പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വപ്നം....!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ് സതീശന്‍ നായര്‍

അത് സ്വപ്നമാണെന്ന് ആയമ്മക്ക് വിശ്വസിക്കാനായില്ല. കിടന്നകിടപ്പില്‍ അവര്‍ എതിരെയുള്ള ഭിത്തിയിലേക്ക് നോക്കി...

സ്വപ്നത്തില്‍ വന്നു വിളിച്ചുണര്‍ത്തി, എന്നിട്ട് നേരെ ‘സുബേദാര്‍ മേജര്‍ കൃഷ്ണന്‍കുട്ടിപ്പിള്ള' എന്നു പേര് എഴുതിയ, ഫ്രെയിമിനുള്ളില്‍ കയറി അങ്ങ് ഇരിക്കുകയാണ് അല്ലേ ...!! ചുവരിലെ ഫോട്ടോയോട്‌ അങ്ങനെ ചോദിക്കുവാനാണ് തോന്നിയത് .

സ്വപ്ന ബാക്കിക്കായി ഒന്ന് പരതി നോക്കിയാലോ, അവര്‍ വീണ്ടും കണ്ണുകള്‍ അടച്ചു ... സ്വപ്നം വന്ന വഴിയേ സഞ്ചരിച്ചു ...

അവര്‍ ഗേറ്റില്‍ നിന്നു കാണുകയാണ് . വെള്ളികെട്ടിയ ചൂരല്‍ വടിയും കറക്കിക്കറക്കി അടുത്തേക്ക് നടന്നു വരുന്നു . കീഴ്ച്ചുണ്ടും മറഞ്ഞു കിടന്ന മേല്‍മീശ. അത് മാറുന്നത് ചിരിച്ചു തുടങ്ങുമ്പോഴാണ് . പല്ലിന്റെ വിടവിലൂടെ ചുവന്ന നാക്ക് കാണാം. രക്തം കനച്ച ഗന്ധം. ചെവിക്കു താഴെ വട്ടത്തില്‍ മാംസം ഉണങ്ങിയ ചുവന്ന ഒരു ദ്വാരം..

അമ്പരന്ന അമ്മ ചോദിച്ചു ..

''ഹെന്തായിത്''...!!

“ കാര്‍ഗിലെ വെടിവെപ്പിലെ അടയാളം. വെടിയുണ്ട പാഞ്ഞു പോയ തുള” അല്പം നിറുത്തി , “നീ ഭയന്നു പോയി, അല്ലിയോ ...” നാക്ക് വളഞ്ഞു വരുന്നില്ല ... ശബ്ദം ചിതറിപ്പോകുന്നു ............! വീണ്ടും കര്‍ട്ടന്‍ ഉയര്‍ന്നു മേല്‍മീശ മാറി , ചിരിക്കുകയാണ്.

“ നിന്നെ കൊണ്ടുപോകാനാ ഞാന്‍ വന്നത് ..., തയ്യാറായിക്കോ...''

തന്നെ പിന്നിട്ടു അകത്തേക്ക് അയാള്‍ നടന്നു കയറി . അപ്പോള്‍ പുറകില്‍ നിന്നും അവര്‍ ഒരു കാഴ്ച കണ്ടു , അദ്ദേഹത്തിന്റെ കാലുകള്‍ നിലത്തു തൊടുന്നുണ്ടായിരുന്നില്ല.... ആ ഞെട്ടലോടെ അവര്‍ സ്വപ്നത്തെ വിട്ടു കണ്ണുകള്‍ തുറന്നു ....

ഭിത്തിയിലെ ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ വിളിച്ചു ചോദിച്ചു ..

''കൃഷ്ണയണ്ണാ... ഒള്ളതാണോ'' ....!!

അവര്‍ എഴുന്നേറ്റു ... വിയര്‍ക്കുന്നു .. മനം നിറയെ അണ്ണന്‍ . വെണ്‍‍ മേഘത്തിലുടെ നടക്കും പോലെ ... പേടിപ്പെടുത്തുന്ന മരിച്ച ശബ്ദങ്ങള്‍ .

നേരം വെളുക്കാന്‍ ഇനിയും രണ്ടു മണിക്കൂര്‍ ... അവര്‍ മകളെ ഫോണില്‍ വിളിച്ചു ...

“ മകളെ, നിങ്ങളുടെ അച്ഛന്‍ വന്നു , എന്നെ വിളിക്കുന്നു ..... കൂടെ പോകട്ടോ....''

മകളും ഭര്‍ത്താവും ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നു .. കുഞ്ഞിനെ ഉണര്‍ത്താതെ തന്നെ അതേ കിടപ്പില്‍ അതേ ഫ്ലാറ്റിലെ കുട്ടികളെ നോക്കുന്നവരെ ഏല്‍പ്പിക്കണം ..

“ പിന്നെ വിളിക്കാം എന്ന് അമ്മയോട് പറയ്‌ ... ഇവിടുത്തെ കാര്യം ആര്‍ക്കും അറിയണ്ട ... വന്നു നില്‍ക്കുകയല്ലേ , കൊണ്ടുപോകാന്‍...”

മരുമകന്‍ ചന്തു ... എപ്പോഴും പരിഹാസം .. എന്തു ചെയ്യാന്‍.

അവര്‍ വേറൊരു ഗള്‍ഫിലെ മകനെ വിളിച്ചു..

“ സുധാകരാ... നിങ്ങടെ അച്ഛന്‍ വന്നു വിളിക്കുന്നു , കൂടെ പോട്ടെ ..”

“ എന്താമ്മേ, രാവിലെ ... ഇന്നു അഞ്ചാം ഓണമല്ലേ.....”

“ അഞ്ചു കറി വയ്ക്കണം. എന്നിട്ട് കൂടെ പോകും , എന്താ..., മഞ്ചു അടുത്തുണ്ടോ ...”

“ അവള്‍ ബാത്ത് റൂമിലാ , ഞാന്‍ പറഞ്ഞേക്കാം .. “

വിളിക്കുമ്പോഴെല്ലാം അവള്‍ അവിടെയാണ് ... അവന്‍ പിന്നെ പറയുമായിരിക്കും. അന്യ ദിക്കുപോലെയാണ് അവിടെ ബാത്ത് റും.

അധികം സംസാരം നീട്ടാതെ അവര്‍ അടുക്കളയില്‍ കയറി .

നേരം വെളുത്തപ്പോഴേക്കും അവരുടെ പാചകം പുര്‍ത്തിയായി.. തണുക്കെ കുളിച്ചു ... നന്നായി വസ്ത്രം ധരിച്ചു .. ഫോണ്‍ ചെയ്തു വാടകക്കാറിനെ വിളിച്ചു.

കാറുകാരനോട് കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്ലേക്ക് വിടാന്‍ പറഞ്ഞു .

മോനേ...

എന്താമ്മേ ..

എന്നെ അത്യാഹിതത്തില്‍ എത്തിക്കണം. ഇട നെഞ്ചു കഴയ്ക്കുന്നു , വലതു കൈ തളരുന്നു, എന്റെ കൈയിലും വീട്ടിലും കാശുണ്ട്. ഒരു കത്തും ഉണ്ട്.

ആശുപത്രി പടിക്കല്‍ എത്തുമ്പോഴേക്കും അമ്മയുടെ ഉയിര് പോയിരുന്നു ...

എസ് സതീശന്‍ നായര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.