പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അസ്തമിക്കാത്ത നിലവിളികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ അതിരുങ്കൽ

കഥ

എന്തോ പറയാനായി അയാൾ വായ്‌ തുറക്കുമ്പോഴാണ്‌ കഠാരമുന നെഞ്ചകത്തിന്റെ ആഴമളന്നത്‌. ശവത്തിന്റെ വായ്‌ ‘അ’ എന്നു പറയാനാഞ്ഞവണ്ണം തുറന്ന്‌ തന്നെ ആയിരുന്നു. എന്താണ്‌ പറയാൻ ശ്രമിച്ചത്‌. അമ്മേയെന്നോ, അരുതേയെന്നോ....

പാതി മുറിഞ്ഞതും വക്കു പൊട്ടിയതുമായ ഒരു നിലവിളി ലക്ഷ്യം കാണാതെ എവിടെയോ ഒടുങ്ങുമ്പോൾ ഭൂതലമാകെ ഇരുൾ മൂടി. കവലയിലെ എണ്ണമറ്റ യൂണിയന്റെ കൊടികളിൽ കാറ്റുപിടിച്ചു. ഒരു ജീവൻ പറിച്ചെടുക്കുന്നത്‌ കാണാൻ കരുത്തില്ലാതെ ചന്ദ്രക്കല എവിടേക്കാണ്‌ ഉൾവലിഞ്ഞത്‌.

തലേദിവസം സന്ധ്യയിലും ഈ മാതിരി നനുത്ത നിലാവ്‌ നഗരത്തെ തലോടിയിരുന്നു. ഉപ്പുരസം വഹിച്ച തണുത്ത കാറ്റിനെ അതിജീവിച്ചുകൊണ്ട്‌ ശരീര വിൽപ്പനക്കാരും ചുണ്ടിൽ ശുക്ലംപോലെ കൊഴുത്ത ചിരി തിരുകികൊണ്ട്‌ കൂട്ടികൊടുപ്പുകാരും ഇര തേടിയിറങ്ങിയിരുന്നു. ബസ്സ്‌ ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം യാത്ര മുറിഞ്ഞുപോയ ചിലർ ഒറ്റപ്പെട്ട തുരുത്തിലെന്നപോലെ കാണപ്പെട്ടതൊഴിച്ചാൽ എല്ലാം പതിവ്‌ കാഴ്‌ചകൾ തന്നെയായിരുന്നു.

ജീവിതത്തിൽ അവശേഷിച്ചിരുന്ന എല്ല നന്മകളും ഊറ്റിയെടുത്ത ഒരു യൂണിയൻ കമ്മിറ്റിയിൽ പങ്കെടുത്തതിന്റെ വ്യാകുലതയിലും വല്ലായ്‌മയിലും ആയിരുന്നു അയാൾ. ഏറെ രഹസ്യം കാത്ത്‌ സൂക്ഷിച്ച്‌ ആ കമ്മിറ്റിയിലെ ഓരോ നിമിഷവും ദുഃസ്വപ്‌നം പോലെയായിരുന്നു അയാൾക്ക്‌. പിൽക്കാല ജീവിതത്തെ മുഴുവൻ വേട്ടയാടാൻ പോന്ന ദുരന്ത മുഹൂർത്തമതിലുണ്ടെന്നതിൽ അയാൾക്ക്‌ സംശയവുമുണ്ടായിരുന്നില്ല.

ചില ദിവസങ്ങൾ അങ്ങനെയാണയാൾക്ക്‌. ദുരിതങ്ങളുടെ ബീജങ്ങളെ വാരി വിതറിയാകും പിറവി. സന്ധ്യയെത്തുമ്പോഴേക്ക്‌ നട്ടെല്ലിന്റെ വരിഞ്ഞുമുറുക്കുന്ന മലമ്പാമ്പായി അതു മാറും. ഉദാഹരണമായി ഇന്നലത്തെ ദിവസമെടുക്കൂ. അതിരാവിലെ നീലൻ ചെട്ട്യാരുടെ ഗോഡൗണിലേക്ക്‌ ഇറക്കിയ അരിച്ചാക്കുകളിലൊരെണ്ണം വഴുതി കാലിൽ വീണു കൊണ്ടാരംഭിച്ച പൊറുതികേട്‌ സന്ധ്യയായെപ്പോഴേക്കും എത്ര വലിയ ദുരന്തമായിട്ടാണ്‌ മാറിയത്‌.

ഓരോ കാൽവെപ്പിലും ഇരട്ടിക്കുന്ന വേദന അവഗണിച്ചാണ്‌ അയാൾ ടറു ടറു ശബ്‌ദമുണ്ടാക്കുന്ന യൂണിയൻ ഓഫീസിന്റെ തടി ഗോവണി കയറിയത്‌. ജീവിതത്തിന്റെ അറ്റത്തോളം യൂണിയൻ കമ്മിറ്റി മുടക്കരുതെന്നൊരു കണിശമയാൾക്കുണ്ടായിരുന്നല്ലോ.

കമ്മിറ്റിയിൽ അവനുവേണ്ടി ശബ്‌ദിക്കാൻ അയാൾ മാത്രമേ ഉണ്ടായിരുന്നുളളു. അതാണയാളെ തളർത്തിയത്‌. അവനുമായി ഒരുമിച്ചുണ്ടവരും, വേലയെടുത്തവരും അവിടെയുണ്ടായിരുന്നിട്ടും...ഓർമ്മയിൽ നിന്ന്‌ അവസാനത്തെ അടയാളങ്ങളും സമർത്ഥമായി തുടച്ചു മാറ്റി അവനു നേരെ അവർ വിരൽച്ചൂണ്ടുമ്പോൾ അയാൾ അമ്പരന്ന ശിരസ്സുമായി നിന്നു.

അടുത്ത പ്രദേശത്തുളള യൂണിയന്റെ സജീവ പ്രവർത്തകനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച അജ്ഞാത സംഘത്തിലെ അംഗമാണവനെന്നായിരുന്നു പ്രധാന ആരോപണം. എതിർ യൂണിയന്റെ ശാഖ അവന്റെ നേതൃത്വത്തിൽ സജീവമായതും, തുടർന്ന്‌ അണികളിൽ കൊഴിഞ്ഞ്‌ പോക്കാരംഭിച്ചതും സംശയത്തോടെയാണ്‌ കമ്മിറ്റി കണ്ടത്‌. ഇലക്ഷനടുത്തുവരുമ്പോൾ അണികളുടെ ചോർച്ച കാൽചുവട്ടിലെ മണ്ണു ചോരുന്നത്‌ പോലെയാണ്‌.

കമ്മിറ്റിയിൽ അയാളുടെ അഭിപ്രായങ്ങൾ വിനിമയ മൂല്യം നഷ്‌ടപ്പെട്ട നാണയം പോലെ ആയിരുന്നു. അപരിചിതമായ ഭാഷ സംസാരിക്കുന്നവനെപ്പോലെ കൂടിയിരിക്കുന്നവരുടെ കണ്ണുകൾ അയാളിലേക്ക്‌ നീണ്ടു. ദുർബലമായ വാദമുഖങ്ങൾക്കൊടുവിൽ പശ്ചാത്തലമായി കനം കുറഞ്ഞ ഒരു പരിഹാസച്ചിരി ഉയർന്നു. ഒരു വൻതിരയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്‌ വങ്കത്തരമാണെന്നു അയാൾ വേഗമറിഞ്ഞൂ.

പ്രതികാരത്തിന്റെ അഗ്‌നി അവന്റെ നേരെ പുളയ്‌ക്കുന്നത്‌ നിസ്സഹായനായി നോക്കി നിൽക്കാനെ അയാൾക്ക്‌ കഴിഞ്ഞുളളൂ. ഒറ്റുകാരനെപ്പോലെ എല്ലാവരും വേഷമണിയുമ്പോൾ ഇടിഞ്ഞുതാഴുന്ന മനസ്സുമായി അയാൾ നിന്നു.

ഏറ്റുവാങ്ങാനാളില്ലാത്ത വാക്കുകൾ അന്നം മുട്ടി കറങ്ങിത്തിരിഞ്ഞ്‌ തന്റെ പ്രാണനെ കുരുക്കിട്ട്‌ പിടിക്കുമെന്ന്‌ ഭയന്നൊരു നിമിഷത്തിൽ അദ്ധ്യക്ഷനോട്‌ ക്ഷമായാചനം നടത്തി അയാൾ പുറത്തേക്കിറങ്ങി.

പ്രത്യയ ശാസ്‌ത്രത്തിന്റെ ചൂരു ബാധിക്കാത്ത പുറത്തെ തണുത്ത വായു ശ്വാസകോശങ്ങളെ തഴുകി.

താഴത്തെ നിലയിലെ കാസറ്റ്‌ ഷോപ്പിൽ നിന്ന്‌ ഉസ്താദ്‌ ബിസ്‌മില്ലാഖാന്റെ ഷെഹ്‌നായി. അകന്നു പോകുന്ന ഒരോട്ടോയിൽനിന്ന്‌ പളളി മണിയുടെയും, ബാങ്ക്‌ വിളിയുടെയും, ശംഖു നാദത്തിന്റേതുമായ ഒരു മതേതര ശബ്‌ദം.

ചടച്ച മുഖമുളള പ്രത്യയശാസ്‌ത്ര സ്രഷ്‌ടാക്കളുടെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട യൂണിയൻ ഓഫീസിലേക്ക്‌ തിരികെ പ്രവേശിക്കുമ്പോൾ കമ്മിറ്റി അതിന്റെ അവസാന ഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു.

എല്ലാ വിഘടനവാദികൾക്കുമെതിരായ താക്കീതായിരിക്കുമിത്‌. രക്തം പുരണ്ട താക്കീത്‌. മേൽകമ്മിറ്റിയിൽ നിന്നെത്തിയ കട്ടി കണ്ണടക്കാരൻ നേതാവ്‌ ഉപസംഹരിക്കുകയാണ്‌.

ഒരു തിരിച്ചടി അനിവാര്യമാണെന്നായിരുന്നു കമ്മിറ്റിയുടെ പൊതുതീരുമാനം. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ നിന്നൊളിച്ചോടിയ ചരിത്രമില്ലാത്തതിനാൽ നറുക്കു വീണത്‌ അയാൾക്കാണ്‌. അവന്റെ വരവും പോക്കും അയാളോളമറിയുന്നവർ ആരുണ്ട്‌. തലച്ചോറ്‌ ആവിയാകുന്നതുപോലെ അയാൾക്ക്‌ അനുഭവപ്പെട്ടു.

അവനെ നിശ്ശബ്‌ദനാക്കുകയാണ്‌ ലക്ഷ്യം. കാലോ കയ്യൊ...സൗകര്യംപോലെ. ഞാൻ പറഞ്ഞു വരുന്നത്‌...ജീവഹാനി തന്നെ വേണമെന്നില്ല.

നേതാവു ചരിത്ര മുഹൂർത്തത്തിലെ മഹാരഹസ്യം പോലെ അയാളുടെ കാതിൽ മന്ത്രിച്ചു.

യെനിക്കതിനു കഴിയില്ല.. അവനെന്റെ സുഹൃത്താ. യൂണിയനിൽ നിന്ന്‌ പോയെങ്കിലും അതങ്ങനെ തന്നെയാണ്‌. അങ്ങനെ തന്നെയായിരിക്കും.

എനിക്കറിയാം..എല്ലാം. അതുകൊണ്ടു തന്നെയാണ്‌ താങ്കളെ തന്നെ ഈ ഓപ്പറേഷന്‌ തിരഞ്ഞെടുത്തത്‌. ആത്‌മസുഹൃത്തിന്റെ പ്രഹരമാകുമ്പോൾ അതിന്‌ മറ്റൊരു തലമാണ്‌. ശാരീരികവും മാനസികവുമായ ആഘാതം.. അത്‌ താങ്ങാനുളള കരുത്ത്‌ ആ കളളപ്പന്നിക്കുണ്ടാവില്ല. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി...

നേതാവ്‌ നിയോൺ ബൾബിന്റെ നിറമുളള ചിരി ചിരിച്ചു. പേടിച്ചരണ്ട മുയൽകുട്ടിയെപോലെ അയാൾ മൂലയിലേക്ക്‌ വലിഞ്ഞു.

വേണ്ട...ഒന്നും തനിച്ചു വേണ്ട...തന്റെ ഏതാജ്‌ഞ്ഞയും ഏറ്റുവാങ്ങാൻ നാൽവർ സംഘം ഒപ്പമുണ്ടാകും...ചെല്ലും ചെലവും കൊടുത്ത്‌ ഞാൻ നിർത്തിയിരിക്കുന്ന അഭ്യാസിമാർ... നഗരത്തിലെ പ്രമുഖ അബ്‌കാരിയുടെ മരുമകനെന്ന ഹുങ്ക്‌ നേതാവിന്റെ വാക്കുകളിൽ അയാൾ മണത്തു. ശക്‌തിയായ ഒരൊക്കാനം പെരുമഴപോലെ തൊണ്ടയിൽ മുട്ടി.

ഭൂരിപക്ഷത്തിന്റെ പിന്തുണയുളള ആ തീരുമാനവുമായി പൊരുത്തപ്പെടാൻ ഏറെ ശ്രമത്തിനൊടുവിലും അയാൾക്ക്‌ കഴിഞ്ഞില്ല. എത്ര പണിപെട്ടിട്ടും തലയിൽ ഉചിതമായി ഇരുപ്പുറപ്പിക്കാത്ത ചുമടുപോലെയായി ഓരോ ശ്രമവും...തെളിയുന്നത്‌ അവന്റെ മുഖമാണ്‌. രാജികത്ത്‌ വലിച്ചെറിഞ്ഞ്‌ എല്ലാ കെട്ടുപാടുകളിൽനിന്നും പറന്നുപോകാൻ അയാളപ്പോൾ കൊതിച്ചു. പക്ഷേ യൂണിയന്റെ തണലില്ലാതെ ഒരു ചുമട്ടു തൊഴിലാളിക്ക്‌ എത്രനാൾ പിടിച്ചു നിൽക്കാനാവും...ഒരാഴ്‌ച...രണ്ടാഴ്‌ച...

പുതിയ കാലത്ത്‌ ജീവിക്കാൻ പുതിയ മനസ്സുവേണം...പഴയതിനെ എറിഞ്ഞുടച്ച്‌ കൂടുതൽ ദൃഢവും ഉറപ്പുളളതും...അതെ...അതുതന്നെയാണ്‌ വേണ്ടത്‌...ഇത്തരം ചില ജീവിത വിചാരങ്ങളുമായി കമ്മിറ്റി കഴിഞ്ഞ രാത്രിയിൽ അയാൾ തെരുവിലൂടെ വിഭ്രാന്തിയോടെ അലഞ്ഞു. ഏറെ നടക്കുമ്പോൾ ഹൃദയഭാരമലിഞ്ഞില്ലാതാകുന്നത്‌ അയാൾ അറിഞ്ഞു.

സാന്ത്വനം പോലെ കാലം തെറ്റിയെത്തിയ മഴ ചാഞ്ഞു പെയ്യുന്നുണ്ടായിരുന്നു.

പ്രധാന നിരത്തിൽനിന്നു കമ്പോളത്തിലേക്കുളള ഇടവഴിയ്‌ക്ക്‌ മനംപുരട്ടുന്ന ഗന്ധം. സിനിമാ പോസ്‌റ്ററുകളാൽ ആവരണം ചെയ്യപ്പെട്ട ഭിത്തിയായിരുന്നു ഇടതുവശത്ത്‌. അവയിലൊന്നിൽ പിന്നിട്ട യൂണിയൻ സമ്മേളനത്തിനുവേണ്ടി ഒട്ടിച്ച പോസ്‌റ്റർ അയാളുടെ കണ്ണിൽ പെട്ടു. അയാൾ ഒട്ടിച്ചതായിരുന്നു അത്‌. ഒട്ടേറെ ഓർമ്മകൾ. ബലികുടീരത്തിനു മുമ്പിലെന്നപോലെ അയാൾ അവിടെ നിന്നു.

തിരിയുമ്പോൾ പശ കലക്കിയ ബക്കറ്റുമായി അവൻ അരികിൽ മിന്നി. നഗരത്തിലന്നൊട്ടിച്ച നൂറുകണക്കിനു പോസ്‌റ്ററുകൾക്ക്‌ പശ കലക്കി തന്നിരുന്നത്‌ അവനായിരുന്നുവല്ലോയെന്ന്‌ അയാൾ അപ്പോളോർത്തു. പോസ്‌റ്ററുകളിലെ നേതാക്കന്മാരുടെ പേരുകൾ കാറിചൊല്ലിയതും അവനായിരുന്നു.

പെരുകി വരുന്ന ശോകത്തിൽ കനത്ത്‌ അയാൾ ആ പോസ്‌റ്ററിനു മുൻപിൽ മുട്ടുകുത്തി. മുഖം കൈപ്പടത്തിൽ പതിപ്പിച്ചു. ഗൃഹാതുരത്തിന്റെ ശക്തമായ ചാറ്റൽമഴയിൽ അയാൾ നനഞ്ഞു. ഏതഭിശപ്ത മുഹൂർത്തത്തിലാണ്‌ അവൻ പാർട്ടിക്ക്‌ അന്യനായത്‌. ആരാണ്‌ അവനെ ആരുമല്ലാതാക്കിയത്‌.

തപിക്കുന്ന ഒട്ടേറെ ഓർമ്മകളുമായി ഏതൊക്കെയോ വഴികളിലൂടെ നടന്ന്‌, എവിടെയൊക്കെയോ ചെന്ന്‌ തട്ടി, സ്വന്തം കൂരയിലെത്തുമ്പോൾ രാത്രി പഴകിയിരുന്നു. സൗദാമിനി കാത്തിരിക്കുകയായിരുന്നു.

എത്രൊക്കെയായാലും എന്റെ കൂടെ നിഴലുപോലെ നടന്നോനല്ലേ അവൻ. ഒടുവിൽ എന്റെ കൈകൊണ്ട്‌ തന്നെ...

ദുരന്തങ്ങളുടെ ചുഴലിക്കാറ്റിൽ നിന്ന്‌ രക്ഷപ്പെടാനെന്നവണ്ണം അയാൾ സൗദാമിനിയുടെ മടിത്തട്ടിൽ കമിഴ്‌ന്ന്‌ കിടന്നു. അടിവയറ്റിന്റെ ഇളം ചൂട്‌ ഒരാവരണംപോലെ അയാളെ പൊതിഞ്ഞു. അയാളുടെ തലമുടിയിലൂടെ വിരലുകൾ ഊർന്നുകൊണ്ടിരുന്നു അവൾ.

സൗദാമിനി ഓർക്കുകയായിരുന്നു. ആദ്യമായി അവനെ കണ്ടത്‌ അയാളുമായുളള വിവാഹദിനത്തിലായിരുന്നു. രജിസ്‌ട്രാഫീസിൽ സാക്ഷിയായി ഒപ്പിടാൻ അവനുമുണ്ടായിരുന്നു. അവന്റെ അമ്മ വെച്ചുവിളമ്പിയ സദ്യയുടെ രുചി അവളുടെ നാവിലപ്പോൾ നുരച്ചു.

തോടിനക്കരെയുളള അവന്റെ വീടിന്റെ തിണ്ണയിലെ അന്തിവിളക്കിന്റെ കണ്ണുകൾ ഇരുട്ടിലൂടെ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. തോടിനു കുറുകെ വീശുന്ന കാറ്റിൽ അത്‌ ഇടയ്‌ക്ക്‌ ചിമ്മി.

നാളെ ഈ സമയത്ത്‌ ആ വീടിന്റെ ചുവരുകൾപോലും നിലവിളിക്കുമല്ലോയെന്നോർത്തപ്പോൾ സൗദാമിനിയുടെ ഉളളം പൊളളി. വെളള പുതപ്പിച്ച ഒരു ജഡം. ഗദ്‌ഗദം ഉറഞ്ഞുകൂടിയ ഇരുട്ട്‌. ഹോ...

ഭീതിജനകമായ ഒരു തേങ്ങലാണ്‌ അയാളെ ഉണർത്തിയത്‌. ഉറക്കം അയാൾക്കു പുതിയ കരുത്തു നൽകിയിരുന്നു.

അയാളും ചിലത്‌ തീരുമാനിച്ചു. ഒരൊളിച്ച്‌ കളി. പിടിക്കപ്പെട്ടാൽ തല ചപ്പിളിയാകുന്ന ഒരു കളി.

ആ തീരുമാനത്തിന്റെ പകുതിയിൽ തോടിനു കുറുകെയുളള തടിപ്പാലം കടന്നയാൾ. പരിസരമെങ്ങും വിജനമായിരുന്നു. നിലാവ്‌ വീണ തോടിനു ചെമ്മാനത്തിന്റെ നിറം. രാത്രി ഏറെ വൈകിയുളള ഒരെക്‌സ്‌പ്രെസ്സ്‌ ട്രെയിൻ വിലാപമുയർത്തികൊണ്ട്‌ കടന്നു പോകുന്നുണ്ടായിരുന്നു.

തോട്ടിന്റെ കരയിൽ നിന്നുളള ഒതുക്കു കല്ലുകൾ അവസാനിക്കുന്നത്‌ അവന്റെ വീട്ടുമുറ്റത്താണ്‌. കരിന്തിരി കത്താൻ തുടങ്ങിയ പാട്ടവിളക്കു അയാളെ എതിരേറ്റു.

കാൽപെരുമാറ്റം കേട്ടിട്ടാവണം അകത്താരോ ചുമച്ചു.

നീ എവിടെയായിരുന്നു മോനെ...കാത്തിരുന്നു മുഷിഞ്ഞ അവന്റെ അമ്മയാണ്‌.

അവനിനിയും വന്നു ചേർന്നിട്ടില്ലെന്നത്‌ ഞെട്ടിപ്പിക്കുന്ന ഒരറിവായിരുന്നു. ധൃതിയിൽ നിശ്ശബ്‌ദമായ കാലടികളോടെ അയാൾ ഒതുക്കുക്കല്ലുകൾ ഇറങ്ങി. തിരിഞ്ഞു നോക്കിയതുമില്ല.

ഇടവഴി കടന്നു നിരത്തിലെത്തുമ്പോഴേക്കും തവിട്ടു നിറത്തിലുളള പ്രകാശം എങ്ങും വിതറികൊണ്ട്‌ സൂര്യൻ തല പൊന്തിച്ചിരുന്നു. അന്വേഷണത്തിന്റെ പടവുകൾ ഒന്നൊന്നായി അയാൾ കയറാൻ തുടങ്ങി.

തെരുവിന്റെ ഓരോ കോണും അരിച്ചുപെറുക്കിയുളള ഒരന്വേഷണമായിരുന്നു അത്‌. കാണാതെ പോയതെന്തോ തിരയുന്നത്‌ പോലെ. ഒന്നിനും ഒരിക്കൽപോലും ഇത്ര ആത്മാർത്ഥമായൊരു തിരച്ചിൽ അയാൾ നടത്തിയിട്ടില്ല.

ചന്തക്കു പിന്നിലെ അവന്റെ യൂണിയനോഫീസിലും ചുമട്ടുപണി കുറയുമ്പോൾ അവൻ ജോലിക്ക്‌ പോകാറുളള സോമില്ലിലും അവനുണ്ടായിരുന്നില്ല. അവന്റെ കരുത്തിനോടും എണ്ണ കറുപ്പിനോടും പ്രത്യേകമായൊരിഷ്‌ടം കാത്ത്‌ സൂക്ഷിക്കുന്ന ദേവയാനിക്കും അവനെ കുറിച്ചറിയില്ലെന്ന്‌ വന്നപ്പോൾ അകാരണമായൊരു ഭയം പുകപോലെ ശ്വാസകോശങ്ങളിൽ നിറഞ്ഞു. അടുത്തുവരുന്ന ദുരന്തത്തിന്റെ അദൃശ്യകരങ്ങൾ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു.

ഇലക്ഷൻ കഴിയുന്നതുവരെയെങ്കിലും ഒന്നുമാറി നിൽക്കണമെന്നും അപകടം കാത്തിരിക്കുന്നുവെന്നും അവനെയറിയിക്കുന്നതെങ്ങനെയെന്നറിയാതെ അയാൾ കുഴങ്ങി. ഏത്‌ നിമിഷവും ജീവിതം തുണ്ടമാക്കപ്പെടുമെന്ന്‌ അവനോട്‌ പറയാൻ കഴിയാത്തതിലുളള അസ്വസ്ഥതയിൽ ഞരമ്പുകൾ വലിഞ്ഞു മുറുകി.

എങ്ങും അവനെ കണ്ടുകിട്ടിയില്ല. ഇന്നത്തെ ദിവസം അവനെ കണ്ടവരാരുമില്ലെന്ന്‌. അവനേത്‌ പുകമറക്കുളളിലാണ്‌ മറഞ്ഞത്‌.

അടുപ്പുപോലെ കത്തുന്ന വെയിലിലേക്ക്‌ ഇറങ്ങി നടക്കുമ്പോൾ ആരുടെയോ പിൻവിളി.

എങ്ങ്വട്ടാ ഈ നട്ടുച്ചക്ക്‌...

തിരിഞ്ഞു നോക്കാതെ നടന്നു.

ഒരു കുടുംബം ദുരന്തങ്ങളുടെ പൊളളലേറ്റ്‌ പോകാതിരിക്കാൻ ഈ വെയിലുകൊണ്ടേ തീരൂ. ഇരുൾ കഴുകനെപോലെ ചിറക്‌ വിടർത്തുമ്പോൾ നിശ്ശബ്‌ദവും ആസൂത്രിതവുമായ ഒരു പടപ്പുറപ്പാട്‌ ആരംഭിക്കുമെന്നു ആരറിയുന്നു. ഏതു നിരത്താണ്‌ ചുവന്ന പരവതാനിയാൽ വിരിക്കപ്പെടുന്നത്‌.

യൂണിയന്റെ രഹസ്യം ചോർത്തികൊടുത്തിട്ട്‌ അവനെ നാൽവർ സംഘത്തോടൊപ്പം തിരയുന്നത്‌ ആത്മവഞ്ചനയാകാം. എങ്കിലും, ഈ ആത്മവഞ്ചന ഒലിച്ചു പോകുന്ന ചില മൂല്യങ്ങൾക്കു വേണ്ടിയാണല്ലോയെന്ന്‌ അയാൾ സ്വയം സമാധാനിച്ചു.

കടൽക്കരയിലെ ഒഴിഞ്ഞ പാറക്കെട്ടിനു സമീപം അവനുണ്ടെന്ന്‌ വെളിപ്പെടുത്തിയത്‌ കഞ്ചാവു വിൽപ്പനക്കാരൻ മുരുകേശനായിരുന്നു. നീണ്ട അലച്ചിൽ കാരണം ഭാരം ബാധിച്ചു തുടങ്ങിയ കാലുകളുടെ ചലനം പരമാവധി വേഗതയിലാക്കി അയാൾ നടന്നു. ഇരുട്ടിന്റെ മറപറ്റി അതിർത്തികളിലേക്ക്‌ പാലായനം ചെയ്യാൻ അവന്‌ ഇനിയും സമയമുണ്ട്‌. സ്വന്തം ജീവനും കയ്യിലേന്തി വിശാലമായ ലോകത്തിലെവിടെയെങ്കിലും അവൻ ജീവിക്കട്ടെ.

സൂര്യൻ കടലിലേക്ക്‌ വഴുതിവീണു കഴിഞ്ഞിരുന്നു. പിച്ചവെച്ച്‌ തുടങ്ങിയ നിലാവും, ഇരുട്ടിന്റെ കറുത്ത ലായനിയും ഭൂമിക്ക്‌ മീതെ പരക്കാൻ തുടങ്ങിയിരുന്നു.

കടൽ കാറ്റ്‌ പകുതി ഒപ്പിയെടുത്ത കുഴഞ്ഞ ശബ്‌ദമായിരുന്നു അയാളുടേത്‌. ഒരു വിളിയിൽ തന്നെ അവനത്‌ തിരിച്ചറിഞ്ഞു.

അവന്റെ ചുണ്ടിലൊരു പരിഹാസചിരി വാളിന്റെ വായ്‌ത്തലപോലെ തിളങ്ങി. കാട്ടുതീ കത്തുന്നതുപോലെ ഒരു കുശുകുശുപ്പ്‌ അവന്റെ കൂട്ടാളികളിൽ നിന്നുയർന്നു.

എല്ലാമറിയുന്ന ജ്‌ഞ്ഞാനിയെപ്പോലെയായിരുന്നു അവൻ ചിരിച്ചത്‌. അതെ സുഹൃത്തേ, അതുകൊണ്ടുതന്നെയാണ്‌ അയാൾ തന്റെ പേരുചൊല്ലി വിളിച്ചപ്പോൾ അവനൊരു കഠാര എളിയിൽ ഒളിപ്പിച്ചുവെച്ചത്‌.

എന്തോ പറയാനായി അയാൾ വായ്‌ തുറക്കുമ്പോഴാണ്‌ കഠാരമുന നെഞ്ചകത്തിന്റെ ആഴമളന്നത്‌. ശവത്തിന്റെ വായ്‌ ‘അ’ എന്നു പറയാനാഞ്ഞവണ്ണം തുറന്ന്‌ തന്നെ ആയിരുന്നു. എന്താണ്‌ പറയാൻ ശ്രമിച്ചത്‌. അമ്മേയെന്നോ, അരുതേയെന്നോ....

ജോസഫ്‌ അതിരുങ്കൽ

പി.ബി.നം. 2872

റിയാദ്‌ - 11461

സൗദി അറേബ്യ.


Phone: 9661 4480353
E-Mail: //sjosephakl 91@hotmail.co//e




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.