പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വരൂ, നമുക്ക്‌ ഒളിച്ചോടാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജിമോള്‍ ഇ എസ്‌

തികച്ചും ശോകമൂകമായ അന്തരീക്ഷത്തിലേക്കാണ്‌ ഫിലിപ്പ്‌ നൈനാന്‍ വിമാനം ഇറങ്ങിയത്‌. മകന്‍ നൈനാന്‍ ഫിലിപ്പ്‌ മാത്രം അപ്പനെ കെട്ടിപിടിക്കുകയും തോളിലും കഴുത്തിലും മുഖത്തും മാറി മാറി ചുംബിക്കുകയും ചെയ്‌തു. മകന്‍ അപ്പന്റെ കണ്ണിനോടു കണ്ണ്‌ ചേര്‍ത്തു ചുംബിച്ചപ്പോള്‍ രണ്ടുപേരുടെയും കണ്ണുനീരുകള്‍ കൂടികലര്‍ന്ന്‌ ചാലുകളായി ഒഴുകി.

ഈ നീണ്ട നിശബ്ദതയ്‌ക്ക്‌ അര്‍ദ്ധവിരാമമിട്ടുകൊണ്ട്‌ ഫിലിപ്പ്‌ നൈനാന്റെ സഹോദരി ലൂസി കോശി സംസാരിച്ചു തുടങ്ങി. എന്നാലും അവള്‍ ഇത്തരക്കാരിയാണെന്ന്‌ ഞാന്‍ കരുതിയില്ല, എന്റെ എത്ര പട്ടുസാരികള്‍ ഇച്ചായന്‍ അറിയാതെ അവള്‍ക്കു ഞാന്‍ നല്‌കിയിരിക്കുന്നു. ലൂസി മൂക്കു പിഴിയുകയും തന്റെ നഷ്ടമായ പട്ടുസാരികളുടെ നിറവും വിലയും ഓര്‍ത്ത്‌ ഒരുനിമിഷം നിശബ്ദയാകുകയും ചെയ്‌തു.

അടുത്ത ഊഴം അളിയന്‍ കോശിയുടേതായിരുന്നു. അയാള്‍ ഫിലിപ്പ്‌ നൈനാന്റെ പക്കലുള്ള ഏക സ്യൂട്കേസ് എടുത്തു വണ്ടിയില്‍ വച്ചു കൊണ്ടു പറഞ്ഞു: " നിന്റെ കാശ്‌ എത്ര അവള്‍ കൊണ്ടു പോയെന്ന്‌ വല്ലോ തിട്ടവും നിനക്കുണ്ടോ" ?

അയാള്‍ യുദ്ധത്തില്‍ തോറ്റുപോയ പോരാളിയെപ്പോലെ നിശബ്ദനായി കാറിന്റെ പിന്‍സീറ്റില്‍ ചാരികിടന്നു.

വണ്ടി എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങി. ശ്രീശങ്കരാചാര്യരുടെ സ്‌മൃതി മണ്ഡപം പിന്നിടുന്നിടം വരെ കാറില്‍ നിശബ്ദത തുടര്‍ന്നു. പിന്നീട്‌ അളിയന്‍ കോശി തന്നെ തൊണ്ട ശരിയാക്കിക്കൊണ്ടു ചോദിച്ചു; " എങ്ങോട്ടാ പോകേണ്ടത്‌, ജയിലിലേയ്‌ക്കോ, അതോ വീട്ടിലേക്കോ..?

അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു. "ഇന്നലെയാ രണ്ടിനെയും കൊടൈക്കനാലില്‍ നിന്ന് പൊക്കിയത്‌. അസത്തിനെ തിരിച്ചറിയാന്‍ ഞാനാ പോയത്‌. എന്നാലും ഈ കടുംകൈ നിന്നോട്‌ ചെയ്യാന്‍ മാത്രം എന്തു അപരാധമാ നീ ചെയ്‌തത്‌. "

"തീന്‍കുത്തല്‌ അല്ലാതെന്താ..? " ലൂസിയുടെ രോക്ഷം ആഞ്ഞുകത്തി ഒപ്പം അവളില്‍ വല്ലാത്തൊരു അസൂയ വളരുകയും ചെയ്‌തു. പക്ഷേ വളരെ തന്മയത്വത്തോടെ അവള്‍ കണ്ണൂനിര്‍ കൊണ്ടതു മറച്ചുപിടിച്ചു.

"അമ്മ രണ്ടു ദിവസമായിട്ട്‌ ജലപാനം ചെയ്‌തിട്ടില്ല, അമ്മയ്‌ക്ക്‌ അതു തന്നെ വരണം, മരുമോളെ കണ്ടു പൂതി കേറി എല്ലാം അവളെ ഏല്‍പ്പിച്ചേക്കുവല്ലായിരുന്നോ" ലൂസി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. കോശിച്ചായന്‍ എന്തൊക്കെ ഏനക്കേടുണ്ടാക്കിയിരിക്കുന്നു. മുടിപ്പിച്ച സ്വത്തിന്‌ കണക്കുണ്ടോ.. ഇതൊക്കെ മുക്കു പണ്ടമാ, അവള്‍ വെറുപ്പോടെ കോശിക്കു നേരെ മുഖം വെട്ടിതിരിച്ചു. ഇത്രയൊക്കെ ദ്രോഹം ചെയ്‌തിട്ടും ഞാന്‍... തനിക്ക്‌ ഇല്ലാതായ ധൈര്യത്തെക്കുറിച്ച്‌ ഓര്‍ത്തു ഒരുനിമിഷം മൗനം പാലിച്ചു. ഒപ്പം ഒരു ദീര്‍ഘനിശ്വാസത്തോടെ കാറിന്റെ മിററിലൂടെ തന്റെ സൗന്ദര്യത്തെ അവള്‍ വിലയിരുത്തി.

പിന്നെയും ചില സംസാരങ്ങള്‍, എല്ലാത്തിനെയും നിസംഗത കൊണ്ടാണ്‌ ഫിലിപ്പ്‌ നേരിട്ടത്‌. "നേരെ ജയിലില്‍ പോയി അസത്തിന്റെ മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പിയിട്ടു നീ വീട്ടില്‍ പോയാല്‍ മതി" അളിയന്‍ നിര്‍ദ്ദേശം മുന്നോട്ടു വച്ചു.

പക്ഷേ അയാളുടെ മനസില്‍ ചില പദ്ധതികള്‍ രൂപപെടുന്നുണ്ടായിരുന്നു. "വെറുമൊരു ഒളിച്ചോട്ടം കൊണ്ടു ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു കരുതിയിരുന്നതല്ല" ഒരു ദീര്‍ഘനിശ്വാസത്തോടെ വനിത സെല്ലില്‍ ഇരുന്നു നാന്‍സി തന്നോട്‌ തന്നെ സംസാരിച്ചു തുടങ്ങി. അടുക്കളയില്‍ നിന്ന്‌ സ്വീകരണമുറിയിലേക്കുള്ള ദൂരത്തിലേക്ക്‌ ജീവിതം ഒതുങ്ങിപ്പോയപ്പോഴാണ്‌ ഒന്നു ഒളിച്ചോടി എങ്ങോട്ടേങ്കിലും പോകണമെന്നാലോചിച്ചത്‌. അത്രമാത്രം ദിനാവര്‍ത്തനങ്ങള്‍ കൊണ്ടു വിരസമായി തീര്‍ന്നിരുന്നു ജീവിതം.

ഫിലിപ്പ്‌ നൈനാനുമായുള്ള ഫോണ്‍സംസാരത്തിലും ബോറന്‍ സ്‌കൈപ്പ്‌ സന്ദര്‍ശനങ്ങളിലും ആ വിരസത തൂങ്ങി നിന്നിരുന്നു. പലപ്പോഴും സംസാരിക്കാന്‍ വിഷയങ്ങള്‍ കിട്ടാതെ വാക്കുകള്‍ ശ്വാസം മുട്ടി മരിച്ചു.

കല്യാണം കഴിഞ്ഞു മുപ്പതാം നാളാണ്‌ ഫിലിപ്പ്‌ നൈനാന്‍ ഗള്‍ഫിലേക്ക്‌ വിമാനം കയറിയത്‌. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പ്രണയരഹിതമായ രതിവേഴ്‌ചയുടെ മനം മടുപ്പിക്കുന്ന ഗന്ധം അവള്‍ വെറുത്തു തുടങ്ങിയിരുന്നു.

സ്‌കൈപ്പ്‌ സന്ദര്‍ശനത്തില്‍ ഫിലിപ്പ്‌ നൈനാന്‍ എന്ന നാന്‍സിയുടെ ഭര്‍ത്താവും ഒളിച്ചോട്ടത്തെക്കുറിച്ചു തന്നെയല്ലേ ചിന്തിക്കുന്നതെന്ന്‌ വ്യക്തമാക്കുന്ന രീതിയില്‍ കമ്പനിയിലെ സെക്രട്ടറിയായി ശ്രീലങ്കകാരിയുമായുള്ള സൗഹൃദത്തെക്കുറിച്ചു വാചാലനായി. സത്യത്തില്‍ ഒരു മാറ്റം ആഗ്രഹിക്കാത്തത്‌ ആരാണ്‌ ?

എല്ലാ ഭാര്യ ഭര്‍ത്താക്കന്മാരും ഇങ്ങനെയാണോയെന്നറിയില്ല ഒരേസമയം രണ്ടുപേരും മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടാന്‍ കൊതിക്കുന്നു. നാന്‍സി തങ്ങളുടെ പൊരുത്തങ്ങളെക്കുറിച്ച്‌ ഓര്‍ത്തു ഒരു നിമിഷം ചിരിച്ചു. ജയിലറയിലെ സഹതടവുകാരി ഉറക്കം മുറിഞ്ഞതിന്റെ അസഹിഷ്‌ണുതയോടെ നാന്‍സിയെ തുറിച്ചു നോക്കി തിരിഞ്ഞു കിടന്നു. നാന്‍സി ഒളിച്ചോട്ടത്തിനായി തിരഞ്ഞെടുത്ത ദിവസമാണ്‌ ശ്രീലങ്കകാരി സെക്രട്ടറിയുമായി നടത്തിയ ഒളിച്ചോട്ടവും തിരിച്ചുവരവും പ്രമേയമാക്കി ഭര്‍ത്താവ്‌ ഫിലിപ്പ്‌ നൈനാന്‍ കുറ്റസമ്മതം നടത്തിയതെന്നത്‌ തികച്ചുംയാദൃശ്ചികമായിരുന്നവല്ലോ എന്നു അവള്‍ ഓര്‍ത്തു. ആ കുറ്റസമ്മതത്തിലും അന്തര്‍ലീനമായിരുന്ന കുറ്റപ്പെടുത്തലുകളുടെ പൈശാചികമായ കൈകള്‍ അവളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചിരുന്നു.

സ്‌ത്രീകള്‍ പലപ്പോഴും കല്യാണം കഴിയുന്നതോടെ ഒരു തരം അലസതയിലേക്ക്‌ വീണു പോകുമെന്നും ബൗദ്ധികമായും മാനസികമായും മീനാക്ഷി നല്‌കുന്ന പിന്തുണയുമായി താരതമ്യം ചെയ്യുമ്പോള്‍ നാന്‍സി നീ എന്റെ മനസിന്റെ അടിത്തട്ടില്‍ പോലും ഇല്ലെന്നു അയാള്‍ പറയാതെ പറഞ്ഞു വച്ചപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പിറു പിറുത്തു "എന്തൊരു പൊരുത്തം എന്റെ പ്രിയ ഫിലിപ്പ്‌ ഇതു തന്നെയാണ്‌ എനിക്കും നിന്നോടു പറയാനുള്ളത്‌".

ആരോടും പറഞ്ഞാല്‍ മനസിലാവാത്ത ഒരു തരം ഊഷരത നിറഞ്ഞ മനസിലേക്ക്‌ സൗഹൃദവുമായാണ്‌ ജിന്‍സ്‌ എത്തിയത്‌. സത്യത്തില്‍ എന്താണ്‌ സംഭവിച്ചത്‌?

പകലുറക്കങ്ങള്‍ ഫെയ്‌സ്‌ബുക്ക്‌ താളുകളിലേക്ക്‌ ചുരുങ്ങി. സൗഹൃദങ്ങളുടെ ഇടയിലേക്ക്‌ മന്ദാരപ്പൂവിന്റെ ശോഭയോടെ ജിന്‍സ്‌. ലോകം ഒരേ സമയം ചെറുതാകുകയും വലുതാകുകയും ചെയ്യുന്ന മാന്ത്രിക വിദ്യയില്‍ നാന്‍സി അത്ഭുതം കൂറി.

ഒരു രാത്രിയില്‍ തമാശയ്‌ക്കാണ്‌ ജിന്‍സ്‌ ചോദിച്ചത്‌.

"നമുക്ക്‌ ഒളിച്ചോടാം?"

"എങ്ങോട്ടേയ്‌ക്ക്‌? " വിറയ്‌ക്കുന്ന കൈകളോടെ ചാറ്റ്‌ ബോക്‌സില്‍ മറുപടി മെസേജ്‌ ഇട്ടു. വര്‍ഷങ്ങളായി താന്‍ ആഗ്രഹിച്ചിരുന്ന ചോദ്യം.

"ഭൂമിയുടെ അറ്റത്തേയ്‌ക്ക്‌?"

"തന്റെ സ്വപ്‌നം" അവള്‍ കണ്‍മിഴിച്ചു ചാറ്റ്‌ ബോക്‌സില്‍ തെളിഞ്ഞു കിടന്ന മഗ്ലീഷ്‌ അക്ഷരങ്ങളിലേക്ക്‌ നോക്കിയിരുന്നു.

ഭൂമിയുടെ അറ്റത്തേക്ക്‌ ഒരു ദിവസത്തേയക്കെങ്കിലും ഒളിച്ചോടുക, അതായിരുന്നുവല്ലോ തന്റെ സ്വപ്‌നം.

ട്രെയിനില്‍ ജിന്‍സിന്‌ അടുത്ത സീറ്റിലിരിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നി. അതോ പകയോ, ഫിലിപ്പ്‌ നൈനാന്‌ കയ്യെത്തി പിടിക്കാന്‍ പറ്റാത്ത ദൂരത്തേക്ക്‌ താന്‍ പറക്കുകയാണ്‌.

വിവാഹം കഴിക്കാമെന്നു ജിന്‍സ്‌ കോടതിക്ക്‌ മുമ്പ്‌ ഉറപ്പു നല്‍കിയെങ്കിലും കോടതി മുറിയുടെ വരാന്തയില്‍ നിന്നു മൂകമായി യാത്ര പറഞ്ഞു ജിന്‍സ്‌ ചുവന്ന സൈലോ കാറില്‍ ബന്ധുക്കള്‍ക്കൊപ്പം എന്നന്നേക്കുമായി പോയി കഴിഞ്ഞിരുന്നു. ഇനി തന്റെ ഊഴമാണ്‌.

കത്തുന്ന കുറ്റപ്പെടുത്തലുകളുമായി കോടതിയുടെ നിശബ്ദത അവളെ തുറിച്ചു നോക്കി. അവള്‍ക്കു വേണ്ടി ഹാജരായ വക്കീലിന്റെ ശബ്ദത്തിലും നീരസം നിറഞ്ഞു നിന്നിരുന്നു.

അമ്മയും അച്ഛനും സഹോദരനും കണ്ണില്‍ കുത്തുന്ന പകയോടെ അവള്‍ക്കു നേരെ മുരണ്ടു. നാത്തുന്‍മാര്‍, അമ്മായിയമ്മ, അമ്മായിയച്ഛന്‍ എല്ലാവരുടെയും മുഖത്ത്‌ വെറുപ്പില്‍ ചാലിച്ച സഹതാപം. നീ തെണ്ടി തിരിയുമെടി വഞ്ചകീ.. പരിചിതമായ സ്വരത്തില്‍ എവിടെനിന്നോ പൊട്ടി വീണ ശാപ വാക്കുകള്‍. ആള്‍ക്കൂട്ടം പിറുപിറുപ്പുകളോടെ അവളെ പൊതിഞ്ഞു. "വരുന്നോ? എത്രയാ ഒരു ദിവസത്തേക്ക്‌ റേറ്റ്‌?"

അശ്ലീലത മുറ്റിയ കമന്റുകള്‍ അവള്‍ക്കു നേരെ ആള്‍ക്കൂട്ടത്തില്‍ നിന്നു ആരൊക്കെയോ തൊടുത്തുവിടുന്നുണ്ടായിരുന്നു.

ഫിലിപ്പ്‌ നൈനാന്‍ വാക്കുകള്‍ കിട്ടാതെ കോടതി വരാന്തയില്‍ മൂകനായി നില്‍ക്കുകയാണ്‌. മുറിഞ്ഞ വീണ പാതി ശരീരത്തിന്റെ ചൂടും ചൂരും അയാളെ കൂടുതല്‍ നിസ്വനാക്കി.

അവധിക്കു വച്ച വിവാഹ മോചനക്കേസിനായി കാത്തു നില്‍ക്കാതെ നാന്‍സി ഫിലിപ്പ്‌ നൈനാന്റെ മുന്നിലെത്തി. അയാളുടെ അക്കൗണ്ടില്‍ നിന്നു ഒളിച്ചോട്ടത്തിനായി അവള്‍ പിന്‍വലിച്ച തുകയില്‍ നിന്നു ചെലവായ തുകയുടെ ബാക്കിയും താലിമാലയും ഊരി അയാളുടെ കൈകളില്‍ ഏല്‍പ്പിച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ കൈകള്‍ വിരിച്ചു വഴി തടഞ്ഞു നൈനാന്‍ ഫിലിപ്പെന്ന തന്റെ മകന്‍. അവളൊന്നു പിടഞ്ഞു പോയി.

അവന്റെ കവിളുകളെ തലോടാന്‍ ആഞ്ഞ കൈകള്‍ക്ക്‌ പാപക്കറയുടെ ഗന്ധമാണെന്നു അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അവള്‍ കൈകള്‍ പിന്‍വലിച്ചു വേഗത്തില്‍ നടന്നു നീങ്ങി.

"പോകരുത്‌ അമ്മാ."

കോടതിയില്‍ തനിക്കെതിരെ നിഷ്‌കളങ്കമായ ഹൃദയത്തോടെ മൊഴി നല്‌കിയ നൈനാന്റെ വിളികളെ അവഗണിച്ചു ബസ്‌ സ്‌റ്റാഡിലേക്ക്‌ നടന്നു.

എങ്ങോട്ടേയ്‌ക്കാണ്‌ പോകേണ്ടതെന്ന്‌ അറിയാത്ത നടത്തം. ഭൂമിയുടെ അറ്റത്തേക്കുള്ള ദൂരം പെട്ടെന്ന്‌ ചെറുതായി പോയതു പോലെ.. ആകാശവും ഭൂമിയും കറുത്ത മേഘങ്ങള്‍ കൊണ്ടു മൂടി. അവള്‍ക്ക്‌ കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി.

അപ്രത്യക്ഷമായാണ്‌ അതു സംഭവിച്ചത്‌. ഫിലിപ്പ്‌ നൈനാന്റെ കൈകള്‍ നാന്‍സിയെ കോരിയെടുത്ത്‌ കാറിന്റെ മുന്‍ന്‍സീറ്റിലിരുത്തി അവളോടു ചോദിച്ചു.

നമുക്ക്‌ ഭൂമിയുടെ അറ്റത്തേയ്‌ക്ക്‌ ഒളിച്ചോടാം...? മകന്‍ നൈനാന്‍ ഫിലിപ്പിന്റെ കണ്ണുനീരില്‍ കുതിര്‍ന്നു രണ്ടു പേരും ഒന്നായി മറ്റൊരു യാത്ര ആരംഭിച്ചു. പ്രണയരഹിതമായ പതിവു ദിനാവര്‍ത്തനങ്ങളിലേക്ക്‌.

ജിജിമോള്‍ ഇ എസ്‌

ഇലവുങ്കല്‍, ചിന്നാര്‍ പി ഒ

ഏലപ്പാറ


E-Mail: e.s.gigimol@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.