പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അപ്പൂപ്പൻതാടിയുടെ ദർശനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.സരസ്വതി ശർമ്മ

കഥ

ബാല്യം പിന്നിട്ടതോടെ ഞാനൊരു അപ്പൂപ്പൻതാടിയായിത്തീരുകയായിരുന്നു. ദേഹം വെളുവെളുന്നനെ. പട്ടുനൂലുപോലെ പളുപളുന്നനെയുളള ചിറകുകൾ. അതും എത്രയാ. ഞാൻ എന്റെ അഴകിൽ മതിമറന്നു. ഭൂമിവിട്ട്‌ ആകാശത്തേക്ക്‌ പൊങ്ങി. പിന്നെ വായുവിൽ ഒഴുകിനടന്നു.

എത്തിപ്പിടിക്കാൻ വരുന്ന കൗതുകത്തിന്റെ കയ്യുകളെ തട്ടിമാറ്റിയും മുട്ടിയുരുമ്മിയും പിടികൊടുക്കാതെ പറന്ന്‌ പറന്ന്‌ നടക്കും. ഈ പറക്കലാണ്‌ എനിക്കേറെ ഇഷ്‌ടം. ഇങ്ങ്‌ താഴെ പാവങ്ങൾ കൊതിക്കണ്ണുകളുമായി നില്‌ക്കുമ്പോൾ കഷ്‌ടം തോന്നും. കളിപ്പിച്ച സന്തോഷം മറുവശത്ത്‌.

അങ്ങനെയിരിക്കെ ഓർക്കാപ്പുറത്ത്‌ കാറ്റ്‌ അനുകൂലമായപ്പോൾ അതിവേഗം പറന്നുചെന്ന്‌ ഒരു കൈപിടിയിൽ അകപ്പെട്ടു. ഹൃദയംതേങ്ങി. ചിറക്‌ പിടഞ്ഞു. കിം.ഫലം? പക്ഷേ, എന്റെ ശരീരം നോവിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. പിന്നെ പുലരിയിൽ ഊതിയ കാറ്റിൽ മെല്ലെ കൈത്തലം അയച്ചു. ഞാൻ കൈത്തലംവിട്ട്‌ പുറത്ത്‌ പോകുമോ എന്ന്‌ അറിയാൻ ആയിരിക്കണം. അപ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്‌. ഇത്രയുംനേരം ഞാൻ ഇരുന്നത്‌ ഒരു ചെന്താമരയിലാണെന്ന്‌. എന്ത്‌ ഭംഗി, എന്ത്‌ ഓമനത്തം ആ കയ്യുകൾക്ക്‌. അന്ന്‌ ഞാൻ ആദ്യമായി ഒരു മനുഷ്യകുലത്തിലെ ഒരു പുരുഷന്റെ കൈക്കുടുന്നയിൽ ഉമ്മവെച്ചു. ആർത്തിയോടെ അതാവർത്തിച്ചപ്പോൾ എന്നെ സാവധാനം മറ്റേ കൈത്തലത്തിലേക്ക്‌ മാറ്റിയിരുത്തി അയാളുടെ ചുണ്ടുവിരൽ എന്റെ ഒത്ത നടുക്ക്‌ പൊട്ടുപോലുളള ഹൃദയത്തിൽ തൊട്ട്‌ അയാൾ അന്വേഷിച്ചു. നിന്റെ ഹൃദയം എത്ര ലോലമാ. ഇതിലെ അറകൾ ശൂന്യമാണോ?

അല്ലേ അല്ല. ഞാൻ ചിരിച്ചിളകി.

പിന്നെ?

അതിൽ സ്‌നേഹത്തിന്റെ ഒരു വിത്തുണ്ട്‌.

അത്‌ കേട്ട്‌ അയാളുടെ കണ്ണുകൾ തെളിഞ്ഞ എണ്ണയിൽ കത്തുന്ന ദീനനാളങ്ങളായി. സന്തോഷത്തിൽ മതിമറന്ന്‌ കൈകൊട്ടി അയാൾ ചിരിച്ച തക്കംനോക്കി ഞാൻ ബന്ധനംവിട്ട്‌ പുറത്തേക്ക്‌ പറന്നു.

ഞങ്ങളുടെ സ്‌നേഹത്തിന്‌ കാമത്തിന്റെ ഗന്ധമോ, പ്രേമത്തിന്റെ പൂമ്പൊടിയോ ഒന്നുമില്ല. വെറുതെ ഒരു ഇഷ്‌ടം. അതേന്നെ വെറുതെ ഒരു ഇഷ്‌ടം. ഈ ഭൂമിയിൽ ഇങ്ങനെയും ഒരു ഇഷ്‌ടം ഉണ്ടോ?

ദേ... അയാൾ എന്നെ എത്തിപ്പിടിക്കാൻ ചാടുന്നതു കണ്ടോ. കുസൃതിയുടെ മൂച്ചുപിടിച്ച്‌ ഞാൻ അകലുമ്പോൾ അയാളുടെ ചൂണ്ടുവിരൽ ചുണ്ടിൽ കഷ്‌ടം കുത്തി വീഴും. അപ്പോൾ ഞാനല്പം താഴും. വീണ്ടും മുകളിലേക്ക്‌ പറ്റിച്ചൊഴുകും. ഈ ഭൂമിയിലെ ഇഷ്‌ടങ്ങൾക്ക്‌ എത്ര നിറം ഉണ്ട്‌. എണ്ണിയാൽ ഒടുങ്ങാത്ത അത്ര! ഈ ഭൂഗോളം രഹസ്യങ്ങളുടെ ചിമിഴാ അല്ലേ?

മൂളി മൂളി ഉത്തരം തന്ന്‌ തന്ന്‌ അയാൾ പിന്നിട്ട ദൂരം കണ്ടോ? ആ ദൂരം ആണ്‌ ഇഷ്‌ടം. ഈ ഇഷ്‌ടത്തിന്റെ നിറമോ വെളുപ്പ്‌. എന്റെ നിറത്തിന്റെ നിറം. ഞാൻ വീണ്ടും അയാൾക്കായി താണ്‌ താണ്‌ പറന്നു. ഭൂമിയോട്‌ അടുക്കുമ്പോഴെ വെളുപ്പ്‌ കൂടി കൂടി വരൂ.

ഡോ.സരസ്വതി ശർമ്മ

ആനുകാലികങ്ങളിൽ എഴുതുന്നു. എടത്തല അൽ-അമീൻ കോളേജിൽ അധ്യാപികയാണ്‌.

വിലാസം

ലക്‌ചറർ,

അൽ-അമീൻ കോളേജ്‌,

എടത്തല, ആലുവ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.