പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഉയരങ്ങളിലേക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോണിയ റഫീക്ക്‌

ദുപ്പട്ടയുടെ ഇഴ മാറി നീണ്ട് കിടന്നൊരു നൂല്‍ ഊര്‍ന്നെടുത്ത് അതിലൊരു കുരുക്കിട്ടു. ആ വട്ടത്തിനുള്ളിലൂടെ ചെറുവിരല്‍ കടത്തി കുരുക്കൊഞ്ഞു മുറുക്കി നോക്കി . ഒരു ഞെരിച്ചില്‍ പിന്നൊരു പിടച്ചില്‍. ജസീത പലവട്ടം നൂലഴിച്ചും കുരുക്കിട്ടും പരീക്ഷിച്ചു . ഇല്ല പിഴവ് പറ്റില്ല. മച്ചിനു നല്ല ബലമുണ്ട്. കൊളുത്തും ബലമുറ്റതാണ്. കയറിനു പഞ്ഞവുമില്ല. എങ്കിലും അല്‍പ്പ നിമിഷമെങ്കിലും പ്രാണന്റെ പിടച്ചില്‍ നന്നായി അറിയും. അത് ഓര്‍ക്കവയ്യ. സ്വതന്ത്രവും സ്വച്ഛവും അനന്തവുമായ ഏകാന്തതയിലേക്കുള്ള യാത്രയാണ് . ആ യാത്രയുടെ ആരംഭം നേരാം വണ്ണം ആസ്വദിച്ച് തന്നെയാകണം എന്നവള്‍ ഉറപ്പിച്ചിരുന്നു. ഭൂതവും ഭാവിയും അലോസരപ്പെടുത്താത്ത നിതാന്തമായ വര്‍ത്തമാനത്തിലേക്കുള്ള യാത്ര. ദിവസങ്ങളുടെയോ വര്‍ഷങ്ങളുടെയോ സമയത്തിന്റെ കാന്തമുനയുടെയോ ചിട്ടപ്പെടുത്തലില്‍ വലിഞ്ഞു മുറുകാതെ പാറിപ്പറഞ്ഞങ്ങിനെ ..ഹാ .. എത്ര സുന്ദരമായിരിക്കും ആവസ്ഥ. പക്ഷെ ശാശ്വതമായ ആ സൗന്ദര്യത്തെ പ്രാപിക്കുക പ്രയാസം.

അടുപ്പത്തിരുന്ന കട്ടന്‍ കാപ്പിയില്‍ ഏറിയ പങ്കും പാത്രത്തിനുള്ളിലേക്കു തന്നെ വലിഞ്ഞിരിക്കുന്നു. ശേഷിക്കുന്നവ കുമിളകളുരുട്ടി ജസീതയെ നോക്കി കേഴുന്നു . ശ്ശീ ശ്ശീ ...ഹാ... പൊള്ളിയല്ലോ വിരല്‍! മുന്‍ വിധിയില്ലാതെ ഏല്‍പ്പിച്ച ആ ചൂടിന്റെ തിളപ്പില്‍ അവളുടെ ചൂണ്ട് വിരലില്‍ തുറിച്ചു നോക്കി നില്‍ക്കുന്നു ഒരു കുമിള. തീയോടുള്ള ഇടപെടല്‍ എത്ര ഭീകരം. ഹോ വേണ്ട ഭായാനകം. ഓരോ ചെറു രോമവും എരിച്ചുകൊണ്ട് ഉള്ളിലേക്കു നീറിപ്പിറിക്കുംവരെ അവന്‍ പെടാപ്പാട് പെടുത്തും. എല്ലാം ഒടുങ്ങും മുന്‍പ് തന്നെ മരണത്തെ വെറുക്കും. അത് പാടില്ല രക്ഷപ്പെടലിന്റെ ഉന്മത്തത ആവോളം ആസ്വദിക്കുക തന്നെ വേണം.

എന്നോടടുക്കുന്നത് സൂക്ഷിച്ചു വേണം എന്ന താക്കീതുമായി സദാ ഭീക്ഷണി ഉയര്‍ത്തി നില്‍ക്കുന്ന കടലിനെ ജസീതക്കു പണ്ടേ വെറുപ്പാണ് അഹങ്കാരി. ഭൂമിയുടെ ഏറിയ പങ്കും തനിക്കാണെന്ന അഹന്ത സ്വതവേ അവള്‍ക്കുണ്ട്. മാത്രമല്ല താനൊന്ന് മനസ്സറിഞ്ഞ് നൃത്തമാടിയാല്‍ ഭൂമിയുടെ ശിഷ്ടപങ്കും തന്റെ കൈവശം വന്നു ചേരുമെന്ന ദൃഢവിശ്വാസവും അവളിലുണ്ട്. അതിനാല്‍ പലവട്ടം തന്റെ അഭിലാഷ നിവര്‍ത്തിക്കായി ജലത്തെ പൂകുവാന്‍ തിട്ടപ്പെടുത്തിയെങ്കിലും ജ‍സീത അതില്‍ നിന്ന് പിന്‍തിരിയുകയായിരുന്നു .

കട്ടന്‍ കാപ്പി മൊത്തിക്കുടിച്ച് കൊണ്ട് ബാല്‍ക്കണിയുടെ കൈവരികളില്‍ കൈമുട്ടുകള് ‍ഊന്നി നില്‍ക്കേ അങ്ങ് ദൂരെ ആകാശനീലിമയില്‍ ഒരു കൂട്ടം പക്ഷികള്‍. ജസീതക്കും പറക്കുവാന്‍ കൊതിയാണ്. ഉയരങ്ങള്‍ അവള്‍ക്ക് ഇഷ്ടമാണ്. കുട്ടിക്കാലത്ത് വീട്ടുമുറ്റത്ത് നിന്നാല്‍ കാണാവുന്ന ലൈറ്റ് ഹൌസ് അവള്‍ക്കൊരു ആവേശമായിരുന്നു. ഉള്ളിലടക്കി കിടത്തിയിരുന്ന മോഹപ്പക്ഷി കെട്ടുപൊട്ടിച്ചപ്പോള്‍‍ ഒരു രാത്രി ആരോരുമറിയാതെ അവള്‍ പ്രകാശത്തിനരികിലേക്ക് ഒളിച്ചെത്തി. ആകാശത്തേക്കിനി എത്ര ദൂരമുണ്ടെന്നു അളക്കുവാനെന്നവണ്ണം അവളുടെ കുഞ്ഞിക്കൈകള്‍ ആകുവോളം ഉയര്‍ത്തി നിന്നത് ജസീത എന്നും ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു അനുഭവമാണ്.

പാതിയാക്കിയ കട്ടന്‍ കാപ്പി മേശമേല്‍ വച്ച് ജസീത ഫ്ലാറ്റില്‍ നിന്ന് ഇറങ്ങി ലിഫ്റ്റില്‍ ചതുരക്കട്ടകളില്‍ ഏറ്റവും മുകളില്‍ ഉള്ളതില്‍ വിരലമര്‍ത്തി. മുപ്പത്തഞ്ച് എന്ന അക്കം ചുവന്ന പ്രകാശങ്ങളില്‍ തിളങ്ങി തന്നെയും വഹിച്ചുകൊണ്ട് ഒരു കരിം കുതിര ഉയരങ്ങളിലേക്കു കുതിക്കുന്നതായി അവള്‍ക്ക് തോന്നി. ഭാരം തീരെ അനുഭവപ്പെടാത്ത ആ അവസ്ഥയില്‍ ഉള്ളില്‍ നിന്നൊരു തെളിനീര്‍ അരുവി പൊട്ടിപ്പുറപ്പെടുന്നതായി അവളറിഞ്ഞു. ജസീത ഉറക്കെ ഉറക്കെ ചിരിക്കുകയായിരുന്നു.

മുപ്പത്തിയഞ്ചാം നിലക്കു മുകളിലെ ടെറസിന്റെ കൈവരികളില്‍ പിടിച്ചുകൊണ്ട് അവള്‍ ആദ്യം താഴേക്കു നോക്കി. വിചിത്രമായ എന്തൊക്കെയോ രൂപങ്ങള്‍. ചിലത് ചലിക്കുന്നവ ചിലത് നിശ്ചലം. ഒന്നിനും കൃത്യമായ അര്‍ത്ഥങ്ങള്‍ നല്‍കുവാന്‍ അവള്‍ക്കായില്ല. മുകളിലേക്കു നോക്കിയപ്പോള്‍‍ കണ്ടത് സ്വാതന്ത്ര്യത്തിന്റേയും ശാന്തതയുടേയും വിശാലത. ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ജസീത കണ്ടതില്‍ കളങ്കപ്പെട്ടില്ലാത്തവള്‍ ഈ ആകാശം മാത്രം. അവള്‍ക്കു കീഴെ ഉള്ളതില്‍ എന്തിനാണ് അവള്‍ക്കുള്ളത്ര പവിത്രത ?

ജസീത കൈവരികളില്‍ കാലമര്‍ത്തി നിന്നു. ശക്തമായി വീശുന്ന കാറ്റില്‍ കണ്‍പീലികളും കാല്‍ വിരലുകളും ആനന്ദ നൃത്തമാടുന്നത് ആസ്വദിച്ചുകൊണ്ടവള്‍ ഏറെ നേരം ചലനമറ്റ് നിന്നു. ഇരു കൈകളും തോളൊപ്പം ഉയര്‍ത്തി അവ അവള്‍ അനന്തതയെ തൊട്ടറിഞ്ഞു. നീല നിറമുള്ള ദുപ്പട്ട ദേഹത്ത് നിന്ന് പറന്നുയര്‍ന്ന് കാറ്റില്‍ ഒഴുകി നീലാകാശത്തെ പ്രാപിക്കുവാന്‍ ഉയരങ്ങളിലേക്ക് ഉയര്‍ന്നു. ജസീത മെല്ല തന്റെ കാല്‍പ്പാദം ഒന്ന് അയച്ചു. ശരീരം തെല്ലൊന്ന് മുന്നോട്ട് ആഞ്ഞു ഭാരമില്ലാത്ത പൊള്ളയായ ശരീരത്തിനുള്ളില്‍ അവളുടെ മനസ്സ് ആവോളം മദിച്ചു നടന്നു. സിരകളില്‍ പടര്‍ന്ന ഉന്മാദത്തിന്റെ അലകള്‍ മനസ്സിന്റെ ഓരങ്ങളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. ആ താളത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ജസീതയെ താരാട്ടി സുഖിപ്പിച്ചുകൊണ്ടിരുന്നു. അവള്‍ പൂര്‍ണ്ണമായി അവളായി മാറിയിരിക്കുന്നു. അവള്‍ ഉണ്ടെന്ന് അവള്‍ക്കു മാത്രം അറിയാവുന്ന അവസ്ഥയിലേക്ക് ജസീത ഊളിയിട്ട് ഇറങ്ങിച്ചെന്നു. അവളെ പോലെ ഒട്ടനേകം ആത്മാക്കള്‍ സ്പന്ദനങ്ങള്‍കൊണ്ട് മാത്രം ‘ ഞാനിവിടെ ഞാനിവിടെ ‘’ എന്ന് വിളീച്ചോതുന്ന ആത്മാക്കള്‍. വേദന അറിയാത്ത സ്പര്‍ശനമറിയാത്ത വാക്കുകളില്ലാത്ത വെറും സ്പന്ദനങ്ങള്‍. ജസീത നിര്‍ലോഭം ഒഴുകി നടന്നു. തടസ്സമേതുമില്ലാത്ത വിശാലതയില്‍ നിന്ന് വിശാലതയിലേക്ക്. കാണുകയും കേള്‍ക്കുകയും ചെയ്യാതെ വെറും സ്പന്ദനങ്ങളില്‍ കൂടി അന്യോന്യം തിരിച്ചറിയുന്ന കുറയേറെ സ്വതന്ത്രാത്മാക്കള്‍ക്ക് ഇടയില്‍ ജസീത ഒരു ശക്തിക്കും നശിപ്പിക്കുവാനാവാത്ത തുടിപ്പായി അനന്തതയില്‍ ഒഴുകി നടന്നു.

പിറ്റേന്ന് പത്രങ്ങളുടെ തലക്കെട്ടുകള്‍ക്കു കീഴെ പതിനാലുകാരിയുടെ ചിന്നിച്ചിതറിയ ചോര കട്ട പിടിച്ച ശരീര അവയവങ്ങളുടെ ചിത്രങ്ങള്‍ മത്സരിച്ചു സ്ഥാനം പിടിച്ചു. എന്നാല്‍ തലേ ദിവസം രാത്രി അവള്‍ക്കു മേല്‍ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന അറുപതു വിരലുകള്‍ അപ്പോഴും അവളുടെ അവശിഷ്ടങ്ങളില്‍ മുഴുപ്പുള്ള മാംസളമായ പാതികള്‍ക്കായി ആര്‍ത്തിയോടെ ചികയുന്നത് ആരും കാണുന്നുണ്ടായിരുന്നുന്നില്ല .

സോണിയ റഫീക്ക്‌


E-Mail: soniarafeek@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.