പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പൂര്‍ത്തിയായ ഒരു ചിത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീദേവി പ്രബിന്‍

വിദേശത്തു നിന്നു വന്ന ചിത്രകാരനുമായി സ്വീകരണ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു സുജാത.... യോവെര്‍ എന്ന അദ്ദേഹത്തിന്‍റെ സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് ചിത്രകാരന്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ യാത്ര പറഞ്ഞിറങ്ങിയിട്ടും സുജാതയുടെ മനസ്സിന്‍റെ കാന്‍വാസില്‍ നിന്നു മാഞ്ഞില്ല... ഒരു കലാകാരനാകാന്‍ ഒരാള്‍ക്ക് മറ്റെന്തിനേക്കാളും ഉപരി വേണ്ടത് ആത്മാഭിമാനത്തിന്‍റെ കടുത്ത വര്‍ണ്ണങ്ങളാണ്.

ആ വാക്കുകള്‍ ചെറിയ ഓളങ്ങളുണ്ടാക്കി അവരുടെ മനസ്സിനെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് എടുത്തിട്ടു. ചായപ്പലകയും ബ്രഷും കയ്യിലെടുത്തു കാന്‍വാസിനടുത്തേക്കു നീങ്ങിയ സുജാതയെ ഓര്‍മ്മകള്‍ ഒരു ചെമ്മണ്‍പാതയുടെ തിണ്ടത്തു കൊണ്ടു വന്നിരുത്തി.. മോഹങ്ങളുടെ മഞ്ഞയും ചുവപ്പിന്‍റെ യാത്ഥാര്‍ത്ഥ്യങ്ങളും ചേര്‍ത്ത് ഭൂമിയെ പുണരുന്ന ഇരുണ്ട കാവി നിറത്തില്‍ സുജാത ആ ചെമ്മണ്‍പാതയെ തന്‍റെ കാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ടിരുന്നു.. അതിനു അതിരു പാകിക്കൊണ്ട് കണ്ണാന്തളിപ്പൂക്കളുടെയും മുക്കൂറ്റികളുടെയും വര്‍ണ്ണപ്രപഞ്ചം. കൂറ്റന്‍ മാവിന്‍റെ ശിഖരാഗ്രങ്ങളില്‍ ധൂമ്രവര്‍ണ്ണം നല്‍കിയ മാന്തളിരുകള്‍...ചെറുതായി ഹൈലൈറ്റു ചെയ്തപ്പോള്‍ അവയെല്ലാം സൂര്യപ്രകാശത്തില്‍ തിളങ്ങി. . പരിചയസമ്പന്നമായ കൈകളില്‍ നിന്നു വര്‍ണ്ണങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു! ....ചുരുള്‍ വിടര്‍ത്തിയ മനോഹരമായ പാത അതിലൂടെ തല കുമ്പിട്ട് നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയെ സുജാതയ്ക്ക് കാട്ടിക്കൊടുത്തു.

അഛന്റെ ട്രാന്‍സഫറിനെ തുടര്‍ന്ന് അവള്‍ ആ നാട്ടിലെ സ്കൂളില്‍ചേര്‍ന്നിട്ടു അധികമയിരുന്നില്ല...അവള്‍ സങ്കോചത്തോടെ വച്ചു നീട്ടിയ സൗഹൃദത്തിനു പകരം പുതിയ കൂട്ടുകാര്‍ തിരിച്ചു കൊടുത്തത് കരിങ്കാളീ....എന്ന നീട്ടിയ വിളിയായിരുന്നു...

ചുവന്ന വര്‍ണ്ണത്തിന്‍റെ ചൂട് അല്‍പ്പം കൂടി കൊടുത്ത് സുജാത ആ വഴിയെ പൊള്ളിച്ചു കൂടുതല്‍ ഇരുണ്ടതാക്കി. മരുസമൃദ്ധിയിലെ കള്ളിമുള്‍ച്ചെടികള്‍ പോലെ മുഖത്ത് അവിടെയിവിടെയായി ലോഭമില്ലാതെ മുളച്ചു പൊന്തുന്ന മുഖക്കുരുക്കള്‍... അവയ്ക്കിടയിലൂടെ കിനിയുന്ന എണ്ണയുടെ വറ്റാത്ത ഉറവകള്‍... ഏതൊ ഒരു പിശാച് തന്‍റെ മേല്‍ തട്ടിപ്പൊത്തിയെന്ന് അവള്‍ വിശ്വസിച്ച കരിമണ്‍ നിറം...

സുജാത കറുത്ത പെണ്‍കുട്ടിയെ വരച്ചു കൊണ്ടിരുന്നു... ഏകാകിനിയായ അവളുടെ തല താഴ്ന്നിരുന്നത് വെറുപ്പു കൊണ്ടായിരുന്നു...അവളോട് തന്നെയുള്ള വെറുപ്പ്....

കേട്ട കഥകളിലെ വെളുത്തു സുന്ദരിമാരായ രാജകുമാരികളും, തൂവെള്ള ഞൊറിയുടുപ്പുകളേക്കാള്‍ വെണ്മയാര്‍ന്ന മാലാഖക്കുട്ടികളും അവളുടെ കൗമാരസ്വപ്നങ്ങളില്‍ വന്നു കൊഞ്ഞനം കുത്തി. കെട്ടിക്കാറാകുമ്പോള്‍ മനുഷ്യനെ കഷ്ടപ്പെടുത്താതെ ഇതെടുത്ത് തേക്ക്....എന്നു പറഞ്ഞു അവളുടെ അമ്മ അസ്വസ്ത്ഥതയോടെ നീട്ടുന്ന വെളുത്ത പുഴുക്കളെ ഒളിപ്പിച്ച ഫെയറ്നെസ്സ് ക്രീമുകളെ ഓര്‍ത്തപ്പോള്‍ സുജാത വെളുത്ത നിറത്തിലുള്ള വര്‍ണ്ണപുഴുക്കളെ കാന്‍വാസിലെ പെണ്‍കുട്ടിക്ക് ചുറ്റും ചൊരിഞ്ഞു കൊണ്ടിരുന്നു..ചുറ്റുമുള്ള കാഴ്ച്ചകളെ മറയ്ക്കുന്ന ഒരു വന്മതിലായി.....

വഴിയില്‍ പുളയ്ക്കുന്ന പുഴുക്കള്‍.... അവയുടെ നനുത്ത തൊലി ഉരസുമ്പോളുണ്ടാകുന്ന ഒരു അസ്വസ്ത്ഥതയോടെ സുജാത പുഴുക്കളെ വരച്ചു തീര്‍ത്തു.

ഓര്‍മ്മതിണ്ടിലിരുന്നു സുജാത തന്നെ കടന്നു പോകുന്ന അവളെ നോക്കിയിരുന്നു.അവള്‍ ഏതോ അസുഖകരമായ ചിന്തകളില്‍ മുഴുകി പതുക്കെ നടക്കുകയായിരുന്നു...പിന്നില്‍നിന്നു അപരിചിതത്വം നേര്‍പ്പിച്ച ഒരു സ്വരം...”കുട്ടി സ്കൂളില്‍ പുതീതാ...”ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സുന്ദരി..

വെയിലില്‍ നടന്ന് വെണ്ണ പോലെ വെളുത്ത ആ മുഖം ചുവന്നു തുടുത്തിരുന്നു. ചെറിയ കാക്കപ്പുള്ളീയുള്ള മൂക്കിന്‍തുമ്പത്ത് വെണ്ണയുരുകിയതു പോലെ വിയര്‍പ്പു മണികള്‍........

കറുത്ത പെണ്‍കുട്ടി ആര്‍ത്തിയോടെ സ്വീകരിച്ച അവളുടെ നനവുള്ള പുഞ്ചിരി കാന്‍വാസില്‍ നേരിയ തിളക്കത്തോടെ ഇതള്‍ വിടര്‍ത്തിക്കൊണ്ടിരുന്നു.

എത്ര പെട്ടെന്നാണ് അപരിചിതത്വത്തിന്‍റെ മഞ്ഞുരുകിയത്. അന്ന് വര്‍ത്തമാനം പറഞ്ഞു സ്കൂളില്‍ എത്തിയതറിഞ്ഞില്ല.... സുന്ദരി അവളേക്കാള്‍ ഒരു ക്ലാസ്സ് മുകളിലായിരുന്നു. പിന്നെ എന്നും കണ്ണാന്തളിപ്പൂക്കള്‍ അതിരു പാകിയ ആ ചെമ്മണ്‍പാതയിലൂടെ അവര്‍ കൈ കോര്‍ത്ത് നടന്നു...

ചിതലരിച്ച കണ്ണുകള്‍ പോലും സുന്ദരിക്കു ചുറ്റും വണ്ടിന്‍റെ മുഴക്കത്തോടെ കറങ്ങുമ്പോള്‍ സുന്ദരിയുടെ കൈ പിടിച്ച് കീഴ്പ്പോട്ട് നോക്കി നടന്ന കറുത്ത പെണ്‍കുട്ടിയുടെ മേല്‍ച്ചുണ്ട് വിയര്‍ത്തു.. പച്ചപ്പാവാടയും വെളുത്ത ബ്ലൗസും ചേര്‍ന്ന യൂണിഫോം ധരിച്ചു അവര്‍ അങ്ങനെ നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ഇടയ്ക്ക് സുന്ദരിയുടെ മുഖത്ത് പാളിവീഴും, തെല്ലൊരസൂയയോടെ.

കാന്‍വാസിലൂടെ രണ്ട് പെണ്‍കുട്ടികള്‍ കൈ കോര്‍ത്തു നടന്നു... അവരുടെ കോര്‍ത്ത വിരലുകള്‍ക്കിടയിലൂടെ ചെറിയ വരകളില്‍ ഒഴുകുന്ന അസൂയപ്പച്ച....

പക്ഷെ അവള്‍ ഒരിക്കലും തന്റെ സുന്ദരിയായ കൂട്ടുകാരിയെ വെറുത്തില്ല...അവളെ ആര്‍ക്കും വെറുക്കാന്‍കഴിയുമായിരുന്നില്ല.

കറുത്ത കുട്ടിയുടെ പകലുകള്‍ എന്നും സുന്ദരിയെ അനുഗമിച്ചു. അവളോടൊത്തുള്ള നിമിഷങ്ങള്‍ പകര്‍ന്ന പ്രസരിപ്പില്‍ ഒരു ചെറുമന്ദഹാസത്തോടെ കറുത്ത കുട്ടിയുടെ രാവുകള്‍ കൂമ്പിയടഞ്ഞു. താന്‍ മുന്‍പ് എത്രമാത്രം ഏകാകിയും നിരാലംബയും ആയിരുന്നെന്ന് സത്യത്തില്‍ അവള്‍ തിരിച്ചറിഞ്ഞത് ആ ഇളം ചൂടുള്ള കൈയ്യില്‍ പിടിച്ചു നടന്നപ്പോഴാണ്.

ഒരിക്കല്‍ മധുരമുള്ള പുളി നുണഞ്ഞു നടക്കുമ്പോള്‍ സുന്ദരി ചോദിച്ചു.. കുട്ടിക്ക് വലുതാവുമ്പോള്‍ ആരാവാനാണിഷ്ടം....

ആദ്യമായിക്കണ്ട ഒരു കളിപ്പാട്ടത്തെപ്പോലെ കറുത്ത പെണ്‍കുട്ടി ആ ചോദ്യത്തെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നപ്പോള്‍ തങ്ങളെ കടന്നു പോകുന്ന ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് കയ്യിലെ പുളി പകുത്തു കൊടുത്തു കൊണ്ട് സുന്ദരി പറഞ്ഞു...

എനിക്ക് ടീച്ചറാവാനാണ് ഇഷ്ടം.....

അപ്രതീക്ഷിതമായ ഒരു ഗ്രഹണം പോലെ സുന്ദരിയുടെ വരവു പൊടുന്നനെ നിന്നു. ദിവസങ്ങളായി...ആഴ്ച്ചകളായി.. മുതിര്‍ന്നവരുടെ ക്ലാസ്സില്‍ പോയി അവളെക്കുറിച്ചന്വേഷിക്കാന്‍ കറുത്ത കുട്ടിക്ക് പേടിയായിരുന്നു... ഒടുവില്‍ കാണാനുള്ള ആഗ്രഹം അടക്കാന്‍ വയ്യാതായ ഒരു ദിവസം ഉച്ചക്കു ശേഷമുള്ള ദീര്‍ഘമായ ലൈബ്രറി പിരീഡില്‍ പറഞ്ഞിട്ടുള്ള അടയാളങ്ങള്‍ വച്ചു അവള്‍ കൂട്ടുകാരിയുടെ വീടു അന്വേഷിച്ചിറങ്ങുക തന്നെ ചെയ്തു... അമ്മയോട് പറഞ്ഞാല്‍ സമ്മതിക്കില്ല.. അവര്‍ എന്നും നടക്കാറുള്ള ചെമ്മണ്‍പാതയിലൂടെ നടന്ന് ഇടത്തൊട്ട് തിരിഞ്ഞു. ഇവിടെ വെച്ചാണ് അവര്‍ എന്നും പിരിയാറ്. അല്‍പ്പം നടന്ന് ഒരു ഇറക്കമിറങ്ങിയപ്പോള്‍ മുന്നില്‍ വിശാലമായ ഒരു പാടമാണ്. അല്‍പ്പം ചാഞ്ഞ് വരമ്പിലേക്ക് വീണ് കിടന്ന നെല്‍ക്കതിരുകള്‍ അവളുടെ കാലടികള്‍ക്ക് ദുര്‍ബലമായ പ്രതിരോധം തീര്‍ത്തു പാടത്തിനു മുകളില്‍ സുജാത പടര്‍ത്തിയ മഞ്ഞനിറത്തില്‍ നിന്നു പൂത്തുനില്‍ക്കുന്ന വെയിലും നെല്‍ക്കതിരും ഇണചേരുന്ന ഗന്ധം ഉയര്‍ന്നു...

..പാടം കടന്നു കേറിയത് ഒരു ടാറിട്ട റോഡിലേക്കാണ്.

മുകളില്‍ ഉരുകിയൊലിക്കുന്ന മേടസൂര്യന്‍..

ചുട്ടുപൊള്ളുന്ന നിരത്തിലൂടെ നടന്ന് കാലുകള്‍ കുഴഞ്ഞപ്പോള്‍ സുന്ദരി ഏറെ നടന്നാണ് എന്നും സ്കൂളില്‍ വരുന്നതെന്ന് അവള്‍ ഓര്‍ത്തു...അവസാനം ഒരു കലുങ്കെത്തി... എവിടെ ആയിരിക്കും അവള്‍ പറയാറുള്ള ദേവിയുടെ ക്ഷേത്രം.. അമ്മയുടെ കൂടെ അവള്‍ എന്നും ദീപാരാധന തൊഴുന്ന ആ ക്ഷേത്രത്തിനു സമീപം ഒരു കയറ്റത്തില്‍ ആണ് സുന്ദരിയുടെ പച്ചച്ചായമടിച്ച വീട്....

കലുങ്കിലിരിക്കുന്ന രണ്ടു ചെക്കന്മാര് അവളെക്കണ്ട് എന്തോ പറഞ്ഞു ചിരിച്ചു ...അതില്‍ കോന്ത്രമ്പല്ലുള്ള ഒരുത്തന്‍ പറഞ്ഞതിന്‍റെ ഒരു നാറിയ മുഴുക്കഷ്ണം അവളുടെ പരന്ന മാറിടത്തിലൂടെ നേരെ നെഞ്ചിന്‍ കൂടിലേക്കു കയറി അവളെ പുകച്ചു....പതിവില്ലാതെ അവള്‍ക്കു വിതുമ്പാന്‍ തോന്നി..

ഉച്ചവെയിലില്‍ പുകയുന്ന നിരത്ത്....

വീണ്ടും മുന്നോട്ട് നടന്നു...എണ്ണയും ഉറ പൊട്ടിയ വിയര്‍പ്പും ചേര്‍ന്ന് ചാലുകളായി കീഴ്ക്കുപ്പായത്തിലേക്ക് ഒഴുകിയൊളിച്ചു.....അവള്‍ പറഞ്ഞ അവസാന അടയാളമെവിടെ....ക്ഷേത്രം...പച്ചച്ചായമടിച്ച വീട്... പുല്ലിന്‍റെ ഒരു കെട്ട് തലയില്‍ വെച്ച് ഒരു വൃദ്ധ നടന്നു വരുന്നു.. സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന, പുല്ലിനു മുകളില്‍ കോര്‍ത്തു വച്ച അരിവാള്‍ ആണ് ആദ്യം കണ്ടത്.

അവരുടെ പീള കെട്ടിയ കണ്ണുകള്‍ പുല്ലിനിടയിലൂടെ ഇഴഞ്ഞു വന്നപ്പോള്‍ അവള്‍ ക്ഷേത്രത്തെപ്പറ്റി ചോദിച്ചു.. വൃദ്ധ കിതയ്ക്കുന്നുണ്ടായിരുന്നു..അല്‍പ്പസമയം കഴിഞ്ഞ് വിയര്‍പ്പാറ്റിക്കൊണ്ട് അവര്‍ പറഞ്ഞു. ഇവിടെ അങ്ങനെയൊരു അമ്പലം ഇല്ലല്ലോ മോളേ... ആരെയാ കാണെണ്ടേ.....പരിഭ്രമിച്ച അവളോട് വൃദ്ധ ക്ഷമയോടെ ചോദിച്ചു.... അവളുടെ പേരും സ്കൂളിന്‍റെ പേരും പറഞ്ഞു കൊടുത്തു. അവര്‍ തന്‍റെ നേര്‍ക്ക് അരിവാള്‍ നോട്ടം എറിഞ്ഞത് പെട്ടെന്നാണ്.. അവര്‍ പറഞ്ഞു..

”ഓ അവളോ.. ആ ഒരുമ്പെട്ടോളുടെ മോളല്ലേ..ആ ദുഷ്ട ഇപ്പോള്‍ അവളുടെ പഠിപ്പു നിര്‍ത്തി..അവളെയും കൊണ്ടുപോവാന്‍ ഇപ്പോള്‍ പട്ടണത്തില്‍നിന്നു ടാക്സി വരുന്നുണ്ട്‌..പെറ്റമ്മയാണത്രെ...ത്ഫൂ...” അവര്‍ അമര്‍ത്തിച്ചവിട്ടി നടന്നു പോയി.

സുജാത സുന്ദരിയുടെ മനോജ്ഞമായ രൂപത്തിനു ചുറ്റും കറുത്ത രാശി പടര്‍ത്തുകയായിരുന്നു..ഒരു കറുത്ത നിലാവു പോലെ....

ഓര്‍മ്മകളിലെ വൃദ്ധ തിരിഞ്ഞു നോക്കി അവളോടു പറഞ്ഞു..

ദാ ആ താഴോട്ടുള്ള ഇറക്കത്തിലാണ് അവളുടെ വീട്.

അവര്‍ അവജ്ഞയോടെ ചൂണ്ടിയ ദിശയിലേക്കു നോക്കി അവള്‍ ഒരു ക്ഷേത്രവും,അതിനടുത്തുള്ള വീടിന്‍റെ ഇത്തിരിപ്പച്ചയും തിരഞ്ഞു....ഇല്ലെന്നറിഞ്ഞിട്ടും...

പോവാന്‍ തോന്നിയില്ല...

കാണാന്‍ തോന്നിയില്ല....

കടന്നല്‍ക്കൂടിളകിയതു പോലെ ദുഃഖം തലച്ചോറിനുള്ളില്‍ മൂളക്കത്തോടെ ഉണര്‍ന്നു കുത്തി നോവിക്കുന്നു....സുന്ദരിയുടെ ഇളം ചൂടുള്ള കൈകളുടെ ഓര്‍മ്മ അവളുടെ കൈകളെ പൊള്ളിത്തിണര്‍പ്പിച്ചു...തിരിച്ചു നടക്കുമ്പോള്‍ കാലു കുഴഞ്ഞ് അപ്പോഴേക്കും ശൂന്യമായിരുന്ന കലുങ്കില്‍ അവളിരുന്നു പോയി....

കാന്‍വാസില്‍ സുന്ദരിക്കു ചുറ്റുമുള്ള കറുത്ത രാശിയിലേക്ക് ഇപ്പോള്‍ വായ്ത്തല മിന്നുന്ന ഒരു അരിവാള്‍ ആണ്ടിറങ്ങുകയാണ് .... തിരിച്ചറിവുകളുടെ മൂര്‍ച്ചയില് പൊടിയുന്ന യാത്ഥാര്‍ത്ഥ്യങ്ങള്‍ ചുവന്ന വര്‍ണ്ണങ്ങളില്‍ സുജാത പുറത്തേക്കൊഴുക്കിത്തുടങ്ങി....

തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോള്‍ ചുറ്റിലും നിഴലുകള്‍ക്ക് നീളം വച്ചു തുടങ്ങിയിരുന്നു...അങ്ങോട്ടു പോയപ്പോള്‍ ചിരിച്ച് തലയാട്ടി നിന്നിരുന്ന മുക്കൂറ്റിക്കിടാങ്ങള്‍ പൊടിമണ്ണില്‍ തളര്‍ന്നു കിടന്ന മരങ്ങളുടെ നിഴലുകളെ നോക്കി മൂകരായി തല താഴ്ത്തിനിന്നു...

വരണ്ട ശൈത്യത്തില്‍ മേപ്പിള്‍ മരങ്ങളുടെ തൊലി പോലെ തന്‍റെ മനസ്സില്‍ നിന്ന് കറുത്ത തൊലി ഉരിഞ്ഞടര്‍ന്ന് തുടങ്ങിയത് അന്നു മുതലാണെന്ന് സുജാത ഓര്‍ത്തു....പിന്നീട് കാലം അതില്‍ പുതിയ തൊലി പടര്‍ത്തി....തന്‍റെ ആത്മാവിന്‍റെ നിറമായിരുന്നു അതിന്.

സുജാത കാന്‍വാസിനുള്ളില്‍ മറ്റൊരു കാന്‍വാസ് വരച്ച് ഇതു വരെ വരച്ചതത്രെയും അതിനുള്ളിലാക്കി...എന്നിട്ട് അതിനുള്ളില്‍ നിന്നു പുറപ്പെടുന്ന കറുത്ത നിലാവില്‍ പ്രകാശിതയായ, കയ്യില്‍ ബ്രഷുമായി നില്‍ക്കുന്ന തന്‍റെ തന്നെ ചിത്രം, പതുക്കെ വരച്ചു തുടങ്ങി....

അഛന്‍റെ ട്രാന്‍സഫറുകള്‍ ആ നാട്ടില്‍ നിന്നകറ്റിയിട്ടും സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ ആദ്യം അന്വേഷിച്ചത് അവളേയാണ്. വിദേശത്ത് ജോലി തരാമെന്ന് പറഞ്ഞ ഏതോ ഒരു സ്ത്രീയോടൊപ്പം അവള്‍ നാട് വിട്ടത്രെ... അവളെപ്പറ്റി പിന്നീട് ആരും ഒന്നും കേട്ടിട്ടില്ല....ജീവിതവും അതിന്‍റെ ഇത്തിരിപ്പച്ചപ്പും അവളെ എന്നും മോഹിപ്പിച്ചിരുന്നു..

പൂര്‍ത്തിയായ തന്‍റെ ആത്മചിത്രത്തിന്നടിയിലായി സുജാത ചുവന്ന അക്ഷരങ്ങളില്‍ എഴുതി.. ജീവിതം കറുപ്പും വെളുപ്പും മാത്രമല്ലെന്ന് പഠിപ്പിച്ച, എന്നെ ഒരു കലാകാരിയാക്കിയ എന്‍റെ വെളുത്ത പെണ്‍കുട്ടിക്ക്.....

ശ്രീദേവി പ്രബിന്‍


E-Mail: sreedevi.prabin@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.