പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

എന്നാലും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

കരയുന്ന ഗേറ്റ്‌ തുറന്ന്‌ കോമ്പൗണ്ടിനകത്തുകടന്നപ്പോൾത്തന്നെ ചാന്ദ്‌നിക്കു മനസ്സിലായി - സഹവാസികൾ ആരും എത്തിയിട്ടില്ല.

പൂമുഖത്തെ ആട്ടുകട്ടിലിൽ ഒരു നിമിഷം കണ്ണടച്ച്‌ അവൾ ഇരുന്നു. നിറയെ യാത്രക്കാരുള്ള ബസ്സിൽ യാത്രചെയ്‌തതുകൊണ്ടാവണം ശരീരം മുഴുവൻ വേദന.

രഹസ്യപ്പഴുതിൽനിന്ന്‌ താക്കോലെടുത്ത്‌ മുറി തുറന്നു.

കുളിമുറിയിലെ ജലധാരാസംവിധാനത്തിലൂടെ താഴോട്ടു പതിക്കുന്ന കുളിരിൽ ഏറെനേരം അവൾ നിന്നു.

“ചാന്ദ്‌നീ.... നിനക്കൊരു ഗസ്‌റ്റുണ്ട്‌.”

സഹവാസിയായ റോസിലിന്റെ സ്വരം അവൾ തിരിച്ചറിഞ്ഞു.

ആരാണാവോ ഈ ഗസ്‌റ്റ്‌? സർക്കാരാഫീസിൽ ജോലി കിട്ടി സഹപ്രവർത്തകരോടൊപ്പം ഇവിടെ സഹവാസം തുടങ്ങിയിട്ട്‌ ഒരു മാസമായി. ഇതിനിടയിൽ ആരും തന്നെ കാണാൻ എത്തിയിട്ടില്ല. ഈ നാട്ടിൽ അടുപ്പമുള്ള പരിചയക്കാരും ഇല്ല.

കുളികഴിഞ്ഞ്‌ നൈറ്റി ധരിച്ച്‌ പൂമുഖത്തെത്തിയപ്പോൾ ആളെകണ്ട്‌ അത്ഭുതപ്പെട്ടു - നന്ദുവേട്ടൻ!

“ഞാൻ കുളിക്കേയ്‌രുന്നു നന്ദുവേട്ടാ. എന്താ, ഒരു മുന്നറിയിപ്പും ഇല്ലാതെ....?”

“കാര്യമുണ്ട്‌. നമുക്ക്‌ അത്യാവശ്യമായി വീടുവരെ പോകണം.”

“ഇപ്പൊഴോ? നാളെ കാലത്തുപോകാം നന്ദുവേട്ടാ.....”

നന്ദുവേട്ടന്റ മുഖം കനയ്‌ക്കുന്നതും ഒരു കറുത്ത പാട മുഖത്തേക്ക്‌ പടർന്നുകയറുന്നതും അവൾ കണ്ടു.

ഇതിനിടയിൽ സഹവാസികളായ സീനയും ബിന്ദുവും എത്തിക്കഴിഞ്ഞിരുന്നു. ചാന്ദിനിയുടെ ഭർത്താവിനെ കാണാനും വിശേഷങ്ങൾ തിരക്കാനും അവർ വട്ടംകൂടി. പക്ഷേ, മുഖം കനപ്പിച്ച നന്ദുവിനെ അഭിമുഖീകരിക്കാൻ കഴിയാതെ അവർ പിന്നോക്കം മാറി.

“നീ പോ മോളേ. ഹസ്‌ബന്റല്ലേ വിളിക്കുന്നത്‌. എന്തെങ്കിലും അത്യാവശ്യം കാണും.”

റോസിലിന്റെ പ്രേരണ ചാന്ദ്‌നിക്ക്‌ ദഹിച്ചില്ല. ഈ സന്ധ്യയ്‌ക്കു തന്നെ പുറപ്പെടാൻ എന്താണിത്ര അത്യാവശ്യം? കല്യാണം കഴിഞ്ഞപ്പോൾ മുതൽ ചാന്ദിനിക്ക്‌ ബോധ്യം വന്നിട്ടുള്ളതാണ്‌ നന്ദുവേട്ടന്റെ പ്രകൃതം. എന്തിനും ഏതിനും താൻ അടുത്തുവേണം. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതുകൊണ്ട്‌ മാതൃലാളനം അനുഭവിച്ചിട്ടില്ല. ഓർക്കാപ്പുറത്ത്‌ പലപ്പോഴും തന്നെ “അമ്മേ...” എന്ന്‌ വിളിച്ചിട്ടുമുണ്ട്‌.

അപ്പോൾ ചാന്ദിനി ചോദിക്കും.

“എന്താ മോനു വേണ്ടത്‌? ഇങ്കുവേണോ.... പാപ്പംവേണോ?”

ആ സമയം നന്ദുവേട്ടനും ഒരു കുഞ്ഞായി ചമയും.

“നിച്ച്‌ ഉമ്മ മതി.”

ആരും അടുത്തില്ലെങ്കിൽ ആ കവിളത്ത്‌ ഒരു ഉമ്മകൊടുക്കും. അപ്പോൾ ആ മുഖത്ത്‌ തെളിയുന്നത്‌ നിർവൃതിയോ, ആസക്തിയോ?

“എന്താ നീ ആലോചിക്കണത്‌? ഞാൻ വിളിച്ചാൽ നീ വരില്ലേ?”

“വരും..... തീർച്ചയായും വരും.”

“എങ്കിൽ വാ.......”

അതും പറഞ്ഞ്‌ നന്ദു മുറ്റത്തേക്കിറങ്ങി. ഗേറ്റിനു മുമ്പിൽ ചെന്നുനിന്ന്‌ ചുറ്റുപാടുകൾ നോക്കിക്കൊണ്ടിരുന്നു.

ചാന്ദ്‌നി വേഗം ഒരുങ്ങി പുറത്തുവന്നു.

“എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ അറിയിക്കണം.”

റോസ്‌ലിൻ പറഞ്ഞു.

“ശരി.....”

ഏതെങ്കിലും വാഹനം കിട്ടുമെന്ന പ്രതീക്ഷയിൽ അല്‌പനേരം വഴിയിൽ കാത്തുനിന്നു. പിന്നെ, നടന്നു - രണ്ടുകിലോമീറ്റർ ദൂരം.

ടൗണിന്‌ അതിരിട്ട മലകൾ കരിമ്പടം പുതച്ചുകിടന്നു. വഴി വിളക്കുകൾ ഓജസ്സില്ലാതെ കത്തിനില്‌ക്കുന്നു.

“വാ, നമുക്ക്‌ ബസ്സ്‌ നോക്കാം.”

നന്ദു ധൃതികൂട്ടി.

ബസ്‌സ്‌റ്റാന്റ്‌ ശൂന്യം! അവസാനത്തെ ബസ്സും പൊയ്‌ക്കഴിഞ്ഞിരിക്കുന്നു.

“എല്ലാം നീ കാരണമാണ്‌.”

“ഞാനെന്തു ചെയ്‌തു?”

“നീ തർക്കിച്ചു നിന്നതു കാരണമാണ്‌ ബസ്‌ കിട്ടാഞ്ഞത്‌.”

ചാന്ദ്‌നി ഒന്നും മിണ്ടിയില്ല. എന്തെങ്കിലും തിരിച്ചുപറഞ്ഞാൽ കലിയിളകും. ആരുടെയും വാക്കുകൾ കേൾക്കില്ല. സ്വന്തം ആജ്ഞക്കൊത്ത്‌ എല്ലാവരും തുള്ളണം. നന്ദുവേട്ടൻ മരുന്നു കഴിക്കാൻ തുടങ്ങിയതുമുതൽ പ്രകോപിപ്പിക്കാതെ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു.

തങ്ങൾക്കുപോകാനുള്ള വഴിയേ ഒരു ജീപ്പുവന്നുനിന്നു. ജീപ്പിൽ ഇരുപത്തഞ്ചുപേരെങ്കിലും ഉണ്ടാകും. രണ്ടുപേർ അവിടെയിറങ്ങി.

“കണ്ടാട്ടേക്കു പോകുമോ?”

നന്ദുവേട്ടൻ ചോദിച്ചു.

“അയ്യോ, ഇല്ലല്ലോ. അങ്ങോട്ട്‌ ഇവിടന്ന്‌ 60 കിലോമീറ്റർ ഉണ്ട്‌.”

അതുകേട്ടപ്പോൾ ചാന്ദ്‌നി ശരിക്കും ഞെട്ടി. ദൈവമേ! ഇവിടെനിന്ന്‌ 60 കി.മീ. ഈ രാത്രിയിൽ സഞ്ചരിക്കാനോ?

“നന്ദുവേട്ടാ നമുക്ക്‌ തിരിച്ചുപോകാം. എന്നിട്ട്‌ നാളെ പുലർച്ചെ പോകാം.”

“ങ്‌ഊം.... മിണ്ടാതിരി, മണ്ടത്തരം പറയാതെ. ഒരുപാട്‌ ലോകം കണ്ടിട്ടുള്ളവനാ ഈ നന്ദു.”

ചാന്ദ്‌നി ശിരസ്സുതാഴ്‌ത്തി.

“ഏയ്‌ ഡ്രൈവർ. നിങ്ങൾക്ക്‌ ഞങ്ങളെ കണ്ടാട്ടുവരെ കൊണ്ടു ചെന്ന്‌ ആക്കാൻ കഴിയുമോ? എത്ര രൂപവേണമെങ്കിലും തരാം.”

“അയ്യോ, അതുപറ്റില്ലല്ലോ സാറേ. ആനയിറക്കമുള്ള സ്‌ഥലമാ. ജീവൻ പണയം വച്ചുള്ള കളിയ്‌ക്ക്‌ ഞാനില്ല.”

“പേടിത്തൊണ്ടൻ.... പൊയ്‌ക്കോ, എന്റെ മുമ്പീന്ന്‌.”

-നന്ദുവിന്‌ കലിയിളകി.

ദൈവമേ, രക്ഷിക്കണേ! നന്ദുവേട്ടനെ നിയന്ത്രിക്കണേ....

ചാന്ദ്‌നി നൊമ്പരത്തോടെ പ്രാർത്ഥിച്ചു.

ജീപ്പ്‌ സ്‌റ്റാർട്ടുചെയ്‌തു മുമ്പോട്ടെടുത്തു.

“ഏയ്‌... നിറുത്ത്‌.”

നന്ദു ജീപ്പിൽനിന്ന്‌ പിടിവിടാതെ മുന്നോട്ടേക്കു തെന്നി.

ജീപ്പ്‌ നിറുത്തി.

ഇതുവരെ കാണാത്ത നന്ദുവേട്ടൻ.... ഇതുവരെ കേൾക്കാത്ത വാക്കുകൾ.... ചാന്ദ്‌നിയുടെ ഉള്ളിൽ ചോര തീഗോളങ്ങളായി സംക്രമിച്ചു.

“പിന്നെ നിങ്ങൾ എവിടംവരെ വരും?”

“പൊന്നുസാറേ.... ഞാനില്ല. ഇവിടന്നു 20 കി. മി. അപ്പുറം ചെകുത്താൻകുന്ന്‌ എന്നൊരു സ്‌ഥലമുണ്ട്‌. ഈ വണ്ടി അവിടം വരെയേ പോകൂ.”

“മതി.”

നന്ദു വണ്ടിയിൽ പിടിച്ച്‌ ആജ്ഞാ സ്വരത്തിൽ ആളുകളോടു പറഞ്ഞുഃ “നീങ്ങിയിരിയ്‌ക്ക്‌........”

എല്ലാവരും അനുസരിച്ചു.

ഗ്രാമീണരും കാട്ടുവാസികളുമായ യാത്രക്കാർ. ഗ്രാമീണതയുടെ നിഷ്‌കളങ്കത പേറുന്നവരെങ്കിലും ലൈംഗീകതയുടെ തീഷ്‌ണഭാവം അവരിൽ ഒളിഞ്ഞുകിടക്കുന്നത്‌ അല്‌പസമയംകൊണ്ട്‌ ചാന്ദിനി അറിഞ്ഞു. ജീപ്പ്‌ അല്‌പം ഓടിക്കഴിഞ്ഞപ്പോൾ നന്ദു ഒച്ചവച്ചു.

“ഏയ്‌, നിറുത്ത്‌..... നിറുത്ത്‌.....”

ജീപ്പ്‌ നിന്നു.

“എന്താ? എന്തുപറ്റി?”

“അതേ.... ഈ ചേട്ടൻ ശരിയല്ല. ഇയാൾ എന്റെ ഭാര്യയെ തോണ്ടണ്‌. ഇയാൾ മാറിയിരിക്കണം.

80 കഴിഞ്ഞ വൃദ്ധനെ നന്ദു തല്ലാൻ കൈയോങ്ങി. വൃദ്ധനെ മാറ്റിയിരുത്തി പിന്നെയും യാത്ര തുടങ്ങി.

”എടാ, പന്നീ.... നീയും എന്റെ ഭാര്യയെ തോണ്ടിയല്ലേ?“

വൃദ്ധന്റെ സ്‌ഥാനത്തു വന്നിരുന്ന ചെറുപ്പക്കാരന്റെ കരണത്തുനോക്കി നന്ദു ഒരടികൊടുത്തു.

കാട്ടിലെ തേനും കാട്ടിറച്ചിയും കഴിച്ച്‌ നല്ല മെയ്‌ക്കരുത്തുനേടിയ ചെറുപ്പക്കാരൻ, നന്ദുവിനെ തലങ്ങും വിലങ്ങും തല്ലി. ചാന്ദിനിക്കും നല്ല അടികിട്ടി.

”ചേട്ടാ, നമുക്ക്‌ ഇവിടെയിറങ്ങാം.“

-ചാന്ദിനി നന്ദുവിനോട്‌ അപേക്ഷിച്ചു.

നന്ദു കുലുങ്ങിയില്ല. അയാൾ ജീപ്പിന്റെ മുൻസീറ്റിലെ പുറകുവശത്തുള്ള സ്‌പോഞ്ച്‌ വലിച്ചുകീറിക്കൊണ്ടിരുന്നു.

വണ്ടി മുന്നോട്ടു നീങ്ങി.

ഏറെനേരം നന്ദു മൗനിയായിരുന്നു. ആ കണ്ണുകളിലൂടെ കണ്ണിനീർ ഒഴുകുന്നത്‌ ചാന്ദ്‌നി ശ്രദ്ധിച്ചു. അവൾ അയാളുടെ പുറത്തു തട്ടി സമാശ്വസിപ്പിച്ചു.

കാട്ടുമൃഗങ്ങളുടെ മുരൾച്ച തൊട്ടടുത്തുകേൾക്കാം. ജീപ്പിന്റെ മുമ്പോട്ടു നീണ്ട വെളിച്ചത്തിന്റെ ബിമിനു മുമ്പിൽ ഒരു ഒറ്റയാൻ! അത്‌ ചിന്നം വിളിച്ചുകൊണ്ട്‌ ജീപ്പിനു മുമ്പിലേക്ക്‌!

ജീപ്പ്‌ പെട്ടെന്നു നിറുത്തി. വെളിച്ചം അണച്ച്‌ അല്‌പനേരം കാത്തിരുന്നു. പക്ഷേ, ഒറ്റയാൻ പിൻവാങ്ങിയില്ല. അത്‌ മുമ്പിൽത്തന്നെ നില്‌ക്കുകയാണ്‌.

എല്ലാവരുടെയും ധൈര്യം ഒരു നിമിഷം കൊണ്ടുചോർന്നു പോയി.

ജീപ്പിന്റെ ഇരുവശത്തുമുള്ള മലയടിവാരങ്ങളിൽ ഇരുട്ടിന്റെ കട്ടി പേടിപ്പെടുത്തുന്നതായിരുന്നു.

ആനഒറ്റയടിവച്ച്‌ മുമ്പോട്ടുവന്നു. തുമ്പിക്കൈ നീട്ടിയാൽ തൊടാവുന്ന അകലം. പെട്ടെന്ന്‌ ഡ്രൈവർ ജീപ്പ്‌ ഇരപ്പിച്ചുകൊണ്ട്‌ പുറകോട്ടെടുത്തു. അതോടെ ആന മുമ്പോട്ടു കുതിച്ചു. ഡ്രൈവർക്ക്‌ ജീപ്പ്‌ വളച്ചെടുക്കാൻ കഴിയുന്നതിനുമുമ്പ്‌ അത്‌ ജീപ്പിനിട്ട്‌ ഒരു തട്ടുകൊടുത്തു.

ജീപ്പ്‌ വട്ടം കറങ്ങി, മുമ്പോട്ടു നീങ്ങി. റോഡിന്റെ അരികിൽ ചെന്നു നിന്ന്‌ താഴോട്ടു നിരങ്ങി ജീപ്പ്‌ ഒരുവട്ടം മറിഞ്ഞു. മലയോട്‌ ചേർന്നുനിന്ന ഒരു മരത്തിൽ ജീപ്പ്‌ തടഞ്ഞുനിന്നു.

താഴ്‌വാരത്തിലേക്ക്‌ വീണു പോകാതെ, ഒരു മരക്കൊമ്പ്‌ ചാന്ദ്‌നിയെ രക്ഷിച്ചു. അവൾ മരച്ചില്ലകളിൽ പിടിച്ച്‌ മുകൾത്തട്ടിലേക്ക്‌ വലിഞ്ഞുകയറി.

”നന്ദുവേട്ടാ.... നന്ദുവേട്ടാ....“

ചാന്ദ്‌നി ഭീതിയോടെ വിളിച്ചുകൂവി. അവിടെയെല്ലാം ഓടി നടന്നുനോക്കി.

തലപൊട്ടി ചോരയൊലിച്ചുകിടന്നിരുന്ന നന്ദുവിനെ അവൾ കണ്ടു. സാരിയുടെ ഒരു തല ചീന്തിയെടുത്ത്‌ അവൾ നന്ദുവിന്റെ തലയിൽകെട്ടി.

”നന്ദുവേട്ടാ... നന്ദുവേട്ടാ.....“

ചാന്ദിനി അയാളെ കുലുക്കിവിളിച്ചു, അനക്കമില്ല. നാസാദ്വാരങ്ങളിൽ കൈപ്പത്തിവച്ചപ്പോൾ ശ്വാസോച്ഛാസം അനുഭവപ്പെട്ടു. ”ദൈവമേ! എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിൽ എത്തിക്കാൻ വഴി കാണിച്ചുതരണേ!“

ചാന്ദിനിയുടെ പ്രാർത്ഥന ദൈവം കേട്ടു എന്ന്‌ തോന്നുന്നു. ലൈറ്റ്‌ ഡിം ചെയ്‌തുകൊണ്ട്‌ ഒരു ഓമ്‌നി വാൻ അവൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ചാന്ദ്‌നി റോഡിനു മധ്യത്തിൽ കയറിനിന്നു കൈവീശി അലറിക്കരഞ്ഞു.

വണ്ടി നിന്നു.

വെളിച്ചമില്ലാത്തതുമൂലം വണ്ടിയ്‌ക്കകത്തെ ആരെയും കാണാൻ കഴിഞ്ഞില്ല. എങ്കിലും, നിറയെ ആളുകളുണ്ടെന്ന്‌ ചാന്ദിനി മനസ്സിലാക്കി.

ഒരാൾമാത്രം വണ്ടിയിൽനിന്നു പുറത്തിറങ്ങി.

”ഉം, എന്താ.....?“

ചീർത്ത മനുഷ്യൻ സ്‌ത്രൈണസ്വരത്തിൽ ചോദിച്ചു.

”ആക്‌സിഡന്റാണ്‌. സഹായിക്കണം.“

”കയറ്റ്‌....“

അയാളും കൂടി സഹായിച്ചു.

”ഇവിടെ ആക്‌സിഡന്റിൽപ്പെട്ട വേറെയും ആളുകളുണ്ട്‌.“

”അതിനൊന്നും നേരമില്ല. വണ്ടിവിട്‌.“

വണ്ടി ചീറിപ്പാഞ്ഞു മുമ്പോട്ടുപോയി.

ആരും ഒന്നും മിണ്ടുന്നില്ല. ആദ്യം സഞ്ചരിച്ച വണ്ടിയിലുണ്ടായ ദുരനുഭവം ചാന്ദിനിക്കുണ്ടായില്ല. അവൾ ആത്മവിശ്വാസവും ധൈര്യവും അവലംബിച്ച്‌ പ്രാർത്ഥനയോടെ ഇരുന്നു.

വലത്തേയറ്റത്ത്‌ ഇരുന്നിരുന്ന ഒരാൾ സിഗററ്റിനു തീകൊളുത്തി. ലെറ്ററിന്റെ പ്രകാശത്തിൽ രണ്ടുമൂന്നു പേരുടെ മുഖം ചാന്ദ്‌നി കണ്ടു. എല്ലാ മുഖങ്ങളിലും അനിർവ്വചനീയമായ ഒരു ഭാവം ഘനീഭവിച്ചു കിടന്നിരുന്നു. അവരുടെ വസ്‌ത്രങ്ങളിൽ ചോരക്കറ‘ ഇവരും ആക്‌സിഡന്റിൽ പെട്ടവരാണോ? അല്ലെങ്കിൽ ഗുണ്ടകളോ?

നന്ദുവേട്ടൻ ഞരങ്ങിക്കൊണ്ട്‌ കണ്ണുതുറന്നു.

പരിസരം മനസ്സിലാക്കി നന്ദു പെട്ടെന്ന്‌ ചാടിയെണീറ്റു.

”ഇവർ ആരാണ്‌? നമ്മളെങ്ങോട്ടാണു പോകുന്നത്‌?“

ചാന്ദ്‌നി പറഞ്ഞുഃ

”നന്ദുവേട്ടാ... അനങ്ങാതെ കിടക്ക്‌. നമ്മൾ ആക്‌സിഡന്റിൽ പെട്ടു. ഇവരാണ്‌ രക്ഷപ്പെടുത്തിയത്‌. ഇപ്പോൾ ആസ്‌പത്രിയിലേക്ക്‌ പോവുകയാണ്‌.“

”വേണ്ട.... എനിക്ക്‌ ആസ്‌പത്രിയിൽ പോകേണ്ട.... ഞാൻ ആസ്‌പത്രിയിലേക്കില്ല.....“

-നന്ദു ഒച്ചവെച്ചു.

”മര്യാദയ്‌ക്ക്‌ അടങ്ങിയൊതുങ്ങിയിരുന്നോ. ഇല്ലെങ്കിൽ രണ്ടിനേം ഇവിടെ ഇറക്കിവിടും.“

-ചീർത്ത മനുഷ്യന്റെ സൈത്രണസ്വരത്തിന്‌ ഭീഷണിയുടെ ധ്വനി.

”ഈ റൂട്ടിൽ ഒരു ക്ലിനിക്കുണ്ട്‌. ഡോക്‌ടർ ആ ക്ലിനിക്കിൽത്തന്നെയാണു താമസം.“

ചാന്ദ്‌നിക്ക്‌ ആശ്വാസമായി.

ഭാഗ്യം! ഡോക്‌ടർ ക്ലിനിക്കിൽതന്നെയുണ്ടായിരുന്നു. കാളിംഗ്‌ ബെല്ലടിച്ചപ്പോൾത്തന്നെ ഡോക്‌ടർ മുൻവശത്തെ ലൈറ്റിട്ടു. വാതിൽ തുറന്നു.

വണ്ടിയിൽ ഉണ്ടായിരുന്നവർ ആരുംതന്നെ പുറത്തിറങ്ങിയില്ല. ഡോക്‌ടറോടൊപ്പം രോഗിയും ഭാര്യയും മുറിയ്‌ക്കകത്തേക്കു കയറുന്നതു കണ്ട്‌ അവർ വേഗം വണ്ടിവിട്ടു.

ഡോക്‌ടറുടെ പരിശോധനയിൽ പരിക്കുകൾ സാരമുള്ളതായി തോന്നിയില്ല. എങ്കിലും നേരം വെളുത്തേ പോകാവൂ. അതുവരെ നിരീക്ഷണത്തിലിരിക്കും.

ഡോക്‌ടർ തന്നെ കുത്തിവയ്‌പുനടത്തി. നന്ദുവിന്റെ ബഹളവും ചാട്ടവുമെല്ലാം ക്രമേണ ശാന്തതയിൽ ലയിച്ചു.

ചാന്ദ്‌നി, നന്ദുവിന്റെ കട്ടിലിനരികിൽതന്നെയിരുന്നു. ഓഫീസിൽനിന്നു പോന്നിട്ട്‌ ഇതുവരെ പച്ചവെള്ളംപോലും കഴിച്ചിട്ടില്ല. നന്ദുവേട്ടനും അങ്ങിനെതന്നെ. വിശപ്പ്‌ ഒട്ടും സഹിയ്‌ക്കാത്തയാളാണ്‌ നന്ദുവേട്ടൻ.

വെളുപ്പിന്‌ 5 മണിയായിക്കാണും. ചാന്ദ്‌നിയുടെ കണ്ണുകൾമെല്ലെ അടയാൻ തുടങ്ങി. അപ്പോഴാണ്‌ ആസ്‌പത്രിയുടെ മുമ്പിൽ ഒരു ബസ്സിന്റെ ഹോണടി.

നന്ദുചാടിയെണീറ്റു.

”നമുക്ക്‌ ഈ ബസ്സിൽത്തന്നെ പോകാം.“

ചാന്ദ്‌നി വിലക്കിയെങ്കിലും നന്ദു ധൃതിപിടിച്ച്‌ എണീറ്റു. അയാൾ കൈകളിൽ ഒട്ടിച്ചിരുന്ന ട്യൂബുകളും സൂചിയും മറ്റും വലിച്ചു പറിച്ചു കളഞ്ഞ്‌ വെളിയിലേക്കോടി.

വീടിനടുത്തുകൂടി തമിഴ്‌ നാട്ടിലേക്കു പോകുന്ന വണ്ടിയായിരുന്നു അത്‌. ഒരു യാത്രക്കാരന്‌ പെട്ടെന്ന്‌ നെഞ്ചുവേദന അനുഭവപ്പെട്ടതുകൊണ്ടാണ്‌ ഡ്രൈവർ അവിടെ ബസ്സ്‌ നിറുത്തിയത്‌.

ബസ്സിലിരിക്കുമ്പോൾ ചാന്ദ്‌നി ചിന്തിച്ചു - എന്ത്‌ അത്യാവശ്യകാര്യത്തിനാണാവോ നന്ദുവേട്ടൻ ധൃതിപിടിച്ച്‌ തന്നെ വീട്ടിലേക്കു കൊണ്ടു പോകുന്നത്‌.

പെട്ടെന്ന്‌ ചാന്ദ്‌നിയുടെ ഉളളിൽ ഒരു കൊളളിയാൻ മിന്നി. ദൈവമേ! ആർക്കെങ്കിലും സുഖമില്ലാതിരിക്കുമോ? അതോ, ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ?

ചാന്ദ്‌നിയുടെ ഭാവം പെട്ടെന്നു മാറി.

”ചേട്ടാ, സത്യം പറയ്‌.... വീട്ടിൽ എന്താ വിശേഷം? ആർക്കാ സുഖമില്ലാത്തത്‌? അല്ലെങ്കിൽ ആരെങ്കിലും മരിച്ചോ? എന്നോടു നുണപറയരുത്‌.“

ചാന്ദ്‌നിയുടെ ഒച്ച കൂടുതൽ ഉച്ചത്തിലായിരുന്നു. ബസ്സിലിരുന്നവർ എഴുന്നേറ്റ്‌ അവരെ നോക്കി.

”ഇല്ല. ഒന്നുമില്ല മോളേ.... ഞാൻ ചുമ്മാ....“

നന്ദു സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ, ചാന്ദ്‌നിക്ക്‌ കരച്ചിലടക്കാൻ കഴിഞ്ഞില്ല. ഈ നേരം വരെ ആലോചിക്കാതിരുന്ന കാര്യമാണ്‌ ഇപ്പോൾ മനസ്സിന്റെ പഞ്ഞിക്കെട്ടിൽ തീപ്പൊരിയായി വീണത്‌.

അച്ഛൻ..... അമ്മ.... അച്ഛമ്മ..... അമ്മായി.... കൊച്ചേട്ടൻ..... കിങ്ങിണി.... കുഞ്ഞമ്പു.... വീട്ടിലെ ഓരോ അംഗത്തിന്റെയും ശവശരീരം അവൾക്കു ചുറ്റും ചിതറി കിടക്കുന്നതായിതോന്നി. മരണം.... അല്ലെങ്കിൽ രോഗം......

വീടിനു മുമ്പിൽത്തന്നെ ബസ്‌ നിറുത്തി. വീട്ടിൽ ആരും എണീറ്റിട്ടില്ല. അവൾ കാളിംഗ്‌ ബെല്ലിൽ വിരലമർത്തി. അച്ഛനാണ്‌ വാതിൽ തുറന്നത്‌. അവൾ നിലവിളിച്ചുകൊണ്ട്‌ വീടിനകത്തേക്ക്‌ ഓടി.

നിമിഷം കൊണ്ട്‌ വീടുണർത്തുന്നു. കാര്യമറിയാതെ എല്ലാവരും പരിഭ്രമിച്ചു. അപ്പോൾ, വീടിന്റെ അകത്തുകയറിയ നന്ദു ഒരു ടെക്‌സ്‌റ്റയിൽ കവറുമായി ചാന്ദ്‌നിയുടെ മുമ്പിലെത്തി.

”എടീ. മണ്ടീ.... ഇന്നത്തെ ഡേറ്റ്‌ നിനക്ക്‌ ഓർമ്മയുണ്ടോ? ആഗസ്‌റ്റ്‌ 21. ഇന്ന്‌ നമ്മുടെ കല്യാണവാർഷികമാണ്‌. അതിന്‌ നിനക്കൊരു സമ്മാനം തരാനാ ഞാൻ നിന്നെ കൊണ്ടുവന്നത്‌. ഒരു സർപ്രൈസ്‌ ആയിക്കോട്ടെ എന്നു കരുതിയല്ലേ ഞാൻ ഒന്നും പറയാതിരുന്നത്‌.“

നന്ദു മനോഹരമായ ഒരു പട്ടുസാരി ചാന്ദിനിയുടെ മുമ്പിലേക്കു നീട്ടി. എല്ലാവരുടെയും പൊട്ടിച്ചിരിക്കു മുമ്പിൽ ചാന്ദ്‌നിയും ചിരിച്ചു പോയി.

പുരുഷൻ ചെറായി

സൗരയൂഥം, ചെറായി - 683 514


Phone: 9349590642




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.