പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കളിപ്പാട്ടങ്ങൾ കരയുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സബീന എം. സലി

കഥ

പുലരി കിഴക്കുനിന്ന്‌ പുറപ്പെട്ടിട്ടേയുണ്ടായിരുന്നുള്ളു. ആകാശത്തെ ചൂഴ്‌ന്നൂ നിന്ന ഇരുട്ട്‌ പതുക്കെ പിൻ വാങ്ങാൻ തുടങ്ങി. തെരുവോരങ്ങളും ഊടുവഴികളും ഉണർന്നിരിക്കുന്നു. രാത്രി മഴയുടെ ബാക്കി പത്രമായി ഒറ്റമഴത്തുള്ളികൾ വ്യക്ഷശിഖരങ്ങളിൽ നിന്ന്‌ തെന്നി വീഴുന്നു. പാൽക്കാരൻ അപ്പുണ്ണി ജീവശ്വാസം പോലെ കൂടെക്കൊണ്ടു നടക്കുന്ന തുരുമ്പെടുത്ത സൈക്കിളും ഉന്തികൊണ്ട്‌, പാൽ നിറച്ച കുപ്പികൾ വീടുകളുടെ ഉമ്മറത്ത്‌ സ്ഥാപിച്ച്‌ കാലികുപ്പികളുമായി നടന്നു പോകുന്നു.കാലിന്റെ മുടന്തു പരിഹാരിക്കാനെന്നോണം, ഒറ്റകാലിൽ ചെരുപ്പും ഇട്ടുകൊണ്ടാണ്‌ ഇഷ്ടന്റെ നടത്തം. പള്ളീന്ന്‌ സുബഹി നിസ്‌ക്കാരവും കഴിഞ്ഞ്‌ ജമാലും സിദ്ദിഖും വാ തോരാതെന്തോ സംസാരിച്ചു നടന്നുപോകുന്നുണ്ട്‌. ഒരു മിന്നായം പോലെ പത്രമെറിഞ്ഞുപോകുന്ന ജോസ്‌ ഇന്നൽപം സാവധാനത്തിലാണ്‌. മഴത്തുള്ളികൾ തന്നെ കാരണം പത്രം നനയാതെ വീടുകളിലെത്തിക്കണമല്ലോ.

കാക്കകളുടെ നിർത്താതെയുള്ള ,കലപില കേട്ടാണ്‌ സുഹറ കണ്ണു തുറന്നത്‌. പുറത്തെന്താണ്‌ നടുക്കുന്നതെന്നറിയാൻ ജനൽ പാളി തുറന്നവൾ എത്തിവലിഞ്ഞു നോക്കി. മതിലിനപ്പുറത്ത്‌ ഇലക്ര്ടിക്ക്‌ ലൈനിൽ ഒരു കാക്കയുടെ ജഡവും അതിനെപ്പൊതിഞ്ഞ്‌ കുറെ കാക്കകളുടെ അനുശോചനയോഗവും നടക്കുന്നു. കൂട്ടത്തിൽ അറിയാത്തവരെ അറിയിക്കാൻ മുതിർന്ന കാക്കകൾ കർണകഠോരമായി അവൾ ഒച്ച വയ്‌ക്കാതെ പുറത്തിറങ്ങി. ഉമ്മ അടുക്കളയിൽ പാത്രങ്ങളോട്‌ മല്ലടിക്കുന്നു. ഇത്താത്ത ദോശ ചുടുന്നതിന്റെ ശബ്ദവും കേൾക്കാം അവൾ പതുക്കെ തെക്കുവശത്തു ചെന്ന്‌ കോഴിക്കൂട്‌ തുറന്നു. കൂട്ടിലടയ്‌ക്കപ്പെട്ട വെരുകിന്റെ സംഭ്രമത്തോടെ, പലനിറത്തിലുള്ള കോഴിപ്പട അടുക്കള ഭാഗത്തേക്ക്‌ പാഞ്ഞുപോയി. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ പെറുക്കിയെടുത്ത്‌ അവളും അവറ്റകളുടെ പിറകെ ചെന്നു. കയ്യിലിരുന്ന മുട്ടകൾ തവിടുചാക്കിന്റെ പുറത്ത്‌ വച്ചശേഷം കാക്കകളെ തന്റെ അനുശോചനമറിയിക്കാൻ അവൾ വഴിയിലേക്കിറങ്ങി.

തലേദിവസം മുനീറുമായി പിണങ്ങി കരഞ്ഞു കരഞ്ഞാണ്‌ അവൾ ഉറങ്ങാൻ കിടന്നത്‌ ശിവരാത്രി മണപ്പുറത്തു നിന്നു ഉപ്പാപ്പ തനിക്കു വാങ്ങിത്തന്ന. കണ്ണിൽ ചുവന്ന ലൈറ്റ്‌ കത്തുന്ന പാവയെ അവൻ കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞതായിരുന്നു സങ്കടഹേതു. ദുഃഖം അണപ്പൊട്ടിയൊഴുകിയപ്പോൾ , മുനീറിന്റെ ഇത്താത്ത തന്നെ ആശ്വസിപ്പിക്കാനായി എന്തൊക്കെ തരം കളിപ്പാട്ടങ്ങളാണുണ്ടാക്കിതന്നത്‌. പ്ലാവില കൊണ്ട്‌ പോലീസുകാരന്റെ തൊപ്പിയും, ഓലകൊണ്ട്‌ പന്തും, പാമ്പും , പീപ്പിയും, കണ്ണാടിയുമൊക്കെ ഒരെണ്ണം പോലും മുനീറിനു കൊടുത്തില്ല. എല്ലാം അവൾ തന്റെ നിലക്കണ്ണാടിക്കു മുന്നിൽ നിരത്തിവച്ചു. മുനീറിന്റെ സൈക്കിളിൽ ഞാനൊന്നിരുന്നതാണ്‌ അവന്റെ പിണക്കത്തിനെല്ലാം കാരണം. അല്ലേലും അവനങ്ങനെയാ സ്വാർത്ഥത കുറച്ചു കൂടുതലാ. ഇന്നലെയല്ലെ സ്‌കൂൾ കഴിഞ്ഞു വരുന്ന വഴി ചേക്കുമാപ്ലയുടെ പീടികേന്നു വാങ്ങിയ നെല്ലിക്കയും ശർക്കര മിഠായിയും ഞാനവന്‌ കൊടുത്തത്‌. പാവം തന്റെ പാവ കിണറ്റിൽ കിടന്നിപ്പോൾ കരയുന്നുണ്ടാവും വഴിയിലേക്കിറങ്ങവേ കിണറ്റിലേക്കൊന്ന്‌ എത്തിനോക്കാനും അവൾ മറന്നില്ല വെള്ളത്തിൽ പൊങ്ങികിടക്കുന്ന പാവകുട്ടിയെ കണ്ടപ്പോൾ സങ്കടവും, ആത്മരോഷവും പതഞ്ഞുപൊങ്ങി. ഇനി മുനീറിനോടൊരിക്കലും മിണ്ടില്ലെന്നവൾ മനസ്സിലുറപ്പിച്ചു.

കൊച്ചുപെണ്ണും കാളിക്കുട്ടിം, രാവിലെ കൊച്ചുവർത്തമാനം പറഞ്ഞ്‌ ആ വഴി വരുന്നുണ്ടായിരുന്നു. മുണ്ടിന്റെ കോന്തലയെടുത്ത്‌ മാറു മറച്ച്‌ അരിവാളും കയ്യിലേന്തിയാണ്‌ വരവ്‌. നടുവിന്‌ സാരമായെന്തോ സംഭവിച്ചതിനാൽ 90 ഡിഗ്രി വളഞ്ഞാണ്‌ കൊച്ചുപെണ്ണിന്റെ നടപ്പ്‌. കുനിഞ്ഞു നടന്നാലെന്താ നാലാളെടുക്കുന്ന പണിയല്ലെ മുപ്പത്തി ഒറ്റയടിക്ക്‌ ചെയ്തു തീർക്കുന്നത്‌. കുഞ്ഞന്തുന്റെ മോളുടെ പേറെടുത്തത്‌ കൊച്ചുപെണ്ണാണ്‌. വെളുപ്പിനെ ചെന്ന്‌ കുട്ടിയെ എണ്ണതേപ്പിച്ച്‌ ഇളംവെയിൽ കൊള്ളിക്കണം.പിന്നെ തള്ളയെ മഞ്ഞളും കുഴമ്പും തേച്ച്‌ കുളിപ്പിക്കണം. അവിടത്തെ പണിയെല്ലാം കഴിഞ്ഞ്‌ മൂസാക്കാടെ വീട്ടിലെ പശൂന്‌ പുല്ലറുത്ത്‌ കൊടുത്തിട്ടേ കൂരയിലേക്ക്‌ മടങ്ങൂ. പതിവിനു വിപരീതമായി സുഹറയെ വഴിയിൽ കണ്ടപ്പോൾ അടുത്തെത്തി കുശലം ചോദിച്ചിട്ടാണ്‌ രണ്ടാളും നടന്നകന്നത്‌. കാക്ക തലക്കിട്ട്‌ കൊത്തും പുള്ളേ , അകത്ത്‌ കയറിപ്പോ കണ്ടെത്തിൽ പശുവിനെ കെട്ടാൻ വന്ന പത്തുക്കുട്ടി വിളിച്ചു പറഞ്ഞു. ഇളവെയിൽ കുടപിടിക്കൻ തുടങ്ങിയിട്ടും അവൾക്ക്‌ തിരികെപ്പോകാൻ മനസ്സു വന്നില്ല. ഗേറ്റിൽ മറഞ്ഞുനിന്നുകിണ്ടവൾ കാക്ക സമ്മേളനം കണ്ടു നിന്നു.

സുഹറയെ കാണുന്നില്ലെന്ന വാർത്ത ഇടിത്തീ കണക്കെയാണ്‌ ഗ്രാമവാസികളുടെ മേൽ പതിച്ചത്‌ ആദ്യമായാണ്‌ അങ്ങനെയൊരു സംഭവം ആ പ്രദേശത്ത്‌ അരങ്ങേറുന്നത്‌. എട്ടുവയസ്സുപോലും തികയാത്ത അവൾ എവിടെപ്പോകാനാണ്‌? മകളെ കാണാഞ്ഞ്‌ ആമിനാത്ത വീടും തൊടിയും കടന്ന്‌ പാടത്തും അവളെ തിരഞ്ഞു. കുഞ്ഞിനെ കാണുന്നില്ലെന്ന വാസ്തവം അംഗീകരിച്ചതോടെ അവരാകെ തളർന്നു. സംഭവമറിഞ്ഞ്‌ ആളുകൾ വന്നു കൂടാനും തുടങ്ങി. വഴിവക്കിൽ അവളെ കണ്ടവരെല്ലാം അതു സാക്ഷ്യം ചെയ്ത്‌ പൊട്ടിക്കരഞ്ഞു. പുഴയിൽ തിരച്ചിലിനു പോയവരും തിരിച്ചു വന്നു. പോലീസിൽ അറിയക്കണമെന്ന്‌ നിർദ്ദേശം മുന്നോട്ട്‌ വച്ചത്‌ പഞ്ചായത്ത്‌ മെമ്പർ കരീം ഹാജിയാണ്‌ ആരൊക്കെയോ ഗൾഫിലുള്ള സുഹറാടെ വാപ്പ റഹീമിനെയും വിവരമറിയിച്ചു. മുകത മുറ്റിയ നിമിഷങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. സൂര്യൻ ,തന്റെ കർത്തവ്യനിർവ്വഹണം കഴിഞ്ഞ്‌ പതുക്കെ പടിഞ്ഞാറോട്ട്‌ തലചായ്‌ക്കുന്ന പൂന്തോട്ടത്തിൽ അന്നു വിരിഞ്ഞ പൂക്കളൊക്കെ വാടിത്തുടങ്ങി. ചക്രവാളത്തിന്‌ എന്നത്തെയും പോലെ തുടിപ്പുണ്ടായിരുന്നില്ല. വിവർണ്ണമായ ചക്രവാളത്തിൽ കണ്ണും നട്ട്‌ ആമിനാത്ത പടിഞ്ഞാറെ തിണ്ണയിലിരുപ്പുണ്ടായിരുന്നു. അമ്മ മനസ്സിലെ താളം തെറ്റിയ താരാട്ട്‌ കാറ്റിന്റെ വിതുമ്പലിനൊപ്പം അലിഞ്ഞു ചേർന്നു

പുഴക്കടവിൽ മൊയ്തുന്റെ തൊഴുത്തിൽ നിന്ന്‌ പതിവില്ലാത്ത വിധം പശൂന്റെം കോഴിടെമൊക്കെ കരച്ചിൽ കേട്ടാണ്‌ അപ്പുണ്ണി തന്റെ മുടന്തും വലിച്ച്‌ അങ്ങോട്ടു ചെന്നുനോക്കിയത്‌. എന്തോ ചാക്കിട്ടു മൂടിയിട്ടുണ്ട്‌. കോഴികൾ വിഭ്രമം ബാധിച്ചതുപോലെ അപസ്വരമുയർത്തുന്നു. പന്തികേടു തോന്നിയ അവൻ പതുക്കെ ചാക്കുയർത്തി ഒന്നേ നോക്കിയുള്ളു. നാടെങ്ങും വാർത്ത പരക്കാൻ അധികം വേണ്ടിവന്നില്ല. വിവരമറിഞ്ഞ ആമിനാത്തയിൽ നിന്നു ഒരു ആർത്തനാദമുയർന്നു. പിന്നെയവർ മിണ്ടിയിട്ടില്ല.ആയിരം വ്യാളീ ശിരസ്സുകൾ ഒന്നിച്ചു തീ തുപ്പിയ മട്ടിൽ ദുഃഖം തപിച്ചു നിന്നു, അറിഞ്ഞവരറിഞ്ഞവർ വേവലാതിപ്പെട്ടു. മനുഷ്യത്വം മരവിച്ച ഈ കൊടും പാതകത്തിനു പിന്നിൽ ആരെന്നു മാത്രം ആർക്കുമറിയില്ല. ഇരുളിൽ മറഞ്ഞിരിക്കുന്ന ആ ഘാതകന്റെ ലക്ഷ്യമെന്തായിരുന്നു. ബാല്യത്തിന്റെ ഭാവപകർച്ചകളെ എന്തിനവൻ കശക്കിയെറിഞ്ഞു. മലകയറാത്ത ആനകളും, കരയാത്ത പക്ഷികളും, ചോറു വയ്‌ക്കാൻ ചീകിമിനുക്കിയെടുത്ത ചിരട്ടകളും, ഓലപ്പമ്പരവും കരയുന്നുണ്ടാവുമോ? ഉൾക്കടലിൽ ആഞ്ഞടിക്കുന്ന കൊടുംങ്കാറ്റുപോലെ കളിപ്പാട്ടങ്ങൾ തേങ്ങുകയാണോ? അഗ്നി വർഷം പൊരിയുന്ന പ്രളയ തീരങ്ങളിൽ ഈ കുഞ്ഞുകളിപ്പാട്ടങ്ങളൊക്കെ വീണുടയുകയാണോ ? മാംസക്കൊതിയുള്ള ചെന്നയ്‌ക്കളുടെ പല്ലും നഖവും ആഴ്‌ന്നിറങ്ങി ഈ കളിപ്പാട്ടങ്ങളിൽ നിന്ന്‌ ചോരയുതിരുകയാണോ? കണ്ണീരുണങ്ങാത്ത മനസ്സുമായി നീണ്ട നെടുവീർപ്പോടെ മുറ്റത്തേക്കിറങ്ങിയവരുടെ കാലിനടിയിൽപ്പെട്ട്‌ പ്രിയ കളിപ്പാട്ടങ്ങൾ പാതിമുറിഞ്ഞ ശ്രുതിയോടെ ദൈന്യവിലാപം മുഴക്കുമ്പോൾ, അവസാനിക്കാൻ മടിക്കാണിക്കുന്ന ഒരു ദുഃസ്വപ്നം പോലെ ആ കാഴ്‌ച ഹൃദയഭേദകമായിരുന്നു.

സബീന എം. സലി

പോറായിൽ, കയനിക്കര, മുപ്പത്തടം പി.ഒ., ആലുവ - 683110


Phone: 0484 2608553




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.