പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പനിക്കാഴ്‌ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.ജയേഷ്‌

വിയർക്കുന്നുണ്ടായിരുന്നു കുമാരന്‌. ഫാൻ തിരിയുന്ന ശബ്ദം കേട്ടിട്ടും വിശ്വാസം വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അതേ ആക്കത്തിൽ ഇരുന്നുപോയി. വല്ലാത്ത കിതപ്പും തളർച്ചയും തോന്നി. തലയിൽ എന്തോ മുറുക്കി കെട്ടിയിരിക്കുന്നതുപോലെ. കുറച്ചുനേരം ഇരുന്ന്‌ കിതപ്പാറ്റിയശേഷം മെല്ലെ എഴുന്നേറ്റു. ആദ്യം ലൈറ്റിട്ടു. ഫാൻ മുഴുവൻ വേഗത്തിലും കറങ്ങുകയാണ്‌. ഡിസംബറിലെ ഈ തണുപ്പിൽ ആരും ഫാൻ ഉപയോഗിക്കാറില്ല. എന്നിട്ടും താൻ വിയർക്കുന്നു! നെറ്റിയിലും കഴുത്തിലും വിയർപ്പ്‌ പടലങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌ ഒപ്പിനോക്കി. ശരിയാണ്‌, താൻ വിയർത്ത്‌ കുളിക്കുകയാണ്‌. അടിവയറിൽ നിന്നും ഒരു കടുത്ത കാഹളം മുകളിലേയ്‌ക്കിരച്ചുകയറി... ഒരേമ്പക്കം. നല്ല സുഖം തോന്നി. എങ്കിലും ഉറക്കം മുറിഞ്ഞതിന്റെ വിരസത ഉണ്ടായിരുന്നു. കാലുകൾ കുഴയുന്നതുപോലെ. അയാൾ കട്ടിലിൽ വീണ്ടും കിടന്നു. സമയം അധികമൊന്നും ആയിട്ടില്ല, പക്ഷേ കുറേ നേരം ആയതുപോലെ തോന്നുന്നു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു തണുപ്പ്‌ ശരീരത്തെ പൊതിഞ്ഞു. വിയർക്കുന്നുമുണ്ട്‌. ഇതെന്തൊരൽഭുതമെന്ന്‌ ശപിച്ചുകൊണ്ട്‌ പാതി പുതച്ച്‌ കണ്ണുകളടച്ച്‌ കിടന്നു. ഉറക്കം വരുന്നില്ല.

‘പനിയുണ്ട്‌’ ശ്രീദേവി പറഞ്ഞു. ഇതിനിടയിൽ അവൾ എഴുന്നേറ്റത്‌ അറിഞ്ഞില്ല. അവൾ നെറ്റിയിലും കഴുത്തിലും കൈവച്ച്‌ നോക്കി. അപ്പോൾ തണുത്ത ഒരു വിറയൽ ശരീരം മുഴുവനും പാഞ്ഞു.

‘നീ ആദ്യമായിട്ടാണോ എന്നെ തൊടുന്നത്‌?’ അയാൾ ചോദിച്ചു.

‘എന്താ ഇങ്ങനെയൊക്കെ പറയുന്നത്‌? പനി തലയ്‌ക്ക്‌ പിടിച്ചെന്ന്‌ തോന്നുന്നു. ഒന്നുമാലോചിക്കാതെ കിടക്കൂ, ഞാൻ ചുക്കുകാപ്പിയുണ്ടാക്കിത്തരാം.’

‘അതൊന്നും വേണ്ട. ഒരു പാരസെറ്റാമോൾ കഴിച്ചാൽ മതി’.

‘രാത്രി ഒന്നും കഴിച്ചില്ലല്ലോ, ഗുളിക കഴിച്ചാൽ ക്ഷീണം കൂടുകയേയുള്ളൂ... ഞാൻ കാപ്പിയിടാം’ അവൾ സാരിത്തുമ്പ്‌ ചുമലിലൂടെ വലിച്ചിട്ട്‌ പുതച്ചു. എന്നിട്ട്‌ അയാളുടെ നെറ്റിയിൽ ഒന്നുകൂടി കൈവച്ച്‌ ചൂട്‌ നോക്കിയശേഷം അടുക്കളയിലേക്ക്‌ പോയി.

തനിക്ക്‌ ശരിക്കും പനിക്കുന്നുണ്ടെന്ന്‌ കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ബോധ്യം വന്നത്‌. ഉഛ്വാസത്തിൽപോലും തീനാളങ്ങൾ വമിക്കുന്നു. കണ്ണടച്ചാൽ വിചിത്രമായ രൂപങ്ങളും ശബ്ദങ്ങളും. ഭ്രാന്ത്‌ പിടിക്കുമെന്ന്‌ തോന്നി. അപ്പോഴേയ്‌ക്കും ശ്രീദേവി വന്നു. ആവി പറക്കുന്ന കാപ്പിയുമായി.

‘ചൂടോടെ കുടിച്ചോളൂ, എന്നിട്ട്‌ ഉറങ്ങാൻ ശ്രമിക്കൂ, രാവിലെയാകുമ്പോഴേയ്‌ക്കും എല്ലാം ശരിയാവും’

അയാൾ കാപ്പി മൊത്തിക്കുടിച്ചു. കുരുമുളകും ചുക്കും ചേർന്ന്‌ ഒരു പരുവമായിട്ടുണ്ട്‌. കഷായം കുടിക്കുന്ന പ്രയാസത്തോടെയാണ്‌ തൊണ്ടയിലൂടെ അത്‌ കടന്നുപോയത്‌.

അവൾ അമൃതാഞ്ജൻ എടുത്ത്‌ നെറ്റിയിൽ തടവിക്കൊണ്ടിരുന്നു. ഹിപ്‌നോട്ടിസം പോലെ അത്‌ അയാളിൽ പ്രവർത്തിച്ചു. നിമിഷങ്ങൾകൊണ്ട്‌ അയാളുറക്കത്തിലേയ്‌ക്കാണ്ടു. അവൾ ഇടതുവശത്ത്‌ കിടക്കുന്നതും പുതയ്‌ക്കുന്നതും അറിയുന്നുണ്ടായിരുന്നു എന്നാലും.

വിചിത്രമായ ഒരു സ്വപ്നം കാണുകയായിരുന്നു അയാൾ. കുത്തനെ നിൽക്കുന്ന കുന്നിനു മുകളിൽ ഒരൊറ്റമരം. അതോട്‌ ചേർന്ന്‌ കരിങ്കല്ലുകൊണ്ടുണ്ടാക്കിയ മണ്ഡപം. അതിന്റെ മേൽക്കൂര പൊളിഞ്ഞിരുന്നു. പുരാതനമായ ഒരു കാഴ്‌ചപോലെ. മരത്തിന്‌ ചുവട്ടിൽ ശ്രീദേവി നിൽക്കുന്നുണ്ടായിരുന്നു. അവൾ ചിരിയ്‌ക്കുകയാണോ കരയുകയാണോയെന്ന്‌ തിട്ടമില്ല. ഒരുതരം മോണാലിസ ഭാവം. താൻ കുന്നിനുമുകളിലേയ്‌ക്ക്‌ കയറുകയാണ്‌. കല്ല്‌ വെട്ടിയുണ്ടാക്കിയ പടവുകളിൽ പുല്ലുകൾ മുളച്ചിട്ടുണ്ട്‌. എങ്കിലും സ്ഥിരമായി നടത്തങ്ങളുണ്ടാകുന്നത്‌ കൊണ്ടാവാം വഴി മുകളറ്റം വരെ തെളിഞ്ഞ്‌ കാണാമായിരുന്നു. ശ്രീദേവി അവിടെ എന്ത്‌ ചെയ്യുകയാണ്‌? അവളെങ്ങിനെ അവിടെയെത്തി? എന്നിങ്ങനെ ആലോചിച്ച്‌ കയറ്റം തുടരുമ്പോൾ അറിയുന്നു, കാലുകൾ ചലിക്കുന്നുണ്ടെങ്കിലും താൻ ഒരടി പോലും മുന്നോട്ട്‌ നീങ്ങിയിട്ടില്ല. നടന്ന്‌ നടന്ന്‌ മുട്ടുകൾ വേദനിക്കുന്നു. എങ്കിലും അത്രയും ദൂരം അപ്പോഴും ബാക്കി കിടക്കുന്നു. കാലുകൾ തളർന്നപ്പോൾ നിലത്ത്‌ കൈകളൂന്നി ഇഴയാൻ തുടങ്ങി. കുഞ്ഞുങ്ങൾ നീന്തുന്നതുപോലെ. പക്ഷേ, അതും വിഫലമായതേയുള്ളൂ. ശ്രീദേവി ആരെയോ പ്രതീക്ഷിച്ചെന്നപോലെ എത്തി നോക്കുന്നുണ്ട്‌. എങ്കിൽ അവളോട്‌ താഴേയ്‌ക്കിറങ്ങിവരാൻ പറയാം. അയാൾ ഉറക്കെ വിളിച്ചു. അവൾ കേൾക്കുന്നില്ല. തൊണ്ട പൊട്ടും വരെ വിളിച്ചു. അവൾ അപ്പോഴും കേൾക്കുന്നില്ല. അവസാനശ്രമം എന്ന നിലയിൽ എഴുന്നേറ്റ്‌ നിന്ന്‌ വിളിച്ചു...

ശ്രീദേവിയുടെ കൈകൾ തന്റെ നെഞ്ച്‌ തടവുന്നതറിഞ്ഞപ്പോൾ കുമാരൻ കണ്ണു തുറന്നു. “എന്തുപറ്റി? സ്വപ്നം കണ്ടോ? അവൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്‌ തടവുകയാണ്‌. ”എന്റെ പേര്‌ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു“ അവൾ നാണത്തോടെ ചിരിച്ചു.

”നീയെന്തിനാ കുന്നിന്റെ മുകളിൽ പോയത്‌?“

”ഞാൻ കുന്നിൻ മുകളിൽ പോയെന്നോ? ഏത്‌ കുന്ന്‌? നല്ല സ്വപ്നം തന്നെ. ഞാവെടേം പോയിട്ടില്ലട്ടോ...ഉറങ്ങാൻ ശ്രമിക്കൂ‘ അവൾ അലമാരിയിൽ നിന്നും കട്ടിയുള്ള പുതപ്പെടുത്ത്‌ പുതപ്പിച്ചു. അസഹ്യമായ ഉഷ്ണം തോന്നി.

“നല്ലോണം വിയർക്കട്ടെ.... പനി എളുപ്പം മാറും”

“നീയിനി അങ്ങോട്ടൊന്നും പോകരുത്‌” അയാൾ അവളുടെ കൈയിൽ അമർത്തിപ്പിടിച്ചു.

“ങാ...പിന്നേം പിച്ചുംപേയും പറയുന്നല്ലോ... നല്ല അസുഖം തന്നെ”. അവൾ ചിരിച്ചു. അവൾക്ക്‌ എല്ലാം നല്ലതാണ്‌.

പിന്നെ അയാൾ അതുപോലുള്ള സ്വപ്നങ്ങൾ കാണാതിരിക്കാൻ ശ്രമിച്ചു. ഉറങ്ങാതിരിക്കുക മാത്രമേ വഴിയുള്ളൂ എന്ന്‌ തോന്നിയപ്പോൾ മേൽക്കൂരയും നോക്കി കിടന്നു. ശ്രീദേവിയുടെ ഒരു കൈ മുറുകെ പിടിച്ചിരുന്നു. അവളാകട്ടെ ക്ഷമാപൂർവം അതേ നിലയിൽ ഇരുന്നു. പിന്നെയെപ്പോഴാണ്‌ താനുറങ്ങിയതെന്നും അവളുറങ്ങിയതെന്നും ഓർമ്മയില്ല.

പിന്നെ കണ്ണു തുറന്നപ്പോൾ സ്വപ്നത്തിന്റെ തുടർച്ചയാണെന്നാണ്‌ കരുതിയത്‌. താനൊരു ആശുപത്രിയിൽ കിടക്കുന്നു. ഫിനോയിലിന്റെ ഗന്ധവും മരുന്നുകുപ്പികൾ നിരത്തിയ മേശയും കണ്ടു. പച്ച നിറമടിച്ച വാതിൽ ചാരിയിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ തറച്ചിരുന്ന സൂചി വേദനിപ്പിച്ചു. ഗ്ലൂക്കോസ്‌ കയറ്റുവാനുള്ള സൂചിയാണ്‌. അപ്പോൾ നിശ്ചയമായി.... അത്‌ സ്വപ്നമല്ലെന്ന്‌.

മുറിയിൽ താനൊഴികെ വേറെയാരുമില്ലെന്നത്‌ അൽപം വിഷമിപ്പിച്ചു. ഗാഢമായ ഉറക്കം കാരണം തല ചുറ്റുന്നുണ്ടായിരുന്നു. കാൽ നിലത്ത്‌ കുത്തിപ്പോൾ വേദന ശിരസ്‌ വരെ ഉയർന്നുതാണു. “ശ്രീദേവി” അയാൾ വിളിച്ചു. ആരും വിളി കേട്ടില്ല. അങ്ങിനെ ഒരിക്കലും സംഭവിക്കാനിടയില്ലാത്തതാണ്‌. അർദ്ധരാത്രിയിൽ പോലും താനൊന്നനങ്ങിയാൽ എഴുന്നേൽക്കാറുള്ള അവൾ വിളികേൾക്കാതിരിക്കുകയോ!

അയാൾ വേച്ച്‌ വേച്ച്‌ ബാത്ത്‌റൂമിൽ പോയി. ഒരാളുടെ സഹായമില്ലാതെ തിരികെ പോകുവാൻ കഴിയില്ലെന്ന്‌ മനസിലായപ്പോൾ മൊസൈക്ക്‌ പാകിയ നിലത്തിരുന്നു. ശ്രീദേവി വരാതിരിക്കില്ല എന്തായാലും. ആരൊക്കെയോ ചേർന്ന്‌ തന്നെ താങ്ങി കട്ടിലിൽ കിടത്തുന്നതും ശബ്ദം താഴ്‌ത്തിയുള്ള സംസാരങ്ങളും അയാൾ അറിഞ്ഞു. അപ്പോൾ തന്റെ കൂടെ വേറെ ആരൊക്കെയോ ഉണ്ട്‌. പണിപ്പെട്ട്‌ കണ്ണുതുറന്നപ്പോൾ അമ്മായിയും ഓപ്പോളും നിൽക്കുന്നത്‌ കണ്ടു. ശ്രീദേവി ഇല്ല.

“ശ്രീദേവി എവിടെ?” അയാൾ ചോദിച്ചു. അവർ പരസ്പരം നോക്കി നിന്നു.

“നീ ഉണർന്നിട്ട്‌ ചോദിക്കണമെന്ന്‌ കരുതിയതാ... ആരാ ശ്രീദേവി? നീ ഉറക്കത്തിൽ ഇടയ്‌ക്കിടെ ആ പേര്‌ പറയുന്നുണ്ടായിരുന്നു” ഓപ്പോൾ പറഞ്ഞു. അയാൾ മറുപടി പറഞ്ഞില്ല. പറഞ്ഞിട്ട്‌ കാര്യമില്ല. ശ്രീദേവി ആരാണെന്ന്‌ ചോദിക്കുന്നവരോട്‌ എന്തുപറയാനാണ്‌.

“ആ ചെറുക്കനെ പെണ്ണു കെട്ടിക്കണമെന്ന്‌ ഞാൻ അന്നേ പറഞ്ഞതാ.... ഇതിപ്പോ... ഇനി വല്ല പെണ്ണിനേം ഇവൻ കണ്ടുപിടിച്ചോ ആവോ....? അമ്മായി പറയുന്നതു കേട്ടപ്പോൾ അയാൾക്ക്‌ ചിരിവന്നു.

”അമ്മായി മിണ്ടാതിരിക്കൂ. അവന്‌ വയ്യാതിരിക്കുകയല്ലേ? സുഖമാകട്ടെ ചോദിക്കാം.. അവന്റെ ഇഷ്ടം ഇങ്ങനെയാണെങ്കിൽ ആലോചിക്കുന്നതിനെന്താ?“

”അത്‌ അവൾ എങ്ങനത്തവളാണെന്ന്‌ അറിയാതെങ്ങിനെയാ?... എനിക്കിതൊന്നും അങ്ങട്ട്‌ പിടിക്കണില്ല“ അമ്മായി പിറുപിറുത്തുകൊണ്ട്‌ പോയി.

അടുത്ത ഡോസ്‌ മരുന്ന്‌ അകത്ത്‌ ചെന്നപ്പോൾ വീണ്ടും മയക്കത്തിന്റെ കുന്നിൻ ചെരുവിലേയ്‌ക്ക്‌.

”...കുന്നിൻ മുകളിൽ ശ്രീദേവി... ആഞ്ഞടിക്കുന്ന കാറ്റിൽ തീനാളങ്ങൾ പോലെ അവളുടെ മുടി പാറിപ്പറക്കുന്നു. വിടർന്ന കണ്ണുകൾ തന്നെ നോക്കുന്നത്‌ ഇത്ര ദൂരെ നിന്നുപോലും വ്യക്തമാ​‍ി കാണാം. തെറ്റ്‌ തിരുത്തിയ സ്വപ്നമാണോയിതെന്ന്‌ അത്ഭുതപ്പെട്ടു പോയി. താൻ പടവുകൾ കയറാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. വളരെ നേരം കഴിഞ്ഞും കാത്തു മുഷിഞ്ഞവൾ താഴേയ്‌ക്കിറങ്ങാൻ പോകുന്നു.... അല്ല... അവൾ നദിപോലെ ഒഴുകുകയാണിങ്ങോട്ട്‌. അവളെന്തോ പറയുന്നുണ്ട്‌... പ്രവാഹത്തിന്റെ ആരവത്തിൽ കേൾക്കാൻ കഴിയുന്നില്ല... അടുത്തടുത്തുവരുന്ന അവളുടെ രൂപം ഈറനണിഞ്ഞതും കുളിരുന്നതുമായി തോന്നി. നിന്നിടത്തു നിന്നും അനങ്ങാനാകാത്ത തന്റെ കരം ഗ്രഹിച്ച്‌ അവൾ മാന്ത്രികത പകരുന്നു. ചലനം സാധ്യമാകുന്നു. കുന്ന്‌ കയറി മണ്ഡപത്തിന്റെ ഒതുക്കിൽ... തെറുക്കാൻ വച്ച പൂക്കൾ അക്ഷമയോടു കാത്തിരിക്കുന്നു. അവളുടെ മുടിയിലിടം പിടിക്കാൻ ധൃതിയായതുപോലെ.... അവൾ പൂക്കളെ നോക്കി മന്ദഹസിച്ച്‌ തന്നെ നയിക്കുന്നു.

ആശുപത്രി മുറിയുടെ ഫിനോയിൽ ഗന്ധത്തിലേയ്‌ക്ക്‌....

“ഓപ്പോളേ.... അയാൾ വിളിച്ചു. ഓപ്പോൾ ഓടിവന്നു.

”ഇതാ ശ്രീദേവി“ തന്റെ വലം കൈ ഉയർത്തി അയാൾ പറഞ്ഞു. ഓപ്പോൾ ഒന്നും മനസിലാകാതെ മിഴിച്ച്‌ നിൽക്കുകയായിരുന്നു.

എസ്‌.ജയേഷ്‌


E-Mail: mr.jayesh@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.