പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മുറിവുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പങ്കു ജോബി

നുരഞ്ഞ് പതഞ്ഞ് അതിദ്രുതം ഒഴുകുന്ന ആഗ്രഹങ്ങള്‍ അഥവാ പ്രതീക്ഷകള്‍, അവയാണ് എന്നുളളില്‍ മുറിവുകള്‍ തീര്‍ത്തത്. ആഗ്രഹങ്ങളുടെ ശക്തിയേറിയ ഒഴുക്ക് ആരംഭിച്ചത് കൗമാരത്തില്‍ നിന്നു തന്നെയാണ്. തന്‍റെ കൗമാരം തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. ആ സ്വപ്നങ്ങള്‍ തന്നില്‍ ആഗ്രഹങ്ങളായി, പിന്നെ പ്രതീക്ഷകളായി. ആരെയും ശ്രദ്ധിക്കാതെ ഒരു മാടപ്രാവെന്നോണം നടന്നുനീങ്ങിയ ആ പെണ്‍കുട്ടി, അവളാണ് എന്നിലെ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തിയത്, തന്നില്‍ പ്രണയം നാന്‍പിട്ടത് അന്നു മുതല്‍ക്കാണ്. അതില്‍പിന്നെ അവള്‍ തന്‍റെമാത്രം പ്രണയിനിയായി, എന്നും അങ്ങനെതന്നെ ആയിരിക്കുമെന്ന് ഞാന്‍ വൃഥാ വിശ്വസിച്ചു. വരുമാനം ഏതുമില്ലാത്ത തന്നെയും, വര്‍ഷങ്ങളായുളള തന്‍റെ പ്രണയത്തേയും നിഷ്കരുണം നിഷേധിച്ച് അവള്‍ ഒരു സമ്പന്നന്‍റെ ഇടതുകരം പിടിച്ച് യാത്രയായപ്പോള്‍ തന്‍റെ ഉളളില്‍ ആദ്യമുറിവ് വീണു. പിന്നെയും ഏറെ നാള്‍ അതില്‍നിന്ന് രക്തം കിനിഞ്ഞുകൊണ്ടിരുന്നു. അവളുടെ മുന്നില്‍ ജയിക്കണമെന്ന വാശി തന്നെയും ഒരു സമ്പന്നനാക്കി. ആ ധനം, അത് എന്‍റെ മുറുവില്‍ ആശ്വാസത്തിന്‍റെ ലേപനം പുരട്ടി, മുറിവുണക്കി.

അവളുടെ സ്ഥാനത്ത് മറ്റൊരുവള്‍ എന്നതിലുപരി അവളുടെ വിയോഗം തന്നില്‍ പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് എനിക്ക് എന്നെ തന്നെ ബോദ്ധ്യപ്പെടുത്തണമായിരുന്നു, അങ്ങനെ വൈവാഹിക ജീവിതമെന്ന യാദാര്‍ത്ഥ്യത്തിലേക്ക് താനും ചെന്നുപെട്ടു. ഭാര്യ, അവളുടെ സ്നേഹം, സാന്ത്വനം എല്ലാം ആ മുറിപ്പാടുകള്‍ പോലും മാഞ്ഞുപോകാനും മാത്രം ഉതകുന്നതായിരുന്നു. അപ്പോഴാണ് സന്താനങ്ങള്‍ എന്ന പുതിയ ആഗ്രഹം മൊട്ടിട്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആ ആഗ്രഹ സഫലീകരണവുമായി ഇരട്ട ആണ്‍കുട്ടികള്‍ എത്തിയത്. ജീവിതം ഇത്രമേല്‍ സന്തോഷദായകമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ്.

എന്നുളളിലെ ആഗ്രഹങ്ങളുടെ ഒഴുക്ക് പൂര്‍വ്വാധികം ശക്തിപ്പെട്ടതും അവിടം മുതല്‍ക്കാണ്. പുത്രന്‍മാര്‍ക്ക് കിട്ടാവുന്നതിലേററവും ഉന്നത വിദ്യാഭ്യാസം നല്‍കുക, സമൂഹത്തില്‍ ചുരുക്കം ചിലര്‍മാത്രം കയറിപ്പററിയ അത്രയും ഉയരത്തില്‍ അവരെ കൊണ്ടെത്തിക്കുക, അതോര്‍ത്ത് ശിഷ്ടജീവിതം അഭിമാനത്തോടെ ജീവിച്ചു തീര്‍ക്കുക ഇങ്ങനെ നീളുന്നു ആ ആഗ്രഹങ്ങളുടെ നീണ്ട നിര. പക്ഷേ.. അവയുടെ ഒഴുക്കിന് തടയിട്ടുകൊണ്ട്, തന്‍റെ ഉളളില്‍ അടുത്ത മുറിവ് തീര്‍ത്തുകൊണ്ട് , തന്‍റെ ഒരു മകന്‍ ഗുണ്ട എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പിശാച് ആയിമാറുന്നത്, കൊട്ട്വേഷന്‍ ഗ്യാങ്ങിന്‍റെ തലവനായി മാറുന്നത് നിസഹായനായി തനിക്ക് നോക്കി നില്‍ക്കേണ്ടി വന്നു. മനുഷ്യരുടെ കൈയ്യും, തലയും, കാലും ആ ആരാച്ചാര്‍ക്കുമുന്നില്‍ കുന്നു കൂടികൊണ്ടിരുന്നു. എന്നുളളിലെ ആ മുറിവില്‍ നിന്ന്, ഇന്ന് ഈ നിമിഷവും ചുടുരക്തം കിനിഞ്ഞുകൊണ്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് മുറിവിന്‍റെ ആഴം കൂട്ടാന്‍ മകനെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍. അപ്പോഴൊക്കെ ആശ്വാസമായി ഭാര്യയും, ഒരു പുത്രനും. അവന്‍ എന്‍റെ ആഗ്രഹങ്ങള്‍ക്കൊത്ത് സമൂഹത്തില്‍ ഏവരാലും ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാനത്തെത്തിയപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരാശ്വാസം.

എന്നാല്‍ അടുത്ത മുറിവ് അവന്‍റെ സമ്മാനമായിരുന്നു. തന്‍റെ ജീവരക്തം ഊററികൊടുത്ത് താന്‍ വളര്‍ത്തിയ തന്‍റെ ഓമനപുത്രന്‍റെ ഒരിക്കലും മറക്കാനാവാത്ത, പകരം വെയ്ക്കാനാവാത്ത സമ്മാനം. വിദ്യാഭ്യാസവും ഉന്നതസ്ഥാനവുമുളള അവന് മാതാപിതാക്കള്‍ കുറച്ചിലായി. അവന്‍റെ മണിമാളികയുടെ ഇരുമ്പുഗേറ്റ് ഞങ്ങളുടെ മുന്നില്‍ കൊട്ടിയടയ്ക്കുമ്പോള്‍, അവന്‍റെ ഹൃദയവും കൂടിയാണ് അടയ്ക്കപ്പെട്ടതെന്ന തിരിച്ചറിവാണ് തനിക്ക് ആഴത്തിലുളള ആ മുറവ് സമ്മാനിച്ചത്.

എനിക്കവളും, അവള്‍ക്ക് ഞാനും അങ്ങനെ പരസ്പരാശ്വാസമായി ഞങ്ങള്‍ കഴിയവെയാണ് രോഗമെന്ന ഭീകരാവസ്ഥ രുദ്രരൂപം പൂണ്ട് എന്നില്‍ വീണ്ടു മൊരു മുറിവേല്‍പ്പിച്ചത്. രോഗത്തോട് മല്ലിട്ട് ക്ഷയിച്ച തന്‍റെ ആരോഗ്യം, അതു നോക്കി നെടുവീര്‍പ്പെടുന്ന തന്‍റെ ഭാര്യ. പാവം.. അവള്‍ തന്‍റെ ദുഖങ്ങള്‍ രണ്ടായി പങ്കിട്ടെടുത്ത്, എന്നുളളിലെ ഭാരം പകുതിയായിക്കുറച്ച്, ഉത്തമ ഭാര്യയുടെ ധര്‍മ്മം നിറവേറ്റി, തന്നോടൊപ്പം തന്നെ ഉണ്ടല്ലൊ എന്നതുമാത്രമായി തന്‍റെ ഏക ആശ്വാസം. എന്നാല്‍ അപ്പോഴും യൗവ്വനം പൂര്‍ണമായി മാറിയിട്ടില്ലാതിരുന്ന അവള്‍ പുതിയ ജീവിതം തേടി ഒരു വിഭാര്യനോടൊപ്പം ഇറങ്ങി തിരിച്ച അന്ന്, തന്‍റെ ഹൃദയത്തില്‍ അവസാനമുറിവും വീണു കഴിഞ്ഞു. തന്‍റെ പ്രണയിനി, ഭാര്യ, മക്കള്‍, തന്‍റെ ജീവിതത്തില്‍ ഏറെക്കുറെ എല്ലാ മനുഷ്യര്‍ക്കും ഒരേ മുഖം.

ഇന്ന് എന്നുളളില്‍ തീര്‍ക്കപ്പെട്ട ഒരോ മുറിവുകളും വേദനയുടെ കയം ഒളിപ്പിച്ച വ്രണങ്ങളാണ്, അവയില്‍നിന്ന് കിനിയുന്ന രക്തത്തിന്‍റെ നനവും പേറി ദേശങ്ങള്‍ തോറും അലയുന്ന ഭിക്ഷാടകന്‍ ഞാന്‍. എന്നുളളില്‍ ആര്‍ത്തലച്ച് ഒഴുകിയിരുന്ന ആഗ്രഹങ്ങളുടെ ആ പുഴ ഇന്ന് വററിവരണ്ട് കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇന്ന് ഒരു തിരിച്ചറിവിന്‍റെ പാതയിലാണ്. ജീവിതം എന്നത് കേവലം ഒരു കാത്തിരുപ്പ് മാത്രമാണ്. ജനിച്ചു വീണ നിമിഷംമുതല്‍ തുടങ്ങുന്ന കാത്തിരുപ്പ്, മരണത്തിനായുളള കാത്തിരുപ്പ്. ഞാനും വ്രണമാക്കപ്പെട്ട, എന്‍റെ നിത്യ സുഹൃത്തുക്കളായ മുറിവുകളും ഇന്നും ആ കാത്തിരുപ്പിലാണ്. പ്രപഞ്ചത്തിലെ ജീവന്‍റെ ഓരോ കണികയും ഓരോ നിമിഷവും കടന്നുപോയ്ക്കൊണ്ടിരിക്കുന്ന കാത്തിരുപ്പ്, മരണമെന്ന ശാശ്വത സത്യത്തിനായുളള, അനിവാര്യമായ ആ കാത്തിരുപ്പ്.

പങ്കു ജോബി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.