പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

418

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ. കെ.സി. സുരേഷ്‌

വളരെയധികം ശ്രമഫലമായിട്ടാണ് പ്രശസ്ത ന്യൂമറോളജിസ്റ്റ് സുധീര്‍ പാണ്ഡയെത്തന്നെ കിട്ടിയത് . ഇനി ന്യൂമറോളജി മാത്രമേ പരീക്ഷിക്കാനുള്ളു . ബാക്കി എല്ലാം കഴിഞ്ഞു ആസ്ട്രോളജി മുതല്‍ ഷൂയ്സ്ട്രോളജി വരെ . ഹസ്തം മുതല്‍ വെറ്റില വരെ... ഇവയ്ക്കൊന്നും തറവാടിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല ഒന്നൊഴിയുമ്പോള്‍‍ മറ്റൊന്ന് . യക്ഷി , മറുത, ചുടലകാളി എന്നൊക്കെ പറഞ്ഞായിരുന്നു പ്രയോഗം. പക്ഷെ ക്ഷയിക്കലിനു ഒരു കുറവുമില്ല. യക്ഷി പാര്‍ക്കുന്നതാണെന്നു പറഞ്ഞ നല്ല ചെത്തുന്ന പനകള്‍ എത്രയെണ്ണം വെട്ടി മാറ്റി . യക്ഷിയുടെ ശല്യം കുറഞ്ഞില്ലെന്നതല്ല - നാടു നീളെ ഭാര്‍ഗവീനിലയത്തിലെ പാട്ടും പാടി നടപ്പാണ്. ന്യൂമറോളജി വല്ലിയ കാരണവര്‍ക്ക് അത്ര പിടിപ്പില്ലാത്ത ഏര്‍പ്പാടാണ് . കാര്യസ്ഥന്‍ ഉണ്ണിത്താനും പന വാങ്ങിയ മൊതലാളി ഹസങ്കോയയുമാണ് പറഞ്ഞത് സംഖ്യാജ്യോതിഷം നല്ല സാധനമാണ് - പല സ്ഥലത്തും ഏറ്റിട്ടുണ്ട് എന്ന്.

കാരണവര്‍ക്ക് യക്ഷിയോ തറവാടിന്റെ സാമ്പത്തിക സ്ഥിതിയോ അല്ല പ്രശ്നം - കാരണവര്‍ നോട്ടമിട്ടു നടക്കുന്ന അനന്തരവന്മാരാണ്. കണ്ണുതെറ്റിയാ കേറി ഭരണം തുടങ്ങാന്‍ എത്രനാള്‍ കണ്ണില്‍ എണയൊഴിച്ച് നോക്കാന്‍ പറ്റും .....

അവസാന ശ്രമം എന്ന നിലയിലാണ് സുധീര്‍പാണ്ഡെയുടെ വരവ് അതുകൊണ്ടു തന്നെ എല്ലാ തറവാട്ടംഗങ്ങളും തിങ്കളാഴ്ച എത്തിച്ചേരണം എന്ന ഉണ്ണിത്താന്റെ മൊബൈല്‍ സന്ദേശം... തിങ്കളാഴ്ച മുഹറം അവധിയായതിനാല്‍ കോടതി ഇല്ലാത്തവര്‍ക്ക് ആശ്വാസമായി . സംഖ്യാ ജ്യോതിഷപ്രകടനം കാണാനുള്ള തയാറെടുപ്പില്‍ ഞാനും ഭാര്യയും രാവിലെ തന്നെ തറവാട്ടില്‍ എത്തി. ചിലരെല്ലാം വന്നുകഴിഞ്ഞു. മറ്റു ചിലര്‍ എത്തിക്കൊണ്ടിരിക്കുന്നു ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന രീതിയിലാണ് അനന്തരവന്‍മാര്‍ വലിയ കാരണവരെ മാറ്റിയാലെ എല്ലാം ശരിയാകു - വന്നവര്‍ ആരും അഭിപ്രായം പറഞ്ഞില്ല. ഞാനും പറഞ്ഞില്ല. സംഖ്യാ ശാസ്ത്രത്തിന്റെ പ്രകടനമല്ലേ നടക്കാന്‍ പോകുന്നത് കേവലം മാനവനെന്തു കാര്യം?

പത്തു മണിയോടെ തന്നെ പാണ്ഡെയും സംഘവും പല കാറുകളിലായി എത്തി. പോലീസ് പ്രൊട്ടക്ഷനിലാണു വരവ് . പല പ്രധാനികള്‍ ഉള്‍പ്പെടുന്ന പ്രധാന സംഗതികളില്‍ തീര്‍പ്പ് കല്പ്പിച്ച ജ്യോതിഷനായതിനാല്‍ സംരക്ഷണം പ്രധാനികളുടെ ഉത്തരവാദിത്വമായി മാറി.

തറവാടിന്റെ ഏതാണ്ടൊരു സ്ഥിതി കാര്യസ്ഥന്‍ ഉണ്ണിത്താന്‍- തറവാടിന്റെ വക്താവ് എന്ന നിലയില്‍ വിശദമാക്കി .നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട്ടില്‍ യക്ഷിമാര്‍, മറുത, എന്നിവയെല്ലാം സ്വാഭാവികം പക്ഷെ അവയെയല്ലാ ഈയിടെയായി കാണുന്നത്. സംഖ്യ പ്രവര്‍ത്തനമാരംഭിച്ചു.

'' ഭൂതഗണങ്ങളുടെ സഹായത്തോടെ സൂര്യ തേജസ്സില്‍ ശക്തിപ്രാപിക്കുന്ന വടയക്ഷി....'' ആദ്യത്തെ സംഖ്യയില്‍തന്നെ സുധീര്‍ജിക്കു ബോദ്ധ്യമായി.

'' ഇവ തറവാട് കുളം തോണ്ടും എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ കാരണവരുടെ ഇച്ഛാശക്തിയാണ് പിടിച്ചു നില്‍ക്കാന്‍ തന്നെ കാരണം '' അനന്തരവരുടെ മുഖം മങ്ങി . കടം വാങ്ങി മുടിഞ്ഞു. ഇനി വാങ്ങാനാളില്ല. പക്ഷെ എങ്ങിനെയും ഈ അവസരത്തില്‍ കാരണവരെ തള്ളി താഴെയിട്ട് എരുമച്ചാണകം തളിക്കണം. പിന്നെ നോക്കാം. സാമ്പത്തികവും തറവാടിന്റെ നന്മയും ... തല്‍ക്കാലം കയറി ഇരിക്കുക.

'' തറവാടിന്റെ ഭാവിയാണല്ലോ പ്രധാനം. ഇച്ഛാശക്തിക്കു ഇളക്കം തട്ടിയാല്‍ തറവാട് അന്യം തിന്നു പോകും '' യുവതലമുറയുടെ കാഴ്ചപ്പാട് കൂടി കണക്കാക്കണം'' മൂത്ത അനന്തരവനാണ്. സുധീര്‍ അതു ശ്രദ്ധിച്ചില്ല.

'' കടുത്ത പ്രയോഗം വേണ്ടി വരും '' ... സുധീര്‍.

'' ആവാം ... നിവൃത്തിയില്ലല്ലോ... ശത്രുക്കളാണു ചുറ്റും ...'' കാരണവര്‍ അനന്തവന്മാരെ നോക്കി ദു:ഖത്തോടെ പറഞ്ഞു .

ആ ശത്രുക്കള്‍ തന്നെയാണ് തന്നെ ഇങ്ങോട്ടയച്ചത് എന്ന് സംഖ്യാജ്യോതിഷന്‍ മനസിലോര്‍ത്തു.

പാണ്ഡെ തറവാടിന്റെ മുന്‍ഭാഗത്തേക്കിറങ്ങി തറവാടിന് അഭിമുഖമായി നിന്ന് ...

'' ഒന്നും എട്ടും ഒന്നും ഒന്നും ...''

'' പതിനൊന്ന് '' ശിഷ്യഗണം ഉറക്കെ പറഞ്ഞു.

'' സംഖ്യാജ്യോതിഷത്തില്‍ വിശിഷ്ടമാണു പതിനൊന്ന് തറവാടിന്റെ കുഴപ്പമല്ല ... തറവാടിനു യാതൊരു കുഴപ്പവുമില്ല ....'' തറവാടിന്റെ മുകളില്‍ '' നിര്‍മിതം 1811 എന്ന അക്കങ്ങളാണു കൂട്ടിയെടുത്തിരിക്കുന്നത്''

'' കാരണവരുടെ ജനനതീയതി....''

'' 1943 ജനുവരി 2-ആം തീയതി'' വലിയ കാരണവര്‍ അല്പ്പം ഭയന്നാണ് പറഞ്ഞത്. ഇത്രയും നാള്‍ നടത്തിയ പ്രയോഗമൊന്നും തന്റെ നേരെ കയറി നോക്കിയിട്ടില്ല. എന്തോ ഒരു പന്തികേട് കാരണവര്‍ക്ക് തോന്നിത്തുടങ്ങി .

''ജനുവരി ഒന്നാം മാസം ...ഒന്ന് എന്ന് എടുക്കാം ...രണ്ടാം തീയതി രണ്ടെടുക്കാം. ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തി മൂന്നിനെ 1+9+4+3 ആയി എടുത്ത് 1+2+1+9+4+3=10 എന്ന് കാണാം. അതായത് ഒന്ന് ....'' പാണ്ഡെ അടുത്ത് ശിഷ്യനോടാണ്. അയാള്‍ കണക്ക് ലാപ്ടോപ്പില്‍ കയറ്റി ഇറക്കുകയാണ് കൂട്ടലും കിഴിക്കലും ....

'' നല്ല നേതൃത്വപാടവം , ധൈര്യശാലി എന്തിനേയും നേരിടാന്‍ കെല്പ്പ് - നല്ല ആത്മബലം. പക്ഷെ ആള്‍ കഠിന ഹൃദയന്‍ - സ്വാര്‍ത്ഥന്‍ എന്നിങ്ങനെയും കാണുന്നു. '' ശിഷ്യന്‍ ലാപ്ടോപ്പു നോക്കി ഉച്ചത്തില്‍ വായിച്ചു.

'' തറവാടിനു കുഴപ്പമൊന്നുമില്ല വലിയ കാരണവര്‍ക്ക് സമയം നല്ലത് ....പക്ഷെ തറവാട് ക്ഷയിക്കുന്നു'' പാണ്ഡെ പ്രധാന ശിക്ഷ്യനെ നോക്കി . അയാള്‍ കാറില്‍ നിന്നും മറ്റൊരു ചുവന്ന ബ്രീഫ്കേസും കുറെ കാര്‍ഡുകളും കൊണ്ടുവന്നു .

കാര്‍ഡുകള്‍ നിരത്തി

''തറവാടിന്റെ വരുമാനം പ്രധാനമായിട്ട് ...'' ഉണ്ണിത്താനോടാണ്.

'' പ്രധാനമായിട്ടും അല്ലാതെയും തെങ്ങില്‍ നിന്നാണ്. കുറെ ചെത്താന്‍ കൊടുത്തു. കുറെ തേങ്ങാ ഇട്ട് വില്‍ക്കും. റബ്ബര്‍ പൂര്‍ണ്ണമായും നഷ്ടമാണ്. വെട്ട് നിര്‍ത്തി 418 എണ്ണം ചെത്തുന്നതില്‍ നിന്നും....''

'' എത്ര...''പാണ്ഡെ.

'' 418...'' ഉണ്ണിത്താന്‍ സംശയിച്ചാണ് പറഞ്ഞത് കണക്കു തെറ്റിയോ.

'' ഓം നമ:ശിവായാ ... അക്ക ശാസ്ത്രത്തിന്റെ ശാപമാണ്. ഈ അക്കം 418 അന്ത:കരണശുദ്ധി ഇല്ലാത്ത അവസ്ഥ '' മരണ ചുറ്റാണ് ...'' പാണ്ഡെ അസ്വസ്ഥനായി .

വലിയ കാരണവര്‍ വിശര്‍ത്തു. അന്തരവന്മാര്‍ കാര്യങ്ങള്‍ പിടിയിലൊതുങ്ങി എന്ന ധാരണയിലേക്കു നീങ്ങി തുടങ്ങി .

''418 നല്ല അക്കമല്ല - കാലനാണ്. ഒരു കാലഗതി അവസാനിക്കുന്ന ലക്ഷണം - പുതുതിലേക്ക് ഒരു മാറ്റം കാണുന്നു - എ ട്രാന്‍സിഷന്‍ - മാനസികമായിട്ടാണെങ്കിലും നടക്കണം - പഴയതുകളെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണത - രക്ഷപ്പെടാനാവാത്ത ചുഴിയില്‍ പെട്ട അവസ്ഥ- ഗുഡ്ബൈ ആകുന്ന അവസ്ഥ ''

വലിയ അനന്തരവന്‍ അറിയാതെ രണ്ടു കയ്യും ചുരുട്ടി ആകാശത്തേക്കു ആഹ്ലാദത്തോടെ ഇടിച്ചു.

''മരണ നമ്പറാണ് 418. 4+1+8=13'' സ്ഥാനം പോകും- മാനം പോകും ''

''418ഉം വേണ്ടെന്നു വച്ചാല്‍ .....'' കാരണവര്‍.

''പ്രയോജനമില്ല സംഭവിക്കാനുള്ളതു 418 എന്ന അക്കത്തില്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. ചെത്ത് വേണ്ടാന്നു വച്ചാലും വേണംന്ന് വച്ചാലും വരാനുള്ള നാശം വന്നു കഴിഞ്ഞു . മാനഹാനി സ്ഥാന ത്യാഗം അപരന്‍ സ്ഥാന ലബ്ധിക്കാധാരം 418.'' പാണ്ഡെ നിര്‍ത്തി.

ആരുമൊന്നും പറഞ്ഞില്ല കാരണവര്‍ തലങ്ങും വിലങ്ങും ചിന്തിച്ചു. എന്തായാലും വിട്ടുകൊടുക്കരുത് എനിക്കും വേദന തോന്നി. സ്വന്തം സ്ഥാനത്തോടുള്ള വലിയമ്മാവന്റെ കൊതിയും ആ സ്ഥാനം നോക്കി ഭഗവാന്റെ കഴുത്തിലെ പാമ്പിനെ നോക്കി സുബ്രമണ്യന്റെ വാഹനം മയില്‍ കൊതിക്കുന്നതു പോലെ അനന്തരവന്മാരും ....അധികാരത്തിന്റെ മത്ത് തന്നെ ...പേരോ തറവാടിനോടുള്ള സ്നേഹം - ഈ സംഖ്യാ മസ്തിഷ്ക്ക പ്രഷാളനം കഴിഞ്ഞാല്‍ പോകാമായിരുന്നു എന്നു ചിന്തിക്കുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ ഉണ്ടായത്.

''418 ഉടനെ തന്നെ വെട്ടി മാറ്റണം - കുറ്റിയും പടിച്ചു മാറ്റണം - അതു കത്തിക്കണം'' പാണ്ഡെ .

'' അതിന്റെ വരുമാനം തറവാടിനുമാത്രമല്ല അനേകം കുടുംബാംഗങ്ങള്‍ക്കും ...'' ഉണ്ണിത്താന്‍

'' സാധ്യമല്ല അതാദ്യം വെട്ടി മാറ്റു... ജെ സി ബി പണിതുടങ്ങട്ടെ...പാണ്ഡെ ഉത്തരവായി.

'' അതുകൊണ്ടൊന്നും പ്രശ്നം തീരില്ലല്ലോ''...കാരണവര്‍.

'' തീരില്ല ചിന്തിക്കണം ചിന്തിക്കുകയാണ് എയ്ഞ്ചല്‍ നമ്പര്‍ കിട്ടുന്നതുവരെ ചിന്തിക്കണം '' കാര്‍ഡുകള്‍ വീണ്ടും നിരത്തി, പുതിയ കാര്‍ഡുകള്‍...

'' എത്ര വേണമെങ്കിലും വെട്ടാം. വെട്ടി നിരത്താം കുറ്റി പറിച്ച് കത്തിക്കാം.. രക്ഷിക്കണം സ്ഥാനം അവര്‍ കൊണ്ടുപോകരുത് ... കോടി കടമായെടുത്ത് മുടക്കാം''

ശിക്ഷ്യനാണു വിളിച്ചു പറഞ്ഞത്

'' കിട്ടി 730 ആണ് എയ്ഞ്ചല്‍ നമ്പര്‍ ...''

'' എങ്കില്‍ 730 ഉം വെട്ടി മാറ്റുക... എന്താ അത്രയും വെട്ടാനില്ലേ?. പാണ്ഡെ.

'' ഉണ്ട് പിന്നെ ഒന്നുമില്ല എല്ലാം തീര്‍ന്നു ...'' കാരണവര്‍.

'' തീര്‍ന്നാലും സ്ഥാനം ഉറപ്പ് എയ്ഞ്ചല്‍ നമ്പര്‍ അത്രക്ക് സേക്രഡ് ആണ്''

ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ തെങ്ങുകള്‍ വെട്ടിമാറ്റി തുടങ്ങി. കായ്ക്കുന്ന തെങ്ങുകള്‍ അനേകര്‍ക്ക് ജോലിയും ജീവിതമാര്‍ഗവുമായ തെങ്ങുകള്‍.

''സ്ഥാനം ഉറപ്പാണോ...മഹാത്മന്‍...''

''ഉറപ്പാണ് 101 ശതമാനം ...''

ഉണ്ണിത്താന്‍ അനന്തരവന്മാരെ തള്ളിമാറ്റി തോട്ടത്തിലേക്കോടി - വെട്ടിമാറ്റുന്നതിനു നേതൃത്വം കൊടുക്കാന്‍.

രാവിലെ തെങ്ങുകയറാന്‍ വന്ന തൊഴിലാളികള്‍ ജെ.സി. ബിയുടെ ഹൃദയമില്ലായ്മ കണ്ട് മൗനമായി നിന്നു . പ്രതികരണം നഷ്ടപ്പെട്ട ഒരു ജനത.

'' എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് നാനുറ്റി പതിനെട്ടില്‍ പറയുന്ന ചതി തറവാട്ടില്‍ സംഭവിച്ചിരിക്കുന്നു എന്നെനിക്കുറപ്പുണ്ടായിരുന്നു. ആരെല്ലാമോ ആരെയെല്ലാമോ ചതിച്ചിരിക്കുന്നു. തറവാടിനെയും അതിനെ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കുന്ന ഒരു സമൂഹത്തിന്റെയും ഭാവി ഇരുട്ടിലാക്കി സംഖ്യാശാസ്ത്രത്തില്‍ മാത്രമൊതുങ്ങുന്ന ജനാധിപത്യത്തിന്റെ നവീനരസതന്ത്രം എന്റെ മനസ്സിനെ വേദനിപ്പിച്ചു.

അഡ്വ. കെ.സി. സുരേഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.