൾ ആ അനുഭവം പിടിച്ചെടുത്തു. ദൗർഭാഗ്യകരമായ ഒരു ദിനത്തിൽ താൻ അണിഞ്ഞ യൂണിഫോം. വധശ്രമത്തിൽ നിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെട്ടത്‌ വിശ്വസിക്കാതെ തേങ്ങിയ ഈവയ്‌ക്ക്‌ താൻ അയച്ചുകൊടുത്ത സമ്മാനം! ജീവിച്ചിരിക്കുന്നതിന്റെ തെളിവ്‌.

”നിധിപോലെ അവളത്‌ കരുതിവെച്ചിരിക്കുന്നു“.

തന്റെ പ്രാണൻ സൂക്ഷിച്ചവൾക്ക്‌ അയാൾ തന്റെ കണ്ണുനീർത്തുള്ളികൾ കൊടുത്തു. പിന്നെ സ്‌നേഹം സ്‌ഥിരപ്പെടുത്താൻ അവളുടെ കൈപിടിച്ച്‌ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരായി.

”മരണം വേർപ്പെടുത്തുംവരെ നിങ്ങൾ ഒന്നായിരിക്കട്ടെ“ - അനുഗ്രഹിക്കാൻ വന്നവർ ചടങ്ങിന്റെ പ്രാർത്ഥനയായി.

തന്റെ ജീവിതത്തിലെ മഹത്തായ കാര്യം നിർവഹിക്കുന്നതുപോലെ മജിസ്‌ട്രേറ്റ്‌ വിവാഹശേഷം നവദമ്പതികൾക്ക്‌ (3​‍ാമീൻകാഫ്‌ സമ്മാനിച്ചു.

ഫ്യൂററിന്റെ ഉള്ളുറപ്പ്‌ അലിഞ്ഞു പോകുന്നതെന്തോ പറയാനുള്ള സത്യഭാരവുമായാണ്‌ ഗീബൽസ്‌ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചത്‌. ഈയവസരത്തിൽ സത്യം പറയുന്നതിനേക്കാൾ അപകടകരമാണ്‌ നുണ പറയുന്നതെന്ന്‌ അയാൾക്ക്‌ തോന്നി.

ഗീബൽസിന്റെ മുഖം ഫ്യൂററിനെ അലട്ടിത്തുടങ്ങിയിരുന്നവെങ്കിലും ചായസൽക്കാരത്തിനിടയിൽ തന്റേ ശ്രദ്ധയിൽപെട്ട രണ്ടുമൂന്നു കുട്ടികളെ അടുത്തു വിളിച്ച്‌ അയാൾ കുപ്പായ കീശയിൽ പതിവായി സൂക്ഷിക്കാറുള്ള മിഠായികൾ കൊടുത്തു.

മെഴുകുതിരികൾ അണഞ്ഞു തുടങ്ങിയപ്പോഴേക്കും ചടങ്ങിനെത്തിയവർ തങ്ങളുടെ മുഖം ഫ്യൂററിനും സന്തോഷം ഈവയ്‌ക്കു നൽകി പിരിഞ്ഞുപോയി. അന്നേരം ചാൻസലറി മന്ദിരത്തിനു പുറത്തുള്ള ശൈത്യത്തിലിരുന്ന്‌ കാലം ഫ്യൂററിന്റെ പതനം സ്വപ്‌നം കണ്ടു.

”സ്‌നേഹം ജീവിതത്തെ റദ്ദ്‌ ചെയ്യുന്ന പ്രതിഭാസമാണ്‌.“ അണയാൻ ഏറെ നേരമെടുത്ത മെഴുകുതിരി വെട്ടത്തിലിരുന്ന്‌ ഫ്യൂറർ പിറുപിറുത്തു. സമനില തെറ്റിയവനെപ്പോലെ പെരുമാറിത്തുടങ്ങിയ അയാളെ വെറുതെ വിട്ട്‌ ഈവ മുറിയിലേക്ക്‌ മടങ്ങി.

മൂന്നാണിയിൽ പ്രാണൻ പിടഞ്ഞവൻ ഉയർത്തെഴുന്നേൽപ്പിനായി കാത്തു കിടന്നതുപോലെ അയാളിരുന്നു.

ഒറ്റയ്‌ക്ക്‌!

ഏറെ നേരം

ഈവയുടെ അടുത്തേക്കു പോകാൻ എന്തുകൊണ്ടോ അയാൾക്കു തോന്നിയില്ല.

”സ്‌നേഹിക്കുന്നതല്ല, സ്‌നേഹിക്കപ്പെടുന്നതാണ്‌ ദുരന്തം“ - ലോകത്തുള്ള സകല പെണ്ണുങ്ങളെയും വെറുത്തുകൊണ്ട്‌ അയാൾ ഒച്ചവെക്കാതെ തേങ്ങി. പിന്നെ ഒരായുസ്സിന്റെ മുഴുവൻ അസ്വസ്‌ഥത പേറി അയാൾ സൈനിക യോഗത്തിനു പുറപ്പെട്ടു.

ഉടനെയൊന്നും വരില്ലെന്നറിയാമായിരുന്നിട്ടും ഈവ അയാളെ പ്രതീക്ഷിച്ചിരുന്നു. ബ്ലോണ്ടിയുടെ സാന്നിദ്ധ്യം അവളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അയാളുടെ ചിന്തകൾ ഈ പട്ടികൊണ്ടുനടക്കുന്നതു പോലെ അവൾക്കു തോന്നി.

വാലാട്ടി നിന്ന പട്ടിക്ക്‌ ചൂടുള്ള സൂപ്പ്‌ നൽകിയശേഷം അതിന്റെ പിടച്ചിൽ കാണാൻ നിൽക്കാതെ അവൾ ബങ്കറിലേക്ക്‌ ധൃതിവെച്ചു.

ജന്മം കൊണ്ട്‌ നിഷേധിച്ചതൊക്കെ ജീവിതം കൊണ്ട്‌ നേടിയെടുക്കാമെന്ന്‌ വ്യാമോഹിച്ച തന്റെ മനസ്സിനെ പഴിച്ചുകൊണ്ട്‌, ജാരന്റെ ബീജം പേറിയവളുടെ ചിത്രത്തിനു മുന്നിൽ അവൾ നിന്നു.

ഹൃദയത്തിൽ ആണിത്തുള വീണപോലെ!

ഇത്രയുകാലം അയാൾ വരച്ചു കൊണ്ടിരുന്നത്‌ തന്റെ ചിത്രമാണെന്നാണ്‌ അവൾ വിചാരിച്ചിരുന്നത്‌.

ദുഷ്‌ടൻ!

ഇതു പറയുമ്പോഴും സ്‌നേഹം അവളുടെ മുഖത്ത്‌ കനം തൂങ്ങിയിരുന്നു.

വെറുക്കുംതോറും അടർന്നുപോവാൻ പറ്റാത്തവിധം അയാൾ തന്നിൽ എന്താണ്‌ തീവ്രമായി നിക്ഷേപിച്ചതെന്ന്‌ അവൾ ആശ്‌ചര്യപ്പെട്ടു.

”കൊതിച്ചതിൽ തന്നെ വീണൊടുങ്ങുന്നതും സുകൃതമാണ്‌.“ അവൾ ആശ്വസിച്ചു.

ശൈത്യം സൂര്യനോട്‌ സന്ധിചെയ്‌ത ഉച്ചനേരം. സൈനികയോഗം കഴിഞ്ഞ്‌ ഫ്യൂറർ ജീവിതത്തിന്റെ സംഗീതം ശിഥിലമായവനെപ്പോലെ ബങ്കറിലേക്ക്‌ വന്നു.

തന്റെ അമ്മയുടെ ചിത്രത്തിനരികിൽ ഈവ സങ്കടപ്പെട്ട്‌ നിൽക്കുന്നതാണ്‌ അയാൾ കണ്ടത്‌. സകല വെളിച്ചവും കെട്ടുപോയവനെപ്പോലെ അയാൾ പറഞ്ഞു.

”പതനത്തിൽ നിന്നാണ്‌ മനുഷ്യൻ ജീവിതം കണ്ടെടുക്കുന്നത്‌.“ ഈവ ഒന്നും മിണ്ടിയില്ല. ഹൃദയം വേർപെട്ടവരെപ്പോലെ അവർ ഏറെ നേരം ഒന്നിച്ചിരുന്നു.

മഹത്തായ മൗനത്തിനൊടുവിൽ അയാൾ റിച്ചാർഡ്‌ വാഗ്നറുടെ സംഗീതം കേട്ടു. എന്നും പ്രചോദിപ്പിച്ചിരുന്ന ശ്രുതികൾ തന്റെ എക്കാലത്തെയും സ്വപ്‌നത്തെക്കുറിച്ച്‌ ഫ്യൂററിനെ ബോധവാനാക്കി.

മയങ്ങിത്തുടങ്ങിയ ഈവയെ ചുംബിച്ചുണർത്തിക്കൊണ്ട്‌ അയാൾ പറഞ്ഞു.

”വരൂ ഞാൻ നിനക്കെന്റെ സാമ്രാജ്യം തരാം....“

പ്രോജക്‌ടറിന്റെ നേരിയ കറക്കശബ്‌ദത്തിൽ അവൾ അത്‌ വായിച്ചെടുത്തു.

”ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റർ.“ ചാപ്ലിൻ അവളുടെയും ഇഷ്‌ടനടനായിരുന്നു. പ്രിയതമന്റെ മീശയുള്ളവൻ!

ഡിക്‌റ്റേറ്റർ ഭൂഗോളത്തെ പന്താടുന്ന രംഗം വന്നപ്പോൾ ആഹ്ലാദത്തിൽ തുടങ്ങിയ ഫ്യൂററിന്റെ പുഞ്ചിരി നിലയ്‌ക്കാത്ത അട്ടഹാസമായി. അയാളുടെ ഊർജ്ജം കണ്ട്‌ ഈവയ്‌ക്ക്‌ നേരിയ ഭയം തോന്നി. അയാളുടെ കണ്ണുകളിലെ തീക്ഷ്‌ണത വകവയ്‌ക്കാതെ ഫ്യൂററിന്റെ കാഴ്‌ച മറച്ചുകൊണ്ട്‌ അവൾ ഭ്രാന്തിയെപ്പോലെ വെളിച്ചത്തിനു മുമ്പിൽ നിന്ന്‌ പുലമ്പി.

”ജൂതരാണെന്ന ഒറ്റക്കാരണം കൊണ്ട്‌ നിങ്ങൾക്കൊരാളെയും വെറുക്കാൻ കഴിയില്ല.“

ഫ്യൂററിന്റെ ചിരി നിലച്ചുപോയനേരം. അവൾ ഉള്ളിൽ പേടിയോടെ കൊണ്ടുനടന്ന തന്റെ വംശപൈതൃകം വെളിപ്പെടുത്തി.

”ഞാൻ ജൂതയാണ്‌“.

തലയ്‌ക്ക്‌ തീപിടിച്ചവനെപ്പോലെ അലറിക്കൊണ്ട്‌ അയാൾ ബ്ലോണ്ടിയെ തപ്പി നടന്നു. തന്റെ സ്വകാര്യമുറിയിൽ ബ്ലോണ്ടി ചേതനയറ്റ്‌ കിടക്കുന്നതു കണ്ട്‌ അയാൾ തളർന്നുപോയി. സർവ്വവും നഷ്‌ടപ്പെട്ടവനെപ്പോലെ അയാൾ പട്ടിയെ പുണർന്ന്‌ കരഞ്ഞപ്പോൾ ഈവയ്‌ക്ക്‌ ആദ്യമായി അയാളോട്‌ വൈരാഗ്യം തോന്നി.

അന്തിമവിധിക്ക്‌ കാക്കാതെ കോപ്പയിൽ ബാക്കിവന്ന തണുത്ത സൂപ്പ്‌ ഒരിറക്ക്‌ കുടിച്ചുകൊണ്ട്‌ അവൾ അയാളുടെ മുന്നിൽ മുട്ടുകുത്തി നിന്നു.

”എനിക്ക്‌ നിങ്ങളോട്‌ സ്‌നേഹമാണ്‌.“

തന്റെ കൺമുന്നിൽ കിടന്ന്‌ സ്‌നേഹം പിടയുന്നത്‌ സഹിക്കാനാവാതെ അയാൾ ആയുധം തപ്പി.

പകൽപ്പാതിയിൽ കർത്താവിന്റെ പ്രാർത്ഥന തേടിപ്പോയ സ്‌നേഹത്തിന്റെ നിലവിളി അയാളെയും മരണത്തിന്‌ ഒറ്റിക്കൊടുത്തു.

പ്രദീപ്‌ പേരശ്ശന്നൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.