പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ശിശിരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരി നായര്‍

കുംഭക്കാറ്റിന് ഒരു പ്രത്യേക താളമുണ്ട്. നിശ്ശബ്ദമായ ഉച്ച നേരങ്ങളില്‍ ശാന്തമായ പ്രകൃതിയില്‍ എവിടെയെങ്കിലും കുറച്ചുനേരം വെറുതെ ഇരിയ്കണം. ശിശിര‍ത്തു ഊതിയുണക്കിയ ഇലക്കൂട്ടങ്ങള്‍ , വൃക്ഷാഗ്രത്തില്‍ നിന്നും താഴേക്കു പതിക്കവേ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒരു സ്വരം കേള്‍ക്കാം. വിയര്‍ക്കുന്ന ശരീരത്തില്‍ , ഇളംകാറ്റിന്റെ തലോടലേല്ക്കവേ, ചെറു തണുപ്പില്‍ സ്വയം മറന്നുപോകും. ഇടയ്ക് കിളിക്കൂട്ടങ്ങളുടെ ചിലമ്പലുണ്ടാവും. സന്ധ്യ മയങ്ങിവരവേ, പ്രകൃതിയുടെ വിയര്‍പ്പിന്‍കണം പോലെ ചെറു ചാറ്റല്‍മഴ ഇറ്റിയേക്കാം.

കുംഭപ്പകലുകള്‍ ഞാനിഷ്ടപ്പെടുന്നു. ശിശിരത്തിന്റെ മാദകമണം, ഞാനിഷ്ടപ്പെടുന്നു. ദേവദത്താ... നീ ഇതുവല്ലതും അനുഭവിച്ചിട്ടുണ്ടോ.... അകലെ... നീ അരുണിമയെ കാത്തിരിക്കുന്നുണ്ടോ..... അവളുടെ വ്യഥയുടെ ആത്മരോദനങ്ങളെന്തെങ്കിലും നീ കേള്‍ക്കുന്നുണ്ടോ... ഇല്ലന്നെനിയ്കറിയാം....

വലിച്ചടച്ച ലോഹ ഗെയിറ്റനപ്പുറം.... വിങ്ങുന്ന വേദനയോടെ നടന്നുപോയ നിന്നെ ഞാനോര്‍മ്മിക്കുന്നുണ്ട്. അപ്പോള്‍ നിന്റെ കാലുകള്‍ ഇടറിയിരുന്നു.... മനസ്സിന്റെ നൊമ്പരം... അതില്‍ നിഴലിച്ചിരുന്നു... കണ്‍വെട്ടത്തു നിന്നും അകലും വരെ, എത്ര തവണ നീ തിരിഞ്ഞുനോക്കിയില്ല...? അപ്പോഴൊക്കെ നീ കാതോര്‍ത്തിരിക്കാം... ഒരു പിന്‍വിളി.... എന്നെയും കൂടെക്കൊണ്ടു പോകൂ.. എന്നൊരു മൂര്‍ത്ത ശബ്ദം..... ദേവദത്താ... നിനക്കറിയുമോ, അരുണിമ നിന്നെ വിളിക്കാതിരുന്നതല്ല... അവളുടെ വിളി നീ കേള്‍ക്കാതിരുന്നതാണ്... ആര്‍ദ്രമായ പ്രണയത്തിന്റെ നൊമ്പരക്കൂട്ടില്‍ , ആ വിളി അമര്‍ന്നുപോയതാണ്... അരുണിമയുടേതു പോലെതന്നെ വിരഹദുഖം, നിന്നെയും പൊതിഞ്ഞിരുന്നതിനാലാണ്....

ദേവദത്താ... ഞാനിന്നും വിരഹത്തിന്റെ മുള്‍ക്കാട്ടിലാണ്.. അരുണിമയുടെ നെഞ്ചില്‍ , കൂര്‍ത്ത ചുണ്ടുകള്‍ കോര്‍ത്തുവലിയ്കുന്ന കഴുകന്മാര്‍ അനുസ്യൂതം ചിറകടിയ്കുകയാണ്... ഹൃദയത്തിന്റെ മൃദുല ഭിത്തികളില്‍ വിരഹത്തിന്റെ മുള്‍മുനകള്‍ ചുര മാന്തുകയാണ്... കാട്ടു നീതിയുടെ കറുത്ത രാക്ഷസന്മാര്‍ വാളോങ്ങി നില്ക്കുന്ന ഈ ഇരുണ്ട ഭൂവില്‍ ഇന്നും അരുണിമ ഒറ്റയ്കാണ്... നിനക്കു തറ്റുടുക്കാമായിരുന്നില്ലേ.. കുടുമ്മയും പൂണൂലും ധരിക്കാമായിരുന്നില്ലേ... കളങ്കം കൊണ്ടു മറ പിടിയ്കാന്‍ നിനക്കറിയാമായിരുന്നില്ലല്ലോ.... ദേവദത്താ....

നമുക്കു പിഴച്ചതെവിടെയാണ്..... വെറുതെ എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുതേ.... ഇവിടുത്തെ കരാള ഹൃദയങ്ങള്‍ക്കുമുമ്പില്‍ , നീ തലതല്ലി മരിച്ചിരുന്നെങ്കില്‍ ... ഞാനും നിന്നോടൊപ്പം മരിക്കുമായിരുന്നല്ലോ... പണ്ടും ചോര പുരണ്ട ഇവരുടെ ഖഡ്ഗങ്ങള്‍ നീ ഭയന്നുപോയി... അല്ല.... ദേവദത്താ... അരുണിമയും ദേവദത്തനും ഭയന്നുപോയി.....

ഇപ്പോഴും കുംഭക്കാറ്റിന്റെ മാസ്മരസംഗീതം കേള്‍ക്കുന്നുണ്ട്.... ഒരു മാസ്മരികതയ്ക്കും രക്ഷപ്പെടുത്താനാവാതെ.... എന്റെ ഹൃദന്തം കണക്കുതെറ്റി സ്പന്ദിച്ചുകൊണ്ടിരിക്കുകയാണ്... ശിശിരത്തില്‍ പതിയ്ക്കുന്ന ഇലകള്‍ പോലെ, എന്‍റെ പ്രാണന്‍റെ പത്രങ്ങള്‍ , താളത്തില്‍ നിലംപൊത്താനൊരുങ്ങി നില്കുകയാണ്....

വിരഹ ദുഖത്തിന്റെ നീര്‍ച്ചുഴിയില്‍ ഊളിയിട്ടുകൊണ്ടിരിക്കുന്ന ഈ അരുണിമ, ഇന്നു പറയുകയാണ്...

ദേവദത്താ..... ഞാനും നീയും ചെയ്തതൊക്കെയും ശരി.... എന്നെ നിന്നില്‍നിന്നും അകറ്റിയ എന്റെ ബന്ധുക്കള്‍ ചെയ്തതു മുഴുവന്‍ ശരി.... പലനാളുകള്‍ സാന്ത്വനത്തോടെ എന്നെ നോക്കിയ അയല്‍വാസികള്‍ ചെയ്തതത്രയും ശരി.....

അല്ലെങ്കില്‍ , ദേവദത്താ.... അരുണിമയുടെ വിരഹദുഖത്തേക്കാള്‍ , അവളുടെ വിയോഗ ദുഖം, എത്രകാലം നീ അനിഭവിക്കേണ്ടി വരുമായിരുന്നു.....

ഹരി നായര്‍


E-Mail: kumarharinair@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.