പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മറിയക്കുട്ടിയെന്ന മറിയം ബീവി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയ് നെടിയാലിമോളേല്‍

ഹക്കീമിന്റെ കത്താണ്‌ വന്നിരിക്കുന്നത്. വികൃതമായ കയ്യക്ഷരങ്ങൾ. ഓരോന്നായി പെറുക്കി പെറുക്കി വായിച്ചെടുത്തു. മലയാളം എഴുതിയിരിക്കുന്നത് കണ്ടാൽ അറബിയിലാണോ എഴിതിയിരിക്കുന്നത് എന്ന് തോന്നിപ്പോകും.

വള്ളക്കടവിലെ ജബ്ബാറിന്റെ മകൻ അബ്ദുറബ്ബ് ഒരു ക്രിസ്തിയാനി പെണ്ണിനെ അടിച്ചോണ്ട് വന്നിരിക്കണൂന്ന്.....!

“പടച്ചോനെ എന്താണ്‌ ഞമ്മനീ കേക്കണത്...അബ്ദുറബ്ബ് ഇമ്മാതിരി പണി ചെയ്യെ...?!. സ്വപ്നത്തില്കൂടി ഓർക്കാൻ പറ്റാത്തൊരു കാര്യം...”

അബ്ദുറബ്ബ് ഒരു യുക്തിവാദി ആയിരുന്നു. അനാചാരങ്ങൾക്കും അന്തവിശ്വാസങൾക്കും നിരക്കാത്തതിനെതിരെയും അയാൾ വാദിച്ചിരുന്നു.

“ അങ്ങനെയുള്ള ഒരാൾ ഇമ്മാതിരിള്ള കുണ്ടാമണ്ടി ചെയ്യെ ..?!. നിരീക്കാൻ കൂടി കഴീണില്ല..”. ഉമ്മർ കത്ത് വായിക്കുമ്പോൾ അങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടിരുന്നു.

അബ്ദുറബ്ബ് പലപ്പോഴും കടവും കടന്ന് വണ്ടി കയറിപ്പോകുന്നത് ഉമ്മർ കണ്ടിട്ടുണ്ട്. മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് അയാൾ ബിസ്സിനസ്സ് സംബന്ധമായാണ് പൊയ്ക്കൊണ്ടിരുന്നത്.

ബിനിസ്സിനസ്സും യുക്തി വാദിത്വവും ഒരു നൂലിൽ എങ്ങനെ അയാൾ കോർത്തിണക്കിയിരിക്കുന്നു എന്ന് ചോദിച്ചാൽ ഒരുത്തരം മാത്രം. പള്ളിയും പള്ളിക്കൂടവും രണ്ടെന്നതുപോലെ ബിസ്സിനസ്സും യുക്തിവാദവും രണ്ടാണെന്ന്.

മലയോരത്തെ റബ്ബറെല്ലാം അബ്ദുറബ്ബാണു വാങ്ങുന്നത്. പിന്നെ അതെല്ലാം തിരുവിതാംകൂറിലെ റബ്ബർ മുതലാളിമാർക്കാണു മറിച്ചു വിറ്റിരുന്നത്.

അങ്ങാടിയിൽ അയാൾ പതിവായി ഇരിക്കുന്ന ഒരു സ്ഥലമുണ്ട് . തിരക്കുകൾ ഒഴിഞ്ഞ ഒരു കോണിൽ. പണിത്തിരക്കുകൾ കഴിയുമ്പോൾ അയാൾ ദിവസ്സവും അങ്ങാടിയിൽ എത്തും. മൂന്നു നാല് ബുദ്ധി ജീവികൾ എന്ന് നടിക്കുന്നവരും അയാളോട് വാക്വാദങ്ങൾ നടത്താറുള്ളത് നിത്യ കാഴ്ചയാണ്‌.

പള്ളിയിൽ പോക്ക് വിരളമായിരുന്നു. അതുകൊണ്ട് മൊയിലിയാർ കൂടുതലായി അയാളെ ഉപദേശിക്കാൻ മിനക്കെടാറില്ല.

നോമ്പ്കാലത്ത് അങാടിയിൽ നടക്കുന്ന മത പ്രസംഗം കേട്ട് അബ്ദുറബ്ബ് പലപ്പോഴും വിമർശിച്ചിരുന്നു എന്ന് മൊയിലിയാർ പലരിൽ നിന്നും കേട്ടറിഞിട്ടുണ്ട്.

ആരെ കണ്ടാലും അയാൾ മന്ദഹസ്സിക്കും. അതിൽ ജാതി ഭേദമോ മത ദ്വേഷമോ , പ്രായത്തിന്റെ ഏറ്റക്കുറച്ചിലോ, സമ്പദ് ഘടനയോ ഒന്നും അയാൾ നോക്കാറില്ല. അബ്ദുറബ്ബ്‌ യുക്തിവാദിയായി നടക്കുന്നതുകൊണ്ടായിരിക്കാം അയാളുടെ നിക്കാഹ് വൈകിപ്പോ കുന്നത്.

******************

മറിയക്കുട്ടിയുടെ ജീവിതം മുരടിക്കാൻ തുടങിയിരുന്നു. വയസ്സ്‌ മുപ്പത്തിയഞ്ചിനോട് അടുത്തിരിക്കുന്നു. ഒരു മധുര സ്വപ്നം കാണാൻപോലും അവൾ ആഗ്രഹിച്ചില്ല. . അതിനു കാരണം സൗന്ദര്യവും സ്തീധനവും അവൾക്ക്‌ കൈമുതലായില്ലായിരുന്നു.

വയസ്സറിയിച്ചതു മുതൽ മരിയക്കുട്ടിക്ക് തലവേദന തുടങ്ങിയിരുന്നു. മരുന്നുകൾ കഴിച്ചിട്ടും, വേലൻ പറകൊട്ടി ഇലഞ്ഞിത്തോല്‍ ഉഴിഞ്ഞു മന്ത്രവാദം നടത്തി നോക്കിയിട്ടും മറിയക്കുട്ടിയുടെ തലവേദന മാറിയില്ല.

കൂനിന്മേൽ കുരു എന്നപോലെ അവളുടെ സൗന്ദര്യക്കുറവിന്റെ കൂടെ തലവേദനയും ഒരു കാരണമായി വന്നു ഭവിച്ചു.. .

അവളെ കല്യാണം കഴിക്കാൻ ഒരു ക്രിസ്തിയാനി ചെറുക്കനും ചെന്നില്ല. അവളുടെ മനസ്സിന്റെ സൗന്ദര്യം കാണാൻ ഒരു പക്ഷെ ആർക്കുംതന്നെ കഴിഞില്ല. അതൊക്കെ കാരണമായിരിക്കും അവൾ ആരോടും അധികം ആഭിമുഖ്യം പുലർത്താൻ പോകാറില്ലായിരുന്നു.

പുറത്തിറങുന്നതുതന്നെ പള്ളിയിൽ പോകാൻ. കൂടെ പഠിച്ചവരും മറ്റും കല്യാണം കഴിഞു ഭർത്താവും കുട്ടികളുമായി പോകുന്നതു കാണുമ്പോൾ മുഖത്തു ചിരിയും നെഞ്ചിൽ കനലുമായി അവൾ നടന്നു പോകും..

അനുജത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞുപോയി. അവരുടെയെല്ലാം കല്യാണങൾ പിന്നെ എങനെ കഴിഞു എന്നു ചോദിക്കാതിരിക്കുന്നതായിരിക്കും ഉചിതം. ആരോടും പരിഭവങ്ങളില്ലാതെ അവൾ നിന്നു. പലരും സ്നേഹം നടിച്ച്, ചെമ്മരിയാടിന്റെ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ സ്വന്തതാല്പര്യങ്ങൾക്കായി അടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും അവരിൽ നിന്നെല്ലാം മറിയക്കുട്ടി അകന്നു നിന്നു.

ഹരിയാനയിലെ ജാട്ടും, അഹിറും, ഗുജറു വംശജരും കേരളത്തിൽ വന്ന് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊണ്ടുപോകുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളിൽ കണ്ടിരുന്നു. അങ്ങനെയെങ്കിലും നടന്നിരുന്നെങ്കിൽ എന്ന് മനസ്സാലെ മറിയക്കുട്ടി ആശിച്ചുപോയി....?!.

*****************

ഒരു നിമിത്തം പോലെയാണ്‌ അബ്ദുറബ്ബ്‌ തിവിതാകൂറിലെ കൂട്ടുകാരന്റെ വീട്ടിൽ എത്തിയത്‌.

അതുപോലെതന്നെ തികച്ചും യാദൃശ്ചികമായാണ്‌ അബ്ദുറബ്ബ്‌ മറിയക്കുട്ടിയെ കണ്ടതും. യുക്തി സഹചമായ ഭാഷയിൽ അബ്ദുറബ്ബ്‌ മറിയക്കുട്ടിയോട്‌ വിവാഹഭ്യർത്ഥന നടത്തി.

മറിയക്കുട്ടി പിന്നെ ഒന്നും ചിന്തിച്ചില്ല. ഈ വൈകിയ വേളയിൽ ഒരാൺതുണ, പിന്നെ ചീത്തപ്പേരില്ലാതെ ജീവിക്കണം അത്രമാത്രം. അത്‌ ക്രിസ്തിയാനിയോ ഹിന്ദുവോ മുസ്സൽമാനോ ആരാണെന്ന് അവൾ തിരക്കിയില്ല.

താനെടുത്ത തീരുമാനത്തിൽ തന്നെ ശപിക്കരുതെന്നു മറിയക്കുട്ടി അപ്പന്റെയും അമ്മയുടെയും കാൽക്കൽ വീണ് മാപ്പിരന്നു. നിസ്സഹാരായ അവർ മകളെ അനുഗ്രഹിക്കുക മാത്രം ചെയ്തു. ആ നിമിഷങൾ അവൾക്ക് സ്വർഗീയ തുല്യമായി തോന്നി.

അങനെ മറിയക്കുട്ടി ക്രിസ്തീയ ജീവിതം വിട്ട് ഇസ്ലാമീയ ജീവിതത്തിലേക്ക് കടന്നു വന്നു.

അബ്ദുറബ്ബിന്റെ യുക്തിചിന്തകൾക്ക് നിരക്കുന്നു എന്നു തോന്നിയതുകൊണ്ടാവാം സ്വന്ത നിക്കാഹിനുപോലും ഒരു വേറിട്ട രീതി അവലമ്പിച്ച് ജീവിത സഹിയെ ഈ വിധം സ്വീകരിച്ചത്.

******************

കടവും കടന്ന് അവർ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ പള്ളിക്കമ്മറ്റിക്കാരും കുറെ കൂട്ടരും ചേർന്ന് അവരെ തടഞ്ഞു. അബ്ദുറബ്ബിനു അരിശം അരിച്ചുകയറി . അയാൾ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ആർക്കാണെടാ ഇബിടെ ധൈര്യള്ളേന്നുവെച്ചാൽ മുന്നോട്ട് ബരീനെടാ.....!"

അപ്പോൾ അവരുടെ കൂട്ടത്തിൽ നിന്ന് മൊയിലിയാരു മുന്നോട്ടു വന്നു.

"അബ്ദുറബ്ബെ ജ് ചെയ്തത് നാട്ട് മര്യാദയ്ക്ക് നെരക്കാത്തതാണ്. ബേറൊരു സമുദായത്തീന്ന് അനക്ക് തോന്ന്യമാതിരി ഒരു പെണ്ണിനേം കൂട്ടി ബരുവാന്നു ബെച്ചാൽ അത് മര്യാദയ്ക്ക് നെരക്കണതല്ല….!".

കടവ് കടന്നു വരുന്നവരെ കണ്ടപ്പോൾ മൊയിലിയാർ തന്റെ സ്വരം അല്പം കൂടി ഉയർത്തി. അപ്പോൾ ജനങ്ങൾ ചുറ്റും തടിച്ചു കൂടി.

അബ്ദുറബ്ബ് പലപ്പോഴും മതപന്ധിതന്മാരെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ തക്കം പാർത്തിരിക്കുകയായിരുന്നു മൊയിലിയാർ.

പള്ളിക്കൂട്ടത്തിന്റെയും ജനങ്ങളുടെ മുമ്പാകെയും ഈ തക്കം വേണ്ടവണ്ണം ഉപയോഗിക്കുകതന്നെ എന്ന് നിരൂപിച്ച് മൊയിലിയാർ പല തരത്തിലുള്ള ചോദ്യങ്ങൾ അബ്ദുറബ്ബിനെതിരെ തൊടുത്തുവിട്ടു.

"ഇങ്ങളെന്താ മൊയില്യാരെ കരുതീകണെ ....അബ്ദുറെബ്ബിനു ബിവരല്ലാന്നോ... അതോ പിരാന്ത് പിടിച്ചിക്കണുന്നോ….?!.

പിറുപിറുത്തുകൊണ്ടിരുന്ന കൂട്ടങ്ങൾ അബ്ദുറബ്ബ് എന്താണ് മറുപടി പറയാൻ പോകുന്നതെന്നറിയാൻ നിശബ്ധരായി നിന്നു.

അബ്ദുറബ്ബ് അങനെ പറഞപ്പോൾ മൊയിലിയാർ അബ്ദുറബ്ബിനെ പകച്ചു നോക്കി. അബ്ദുറബ്ബ് പിന്നെയും തുടർന്നു

“അങ്ങ് തിരുവിതാംകൂറിലും മലബാറിലും മുസ്ലീം സമുദായവും ആചാരങ്ങളും ഒന്നല്ലെ...? അപ്പോപിന്നെ ഞമ്മള് അതുപ്രകാരം ഓളെ മുസ്ലീമിലിക്ക് ചേർത്ത്ങാണ്ടാണു നിക്കാഹ് കഴിച്ചിക്കണെ....!."

എന്ന് പറഞ്ഞ് അബ്ദുറബ്ബ് തിരുവിതാംകൂറിലെ മൊയിലിയാർ കുറിച്ചു കൊടുത്ത ചാർത്ത് അയാൾക്ക് കൊടുത്തു.

മൊയിലിയാർ അതിൽ കണ്ണോടിച്ചു.

പള്ളിയിൽ നിന്ന് കിണ്ടി കട്ട കള്ളന്റേതുപോലെ മൊയിലിയാരുടെ കണ്ണുകൾ മഞ്ഞളിച്ചു വരുന്നതും മുഖത്ത് രക്ത സമ്മർദ്ദം കൂടുന്നതും ജനങ്ങൾ തിരിച്ചറിഞ്ഞു. മൊയിലിയാരുടെ നാവ് തൊണ്ണക്കുഴിയിലേക്ക് വലിഞ്ഞുപോകുന്നതുപോലെ അയാൾക്ക് അനുഭവപ്പെട്ടു.

അബ്ദുറബ്ബ് പറഞ്ഞത് ശരിയാണെന്നറിഞ്ഞപ്പോൾ മൊയിലിയാർ കൂട്ടത്തിനു നേരെ തിരിഞ്ഞു കൈ ഉയർത്തി കാണിച്ചു പറഞ്ഞു മടങ്ങിക്കോളിൻ എന്ന്.

കടവുവരെ വന്ന് അവരെ സ്വീകരിച്ച് ആനയിക്കുന്നതുപോലെ തോന്നിക്കുന്ന പള്ളി കൂട്ടത്തിനു പിന്നാലെ അബ്ദുറബ്ബും മറിയക്കുട്ടിയെന്ന മറിയം ബീവിയും നടന്നകന്നു. അബ്ദുറബ്ബ് അറിയാതെ പറഞ്ഞു " ഇൻഷാ അള്ളാ....!"

ജോയ് നെടിയാലിമോളേല്‍

മഹാരാഷ്ട്ര


Phone: 9011081016




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.