പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

മുഹമ്മദ്‌ വർഗീസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌. എം.ജി

മുഹമ്മദ്‌ വർഗീസിന്റെ മരണം ഒരു വാർത്തയാകേണ്ടുന്ന കാര്യങ്ങളൊന്നുമല്ല. കോടാനുകോടി ജീവജാലങ്ങൾ ജീവിച്ചു മരിച്ച ഈ ഭൂമിമലയാളത്തിലെ മറ്റൊരു ഇരുകാലിയുടെ മരണം എന്നതിലുപരി അതിന്‌ യാതൊരു പ്രത്യേകതകളും ഞങ്ങൾ കണ്ടില്ല. വാർത്തകളിൽ ഇടം പിടിയ്‌ക്കുവാൻ അതൊരു അപകട മരണമോ കൊലപാതകമോ ആത്മഹത്യയോ ആയിരുന്നുമില്ല. ഒരു പുരുഷായുസ്സെന്നു പറയുന്നതിന്റെ നീളം എത്രയെന്ന്‌ ഈയുള്ള കഥാകാരന്‌ യാതൊരു വിധ അറിവുമില്ല. എങ്കിലും മരണപ്പെട്ട ഈ വ്യക്തിയ്‌ക്ക്‌ പ്രായം എൺപത്തിനാലും കഴിഞ്ഞിരുന്നുവെന്ന്‌ ഔദ്യോഗികരേഖകളുടെ സഹായമില്ലാതെ അദ്ദേഹത്തിന്റെ മുൻകാല വെപ്പാട്ടിയെന്ന്‌ ഞങ്ങൾ നാട്ടുകാരും അടിച്ചു തളിക്കാരി എന്ന്‌ അദ്ദേഹവും അവകാശപ്പെടുന്ന പാറു പലവട്ടം ആണയിട്ടിട്ടുള്ളതാകയാൽ അദ്ദേഹം ഒരു പുരുഷായുസ്സു മുഴുക്കെ ജീവിച്ചു എന്ന്‌ രേഖപ്പെടുത്തുവാൻ ഞാൻ ധൈര്യപ്പെടട്ടെ. എന്തായാലും അത്രയും കാലം ജീവിച്ച ഒരാൾ ആയിരം പൂർണ്ണചന്ദ്രനെയെങ്കിലും കണ്ടിട്ടുണ്ടായിരിക്കുമെന്നത്‌ ഉറപ്പ്‌. അതുകൊണ്ടു തന്നെ ഒരു പുരുഷായുസ്സെന്നതിന്‌ തത്‌കാലത്തേക്കെങ്കിലും ആയിരം പൂർണ്ണചന്ദ്രൻ എന്ന്‌ കണക്കു കൊടുക്കുന്നു. എന്തിനും ഏതിനും ഒരു കണക്കുണ്ടായിരിക്കണമെന്നാണല്ലോ പൂർവികർ പറഞ്ഞുതന്നിരിക്കുന്ന ഭംഗിവാക്കുകളിൽ ഒന്ന്‌. അതിന്റെ കുറവ്‌ ഒന്നു കൊണ്ടായിരിക്കാം ഇന്നീ മരണം ഇത്രകണ്ട്‌ ആഘോഷമായി മാറിയതും.

നാലു ദിനം മുമ്പു വരെ മുഹമ്മദ്‌ വർഗീസ്‌ വടിയും കുത്തിപ്പിടിച്ച്‌ ഈ വഴി നടന്നു പോയിരുന്നതാണ്‌. വടി മുഹമ്മദ്‌ വർഗീസിനാണോ വടിയ്‌ക്ക്‌ മുഹമ്മദ്‌ വർഗീസാണോ താങ്ങാകുന്നത്‌ എന്നത്‌ ഒട്ടൊരു സംശയം അദ്ദേഹത്തിന്റെ നടത്തം കാണുമ്പോഴൊക്കെ ഞങ്ങൾ കാണികളിലുണ്ടാകാറുമുണ്ട്‌. ആ ഒരു കൗതുകത്തിലുപരിയായി മറ്റൊരു താത്‌പര്യവും അദ്ദേഹത്തിന്റെ നടത്തത്തിൽ അല്ലെങ്കിൽ ഈ കഥാപുരുഷനിൽ ഞങ്ങൾക്ക്‌ തോന്നിയിട്ടുമില്ല. ഞാനീപ്പറഞ്ഞതിൽ സ്വല്‌പം കളവില്ലേ എന്നു ചോദിച്ചാൽ ഉണ്ട്‌. ഇക്കഥാപുരുഷനെചേർത്ത്‌ ഞങ്ങൾ നാട്ടുകാർ പലവിധ കൊച്ചു വർത്തമാനങ്ങളും ചെയ്‌തിട്ടുണ്ട്‌. പലവിധ പലവർണ്ണ പലരൂപ നായികമാരേയും ഇദ്ദേഹത്തോടൊപ്പം ഞങ്ങൾ ചേർത്തിട്ടുണ്ട്‌. ആ അനേകങ്ങളിൽ ഒന്ന്‌ അടിച്ചു തളിക്കാരി പാറുവാണെന്ന്‌ വീണ്ടും എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ ഇന്ന്‌ അദ്ദേഹം അഥവാ അദ്ദേഹത്തിനെറ മൃതശരീരം ഞങ്ങളുടെ നാടിന്നൊരു പേരുണ്ടാക്കി. അദ്ദേഹത്തിന്റെ മരണം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. ഇദ്ദേഹം ഇത്രയും വലിയ ഒരു വ്യക്തിത്വത്തിന്നുടമയായിരുന്നു എന്ന്‌ ഞങ്ങൾ ഈ കുഗ്രാമക്കാർക്ക്‌ മനസ്സിലാകുന്നതു തന്നെ മാന്യദേഹത്തിന്റെ മൃതശരീരത്തിൽ നിന്നും ഉടലെടുത്ത വാർത്താ പ്രവാഹം കണ്ടപ്പോഴാണ്‌.

മുഹമ്മദ്‌ വർഗീസ്‌ എന്ന പേരു കേൾക്കുമ്പോൾ തന്നെ നിങ്ങൾ വായനക്കാർ ഒരു പക്ഷേ അത്ഭുതം പൂണ്ടിരിക്കും. ഇങ്ങിനേയും ഒരു പേരോ എന്ന്‌ കരുതിയിരിക്കും. ഇക്കഥ കഥയാക്കിയെഴുതുന്ന ഈയുള്ളവനു പറ്റിയ ഒരു തെറ്റെന്നു കരുതിയിരിക്കും. എന്നാൽ കഥാനായകന്റെ പേര്‌ മുഹമ്മദ്‌ വർഗീസ്‌ എന്നു തന്നെയാണ്‌. എനിക്ക്‌ തെറ്റു പറ്റിയിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം അദ്ദേഹത്തെ വർഷങ്ങളായി അങ്ങിനെയാണു വിളിക്കാറുള്ളത്‌. അങ്ങിനെ വിളിക്കുമ്പോൾ അദ്ദേഹം വിളി കേൾക്കാതിരിക്കുകയോ, എതിർക്കുകയോ ചെയ്‌തതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അത്‌ അദ്ദേഹത്തിന്റെ പേരതായതുകൊണ്ടായിരിക്കണമല്ലോ.

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ ഗ്രാമത്തിലേക്ക്‌ അദ്ദേഹം കുടിയേറിയിട്ട്‌ പതിറ്റാണ്ടുകൾ പലതായെന്ന്‌ അതിനെക്കുറിച്ച്‌ അറിവുള്ളവർ വാക്കാൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അന്ന്‌ അദ്ദേഹത്തിന്റെ കൂടെ സ്വന്തമെന്നു പറയുവാനായി അദ്ദേഹവും അവരും ഭാര്യയെന്നവകാശപ്പെട്ട ഒരു സ്‌ത്രീകൂടിയുണ്ടായിരുന്നുവെന്നും ഈ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ഇദ്ദേഹത്തിന്റെ പേരെന്ന്‌ പറഞ്ഞ്‌ അവരിരുകൂട്ടരും അവകാശപ്പെട്ടത്‌ വർഗീസ്‌ എന്നതുമാത്രമായിരുന്നുവെന്നതിനും ചരിത്രം സാക്ഷിയാണത്രെ.

കാലമേറെ ചെല്ലും മുമ്പ്‌ കഥയിലെ സ്‌ത്രീകഥാപാത്രം അപ്രത്യക്ഷമായെന്നും കഥാനായകൻ ഒറ്റയ്‌ക്കായെന്നും, അക്കാലങ്ങളിൽ വർഗീസിന്ന്‌ പരസ്‌ത്രീഗമനമെന്ന അസുഖത്തിന്റെ അസ്‌കിത ലേശമുണ്ടായിരുന്നതായും ചരിത്രത്തിന്റെ തിരുശേഷിപ്പുകളിൽ കാണപ്പെടുന്നു. ആ കാലങ്ങളിലെപ്പോഴോ ആണത്രെ വർഗീസ്‌, മുഹമ്മദ്‌ വർഗീസായത്‌. മേൽ പറഞ്ഞതിനൊന്നും വാമൊഴിയാലുള്ളതല്ലാതെ വരമൊഴി തെളിവുകൾ ഒന്നുമില്ലാത്തതുകൊണ്ടും അവയെയൊന്നും സാക്ഷാൽ മുഹമ്മദ്‌ വർഗീസ്‌ സ്വീകരിക്കുവാനോ തള്ളിക്കളയുവാനോ തയ്യാറാകാത്തതുകൊണ്ടും നമുക്ക്‌ കഥ ഈ തിരുശേഷിപ്പുകൾക്ക്‌ ശേഷമുള്ള കാലത്തിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. അതിനുമുമ്പുള്ള ചരിത്രത്തെക്കുറിച്ച്‌ കൂലംകഷമായി ചിന്തിച്ചു പഠിക്കായ്‌കയായിരിക്കണം ഇന്ന്‌ ഈ കഥാകാരനെന്നതുപോലെ എന്റെ നാട്ടുകാർ സർവത്രപേർക്കും ഈ മഹാശയന്റെ മൃതശരീരത്തിൽ നിന്നും ഉയർന്നു വന്ന കോലഹലങ്ങൾ കേട്ട്‌ ഒട്ടൊരു അന്ധാളിപ്പുണ്ടാകുവാൻ കാരണം.

മുഹമ്മദ്‌ വർഗീസ്‌ മരിച്ചിട്ട്‌ ഇന്നേയ്‌ക്ക്‌ ദിനം നാലു കൊഴിഞ്ഞിരിക്കുന്നു. ഇതിന്നിടയ്‌ക്ക്‌ മുഹമ്മദ്‌ വർഗീസിന്റെ മരണം നാടുമുഴുക്കെ ഒരു വാർത്തയായിരിക്കുന്നു. പത്രങ്ങളിൽ വെണ്ടക്കയായും വഴുതനങ്ങയായും മുൻപേജിൽ തന്നേയും ടി.വി.യിൽ ലൈവ്‌ ആയും ഈ നാലു ദിവസങ്ങളിൽ മൂന്നിലും മുഹമ്മദ്‌ വർഗ്ഗീസ്‌ ഇപ്പോഴും ജീവിക്കുന്നു. ചർച്ചകൾ പൊടിപൊടിയ്‌ക്കുന്നു. ടി.വി. റിപ്പോർട്ടർമാർ തത്സമയം നടക്കുന്നത്‌ വീണ്ടും വീണ്ടും തത്സമയം ആവർത്തിപ്പിക്കുന്നു. പെരിയ പെരിയ നേതാക്കളും മതാദ്ധ്യക്ഷരെന്ന്‌ ആകാശപ്പെന്നവരും നാടുനീളെയുള്ള ടി.വി. ക്യാമറകൾക്കും, ഒ ബി വാനുകൾക്കും സ്‌റ്റുഡിയോകൾക്കും ചുറ്റിലും കഴുകൻ കളിക്കുന്നു. ടി.വി. ചാനലുകളെക്കുറിച്ചുള്ള സ്‌ഥിരം പരാതിയായ വാർത്തകൾക്കുവേണ്ടി വാർത്തകൾ സൃഷ്‌ടിക്കുക എന്നതല്ല ഇവിടെ ഇപ്പോൾ നടക്കുന്നത്‌. ഓരോ നിമിഷവും പുതിയ പുതിയ വാർത്തകളും അഭിപ്രായങ്ങളും ചരിത്ര സത്യങ്ങളും എവിടെനിന്നെന്നറിയാതെ അവരെത്തേടിയെത്തുന്നു. അവരാകട്ടെ ഒരു യന്ത്രം കണക്കെ ഈ പുതുപുത്തൻ വിശേഷങ്ങൾ മേമ്പൊടികളൊട്ടും കൂടാതെ ജനമദ്ധ്യത്തിലെത്തിക്കുന്നു. തികച്ചും ഒരു റിയാലിറ്റി ഷോ പോലെ മുഹമ്മദ്‌ വർഗീസിന്റെ മരണാനന്തര ചടങ്ങുകൾ പൊടിപൊടിയ്‌ക്കുന്നു.

അക്ഷരാഭ്യാസത്തിന്റെ കുറവ്‌ ഒട്ടൊന്ന്‌ നല്ലവണ്ണം തന്നെയുള്ള ഞങ്ങൾ കുഗ്രാമക്കാരുടെ അമ്പരപ്പ്‌ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദിവസം തോറും ഇരട്ടിക്കുക തന്നെയായിരുന്നു. അതിന്റെ പെരുമ്പറ ദ്രുതതാളം കൊട്ടിക്കൊണ്ടിരിക്കെ, ഇന്നലെ ഞങ്ങളുടെ ഗ്രാമമാകെ യൂണിഫോമും തോക്കും ലാത്തിയും ധരിച്ച പോലീസേമാന്മാരെക്കൊണ്ട്‌ നിറയുകയും ഇന്ന്‌ കാലത്ത്‌ വിവിധ കക്ഷികളുടെ കോലാഹലങ്ങൾ കുത്തിനിറച്ച പ്രകടനങ്ങളുണ്ടാകുകയും ചെയ്‌തു. പ്രകടനത്തിനു വന്ന ഇരു വിഭാഗത്തിലും ഈയുള്ളവന്റെ കുഗ്രാമക്കാരെ ആരേയും കാണായ്‌ക സത്യത്തിൽ മൃതശരീരത്തിനോടുള്ള ഞങ്ങളുടെ ആദരവിനെ ഇനിയും വർദ്ധിപ്പിക്കുവാൻ കാരണമാക്കി. ഇത്രയും മഹാനും ജനപ്രിയനും ലോകമൊട്ടുക്ക്‌ അറിയപ്പെടുന്നവനുമായ ഒരു വ്യക്തി ഞങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നു എന്നത്‌ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്‌ മനസ്സിലാക്കുവാൻ കഴിയാതെ പോയത്‌ ഒരു അപമാനവും, അദ്ദേഹത്തിനോട്‌ ഞങ്ങൾ കാണിച്ച അനാദരവുമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു. സമ്മതിക്കുന്നു. എന്നാൽ തെറ്റു തിരുത്തുവാനും ജീവനോടെ ഇരിക്കുന്ന അദ്ദേഹത്തെ ആവോളം ആദരിക്കുവാനും ഇനി അദ്ദേഹത്തെ പുനർജീവിപ്പിക്കുവാനൊരു വഴിയും വൈദ്യശാസ്‌ത്രം ഇതുവരേക്കും കണ്ടെത്തിയിട്ടില്ലല്ലോ. ഈ ബഹളത്തിൽ രണ്ടോ അതിലധികമോ പക്ഷക്കാരുണ്ട്‌ എന്നും അവരെല്ലാവരും മുഹമ്മദ്‌ വർഗീസ്‌ എന്ന മഹാശയൻ അവരുടെ മാത്രമാണെന്നാണ്‌ ഘോരഘോരം പ്രസംഗിക്കുന്നതെന്നും മനസ്സിലാക്കിയ ഞങ്ങൾ, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ അനാദരത്തോടെ കാണുക എന്ന തെറ്റു ചെയ്‌തതിനു പരിഹാരമായി ഈ ബഹളത്തിൽ അലിഞ്ഞ്‌ പ്രായിശ്ചിത്തം ചെയ്യുവാൻ ആഗ്രഹിച്ചെങ്കിലും, ഇതിലേതു പക്ഷത്തു ചേരണമെന്നറിയാതെ മാറിനിൽക്കുക തന്നെ ചെയ്‌തു.

മുഹമ്മദ്‌ വർഗീസ്‌ ജീവിച്ചിരുന്ന കാലത്തൊന്നും അദ്ദേഹത്തിന്റെ മഹത്വം വാഴ്‌ത്തുവാനായി ഇപ്പോൾ എത്തിയിരിക്കുന്നവരാരും ഞങ്ങളുടെ ഈ ഗ്രാമത്തിൽ എത്തിയിരുന്നില്ല എന്നത്‌ അച്ചട്ടാണ്‌. മുന്നൂറോളം കടുംബങ്ങൾ തിന്നും തൂറിയും പെറ്റും പെറീപ്പിച്ചും ജീവിക്കുന്ന ഞങ്ങളുടെ ഈ ഗ്രാമത്തിലെ മറ്റൊരു അംഗം മാത്രമായിരുന്നു മുഹമ്മദ്‌ വർഗീസ്‌. അദ്ദേഹത്തെ സന്ദർശിക്കുവാനും അദ്ദേഹത്തിന്റെ സുഖാസുഖവിവരങ്ങൾ അന്വേഷിക്കുവാനും ഇപ്പറഞ്ഞ മാന്യമഹാജനങ്ങളെന്നതുപോകട്ടെ, ബന്ധു മിത്രാദികൾ എന്നതു പോകട്ടെ, ഞങ്ങൾ നാട്ടുകാർ പോലും മിനക്കെട്ടതായി കാണുന്നില്ലെന്നത്‌ ചരിത്രമെഴുതുവാൻ തുടങ്ങിയപ്പോൾ അന്വേഷിച്ചതിൽ നിന്നും എനിക്കു കണ്ടെത്തുവാനായി. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ മഹത്വം ഞങ്ങളറിയാതെ പോയതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.

മാഹമ്മദ്‌ വർഗീസിന്റെ ത്യപാദ സന്ദർശനത്തിനായി അദ്ദേഹത്തിന്റെ മരണശേഷം ആദ്യമെത്തിയത്‌ അദ്ദേഹത്തിന്റെ മക്കളെന്നവകാശത്തോടെ രണ്ടു പേരായിരുന്നു. കഥകളിലെല്ലാം കാണുന്നതു പോലെ ഒരാണും ഒരു പെണ്ണും. മുഹമ്മദ്‌ വർഗീസിന്‌ ബന്ധുക്കളായി ഒട്ടൊന്ന്‌ ദൂരെയുള്ള ഒരു ഗ്രാമത്തിൽ അരൊക്കെയോ ഉണ്ടെന്ന്‌ മുഹമ്മദ്‌ വർഗീസിന്റെ വീട്ടിലെ നിലവിലെ അടിച്ചു തളിക്കാരിയും ആയ കാലങ്ങളിൽ അന്തിതിരി കത്തിച്ചു കഴിഞ്ഞ്‌ മുഹമ്മദ്‌ വർഗീസിന്ന്‌ കൂട്ടാളിയാകുകയും ചെയ്‌ത പാറുവിന്നറിവുണ്ടായിരുന്നു എന്നത്‌ ചരിത്ര സത്യമാണ്‌. ആ സത്യത്തിന്റെ തെളിവിലേക്കായി അവർ തന്നെയാണ്‌ ഈ വിവരം അതായത്‌ മുഹമ്മദ്‌ വർഗീസ്‌ മരിച്ചു പോയി എന്ന വിവരം ആദ്യം അദ്ദേഹത്തിന്റെ ബന്ധുക്കളെന്നവകാശപ്പെടുന്നവരുടെ ഗ്രാമത്തിൽ അറിയിച്ചതും, ഇങ്ങിനെ രണ്ടുപേർ പ്രത്യക്ഷപ്പെട്ടതും, മക്കളെന്ന്‌ അവകാശപ്പെട്ടതും. മുഹമ്മദ്‌ വർഗീസിന്റെ ജീവിതത്തിലെന്ന പോലെ മരണത്തിലും, മരണാന്തര ചടങ്ങുകളിലും പ്രത്യേക താൽപര്യങ്ങൾ ഒന്നുമില്ലാതിരുന്ന ഞങ്ങൾ നാട്ടുകാർ ആ അവകാശവാദത്തെ എതിർത്തില്ലെന്നു മാത്രമല്ല, സ്വീകരിക്കുകയും ചെയ്‌തു. അല്ലെങ്കിൽ ഒരനാഥ പ്രേതം മറവു ചെയ്യുവാനുള്ള ചിലവ്‌ ഞങ്ങൾ പിരിച്ചെടുക്കേണ്ടി വരുമായിരുന്നല്ലോ.

മക്കളെന്ന്‌ അവകാശപ്പെട്ടെത്തിയവർ ഒട്ടും ശങ്കിക്കാതെ മരണാനന്തര ചടങ്ങുകൾക്ക്‌ ഒരുക്കം കൂട്ടിത്തുടങ്ങി. മയ്യത്ത്‌ യഥാവിധി കിടത്തി. മയ്യത്തു നമസ്‌കാരവും കഴിച്ച്‌ അവരുടെ ഗ്രാമത്തിലുള്ള പള്ളിപ്പറമ്പിലേക്കെടുക്കുവാൻ നേരമാണ്‌ കഥയ്‌ക്കാധാരമായ കുതൂഹലങ്ങൾ തുടങ്ങുന്നത്‌. മയ്യത്ത്‌ നമസ്‌കാരം കഴിഞ്ഞ്‌, ഏകനായ ദൈവം തമ്പുരാനിൽ എല്ലാമർപ്പിച്ച്‌ മയ്യത്തെടുക്കാൻ ഒരുമ്പെട്ടെത്തിയവരെ പുതിയൊരു കൂട്ടർ തടഞ്ഞുവെന്നും അവിടെയാണ്‌ കഥയുടെ “ടേണിങ്ങ്‌ പോയിന്റ്‌‘ എന്നും അവകശപ്പെടട്ടെ. പുതുതായി എത്തിച്ചേർന്ന കൂട്ടർ ഞങ്ങളാണ്‌ യഥാർത്ഥ മക്കളെന്നും ശവമടക്കുവാനുള്ള അധികാരം തങ്ങൾക്കാണെന്നും ശവം കൊണ്ടുപോകേണ്ടത്‌ തങ്ങളുടെ പള്ളിയിലേക്കാണെന്നും വാദിക്കുവാൻ തുടങ്ങിയത്‌ ഒരു വാക്കു തർക്കത്തിലെത്തിച്ചു. പുതുതായി വന്നവരുടെ പള്ളി ആദ്യം വന്നവരുടെ പള്ളിയിൽ നിന്നും ഒട്ടൊന്ന്‌ വ്യത്യസ്‌തമായ ആചാരക്രമങ്ങളുള്ളതായിരുന്നെന്നും അവർ മുഹമ്മദ്‌ വർഗീസിനെ വർഗീസെന്നു മാത്രം വിളിച്ചുവെന്നും കൂട്ടത്തിൽ പറയുമ്പോൾ ”സംഗതികളുടെ ഗൗരവങ്ങൾ“ ഏറെക്കുറെ ബോദ്ധ്യപ്പെടുമെന്ന്‌ വിശ്വസിക്കട്ടെ. അവരുടെ ആവശ്യങ്ങൾക്കടിവരയിടുവാനായി അവർ മുഹമ്മദ്‌ വർഗീസിന്റെ ജീവൻ നഷ്‌ടപ്പെട്ട ശരീരത്തിന്നരികെ അന്ത്യകൂദാശ നടത്തുകയും പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്‌തു. ഇതിനെ അതേപടി അംഗീകരിച്ച്‌ രംഗം ഒഴിവാക്കുവാൻ ആദ്യത്തെ കൂട്ടർ തയ്യാറുമല്ലായിരുന്നു

തർക്കം കേൾക്കുന്നതിൽ ഹരം തോന്നിയ ഞങ്ങൾ നാട്ടുകാർ തർക്കക്കാർക്കരികെ വട്ടമിട്ടു പറക്കുവാൻ തുടങ്ങി. ഇത്‌ ഞങ്ങളുടെ ബാപ്പ മുഹമ്മദാണെന്നും വർഷങ്ങളായി ഉമ്മയുമായി പിണങ്ങി ഒറ്റയ്‌ക്കു താമസമായതാണെന്നും, ഉമ്മ മരിച്ചതിനാൽ ഉമ്മയെ നോക്കാത്ത ബാപ്പയെ ഞങ്ങൾ സ്വീകരിക്കുകയില്ലെന്നു പറഞ്ഞ്‌ ഞങ്ങളും മാറിനിന്നതാണെന്നും ഒരു കൂട്ടർ വാദമുഖം നിരത്തിയപ്പോൾ, ഞങ്ങളുടെ അപ്പൻ വർഗീസ്‌ ഇതുവരേയ്‌ക്കും മതം മാറുകയോ മറ്റൊരു ഭാര്യയെ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നും, ഇവിടെ ഈ വീട്ടിൽ കഴിഞ്ഞിരുന്ന അപ്പനുമായി എന്തോ ചില നിസ്സാര കാര്യങ്ങൾക്ക്‌ പിണങ്ങി അമ്മ വീടുവിട്ടതാണെന്നും, അന്ന്‌ അമ്മ എന്നെ ആറുമാസം ഗർഭമായിരുന്നെന്നും രണ്ടാമതു വന്നവരുടെ കൂട്ടത്തിലെ മുഖ്യൻ എതിർ തർക്കമോതി....

മുഹമ്മദ്‌ വർഗീസിന്റെ ശവം ഖബറിസ്‌ഥാനിൽ കൊണ്ടുപോകണോ സെമിത്തേരിയിൽ കൊണ്ടുപോകണോ എന്നതിലാണ്‌ തർക്കമെന്ന്‌ ഞങ്ങൾ ഗ്രാമത്തിലെ സാമാന്യജനത്തിന്‌ ഉടൻ തന്നെ ഉത്തമ ബോധ്യമായി. ഈ തർക്കം ആദ്യമായി മുഹമ്മദ്‌ വർഗീസെന്ന്‌ വ്യക്തിത്വത്തെക്കുറിച്ചാലോചിക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചു. അപ്പോഴാണ്‌ ആദ്യമായി ഈ പേരിലെ കൗതുകം ഞങ്ങളും ശ്രദ്ധിച്ചതും അതിന്റെ വേരുകളന്വേഷിച്ചു പോയതും.

വെറും വർഗീസായി ഞങ്ങളുടെ നാട്ടിലെത്തിയ മുഹമ്മദ്‌ വർഗീസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യയെന്ന സ്‌ത്രീജനം അദ്ദേഹത്തെ കൈവിട്ടതിനുശേഷം മേൽ പറഞ്ഞ ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഇത്തിരിക്കാലം ഒരു സമ്മന്തക്കാരന്റെ റോൾ അദ്ദേഹം ഭംഗിയായി കെട്ടിയാടിയിരുന്നുവെന്ന്‌ ഞങ്ങളിലെ അന്വേഷണ കുതുകികൾ ഉടൻ കണ്ടെത്തി. അന്നത്തെ ആ സമ്മന്തക്കാരിക്ക്‌ പ്രിയനെന്ന്‌ സ്വയമവകാശപ്പെടുവാനായി മുഹമ്മദെന്ന്‌ വിളിച്ചുവെന്നും അങ്ങിനെയൊരു ആവശ്യത്തിന്‌ മുഹമ്മദായ വർഗീസിനെ രണ്ടിന്റേയും മിശ്രിതമാക്കി ഞങ്ങളുടെ ഗ്രാമക്കാർ മുഹമ്മദ്‌ വർഗീസായി സ്വീകരിച്ചുവെന്നും കഥയുടെ ബാക്കി ഭാഗം.

മേൽ പറഞ്ഞ ഇരുവിഭാഗവും തർക്കവും എതിർ തർക്കങ്ങളുമായി രംഗം കൊഴുപ്പിച്ചുകൊണ്ടിരിക്കയും, ഞങ്ങളിലെ അന്വേഷണ കുതുകികൾ വീണ്ടും പുതിയ രഹസ്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കയും ചെയ്യുന്നതിന്നിടയ്‌ക്ക്‌, ഞങ്ങളുടെ ഗ്രാമത്തിന്റെ പേര്‌ അങ്ങ്‌ ബിലാത്തിയിലുമെത്തുകയായിരുന്നു. ഞങ്ങളുടെ ബാപ്പ ഉമ്മയെ കെട്ടുവാനായി പൊന്നാനിയിൽ പോയി തൊപ്പിയിട്ടുവെന്നൊരു കൂട്ടരും, അപ്പൻ പരസ്‌ത്രീകളെക്കുറിച്ച്‌ ഒരുകാലത്തും ആലോചിച്ചിട്ടില്ലെന്ന്‌ മറുപക്ഷവും വാദമുഖങ്ങൾ ഉയർത്തി. ഇരു വിഭാഗവും തങ്ങൾക്കാകാവുന്ന തെളിവുകൾക്കും രേഖകൾക്കുമായി നെട്ടോട്ടവും, താന്താങ്ങളുടെ പക്ഷത്ത്‌ ആളെക്കൂട്ടുവാനായി അടവുകൾ പതിനെട്ടും തുടങ്ങി. ഇതിന്നിടയ്‌ക്ക്‌ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന്‌ നീണ്ടു നിവർന്നുകിടന്നിരുന്ന മുഹമ്മദ്‌ വർഗീസിന്റെ തിരുശരീരത്തിന്നവകാശമായി മറ്റു ചിലരും ഒളിയമ്പുകളുമായെത്തുന്നുണ്ടെന്ന്‌ വാർത്ത പടർന്നു. അക്കൂട്ടത്തിൽ കഥാപുരുഷൻ പണ്ടെഴുതിയ ഒരു കൊച്ചുകഥയിൽ ഞാനും ഇത്തിരി കെട്ടിയാടിയിട്ടുള്ളതാണെന്നും അതിനാൽ തുല്യാവകാശത്തിന്ന്‌ അവകാശമുണ്ടെന്നും അടിച്ചുതളിക്കാരിയിൽ നിന്നും ഒട്ടൊന്ന്‌ ഉയർന്ന്‌ പാറുവും രംഗത്തിന്ന്‌ കൊഴുപ്പും കൂട്ടുവാൻ തുടങ്ങി.

ഇതൊന്നുമറിയാതെ ഈച്ചയാർക്കുവാൻ തുടങ്ങിയിരുന്ന മുഹമ്മദ്‌ വർഗീസിന്റെ മൃതദേഹം മെല്ലെ കിടന്ന കിടപ്പിൽ പഞ്ചഭൂതങ്ങളിൽ ലയിക്കുമെന്ന്‌ ഉറപ്പായതുകൊണ്ടോ വേനൽ അതിന്റെ ഉത്തുംഗത്തിലായിരുന്നതിനാൽ ശവത്തിനായാലും ഉഷ്‌ണം അസഹ്യമായിരിക്കുമെന്നു കരുതിയോ ആരോ മുഹമ്മദ്‌ വർഗീസിന്റെ മൃതദേഹത്തിന്നു ചുറ്റിലും ഒരു ലോഡ്‌ ഐസ്‌ വിതറി. ഇതുകൊണ്ടുണ്ടായ ഗുണം ഞങ്ങൾ നാട്ടുകാർക്ക്‌ മാത്രമറിയാവുന്നതാണ്‌.

വിഭാഗങ്ങളെല്ലാം അങ്ങിനെയങ്ങിനെ വാദവും എതിർവാദവുമായി ദിനമൊന്നും കഴിഞ്ഞിട്ടും ഒരു തീർപ്പിലെത്തായ്‌കയാൽ വാദങ്ങൾക്ക്‌ ശാസ്‌ത്രീയമായ അടിത്തറ തേടി അവർ അവരുടെ ദിവ്യരെ തിരയുകയും, വാർത്തയറിഞ്ഞെത്തിയ ദിവ്യർ അന്യമതസ്‌ഥർ തങ്ങളുടെ മതത്തിൽ പെട്ട ഒരു ശവത്തിന്മേൽ അധികാരം സ്‌ഥാപിക്കുന്നതിൽ വേണ്ട പോലെ വേപഥുപൂണ്ട്‌ പ്രസ്‌താവനകളിറക്കുകയും ചെയ്‌തു. പ്രസ്‌താവനകൾക്ക്‌ അടിവരയിട്ട്‌ ഘനം വെപ്പിക്കുവാനായി വിശുദ്ധഗ്രന്ഥങ്ങളിൽ നിന്നുംവരെ മനഃപാഠമാക്കിയ ദിവ്യവചനങ്ങൾ അക്ഷരത്തെറ്റുകൂടാതെ എന്നാൽ അക്ഷരവടിവില്ലാതെ ചൊല്ലുകയും അതിന്റെ അർത്ഥമല്ലാത്തതൊക്കെ അതിന്റെ അർത്ഥമാക്കി വ്യാഖ്യാനിക്കുകയും ചെയ്‌തു. എന്നിട്ടും എതിർ പക്ഷത്തിന്റെ കരുത്തിന്ന്‌ ഒട്ടും കുറവു വരുന്നില്ലെന്ന്‌ മനസ്സിലാക്കിയ അവർ ഞങ്ങളുടെ ശവം ഞങ്ങൾക്കു തന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ട്‌ മറുപക്ഷത്തിനു നൽകുമെന്ന്‌ ഭീഷണി മുഴക്കി. അതിനാലുണ്ടായേക്കാവുന്ന കഷ്‌ടനഷ്‌ടങ്ങളുടെ കണക്കുകൾ കൂട്ടിക്കിഴിച്ചപ്പോൾ ഇതിൽ ഇടപെടാതിരുന്നത്‌ അപകടം വിളിച്ചു വരുത്തുകയാകുമെന്ന്‌ ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷത്തിനും, ഇതിലൊന്നുമില്ലാത്ത പക്ഷത്തിനും തോന്നി. പുകിലുകളുടെ പാണ്ടിമേളം അവിടെ തുടങ്ങി കൊട്ടിത്തിമർക്കുവാനും തുടങ്ങി. അവകാശം ആർക്കെന്ന്‌ അവസാനം കൈയ്യുക്കുകൊണ്ടേ തീരുമാനിക്കാനാകൂ എന്ന നിലയിലെത്തിയപ്പോഴാണ്‌ വണ്ടികളിൽ അറവുമാടുകളെയെന്നപോലെ അണികളെ കുത്തിനിറച്ച്‌ ഇന്ന്‌ ഞങ്ങളുടെ ഉറങ്ങിക്കിടന്നിരുന്ന ഗ്രാമത്തെ ഉണർത്തി പ്രകടനങ്ങളും പൊതുയോഗങ്ങളുമുണ്ടായത്‌. അത്‌ കയ്യാങ്കളിയിലേക്കെത്തിയത്‌. അതിന്ന്‌ പല പരിവേഷങ്ങളും ചർത്തിക്കിട്ടിയത്‌.

കഥ ഇത്രയും നീണ്ടപ്പോൾ ഞങ്ങൾ അറിവില്ലാത്ത ഈ കുഗ്രാമവാസികൾക്ക്‌ അങ്കലാപ്പായി. സാമാധാനമായി ഉറങ്ങിയിട്ട്‌ ഇന്നേക്ക്‌ ദിനം നാലു കഴിഞ്ഞുവെന്ന ബോധോദയമുണ്ടായി. ഞങ്ങൾ മേൽ വിവരിച്ചതുപോലെ ചരിത്രാന്വേഷികളാകുകയും ഇതിന്നൊരു പോംവഴി അന്വേഷിച്ചലയുകയും ചെയ്‌തു തുടങ്ങി.

എന്നാൽ പുതിയ സംഭവവികാസങ്ങൾക്കു ശേഷം അടിച്ചു തളിക്കാരി പാറുവിനു പോലും മുഹമ്മദ്‌ വർഗീസിന്റെ പുരയിടത്തിലേക്ക്‌ പ്രവേശനം നിഷേധിച്ചിരുന്നു. പ്രജകൾക്ക്‌ അന്നവും വെള്ളവും കിട്ടിയില്ലെങ്കിലും മതനിരപേക്ഷത നിലനിർത്തുവാൻ അവസരമുണ്ടാക്കേണ്ടത്‌ അത്യന്താപേക്ഷിതമെന്ന്‌ ഉറപ്പുണ്ടായിരുന്ന സർക്കാർ പഠിപ്പും അറിവും അനുഭവവുമുള്ള ഒരു ”സിറ്റിങ്ങ്‌“ ജഡ്‌ജേമാനെ ഇതിന്നു പോംവഴി നിർദ്ദേശിക്കുവാനായി ദൗത്യമേല്‌പിച്ച്‌ ഉത്തരവിറക്കിയിരുന്നു. അതുവരേയ്‌ക്കും മുഹമ്മദ്‌ വർഗീസിന്റെ അനക്കമില്ലാതെ കിടക്കുന്ന ശരീരത്തിൽ വിയർപ്പു പൊടിയാതിരിക്കുവാനായി നിത്യവും പത്തു ചാക്ക്‌ ഐസ്‌ കൂടി ലഭ്യമാക്കുവാനുള്ള ഏർപ്പാടുകൾ ചെയ്‌തിരുന്നു. കാവലിന്നായി കേന്ദ്രത്തിൽ നിന്നും നിറതോക്കുമായെത്തിയവരെ നിറുത്തിയിരുന്നു.

നിയമിച്ച്‌ അന്വേഷണാവകാശം ലഭിച്ച്‌ ”സിറ്റിങ്ങ്‌“ തന്റെ അപ്പോഴത്തെ ”സിറ്റിങ്ങ്‌“ കഴിഞ്ഞ്‌ ഒന്ന്‌ സ്‌റ്റാൻഡിങ്ങ്‌ ആയി വന്നതും അന്വേഷണം ആരംഭിച്ചുകൊണ്ട്‌ ഉത്തരവിറങ്ങി. മറ്റ്‌ വാദമുഖങ്ങൾ കേൾക്കുന്നതിന്നു മുമ്പ്‌ സംഭവസ്‌ഥലം നേരിട്ട്‌ സന്ദർശിക്കുവാനും അദ്ദേഹത്തിന്നൊരു ആഗ്രഹമുണ്ടായി. ചരിത്ര സത്യങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്ന ഈ തിരുഭൂമിയിലേക്ക്‌ അതായത്‌ മുഹമ്മദ്‌ വർഗീസിന്റെ ഒന്നരയേക്കർ പുരയിടത്തിലേക്ക്‌ അദ്ദേഹം കാലെടുത്തു വയ്‌ക്കുന്നത്‌ അങ്ങിനെയാണ്‌. അദ്ദേഹത്തിന്റെ തെളിവെടുപ്പിന്ന്‌ സാക്ഷ്യം വഹിക്കുവാൻ നിഷ്‌പക്ഷരെന്ന്‌ അനാവശ്യമുദ്രകുത്തിയ ഞങ്ങൾ നാട്ടുകാർ നാലു പേർക്ക്‌ അവസരമുണ്ടായതും അദ്ദേഹത്തിന്റെ ഉദാരമനസ്‌കത തന്നെ. ഞങ്ങൾ അദ്ദേഹത്തിന്നു പുറകിലായി അദ്ദേഹത്തിന്റെ ചെയ്‌തികൾക്ക്‌ സാക്ഷ്യം വഹിച്ചുകൊണ്ട്‌ പുരയിടത്തിലേക്ക്‌ കടന്നു.

തണുത്തുറഞ്ഞ്‌ ഉറക്കത്തിലായിരുന്ന മുഹമ്മദ്‌ വർഗീസിന്റെ അരികിൽ ഒരു കസേര വലിച്ചിട്ട്‌ സിറ്റിങ്ങ്‌ സിറ്റിങ്ങായി. പറഞ്ഞുവല്ലോ ഞങ്ങൾ സാക്ഷികളായി. അദ്ദേഹം എന്താണു ചിന്തിക്കുന്നതെന്ന്‌ സാക്ഷ്യം വഹിക്കുവാൻ ഞങ്ങൾക്കായില്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാൽ പെട്ടെന്നാണ്‌ ആ അത്‌ഭുതം സംഭവിച്ചത്‌. അടുത്ത്‌ സിറ്റിങ്ങും സാക്ഷികളും മാത്രമാണെന്ന്‌ ഉറപ്പു വന്ന നിമിഷത്തിൽ മുഹമ്മദ്‌ വർഗീസ്‌ എഴുന്നേറ്റിരുന്നു. എന്നിട്ട്‌ വാർദ്ധക്യത്തിന്റെ അക്‌സിതകളൊക്കെയുള്ള സ്വരമുതിർത്തു.

”എന്റെ പൊന്നു സാറെ. ചത്ത്‌ മോളീ പോയി കീഴ്‌പ്പട്ട്‌ ഒന്ന്‌ നോക്ക്യപ്പഴല്ലേ ഇവടത്തെ പുകിലറിയണേ. ഇത്രയ്‌ക്കൊക്കെ ബുദ്ധിമുട്ടാച്ചാ നീയ്യ്‌ താഴെതന്നെ പോയിക്കോ ന്ന്‌ എന്നെ കൊണ്ടുപോയോരും പറഞ്ഞു. എന്നെ ഒന്ന്‌ കുഴിച്ചിടാൻ ഇത്രയ്‌ക്ക്‌ ബുദ്ധിമുട്ടുണ്ടാവുംന്ന്‌ ഞാനും കരുതിയിരുന്നില്ലാട്ടാ. ഞാൻ മൊഹമ്മദാണോ വർഗീസാണോ ന്ന്‌ എനിക്ക്യന്നെ അറിയില്ല്യ. ഈ വയസ്സാം കാലത്ത്‌ ഇനിപ്പൊ ഇതിന്റൊക്ക്യം അർത്ഥം എന്തൂട്ടാന്നന്വേഷിച്ച്‌ പൂവ്വാൻ എനിക്കിട്ട്‌ ആവതൂല്ല്യ. ആവത്‌ ള്ള കാലത്ത്‌ ട്ട്‌ ആഗ്രഹിച്ചില്ല്യ. ഒന്നിനും പറ്റില്ല്യാച്ചിങ്കി സാറ്‌ ഈ ശവം ഈ ഐസൂകൂട്ട്‌ന്ന്‌ എടുക്കാതെ വല്ല ആശുപത്രീലും കൊണ്ടോയിട്‌. പിള്ളേര്‌ കീറി മുറിച്ച്‌ നോക്ക്യാലെങ്കിലും പറയൂലോ, ഞാനൊന്തൂട്ടാ സാധനം ന്ന്‌, വർക്കീസ്സാ, മൊമ്മദാ, നായരാ..... സത്യത്തിൽ ഈ ബഹളൊക്കെ എന്റെ പേരില്‌ള്ള ഈ ഒന്നര ഏക്കറിനല്ലേ സാറെ അല്ലാതെ....“

മുഹമ്മദ്‌ വർഗീസ്‌ വീണ്ടും കണ്ണുകളടച്ചു.

സുരേഷ്‌. എം.ജി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.